Pages

27 December 2017

ടൂറിസ്​റ്റ്​ ഫ്രണ്ട്​ലി ആകണം വിനോദ കേന്ദ്രങ്ങൾ


സംസ്​ഥാന സർക്കാരിൻറ പുതിയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ, സാധ്യതകൾ എന്നിവയൊക്കെ നയത്തിലുണ്ട്​.പക്ഷെ, ചൂഷണത്തിൽ നിന്നും വിനോദ സഞ്ചാരികളെ രക്ഷിക്കാനുള്ള നിർദേശങ്ങളൊന്നും അതിൽ കാണുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളോട്​ എങ്ങനെ പെരുമാറണമെന്നും പറയുന്നില്ല. അഥവാ പഠിപ്പിക്കുന്നില്ല. വിനോദ സഞ്ചാരികളെ ഗസ്​റ്റ്​ എന്ന്​ അഭിസംബോധന ചെയ്​താൽ മാത്രം പോരല്ലോ, യഥാർഥത്തിൽ അവരെ അഥിതിയെ പോ​ലെ സൽക്കരിക്കുകയും സ്വീകരിക്കുകയും വേണ്ടതല്ലേ?
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വലിയ തോതിൽ ചൂഷണത്തിന്​ വിധേയരാകുന്നു. ഭൂരിപക്ഷവും നിരാശയോടെയാണ്​ മടങ്ങുന്നത്​. കേരളത്തിൽ നിന്നുള്ളവർ മറ്റ്​ സംസ്​ഥാനങ്ങളിലേക്ക്​ യാ​ത്ര പോകുന്നതിനും ഇതുമൊരു കാരണമാണ്​. ഒരിക്കൽ വന്നവർ രണ്ടാമത്​ ഒരുവട്ടം കൂടി അതേ കേന്ദ്രം സന്ദർശിക്കാൻ മടിക്കുകയാണ്​. എന്തിനും ഏതിനും കമ്മീഷൻ, ഡ്രൈവറും ഗൈഡും പറയുന്ന സ്​ഥലങ്ങൾ സന്ദർശിച്ചില്ലെങ്കിൽ പാതിവഴിക്ക്​ മടക്കം....അങ്ങനെ പോകുന്നു. വിനോദ സഞ്ചാരി ഒരു ചായ കുടിച്ചാൽ, അതി​െൻറ 20 ശതമാനം ഡ്രൈവർക്ക്​ അല്ലെങ്കിൽ ഗൈഡിന്​ കമ്മീഷനാണ്​. മൂന്നാർ മേഖലയിലാണ്​ കമ്മീഷൻ വ്യാപകമായിട്ടുള്ളത്​.
നെടു​മ്പാശേരിയിൽ നിന്നും അല്ലെങ്കിൽ റെയിൽവേ സ്​റ്റേഷനിൽ നിന്നും കാറിൽ കയറുന്നത്​ മുതൽ തുടങ്ങുന്നു ചൂഷണം. എവിടെ നിന്നും ചായ കുടിക്കണം, എവിടെ നിന്നും കുപ്പി വെള്ളം വാങ്ങണം, എവിടെ ഭക്ഷണം കഴിക്കണം എന്നൊക്കെ ഡ്രൈവർ തിരുമാനിക്കും. ഇവി​െട നിന്നൊക്കെ ബില്ലിൻറ 20 ശതമാനം കമ്മീഷനുണ്ടായിരിക്കും. യാത്രക്കിടയിൽ കാണാൻ കഴിയുന്ന വിവിധ കേന്ദ്രങ്ങളെ കുറിച്ചും ഡ്രൈവർ വാചാലനായിരിക്കും. ആന സവാരി, കുതിര സവാരി, സർക്കസ്​, സാഹസിക യാത്ര തുടങ്ങി എന്തൊക്കെയു​ണ്ടോ അതൊക്കെ പറയും. ടിക്കറ്റ്​ ബുക്ക്​ ചെയ്യ​െട്ടയെന്നും ചോദിക്കും. ഇവിടെ നിന്നൊക്കെ ഒരാളുടെ ടിക്കറ്റാണത്രെ കമ്മീഷനായി നൽകുന്നത്​. സ്​പൈസസ്​ , ചോക്ലേറ്റ്​,തേയില വിൽപന കേന്ദ്രങ്ങൾ അങ്ങനെ എന്തൊക്കെയുണ്ടോ അവിടെയൊക്കെ വാഹനങ്ങൾ നിൽക്കും. അവിടെയും വമ്പൻ കമ്മീഷനാണ്​. ഇതിനൊന്നിനും സഞ്ചാരികൾക്ക് താൽപര്യമില്ലെന്നറിഞ്ഞാൽ, ഡ്രൈവർക്ക്​ വയറുവേദനയോ തല​വേദനയോ ഒക്കെ വന്നേക്കാം. അതായത്​ ഗസ്​റ്റിനെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയെന്നർഥം. റി​േട്ടൺ വരുന്ന ഏതെങ്കിലും വാഹനത്തിന്​ ഗസ്​റ്റിനെ കൈമാറി ആദ്യ വണ്ടിക്കാരൻ സ്​ഥലം വീടും. രണ്ടാമത്തെയാൾ ഏതെങ്കിലും മൂലയൊക്കെ കാണിച്ച്​ ഗസ്​റ്റിനെ മടക്കികൊണ്ട്​ പോകും. അല്ലെങ്കിൽ മൂറിയിൽ എത്തിക്കും. ഹോട്ടലുകൾക്കും ഏജൻറുമാർ ഏറെയാണ്​. പലയിടത്തും അവരാണ്​ തുക നിശ്ചയിക്കുന്നത്​ പോലും.
ഇതിന് ​പുറമെയാണ്​ പ്രാദേശിക തലത്തിലുള്ള സംഘർഷം. കഴിഞ്ഞ ദിവസം വാഹനത്തിന്​ സൈഡ്​ കിട്ടാൻ ഹോൺ മുഴക്കിയെന്നതിൻറ പേരിലാണ്​ സഞ്ചാരികളായി വാഹനത്തിൽ എത്തിയവർക്ക്​ മർദനമേറ്റത്​. ഇത്​ ആദ്യ സംഭവമല്ല. പലതരം പൊലീസുണ്ടെങ്കിലും പരാതിപ്പെട്ടിട്ടും കാര്യമില്ല. അവരും ഇങ്ങനെയൊക്കെയാണ്​ ജീവിക്കുന്നത്​. മൂന്നാർ മേഖലയിൽ സഞ്ചാരികളും ​പ്രാ​ദേശികരുമായി ഇടക്കിടെയുണ്ടാകുന്ന സംഘർഷം ടൂറിസത്തെ ബാധിച്ച്​ തുടങ്ങിയിട്ടുണ്ട്​.
