മുഖ്യമന്ത്രിയുടെ മനംമാറ്റത്തോടെ മൂന്നാര്‍ വനഭൂമി പ്രഖ്യാപനം വീണ്ടും ഫയലിലേക്ക്
മൂന്നാറിലെ 17992 ഏക്കര്‍ പ്രദേശം സംരക്ഷിതവനഭൂമിയായി പ്രഖ്യാപിക്കുന്നതിന് അടിയന്തിരാവസ്ഥ കാലത്ത് തുടങ്ങിവെച്ച നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍. മതികെട്ടാനില്‍ ആരംഭിച്ച് പൂയംകുട്ടിയിലൂടെ മൂന്നാറിലെത്തിയ മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതനാന്ദന്റെ മനംമാറ്റമാണ് വനഭൂമി വിജ്ഞാപനത്തിന് തടസമായി പറയുന്നത്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിനായി ഭൂമി മാറ്റിവെക്കണമെന്ന നിര്‍ദ്ദേശമാണ് ഉണ്ടായതെന്നറിയുന്നു.
ഇടത് മുന്നണിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികളും മന്ത്രിസഭാ ഉപസമിതിയും സെക്രട്ടറി തലകമ്മിറ്റികളും അംഗീകരിച്ചതിനെ തുടര്‍ന്ന് സംരക്ഷിത വനഭൂമി വിജ്ഞാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ഒടുവിലാണ് ഫയല്‍ മാറ്റിയത്. സംരക്ഷിത വനഭൂമി പ്രഖ്യാപനത്തിനുള്ള ആദ്യ സര്‍ക്കാര്‍ ഉത്തരവ് ജിഒ (എം എസ് ) 379/80/ആര്‍. ഡി യായി 1980 ഏപ്രില്‍ 18ന് പുറത്തിറങ്ങിയതെങ്കിലും നടപടികള്‍ക്ക് വേഗത വന്നത് മുഖ്യമന്ത്രി ശ്രി. വി. എസ്. അച്യുതാനന്ദന്‍ മൂന്നാര്‍ പ്രശ്നം ഏറ്റെടുത്തതിന് ശേഷമായിരുന്നു. വനം മന്ത്രി ശ്രി. ബിനോയ് വിശ്വം മൂന്നാര്‍ വനഭൂമി പ്രഖ്യാപനത്തിനായി ഏറെ അദ്ധ്വാനിച്ചിരുന്നു. വനഭൂമി പ്രഖ്യാപനമുണ്ടാകുമെന്ന് നിയമസഭയിലും അദ്ദേഹം പറഞ്ഞിരുന്നു.
1980ല്‍ ഭൂമി വനം വകുപ്പിന് കൈമാറാന്‍ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയതാണ്. 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും സംരക്ഷിത വനഭൂമി പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ മുന്നാറിലെ ഭൂമിക്ക് മോഹവിലയായതോടെ വനഭൂമി പ്രഖ്യാപനം അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു.
1971ലെ കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്്.
മൂന്നാറിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ പി. സി. സനല്‍കുമാര്‍ കമ്മിറ്റിയും 2006 നംബര്‍ 11ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗവും 17992 ഏക്കര്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2008 ഫെബ്രവരിയില്‍ ചേര്‍ന്ന വനം, റവന്യു സെക്രട്ടറിമാരുടെ യോഗവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.
2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി 17349 ഏക്കറായി ഭൂമിയുടെ വിസ്തൃതി കുറച്ചു. ഇതനസുരിച്ച് വിജ്ഞാപനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവെങ്കിലും കെ. ഡി. എച്ച്. വില്ലേജിലെ സര്‍വേ കഴിഞ്ഞിട്ടില്ലെന്ന ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസമായി. തുടര്‍ന്ന് വനം, റവന്യു, തദ്ദേശസ്വയം ഭരണ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതിയെ നിയോഗിച്ചു. ജനവാസമില്ലാത്ത ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത് സെക്രട്ടറിമാരുടെ സമിതിയാണ്. ഇതനുസരിച്ച് ഫയല്‍ മന്ത്രിസഭയുടെ പരിഗണനക്ക് വന്നുവെങ്കിലും ചുവപ്പ്നാട അഴിക്കാനായില്ല. രാഷ്ട്രിയ തീരുമാനം വേണമെന്ന കാരണം ചുണ്ടിക്കാട്ടി ആദ്യം ഇടത്മുന്നണി ഏകോപന സമിതിയില്‍ വിഷയമെത്തി. അവിടെ ചര്‍ച്ച ചെയ്ത വിഷയം ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇടത്മുന്നണി ജില്ലകമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് വിസ്തൃതി 17066 ഏക്കറായി നിര്‍ദേശിച്ചു.
ഇനിയിപ്പോള്‍ സംരക്ഷിതവനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയിലും കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ന്നേക്കും.
No comments:
Post a Comment