04 April 2010
മൂന്നാറേ........ മാപ്പ്
പതിനഞ്ച് വര്‍ഷം മുമ്പ് വരെ എന്തായിരുന്നു മൂന്നാര്‍? ഓര്‍ക്കുന്നില്ലെ, ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും എസ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പ്ലാന്റെഷന്‍ ടൌണ്‍. തോട്ടം തൊഴിലാളികളുടെ അവധി ദിനങ്ങളില്‍ ടൌണ്‍ സജീവമാകുമായിരുന്നു. പക്ഷെ, വിദൂര എസ്റ്റേറ്റുകളില്‍ നിന്ന് മുന്നാര്‍ ടൌണില്‍ ആഴ്ചയിലൊരിക്കല്‍ എത്തുന്നവരെയും ഇവിടുത്തെ വ്യാപാരികള്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ കുടുംബ വിശേഷങ്ങള്‍ പങ്ക് വെച്ചും അവര്‍ക്കാവശ്യമായ സാധനങ്ങ
ള്‍ വായ്പയായി നല്‍കിയും വ്യാപാരികള്‍ മൂന്നാറിന്റെ ഭാഗമായി. മുന്നാര്‍ ടൌണിന് കാവലെന്ന പോലെ മൂന്ന് മലകളിലായി ഹിന്ദു, ക്രൈസ്തവ, മുസ്ലിം ദേവാലയങ്ങള്‍ സൌഹാര്‍ദത്തോടെ കഴിയുന്നത് പോലെ ഈ നാട്ടുകാരും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവില്ലാതെ ഒന്നായി കഴിഞ്ഞു. ഇടക്ക് ചിലര്‍ ഭാഷയുടെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രിയം മറന്നും മൂന്നാറുകാര്‍ കൈകോര്‍ത്തു.
പക്ഷെ, മുന്നാറിന്ന് ദു:ഖിതയാണ്. മുന്നാറിനെ സ്നേഹിക്കുന്നവര്‍ അതിനേക്കാളും ദു:ഖിതരും. ടൂറിസത്തിന്റെ പേരിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഈ നാടിന് സമ്മാനിക്കുന്നത് കണ്ണുനീര്‍. ടൂറിസത്തിന് വേണ്ടി മൂന്നാര്‍ മേളയെന്ന മൂന്നാറിന്റെ മഹോല്‍സവം ആസൂത്രണം ചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ ടൂറിസം ഈ നാടിനെ കോണ്‍ക്രീറ്റ് നഗരമാക്കുമെന്ന്. മൂന്നാറിനെ തേടി ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ വന്ന് തുടങ്ങിയപ്പോള്‍ മൂന്നാര്‍ മേള നടത്തുന്ന കാര്യവും ഇപ്പോഴുള്ളവര്‍ മറന്നു.
മൂന്നാറിന്റെ ടൂറിസം വികസനത്തിന് വേണ്ടി തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തിയ സംസ്കാരയുടെയും മര്‍ച്ചന്റ്സ് യൂത്ത് വിംഗിന്റെയും പ്രവര്‍ത്തകരും കരുതിയിരിക്കില്ല, മൂന്നാര്‍ ലോക ടൂറിസം മാപ്പില്‍ എത്തിപ്പെടുമെന്ന്. മൂന്നാറിനെ പുറം ലോകത്തെ പരിചയപ്പെടുത്താന്‍ ബ്രോഷര്‍ അച്ചടിച്ച് കേരളമാകെ വിതരണം ചെയ്തതും എന്തിനായിരുന്നു? മൂന്നാറിലെ കുറിഞ്ഞിക്കാടുകളെ സംരക്ഷിക്കാനാണ് അന്ന് യുവവ്യാപാരികള്‍ അടക്കം പോരാട്ടം നടത്തിയത്. പക്ഷെ, അന്നത്തെ കുറഞ്ഞിമലകള്‍ ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറി. പട്ടയത്തിന്റെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചെറുക്കാന്‍ പോലും മൂന്നാറുകാര്‍ക്ക് കഴിഞ്ഞില്ല. ടൂറിസത്തിന്‍െര്‍ പേരില്‍ പ്രകൃതിയെ തകര്‍ത്താണ് കെട്ടിടങ്ങള്‍ ഉയര്‍ന്നത്. റോഡടക്കമുള്ള സൌകര്യങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല, പകരം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യം. മുന്നാറില്‍ പണം കായ്ക്കുന്ന മരമുണ്ടെന്നറിഞ്ഞ് ഇവിടേക്ക് സ്ഥലം മാറ്റം വാങ്ങി വന്നവര്‍ ഭൂമി ലേലം വിളിച്ചു. മൂന്നാറിനെ മലമുകളിലെ കൊച്ചിയാക്കി മാറ്റാന്‍ ഉദ്യോഗസ്ഥരും മല്‍സരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും അതിന് കൂട്ട് നിന്നു. മൂന്നാറില്‍ ബിനാമി പേരില്‍ ഭൂമി പതിച്ച് കിട്ടിയപ്പോള്‍ പത്രധര്‍മ്മം മറന്നു. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ രക്ഷിക്കാനായിരുന്നു മല്‍സരം.
ടാറ്റയുടെ കൈവശമുള്ള ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയുണ്ടെങ്കില്‍ അതിനും നികുതി ഈടാക്കണമെന്ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്നത്തെ ദേവികുളം സബ് കലക്ടറും ഇപ്പോള്‍ കരുതുന്നുണ്ടാകും വേണ്ടിയിരുന്നില്ലെന്ന്. ടാറ്റയുടെ ഭൂമി അളക്കാന്‍ വന്നവരാണല്ലോ ഇവിടുത്തെ സര്‍ക്കാര്‍ ഭൂമി ചൂണ്ടിക്കാട്ടി ഭൂമി കയ്യേറ്റത്തിന് അവസരം ഒരുക്കിയത്. ചെയ്ത പോയ തെറ്റുകള്‍ക്ക് എല്ലാവരും ഇപ്പോള്‍ മൂന്നാറിനോട് മാപ്പ് ചോദിക്കുന്നുണ്ടാകും............മൂന്നാറെ മാപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment