Pages

13 December 2010

Madhyamam...12\12\X
സര്‍വകലാശാലകളില്‍ ഐ.എ.എസ് അധിനിവേശം
 വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള യു.ജി.സി മാനദണ്ഡം അപ്പാടെ അട്ടിമറിച്ച് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഐ.എ.എസ് അധിനിവേശം. ഇതിന്റെ ഭാഗമായി പുതുതായി നിലവില്‍ വന്ന വെറ്ററനറി സര്‍വകലാശാലയില്‍ ഐ.എ.എസ് വൈസ് ചാന്‍സലറെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ഐ.എ.എസ് വൈസ് ചാന്‍സലറെ പുതുതായി രൂപവല്‍ക്കരിച്ച ഫിഷറീസ് സര്‍വകലാശാലയിലേക്ക് മാറ്റി അവിടെയും ഐ.എ.എസുകാരനെ നിയമിക്കാനാണ് തിരക്കിട്ട നീക്കം.
യു.ജി.സി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഫയല്‍ ഗവര്‍ണര്‍ മടക്കി അയച്ച സംഭവം നിലനില്‍ക്കെയാണ് വീണ്ടും ഐ.എ.എസുകാരെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണം ഏല്‍പ്പിക്കുന്നത്. പുതുതായി രൂപവല്‍ക്കരിക്കുന്ന സര്‍വകലാശാലകളിലെ ആദ്യ വൈസ് ചാന്‍സലറെ സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം നിയമിക്കണമെന്ന വ്യവസ്ഥ മറയാക്കിയാണിത്.
അക്കാദമിക്, ഭരണ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ വേണം വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് പരിഗണിക്കാനെന്ന് യു.ജി. സിയുടെ മാനദണ്ഡം വ്യക്തമാക്കുന്നു. വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നവര്‍ മികച്ച ശാസ്ത്രജ്ഞന്‍ ആയിരിക്കണമെന്നും യു.ജി.സിയുടെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ പത്ത് വര്‍ഷമെങ്കിലും പ്രൊഫസര്‍ എന്ന നിലയിലുള്ള അദ്ധ്യാപന പരിചയമുള്ളവരെ വേണം വൈസ് ചാന്‍സലറായി നിയമിക്കാന്‍. ഇതിന് പുറമെ ഗവേഷകനുമായിരിക്കണം വൈസ് ചാന്‍സലറായി പരിഗണിക്കപ്പെടുന്നയാള്‍ എന്നാണ് യു.ജി.സി നിര്‍ദ്ദേശിക്കുന്നത്.  വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ മാനദണ്ഡം പാലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.  സെപ്തംബര്‍ 18ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ യു.ജി.സിയുടെ പുതുക്കിയ മാനദണ്ഡം സംസ്ഥാനത്തും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ഐ.എ.എസ് ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ പദവിയില്‍ 16മാസ കാലാവധി ബാക്കി നില്‍ക്കെയാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.ആര്‍.വിശ്വംഭരനെ പുതുതായി രൂപവല്‍ക്കരിച്ച ഫിഷറീസ് സര്‍വകലാശാലയിലേക്ക് മാറ്റുന്നത്.  അഞ്ച് വര്‍ഷം കൂടി വിശ്വംഭരന് ലഭിക്കും. കാര്‍ഷിക സര്‍കലാശാലയിലും  ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പര്യമുള്ളയാളെ വൈസ് ചാന്‍സലറായി നിയമിക്കാം. കേരളത്തിന് പുറത്തുള്ള ഐ.എ.എസുകാരനാണ് പരിഗണനയില്‍. ഇതിന്റെ മുന്നോടിയായി കെ.ആര്‍.വിശ്വംഭരന് ഫിഷറീസ് സര്‍വകലാശാലയുടെ താല്‍ക്കാലിക ചുമതല നല്‍കി.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി സി.പി.എം, സി.പി.ഐ കക്ഷികള്‍ തമ്മിലുള്ള പിടിവലിക്കൊടുവിലായിരുന്നു ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ.ആര്‍.വിശ്വംഭരനെ 2007 മാര്‍ച്ചില്‍ നിയമിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദുമായി ഏറെ അടുപ്പമുള്ള മുന്‍ പ്രോ^വൈസ് ചാന്‍സലര്‍ കൂടിയായ അദ്ധ്യാപകനെ ഒഴിവാക്കാനാണ് വൈസ് ചാന്‍സലറുടെ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിശ്വംഭരനെ സി.പി.ഐ നിര്‍ദ്ദേശിച്ചത്.  ഐ.എ.എസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം.
വൈസ് ചാന്‍സലറായി കാര്‍ഷിക ശാസ്ത്രഞ്ജനെ നിയമിക്കണമെന്ന് അഭ്യര്‍ഥിച്ച് അന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ അദ്ധ്യാപക സംഘടനകള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  യു.ജി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ചുണ്ടിക്കാട്ടി വിശ്വംഭരന്റെ നിയമന ഉത്തരവ് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. പതിവിന് വിരുദ്ധമായി പ്രോ^ചാന്‍സലര്‍ കൂടിയായ കൃഷി മന്ത്രിയാണ് വിശ്വംഭരന്റെ നിയമന ഉത്തരവില്‍ ഒപ്പിട്ടത്. വിശ്വംഭരന്റെ നിയമനത്തെ ചോദ്യം ചെയ്യുന്ന ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
 കേരള കാര്‍ഷിക സര്‍വകലാശാല വിഭജിച്ച് രൂപവല്‍ക്കരിക്കുന്ന വെറ്ററനറി  ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍   37കാരനായ 1998 ബാച്ച് ഐ.എ.എസിലെ  ഡോ. ബി.അശോകിനെയാണ് വൈസ് ചാന്‍സലറായി നിയമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായിരിക്കും ഇദ്ദേഹം. കെ.ആര്‍. വിശ്വംഭരനടക്കം കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടവരൊക്കെ മുതിര്‍ന്ന ഐ.എ.എസുകാരായിരുന്നു.  വെറ്ററനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നയാള്‍ക്ക് വെറ്ററനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മണ്ണുത്തി വെറ്ററനറി കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഇറ്റലിയില്‍ നിന്ന് അന്തര്‍ദേശിയ രാഷ്ട്രമീമാംസയിലാണ് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളത്. നെതര്‍ലാന്റിലെ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ഫെലോഷിപ്പും നേടിയിട്ടുണ്ട്.
വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകനും സര്‍വകലാശാല ജനറല്‍ കൌണ്‍സിലിലെ വിദ്യാര്‍ഥി പ്രതിനിധിയുമായിരുന്ന ഇദ്ദേഹത്തിന്റെ നിയമനം,പുതിയ സര്‍വകലാശാലയില്‍ വിഭാഗിയതക്ക് കാരണമാകുമെന്നും ചില സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക സര്‍വകലാശാല വൈസ് പാന്‍സലറായിരുന്ന എ.എം.മൈക്കളിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍പന്തിയിലും ഇദ്ദേഹമുണ്ടായിരുന്നു.
വിദ്യാര്‍ഥിയായിരിക്കെ എസ്്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നുവെങ്കിലും സി.പി.ഐ നോമിനിയായാണ് വൈസ് ചാന്‍സലര്‍ നിയമനം. മന്ത്രി ജി.സുധാകരനുമായുള്ള അഭിപ്രായ വിത്യാസമാണ് ഇദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷന്‍ വാങ്ങാന്‍ കാരണമത്രെ. കേന്ദ്ര സഹമന്ത്രി കെ.വി.തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് ഇപ്പോഴത്തെ നിയമനം.
മുമ്പ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഐ.എ.എസുകാരെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോഴൊക്കെ കടുത പ്രതിഷേധം അദ്ധ്യാപക മേഖലയില്‍ നിന്ന് ഉയര്‍ന്നിരുന്നു.

02 December 2010

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലേക്ക് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറ്റിക് എന്‍ജിനിയറിംഗ് അംഗീകാരംനല്‍കല്‍ സമിതിയാണ് (ജി.ഇ.എ.സി.)റാന്നിയിലെ ചേതക്കല്‍, താനെയിലെ ദാപളചറി എന്നിവിടങ്ങളില്‍ ജനിതകമാറ്റം വരുത്തി റബ്ബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അനുമതി നല്‍കിയത്. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജനിതകമാറ്റം വരുത്തിയ വഴുതന വിത്തിന് അനുമതി നല്‍കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് റബ്ബറിന് അനുമതി നല്‍കിയത്. റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ അപേക്ഷയിലാണ് ജി.ഇ.എ.സിയുടെ  തീരുമാനം. 2005 മുതല്‍ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വിഭാഗത്തില്‍ ഒതുങ്ങി നിന്നിരുന്ന ജനിതകമാറ്റം വരുത്തിയ റബ്ബറാണ് തുറസായ സ്ഥലത്തേക്ക് എത്തുന്നത്. ഗവേഷണത്തിന്റെ ഗുണ ദോഷങ്ങള്‍ എന്തൊക്കെയെന്ന് പ്രസിദ്ധികാരിക്കാതെയാണ് റബ്ബര്‍ ബോര്‍ഡിന്റെ പുതിയ നീക്കം.
ജനിതകമാറ്റം വരുത്തിയ റബ്ബര്‍ ഫീല്‍ഡിലെത്തുന്നതോടെ അന്തരീക്ഷത്തിലും മണ്ണിലും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പരാഗണത്തിലൂടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ ജനിതക ഘടകങ്ങള്‍ മറ്റ് റബ്ബര്‍ മരങ്ങളിലേക്കും വ്യാപിക്കും. കാറ്റിലും ഇത് വ്യാപിക്കും. തേനിച്ചയിലൂടെയും പരാഗണമുണ്ടാകൂമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചുണ്ടിക്കാട്ടുന്നു. ഉണങ്ങി വീഴുന്ന ഇലകള്‍ ചീഞ്ഞളിഞ്ഞ് മണ്ണിലേക്കും വ്യാപിക്കും. ഇതിന്റെയൊക്കെ പരിണതഫലം എന്തായിരിക്കുമെന്ന് പഠനം നടത്താതെയാണ് പരീക്ഷണം.ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പരീക്ഷിച്ച പ്രദേശങ്ങളില്‍ നിന്നൊക്കെ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ വഴുതനക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ജനിതകമാറ്റം വരുത്തിയ വഴതനക്ക് അനുമതി നല്‍കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. കേരളമാണ് ഇതിന് നേതൃത്വം നല്‍കിയത്.
പശ്ചിമഘട്ടത്തിലെ  ജൈവവൈവിധ്യത്തെ റബ്ബര്‍ പരീക്ഷണം ദോഷകരമായി ബാധിക്കുമെന്നും പറയുന്നു. ലോകത്തെ തന്നെ പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയാണ് പശ്ചിമഘട്ടം.  കാര്‍ഷിക മേഖലയിലെ ബയോടെക്നോളജി ഉപയോഗവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ഡോ. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി നല്‍കാനുള്ള തീരുമാനം.

29 November 2010

എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം
കുറച്ച് നാള്‍ മുമ്പ് പെയ്ഡ്ന്യൂസ്. ഇപ്പോള്‍ സ്പെക്ട്രം വിവാദവും. രണ്ടിടത്തും യഥാര്‍ഥ 'പ്രതികള്‍'മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിപാവനതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇവ രണ്ടും. ഏറെ വിവാദം ഉയര്‍ത്തിയ ഈ രണ്ട് സംഭവങ്ങളും കേരളത്തിലല്ല സംഭവിച്ചതെന്ന് ആശ്വസിക്കാം. പക്ഷെ, കേരളത്തില്‍ കോടികളുടെ കണക്ക് വരില്ലെങ്കിലും ഏന്തോ ചീഞ്ഞ് നാറുന്നുവെന്ന്  മാധ്യമ പ്രവര്‍ത്തകനായ വിജൂ വി. നായര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് മറക്കാറായിട്ടില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ഇതെന്ത് സംഭവിച്ചു? അധികാരത്തിന്റെ ഇടനാഴികകളില്‍  മാധ്യമ പ്രവര്‍ത്തകര്‍ അപ്പകഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നുവോ? അതോ മാധ്യമ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റമാണോ  കാരണം? അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, മാധ്യമ പ്രവര്‍ത്തകള്‍ക്കിടയിലെ കറുത്ത ആടുകളെ പുറത്താക്കുന്നില്ലെങ്കില്‍ സംശയം വേണ്ട, മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടും.
മാധ്യമങ്ങളിലെ എഡിറ്ററുടെ സ്ഥാനം അപ്രസ്കതമാകുകയും അവിടെ പരസ്യ വരുമാനത്തില്‍ താല്‍പര്യമുള്ളവര്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തിന്റെ പരിണിത ഫലമാണ് ഈ മൂല്യച്യുതി. വാര്‍ത്തകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി, പരസ്യം കിട്ടുമെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തും വാര്‍ത്തയാക്കാമെന്ന് വന്നു. പരസ്യദാതാക്കളുടെ അരുതായ്മകള്‍ മൂടിവെച്ചു. അങ്ങനെ അടിമുടി മാധ്യമങ്ങളുടെ നിയന്ത്രണം പരസ്യം നല്‍കുന്നവര്‍ക്കായി. പരസ്യം പിടിച്ച് കൊടുക്കുന്നവര്‍ മിടുക്കരും എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ പണം ധൂര്‍ത്തടിക്കുന്നവരുമായി. എഡിറ്ററുടെ കസേര പരസ്യ മാനേജര്‍ക്ക് കീഴിലായതോടെ  സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനവും അവസാനിച്ചു. അല്ലെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഓര്‍മ്മയാകുന്നു. ദേശിയ സ്വതന്ത്ര സമരത്തിന് ആവേശം പകര്‍ന്നതും അതിലേക്ക് ജനങ്ങളെ സജ്ജരാക്കിയതും ഇന്‍ഡ്യയിലെ മാധ്യമങ്ങളാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
പെയ്ഡ്ന്യൂസും സ്പെക്ട്രവും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം. അതിനായി മധ്യമ പ്രവര്‍ത്തകരല്ല, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രംഗത്ത് വരേണ്ടത്.

26 November 2010

 മലയാളത്തിന് വേണ്ടത് ക്ലാസിക് പദവിയോ ഇംഗ്ലിഷ് പദവിയോ? 
മലയാളത്തിന് ക്ലാസിക്ക് പദവിക്ക് വേണ്ടിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികളുടെ പ്രവര്‍ത്തനം. പക്ഷെ, മലയാളത്തിന് വേണ്ടിയുള്ള വാദം ഇംഗ്ലിഷിലാണെന്ന് മാത്രം. ക്ലാസിക് എന്ന വാക്കിന് നല്ലൊരു മലയാള വാക്ക് കശണ്ടത്താന്‍ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. തൊകട്ടുത്ത തമിഴ്നാട് ക്ലസിക്കിന് മനോഹരമായ പദമാണ് ഉപയോഗിക്കുന്നത്^ 'ചെമ്മൊഴി '. അവര്‍ ക്ലാസിക് പദവിയും തേടിയെടുത്ത്ു ഒടുവില്‍ ചെമ്മൊഴി സമ്മേളനവും നടത്തി.
ഇവിടെ, ക്ലാസിക്കിന് പകരമായി നിര്‍ദേശിക്കപ്പെട്ട മലയാളം വാക്കിനെ ചൊല്ലിയും  പണ്ഡിതന്മാര്‍ക്ക്  വിത്യസ്താഭിപ്രായമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന  ശ്രേഷ്ഠക്കും ഇംഗ്ലിഷിലെ ക്ലാസിക്കിനും പകരമായി ക്ലാസികം എന്ന വാക്ക് ഉപയോഗിക്കാമെന്ന് പ്രശസ്ത നിരൂപക എം.ലീലാവതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മലയാളത്തിന് ക്ലാസിക് പദവി ലഭിക്കുന്നതിനായി തയ്യാറാക്കിയ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന വിദഗ്ധ സമിതിയോഗത്തിലാണ് ലീലാവതി ടീച്ചര്‍ ഈ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ ഈ വാക്ക് പ്രത്യേകിച്ച് സന്ദേശമൊന്നും കൈമാറുന്നില്ലെന്നായി  മറ്റൊരു വിഭാഗം. ഇതോടെ തല്‍ക്കാലം ക്ലാസികത്തിന് ഭ്രൂണഹത്യ വിധിക്കപ്പെട്ടു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രി എം.എ.ബേബി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ഒരു വാക്ക് നിരന്തരം പ്രയോഗിക്കുമ്പോഴാണ് അതിന് പ്രത്യേകമായ അര്‍ഥം ലഭിക്കുകയെന്ന് മന്ത്രി ബേബി പറഞ്ഞു. സര്‍ക്കുലര്‍ പുറപ്പെടുവിച്ച് നടപ്പാക്കേണ്ടതല്ലെന്നും താല്‍പര്യമുള്ള എഴുത്തുകാര്‍ നിരന്തരം പ്രയോഗിച്ച് പ്രചാരത്തില്‍ കൊണ്ടവരട്ടെയെന്നും മന്ത്രി പറഞ്ഞു. ഇത് ക്ലാസികത്തിന്റെ കാര്യം. ഭാഷയുടെ കാര്യം ഇതിലും കടുപ്പമാണ്. അത് മുഖ്യമന്ത്രി തുറന്ന് പറയുകയും ചെയ്തു. സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുവെന്ന ചോദ്യമാണ് മലയാളക്കരക്ക് മുമ്പാകെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും മംഗ്ലിഷിലാണ് സംസാരിച്ചത് എന്ന് കൂടി അറിയുക.
ക്ലാസിക്ക് പദവി എന്ന വാദം ഉയര്‍ത്തുന്നതിന് മുമ്പ് കേരളത്തിലെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കാന്‍ തീരുമാനിക്കുമോ.....????????????????????

