Pages

23 August 2010

വാഴയില തേടി ഉത്രാട പാച്ചില്‍..........
മലയാളി അങ്ങനെയാണ് ഗൃഹാതുരത്വം അനുഭവപ്പെട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഗൃഹാതുരത്വം അനുഭവപ്പെടുന്നതാകട്ടെ അത്യപൂര്‍വ സന്ദര്‍ഭങ്ങളിലും. അത്തരമൊരു സന്ദര്‍ഭമാണ് തിരുവോണം. ഓണ നാളില്‍ മലയാളി മലയാളത്തെ കുറിച്ച് ഓര്‍ക്കും, ഗ്രാമങ്ങളെ കുറിച്ചും മലയാള സംസ്കാരത്തെ കുറിച്ചും ഓര്‍ക്കും. അന്ന് കേരളിയ വേഷം ധരിക്കും. ടെറസിലോ ബാല്‍ക്കണിയിലോ ഊഞ്ഞാല്‍ കെട്ടും. അതിനും കഴിഞ്ഞില്ലെങ്കില്‍ പാര്‍ക്കില്‍ പോയി ഊഞ്ഞാലാടും.
ഇനി ഭക്ഷണത്തിന്റെ കാര്യം. തിരുവോണ നാളില്‍ തൂശനിലയില്‍ പപ്പടവും പായസവും കൂട്ടി സദ്യ വേണമെന്നതും നിര്‍ബന്ധം. പപ്പടവും സദ്യവട്ടവും വാങ്ങാന്‍ കിട്ടും. തിരുവനന്തപുരത്തുകാര്‍ക്ക് കെ. ടി. ഡി. സിയുടെ പായസ സ്റ്റാളില്‍ ഏത് തരം പായസവും വാങ്ങാന്‍ കിട്ടുമായിരുന്നു. പക്ഷെ, തൂശനില^അതാണ് തലസ്ഥാന വാസികള്‍ക്ക് വില്ലനായത്. പ്ലാസ്റ്റിക് ഇല കിട്ടുമെങ്കിലും ഓണസദ്യക്ക് ഒറിജിനല്‍ തന്നെ വേണമല്ലോ?
തലസ്ഥാന നഗരിയിലെ ഉത്രാടപാച്ചില്‍ ഓണത്തിനുള്ള സദ്യവട്ടം തേടിയായിരുന്നില്ല, തൂശനില തേടിയായിരുന്നു. രാത്രി വൈകിയും പലരും തൂശനില തേടി കടകള്‍ കയറിയിറങ്ങി. ചെറിയ ഇലക്ക് കച്ചവടക്കാര്‍ ഈടാക്കിയത് ഏഴ് രൂപയും. അടുത്ത തവണ മുതല്‍ സപ്ലൈകോ, സഹകരണ ഓണം സ്റ്റാളുകളില്‍ വാഴയില കൂടി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വീടിനോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കിലും മലയാളി ഒരു വാഴ നടുമെന്ന പ്രതീക്ഷ വേണ്ട. മലയാളിക്ക് അറിയാം. പാതാളത്തില്‍ നിന്ന് മാവേലി വരുന്നതിനൊപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂവും വാഴയിലയും പച്ചക്കറിയും എത്തുമെന്ന്..............മലയാളിയുടെ ഗൃഹാതുരത്വം എന്നല്ലാതെ എന്ത് പറയാന്‍ .

No comments:

Post a Comment