യഥാർഥത്തിൽ സഞ്ചാരികൾ ശ്വാസമടക്കി പിടിച്ചാണ്​ മലയിറങ്ങുന്നത്​. ഇത്തരം ചൂഷണം അവസാനിപ്പിക്കണം. സഞ്ചാരികൾക്ക്​ ദൈവത്തിൻറ നാട്ടിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയണം. ശൗചാലയത്തിൽ നിന്ന്​ പോലും കമ്മീഷൻ പറ്റുന്നവരെ ക​ണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ശബരിമല സീസണിൽ വില നിശ്ചയിക്കുന്ന അതേ രീതിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയെ തരം തിരിച്ച്​ വിലയും വാടകയും നിശ്ചയിക്കണം. കമ്മീഷൻ നൽകി ആ​ളെ പിടിക്കുന്ന സ്​ഥാപനങ്ങൾ അടച്ച്​പൂട്ടുകയോ അതിനൊക്കെ ഡി ടി പി സി മുഖേന ഒാൺലൈൻ ടിക്കറ്റ്​ ബുക്കിംഗ്​ സ​മ്പ്രദായം ഏർപ്പെടുത്തുകയോ ​വേണം. നാട്​ കാണാൻ വരുന്നവരെ കച്ചവട കേന്ദ്രത്തിലല്ല, കൊണ്ട്​ പോകേണ്ടത്​.  ടൂറിസത്തിന്​ ജനകീയ മുഖം നൽകണം. ഭക്ഷണത്തിലടക്കം ഇതുണ്ടാകണം. വഴിയിൽ നിന്നുള്ള ഭക്ഷണംകഴിച്ച്​ ഭക്ഷ്യ വിഷബാധയുമേറ്റ്​ നാട്ടിലേക്ക്​ മടങ്ങുന്ന സഞ്ചാരികളും ഏറെയാണ്​. ആ വിവരങ്ങളൊന്നും പുറത്​ വരാറില്ല. അഥവാ വന്നാലും ന്യായികരണം ഏറെയുണ്ടാകും. എന്തായാലും ടൂറിസം പ്രധാന വരുമാന മാർഗമായി മാറിയ സാഹചര്യത്തിൽ ഇൗ മേഖലയുമായി ബന്ധപ്പെട്ട്​ മഴുവൻ ആളുകൾക്കും പ്രത്യേക കോഴ്​സ്​ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

അ​വ​സാ​നി​ക്കാ​ത്ത ക​ർ​ഷ​ക-​വ​നം ത​ർ​ക്കം ..

http://www.madhyamam.com/opinion/articles/farmer-forest-disbute-article/2017/dec/25/402799

കഴിഞ്ഞ കുറിച്ച്​ നാളുകളായി കേരളത്തിലെ പ്രധാന രാഷ്​ട്രിയ വിവാദം ഭൂമി ക​​യ്യേറ്റവുമായി ബന്ധ​​പ്പെട്ടാണ്​. മുന്നാറിൽ ആരംഭിച്ച്​ കൊച്ചി, കുട്ടനാട്​, ചീങ്കണ്ണിപ്പാറ വഴി കുറിഞ്ഞി സ​േങ്കതത്തിൽ എത്തി നിൽക്കുന്നു. നേരത്തെ ഉയർന്ന വാഗമൺ വിവാദവും അവസാനിച്ചിട്ടില്ല. ഇതിന്​ പുറമെയാണ്​ പട്ടയ പ്രശ്​നം. വനവുമായി ബന്ധ​പ്പെട്ടാണ്​ തർക്കങ്ങൾ ഏറെയും. കുടിയേറ്റ കർഷകരും വനവുമായുള്ള തർക്കത്തിന്​ ആ വകുപ്പ്​ രൂപീകരിച്ച കാലം മുതലുള്ള പഴക്കമുണ്ട്​. ഇപ്പോൾ കുടിയേറ്റം മാറി, കയ്യേറ്റമായെന്ന്​ മാത്രം. 1980ലെ കേന്ദ്ര വന നിയമം വരികയും വനഭൂമി വനമിതര ആവശ്യങ്ങൾക്ക്​ വിട്ട്​കൊടുക്കാൻ സംസ്​ഥാന സർക്കാരിനുണ്ടായിരുന്ന അധികാരം പിൻവലിക്കുകയും ചെയ്​തില്ലായിരുന്നുവെങ്കിൽ  കുടിയേറ്റം ഇനിയും അവസാനിക്കുമായിരുന്നില്ല എന്നതാണ്​ സത്യം. ചരിത്രം പറയുന്നതും അങ്ങനെയാണ്​.
കുടിയൊഴിപ്പിക്കലോടെയാണ്​  കർഷകരുടെ മുഖ്യശത്രുവായി വനം വകുപ്പ്​  മാറിയത്​. ദേഹണ്ഡങ്ങളും വീടും കുറിയിറക്കിൽ നശിപ്പിക്കപ്പെട്ടു. ഇന്നും കർഷകരുടെ പട്ടികയിൽ വനം ശത്രു തന്നെ. വന്യജീവികൾ കൃഷികൾ നശിക്കുന്നുവെന്നാണ്​ പരാതി. കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ വെടിവെക്കാൻ അനുമതി തേടിയതിൻറ അടിസ്​ഥാനവും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്​ഗിൽ, കസ്​തുരിരംഗൻ കമ്മിറ്റികളുടെ നിർദേശങ്ങൾ എതിർക്കപ്പെടാൻ കാരണമായതും ഇൗ ശത്രുത തന്നെ.
