Pages

29 November 2010

എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം
കുറച്ച് നാള്‍ മുമ്പ് പെയ്ഡ്ന്യൂസ്. ഇപ്പോള്‍ സ്പെക്ട്രം വിവാദവും. രണ്ടിടത്തും യഥാര്‍ഥ 'പ്രതികള്‍'മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിപാവനതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇവ രണ്ടും. ഏറെ വിവാദം ഉയര്‍ത്തിയ ഈ രണ്ട് സംഭവങ്ങളും കേരളത്തിലല്ല സംഭവിച്ചതെന്ന് ആശ്വസിക്കാം. പക്ഷെ, കേരളത്തില്‍ കോടികളുടെ കണക്ക് വരില്ലെങ്കിലും ഏന്തോ ചീഞ്ഞ് നാറുന്നുവെന്ന്  മാധ്യമ പ്രവര്‍ത്തകനായ വിജൂ വി. നായര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് മറക്കാറായിട്ടില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ഇതെന്ത് സംഭവിച്ചു? അധികാരത്തിന്റെ ഇടനാഴികകളില്‍  മാധ്യമ പ്രവര്‍ത്തകര്‍ അപ്പകഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നുവോ? അതോ മാധ്യമ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റമാണോ  കാരണം? അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, മാധ്യമ പ്രവര്‍ത്തകള്‍ക്കിടയിലെ കറുത്ത ആടുകളെ പുറത്താക്കുന്നില്ലെങ്കില്‍ സംശയം വേണ്ട, മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടും.
മാധ്യമങ്ങളിലെ എഡിറ്ററുടെ സ്ഥാനം അപ്രസ്കതമാകുകയും അവിടെ പരസ്യ വരുമാനത്തില്‍ താല്‍പര്യമുള്ളവര്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തിന്റെ പരിണിത ഫലമാണ് ഈ മൂല്യച്യുതി. വാര്‍ത്തകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി, പരസ്യം കിട്ടുമെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തും വാര്‍ത്തയാക്കാമെന്ന് വന്നു. പരസ്യദാതാക്കളുടെ അരുതായ്മകള്‍ മൂടിവെച്ചു. അങ്ങനെ അടിമുടി മാധ്യമങ്ങളുടെ നിയന്ത്രണം പരസ്യം നല്‍കുന്നവര്‍ക്കായി. പരസ്യം പിടിച്ച് കൊടുക്കുന്നവര്‍ മിടുക്കരും എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ പണം ധൂര്‍ത്തടിക്കുന്നവരുമായി. എഡിറ്ററുടെ കസേര പരസ്യ മാനേജര്‍ക്ക് കീഴിലായതോടെ  സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനവും അവസാനിച്ചു. അല്ലെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഓര്‍മ്മയാകുന്നു. ദേശിയ സ്വതന്ത്ര സമരത്തിന് ആവേശം പകര്‍ന്നതും അതിലേക്ക് ജനങ്ങളെ സജ്ജരാക്കിയതും ഇന്‍ഡ്യയിലെ മാധ്യമങ്ങളാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
പെയ്ഡ്ന്യൂസും സ്പെക്ട്രവും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം. അതിനായി മധ്യമ പ്രവര്‍ത്തകരല്ല, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രംഗത്ത് വരേണ്ടത്.

No comments:

Post a Comment