16 November 2010

മുല്ലപ്പെരിയാര്‍ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു
 മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ മുമ്പാകെ തമിഴ്നാടിന്റെ സത്യവാങളമൂലം എത്തിയതോടെ 'മുല്ലപ്പെരിയാര്‍'കൂടുതല്‍ സങ്കീര്‍ണമാകുന്നു. കരാറിന് വിരുദ്ധമായി നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ച് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ട ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ ചോദ്യാവലിക്ക് കേരളം ഇനിയും മറുപടി നല്‍കിയിട്ടില്ല.
ബേബിഡാമിന്റെ ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്ന് തമിഴ്നാട് തന്നെ മുമ്പ് ചുണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് ജലനിരപ്പ് കുറക്കുന്നതിന്റെ ഭാഗമായി 240 അടി നീളമുള്ള ബേബി ഡാമിന്റെ കുറച്ച് ഭാഗം പൊളിച്ച് 136 അടിയായി ഉയരം കുറക്കണമെന്നും വെള്ളം കവിഞ്ഞൊഴുകാന്‍ പാകത്തില്‍ ഘടന മാറ്റണമെന്നും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശിച്ചപ്പോഴാണ് ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്നും വെള്ളം കവിഞ്ഞൊഴുകിയാല്‍ അപകട സാദ്ധ്യത വര്‍ദ്ധിക്കുമെന്നും തമിഴ്നാട് പറഞ്ഞത്.
അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രശ്നമെങ്കില്‍ ഉന്നതാധികാര സമിതി നിര്‍ദ്ദേശിക്കുകയും നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്ന് ശാസ്ത്രിയമായി കണ്ടെത്തുകയും ചെയ്താല്‍  പ്രധാന അണക്കെട്ടിന് പകരം പുതിയ ഡാം നിര്‍മ്മിക്കാമെന്നും തമിഴ്നാട് പറയുന്നു. ഇതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും അവര്‍ സത്യവാങ്മൂലത്തില്‍ ചുണ്ടിക്കാട്ടുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനും തമിഴ്നാട് നിബന്ധനകള്‍ വെച്ചിട്ടുണ്ട്. 1886ലെയും 1970ലെയും കരാര്‍ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനായിരിക്കണമെന്നും  ജലനിരപ്പ് 155 അടിയായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളം ഇനിയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെങ്കിലും തമിഴ്നാടിന്റെ വാദം അംഗീകരിക്കില്ലെന്നാണ് സൂചന. കേരളത്തിലെ നിലവിലെ നിയമങ്ങള്‍ അംഗീകരിച്ചായിരിക്കണം സംസ്ഥാനത്തിനകത്ത് മറ്റൊരു സംസ്ഥാനത്തിനായി ഡാം നിര്‍മ്മിക്കാനെന്നായിരിക്കും കേരളം ചുണ്ടിക്കാട്ടുക. തമിഴ്നാടിന്റെ വാദം അപ്പാടെ അംഗീകരിച്ച് 999 വര്‍ഷത്തെ കരാറുമായി പുതിയ ഡാം നിര്‍മ്മിക്കാനാകില്ല. കരാര്‍ കാലവധിക്കിടയില്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുമെന്നും കേരളം ഭയക്കുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് ഉറപ്പ് നല്‍കുന്ന തരത്തില്‍ സംയുക്ത സംവിധാനമെന്നതായിരിക്കും നിര്‍ദ്ദേശം. അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ക്ക് സൌജന്യമായി ജലം ഉറപ്പ് നല്‍കും. തമിഴ്നാടിന് വേണ്ടത് മുല്ലപ്പെരിയാറിലെ വെള്ളമോ അതോ അണക്കെട്ടിന്റെ നിയന്ത്രണമോ എന്ന തര്‍ക്കവും ഉയര്‍ന്ന് വന്നേക്കും. മുല്ലപ്പെരിയറിലെ ഉജലനിരപ്പ് 136 അടിയായി കുറച്ചതിന് ശേഷവും ഇവിടെ നിന്നുള്ള  മുഴുവന്‍ വെള്ളവും തമിഴ്നാടിലേക്കാണ് കൊണ്ട് പോകുന്നത്. ഒരിക്കല്‍ പോലും തമിഴ്നാടില്‍ ജലദൌര്‍ലഭ്യം അനുഭവപ്പെടുകയോ, ജലമില്ലെന്ന കാരണത്താല്‍ കൃഷി തടസപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

28 October 2010

ഇടമലക്കുടിയിലെ ആദിവാസികളെ ഇങ്ങനെ അപമാനിക്കണോ?????
സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ ഗ്രാമ പഞ്ചായത്തായി ഇടമലക്കു
ടിയെ പ്രഖ്യാപിച്ചതിന് ശേഷം വോട്ടെടുപ്പുമായി ബന്ധപ്പെട്ട്
എന്തൊക്കെ കഥകളാണ് പത്രങ്ങളില്‍ വരുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകള്‍ ഒരു ബാലറ്റില്‍ ചെയ്താല്‍ മതിയോയെന്ന് ഇടമലക്കുടിക്കാര്‍ പോളിംഗ് ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നാണ് ഒരു പത്രത്തിന്റെ കണ്ടെത്തല്‍. ഇത് മാത്രമല്ല, ആദിവാസികളെ
അല്‍ഭുത ജീവികളാകുന്ന ഒട്ടേറെ നിറം പിടിപ്പിച്ച കഥകളാണ് വാര്‍ത്തയാകുന്നത്.
ആനമുടി റിസര്‍വ് വനത്തില്‍ പുറംലോകവുമായി ബന്ധമില്ലാത്ത
താണ് ഇടമലക്കുടിയെന്നത് നേര്. എന്നാല്‍ അവിടെത്തെ ആദിവാസി
കളായ മുതുവാന്മാര്‍ വോട്ട് ചെയ്യുന്നത് ആദ്യമായിട്ടില്ല. എത്രയോ കാലമായി ഇടമലക്കുടിയില്‍ പോളിംഗ് ബൂത്തുണ്ട്. അതിന് മുമ്പ് പെട്ടിമുടിയിലെ ബൂത്തിലെത്തിയാണ് ഇടമലക്കുടിയിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്തിരുന്നത്. ത്രിതല സംവിധാനം നിലവില്‍ വന്നത് മുതല്‍ ഇടമലക്കുടിക്കാരും മുന്ന് വോട്ട് ചെയ്യുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്കായി മുന്ന് ബാലറ്റുകളില്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കറിയാം. കാലാവധി അവസാനിച്ച മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ ഇടമലക്കുടി വാര്‍ഡിനെ പ്രതിനിധാനം ചെയ്തിരുന്നതും ഇടമലക്കുടിയില്‍ നിന്നുള്ള പട്ടികവര്‍ഗ മെമ്പറായിരുന്നു. എന്നിട്ടും എന്തിന് ഇവരെ കാഴ്ചവസ്തുവാക്കാന്‍ ശ്രമിക്കുന്നു. പണ്ട് മുന്നാര്‍ മേള നടന്ന
പ്പോള്‍ ഇടമലക്കുടിയിലെ മുതുവാന്മാരെ പ്രദര്‍ശന വസ്തുവാക്കാ  ന്‍ശ്രമം നടന്നിരുന്നു. അന്ന് മുന്നാറിലെ മാധ്യമ പ്രവര്‍ത്തകരാണ് ആ നീക്കം പരാജയപ്പെടുത്തിയത്. പക്ഷെ, ഇന്നോ??????

06 October 2010

Binoy create history

 മൂന്നാര്‍ റിസര്‍വ് വന വിജ്ഞാപനത്തിന് അംഗീകാരമായി; മന്ത്രി ബിനോയ് ചരിത്രം രചിച്ചു
മുന്നാറിലെ 17066  ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിന് ഒടുവില്‍ മന്ത്രിസഭയുടെ അംഗീകാരം. വനം മന്ത്രി ബിനോയ്വിശ്വം സ്വീകരിച്ച കടുത്ത നിലപാടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെതടക്കം മനസ് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗസിക പ്രഖ്യാപനമുണ്ടാകും. സര്‍ക്കാര്‍ ഇത്തരവിറങ്ങി മുപ്പത് വര്‍ഷത്തിന് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തീരുമാനം.ഇതോടെ ഇതിന് നേതൃത്വം നല്‍കിയ മന്ത്രി ബിനോയ്വിശം ചരിത്രത്തില്‍ ഇടം കണ്ടെത്തുകയാണ്.
കടമ്പകള്‍ താണ്ടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രിസഭയുടെപരിഗണനക്ക് ഫയല്‍ വന്നുവെങ്കിലും സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിനോട് മുഖ്യമന്ത്രിയടക്കം യോജിച്ചിരുന്നില്ല.  ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഫയല്‍ മാറ്റിവെക്കുകയായിരുന്നു. സംരക്ഷിത വനഭൂമി വിജ്ഞാപന നിര്‍ഒദ്ദേശം പിന്‍വലിക്കണമെന്നഅഭിപ്രായവും കഴിഞ്ഞ മന്ത്രിസഭയിലുണ്ടായി. ഇത്തരമൊരുതീരുമാനമുണ്ടായാല്‍ അത് മന്ത്രിസഭയുടെ പ്രതിഛായയെ ബാധിക്കുമെന്ന നിലപാടാണ് വനം മന്ത്രി സ്വീകരിച്ചത്.
17922 ഏക്കര്‍ ഭൂമി സംരഷിത വനമായി വിഞ്ജാപനം ചെയ്യാനാണ് 1980ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും അത് 17066 ഏക്കറായി കുറഞ്ഞിട്ടുണ്ട്. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍  1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നിട് 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും ഇതാവര്‍ത്തിച്ചു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയും വനഭൂമി വിജ്ഞാപനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. 17349 ഏക്കര്‍ ഭൂമി വിജ്ഞാപനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്  തടസമായി. ഇതേ തുടര്‍ന്ന്  വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ പരിശോധനക്കായി നിയോഗിച്ചു. വനമായി പ്രഖ്യാപിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയില്‍ ജനവാസമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. നിര്‍ദിഷ്ട സംരക്ഷിത വനഭൂമിയില്‍ ഏറെയും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്.

17 September 2010

കൈവെട്ട് കഴിഞ്ഞു; ജോസഫ് സാറിന് ജോലിയും പോയി; ഇനിയെങ്കിലും ആ ഗൂഡാലോചന പുറത്ത് വരുമോ?
തൊടുപുഴ ന്യുമാന്‍ കോളജ് അദ്ധ്യാപകന്‍ തയ്യറാക്കിയ ചോദ്യപേപ്പറിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈ ചില തീവ്രവാദികള്‍ വെട്ടി മാറ്റി. അതി
ന്റ മുറിവുണങ്ങും മുമ്പ് കോളജ് മാനജ്േമെന്റ് അദ്ദേഹത്തിന്റെ ജോലിയും വെട്ടി മാറ്റി. ഈ രണ്ട് സംഭവങ്ങള്‍ക്കും എതിരെ കേരള മന:സാക്ഷി എല്ലാം മറന്ന് പ്രതികരിച്ചിട്ടുണ്ട്.
പക്ഷെ, എങ്ങനെയാണ് ചോദ്യ പേപ്പര്‍ വിവാദം ഉയര്‍ന്നത്. ജോസഫ് മാഷ് തയ്യാറാക്കിയ വിവാദ ചോദ്യ പേപ്പര്‍ ഇനിയും റദ്ദാക്കിയിട്ടില്ല. ആ പരീക്ഷയും റദ്ദാക്കിയിട്ടില്ല. പരീക്ഷ എഴുതിയ കുട്ടികളാരും പരാതി ഉന്നയിച്ചിട്ടില്ലെന്നും പറയുന്നു. അപ്പോള്‍  ആരായിരുന്നു ഇതിന് പിന്നില്‍. ചോദ്യ കടലാസിന്റെ ഫോട്ടോ കോപ്പിയെടുത്ത് നാടാകെ എത്തിച്ച് കൊടുക്കുയും സമരത്തിന് തീ പകരുകയും ചെയ്തവരും കുറ്റക്കാരല്ലേ? എന്ത് കൊണ്ട് ഈ ഗൂഢാലോചന ഇനിയും പുറത്ത് കൊണ്ട് വരുന്നില്ല. സൂചി കൊണ്ട് എടുക്കാമായിരുന്ന ഒരു ചെറിയ സംഭവത്തെ തൂമ്പകൊണ്ട് പോലും എടുക്കാന്‍ കഴിയാത്ത പരുവത്തിലേക്ക് മാറ്റിയവരെ കുറിച്ചും അന്വേഷിക്കണം. മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരായാലും അവരെ രക്ഷപ്പെടാന്‍ അനുവദിച്ച് കൂടാ. ജോസഫ് മാഷ് ചെയ്ത തെറ്റിനും ശിക്ഷ നല്‍കണം.

13 September 2010

മുഖ്യമന്ത്രിയുടെ മനംമാറ്റത്തോടെ മൂന്നാര്‍ വനഭൂമി പ്രഖ്യാപനം വീണ്ടും ഫയലിലേക്ക് 
  മൂന്നാറിലെ 17992 ഏക്കര്‍ പ്രദേശം സംരക്ഷിതവനഭൂമിയായി പ്രഖ്യാപിക്കുന്നതിന് അടിയന്തിരാവസ്ഥ കാലത്ത് തുടങ്ങിവെച്ച നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. മതികെട്ടാനില്‍ ആരംഭിച്ച് പൂയംകുട്ടിയിലൂടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതനാന്ദന്റെ  മനംമാറ്റമാണ് വനഭൂമി  വിജ്ഞാപനത്തിന് തടസമായി പറയുന്നത്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിനായി ഭൂമി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായതെന്നറിയുന്നു.
ഇടത് മുന്നണിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികളും മന്ത്രിസഭാ ഉപസമിതിയും സെക്രട്ടറി തലകമ്മിറ്റികളും അംഗീകരിച്ചതിനെ തുടര്‍ന്ന് സംരക്ഷിത വനഭൂമി വിജ്ഞാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ഒടുവിലാണ് ഫയല്‍ മാറ്റിയത്.  സംരക്ഷിത വനഭൂമി പ്രഖ്യാപനത്തിനുള്ള ആദ്യ സര്‍ക്കാര്‍ ഉത്തരവ് ജിഒ (എം എസ് ) 379/80/ആര്‍. ഡി യായി 1980 ഏപ്രില്‍ 18ന് പുറത്തിറങ്ങിയതെങ്കിലും   നടപടികള്‍ക്ക് വേഗത വന്നത് മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ പ്രശ്നം ഏറ്റെടുത്തതിന് ശേഷമായിരുന്നു. വനം മന്ത്രി ശ്രി. ബിനോയ് വിശ്വം മൂന്നാര്‍ വനഭൂമി പ്രഖ്യാപനത്തിനായി ഏറെ അദ്ധ്വാനിച്ചിരുന്നു.  വനഭൂമി പ്രഖ്യാപനമുണ്ടാകുമെന്ന് നിയമസഭയിലും അദ്ദേഹം പറഞ്ഞിരുന്നു.
1980ല്‍ ഭൂമി വനം വകുപ്പിന് കൈമാറാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയതാണ്.   1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും സംരക്ഷിത വനഭൂമി പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ മുന്നാറിലെ ഭൂമിക്ക് മോഹവിലയായതോടെ വനഭൂമി പ്രഖ്യാപനം അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു.
1971ലെ കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്.
മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ പി. സി. സനല്‍കുമാര്‍ കമ്മിറ്റിയും 2006 നംബര്‍ 11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗവും 17992 ഏക്കര്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2008 ഫെബ്രവരിയില്‍ ചേര്‍ന്ന വനം, റവന്യു സെക്രട്ടറിമാരുടെ യോഗവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി 17349 ഏക്കറായി ഭൂമിയുടെ വിസ്തൃതി കുറച്ചു.  ഇതനസുരിച്ച് വിജ്ഞാപനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസമായി.  തുടര്‍ന്ന് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ നിയോഗിച്ചു.  ജനവാസമില്ലാത്ത ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത് സെക്രട്ടറിമാരുടെ സമിതിയാണ്. ഇതനുസരിച്ച് ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നുവെങ്കിലും ചുവപ്പ്നാട അഴിക്കാനായില്ല. രാഷ്ട്രിയ തീരുമാനം വേണമെന്ന കാരണം ചുണ്ടിക്കാട്ടി ആദ്യം ഇടത്മുന്നണി ഏകോപന സമിതിയില്‍ വിഷയമെത്തി. അവിടെ ചര്‍ച്ച ചെയ്ത വിഷയം ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇടത്മുന്നണി ജില്ലകമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് വിസ്തൃതി 17066 ഏക്കറായി നിര്‍ദേശിച്ചു.
ഇനിയിപ്പോള്‍ സംരക്ഷിതവനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയിലും കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നേക്കും.

