Pages

05 June 2010





ചില പരിസ്ഥിതി ചിന്തകള്‍
 പാരിസ്ഥിതിക കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അവബോധമുള്ള സംസ്ഥാനമാണ് കേരളമെങ്കിലും പല കാരണങ്ങളാല്‍ പാരിസ്ഥിതി^പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ ദിനംപ്രതി സമ്മര്‍ദ്ദം വര്‍ദ്ധിച്ച് വരുന്നു. ടൂറിസമടക്കമുള്ള വ്യവസായത്തിനായി കേരളത്തിന്റെ മണ്ണും വെള്ളവും ചുഷണം ചെയ്യപ്പെടുകയാണ്.
ഭൂമിശാസ്ത്രപ്രകാരവും പാരിസ്ഥിതികമായും ഒട്ടേറെ പരിമിതികളും വൈവിധ്യവും സങ്കീര്‍ണതകളും നിറഞ്ഞ കേരളത്തില്‍ വികസനവും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യം അവഗണിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയൂം ചെയ്യുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി നയത്തില്‍ തന്നെ ചുണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാലാവസ്ഥയും പാരിസ്ഥിതിക പ്രത്യേകതകളും കാരണം കേരളത്തിന്റെ ആവാസ വ്യവസ്ഥ അതിലോലമാണ്. ജൈവ ഭൂഘടനയില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശവമുമാണ് കേരളം. എന്നാല്‍ പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ പുന:ക്രമികരിക്കാന്‍ കഴിഞ്ഞിട്ടില്ല.
തണ്ണീര്‍ത്തടങ്ങളാണ് ഏറ്റവും കൂടുതല്‍ ഇല്ലാതായി കൊണ്ടിരിക്കുന്നത്. പുത്തന്‍ വ്യവസായികള്‍ ലിക്ഷ്യമിടുന്നതും തണ്ണീര്‍ത്തടങ്ങളെയാണ്. വെള്ളം അടുത്ത് കിട്ടുമെന്നതാണ് വ്യവസായികളെ തണ്ണീര്‍ത്തടങ്ങളെ തേടിയെത്താന്‍ പ്രേരിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കല്‍ വേണ്ടതില്ലെന്നതും അനൂകൂലമായി കാണുന്നു. കണ്ടല്‍ക്കാടുകളും നെല്‍വയലുകളും ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ വനങ്ങള്‍ അതിവേഗം നശിപ്പിക്കപ്പെടുന്നു. തീരദേശം നാശഭീഷണി നേരിടുന്നു. മണല്‍^കളിമണ്‍ ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നദികളും പുഴകളും ഇല്ലാതാകുന്നു. വനം^പരിസ്ഥി സംരക്ഷണത്തിനായി 24 നിയമങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് വേണം കരുതാന്‍.
സൈലന്റ്വാലിയും പൂയംകുട്ടിയും പ്ലാച്ചിമടയും പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ വിജയമാണെങ്കിലും പിന്നിടുണ്ടായ പ്രശ്നങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്താന്‍ കഴിയാതെ പോകുന്നു. കൃഷിക്ക് വേണ്ടിയുള്ള കുടിയേറ്റത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ കയ്യേറ്റമാണ് മൂന്നാറെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപ്പെടല്‍ ഉണ്ടായില്ല. വംശനാശ ഭീഷണി നേരിടുന്ന നീലകുറിഞ്ഞികള്‍ വളര്‍ന്നിരുന്ന പുല്‍മേടുകളും ജലസ്രോതസായ കുന്നുകളും ഏലക്കാടുകളും വിനോദ സഞ്ചാരികള്‍ക്ക് കൂട് ഒരുക്കാന്‍ എന്ന പേരില്‍ നശിപ്പിക്കപ്പെട്ടു. മുന്നാര്‍ മേഖലയുടെ കാലാവസ്ഥക്ക് തന്നെ വ്യതിയാനം വരുത്തക്ക തരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ വ്യവസ്ഥക്കും മാറ്റം വന്ന് തുടങ്ങി. കായലുകളില്‍ ഹൌസ് ബോട്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും കാണാതെ പോകുന്നു. മലവും മൂത്രവും തുടങ്ങി ഡീസലും ഓയിലും വെള്ളത്തില്‍ കലരുന്നു. കുട്ടനാടന്‍ മേഖലയില്‍ പലതരം രോഗങ്ങള്‍ പകരാനും ഇത് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരത്തിന് എന്ന പേരില്‍ വന്‍ തോതില്‍ കായലുകളും നികത്തപ്പെടുന്നു. കണ്ടല്‍ക്കാടുകള്‍ മറ്റ് പലതിനുമായി വെട്ടി നിരത്തപ്പെടുന്നു.
 പ്രകൃതിക്ക് മേലുള്ള കയ്യേറ്റം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ വൈകാതെ കേരളം കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ചുണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തന്നെ അമിത ഭൂഗര്‍ഭ ജല ചുഷണം മൂലം പലയിടത്തും ശുദ്ധജലം കിട്ടുന്നില്ല.
വാഹനങ്ങളുടെ മലിനികരണവും നിയന്ത്രിക്കാനാകുന്നില്ല. വാഹനങ്ങളുടെ എണ്ണം പെരുകുന്നതനുസരിച്ച് റോഡ് വികസപ്പിക്കാനും മരവും പുഴയും ഇല്ലാതാക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ പേരില്‍ എങ്ങും എസിയായതും മറ്റൊരു ആഘാതമായി.
മനുഷ്യരുടെ ആര്‍ഭാടത്തിന് പരിധി നിശ്ചയിക്കേണ്ടതും പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പണമുള്ളവന് ആര്‍ഭാടമൊരുക്കാന്‍ വേണ്ടി സഹിക്കപ്പെടുന്നത് പാവപ്പെട്ടവനാണ്. വീട്ടിലും കാറിലും ഓഫീസിലും എസി ഉള്ളവര്‍ കാലാവസ്ഥ വ്യതിയാനം എന്തെന്നറിയുന്നില്ല. ഇത്തരക്കാര്‍ പോകുന്ന കടകളിലും എസിയായിരിക്കും. ഈ എസികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ചുട് സഹിക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. പ്രകൃതിയെ ഇല്ലാതാക്കി വ്യവസായം സ്ഥാപിച്ചാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നതും അതാത് നാട്ടുകാരല്ല. കുറച്ച് പേര്‍ക്ക് ജോലി കിട്ടിയേക്കാം. എന്നാല്‍ അവിടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടുത്തുകാര്‍ക്ക് വേണ്ടിയായിരിക്കില്ല. വീതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 'ക്രിട്ടിക്കല്‍ കൃഷി ഭൂമിയായ'ഇവിടെ വന്‍കിട വ്യവസായങ്ങള്‍ പാടില്ല. എല്ലാം വാണിജ്യാടിസ്ഥാനത്തില്‍ കാണാതെ സുസ്ഥിരമായ വികസനത്തെ കുറിച്ച് ആലോചിക്കണം^അദേഹം പറഞ്ഞു.

No comments:

Post a Comment