Pages

12 June 2010

എന്തിനാണ് മൂന്നാറില്‍ വീണ്ടുമൊരു ടൌണ്‍ഷിപ്പ് 
കേരള സര്‍ക്കാര്‍ നവീന മൂന്നാര്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കരുതിയത് മൂന്നാറിലെ  ഇപ്പോഴത്തെ ടൌണ്‍ഷിപ്പ് വികസിപ്പിക്കുമെന്നും നൂറ്റാണ്ടുകളായി ടാറ്റയുടെ വാടകക്കാരായി കഴിയുന്നവര്‍ക്ക് പട്ടയം നല്‍കുമെന്നുമാണ്. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാറില്‍ തേയില കൃഷിക്കായി എത്തിയപ്പോള്‍ ആരംഭിച്ചതാണ് മൂന്നാറിലെ പ്ളാന്റെഷന്‍ ടൌണ്‍. 1924 ലെ വെള്ളപ്പൊക്കത്തിലും പിന്നിട് തീ പടുത്തത്തിലും ടൌണ്‍ നശിക്കുകയും പുതുക്കി പണിയുകയും ചെയ്തതൊഴിച്ചാല്‍ മറ്റ് മാറ്റമൊന്നും വന്നിട്ടില്ല. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിന് വീടുകളുമാണ് ടാറ്റ ടീക്ക് പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ വാടകക്കാരായി കഴിയുന്നത്. നവീന ടൌണ്‍ ഷിപ്പ് വരുന്നതോടെ തങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും പട്ടയം കിട്ടുമെന്ന് സ്വപ്നം കണ്ടവരും ഇവരാണ്. അവരില്‍ ചുമട്ട് തൊഴിലാളികളുണ്ട്, ഡ്രൈവറന്മാരുണ്ട്, ചെറുകിട വ്യാപാരികളുണ്ട്, കൂലിപ്പണിക്കാരുണ്ട്.....പക്ഷെ, ഇപ്പോള്‍.......................
മൂന്നാറില്‍  ടൂറിസം സോണ്‍ സൃഷ്ടിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 1072 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. നിലവിലെ ടൌണ്‍ഷിപ്പ് ഏറ്റെടുക്കുന്നതിനല്ല തീരുമാനം. ടൌണിലെ കുറച്ച് ഭൂമി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷവും ഇപ്പോഴത്തെ ടൌണിന് പുറത്ത് നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. അവിടെ ടൂറിസം സോണായി വികസിപ്പിച്ച് പുതിയ ടൌണ്‍ ഷിപ്പ് സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.അവിടെ ആര്‍ക്കായിരിക്കും ഭൂമി നല്‍കുക? ഏറ്റെടുക്കുന്ന ഭൂമിക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയും അവശേഷിക്കുന്നു. ടൂറിസം ആവശ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി പതിച്ച് നല്‍കാന്‍ കഴിയുമോയെന്നതാണ് ആശങ്കക്ക് കാരണം. ടൂറിസം വ്യവസായത്തിന്റെ പരിധിയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയില്‍ ഹോട്ടലും റിസോര്‍ട്ടും സ്കൂളും തുടങ്ങി ഒരു ടൌണ്‍ഷിപ്പിന് വേണ്ടെതൊക്കെ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. കുറെ കുത്തകക്കാര്‍ ഇതിന്റെ മറവില്‍ ഭൂമി സ്വന്തമാക്കുമെന്നത് പോകട്ടെ, ഇനിയൊരു ടൌണ്‍ ഷിപ്പിനെ താങ്ങാനുള്ള ശേഷി മൂന്നാിറിനുണ്ടോ? കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞ മൂന്നാറിലെ കാലാവസ്ഥ ഇപ്പോള്‍ തന്നെ മാറിമറിഞ്ഞു. ഇനിയും കുറച്ച് കെട്ടിടങ്ങള്‍ വന്നാല്‍ സംശയമില്ല, മൂന്നാറിന്റെ ആവാസ വ്യവസ്ഥ മാറും. അതോടെ ടൂറിസവും അവസാനിക്കും. കൊഡൈക്കാനലും ഊട്ടിയും ഈ അവസ്ഥയില്‍ എത്തിയതിനാലാണ് ജനം മൂന്നാറിനെ തേടിയെത്തുന്നതെന്നത് മറക്കണ്ട. മൂന്നാറിലെ ടൂറിസം വ്യവസായികള്‍ക്ക് ഇതൊരു പാഠമാണ്. കാരണം മൂന്നാറില്‍ എത്തുന്നവരില്‍ നിന്ന് എങ്ങനെ പണം പിടിച്ചെടുക്കാമെന്നാണല്ലോ ചിന്ത.
മൂന്നാറില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്ത് കൊണ്ട് ടൌണ്‍ പ്രദേശത്തെ ഒഴിവാക്കിയെന്നതിനും ഉത്തരം തേടേണ്ടതാണ്. മൂന്നാര്‍ ടൌണിന് ചുറ്റുമായി ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം വ്യാജ പട്ടയ ലോബി സ്വന്തമാക്കുകയും അത് റിസോര്‍ട്ടുകള്‍ക്കായി കൈമാറുകയും ചെയ്തതായി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി കൈവശപ്പെടുത്തിയ ഈ ഭൂമി സംരക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിച്ചുവെന്ന് വേണം കരുതാന്‍. ആങ്ങള ചത്താലും തരക്കേടില്ല, നാത്തൂന്റെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന സമീപനം സ്വീകരിക്കുന്ന ചിലരാണ് ഇതിന് പിന്നില്‍. അത് കൊണ്ടാണല്ലോ മൂന്നാറിനെ കുറിച്ച് സംസാരിക്കുന്നവരെ ടാറ്റയുടെ ഏജന്റുമാരാക്കുന്നത്. ടാറ്റയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടതെന്ന് അറിയേണ്ടതല്ലേ? മല കയറി വന്ന പുത്തനുള്ളവര്‍ ഭൂമി സ്വന്തമാക്കി. അവര്‍ അവിടെ ഹോട്ടലും റിസോര്‍ട്ടും കെട്ടിപൊക്കി. മൂന്നാറുകാര്‍ക്ക് ഇതൊക്കെ കാണാനാണ് വിധി. മൂന്നാറിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ മൂന്നാറുകാര്‍ക്ക് പങ്കില്ലല്ലോ.........................

No comments:

Post a Comment