03 September 2010

മന്ത്രി ബിനോയി വീണ്ടും പ്രതീക്ഷല്‍കുന്നു;  മൂന്നാര്‍ റിസര്‍വ് വന വിജ്ഞാപനം അടുത്തയാഴ്ച
സംസ്ഥാന വനം വകുപ് മന്ത്രി ബിനോയ് വിശ്വം വീണ്ടും പ്രതീക്ഷ നല്‍കയാണ്. മുന്നാറിലെ 17992  ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യുന്നതിനുള്ള കടമ്പകള്‍ കടന്നു. ഇനി മന്ത്രിസഭയുടെ അനുമതിയാണ്വേണ്ടത്.  സെപ്തംബര്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വനം മന്ത്രി ഇല്ലാതിരുന്നതിനാല്‍  അടുത്ത ആഴ്ചയിലെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
17922 ഏക്കര്‍ ഭൂമി സംരഷിത വനമായി വിഞ്ജാപനം ചെയ്യാനാണ് 1980ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഇപ്പോഴത് 17066 ഏക്കറായി കുറഞ്ഞിട്ടുണ്ട്. ബാക്കി ഭൂമി ഭൂ മാഫിയയുടെ കൈകളിലേക്കും. ഇപ്പോഴെങ്കിലും വനഭൂമി വിഞ്ജാപനം നടത്തുന്നതിന് കാരണക്കാരായ വണ്‍ എര്‍ത്ത് വണ്‍ ലൈഫിനെ അഭിനന്ദിക്കാം. കാരണം അവരാണ്  സുപ്രിം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിയെ സമീപിച്ചത്.  മൂന്നാര്‍ കയ്യേറ്റം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘവും മൂന്നാറിലെ 17922 ഏക്കര്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്ന 1980ല്‍െ ഉത്തരവ് നടപ്പാക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.  ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് കേന്ദ്ര വനം^പരിസ്ഥിതി സഹമന്ത്രി ജയറാം രമേശ് കത്തയച്ചിരുന്നു. ഇവര്‍ക്കൊപ്പം മന്ത്രി ബിനോയ് വിശ്വത്തിന്റെ നിശ്ചയദാര്‍ഢ്യം കൂടിയായതോടെ കടമ്പകള്‍ ഒന്നൊന്നായി കടന്ന് ഒടുവില്‍ പ്രഖ്യാപനത്തിന്റെ ഘട്ടത്തിലെത്തി.
 ഈ വിഷയം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മന്ത്രിസഭയുടെ പരിഗണനക്ക് വന്നുവെങ്കിലും രാഷ്ട്രിയ തീരുമാനത്തിനായി മാറ്റിവെക്കുകയായിരുന്നു. ഇടത്മുന്നണി ഏകോപന സമിതി ചര്‍ച്ച ചെയ്ത വിഷയം പിന്നിട് മുന്നണിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അനുമതിക്കായും അയച്ചു. കഴിഞ്ഞ ദിവസമാണ് ഇടത് മുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി 17066 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നല്‍കിയത്.
ഏറെ കടമ്പകള്‍ കടന്നാണ് വനഭൂമി വിഞ്ജാപനം യാഥാര്‍ഥ്യമാകുന്നത്. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്. കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജിലെ 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍  1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നിട് 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും ഇതാവര്‍ത്തിച്ചു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയും വനഭൂമി വിജ്ഞാപനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു. 17349 ഏക്കര്‍ ഭൂമി വിജ്ഞാപനം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട്  തടസമായി. ഇതേ തുടര്‍ന്ന് ് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ പരിശോധനക്കായി നിയോഗിച്ചു. വനമായി പ്രഖ്യാപിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയില്‍ ജനവാസമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്്. നിര്‍ദിഷ്ട സംരക്ഷിത വനഭൂമിയില്‍ ഏറെയും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കേരള വന വികസന കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിനും  യൂക്കാലി വളര്‍ത്തുന്നതിനായി ഭൂമി കൈമാറിയിട്ടുണ്ട്. വനംവകുപ്പിന് നിയന്ത്രണം കൈമാറാത്ത ഭൂമിയില്‍ വ്യാപകമായ കയ്യേറ്റമുള്ളതായി ചുണ്ടിക്കാട്ടുന്നു. കയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനാണ് നിര്‍ദ്ദിഷ്ട സംരക്ഷിത വനഭൂമിയുടെ വിസ്തൃതി കുറച്ചതെന്ന് പറയുന്നു.
ഇത്രയേറെ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കുന്നതിന് സി. പി. എമ്മിന് പുറമെ സി. പി.ഐക്ക്  അകത്ത് നിന്ന് പോലും എതിര്‍പ്പുണ്ടായിരുന്നതായി പറയുന്നു. ഇത്രയും ഭൂമി എന്തിന് 'കേന്ദ്രത്തിന് നല്‍കണമെന്നാണ്' ഒരു മന്ത്രി ചോദിച്ചതത്രെ. റിസര്‍വ് വനമായി വിജ്ഞാപനം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.  1980ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവിറങ്ങിത് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ടേക്കുമെന്ന മന്ത്രിമാരായ ബിനോയ് വിശ്വത്തിന്റെയും എന്‍. കെ. പ്രേമചന്ദ്രന്റെയും വാദമാണ് തടസങ്ങളെ തട്ടിമാറ്റിയത്.

23 August 2010

വാഴയില തേടി ഉത്രാട പാച്ചില്‍..........
മലയാളി അങ്ങനെയാണ് ഗൃഹാതുരത്വം അനുഭവപ്പെട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഗൃഹാതുരത്വം അനുഭവപ്പെടുന്നതാകട്ടെ അത്യപൂര്‍വ സന്ദര്‍ഭങ്ങളിലും. അത്തരമൊരു സന്ദര്‍ഭമാണ് തിരുവോണം. ഓണ നാളില്‍ മലയാളി മലയാളത്തെ കുറിച്ച് ഓര്‍ക്കും, ഗ്രാമങ്ങളെ കുറിച്ചും മലയാള സംസ്കാരത്തെ കുറിച്ചും ഓര്‍ക്കും. അന്ന് കേരളിയ വേഷം ധരിക്കും. ടെറസിലോ ബാല്‍ക്കണിയിലോ ഊഞ്ഞാല്‍ കെട്ടും. അതിനും കഴിഞ്ഞില്ലെങ്കില്‍ പാര്‍ക്കില്‍ പോയി ഊഞ്ഞാലാടും.
ഇനി ഭക്ഷണത്തിന്റെ കാര്യം. തിരുവോണ നാളില്‍ തൂശനിലയില്‍ പപ്പടവും പായസവും കൂട്ടി സദ്യ വേണമെന്നതും നിര്‍ബന്ധം. പപ്പടവും സദ്യവട്ടവും വാങ്ങാന്‍ കിട്ടും. തിരുവനന്തപുരത്തുകാര്‍ക്ക് കെ. ടി. ഡി. സിയുടെ പായസ സ്റ്റാളില്‍ ഏത് തരം പായസവും വാങ്ങാന്‍ കിട്ടുമായിരുന്നു. പക്ഷെ, തൂശനില^അതാണ് തലസ്ഥാന വാസികള്‍ക്ക് വില്ലനായത്. പ്ലാസ്റ്റിക് ഇല കിട്ടുമെങ്കിലും ഓണസദ്യക്ക് ഒറിജിനല്‍ തന്നെ വേണമല്ലോ?
തലസ്ഥാന നഗരിയിലെ ഉത്രാടപാച്ചില്‍ ഓണത്തിനുള്ള സദ്യവട്ടം തേടിയായിരുന്നില്ല, തൂശനില തേടിയായിരുന്നു. രാത്രി വൈകിയും പലരും തൂശനില തേടി കടകള്‍ കയറിയിറങ്ങി. ചെറിയ ഇലക്ക് കച്ചവടക്കാര്‍ ഈടാക്കിയത് ഏഴ് രൂപയും. അടുത്ത തവണ മുതല്‍ സപ്ലൈകോ, സഹകരണ ഓണം സ്റ്റാളുകളില്‍ വാഴയില കൂടി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വീടിനോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കിലും മലയാളി ഒരു വാഴ നടുമെന്ന പ്രതീക്ഷ വേണ്ട. മലയാളിക്ക് അറിയാം. പാതാളത്തില്‍ നിന്ന് മാവേലി വരുന്നതിനൊപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂവും വാഴയിലയും പച്ചക്കറിയും എത്തുമെന്ന്..............മലയാളിയുടെ ഗൃഹാതുരത്വം എന്നല്ലാതെ എന്ത് പറയാന്‍ .

Uthraada paachil..........

09 August 2010

ഞാനും എന്റെ മൂന്നാറും..............
ജാതിയുടെയും മതത്തിന്റെയും പേരില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അറിയാതെയെങ്കിലും ഞാന്‍ എന്റെ നാടിനെ ഓര്‍ക്കുന്നു. മൂന്ന് ആറുകള്‍ സംഗമിക്കുന്നുവെന്നതും തമിഴ്, മലയാളം, ഇംഗ്ലിഷ് സംസ്കാരങ്ങള്‍ ചേര്‍ന്ന് നാനാത്വത്തിലെ ഏകത്വം സൃഷ്ടിക്കുന്നുവെന്നതും മാത്രമല്ല, മൂന്നാര്‍ എന്ന എന്റെ നാടിനെ വേറിട്ട് നിര്‍ത്തുന്നത്. മൂന്നാര്‍ ടൌണിലെ മൂന്ന് മലകളിലായി മൂന്ന് ദേവാലയങ്ങള്‍ ഈ നാടിനെ കാക്കുന്നത് പോലെയാണ് മൂന്ന് മതസ്ഥരും കൈകോര്‍ത്ത് കഴിയുന്നത്. ഇവിടെ മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവില്ല. ചില ഭാഷാഭ്രാന്തന്മാര്‍ ഈ നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതിനെ വിസ്മരിക്കുന്നില്ല.
കത്തോലിക്ക പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ പിന്‍ഹീറോയും ജൂമാമസ്ജിദ് ഇമാമയിരുന്ന പരീത് മൌലവിയും ദേവസ്വം പ്രസിഡന്റായിരുന്ന സി. കെ. കൃഷ്ണനും ഒന്നിച്ച് ഉയര്‍ത്തിയ ഐക്യത്തിന്റെ ദീപമാണ് മൂന്നാറുകാര്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നത്. ഇന്‍ഡ്യയുടെ മതേതരത്വത്തിന് വിള്ളല്‍ വീഴ്ത്തിയ ബാബറി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് നാടെങ്ങും ഹര്‍ത്താലും പ്രതിഷേധവും മറുപ്രതിഷേധവും നടത്തി ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ചപ്പോള്‍ മുന്നാര്‍ ശാന്തമായിരുന്നുവെന്ന് അറിയുക. മതത്തിന്റെ പേരില്‍ ഒരു ചേരിതിരിവും മൂന്നാറിലൂണ്ടാകരുതെന്ന് എല്ലാവരും ഒന്നിച്ച് തീരുമാനമെടുത്തു. ചില ഭാഷാഭ്രാന്തന്മാര്‍ ഇവിശട കലാപം ഉയര്‍ത്തിയപ്പോള്‍ അവരെ ഒറ്റപ്പെടുത്തണമെന്നും സമൂഹം അവരെ സഹായിക്കരുതെന്ന് തീരുമാനിച്ചതും മുഴുവന്‍ രാഷ്ട്രിയ കക്ഷി നേതാക്കളും മതനേതാക്കളും ഒന്നിച്ച് ചേര്‍ന്നാണ്.
മൂന്നാര്‍ അങ്ങനെയായിരുന്നു. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും എന്ത് ആവശ്യമൂണ്ടെങ്കിലും ഒത്ത് ചേരുമായിരുന്നു. പള്ളിയില്‍ ബാങ്ക് വിളിക്ക് സമയമാകുമ്പോള്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കുമായിരുന്നു. കാര്‍ത്തിക ഉല്‍സവവും അന്തോണിയസ് പുണ്യാളന്റെ തിരുന്നാളും മൂന്നാറുകാര്‍ക്ക് ദേശിയ ഉല്‍സവമായിരുന്നു. അവിടെ ആരും ആര്‍ക്കും അയിത്തം കല്‍പിച്ചില്ല.
ഹിന്ദുവിന്റെ വീട്ടിലും ക്രൈസ്തവന്റെ വീട്ടിലും മുസ്ലിമിന്റെ വിട്ടിലും ആഘോഷം നടന്നാലും ദു:ഖം വന്നാലും അവിടെ പീന്‍ഹിറോ അഛനും കൃഷ്ണന്‍ സാറും പരീത് മുസ്ലിയാരും ഒന്നിച്ച് എത്തിയിരുന്നു. അവിടെ മതം അവരെ മാറ്റി നിര്‍ത്തിയില്ല. മൂന്നാറിനെ പൊതുവെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ അവര്‍ ഉണ്ടായിരുന്നു. അവര്‍ മതപുരോഹിതരോ, മത നേതാക്കളോ മാത്രമായിരുന്നില്ല. മൂന്നാറിന്റെ സാംസ്കാരിക പ്രവര്‍ത്തകര്‍ കൂടിയായിരുന്നു. പക്ഷെ, ഈ മുന്ന് പേരും ഇന്ന് മൂന്നാറിനൊപ്പമില്ല. അവര്‍ക്ക് പിന്നാലെ വന്നവര്‍ക്ക് അവരുടെ പകരക്കാരാകാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ സ്മരണകളുമായി അവര്‍ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുന്നു.

27 July 2010

കേരള തലസ്ഥാനത്ത് പീഡനമേറ്റ് മൃഗങ്ങളും കാഴ്ചക്കാരും
മൃഗങ്ങളെ സംരക്ഷിക്കേണ്ടവര്‍ നേതൃത്വം നല്‍കിയ കന്നുകാലി^പക്ഷി പ്രദര്‍ശനം മൃഗങ്ങള്‍ക്ക് പീഡനമായി. ആസുത്രണണത്തിലെ പിഴവ് മൂലം കാണികളായി എത്തിയ പതിനായിരങ്ങള്‍ പ്രദര്‍ശന നഗരിയിലെ ആര്‍ക്കുട്ടമായി മാറി. കാറ്റും വെളിച്ചവും ലഭിക്കാതെ ഓമന മൃഗങ്ങളടക്കം പീഡിപ്പിക്കപ്പെട്ടു.
യാതൊരു ആസൂത്രണവുമില്ലാതെ ജില്ലയിലെ സ്കൂളകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കുട്ടത്തോടെ പ്രദര്‍ശനം കാണാന്‍ കൊണ്ട് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഓരോ സ്ഥാപനങ്ങള്‍ക്കും സമയം നിശ്ചയിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു. വിദ്യാര്‍ഥികളും മറ്റ് കാഴ്ചക്കാരും ഒക്കെയായി പ്രദര്‍ശന നഗരിയില്‍ ജനങ്ങളുടെ ഒഴുക്കാണ്. അകത്ത് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് അവസരമാക്കി സാമൂഹ്യ വിരുദ്ധരും ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടത്തോടെ നീങ്ങുന്നത് തടയാനും സുരക്ഷാ ചുമതലയുള്ള സ്വകാര്യ സെക്യൂരിറ്റി ഗ്രുപ്പിന് കഴിഞ്ഞില്ല. വിദ്യാര്‍ഥികളടക്കമുള്ള കാണികള്‍ക്ക് മൃഗങ്ങളെ ശരിയാംവിധം കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ക്ഷീരവികസന വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ നിന്ന് പഠനയാത്രയെന്ന പേരില്‍ എത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികളെ ശരിയാംവിധം കാണാന്‍ കഴിയാത്തതിനാല്‍ പ്രദര്‍ശനം വിജ്ഞാനം പകര്‍ന്നില്ല.
ജനത്തിരക്ക് മുലം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സമയത്ത് വെള്ളവും ഭക്ഷണവും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ടിക്കറ്റ് കൊടുക്കുന്നത്. ടിക്കറ്റെടുത്തവര്‍ പ്രദര്‍ശനം കണ്ട് മടങ്ങുമ്പോഴെക്കും 11^11.30 ആകുമെന്ന് പറയുന്നു. ഇതിന് ശേഷമാണ് മൃഗങ്ങള്‍ക്ക് വെള്ളവും തീറ്റയുമായി ജീവനക്കാര്‍ക്ക് പ്രദര്‍ശന സ്റ്റാളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത് തന്നെ.
കൂടുകളില്‍ കഴിയുന്ന മൃഗങ്ങളും പീഡനമേറ്റ് വാങ്ങുകയാണ്. ഓരോ മൃഗങ്ങള്‍ക്കും എത്ര വീതം സ്ഥലം വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് ഇവിടെ പാലിച്ചില്ല. മതിയായ കാറ്റ് കിട്ടാന്‍ സാദ്ധ്യതയില്ലാത്തതാണ് മൃഗങ്ങളെ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്റ്റാളുകള്‍. ലോറികളില്‍ പീഡനമേറ്റ് വാങ്ങി തിരുവനന്തപുരത്ത് എത്തിയ മൃഗങ്ങള്‍ക്ക് പ്രദര്‍ശനം മറ്റൊരു പീഡനമായി. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന മൃഗങ്ങളെ ആനിമല്‍ പെര്‍ഫോമന്‍സ് നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലൂം ഇവിടെ എത്തിയിട്ടുള്ള ഒരൊറ്റ മൃഗത്തേയും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 തലസ്ഥാന നഗരിക്ക് വിജ്ഞാനവും വിനോദവും പകരേണ്ട കന്നുകാലി^പക്ഷി പ്രദര്‍ശനം ചില ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് മുലം പീഡനമായി മാറി.

