ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലേക്ക് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറ്റിക് എന്‍ജിനിയറിംഗ് അംഗീകാരംനല്‍കല്‍ സമിതിയാണ് (ജി.ഇ.എ.സി.)റാന്നിയിലെ ചേതക്കല്‍, താനെയിലെ ദാപളചറി എന്നിവിടങ്ങളില്‍ ജനിതകമാറ്റം വരുത്തി റബ്ബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അനുമതി നല്‍കിയത്. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജനിതകമാറ്റം വരുത്തിയ വഴുതന വിത്തിന് അനുമതി നല്‍കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് റബ്ബറിന് അനുമതി നല്‍കിയത്. റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ അപേക്ഷയിലാണ് ജി.ഇ.എ.സിയുടെ തീരുമാനം. 2005 മുതല്‍ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വിഭാഗത്തില്‍ ഒതുങ്ങി നിന്നിരുന്ന ജനിതകമാറ്റം വരുത്തിയ റബ്ബറാണ് തുറസായ സ്ഥലത്തേക്ക് എത്തുന്നത്. ഗവേഷണത്തിന്റെ ഗുണ ദോഷങ്ങള്‍ എന്തൊക്കെയെന്ന് പ്രസിദ്ധികാരിക്കാതെയാണ് റബ്ബര്‍ ബോര്‍ഡിന്റെ പുതിയ നീക്കം.
ജനിതകമാറ്റം വരുത്തിയ റബ്ബര്‍ ഫീല്‍ഡിലെത്തുന്നതോടെ അന്തരീക്ഷത്തിലും മണ്ണിലും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പരാഗണത്തിലൂടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ ജനിതക ഘടകങ്ങള്‍ മറ്റ് റബ്ബര്‍ മരങ്ങളിലേക്കും വ്യാപിക്കും. കാറ്റിലും ഇത് വ്യാപിക്കും. തേനിച്ചയിലൂടെയും പരാഗണമുണ്ടാകൂമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചുണ്ടിക്കാട്ടുന്നു. ഉണങ്ങി വീഴുന്ന ഇലകള്‍ ചീഞ്ഞളിഞ്ഞ് മണ്ണിലേക്കും വ്യാപിക്കും. ഇതിന്റെയൊക്കെ പരിണതഫലം എന്തായിരിക്കുമെന്ന് പഠനം നടത്താതെയാണ് പരീക്ഷണം.ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പരീക്ഷിച്ച പ്രദേശങ്ങളില്‍ നിന്നൊക്കെ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ വഴുതനക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ജനിതകമാറ്റം വരുത്തിയ വഴതനക്ക് അനുമതി നല്‍കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. കേരളമാണ് ഇതിന് നേതൃത്വം നല്‍കിയത്.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ റബ്ബര്‍ പരീക്ഷണം ദോഷകരമായി ബാധിക്കുമെന്നും പറയുന്നു. ലോകത്തെ തന്നെ പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയാണ് പശ്ചിമഘട്ടം. കാര്‍ഷിക മേഖലയിലെ ബയോടെക്നോളജി ഉപയോഗവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ഡോ. എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ജനിതകമാറ്റം വരുത്തിയ റബ്ബറിന് അനുമതി നല്‍കാനുള്ള തീരുമാനം.
No comments:
Post a Comment