കേരളത്തിലെ വനവും കർഷകരും തമ്മിലുള്ള തർക്കത്തിന്​ വഴി മരുന്നിട്ടതും സർക്കാർ ത​െന്നയാണ്​. 1940ൽ വനഭൂമി കു​ത്തകപാട്ടത്തിന്​ നൽകിയതോടെ തുടങ്ങുന്നു അത്​. രണ്ടാം ലോകമഹായുദ്ധത്തിൽ ഭക്ഷ്യക്ഷാമം രുക്ഷമാ​യപ്പോഴാണ്​ 1942 ഒക്​ടോബറിൽ വനഭൂമി രണ്ട്​ വർഷ​ത്തേക്ക്​ കൃഷിക്ക്​ നൽകാൻ തീരുമാനിച്ചത്​. വൃക്ഷതൈകൾ നട്ടുവളർത്തി തിരിച്ച്​ നൽകണമെന്നതായിരുന്നു വ്യവസ്​ഥ. യുദ്ധം കഴിഞ്ഞിട്ടും ഭക്ഷ്യക്ഷാമം തുടർന്നതിനാൽ കൂടുതൽ വനഭൂമി വീണ്ടും നൽകി. 1949ലെ ഉത്തരവ്​ പ്രകാരം കമ്മീഷണറെ നിയമിക്കുകയും അയ്യപ്പൻകോവലിൽ 600പേർക്കായി 1200 ഹെക്​ടറും പള്ളിവാസലിൽ ആയിരം പേർക്കായി രണ്ടായിരം ഹെക്​ടറും പാട്ടത്തിന്​ നൽകി. പിന്നിട്​ 1951 ജൂൺ 16ലെ ഉത്തരവ്​ പ്രകാരം 12300 ഹെക്​ടറും 1951 ഒക്​ടോബർ 25ലെ ഉത്തരവ്​ പ്രകാരം കോളണിവൽക്കരണ പദ്ധതിക്കായി 1410 ഹെക്​ടറും റവന്യു വകുപ്പിന്​ കൈമാറി.  1954 അവസാനം പാട്ടഭൂമി തിരിച്ച്​ വാങ്ങാൻ ചെന്നതോടെയാന്​ കർഷകർ സംഘടിക്കുന്നതും വനം വകുപ്പുമായി തുറന്ന ഏറ്റുമുട്ടലിലേക്ക്​ എത്തുന്നതും. ഇതോടെയാണ്​ 1957 ഏപ്രിൽ ഒന്നിന്​​ മുമ്പായി വനഭൂമിയിൽ പ്രവേശിച്ചവർക്ക്​ പട്ടയം നൽകാൻ തീരുമാനിക്കുന്നത്​. ഇതിന്​ ശേഷമുള്ള ​ക​യ്യേറ്റക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ല. 1961ൽ കേരള വന നിയമം വന്നതോടെ കെ.പി.രാധാകൃഷ്​ണ മേനോൻ കമ്മിറ്റിയെ നിയോഗിച്ചു. കയ്യേറ്റ പ്രദേശങ്ങൾ ഒഴിവാക്കി വനഭൂമി സംരക്ഷിക്കാൻ തീരുമാനിച്ചു. 1960 ജനുവരി ഒന്നിന്​ മുമ്പുള്ള കുടിയേറ്റക്കാർക്ക്​ പട്ടയം നൽകാൻ 1963ൽ ഉത്തരവിറങ്ങി. എങ്കിലും കയ്യേറ്റം തുടർന്നു. പിന്നിടാണ്​ മണിയങ്ങാടൻ കമ്മിറ്റിയെ നിയോഗിക്കുന്നത്​. 1968 ജനുവരി ഒന്ന്​ വരെയുള്ള കുടിയേറ്റക്കാർക്ക്​ പട്ടയം നൽകാനായിരുന്നു ശിപാർശ. ഇതനുസരിച്ച്​ 1968 ജൂണിൽ ഉത്തരവിറങ്ങി. ഒരു ഭാഗത്ത്​ പട്ടയം നൽകാൻ തീരുമാനിക്കു​​േമ്പാൾ തന്നെ മറുഭാഗത്ത്​ വനഭൂമി ക​യ്യേറ്റവും ഒഴിപ്പിക്കലും വീണ്ടും ക​​യ്യേറ്റവും സാധുകരണവും ആവർത്തിക്കപ്പെട്ടു. 1977 ജനുവരി ഒന്ന്​ വരെയുളളവർക്ക്​ പട്ടയം നൽകാനാണ്​ അവസാനമായി തീരുമാനിച്ചത്​. അതിന്​ ശേഷമുള്ളവർക്കും പട്ടയം നൽകണമെന്ന്​ ആവശ്യം ഉയരുന്നുണ്ടെങ്കിലും 1980ലെ കേന്ദ്ര വന നിയമാണ്​ തടസം. കേന്ദ്ര വനനിയമത്തിൻറ അംഗീകാരത്തോടെയാണ്​ 1977 ജനുവരി ഒന്നിന്​ മുമ്പ്​ വനമിതര ആവശ്യങ്ങൾക്കായി മാറ്റിയ 28588.159 ഹെക്​ടറിന്​ പട്ടയം നൽകാൻ 1993ൽ അനുമതി ലഭിച്ചത്​. ഇരട്ടി സ്​ഥലത്ത്​ ബദൽവനവൽക്കരണം തുടങ്ങിയ കർശന നിർദേശങ്ങളൊടെയാണ്​ അനുമതി ലഭിച്ചത്​. ഇതിന്​ ശേഷമുള്ള കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന്​ ഹൈകോടതി അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും അത്​ ഫയലിൽ വിശ്രമിക്കുന്നു. സർക്കാർ കണക്കനുസരിച്ച്​ 5498 ഹെക്​ടർ ഭൂമിയാണ്​ ഒഴിപ്പിച്ച്​ എടുക്കേണ്ടത്​. 1977ന്​ മുമ്പുള്ളവർക്കുള്ള പട്ടയ വിതരണം പൂർത്തിയായിട്ടുമില്ല.
കഴിഞ്ഞ ഇടതു മുന്നണി സർക്കാരിലെ വനം മ​ന്ത്രി ബിനോയ്​ വിശ്വം നടപ്പാക്കിയ വന സംരക്ഷണ പ്രവർത്തനങ്ങളിലാണ്​ ഇ​പ്പോഴത്തെ വനം മന്ത്രി തിരുത്തലുകൾ വരുത്തുന്നുവെന്നതാണ്​ ഇപ്പോഴത്തെ പ്രത്യേകത. രണ്ട്​ പേരും സി.പി.​െഎ പ്രതിനിധികളാണ്​. ഇപ്പോൾ ഏറെ വിവാദം ഉയർത്തിയിട്ടുള്ള കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിച്ചത്​ ബിനോയ്​ വിശ്വം മന്ത്രിയായിരിക്കെ, കഴിഞ്ഞ വി.എസ്​.അച്യുതാനന്ദൻ സർക്കാരാണ്​. ​മറ്റൊരു തർക്ക ഭൂമിയായി മാറിയിട്ടുള്ള മൂന്നാറിലെ  17066 ഏക്കര്‍ ഭൂമി കണ്ണൻ ദേവൻ റിസർവ്​ പ്രഖ്യാപിച്ചതും കഴിഞ്ഞ ഇടതു മുന്നണി സർക്കാർ. 1971 കെ. ഡി. എച്ച്. ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭുമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. 17992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍  1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒടുവിൽ വനം വകുപ്പിന്​ കൈമാറുന്നതിന്​ വിജ്ഞാപനം ചെയ്​തത്​ 17066 ഏക്കര്‍. ഇതിൽ ക​​യ്യേറ്റവും റിസോർട്ടുകളും ഉള്ളതിനാൽ, സെറ്റിൽമെൻറ്​ ആഫീസറായി നിയോഗിക്കപ്പെട്ട ആർ.ഡി.ഒ നടപടികൾ ആരംഭിച്ചിട്ടില്ല. കുറിഞ്ഞിമല സ​േങ്കതത്തിൻറ ഗതി കണ്ണൻ ദേവൻ റിസർവിനും സംഭവിക്കും. കയ്യേറ്റങ്ങളും കൈവശഭൂമിയും ഒഴിവാക്കപ്പെടുന്നതോടെ വിസ്​തൃതി വീണ്ടും കുറയും. ഇതേസമയം, വി.എസ്​. സർക്കാർ അന്ന്​ പ്രഖ്യാപിച്ച മാങ്കുളത്തെ 9005 ​ഹെക്​ടർ സംരക്ഷിത വനമായി മാറികഴിഞ്ഞു. സെറ്റിൽമെൻറ്​ ആഫീസർ നടപടികൾ പൂർത്തിയാക്കിയതോടെയാണിത്​. ചൂലന്നുർമയിൽ സ​േങ്കതം, മലബാർ, കൊട്ടിയൂർ  വന്യജീവി സ​േങ്കതങ്ങൾ,കടലുണ്ടി കമ്മ്യുണിറ്റി റിസർവ്​ എന്നിവയാണ്​ ബിനോയ്​ വിശ്വത്തിൻറ നേതൃത്വത്തിൽ പ്രഖ്യാപിച്ചത്​. വാഗമണിൽ 1100 ഹെക്​ടർ ബയോറിസർവായി പ്രഖ്യാപിച്ചുവെങ്കിലും എതിർപ്പിനെ തുടർന്ന്​ നടപടികളുമായി മുന്നോട്ട്​ പോകാൻ കഴിഞ്ഞില്ല.
2003ലാണ്​ ആനമുടിചോല, മതികെട്ടാൻ ചോല, പാമ്പാടുംപാറചോല എന്നി ദേശിയ ഉദ്യാനങ്ങൾ മംഗളവനം പക്ഷിസ​േങ്കതം എന്നിവ അന്നത്തെ യു.ഡി.എഫ്​ സർക്കാർ പ്രഖ്യാപിക്കുന്നത്​. എന്നാൽ,ഏറ്റവും കൂടുതൽ വന്യജിവ സ​​​േങ്കതങ്ങൾ പ്രഖ്യാപിച്ചത്​ കെ.പി.നൂറുദ്ദീൻ വനം മ​ന്ത്രിയായിരിക്കെ, 1982^87ലെ കെ.കരുണാകരൻ മന്ത്രിസഭയും. സൈലൻറ്​വാലി ദേശിയ ഉദ്യാനം,സെന്തുരുണി,ചിന്നാർ, ചിമ്മിണി, ആറളം,പേപ്പാറ വന്യജീവി സ​േങ്കതങ്ങൾ, ത​​േട്ടക്കാട്​ പക്ഷിസ​േങ്കതം എന്നിവയാണവ.
ഒരു ഭാഗത്ത്​ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കു​േമ്പാഴാണ്​, സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെട്ട ഭൂമിയി​ലെ ക​യ്യേറ്റങ്ങൾ. വനഭൂമിയെ റവന്യു ഭൂമിയുടെ പട്ടികയിൽപ്പെടുത്തി പട്ടയം നൽകുന്നതും വ്യാപകമാണ്​. ഇതിലൊക്കെ വനം വകുപ്പ്​ കാഴ്​ചക്കാരാകുന്നുവെന്നതാണ്​ അടുത്തകാലത്ത്​ കണ്ടു വരുന്നത്​. ബിനോയ്​ വിശ്വത്തിൽ നിന്നുള്ള ദൂരം വർദ്ധിക്കുകയാണ്​. സംരക്ഷണ ലഭിക്കാതെ പോകുന്നുവെന്ന ഭീതി വനപാലകരിലും വർദ്ധിച്ച്​ വരികയാണ്​. ഫലത്തിൽ വനഭൂമി കടലാസിലും കൈവശം കയ്യേറ്റക്കാരിലുമാകും.


ഇതും കൂടി വായിക്കുക
http://janayugomonline.com/kurinjimala-aggression-and-eviction-janayugam-article/
ടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ എന്നീ വില്ലേജുകളിലെ ഏതാണ്ട് 3200 ഹെക്ടര്‍ വരുന്ന ഭൂമി കുറിഞ്ഞിമല സാങ്ച്വറിയായി പ്രഖ്യാപിക്കുന്നതിന് 2006 ല്‍ നടത്തിയ പ്രാഥമിക വിജ്ഞാപനവും അതിനെ തുടര്‍ന്ന്  പ്രസ്തുത പരിധിക്കുള്ളില്‍ താമസിച്ച് കൃഷിചെയ്തു വരുന്ന കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും അവിടെ നടന്നതായിപ്പറയുന്ന വന്‍കിട കയ്യേറ്റങ്ങളും അവ ഒഴിപ്പിക്കുന്നതും ഒക്കെയായി ഇന്ന് കുറിഞ്ഞിമല സങ്കേതം കേരളത്തിലെ വളരെ പ്രാധാന്യമേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണല്ലോ.  ഈ സാഹചര്യത്തിലാണ് ഇക്കാര്യം നേരില്‍ കണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യവും മറ്റ് വിഷയങ്ങളും വിലയിരുത്തുന്നതിനുമായി റവന്യൂ, വൈദ്യുതി, വനം മന്ത്രിമാരടങ്ങുന്ന ഒരു സംഘം പ്രസ്തുത മേഖല സന്ദര്‍ശിച്ചത്. 6.12.2006 ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 ഉം കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ഉം ചേര്‍ത്ത് 3200 ഹെക്ടര്‍ നീലക്കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കുന്നതിന് ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു.  പ്രസ്തുത സാങ്ച്വറിയിലെ അവകാശവാദങ്ങള്‍ തീര്‍പ്പാക്കുന്നതിന് ദേവികുളം സബ്കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി 12-12-2006 ഉത്തരവ് പ്രകാരം നിയമിക്കുകയും ചെയ്തു.    ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ബ്ലോക്ക് നമ്പര്‍ 58 ലും ബ്ലോക്ക് നമ്പര്‍ 62 ലുമായി വട്ടവട ഗ്രാമപഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നു.  മേല്‍പ്പറഞ്ഞ 58,62 ബ്ലോക്കുകളില്‍ ബീന്‍സ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറി കൃഷികളും വലിയ തോതില്‍ യൂക്കാലി നട്ടുവളര്‍ത്തിയതും ഉണ്ട്. ബ്ലോക്ക് നമ്പര്‍ 58 ന്റെയും ബ്ലോക്ക് നമ്പര്‍ 62 ന്റെയും പടിഞ്ഞാറെ അതിര്‍ത്തി ഇതുവരെ സര്‍വ്വെ ചെയ്ത് തിരിച്ചിട്ടില്ല.  ടി പടിഞ്ഞാറെ അതിര്‍ത്തിയിലാണ് മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള ഏകദേശം 1300 ഓളം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും വരുന്നത്.  സാങ്ച്വറിയുടെ ഉള്ളിലാണ് വട്ടവട പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കടവരി സ്ഥിതി ചെയ്യുന്നത്.  പഞ്ചായത്ത് അസസ്‌മെന്റ് പ്രകാരം കൃഷിയിടങ്ങളും ഏകദേശം 118 വീടുകളും ഈ പ്രദേശത്ത് ഉണ്ട്. കടവരി പ്രദേശവാസികളെ ഒഴിപ്പിച്ച് അവരുടെ ഭൂമി സാങ്ച്വറിയുടെ ഭാഗമാക്കുമെന്ന തെറ്റായ ധാരണ കാരണവും അതിര്‍ത്തി നിര്‍ണ്ണയിച്ചതിലെ അപാകത കാരണവും ആണ് പ്രസ്തുത സ്ഥലത്തെ ജനങ്ങള്‍ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. സാങ്ച്വറിയുടെ പടിഞ്ഞാറെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ ഇതുവരെ സാധിക്കാതെ പോയതും നേരില്‍ ബോധ്യപ്പെടുകയുണ്ടായി.  ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചും അവരെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും അവരുടെ അവകാശവാദങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചും സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നാണ് മനസ്സിലായിട്ടുള്ളത്.  വനംവകുപ്പ് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം ബ്ലോക്ക് നമ്പര്‍ 58, ബ്ലോക്ക് നമ്പര്‍ 62 മൊത്തം ചേര്‍ത്ത് 3200 ഹെക്ടറാണ് കുറിഞ്ഞിമല സാങ്ച്വറി ആയി പ്രഖ്യാപിച്ചിട്ടുളളത്.  പട്ടയസ്ഥലം ഒഴിവാക്കിയിട്ടുണ്ടെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്.  എന്നാല്‍ സെറ്റില്‍മെന്റ് ഓഫിസര്‍ കൂടിയായ ദേവികുളം സബ്കളക്ടര്‍ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ ബ്ലോക്ക് 62 (183 പാര്‍ട്ട്) എന്നാണ് പറഞ്ഞിട്ടുള്ളത്.  അത് അനുസരിച്ച് 62-ാംബ്ലോക്കിലെ പട്ടയസ്ഥലങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്.  3200 ഹെക്ടര്‍ എന്ന സംഖ്യ ഒരു ഏകദേശ കണക്ക് മാത്രമാണെന്ന് വിജ്ഞാപനത്തില്‍  വ്യക്തമാക്കിയിട്ടണ്ട്. അത് കുറയുകയോ കൂടുകയോ ചെയ്യാം.  അത് വ്യക്തമാക്കുന്നതിന് അളന്ന് തിരിക്കേണ്ടതുണ്ട്.  തങ്ങള്‍ കൃഷി ചെയ്തു വരുന്ന ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന് അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്.  അവിടെ താമസിക്കുന്ന കര്‍ഷകര്‍ അധികവും തമിഴ്‌വംശജരാണ്.  അവരുടെ ഒരു പ്രത്യേകത, അവരുടെ വാസസ്ഥലം എല്ലാം വളരെ അടുത്തടുത്ത് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്ന വീടുകളും എന്നാല്‍ കൃഷിഭൂമി വളരെ ദൂരെ മറ്റൊരിടത്തും ആയിരിക്കും എന്നതാണ്.  കടവരി ഭാഗത്ത് കുറേപേര്‍ അവരവരുടെ കൃഷിയിടത്തില്‍ ചേര്‍ന്ന് കുടില്‍കെട്ടി താമസിക്കുന്നുണ്ട് എങ്കിലും അവിടെ കൃഷി ചെയ്യുന്ന പലരും താമസിക്കുന്നത് അവിടെയല്ല എന്നതാണ് വസ്തുത.  കൃഷിയിടത്തിന് സമീപത്ത് വീടില്ലാത്തവരുടെ ഭൂമി എന്തായാലും നഷ്ടപ്പെടുന്ന പ്രചരണം അവിടെ ശക്തമായി തന്നെ നിലവിലുണ്ട്.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ്‌വംശജരായ ജനങ്ങള്‍ക്ക് നിയമാനുസൃതം പതിച്ചു കിട്ടിയിരുന്ന ഭൂമി പലരില്‍ നിന്നായി വാങ്ങി ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പോലും അട്ടിമറിച്ചു കൊണ്ട് വന്‍കിട ഗ്രാന്‍ഡിസ് പ്ലാന്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നവരും അവിടെയുണ്ട്.  എച്ച്.എന്‍.