Pages

09 August 2010

ഞാനും എന്റെ മൂന്നാറും..............
ജാതിയുടെയും മതത്തിന്റെയും പേരില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അറിയാതെയെങ്കിലും ഞാന്‍ എന്റെ നാടിനെ ഓര്‍ക്കുന്നു. മൂന്ന് ആറുകള്‍ സംഗമിക്കുന്നുവെന്നതും തമിഴ്, മലയാളം, ഇംഗ്ലിഷ് സംസ്കാരങ്ങള്‍ ചേര്‍ന്ന് നാനാത്വത്തിലെ ഏകത്വം സൃഷ്ടിക്കുന്നുവെന്നതും മാത്രമല്ല, മൂന്നാര്‍ എന്ന എന്റെ നാടിനെ വേറിട്ട് നിര്‍ത്തുന്നത്. മൂന്നാര്‍ ടൌണിലെ മൂന്ന് മലകളിലായി മൂന്ന് ദേവാലയങ്ങള്‍ ഈ നാടിനെ കാക്കുന്നത് പോലെയാണ് മൂന്ന് മതസ്ഥരും കൈകോര്‍ത്ത് കഴിയുന്നത്. ഇവിടെ മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെയും ജാതിയുടെയും വേര്‍തിരിവില്ല. ചില ഭാഷാഭ്രാന്തന്മാര്‍ ഈ നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതിനെ വിസ്മരിക്കുന്നില്ല.
കത്തോലിക്ക പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ പിന്‍ഹീറോയും ജൂമാമസ്ജിദ് ഇമാമയിരുന്ന പരീത് മൌലവിയും ദേവസ്വം പ്രസിഡന്റായിരുന്ന സി. കെ. കൃഷ്ണനും ഒന്നിച്ച് ഉയര്‍ത്തിയ ഐക്യത്തിന്റെ ദീപമാണ് മൂന്നാറുകാര്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നത്. ഇന്‍ഡ്യയുടെ മതേതരത്വത്തിന് വിള്ളല്‍ വീഴ്ത്തിയ ബാബറി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് നാടെങ്ങും ഹര്‍ത്താലും പ്രതിഷേധവും മറുപ്രതിഷേധവും നടത്തി ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ചപ്പോള്‍ മുന്നാര്‍ ശാന്തമായിരുന്നുവെന്ന് അറിയുക. മതത്തിന്റെ പേരില്‍ ഒരു ചേരിതിരിവും മൂന്നാറിലൂണ്ടാകരുതെന്ന് എല്ലാവരും ഒന്നിച്ച് തീരുമാനമെടുത്തു. ചില ഭാഷാഭ്രാന്തന്മാര്‍ ഇവിശട കലാപം ഉയര്‍ത്തിയപ്പോള്‍ അവരെ ഒറ്റപ്പെടുത്തണമെന്നും സമൂഹം അവരെ സഹായിക്കരുതെന്ന് തീരുമാനിച്ചതും മുഴുവന്‍ രാഷ്ട്രിയ കക്ഷി നേതാക്കളും മതനേതാക്കളും ഒന്നിച്ച് ചേര്‍ന്നാണ്.
മൂന്നാര്‍ അങ്ങനെയായിരുന്നു. പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലും എന്ത് ആവശ്യമൂണ്ടെങ്കിലും ഒത്ത് ചേരുമായിരുന്നു. പള്ളിയില്‍ ബാങ്ക് വിളിക്ക് സമയമാകുമ്പോള്‍ അമ്പലത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കുമായിരുന്നു. കാര്‍ത്തിക ഉല്‍സവവും അന്തോണിയസ് പുണ്യാളന്റെ തിരുന്നാളും മൂന്നാറുകാര്‍ക്ക് ദേശിയ ഉല്‍സവമായിരുന്നു. അവിടെ ആരും ആര്‍ക്കും അയിത്തം കല്‍പിച്ചില്ല.
ഹിന്ദുവിന്റെ വീട്ടിലും ക്രൈസ്തവന്റെ വീട്ടിലും മുസ്ലിമിന്റെ വിട്ടിലും ആഘോഷം നടന്നാലും ദു:ഖം വന്നാലും അവിടെ പീന്‍ഹിറോ അഛനും കൃഷ്ണന്‍ സാറും പരീത് മുസ്ലിയാരും ഒന്നിച്ച് എത്തിയിരുന്നു. അവിടെ മതം അവരെ മാറ്റി നിര്‍ത്തിയില്ല. മൂന്നാറിനെ പൊതുവെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മുന്‍പന്തിയില്‍ അവര്‍ ഉണ്ടായിരുന്നു. അവര്‍ മതപുരോഹിതരോ, മത നേതാക്കളോ മാത്രമായിരുന്നില്ല. മൂന്നാറിന്റെ സാംസ്കാരിക പ്രവര്‍ത്തകര്‍ കൂടിയായിരുന്നു. പക്ഷെ, ഈ മുന്ന് പേരും ഇന്ന് മൂന്നാറിനൊപ്പമില്ല. അവര്‍ക്ക് പിന്നാലെ വന്നവര്‍ക്ക് അവരുടെ പകരക്കാരാകാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ സ്മരണകളുമായി അവര്‍ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുന്നു.

No comments:

Post a Comment