25 July 2010

Cruealty against Animal

എവിടെ കേരളത്തിലെ ജന്തു സ്നേഹികള്‍ 
തിരുവനന്തപുരത്ത് ദേശിയ കന്നുകാലി പക്ഷി മേളയില്‍ ജന്തുക്കള്‍ പീടിപിക്കപെടുന്നു. ജനത്തിരക്കില്‍ ശ്വാസം വിടാന്‍ കഴിയാത്ത അവസ്ഥയിലാണ് മിണ്ടാപ്രാണികള്‍. കാറ്റും വെളിച്ചവുമില്ല, സമയത്തിന് വെള്ളവും തീറ്റയും കൊടുക്കുന്നില്ല. തീറ്റയും വെള്ളവുമായി സ്ടാളിലേക്ക് കടക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം, റോഡിലൂടെ പ്രകടനം പോകുന്നത് പോലെയാണ് യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ കാണികള്‍ പോകുന്നത്, കാണികള്‍ക്ക് വിശദമായി കാണാനും സംശയം തീര്‍ക്കാനും കഴിയുന്നില്ല, ഈ മീണ്ടാപ്രാനികള്‍ക്ക് വേണ്ടി ശബ്ടിക്കേണ്ട SPCA, AWBI എന്നിവയെ കാണാനുമില്ല

24 July 2010

Alienated Munnar Land

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയും 
അന്യാധീനപ്പെട്ടു
മുന്നാറില്‍ സര്‍ക്കാരിന് വിട്ട് കിട്ടിയ ഭൂമി മാത്രമല്ല  സ്ഥാപനങ്ങളടെ ഭുമിയും വന്‍തോതില്‍ അന്യാധീനപ്പെട്ടു. ടാറ്റയെ തോല്‍പിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് കാണാതെ പോയി പലരും.  വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍, വൈദ്യുതി ബോര്‍ഡ്, കെ. എസ്. ആര്‍. ടി. സി എന്നിവര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡിലൂടെ കിട്ടിയ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയത്.
മുന്നാര്‍ ഗവ. ഹൈസ്കൂളിലെ രണ്ട് അതിരുകളിലും ഭൂമി നഷ്ടമായി. ഇവിടെ ഹോട്ടലും റിസോര്‍ട്ടും ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ അറിഞ്ഞില്ല. ഹൈസ്കൂളിനടുത്ത് ഹെഡ്മാസ്റ്ററുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന ഭൂമിയാകെ അന്യാധീനപ്പെട്ടു. ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സിന്റെ സ്ഥലവും പലരും സ്വന്തമാക്കി. കെ. എസ്. ആര്‍. ടി. സിക്ക് ദേവികളുത്തുണ്ടായിരുന്ന ഭൂമിയെ കുറിച്ച് ആര്‍ക്കും രൂപമില്ല. ജി. വരദന്‍ എം. എല്‍. എയായിരിക്കെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെ. എസ്. ഇ. ബിയുടെ ക്വാര്‍ട്ടേഴ്സ് ഇന്നവിടെയില്ല. പകരം കാണുന്നത് റിസോര്‍ട്ട്. ഇത്തരത്തില്‍ കെ. എസ്. ഇ. ബിയുടെ ക്വാര്‍ട്ടേഴ്സ് സ്വന്തമാക്കിയവരുടെ പട്ടികയിലുള്ളത് പ്രമാണിമാര്‍. പൊതുമരാമത്ത് വകുപ്പ്, ടുറിസം എന്നിവയുടെ ഭൂമിയും ശിവകാശി പട്ടയത്തിന്റെ പേരില്‍ പലരും സ്വന്തമാക്കി. കോടികള്‍ വിലവരുന്ന ഭൂമിയാണ് ഇത്തരത്തില്‍ അന്യാധീനപ്പെട്ടത്.
മുന്നാറില്‍ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഭൂമിയുണ്ടായിരുന്നതെന്നും അത് എത്രയെന്നും ഇപ്പോള്‍ എത്രയുണ്ടെന്നതിനെ സംബന്ധിച്ചും സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന്,  മൂന്നാറിലെ ഇടിച്ച് നിരത്തലിന് പിന്തുണയുമായി മൂന്നാറില്‍ സമ്മേളനം നടത്തിയ സാംസ്കാരിക പ്രവര്‍ത്തകരെങ്കിലും ആവശ്യപ്പെടുമോ?????? അതോ ഈ കയ്യേറ്റവുമ ടാറ്റയുടെ സാമ്രജ്യത്തിലെ വിജയമായി അഭിമാനിക്കുമോ?????????????????

04 July 2010

ആരാണ് മൂന്നാറിന്റെ രക്ഷകര്‍? കയ്യേറ്റക്കാരോ?
മുന്നാറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മൂന്നാറിനെ ആര് രക്ഷിക്കും എന്നതിനെ ചൊല്ലിയാണ് ചിലര്‍ പുതിയ വിവാദം ഉയര്‍ത്തിയിട്ടുളളത്. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് മൂന്നാറിനെ പിടിച്ചെടുത്താല്‍ മൂന്നാറിനെ രക്ഷിക്കാനാകുമെന്ന് ചിലര്‍ മനപായസമുണ്ണുന്നു. കമ്പനിയില്‍ നിന്ന് ഭൂമി പിടിച്ചെടുത്താല്‍ അടിമത്തം അവസാനിക്കുമെന്നാണ് പുതിയ പ്രചരണം. സംശയമില്ല, അടിമത്തം അവസാനിക്കും. പക്ഷെ ആരുടെ അടിമത്തം എന്നതും എന്തിന്റെ അടിമത്തം എന്നതും ചര്‍ച്ച ചെയ്യപ്പെടണം.
കമ്പനിയെ ന്യായികരിക്കുകയല്ല, പക്ഷെ കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടത് എന്നത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമൊയെന്നതാണ് ഉയരുന്ന ചോദ്യം. മുന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആധിപത്യം തുടങ്ങിയിട്ട് നൂറ്റാണ്ട് പിന്നിടുന്നു. ബ്രിട്ടീഷ് കമ്പനി നാട് വിട്ട് പകരം ടാറ്റയുടെ നിയന്ത്രണം ആരംഭിച്ചിട്ടും പതിറ്റാണ്ടുകളായി. ഇതിനിടെയില്‍ വേണമെങ്കില്‍ ഇവര്‍ക്ക് തേയില കൃഷിയില്ലാത്ത മുഴുവന്‍ ഭൂമിയും വില്‍ക്കാമായിരിന്നില്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തിന് ഭൂതം നിധി കാത്ത പോലെ മൂന്നാറിലെ ഭൂമി സംരക്ഷിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.  മുന്നാറിന്റെ വികസനത്തിന് ഭൂമി കിട്ടാതിരുന്നപ്പോഴും കമ്പനിക്ക് വാടക നല്‍കി അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴും വല്ലാത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വീടിനും കടക്കും അറ്റകുറ്റ പണി നടത്താന്‍ കമ്പനി മാനേജര്‍ക്ക് മുന്നില്‍ പോയി ഓഛാനിച്ച്  നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ആ അവസ്ഥക്ക് മാറ്റം വരണമെന്നാണ് മൂന്നാറിലെ ജനങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ ഇതിപ്പോള്‍, ടാറ്റയെ ചുണ്ടി കയ്യേറ്റക്കാരെ സംരഷിക്കുന്ന നയമാണ് പലരും സ്വീകരിക്കുന്നത്.
ഭൂമിക്ക് മേല്‍ കമ്പനിയുടെ നിയന്ത്രണം ഇല്ലാതായതോടെ ഭൂമി സ്വന്തമാക്കിയത് കയ്യേറ്റ ലോബിയാണ്. നൂറക്കണക്കിന് ഹോട്ടലുകളാണ് മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ പത്ത്^പതിപഞ്ച് വര്‍ഷം കൊണ്ട് ഉയര്‍ന്നത്.  സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് എന്തേ ആരും ആവശ്യപ്പെടാത്തത്. മൂന്നാറിര്‍ന്റ കാര്യത്തില്‍ ആമ്താര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടകളുടെ അടിസ്ഥാനതതില്‍ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കണം. മുഖ്യമന്ത്രി സ.വി. എസ്. അച്യുതാനന്ദന്‍ തുടങ്ങി വെച്ച മൂന്നാര്‍ ദൌത്യം പൂര്‍ത്ത്യിക്കണം. ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കുകയും കമ്പനിയുടെ ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയൂണ്ടെങ്കില്‍ അതും സംരഷിക്കണം. അതിന് ഭൂമി വനം വകുപ്പിന് കൈമാറണം.

12 June 2010

എന്തിനാണ് മൂന്നാറില്‍ വീണ്ടുമൊരു ടൌണ്‍ഷിപ്പ് 
കേരള സര്‍ക്കാര്‍ നവീന മൂന്നാര്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കരുതിയത് മൂന്നാറിലെ  ഇപ്പോഴത്തെ ടൌണ്‍ഷിപ്പ് വികസിപ്പിക്കുമെന്നും നൂറ്റാണ്ടുകളായി ടാറ്റയുടെ വാടകക്കാരായി കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നുമാണ്. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാറില്‍ തേയില കൃഷിക്കായി എത്തിയപ്പോള്‍ ആരംഭിച്ചതാണ് മൂന്നാറിലെ പ്ളാന്റെഷന്‍ ടൌണ്‍. 1924 ലെ വെള്ളപ്പൊക്കത്തിലും പിന്നിട് തീ പടുത്തത്തിലും ടൌണ്‍ നശിക്കുകയും പുതുക്കി പണിയുകയും ചെയ്തതൊഴിച്ചാല്‍ മറ്റ് മാറ്റമൊന്നും വന്നിട്ടില്ല. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമാണ് ടാറ്റ ടീക്ക് പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ വാടകക്കാരായി കഴിയുന്നത്. നവീന ടൌണ്‍ ഷിപ്പ് വരുന്നതോടെ തങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും പട്ടയം കിട്ടുമെന്ന് സ്വപ്നം കണ്ടവരും ഇവരാണ്. അവരില്‍ ചുമട്ട് തൊഴിലാളികളുണ്ട്, ഡ്രൈവറന്മാരുണ്ട്, ചെറുകിട വ്യാപാരികളുണ്ട്, കൂലിപ്പണിക്കാരുണ്ട്.....പക്ഷെ, ഇപ്പോള്‍.......................
മൂന്നാറില്‍  ടൂറിസം സോണ്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 1072 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. നിലവിലെ ടൌണ്‍ഷിപ്പ് ഏറ്റെടുക്കുന്നതിനല്ല തീരുമാനം. ടൌണിലെ കുറച്ച് ഭൂമി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും ഇപ്പോഴത്തെ ടൌണിന് പുറത്ത് നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. അവിടെ ടൂറിസം സോണായി വികസിപ്പിച്ച് പുതിയ ടൌണ്‍ ഷിപ്പ് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.അവിടെ ആര്‍ക്കായിരിക്കും ഭൂമി നല്‍കുക? ഏറ്റെടുക്കുന്ന ഭൂമിക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയും അവശേഷിക്കുന്നു. ടൂറിസം ആവശ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി പതിച്ച് നല്‍കാന്‍ കഴിയുമോയെന്നതാണ് ആശങ്കക്ക് കാരണം. ടൂറിസം വ്യവസായത്തിന്റെ പരിധിയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ ഹോട്ടലും റിസോര്‍ട്ടും സ്കൂളും തുടങ്ങി ഒരു ടൌണ്‍ഷിപ്പിന് വേണ്ടെതൊക്കെ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. കുറെ കുത്തകക്കാര്‍ ഇതിന്റെ മറവില്‍ ഭൂമി സ്വന്തമാക്കുമെന്നത് പോകട്ടെ, ഇനിയൊരു ടൌണ്‍ ഷിപ്പിനെ താങ്ങാനുള്ള ശേഷി മൂന്നാിറിനുണ്ടോ? കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞ മൂന്നാറിലെ കാലാവസ്ഥ ഇപ്പോള്‍ തന്നെ മാറിമറിഞ്ഞു. ഇനിയും കുറച്ച് കെട്ടിടങ്ങള്‍ വന്നാല്‍ സംശയമില്ല, മൂന്നാറിന്റെ ആവാസ വ്യവസ്ഥ മാറും. അതോടെ ടൂറിസവും അവസാനിക്കും. കൊഡൈക്കാനലും ഊട്ടിയും ഈ അവസ്ഥയില്‍ എത്തിയതിനാലാണ് ജനം മൂന്നാറിനെ തേടിയെത്തുന്നതെന്നത് മറക്കണ്ട. മൂന്നാറിലെ ടൂറിസം വ്യവസായികള്‍ക്ക് ഇതൊരു പാഠമാണ്. കാരണം മൂന്നാറില്‍ എത്തുന്നവരില്‍ നിന്ന് എങ്ങനെ പണം പിടിച്ചെടുക്കാമെന്നാണല്ലോ ചിന്ത.
മൂന്നാറില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്ത് കൊണ്ട് ടൌണ്‍ പ്രദേശത്തെ ഒഴിവാക്കിയെന്നതിനും ഉത്തരം തേടേണ്ടതാണ്. മൂന്നാര്‍ ടൌണിന് ചുറ്റുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം വ്യാജ പട്ടയ ലോബി സ്വന്തമാക്കുകയും അത് റിസോര്‍ട്ടുകള്‍ക്കായി കൈമാറുകയും ചെയ്തതായി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി കൈവശപ്പെടുത്തിയ ഈ ഭൂമി സംരക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിച്ചുവെന്ന് വേണം കരുതാന്‍. ആങ്ങള ചത്താലും തരക്കേടില്ല, നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന സമീപനം സ്വീകരിക്കുന്ന ചിലരാണ് ഇതിന് പിന്നില്‍. അത് കൊണ്ടാണല്ലോ മൂന്നാറിനെ കുറിച്ച് സംസാരിക്കുന്നവരെ ടാറ്റയുടെ ഏജന്റുമാരാക്കുന്നത്. ടാറ്റയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടതെന്ന് അറിയേണ്ടതല്ലേ? മല കയറി വന്ന പുത്തനുള്ളവര്‍ ഭൂമി സ്വന്തമാക്കി. അവര്‍ അവിടെ ഹോട്ടലും റിസോര്‍ട്ടും കെട്ടിപൊക്കി. മൂന്നാറുകാര്‍ക്ക് ഇതൊക്കെ കാണാനാണ് വിധി. മൂന്നാറിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ മൂന്നാറുകാര്‍ക്ക് പങ്കില്ലല്ലോ.........................