എല്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയും  അവിടെയുണ്ട്. കുറിഞ്ഞിമല സാങ്ച്വറിയ്ക്കായി വിജ്ഞാപനം ചെയ്തിട്ടുള്ള കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്ക്, വട്ടവട വില്ലേജിലെ 62-ാം ബ്ലോക്ക് എന്നിവിടങ്ങളിലായി കൂടല്ലാര്‍കുടി, കടവരി, കോവിലൂര്‍ തുടങ്ങി ഏഴുവാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്നുണ്ട്.  ഈ വാര്‍ഡുകളിലായി 2041 വീടുകളും 53 സര്‍ക്കാര്‍ സ്ഥാപനങ്ങളും 62 ആരാധനാലയങ്ങളും നാല് ബാങ്കുകളും 2 എടിഎം കൗണ്ടറുകളും  3 പച്ചക്കറി വിപണന കേന്ദ്രങ്ങളും ഉണ്ടെന്ന് വട്ടവട ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്.  ഇവയില്‍ സര്‍ക്കാര്‍ -സര്‍ക്കാരിതര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് സ്റ്റാന്റ്, ശ്മശാനം, ചെക്ക്ഡാമുകള്‍, റോഡുകള്‍ കുടിവെളള സംഭരണികള്‍ എന്നിങ്ങനെ 48 ഇനം വേറെയുണ്ട്.  കുറിഞ്ഞിമല സാങ്ച്വറി എന്ന് പേര് നല്‍കിയെങ്കിലും മൂന്നാറില്‍ നീലക്കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മേഖല ഇതല്ല.  ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതലായി നീലക്കുറിഞ്ഞി കാണപ്പെടുന്നത്.  അതുകൂടാതെ മൂന്നാറിലെ മറ്റ് പല മേഖലകളിലും 2018 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍, 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി അതിന്റെ മനോഹാരിത വിളിച്ചു പറഞ്ഞ് കൊണ്ട് ഭൂമിയെ പുഷ്പാവരണം അണിയിക്കും. വട്ടവട, കോവിലൂര്‍ മുതല്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കടവരി വരെയുള്ള യാത്ര ദുര്‍ഘടവും ശ്രമകരവുമായിരുന്നു.  മന്ത്രിമാര്‍ക്ക് പുറമെ എം.എല്‍.എമാര്‍ , മറ്റ് ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ ഒത്തിരി വ്യക്തികള്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാനായി ഒപ്പം വരുകയുണ്ടായി. കടവരിയിലെ ജനവാസകേന്ദ്രവും കടന്ന് രണ്ട് കിലോമീറ്റര്‍ കൂടി മുകളിലേക്ക് സഞ്ചരിച്ചാല്‍ തിരുവിതാംകൂര്‍ – തമിഴ്‌നാട് അതിര്‍ത്തി രേഖപ്പെടുത്തിയ വലിയ അതിരു കല്ലിനടുത്തെത്താം.  മന്ത്രിമാര്‍ ആരും തന്നെ ഈ ഭാഗത്ത് ഇതിന് മുമ്പ് വന്നിട്ടില്ലെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.  തങ്ങള്‍ തിരുവിതാംകൂര്‍ ആയിരിക്കുമ്പോ തന്നെ അവിടെ കുടിയേറിയവരാണെന്ന് അവര്‍ വാദിക്കുന്നുണ്ട്.  ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന് മുമ്പ്  പല ജനപ്രതിനിധികളും ഉറപ്പ് നല്‍കിയെങ്കിലും അത് ഇതുവരെ നടപ്പായില്ലെന്ന് അവര്‍ പരിതപിച്ചു.  എത്രയും വേഗം സര്‍വ്വെ പൂര്‍ത്തിയാക്കി അതിര് അളന്ന് തിരിക്കണമെന്നും നിയമാനുസൃത പട്ടയം ഉള്ളവരെയും കൈവശാവകാശമുള്ളവരെയും കര്‍ഷകരെയും സംരക്ഷിക്കുമെന്നും സാങ്ച്വറിയുടെ പേരില്‍ തങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.  വട്ടവടക്കാരുടെ ശരിയായ പ്രശ്‌നങ്ങളല്ല മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ വിലപിച്ചു.  അവിടെയാകമാനം നട്ടുവളര്‍ത്തിയിരിക്കുന്ന, മണ്ണിലെ ജലാംശം മുഴുവനും ഊറ്റിയെടുത്ത് വരള്‍ച്ച സമ്മാനിക്കുമെന്ന് പൊതുവെ ആശങ്കപ്പെടുന്ന യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് മരങ്ങളെ വേരുപോലും അവശേഷിപ്പിക്കാതെ പിഴുതുമാറ്റണമെന്ന കാര്യത്തില്‍ എല്ലാവിഭാഗം കര്‍ഷകരും ജനപ്രതിനിധികളും ഒറ്റക്കെട്ടായിരുന്നു.    അനധികൃത വന്‍കിട കൈയ്യേറ്റങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി, യൂക്കാലിപ്റ്റസ് ഗ്രാന്‍ഡിസ് മരങ്ങളെ പിഴുതുമാറ്റി, അവിടെ സ്വാഭാവിക വനങ്ങളും പുല്‍മേടുകളുമാക്കി മാറ്റിക്കൊണ്ട് പ്രകൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ആ പ്രദേശത്തെ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നുമാണ് വനംവകുപ്പ് ആഗ്രഹിക്കുന്നത്.  കേവലം കുറിഞ്ഞിപൂക്കള്‍ക്കോ വന്യമൃഗങ്ങള്‍ക്കോ വേണ്ടിമാത്രമല്ല കേരള സമൂഹത്തിന് ഒന്നാകെ തന്നെ ആവശ്യമായ സംഗതിയാണ് കുറിഞ്ഞിമല സാങ്ച്വറി സംരക്ഷിക്കപ്പെടുക എന്നത്. വട്ടവട, കോവിലൂര്‍, കൊട്ടക്കമ്പൂര്‍ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പ്രസ്തുത കുറിഞ്ഞി സാങ്ച്വറിയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കപ്പെട്ടാലും കടവരി പോലുള്ള സാങ്ച്വറിക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ ചെറുഗ്രാമങ്ങളെ അവര്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നത് ശ്രമകരമായ ഒരു പ്രശ്‌നമാണ്.  