മുല്ലപ്പെരിയാര്‍ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു
മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ മുമ്പാകെ തമിഴ്നാടിന്റെ സത്യവാങളമൂലം എത്തിയതോടെ 'മുല്ലപ്പെരിയാര്‍'കൂടുതല്‍ സങ്കീര്‍ണമാകുന്നു. കരാറിന് വിരുദ്ധമായി നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ച് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ട ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ ചോദ്യാവലിക്ക് കേരളം ഇനിയും മറുപടി നല്‍കിയിട്ടില്ല.
ബേബിഡാമിന്റെ ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്ന് തമിഴ്നാട് തന്നെ മുമ്പ് ചുണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് ജലനിരപ്പ് കുറക്കുന്നതിന്റെ ഭാഗമായി 240 അടി നീളമുള്ള ബേബി ഡാമിന്റെ കുറച്ച് ഭാഗം പൊളിച്ച് 136 അടിയായി ഉയരം കുറക്കണമെന്നും വെള്ളം കവിഞ്ഞൊഴുകാന്‍ പാകത്തില്‍ ഘടന മാറ്റണമെന്നും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശിച്ചപ്പോഴാണ് ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്നും വെള്ളം കവിഞ്ഞൊഴുകിയാല്‍ അപകട സാദ്ധ്യത വര്‍ദ്ധിക്കുമെന്നും തമിഴ്നാട് പറഞ്ഞത്.
അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രശ്നമെങ്കില്‍ ഉന്നതാധികാര സമിതി നിര്‍ദ്ദേശിക്കുകയും നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്ന് ശാസ്ത്രിയമായി കണ്ടെത്തുകയും ചെയ്താല്‍ പ്രധാന അണക്കെട്ടിന് പകരം പുതിയ ഡാം നിര്‍മ്മിക്കാമെന്നും തമിഴ്നാട് പറയുന്നു. ഇതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും അവര്‍ സത്യവാങ്മൂലത്തില്‍ ചുണ്ടിക്കാട്ടുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനും തമിഴ്നാട് നിബന്ധനകള്‍ വെച്ചിട്ടുണ്ട്. 1886ലെയും 1970ലെയും കരാര്‍ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനായിരിക്കണമെന്നും ജലനിരപ്പ് 155 അടിയായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളം ഇനിയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെങ്കിലും തമിഴ്നാടിന്റെ വാദം അംഗീകരിക്കില്ലെന്നാണ് സൂചന. കേരളത്തിലെ നിലവിലെ നിയമങ്ങള്‍ അംഗീകരിച്ചായിരിക്കണം സംസ്ഥാനത്തിനകത്ത് മറ്റൊരു സംസ്ഥാനത്തിനായി ഡാം നിര്‍മ്മിക്കാനെന്നായിരിക്കും കേരളം ചുണ്ടിക്കാട്ടുക. തമിഴ്നാടിന്റെ വാദം അപ്പാടെ അംഗീകരിച്ച് 999 വര്‍ഷത്തെ കരാറുമായി പുതിയ ഡാം നിര്‍മ്മിക്കാനാകില്ല. കരാര്‍ കാലവധിക്കിടയില്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുമെന്നും കേരളം ഭയക്കുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് ഉറപ്പ് നല്‍കുന്ന തരത്തില്‍ സംയുക്ത സംവിധാനമെന്നതായിരിക്കും നിര്‍ദ്ദേശം. അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ക്ക് സൌജന്യമായി ജലം ഉറപ്പ് നല്‍കും. തമിഴ്നാടിന് വേണ്ടത് മുല്ലപ്പെരിയാറിലെ വെള്ളമോ അതോ അണക്കെട്ടിന്റെ നിയന്ത്രണമോ എന്ന തര്‍ക്കവും ഉയര്‍ന്ന് വന്നേക്കും. മുല്ലപ്പെരിയറിലെ ഉജലനിരപ്പ് 136 അടിയായി കുറച്ചതിന് ശേഷവും ഇവിടെ നിന്നുള്ള മുഴുവന്‍ വെള്ളവും തമിഴ്നാടിലേക്കാണ് കൊണ്ട് പോകുന്നത്. ഒരിക്കല്‍ പോലും തമിഴ്നാടില്‍ ജലദൌര്‍ലഭ്യം അനുഭവപ്പെടുകയോ, ജലമില്ലെന്ന കാരണത്താല്‍ കൃഷി തടസപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
No comments:
Post a Comment