08 June 2010

മൂന്നാറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാതെയുള്ള ടുറിസം വികസന പദ്ധതി നടപ്പാക്കരുത്
 മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം പരിഗണിക്കാതെ ടുറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ള ടുറിസം വികസന പദ്ധതികള്‍ നടപ്പാക്കരുതെന്ന് മാധവന്‍ പിള്ള ഫൌണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാര്‍^ വികസനവും സംരക്ഷണവും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. മൂന്നാറിന് പുറമെ, സമീപത്തെ പള്ളിവാസല്‍, മറയുര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍ എന്നി പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് ടുറിസം വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഒരു പ്രദേശത്തിന്റെ വികസനത്തിനായി ടുറിസം വകുപ്പ് മാത്രമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിനേയും സെമിനാര്‍ ചോദ്യം ചെയ്തു. ഈ പ്ലാന്‍ അതേപടി നടപ്പാക്കിയാല്‍ മൂന്നാര്‍ മേഖല പൂര്‍ണമായും ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്കായി തുറന്ന് കൊടുക്കമെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. മൂന്നാറിന് താങ്ങാന്‍ കഴിയുന്നതാകണം പദ്ധതികള്‍.
ആദിവാസി മൂപ്പന്‍ കൃഷ്ണന്‍ മുതുവാന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.
വികസനത്തിന് നിര്‍വചനം വേണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പശ്ചിമഘട്ടത്തില്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല. മൂന്നാറില്‍ ഇനി ടൂറിസം വികസനം വേണ്ട, ഉള്ളത് തന്നെ ധാരാളം. 1036 ഏക്കര്‍ ഏറ്റെടുത്ത് ടൂറിസം വികസിപ്പിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടണം. മുന്നാറില്‍ വര്‍ഷങ്ങളായി തുടരുന്ന ഭൂ സര്‍വേ എന്ത് കൊണ്ട് പൂര്‍ത്തിയാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആളില്ലാത്തതാണ് പ്രശ്നമെങ്കില്‍ സര്‍വേ ജോലികള്‍ സ്വകാര്യ മേഖലക്ക് കരാര്‍ നല്‍കണം. 17922 ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം നടപ്പാക്കാതിരിക്കുന്നതിനും ന്യായികരണമില്ല.
തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നശിപ്പിക്കപ്പെടുകയാണ്. ദേവാലയങ്ങള്‍, സെമിത്തേരി,കല്യാണമണ്ഡപം  എന്നിവക്ക് വേണ്ടി പാടം നികത്താന്‍ അനുമതി തേടിയുള്ള അപേക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. കേരളത്തിലെ വനവും തണ്ണീത്തടങ്ങളും ഒരിഞ്ച് പോലും ഇനിയും നശിപ്പിക്കപ്പെട്ട് കൂട. ഇനിയും നശിപ്പിക്കാന്‍ ഭൂമിയില്ലെന്ന് തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു.
മൂന്നാറില്‍ വര്‍ദ്ധിച്ച് വരുന്ന തിരക്ക് കുറക്കുന്നതിനായി ടൂറിസം സോണിന്  ടൂറിസം വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നതായി  ടൂറിസം ഡയറക്ടര്‍ എം. ശിവശങ്കര്‍ പറഞ്ഞു. ടൂറിസം സോണിനായി നിര്‍ദേശിക്കപ്പെട്ട 1036 ഏക്കര്‍ സ്ഥലം ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. ഇവിടെ പൊതുവായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ചരിത്രപരമായും സാംസ്കാരിക പരവുമായ വസ്തുക്കള്‍ സംരക്ഷിക്കപ്പെടും. ഈ മേഖലയിലെ കെട്ടിട നിര്‍മ്മാണത്തിലടക്കം നിയന്ത്രണം കൊണ്ട് വരുന്നതിനും വ്യവസ്ഥയുണ്ട്. ഒമ്പത് മീറ്ററായിരിക്കും കെട്ടിടത്തിന്റെ പരമാവധി ഉയരം^അദേഹം പറഞ്ഞു.
മൂന്നാറിന്റെ സമ്പത്ത് പ്രകൃതിയാണ്. എന്നാല്‍ അശാസ്ത്രിയമായ വികസനമാണ് ഇവിടെ നടപ്പാക്കിയത്^ ഹൈറേഞ്ച് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് മോഹന്‍ സി. വര്‍ഗീസ് പറഞ്ഞു.
മൂന്നാറിന് ചുറ്റുമായി നാല് ദേശിയ ഉദ്യാനങ്ങളും രണ്ട് വന്യജീവി സങ്കേതങ്ങളും ഉള്ളതിനാല്‍ അത് കൂടി കണക്കിലെടുത്ത് വേണം ഏത് തരം വികസന പദ്ധതിയും തയ്യാറാക്കാനെന്ന് റിട്ട. എ. സി. എഫ്് ജെയിംസ് സക്കറിയ പറഞ്ഞു. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനമായ ജൈവവൈവിധ്യ മേഖലയാണ് ഇവിടം. പെരിയാര്‍, ചാലക്കുടിപുഴ, കാവേരി എന്നി നദികളിലേക്കുള്ള കൈവഴികളും ഇവിടെ നിന്നാണ്^അദേഹം ചുണ്ടിക്കാട്ടി.
എം. ജി. രാധാകൃഷ്ണന്‍, ജി. വിജയരാഘവന്‍, സി. ഗൌരിദാസന്‍ നായര്‍,ഡോ. പി. എസ്. ഈസ, യു. വി. ജോസ്, പ്രൊഫ. കുഞ്ഞികൃഷ്ണന്‍, ജോസഫ്. സി. മാത്യു, പി. കെ. ഉത്തമന്‍, പെരുവന്താനം ജോണ്‍, ടോണി തോമസ്, ഗിരിഷ് ജനാര്‍ദ്ദനന്‍, ബിജു പങ്കജ്, കെ. പി. സേതുനാഥ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബാലന്‍ മാധവന്‍ സ്വാഗതവും സോണിയ ജേക്കബ്ബ് നന്ദിയും പറഞ്ഞു.

05 June 2010





ചില പരിസ്ഥിതി ചിന്തകള്‍
 പാരിസ്ഥിതിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവബോധമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും പല കാരണങ്ങളാല്‍ പാരിസ്ഥിതി^പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ ദിനംപ്രതി സമ്മര്‍ദ്ദം വര്‍ദ്ധിച്ച് വരുന്നു. ടൂറിസമടക്കമുള്ള വ്യവസായത്തിനായി കേരളത്തിന്റെ മണ്ണും വെള്ളവും ചുഷണം ചെയ്യപ്പെടുകയാണ്.
ഭൂമിശാസ്ത്രപ്രകാരവും പാരിസ്ഥിതികമായും ഒട്ടേറെ പരിമിതികളും വൈവിധ്യവും സങ്കീര്‍ണതകളും നിറഞ്ഞ കേരളത്തില്‍ വികസനവും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യം അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയൂം ചെയ്യുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി നയത്തില്‍ തന്നെ ചുണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാലാവസ്ഥയും പാരിസ്ഥിതിക പ്രത്യേകതകളും കാരണം കേരളത്തിന്റെ ആവാസ വ്യവസ്ഥ അതിലോലമാണ്. ജൈവ ഭൂഘടനയില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശവമുമാണ് കേരളം. എന്നാല്‍ പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ പുന:ക്രമികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും കൂടുതല്‍ ഇല്ലാതായി കൊണ്ടിരിക്കുന്നത്. പുത്തന്‍ വ്യവസായികള്‍ ലിക്ഷ്യമിടുന്നതും തണ്ണീര്‍ത്തടങ്ങളെയാണ്. വെള്ളം അടുത്ത് കിട്ടുമെന്നതാണ് വ്യവസായികളെ തണ്ണീര്‍ത്തടങ്ങളെ തേടിയെത്താന്‍ പ്രേരിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കല്‍ വേണ്ടതില്ലെന്നതും അനൂകൂലമായി കാണുന്നു. കണ്ടല്‍ക്കാടുകളും നെല്‍വയലുകളും ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ വനങ്ങള്‍ അതിവേഗം നശിപ്പിക്കപ്പെടുന്നു. തീരദേശം നാശഭീഷണി നേരിടുന്നു. മണല്‍^കളിമണ്‍ ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നദികളും പുഴകളും ഇല്ലാതാകുന്നു. വനം^പരിസ്ഥി സംരക്ഷണത്തിനായി 24 നിയമങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് വേണം കരുതാന്‍.
സൈലന്റ്വാലിയും പൂയംകുട്ടിയും പ്ലാച്ചിമടയും പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ വിജയമാണെങ്കിലും പിന്നിടുണ്ടായ പ്രശ്നങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്താന്‍ കഴിയാതെ പോകുന്നു. കൃഷിക്ക് വേണ്ടിയുള്ള കുടിയേറ്റത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ കയ്യേറ്റമാണ് മൂന്നാറെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപ്പെടല്‍ ഉണ്ടായില്ല. വംശനാശ ഭീഷണി നേരിടുന്ന നീലകുറിഞ്ഞികള്‍ വളര്‍ന്നിരുന്ന പുല്‍മേടുകളും ജലസ്രോതസായ കുന്നുകളും ഏലക്കാടുകളും വിനോദ സഞ്ചാരികള്‍ക്ക് കൂട് ഒരുക്കാന്‍ എന്ന പേരില്‍ നശിപ്പിക്കപ്പെട്ടു. മുന്നാര്‍ മേഖലയുടെ കാലാവസ്ഥക്ക് തന്നെ വ്യതിയാനം വരുത്തക്ക തരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ വ്യവസ്ഥക്കും മാറ്റം വന്ന് തുടങ്ങി. കായലുകളില്‍ ഹൌസ് ബോട്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും കാണാതെ പോകുന്നു. മലവും മൂത്രവും തുടങ്ങി ഡീസലും ഓയിലും വെള്ളത്തില്‍ കലരുന്നു. കുട്ടനാടന്‍ മേഖലയില്‍ പലതരം രോഗങ്ങള്‍ പകരാനും ഇത് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരത്തിന് എന്ന പേരില്‍ വന്‍ തോതില്‍ കായലുകളും നികത്തപ്പെടുന്നു. കണ്ടല്‍ക്കാടുകള്‍ മറ്റ് പലതിനുമായി വെട്ടി നിരത്തപ്പെടുന്നു.
 പ്രകൃതിക്ക് മേലുള്ള കയ്യേറ്റം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ വൈകാതെ കേരളം കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ചുണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തന്നെ അമിത ഭൂഗര്‍ഭ ജല ചുഷണം മൂലം പലയിടത്തും ശുദ്ധജലം കിട്ടുന്നില്ല.
വാഹനങ്ങളുടെ മലിനികരണവും നിയന്ത്രിക്കാനാകുന്നില്ല. വാഹനങ്ങളുടെ എണ്ണം പെരുകുന്നതനുസരിച്ച് റോഡ് വികസപ്പിക്കാനും മരവും പുഴയും ഇല്ലാതാക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ പേരില്‍ എങ്ങും എസിയായതും മറ്റൊരു ആഘാതമായി.
മനുഷ്യരുടെ ആര്‍ഭാടത്തിന് പരിധി നിശ്ചയിക്കേണ്ടതും പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പണമുള്ളവന് ആര്‍ഭാടമൊരുക്കാന്‍ വേണ്ടി സഹിക്കപ്പെടുന്നത് പാവപ്പെട്ടവനാണ്. വീട്ടിലും കാറിലും ഓഫീസിലും എസി ഉള്ളവര്‍ കാലാവസ്ഥ വ്യതിയാനം എന്തെന്നറിയുന്നില്ല. ഇത്തരക്കാര്‍ പോകുന്ന കടകളിലും എസിയായിരിക്കും. ഈ എസികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ചുട് സഹിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. പ്രകൃതിയെ ഇല്ലാതാക്കി വ്യവസായം സ്ഥാപിച്ചാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നതും അതാത് നാട്ടുകാരല്ല. കുറച്ച് പേര്‍ക്ക് ജോലി കിട്ടിയേക്കാം. എന്നാല്‍ അവിടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടുത്തുകാര്‍ക്ക് വേണ്ടിയായിരിക്കില്ല. വീതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 'ക്രിട്ടിക്കല്‍ കൃഷി ഭൂമിയായ'ഇവിടെ വന്‍കിട വ്യവസായങ്ങള്‍ പാടില്ല. എല്ലാം വാണിജ്യാടിസ്ഥാനത്തില്‍ കാണാതെ സുസ്ഥിരമായ വികസനത്തെ കുറിച്ച് ആലോചിക്കണം^അദേഹം പറഞ്ഞു.

31 May 2010

കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡുകളിലെ കൊള്ളയടി 
പകല്‍കൊള്ളയെന്നൊക്കെ കേട്ടിട്ടുണ്ട്, മൂത്രം ഒഴിക്കാന്‍ എത്തുന്നവരെ കൊള്ളയടിച്ചാലോ? സംസ്ഥാനത്തെ കെ. എസ്. ആര്‍. ട്ി സി ബസ് സ്റ്റാന്‍ഡുകളിലാണ് പ്രകൃതിയുടെ വിളിയുമായി ഓടിയെത്തുവരെ കൊള്ളയടിക്കുന്നത്. അതാകട്ടെ അധികൃതര്‍ അറിഞ്ഞ മട്ട് കാട്ടുന്നുമില്ല.
സംസ്ഥാനത്ത് മൂത്രം ഒഴിക്കാന്‍ ' നികുതി 'ഏര്‍പ്പെടുത്തിയത് മുതല്‍ കെ. എസ്് ആര്‍. ടി. സി. സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരകളും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. ലേലത്തില്‍ പിടിക്കുന്നവരാണ് നടത്തിപ്പുകാര്‍. പ്രശ്നം അതല്ല, ഒരു തവണ മൂത്രം ഒഴിക്കാന്‍ എത്ര പണം നല്‍കണമെന്നതാണ്. മൂത്രം ഒഴിക്കാന്‍ എത്ര പൈസയാണ് നിരക്കെന്ന് കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡുകളിലൊന്നിലും രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ടോയ്ലെറ്റ് നടത്തിപ്പുകാര്‍ ഈടാക്കുന്നത് ഒരു രൂപ നിരക്കിലാണ്്് .ഒരു രൂപയാണോ നിരക്കെന്ന് ആരെങ്കിലും ഉറക്കെ ചോദിച്ചാല്‍ 50 പൈസ തിരിച്ച് നല്‍കും. അപ്പോള്‍ മൂത്രം ഒഴിക്കാന്‍ നിരക്ക് എത്ര? ഒരു രൂപയല്ലെന്ന് വ്യക്തം. പണ്ടൊരിക്കല്‍ നവാബ് രാജേന്ദ്രന്‍ ഇതിന്റെ പേരില്‍ തര്‍ക്കിക്കുകയും പത്ത് പൈസ നല്‍കുകയും ചെയ്തത് ഓര്‍ക്കുന്നു. പത്ത് പൈസയില്‍ കുടുതല്‍ ഈടാക്കാനാകില്ലെന്നും അദേഹം പറഞ്ഞു. സംഭവം പത്രങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും അന്നും ഈടാക്കിയിരുന്നത് 50 പൈസയായിരുന്നു. എന്തായാലൂം ഈ പകല്‍ കൊള്ള അവസാനിപ്പിച്ചെ മതിയാകു. നിരക്ക് എത്രയെന്ന് രേഖപ്പെത്തിയ ബോര്‍ഡ് ഓരോ മൂത്രപ്പുരക്ക് മുന്നിലും സ്ഥാപിക്കണം. മിലയാളത്തില്‍ മാത്രം പോര. ഇംഗ്ലീഷിലും ഹിന്ദിയിലും ബോര്‍ഡ് വേണം.

20 May 2010

മൂന്നാറിന്റെ കുളിരും കമ്പിളിയും ഓര്‍മ്മയാകുന്നു
കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചവര്‍ പണ്ട് മൂന്നാറിന്റെ പതിവ് കാഴ്ചയായിരുന്നു. നീളന്‍ കമ്പിളി ഉടുപ്പ് ധരിച്ചവരും കമ്പിളി താട്ട് ഇട്ടവരും മൂന്നാറില്‍ ധാരാളമായിരുന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ ഈ വേഷം മാത്രമല്ല, മൂന്നാറിന്റെ കുളിരും ഓര്‍മ്മയിലേക്ക് മാറുകയാണ്. ആസൂത്രണമില്ലാത്ത വികസനം ഒരു നാടിനെ എങ്ങനെ മാറ്റി മറിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് മൂന്നാറിലെ കാലാവസ്ഥയിലുണ്ടായ മാറ്റം.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ താമസിച്ചപ്പോഴാണ് കാലാവസ്ഥയിലുണ്ടായ മാറ്റം അനുഭവപ്പെട്ടത്. പകലില്‍ സൂര്യന് തരക്കേടില്ലാത്ത ചൂട്. ഫാനില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥ. രാത്രിയില്‍ അടച്ചിട്ട മുറിയില്‍ കമ്പിളി പുതുപ്പ് വേണ്ട. അറിയാതെ പുതച്ച് പോയാല്‍ ശരീരം വിയര്‍ക്കുന്ന സ്ഥിതി. ഈ മാറ്റം ആരാണ് വരുത്തിയത്. സംശയമില്ല. ടൂറിസത്തിന്റെ പേരില്‍ കടുംവെട്ടിന് ഇറങ്ങി പുറപ്പെട്ടവര്‍ തന്നെ. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ടൂറിസമെന്ന് തെറ്റിദ്ധരിച്ചവര്‍ മൂന്നാറിലെ പുല്‍മേടുകളും വനഭൂമിയും കയ്യേറി റിസോര്‍ട്ടുങ്ങളും ഹോട്ടലുകളും നിര്‍മ്മിച്ചു. സര്‍ക്കാരാകട്ടെ കെട്ടിട നിര്‍മ്മാണതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയുമില്ല.
ഇടുക്കി ജില്ലാ ടുറിസം പ്രൊമോഷന്‍ കൌണ്‍സിലില്‍ പത്ത് വര്‍ഷത്തോളം അംഗമായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍ശപ്പടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥ മാറ്റം അന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. ഇതനുസരിച്ച് പ്രകൃതിക്ക് ഇണങ്ങും വിധം കെട്ടിടം നിര്‍മ്മിക്കണമെന്ന് തീരുമാനവുമെടുത്തു. പക്ഷെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല. അതിനാല്‍ തോന്നും പടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. മലവെട്ടിയിറക്കി കോണ്‍ക്രീറ്റ് കാടുകള്‍ നൂറ്കണക്കിന് നിര്‍മ്മിച്ചു. ആരൂം പ്രകൃതിയെ കുറിച്ച് ചിന്തിച്ചില്ല. കാലാവസ്ഥ മാറിയാല്‍ മൂന്നാറും ടൂറിസവും ഇല്ലാതാകുമെന്ന് ചന്തിച്ചില്ല.
ആസൂത്രണമില്ലായ്മയുടെ ദുരന്തക്കാഴ്ച കൂടിയാണ് മൂന്നാര്‍. മാടുപ്പെട്ടിയിലും രാജമല മുക്കിലും തുടങ്ങി ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലങ്ങളിലൊക്കെ തട്ട്കടകള്‍ ഉയരുകയാണ്. പ്ലാസ്റ്റിക്കും ചാക്കും തുടങ്ങി നാല് കമ്പ് കുത്തി നിര്‍മ്മിച്ച തട്ട് കടകള്‍ വരെയുണ്ട് ഇവിടെ. ഈ കാഴ്ച നാടിന് നല്ലതല്ല. അല്ലെങ്കില്‍ നാടിന്റെ ഭംഗി ആര് ശ്രദ്ധിക്കാന്‍. അതറിയണമെങ്കില്‍ മൂന്നാര്‍ ടൌണിലേക്ക് മടങ്ങി വരിക. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ അത്യാവശ്യത്തിന് മൂത്രപ്പുരയില്ല. ഫലമോ അല്‍പം മറ നോക്കി ആളുകള്‍ മൂത്രം ഒഴിക്കുന്നു. ഇത് സൃഷ്ടിക്കുന്ന നാറ്റം മൂലം ടൌണില്‍ നില്‍ക്കാന്‍ കഴിയില്ല.
എത്രയോ വാഹനങ്ങളും ടൂറിസ്റ്റുകളുമാണ് മൂന്നാറില്‍ എത്തുന്നത്. ഇതിന് അനുസരിച്ച് പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് ആരെങ്കിലും ആലോചിച്ചുവോ? ഇല്ലെന്ന് പറയേണ്ടി വരും. പണ്ട് ഉണ്ടായിരുന്ന റോഡും പാലവും മാത്രമാണ് ഇന്നും. പാലം നിര്‍മ്മിച്ചത് അന്നത്തെ വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ്. എന്നാല്‍ ഇന്നോ? ടുറിസ്റ്റുകള്‍ , അവര്‍ അതിഥിയാണെങ്കില്‍ പോലും താങ്ങാനുള്ള ശേഷി മൂന്നാറിനില്ല. ആരുടെയോ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവാകുന്നതെന്നറിയുക. പണ്ട് തൂക്കം പാലം തകര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ മരിച്ചത് ദു:ഖത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്. താങ്ങാവുന്നതിനേക്കാല്‍ കൂടുതല്‍ കുട്ടികള്‍ ഹെലികോപ്ടര്‍ കാണുന്നതിന് തൂക്ക് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. അത്തരമൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നാറിലെ പാലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം കഴിഞ്ഞു.