സാങ്ച്വറിക്കുള്ളില്‍ ഒരു പ്രത്യേക എന്‍ക്ലോസര്‍ (കെട്ടിയടക്കപ്പെട്ടിരിക്കുന്ന ഭൂമി) ആയി അവരെ നിലനിര്‍ത്തിയാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, റോഡ്, തുടങ്ങിയവ നടപ്പിലാക്കാന്‍ കഴിയാതെ വരും.  വനമേഖലയിലൂടെ അവയൊന്നും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലല്ലോ.  അത്തരത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ വനമേഖലയക്ക് പുറത്തേക്ക് കൊണ്ടുവന്ന്  പുനരധിവസിക്കാമെന്ന് കരുതിയാല്‍ നിരവധി വര്‍ഷങ്ങളായി തങ്ങള്‍ വസിച്ചു വരുന്ന വീടും ഫലഭൂയിഷ്ടമായ കൃഷിയിടവും വിട്ടുവരാന്‍ അവര്‍ ഒരുക്കവുമല്ല.  എന്തായാലും സാങ്ച്വറിയുടെ ഭൂമി അളന്ന് തിരിക്കാതെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും കഴിയില്ല.  ഭൂമി അളന്ന് തിരിക്കുന്നതിന് വനംവകുപ്പ് സെറ്റില്‍മെന്റ് ഓഫീസറായി നിശ്ചയിച്ചിട്ടുള്ള ദേവികുളം സബ് കളക്ടറുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിച്ചാല്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പരിഹരിക്കപ്പെടാതെ നില്‍ക്കുന്ന കുറിഞ്ഞിമല സാങ്ച്വറിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഒരു വര്‍ഷത്തിനകം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്.  കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുടിവെള്ളത്തിന്റെ ഉല്‍ഭവസ്ഥാനമായി നിലനില്‍ക്കുന്ന ഈ മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  അവിടെ പ്രകൃതിയെ നശിപ്പിക്കുന്ന വമ്പന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സ്ഥാപിക്കപ്പെട്ട് അതിനെ നശിപ്പിക്കാന്‍ അനുവദിച്ചുകൂടാ.  പശ്ചിമഘട്ടത്തിലെ ആനമുടി ഉള്‍പ്പെടെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങള്‍ ഇവിടെ മൂന്നാറിന് സമീപത്താണ് ഉള്ളത്.  കേരളത്തിന്റെ ഹരിതാഭവും സുഖകരമായ കാലാവസ്ഥയും മഴയുടെ വൈവിദ്ധ്യവും നിലനില്‍ക്കണമെങ്കില്‍ ഈ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.  ഈ മലനിരകള്‍ക്ക് ഉണ്ടാകുന്ന ഓരോ ഭീഷണിയും നമ്മുടെ നിലനില്‍പ്പിന് ദോഷം ചെയ്യും.  അത് മനസിലാകുമ്പോള്‍ കുറിഞ്ഞിമല സാങ്ച്വറിയുടെ വിജ്ഞാപനത്തിന്റെ പ്രസക്തി നമുക്ക് മനസിലാകും. അവിടെ അധിവസിക്കുന്ന ജനങ്ങളെയും കര്‍ഷകരെയും വേദനിപ്പിക്കാതെ അഭിപ്രായ സമന്വയത്തിലൂടെ ഇക്കാര്യത്തില്‍ ഒരു പരിഹാരം കാണാനും ജനങ്ങളുടെ സഹകരണത്തോടെ തന്നെ സാങ്ച്വറിയുടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനും കഴിയും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.


11 December 2017

ട്രാൻസ്​ജെണ്ടർ സമൂഹത്തിനായി പൊരുതുന്ന അഭിജിത്തിന്​ ബിഗ്​ സല്യൂട്ട്​



ഡോ.ശശി തരുർ എം.പിയെ പൊന്നാട അണിയിക്കുന്ന ഇൗ ആറ്​  പേർ ചരിത്രത്തിൽ ഇടം പിടിച്ചവരാണ്​. അടുത്ത കാലംവരെ പല പേരുകളിൽ പരിഹസിച്ച്​ മാറ്റി നിർത്തപ്പെട്ട ഒരു സമൂഹത്തിൻറ പ്രതിനിധികളാണ്​ ഇവർ ആറ്​ പേരും. ഇന്ന്​ അങ്ങനെയല്ല, അവരെ സമുഹം അംഗീകരിച്ചിരിക്കുന്നു. പുരുഷനും സ്​ത്രിയും മാത്രമല്ല, ട്രാൻസ്​ജെണ്ടർ എന്നൊരു വർഗം കൂടിയുണ്ടെന്ന്​ വൈകിയെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഇതിനായി അഭിജിത്ത്​ എന്ന ഫോ​േട്ടാഗ്രാഫർ നടത്തിയ നിശബ്​ദ പോരാട്ടവും കാണാതിരുന്ന കൂട.
സമൂഹത്തെ പേടിച്ച് പകൽ പോലും പുറത്തിറങ്ങി നടക്കാൻ കഴിയാതിരുന്ന  ഇരുണ്ട അധ്യായങ്ങൾക്ക് വിട പറഞ്ഞ് ആണിന്‍റെ മെയ്ക്കരുത്താർജ്ജിച്ചാണ്​ അവർ ആറ് പേരും വേദിയിലെത്തിയത്​.  സ്​ത്രിയിൽ നിന്നും പുരുഷനിലേക്കുള്ള ഇവരുടെ മാറ്റവും ജീവിതവും വർഷങ്ങളോളം ഒപ്പം നടന്ന്​ പകർത്തിയ അഭിജിത്ത്​ ഒരുക്കിയ ഫോ​േട്ടാപ്രദർശനം ഉൽഘാടനം ചെയ്യാനെത്തിയ ഡോ.ശശി തരൂരിനെ പൊന്നാടയണിക്കുന്നതാണ്​ ചിത്രം. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ മാൻ ഐ ആം എന്ന പേരിലാണ്​  മാധ്യമം കോഴിക്കോട്​ ബ്യൂറോയിലെ ഫോട്ടോഗ്രാഫർ പി.അഭിജിത്​ ഫോ​േട്ടാ പ്രദർശനം സംഘടിപ്പിച്ചത്​.
സാധാരണ ട്രാൻസ്​ വ്യക്​തികൾ പുരുഷനിൽ നിന്നും സ്​ത്രീകളായി മാറിയവരെ കുറിച്ചാണ്​ നമുക്ക്​ പരിചയം. എന്നാൽ,ഇവർ ആറ്​ പേരും പെൺകുട്ടികളായി പിറന്ന്​ പുരഷന്മാരായി മാറുകയായിരുന്നു. അതു കൊണ്ട്​ തന്നെയാണ്​ അവർ ഒരേ സ്വരത്തിൽ  പറഞ്ഞത്​^ഞങ്ങൾക്കും ഇനി ഇവിടെ ആണിനെപ്പോലെ ജീവിക്കണം,അതിന് നിങ്ങളുടെ സഹകരണം വേണം. സഹാനുഭൂതി ഞങ്ങൾക്ക് ആവശ്യമില്ല.
