Pages

15 May 2010

കേന്ദ്ര റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാറിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും
 മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും. രവീന്ദ്രന്‍ പട്ടയത്തിന്റെതടക്കം പിന്‍ബലത്തില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും പൊളിച്ച് നീക്കേണ്ടിയും വരും. രേഖകള്‍ പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെത് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ഇവിടെയും ബാധകമാണെന്നുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്.
മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടത്തില്‍ വ്യാപകമായ കയ്യേറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിലെ മേഖലാ സി. സി. എഫ് ഡോ. കെ. എസ്് റെഡി അദ്ധ്യക്ഷനായി നാലംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസം മൂന്നാറില്‍ തെളിവെടുപ്പ് നടത്തിയ സമിതി, തിരുവനന്തപുരത്ത് വനം വകുപ്പ് മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്.
കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്ന നിഗമനമാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഞ്ഞാര്‍ തമ്പുരാനും ജോണ്‍ മണ്‍ട്രോയും തമ്മില്‍ 1877 ജൂല്‍ൈ 11ന് ഒപ്പിട്ട കരാര്‍, 1974 മാര്‍ച്ച് 29ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ്, 1994^95 മുതല്‍ 2003^04 വരെയുള്ള വര്‍ക്കിംഗ് പ്ലാന്‍, 1996 ഡിസംബര്‍ 12ലെ സുപ്രിം കോടതി വിധി പ്രകാരം നിയോഗിച വി. ഗോപിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പ്രകാരം കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് വനമിതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രാനുമതി വേണമെന്നും നിര്‍ദേശിക്കുന്നു. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ കെ. ഡി. എച്ച് വില്ലേജില്‍ കേന്ദ്രാനുമതിയില്ലാതെ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കപ്പെടും. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള 1978ലെ നിയമസഭാ തീരുമാന പ്രകാരം വേണം പട്ടയം നല്‍കാന്‍. ഇതിന്  കേന്ദ്രാനുമതി വേണ്ടി വരും. എന്നാല്‍, 1977 ജനുവരി ഒന്നിന് മുമ്പ് കെ. ഡി. എച് വില്ലേജില്‍ താമസമാരംഭിച്ചത് വിവിധ ജോലകള്‍ക്കായും കച്ചവടത്തിനും മറ്റുമായി എത്തിയവരാണ്.  ഇവരില്‍ ഭൂരിപക്ഷത്തിനും ഇനിയും പട്ടയം ലഭിച്ചിട്ടുമില്ല. ബാക്കിയൊക്കെ 1996ന് ശേഷം ഭൂമി കയ്യേറിയവരും പിന്‍വാതിലിലൂടെ പട്ടയം തരപ്പെടുത്തിയവരുമാണ്. മൂന്നാറിലെ ആദ്യകാലത്തെ ചില ലോഡ്ജുകള്‍ ഒഴിച്ചുള്ള, ഹോട്ടലുകളും റിസോര്‍ട്ടുകളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെട്ടതാണ്.
കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍ മൂന്നാറിലെ കെ. ഡി. എച്ച് കമ്പനിയും ഉള്‍പ്പെടും. 1974ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് 57359 ഏക്കറാണ് കമ്പനിക്ക് തേയില കൃഷിക്കും മറ്റുമായി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അധികമായി  അവരുടെ പക്കല്‍ ഭൂമി  കണ്ടെത്തിയാല്‍ കേന്ദ്ര വന നിയമമനുസരിച്ച് നടപടിയെടുക്കാം. എന്നാല്‍ സര്‍വേ പൂര്‍ത്തിയാക്കാത്തതിനാല്‍ എത്ര ഭൂമി അവരുടെ കൈവശമുണ്ടെന്ന് ഇനിയും വ്യക്തമല്ല.
ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് അയ്യായിരം ഏക്കര്‍ പാവപ്പെട്ട ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര വന നിയം തടസ്സമാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ഉത്തരവിറങ്ങിയതിനാലാണിത്. കേന്ദ്ര വനനിയമം നിലവില്‍ വരും മുമ്പ് പട്ടയം ലഭിച്ചവര്‍ക്കും ഭീഷണിയുണ്ടാകില്ല. ഇതേസമയം, ഭൂരഹിതര്‍ക്കായി കഴിഞ്ഞ മാസം സര്‍ക്കാര്‍ പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ച 17349 ഏക്കര്‍ എത്രയും വേഗം റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും സുപ്രിം കോടതിയുടെ 202/95 ലെ വിധി പ്രകാരം വനഭൂമിയുടെ നിര്‍വചനത്തില്‍ വരുന്ന മറ്റ് പ്രദേശങ്ങളും തുടര്‍ന്ന് റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

No comments:

Post a Comment