15 May 2010

കേന്ദ്ര റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാറിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും
 മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും. രവീന്ദ്രന്‍ പട്ടയത്തിന്റെതടക്കം പിന്‍ബലത്തില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും പൊളിച്ച് നീക്കേണ്ടിയും വരും. രേഖകള്‍ പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെത് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ഇവിടെയും ബാധകമാണെന്നുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്.
മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടത്തില്‍ വ്യാപകമായ കയ്യേറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിലെ മേഖലാ സി. സി. എഫ് ഡോ. കെ. എസ്് റെഡി അദ്ധ്യക്ഷനായി നാലംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസം മൂന്നാറില്‍ തെളിവെടുപ്പ് നടത്തിയ സമിതി, തിരുവനന്തപുരത്ത് വനം വകുപ്പ് മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്.
കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്ന നിഗമനമാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഞ്ഞാര്‍ തമ്പുരാനും ജോണ്‍ മണ്‍ട്രോയും തമ്മില്‍ 1877 ജൂല്‍ൈ 11ന് ഒപ്പിട്ട കരാര്‍, 1974 മാര്‍ച്ച് 29ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ്, 1994^95 മുതല്‍ 2003^04 വരെയുള്ള വര്‍ക്കിംഗ് പ്ലാന്‍, 1996 ഡിസംബര്‍ 12ലെ സുപ്രിം കോടതി വിധി പ്രകാരം നിയോഗിച വി. ഗോപിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പ്രകാരം കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് വനമിതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രാനുമതി വേണമെന്നും നിര്‍ദേശിക്കുന്നു. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ കെ. ഡി. എച്ച് വില്ലേജില്‍ കേന്ദ്രാനുമതിയില്ലാതെ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കപ്പെടും. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള 1978ലെ നിയമസഭാ തീരുമാന പ്രകാരം വേണം പട്ടയം നല്‍കാന്‍. ഇതിന്  കേന്ദ്രാനുമതി വേണ്ടി വരും. എന്നാല്‍, 1977 ജനുവരി ഒന്നിന് മുമ്പ് കെ. ഡി. എച് വില്ലേജില്‍ താമസമാരംഭിച്ചത് വിവിധ ജോലകള്‍ക്കായും കച്ചവടത്തിനും മറ്റുമായി എത്തിയവരാണ്.  ഇവരില്‍ ഭൂരിപക്ഷത്തിനും ഇനിയും പട്ടയം ലഭിച്ചിട്ടുമില്ല. ബാക്കിയൊക്കെ 1996ന് ശേഷം ഭൂമി കയ്യേറിയവരും പിന്‍വാതിലിലൂടെ പട്ടയം തരപ്പെടുത്തിയവരുമാണ്. മൂന്നാറിലെ ആദ്യകാലത്തെ ചില ലോഡ്ജുകള്‍ ഒഴിച്ചുള്ള, ഹോട്ടലുകളും റിസോര്‍ട്ടുകളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെട്ടതാണ്.
കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍ മൂന്നാറിലെ കെ. ഡി. എച്ച് കമ്പനിയും ഉള്‍പ്പെടും. 1974ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് 57359 ഏക്കറാണ് കമ്പനിക്ക് തേയില കൃഷിക്കും മറ്റുമായി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അധികമായി  അവരുടെ പക്കല്‍ ഭൂമി  കണ്ടെത്തിയാല്‍ കേന്ദ്ര വന നിയമമനുസരിച്ച് നടപടിയെടുക്കാം. എന്നാല്‍ സര്‍വേ പൂര്‍ത്തിയാക്കാത്തതിനാല്‍ എത്ര ഭൂമി അവരുടെ കൈവശമുണ്ടെന്ന് ഇനിയും വ്യക്തമല്ല.
ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് അയ്യായിരം ഏക്കര്‍ പാവപ്പെട്ട ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര വന നിയം തടസ്സമാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ഉത്തരവിറങ്ങിയതിനാലാണിത്. കേന്ദ്ര വനനിയമം നിലവില്‍ വരും മുമ്പ് പട്ടയം ലഭിച്ചവര്‍ക്കും ഭീഷണിയുണ്ടാകില്ല. ഇതേസമയം, ഭൂരഹിതര്‍ക്കായി കഴിഞ്ഞ മാസം സര്‍ക്കാര്‍ പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ച 17349 ഏക്കര്‍ എത്രയും വേഗം റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും സുപ്രിം കോടതിയുടെ 202/95 ലെ വിധി പ്രകാരം വനഭൂമിയുടെ നിര്‍വചനത്തില്‍ വരുന്ന മറ്റ് പ്രദേശങ്ങളും തുടര്‍ന്ന് റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

14 May 2010

മൂന്നാറില്‍ പതിച്ച് നല്‍കിയത് വനഭൂമിയെന്ന് കേന്ദ്ര സംഘം
 മൂന്നാറില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണ്െ മൂന്നാര്‍ പ്രശ്നത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. സമിതി  സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം കേരളത്തോട് വിശദീകരണം തേടി. ഡോ. കെ. എസ്. റെഡി അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 10 മുതല്‍ 12 വരെയാണ് കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. പിന്നിട് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ സി. സി. എഫുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു. മുന്നാറില്‍ എം. എല്‍.എ, കലക്ടര്‍, കണ്ണന്‍ ദേവന്‍ കമ്പനി, വിവിധ സംഘടനകള്‍ എന്നിവരുമായും കേരന്ദ സംഘം ചര്‍ച്ച നടത്തുകയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 രേഖകള്‍ പ്രകാരം മൂന്നാര്‍ വന ഭൂമിയാണെണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1980ലെ കേന്ദ്ര വനം നിയമത്തിന്റെ പരിധിയില്‍ മൂന്നാറും ഉള്‍പ്പെടുമെന്നതിനാല്‍ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി തേടണം. കുട്ടിയാര്‍വാലിയില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട ഭൂമി വനഭൂമിയാണെന്നും ഇതിന് കേന്ദ്രാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര സംഘം മൂന്നാര്‍[ സന്ദര്‍ശിക്കുന്നതിന് എത്തിയ അന്നാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വിതരണത്തിന്റെ ഉല്‍ഘാടനം മന്ത്രിമാര്‍ നിര്‍വഹിച്ചത്. സെവന്‍മലയിലെ കയ്യേറ്റങ്ങളും വനഭൂമിയിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമെന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചുണ്ടിക്കാട്ടിയ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റങ്ങളും വ്യാപകമാണ്. ഇരവികുളം, മതികെട്ടാന്‍, പാമ്പാടുംചോല, ആനമുടി ദേശിയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല, ചിന്നാര്‍ വന്യജീവി സങ്കേതങ്ങള്‍ എന്നിവ മൂന്നാറുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നു. 1971 ലെ കെ. ഡി. എച്ച് നിയമമനുസരിച്ചാണ് മൂന്നാര്‍ മേഖലയിലെ സംരക്ഷണ നടപടികളെന്നും കേന്ദ്ര വന നിയമത്തിന്റെ പരിധിയില്‍ മൂന്നാറിനെ കൊണ്ട് വരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്നാറിലെ 17349 ഏക്കര്‍ ഭൂമി സംരക്ഷിത വനഭൂമിയാക്കുന്നതിന് 2008ല്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടും ഇനിയും നടപ്പാക്കിയിട്ടില്ല. അടിയന്തിരമായി ഈപ്രഖ്യാപനം നടത്തണം. മുന്നാറിലെ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേരന്ദാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
 റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചുവെങ്കിലും ഇത് പരിശോധിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും അറിയിച്ചു.

26 April 2010

ദേവാലയങ്ങളിലും വേണോ മൊബൈല്‍ ഫോണ്‍?
ഹലോ സിനിമയില്‍ കുര്‍ബാനക്കിടെ ജഗതിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്ന രംഗമുണ്ട്്, ഹലേലൂയ....ഹലേലുയ എന്ന റിംഗ് ടോണ്‍ ഉയര്‍ത്തിയ ചിരി  കുര്‍ബാന മുടക്കിയില്ലെങ്കിലും പ്രേക്ഷകര്‍ അത് ആസ്വദിച്ചു. എന്നാല്‍ അത് മലയാളിക്ക് പാഠമായില്ല. ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ മൊബൈല്‍ സൈലന്റ് മോഡിലിടാന്‍ പോലും  മലയാളി ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിനായി ഒരു ദേവാലയത്തില്‍ പോയപ്പോഴാണ് മൊബൈല്‍ ഫോണുകള്‍ക്ക് എത്രത്തോളം റിംഗ് ടോണുകളുണ്ടെന്ന് അറിയുന്നത്. പല തരത്തിലുള്ള ശബ്ദങ്ങള്‍ മൂലം പലപ്പോഴും ദേവാലയത്തിന്റെ പരിശുദ്ധിക്ക് കോട്ടം തട്ടി. മുസ്ലിം പള്ളികളില്‍  കവാടത്തില്‍ തന്നെ അറിയിപ്പുണ്ട്^മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയെന്ന്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ തുടങ്ങി മരണ വീടുകളില്‍ വരെ മൊബൈല്‍ ഫോണിന്റെ റിംഗ്  ടോണ്‍ വില്ലനായി മാറുകയാണ്. ബസുകളിലും തീവണ്ടികളിലും സ്വൈര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നത് പോകട്ടെ. ഹോട്ടലുകളിലും മൊബൈല്‍ ഫോണുകള്‍ ബഹളം വെച്ചാലോ?
മൊബൈല്‍ ഫോണ്‍ വേണ്ടന്നല്ല, ചില നിയന്ത്രണങ്ങള്‍ കൂടിയെ തീരു. വീടിന് പുറത്തിറങ്ങിയാല്‍ സൈലന്റ് മൊഡില്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ വേണം. സ്വയം നിയന്ത്രണം പാലിക്കാന്‍ മലയാളിക്ക് കഴിയണം.

18 April 2010



ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മൂത്രശങ്ക വന്നാല്‍.......
അടുത്ത കാലത്ത് കോഴിക്കോടുള്ള വനിതകള്‍ പുതിയൊരു സമരത്തിന് തുടക്കമിട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവവര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തണമെന്നതാണ് ആവശ്യം. മുമ്പ് കോഴിക്കോട് അങ്ങാടിയില്‍ ഉണ്ടായിരുന്ന മൂത്രപ്പുരകള്‍ വ്യാപാര സമുച്ചയമായി മാറിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ മടങ്ങി വീടെത്തും വരെ മൂത്രം ഒഴിക്കാതെ പിടിച്ച് നില്‍ക്കുന്ന വനിതകളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു......
കോഴിക്കോട്ടെ വനിതകളുടെത് മാത്രമാണോ മൂത്രശങ്കയുടെ പ്രശ്നം. കേരളത്തിലൊട്ടാകെ സഞ്ചരിക്കുക, അപ്പോഴറിയാം മൂത്രശങ്കയുടെ വേദന. കേരളത്തിലൊരിടത്തും പ്രധാന കേന്ദ്രങ്ങളില്‍ മൂത്രപ്പുരകളില്ല.  റെയില്‍വേ സ്റ്റേഷനിലോ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്റുകളിലൊ മാത്രമാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യമുള്ളത്. കെ. എസ്. ആര്‍. ടി. സി കളിലെ ടോയ്ലറ്റുകളില്‍ ഭീതി കൂടാതെ കയറാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ട്. മുമ്പൊരിക്കല്‍ കോട്ടയം സ്റ്റാന്റിലെ വനിതകളുടെ ടോയ്ലറ്റിലേക്ക്  പുരുഷന്മാരെ കടത്തി വിടുന്നത് കണ്ടിരുന്നു. തിരക്ക് നിയന്ത്രിക്കാനെന്ന ന്യായവും ഇതിന് നിരത്തി. കെ. എസ്. ആര്‍. ടി. സി അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ പുലര്‍കാലെ ചീത്തവിളിയും കേല്‍ക്കേണ്ടി വന്നു.
തലസ്ഥാനമായ തിരുവനന്തപുരത് മുമ്പ് പാളയത്തും തമ്പാനൂരിലും കിഴക്കെ കോട്ടയിലും തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ പൊതു മൂത്രപ്പുരയുണ്ടായിരുന്നു. എന്നാ ഇന്നോ പേരിന് പോലും തിരക്കുള്ള സ്ഥലങ്ങളില്‍ മൂത്രപ്പുരയില്ല. പുരുഷന്മാര്‍ക്ക് പോലും ശങ്ക തീര്‍ക്കാന്‍ സൌകര്യ പ്രദമായ ഇടം തേടി അലയണം. അപ്പോള്‍ വനിതകളുടെ കാര്യം പറയാനുണ്ടോ? ഇത് തലസ്ഥാനത്തിന്റെ കാര്യം മാത്രമല്ല, എല്ലാ പ്രധാന നഗരങ്ങളിലും സ്ഥിതി വിത്യസ്ഥമല്ല. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടോയ്ലറ്റ് സൌകര്യമില്ല. അവിടെങ്ങളില്‍ ഹോട്ടലുകളെ ആശ്രയിക്കുകയെ തരമുള്ളു. അവിടെ എതൊക്കെ തരം ഒളികാമറകളാണുള്ളതെന്ന് ആര്‍ക്കറിയാം.
അടിസ്ഥാന സൌകര്യമൊരുക്കേണ്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിലൊന്നിലും താല്‍പര്യമില്ല. മുമ്പ് ടോയ്ലറ്റുകളായിരുന്ന കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തി വ്യാപാര സമുച്ചയം നിര്‍മ്മിക്കാനാണ് അവര്‍ക്ക് താല്‍പര്യം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഓരോ തമാശകള്‍.

15 April 2010

വീണ്ടും മൂന്നാറിലേക്ക്.........................
തേയില കൃഷിക്കായി ബ്രിട്ടീഷുകാര്‍ എത്തിയത് മുതല്‍ മൂന്നാര്‍ അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. തെക്കിന്റെ കാശ്മീര്‍ എന്ന പേരില്‍ ഇന്‍ഡ്യക്കകത്തും പ്രശസ്തി നേടി. പക്ഷെ, ഓര്‍ക്കുക മൂന്നാര്‍ മുമ്പൊരിക്കലും കുപ്രസിദ്ധി നേടിയിരുന്നില്ല. ഇപ്പോള്‍ കയ്യേറ്റത്തിന്റെ പേരില്‍ മൂന്നാറിന് ലഭിച്ചത് 'പോസിറ്റീവ് സര്‍ട്ടിഫിക്കറ്റല്ല'. കയ്യേറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന മൂന്നാര്‍ ദേശിയ തലത്തിലേക്ക് നീങ്ങുകയാണ്. ഈ പേര് ദോഷം വേണ്ടിയിരുന്നോ???
മുന്നാറിലെ കയ്യേറ്റത്തെ കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സംഘം വന്നത് മുതല്‍ കയ്യേറ്റ ലോബിക്ക് വേണ്ടി ചിലര്‍ രംഗത്തുണ്ട്. തുടക്കം മുതല്‍ മൂന്നാര്‍ പ്രശ്നം വഷളാക്കിയതും കയ്യേറ്റ ലോബിക്ക് വേണ്ടി സംസാരിക്കുന്നവരാണ്. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ടാറ്റ കാടും മലയും വെട്ടിത്തെളിച്ച് കോണ്‍ക്രീറ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയല്ല ചെയ്തത്. സ്വന്തം ചെലവില്‍ വാച്ചര്‍മാരെ നിയോഗിച്ച് മൂന്നാര്‍ മലകളെ അവര്‍ സംരക്ഷിച്ചു. ഇപ്പോഴും രാജമലയില്‍ അവരുടെ വാച്ചര്‍മാര്‍ വരയാടുകളെ സംരക്ഷിക്കുന്നു. ടാറ്റക്ക് പാട്ടത്തിന് നല്‍കിയിട്ടുള്ളതില്‍  കൂടുതല്‍ ഭൂമി അവരുടെ കൈവശമുണ്ടെങ്കില്‍ സംശയം കൂടാതെ അത് സര്‍ക്കാര്‍ ഏറ്റെടുക്കണം.
എന്നാല്‍, ടാറ്റയെ തോല്‍പിക്കാന്‍ മൂന്നാറിലെ ഭൂമി മുഴുവന്‍ ഭൂമാഫിയ കയ്യേറി റിസോര്‍ട്ടുകളാക്കി മാറ്റണമെന്ന തരത്തിലെ വാദം ശരിയാണോ? ടാറ്റ കൈവശപ്പെടുത്തിയെന്ന് പറയുന്നതിനേക്കാളും എത്രയോ ഇരട്ടി ഭൂമിയാണ് റിസോര്‍ട്ടുകള്‍ക്ക് വേണ്ടി കയ്യേറിയത്. അവരെ ഒഴിവാക്കണമെന്ന് പോലും രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമങ്ങളും ആവശ്യപ്പെടുന്നില്ല. മൂന്നാര്‍, മൂന്നാറായി നിലനില്‍ക്കാന്‍ ആദ്യം വേണ്ടത് മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുമെന്ന് കരുതാം. എന്തായാലും മൂന്നാര്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പ്രഖ്യാപിചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയാലുടന്‍ മൂന്നാറിനെ സംരക്ഷിക്കുന്നതിനായി മൂന്നാറിനെ സ്നേഹിക്കുന്നവര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

10 April 2010

മൂന്നാറില്‍ പതിച്ച് നല്‍കിയത് വനഭൂമി
 മുന്നാറില്‍ ദൌത്യ സംഘങ്ങള്‍ കയ്യേറ്റ ഭൂമി പിടിച്ചെടുത്തിരുന്നുവെന്നാണ് ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച 2300 കുടുംബങ്ങള്‍ക്കായി കുട്ടിയാര്‍വാലിയിലെ വനഭൂമി വിതരണം ചെയ്തപ്പോള്‍ വ്യക്തമായി റവന്യു വകുപ്പിന്റെ പക്കല്‍ ഭൂമിയില്ലെന്ന്.
ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് മന്ത്രിമാരുടെ സംഘം തന്നെ മൂന്നാറില്‍ എത്തിയിരുന്നു. എന്നാല്‍  ഈ ഭൂമി വനം വകുപ്പിന് വിട്ട് കൊടുത്തതാണ് എന്നത് ബന്ധപ്പെട്ടവര്‍ മറച്ച് വെച്ചു. കേന്ദ്ര വന നിയമം ലംഘിച്ച് വനഭൂമി വിതരണം ചെയ്ത മന്ത്രിമാര്‍ക്കെതിരെ വനം വകുപ്പിന് വേണമെങ്കില്‍ കേസെടുക്കാം. റവന്യൂ, വനം വകുപ്പുകള്‍ ഭരിക്കുന്നത് ഒരേ പാര്‍ട്ടിയായതിനാല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകിലശല്ലന്ന് ആശ്വസിക്കാം.
പി. കെ. ശിവാനന്ദന്‍ ഇടുക്കി ജില്ലാ കലക്ടറായിരിക്കെയാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വനം വകുപ്പിന് കൈമാറുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി നിര്‍ദേശിക്കപ്പെട്ടതും കുട്ടിയാര്‍വാലിയിലെ ഭൂമിയായിരുന്നു. ഡെറാഡൂണിലെ വനം^വന്യ ജീവി ഇന്‍സ്റ്ററ്റ്യൂട്ടിന്റെ മാതൃകയിലുള്ള മൂന്നാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 1992ല്‍ അന്നത്തെ വനം മന്ത്രി കെ. പി. വിശ്വനാഥന്‍ തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമായില്ല. പിന്നിടാണ് ഇവിടെ വനം വകുപ്പ് പന്നല്‍ സങ്കേതം ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യ പന്നല്‍ സങ്കേതമായ ഇവിടെ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന അത്യപൂര്‍വമായ പന്നല്‍ ചെടികളെ സംരക്ഷിച്ചിരുന്നുവെങ്കിലും പിന്നിട് പ്രവര്‍ത്തനം നിലച്ചു.
ഇതൊക്കെ വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തതല്ല. മന്ത്രി കെ. പി. വിശ്വനാഥനൊപ്പം കുട്ടിയാര്‍വാലിയിലെത്തി വൃക്ഷതൈ നട്ട ഐ. എഫ്. എസ്. ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. എന്തായാലും അന്ന് ഞാന്‍ നട്ട തൈ വൃക്ഷമായി വളര്‍ന്നുവെങ്കില്‍ അതിന്റെ ഉടമയാകാന്‍ ഭാഗ്യം ലഭിച്ചത് ആര്‍ക്കണോ ആവോ???????????

08 April 2010

വേനലില്‍ സര്‍ചാര്‍ജെങ്കില്‍ കാലവര്‍ഷത്തില്‍ ഡിസ്കൌണ്ട് കിട്ടണ്ടേ?????????

മഴയുടെ അളവ് കുറയുമ്പോള്‍ എന്നും കെ. എസ്. ഇ. ബിക്ക്  സര്‍ചാര്‍ജിന്റെ കണക്ക് പറയാനുണ്ടാകും. നീരൊഴുക്ക് കുറഞ്ഞതിനാല്‍ പുറത്ത് നിന്ന് കുടിയ വിലക്ക് താപ വൈദ്യുതി വാങ്ങണമെന്നും അത്മൂലം വരുന്ന നഷ്ടം നികത്താന്‍ ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കണമെന്നുമാണ് എല്ലാ കാലത്തും പറയാറുള്ളത്. ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ വൈദ്യുതി ബോര്‍ഡിന് ലാഭമുണ്ടാകുമ്പോള്‍ അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക്  നല്‍കുമോ? കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി നിലയങ്ങളും മുഴുവന്‍ സമയവും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട്. കിട്ടുന്ന വിലക്ക് അന്യ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാറുമുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ കണക്കനസുരിച്ച് ജലവൈദ്യുതിക്കാണ് ചെലവ് കുറവ്. അതായത് വളരെ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരിളവും നല്‍കാതെ മഴക്കാലത്തും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോള്‍ അതിന്റെ വിഹിതം സര്‍ചാര്‍ജ് എന്ന പേരില്‍ ഈടാക്കുകയും ചെയ്യുന്നു. ഇത് ശരിയോയെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നഷ്ടം ഉപഭോക്താക്കള്‍ വഹിക്കണമെന്നതാണ് നയമെങ്കില്‍ ലാഭവും വീതം വെക്കണം. കച്ചവടക്കാരന്റെ റോള്‍ മാത്രമല്ലല്ലോ ബോര്‍ഡിന്??????

04 April 2010



മൂന്നാറേ........ മാപ്പ്
പതിനഞ്ച് വര്‍ഷം മുമ്പ് വരെ എന്തായിരുന്നു മൂന്നാര്‍?  ഓര്‍ക്കുന്നില്ലെ, ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും  എസ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പ്ലാന്റെഷന്‍ ടൌണ്‍. തോട്ടം തൊഴിലാളികളുടെ അവധി ദിനങ്ങളില്‍ ടൌണ്‍ സജീവമാകുമായിരുന്നു. പക്ഷെ, വിദൂര എസ്റ്റേറ്റുകളില്‍ നിന്ന് മുന്നാര്‍ ടൌണില്‍ ആഴ്ചയിലൊരിക്കല്‍ എത്തുന്നവരെയും ഇവിടുത്തെ വ്യാപാരികള്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ കുടുംബ വിശേഷങ്ങള്‍ പങ്ക് വെച്ചും അവര്‍ക്കാവശ്യമായ സാധനങ്ങ
ള്‍ വായ്പയായി നല്‍കിയും വ്യാപാരികള്‍ മൂന്നാറിന്റെ ഭാഗമായി. മുന്നാര്‍ ടൌണിന് കാവലെന്ന പോലെ  മൂന്ന് മലകളിലായി ഹിന്ദു, ക്രൈസ്തവ, മുസ്ലിം ദേവാലയങ്ങള്‍ സൌഹാര്‍ദത്തോടെ കഴിയുന്നത് പോലെ ഈ നാട്ടുകാരും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവില്ലാതെ ഒന്നായി കഴിഞ്ഞു. ഇടക്ക് ചിലര്‍ ഭാഷയുടെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രിയം മറന്നും മൂന്നാറുകാര്‍ കൈകോര്‍ത്തു.
പക്ഷെ, മുന്നാറിന്ന് ദു:ഖിതയാണ്. മുന്നാറിനെ സ്നേഹിക്കുന്നവര്‍ അതിനേക്കാളും ദു:ഖിതരും. ടൂറിസത്തിന്റെ പേരിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഈ നാടിന് സമ്മാനിക്കുന്നത് കണ്ണുനീര്‍. ടൂറിസത്തിന് വേണ്ടി മൂന്നാര്‍ മേളയെന്ന മൂന്നാറിന്റെ മഹോല്‍സവം ആസൂത്രണം ചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ ടൂറിസം ഈ നാടിനെ കോണ്‍ക്രീറ്റ് നഗരമാക്കുമെന്ന്. മൂന്നാറിനെ തേടി ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ വന്ന് തുടങ്ങിയപ്പോള്‍ മൂന്നാര്‍ മേള നടത്തുന്ന കാര്യവും ഇപ്പോഴുള്ളവര്‍ മറന്നു.
മൂന്നാറിന്റെ ടൂറിസം വികസനത്തിന് വേണ്ടി തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തിയ സംസ്കാരയുടെയും മര്‍ച്ചന്റ്സ് യൂത്ത് വിംഗിന്റെയും പ്രവര്‍ത്തകരും കരുതിയിരിക്കില്ല, മൂന്നാര്‍ ലോക ടൂറിസം മാപ്പില്‍ എത്തിപ്പെടുമെന്ന്. മൂന്നാറിനെ പുറം ലോകത്തെ പരിചയപ്പെടുത്താന്‍ ബ്രോഷര്‍ അച്ചടിച്ച് കേരളമാകെ വിതരണം ചെയ്തതും എന്തിനായിരുന്നു? മൂന്നാറിലെ കുറിഞ്ഞിക്കാടുകളെ സംരക്ഷിക്കാനാണ്  അന്ന് യുവവ്യാപാരികള്‍ അടക്കം  പോരാട്ടം നടത്തിയത്. പക്ഷെ, അന്നത്തെ കുറഞ്ഞിമലകള്‍ ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറി. പട്ടയത്തിന്റെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചെറുക്കാന്‍ പോലും മൂന്നാറുകാര്‍ക്ക് കഴിഞ്ഞില്ല. ടൂറിസത്തിന്‍െര്‍ പേരില്‍ പ്രകൃതിയെ തകര്‍ത്താണ് കെട്ടിടങ്ങള്‍ ഉയര്‍ന്നത്. റോഡടക്കമുള്ള സൌകര്യങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല, പകരം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യം. മുന്നാറില്‍ പണം കായ്ക്കുന്ന മരമുണ്ടെന്നറിഞ്ഞ് ഇവിടേക്ക് സ്ഥലം മാറ്റം വാങ്ങി വന്നവര്‍ ഭൂമി ലേലം വിളിച്ചു. മൂന്നാറിനെ മലമുകളിലെ കൊച്ചിയാക്കി മാറ്റാന്‍ ഉദ്യോഗസ്ഥരും മല്‍സരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും അതിന് കൂട്ട് നിന്നു. മൂന്നാറില്‍ ബിനാമി പേരില്‍ ഭൂമി പതിച്ച് കിട്ടിയപ്പോള്‍ പത്രധര്‍മ്മം മറന്നു. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ രക്ഷിക്കാനായിരുന്നു മല്‍സരം.
ടാറ്റയുടെ കൈവശമുള്ള ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയുണ്ടെങ്കില്‍ അതിനും നികുതി ഈടാക്കണമെന്ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്നത്തെ ദേവികുളം സബ് കലക്ടറും ഇപ്പോള്‍ കരുതുന്നുണ്ടാകും വേണ്ടിയിരുന്നില്ലെന്ന്. ടാറ്റയുടെ ഭൂമി അളക്കാന്‍ വന്നവരാണല്ലോ ഇവിടുത്തെ സര്‍ക്കാര്‍ ഭൂമി ചൂണ്ടിക്കാട്ടി ഭൂമി കയ്യേറ്റത്തിന് അവസരം ഒരുക്കിയത്. ചെയ്ത പോയ തെറ്റുകള്‍ക്ക് എല്ലാവരും ഇപ്പോള്‍ മൂന്നാറിനോട് മാപ്പ് ചോദിക്കുന്നുണ്ടാകും............മൂന്നാറെ മാപ്പ്

31 March 2010

MULLAPERIYAR




മുല്ലപ്പെരിയാര്‍  വിധിയിലൂടെ മലയാളികള്‍ക്ക് അഭിമാനിക്കാം
 ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഏതാനം ഉദ്യോഗസ്ഥര്‍ മാസങ്ങളായി നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  സുപ്രിം കോടതി വിധിയിലൂടെ അംഗീകാരമായപ്പോള്‍ കേരളത്തിന് തുറന്ന് കിട്ടുന്നത് ഒരു നൂറ്റാണ്ടായി ' അടഞ്ഞ് 'കിടക്കുന്ന മുല്ലപ്പെരിയാറിലേക്കുള്ള 'കവാടം'. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിയെ നിയമിക്കാനുള്ള സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് തമിള്നാട് സമര്‍പ്പിച്ച് ഹരജിയും തള്ളിയതോടെ അമ്പതാണ്ടുകള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ തര്‍ക്കം നിയമപരമായി വീണ്ടും തുറക്കപ്പെടുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദേശത്തോടെ മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചതോടെ 999 വര്‍ഷത്തേക്കുള്ള പാട്ടകരാര്‍ അടക്കം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. 1886 ല്‍ പെരിയാര്‍പാട്ട കരാര്‍ ഒപ്പിട്ട് നാല്‍പതാണ്ടുകള്‍ക്ക് ശേഷം തിരുവിതാംകൂറും മദിരാശി സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ജലസേചനത്തിനുള്ള ജലം വൈദ്യൂതിക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചായിരുന്നുവെങ്കില്‍, ഇത്തവണ പെരിയാര്‍പാട്ട കരാറിന്റെ നിയമസാധുത തന്നെ വേണമെങ്കില്‍ ചോദ്യം ചെയ്യപ്പെടാം. ആദ്യ തര്‍ക്കത്തില്‍ 1941 മെയ് 21^ന് പുറത്ത് വന്ന വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു. എന്നാല്‍ 1970ലെ അനുബന്ധ കരാറിലൂടെ ആദ്യ വിധി തന്നെ അപ്രസക്തമാക്കി. മുന്‍കാല പ്രാബല്യത്തോടെ തമിഴ്നാടിന് അനുകൂലമായി കരാര്‍ ഒപ്പിടുകയായിരുന്നു ജനാധിപത്യ സര്‍ക്കാര്‍. അന്നും അതിന് ശേഷവും തുടര്‍ച്ചയായി തോറ്റ് കേരളം ഇത്തവണ കേരളം അനുകൂല വിധി നേടിയത് സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് എന്നതാണ് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മന്ത്രി തന്നെ താല്‍പര്യമെടുത്ത് രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു. പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമത്തിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് എംപവേര്‍ഡ് കമ്മിറ്റി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരളത്തിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ക്ക് അപ്പുറത്ത് കേന്ദ്ര ജല കമ്മീഷന്റ റിപ്പോര്‍ട്ടുകളെ മറികടക്കാനുള്ള പഠനങ്ങള്‍ നടത്തുകയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതാകട്ടെ അന്നത്തെ ജലവിഭവ വകുപ്പ് സെക്രട്ടറി സയന്‍ ചാറ്റര്‍ജിയായിരുന്നു. ഐ. ഐ. ടി യെ ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ ഡാമില്‍ പഠനം നടത്തണമെന്ന നിര്‍ദ്ദേശം സയന്‍ ചാറ്റര്‍ജി മുന്നോട്ട് വെച്ചപ്പോള്‍, റിപ്പോര്‍ട്ട് കേരളത്തിന് എതിരാകുമോയെന്ന് ആശങ്കപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് പിടിവള്ളിയായത് ഐ. ഐ. ടി റിപ്പോര്‍ട്ടും. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് സുരഷിതമല്ലെന്ന സംശയം ജനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിനായി. ഇതിനിടെ തമിഴനാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പ് വരുത്താന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരള നിയമസഭ പ്രമേയവും പാസാക്കി.
മുല്ലപ്പെരിയാര്‍ കേസിനായി രൂപവല്‍ക്കരിച്ച സെല്ലില്‍ കെ. എസ്. ഇ. ബി മുന്‍ ചീഫ് എന്‍ജിനിയര്‍ എം. കെ. പരമേശ്വരന്‍ നായര്‍, കെ. എസ്. ഇ. ബി. അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെയിംസ് വില്‍സണ്‍ എന്നിവരാണുള്ളത്. ചീഫ് എന്‍ജിനിയര്‍ പി. ലതികയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പും കാവേരി സെല്ലും അന്തര്‍ സംസ്ഥാന നദി ജല സെല്ലും മുല്ലപ്പെരിയാര്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. തന്റെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഫ്രാന്‍സി ജോണിനെ കേസിന്റെ കാര്യങ്ങള്‍ക്കായി ജലവിഭവ മന്ത്രി നിയോഗിക്കുകയും ചെയ്തു. 2007ല്‍ രൂപികൃതമായ  സെല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിട്ടാവുന്ന മുഴുവന്‍  രേഖകളും ശേഖരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചില രേഖകള്‍ വിവരാവകാശ നിയമ പ്രകാരമാണ് ശേഖരിച്ചത്. ഇതൊക്കെ വിവിധ ഘട്ടങ്ങളിലായി കോടതിയിലെത്തിക്കുയും കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ കേസ് ' പഠിപ്പിക്കുകയും 'ചെയ്തു. ആദ്യ ഘട്ടത്തില്‍ ഹാജരായ അഭിഭാഷകന്‍ മുല്ലപ്പെരിയാര്‍ നേരില്‍ കാണാനും എത്തിയിരുന്നു. മറ്റുള്ള അഭിഭാഷകര്‍ക്കായി ന്യുദല്‍ഹിയിലെ കാവേരി സെല്ലില്‍ മുല്ലപ്പെരിയാര്‍ പദ്ധതിയുടെ മാതൃക തയ്യാറാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് വിശദികരിക്കാന്‍ ത്രിമാന ചിത്രീകരണവും തയ്യറാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ സെല്ലാണ് ഇതൊക്കെ ചെയ്തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമയം കിട്ടുമ്പോഴൊക്കെ മന്ത്രി പ്രേമചന്ദ്രനും എത്തിയിരുന്നു. ഇടക്കിടെ ന്യൂ ദല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദനും കേസിനെ കുറിച്ച് അന്വേഷിക്കുകയും കേരളത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ നേരില്‍ കാണുകയും ചെയ്തിരുന്നു.
വിദഗ്ധ സമിതി നിയോഗിക്കപ്പെട്ടുവെങ്കിലും കേരളത്തിന് വിശ്രമമില്ല.  കേരളത്തിന് അനുകൂലമായ തെളിവുകളും റിപ്പോര്‍ട്ടുകളും സമിതിക്ക് മുമ്പാകെ ഹാജരാക്കണം. സുപ്രിം കോടതിയില്‍ കേരളം നടത്തിയതിനേക്കാളും കൂടുതല്‍ അദ്ധ്വാനം വേണ്ടി വരുന്നതും ഇനിയായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രിയം മറന്ന് മന്ത്രി പ്രേമചന്ദ്രനും സംഘത്തിനും പിന്തുണ നല്‍കാം.

27 March 2010

വൈദ്യുതി ധൂര്‍ത്തിന്റെ പിഴയും സാധാരണക്കാരുടെ തലയിലോ?
കേരളം കടുത്ത വൈദ്യൂതി പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്റെ ഡിമാന്റിനനുസരിച്ച് ഇവിടെ വൈദ്യുതിയില്ല. എന്നാല്‍ വൈദ്യുതി ധൂര്‍ത്തിന് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണമുണ്ടോ?
ഊര്‍ജ ക്ഷാമത്തെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് വൈസദ്യൂതി ബോര്‍ഡ്. വ്യവസായങ്ങള്‍ക്ക് മുന്ന് മണിക്കുര്‍ പവര്‍ക്കട്ടിനെ കുറിച്ചാണ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണം വരുന്നുണ്ട്. നമ്മുടെ വൈദ്യുതി ധൂര്‍ത്ത് തടയാന്‍ കഴിഞ്ഞാല്‍ ഈ നിയന്ത്രണം ഒഴിവാകില്ലെ? പരസ്യ ബോര്‍ഡുകളില്‍ എത്രയാ  വൈദ്യുതി ദീപങ്ങള്‍. കറണ്ട് തീനികളായ സോഡിയം വേപ്പര്‍ വിളക്കുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍ മല്‍സരിക്കുകയല്ലെ നമ്മുടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍. ഒരു സോഡിയം വേപ്പര്‍ ബള്‍ബ് നാല് മണിക്കൂര്‍ പ്രകാശിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതി കത്തും. പരസ്യ ബോര്‍ഡുകള്‍ക്കും ഇപ്പോള്‍ ഇത്തരം ബള്‍ബുകളാണ്. ഇതറിയാത്താവരല്ല വൈദ്യുതി ബോര്‍ഡും. പക്ഷെ, അവരും ധൂര്‍ത്തിന് കൂട്ട് നില്‍ക്കുന്നു. തെരുവ് വിളക്കുകള്‍ പഴയത് പോലെ ട്യൂബുകളായി മാറിയാല്‍ തന്നെ വൈദ്യൂതി ഏറെ ലാഭിക്കാം.
സര്‍ക്കാര്‍ ഓഫീസുകളിലെതടക്കം വൈദ്യുതി ധൂര്‍ത്ത് തടയാതെയാണ്  ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത്. ജലവൈദ്യുതിയുടെ കാലമല്ല ഇപ്പോഴത്തേത്. ഏറ്റവും വില കുറഞ്ഞത് ജലവൈദ്യുതിക്കാണെങ്കിലും പുതിയ പദ്ധതികള്‍ വരാത്തതിനാല്‍ വന്‍കിട വ്യവസായികള്‍ ഊര്‍ജ ഉല്‍പാദന രംഗത്ത് പിടിമുറുക്കി. അവരാണ് ഇപ്പോള്‍ വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. വൈദ്യുതിയും കമ്പോളത്തില്‍ വില നിശ്ചയിക്കപ്പെടുന്ന വസ്തുവായി മാറി. ഡിമാന്റ് വര്‍ദ്ധിക്കുന്നതനുസരിച്ച് വില കുട്ടാന്‍ വ്യവസായികള്‍ക്കറിയാം. ഇതിനിടെയാണ് ധൂര്‍ത്ത്. പരസ്യ ബോര്‍ഡുകളിലെ വൈദ്യുതി ഉപയോഗത്തിന് പ്രത്യേക മീറ്റര്‍ ഘടിപ്പിക്കുകയും അതിന് കമ്പോള വില ഈടാക്കുകയുമാണ് വേണ്ടത്.

24 March 2010

പെയ്ഡ് ന്യൂസും പരസ്യങ്ങളും
മാധ്യമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം പെയ്ഡ് ന്യുസാണ്. പണം വാങ്ങി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയോയെണ് ചോദ്യം. ശരിയല്ലെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും പത്ര സ്വാതത്യ്രത്തിന് വേണ്ടി ജീവിതം തന്നെ മാറ്റി വെക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകഷ്ണപിള്ളയുടെ നാടായ കേരളത്തില്‍ കേരളത്തില്‍ എല്ലാവരെയും പെയ്ഡ് ന്യുസ് ബാധിച്ചിട്ടില്ല, എന്നാല്‍ പെയ്ഡ് ന്യൂസ് മറ്റൊരു രൂപത്തില്‍ മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ട്.   ആരുടെ ചെലവിലാണ് വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുന്നതെന്ന് അന്വേഷണം നടത്തിയാലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ.
ഇന്‍ഡ്യയിലെ ആദ്യകാല ഇംഗ്ലിഷ് പത്രങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ 'സ്റ്റേറ്റ്സ്മാന്‍' എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ സംഭവം തന്നെയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആദ്യം സ്റ്റേറ്സ്മാന്‍ പത്രത്തിന് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നും എറ്റവും വലിയ പരസ്യദാതാക്കളുമായ കമ്പനിയില്‍ നിന്നും പരസ്യകരാര്‍ ലഭിച്ചതായി അദേഹം പറയുന്നു. ഇതിന് കരാര്‍ ഒപ്പിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ലഭിച്ചതോടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ താല്‍പര്യം  പുറത്ത് വന്നത്. പരസ്യം കോടുക്കലില്‍ മാത്രം അവസാനിക്കുന്നതായിരുന്നില്ല കരാര്‍, വാര്‍ത്തക്ക് വേണ്ടി നീക്കി വെക്കുന്ന സ്ഥലത്തിന്റെ ഒരു നിശ്ചിത ശതമാനവും കമ്പനിക്ക് നല്‍കണമായിരുന്നു. അതായത് പത്രത്തിന്റെ ചെലവില്‍ ആ സ്ഥാപനത്തിന് വാര്‍ത്ത നല്‍കണമായിരുന്നുവെന്ന്. ഒരു വര്‍ഷം എത്ര സ്ഥലം ഇതിനായി നീക്കി വെക്കണമെന്നും കരാറിലുണ്ടായിരുന്നു. ഈ ഒറ്റ കാരണത്താല്‍ ആ സ്ഥാപനത്തിന്റെ പരസ്യം വേണ്ടെന്ന് വെച്ചുവെന്ന് സ്റേറ്റ്സ്മാന്‍ എഡിറ്റര്‍ പറഞ്ഞു.  ഇത് തന്നെയല്ലെ,  ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. പണം വാങ്ങി വാര്‍ത്ത ചമച്ചുവെന്ന് പറയുമ്പോള്‍, കോടികളുടെ പരസ്യം നല്‍കിയ രാഷ്ട്രിയ കക്ഷികള്‍ക്ക് അനുകുലമായ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചുവെന്നാണ് ഉന്നയിക്കപ്പെടുന്ന ആരോപണം. കേരളത്തില്‍ മറ്റൊരു രൂപത്തില്‍ ഇത് പ്രയോഗിക്കപ്പെടുന്നു. അപ്രിയ സത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നു, പരസ്യക്കാരുടെ മഹത്വങ്ങള്‍ വാഴ്ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു.
 എന്ത് കൊണ്ട് പരസ്യം നല്‍കുന്നവര്‍ക്ക് മുന്നില്‍ പത്ര ഉടമകള്‍ കീഴടങ്ങുന്നു? 4.25 രൂപക്ക് വായനക്കാരന് ലഭിക്കുന്ന പത്രത്തിന്റെ ഉല്‍പാദന ചെലവ് 8.50 രൂപയാണ്. വിവിധ തട്ടിലെ ചെലവ്, ഏജന്‍സി കമ്മിഷന്‍ തുടങ്ങിയവ കിഴിച്ചാല്‍ പത്ര ഉടമക്ക് ലഭിക്കുന്നത് 1.62 രൂപ. അതായത് യഥാര്‍ത്ഥ ചെലവും വരുമാനവും തമ്മില്‍ 6.88 രൂപയുടെ വിത്യാസം. ഒരൊറ്റ കോപ്പിയുടെ കാര്യത്തിലാണ് ഈ അന്തരം. ഇവിടെയാണ് പരസ്യത്തിന്റെ പ്രാധാന്യം.പത്ര ഉടമക്കുണ്ടാകുന്ന നഷ്ടം നികത്തുന്നത് പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനമാകുമ്പോള്‍ പത്ര ഉടമ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുക. വായനക്കാരുടെയോ, പരസ്യം നല്‍കി വ്യവസായത്തെ നിലനിര്‍ത്തുന്നവരുടെതോ? പരസ്യ വരുമാനത്തിലൂടെയുള്ള  'സബ്സിഡിയിലൂടെ' എത്രകാലം വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയുമോ?
ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന മാധ്യമങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുകയും സ്വതന്ത്ര പത്ര പ്രവര്‍ത്തനം തുടരുകയും വേണമെങ്കില്‍ പരസ്യത്തിന്റെ സഹായമില്ലാതെ പത്ര വ്യവസായം ലാഭകരമായി കൊണ്ട് പോകാന്‍ കഴിയണം. ഇന്‍ഡ്യയില്‍ മാത്രമാണ് പത്രങ്ങള്‍ക്ക് വില കൂട്ടാത്തതെന്നും രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ മറ്റെല്ലാ സാധനങ്ങള്‍ക്കും ഇടക്കിടെ വില കൂടുകയോ കൂട്ടുകയോ ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും യാത്രാനിരക്കിലും സിനിമ ടിക്കറ്റിലും തുടങ്ങി ജനപ്രതിനിധികളുടെ ശമ്പളത്തില്‍ വരെ വരെ കാലാകാലങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നു. മലേഷ്യയില്‍ പത്രത്തിന് 17 രൂപയാണ് വില. അവിടെ പരസ്യത്തെ ആശ്രയിക്കാതെ 40 പേജുള്ള പത്രം വയനാക്കാരന് നല്‍കുന്നു. സിങ്കപ്പൂരിലും കൊറിയയിലും പരസ്യമില്ലാതെ 60 പേജ് പത്രം 26 രൂപക്ക് നല്‍കുന്നു. തായ്ലാന്റില്‍ 80 പേജ് പത്രത്തിന് വില  34 രൂപയാണ്. പാക്കിസ്ഥാനില്‍ 11 രൂപയും ശ്രീലങ്കയില്‍ 8.50 രുപയും ബഗ്ലാദേശില്‍ ഏഴ് രൂപയുമാണ് പത്ര വിലയെന്ന് രവിന്ദ്രകുമാര്‍ പറയുന്നു. വായനക്കാര്‍ക്ക് വിവരം നല്‍കുകയെന്ന ലക്ഷ്യത്തോടെ പരസ്യമാകാം. എന്നാല്‍ പരസ്യം നല്‍കുന്നവര്‍ നയം നിശ്ചയിക്കപ്പെടുന്ന സ്ഥിതിയില്‍ എത്തിയാലോ? 1993 കാലയളവില്‍ പത്രങ്ങള്‍ക്ക് വില കുറച്ച്  മല്‍സരിച്ചതോടെയാണ് പരസ്യങ്ങളുടെ ആധിപത്യമുണ്ടായത്. അന്ന് പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് പല പത്രങ്ങളും വില കുറച്ച് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള പുതിയ തന്ത്രം പയറ്റിയത്. പക്ഷെ, സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിന്റെ ആത്മാവാണ് അവിടെ  ഹോമിക്കപ്പെട്ടതെന്ന് അവര്‍ അറിഞ്ഞില്ല.

22 March 2010

എവിടെ നമ്മുടെ സാംസ്കാരിക നായകര്‍
മുന്നാറില്‍ ആദ്യ ദൌത്യ സംഘം എത്തിയപ്പോള്‍ പിന്തുണയുമായി എത്തിയ സാംസ്കാരിക നായകര്‍ ഇപ്പോള്‍ എവിടെ? കോട്ടിട്ടയാളും അല്ലാത്തായാളും മൂന്നാറില്‍ ആക്ഷനുമായി മുന്നേറുമ്പോള്‍ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് എന്തായിരുന്നു ആവേശം. ആദ്യ ദൌത്യ സംഘം മലയിറങ്ങിയോതൊടെ സാംസ്കാരിക നായകര്‍ക്കും മിണ്ടാട്ടമില്ലാതായി. ഇപ്പോള്‍ മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ എന്തേ ഇവര്‍ മിണ്ടാത്ത്. മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമി മാഫിയകകള്‍ സ്വന്തമാക്കുമ്പോള്‍ അതിന് എതിരെ പ്രതികരികേണ്ടതല്ലേ? അതോ അത് അവരുടെ പ്രവര്‍ത്തന മേഖലയല്ലെന്ന് ഇപ്പോള്‍ ബോധ്യമായോ? എന്തായാലും മണ്ണും മലയും സംരക്ഷിക്കാന്‍ പ്രകൃതി സ്നേഹികളായ സാംസ്കാരിക നായകരെങ്കിലും പ്രതികരിക്കേണ്ടതല്ലേ? പണ്ട് രാജമല^പെട്ടിമുടിയിലെ പുല്‍മേടകളില്‍ മരം നട്ട് വളര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ അതിന് എതിരെ ലേഖനം എഴുതിയ കവിയത്രിയും ഇപ്പോള്‍ മുന്നാറിനെ മറന്നു.