കേരളത്തിലെ ട്രാൻസ്​ജെണ്ടർ ചരിത്രം അടയാളപ്പെടുത്തു​േമ്പാൾ അഭജിത്തിനെ മാറ്റി നിർത്താൻ കഴിയില്ല. പത്ത്​ വർഷമായി കാമറയും തൂക്കി അവർക്കൊപ്പം, അവരുടെ വീടുകളിൽ അവരുടെ കൂട്ടായ്​മകളിൽ അഭിജിത്തുണ്ട്​. കൂവാഗത്ത്​ നടകുന്ന ട്രാൻസ്​ജെണ്ടർ ഉൽസവത്തിന്​ ചിത്രമെടുക്കാൻ പോയതോടെയാണ്​ അഭിജിത്തിലെ മനുഷ്യാവകാശ പോരാളി  ഉണർന്നത്​. അവിടെ പരിചയപ്പെട്ടവരുടെ കഥകളിൽ കണ്ണുനീരിൻറ നനവുണ്ടായിരുന്നു. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ, സമൂഹത്തെ ഭയന്ന്​ സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്​തവർ, പലതരം ചൂഷണത്തിന്​ വിധേയരാകുന്നവർ അങ്ങനെ പലതും കേട്ടറിഞ്ഞു. അവരെ ഇരുട്ടിൽ നിന്നും മുഖ്യധാരയി​േലക്ക്​ കൊണ്ട്​ വരികയെന്ന ലക്ഷ്യത്തോടെയാണ്​ 2007ൽ കോഴിക്കോട്​ ഇൻഡോർ സ്​റ്റേഡിയത്തിൽ ആദ്യ ഫോ​േട്ടാ പ്രദർശനം സംഘടിപ്പിച്ചത്​^ ഹിജ്​റ എന്ന പേരിൽ. കേരളത്തിലെ ട്രാൻസ്​ജെണ്ടർ സമൂഹത്തെ കുറിച്ചുള്ള ആദ്യ ഫോ​േട്ടാ പ്രദർശനമായിരുന്നു അത്​. ഇത്രയും ട്രാൻസ്​ജെണ്ടർ കേരളത്തിലു​ണ്ടോയെന്ന ചോദ്യം പൊതു സമുഹത്തിൽ നിന്നും ഉയർന്നത്​ ഇൗ പ്രദർശനത്തിലൂടെയാണ്​. ട്രാൻസ്​ജെണ്ടർ നയംരൂപീകരിക്കുന്നതിലേക്കുള്ള വഴിതുറക്കൽ കൂടിയായിരുന്നു ഇൗ പ്രദർശനം.
ഇതിൻറ തുടർച്ചയായാണ്​ 2010ൽ ഹിജഡ എന്ന പേരിൽ ഫോ​േട്ടാ ബുക്ക്​ പുറത്തിറക്കിയത്​. 2015ൽ തിരുവനന്തപുരം പ്രസ്​ ക്ലബ്ബിൽ സംഘടിപ്പിച്ച ഫോ​േട്ടാ ഡോക്യുമെൻററി മറ്റൊരു വഴിത്തിരവായി. അന്നത്തെ മന്ത്രി ഡോ.എം.കെ.മുനീർ ആയിരുന്നു ഉൽഘാടകൻ. കേരളത്തിൽ ട്രാൻസ്​ജെണ്ടർ ബില്ല്​ കൊണ്ടു വരുമെന്ന പ്രഖ്യാപനം നടത്തിയത്​ അന്നാണ്​. അതിനായി കേരളത്തിൽ ആദ്യമായി ട്രാൻസ്​ജെണ്ടർ സർവേ നടത്തി.
അവളിലേക്കുള്ള ദൂരമെന്ന ഡോക്യുമെൻററിയാണ്​ മറ്റൊരു ഏട്​. 2016ൽ തിരുവന്തപുരം പ്രസ്​ ക്ലബ്ബിലായിരുന്നു ആദ്യ പ്രദർശനം. പ്രദർശനം ഉൽഘാടനം ചെയ്​ത മന്ത്രി ഡോ. തോമസ്​ ​െഎസക്ക്​ ഡോക്യുമെൻററി മുഴുവൻ കണ്ടു. ഇ.എം.എസ്​ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നൽകമെന്നും വിദ്യാഭ്യാസ വായ്​പ നൽകുമെന്നും അറിയിച്ചാണ്​ മന്ത്രി മടങ്ങിയത്​. അടുത്ത ബജറ്റിൽ അത്​ പ്രതിഫലക്കുകയും ചെയ്​തു.
സംസ്​ഥാനത്തും ജില്ലകളിലും ട്രാൻസ്​ജെണ്ടർ ജസ്​റ്റിസ്​ ബോർഡ്​ നിലവിൽ വന്നു. കേരളത്തിൽ ട്രാൻസ്​ജെണ്ടറുകൾക്ക്​ ഇപ്പോൾ ധൈര്യമായി റോഡിലിറങ്ങാം. ആരും അവരെ പരിഹസിക്കില്ല.
എന്നാൽ,കേന്ദ്ര സർക്കാർ കൊണ്ടു വന്നിട്ടുള്ള ബില്ലിൽ ആശങ്കയുണ്ട്​. അത്​ ​​േഡാ.ശശി തരൂരിനോട്​ അവർ പറയുകയും ചെയ്​തു. ഫോ​േട്ടാ പ്രദർശന ഉൽഘാടന ചടങ്ങിൽ  ആ സമുഹത്തി​െൻറ സംഘടനാ നേതാക്കൾ അടക്കം ഒ​േട്ടറെ പേരുണ്ടായിരുന്നു. അവർ ഡോ.ശശി തരൂരുമായി സംസാരിച്ചു.
ഇതൊക്കെയാണെങ്കിലും അവർ പറയുന്ന ഒരു കാര്യമുണ്ട്^അഭിജിതേട്ടനാണ്​ ഞങ്ങളെ പൊതുസമൂഹത്തിന്​ പരിചയപ്പെടുത്തിയത്​. അതെ, കോഴിക്കോട്​ നടക്കാവ്​ സ്വദേശിയായ പി.ബാലകൃഷ്​ണൻ^ലഷ്​മിദേവിയുടെ മകനായ അഭിജിത്ത്​ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവർത്തകനാണ്​. അതിനും പുറമെ, ഒരു മാധ്യമ പ്രവർത്തകന്​ സമൂഹത്തിന്​ വേണ്ടി എന്ത്​ ചെയ്യാൻ കഴിയുമെന്ന്​ പുതിയ തലമുറക്ക്​ കാട്ടി കൊടുക്കുന്നു^സ്വന്തം പോക്കറ്റിലെ പണവും വായ്​പ വാങ്ങിയ പണവും അവർക്ക്​ വേണ്ടി ചെലവഴിക്കുന്നു. പ്രിയ സഹപ്രവർത്തകാ നിനക്ക്​ ഒരു ബിഗ്​ സല്യൂട്ട്​.

30 November 2017

കഞ്ചാവൂരിൽ നിന്നും കുറിഞ്ഞി വഴി വിവാദത്തിലേക്ക്​


http://www.madhyamam.com/opinion/open-forum/kurunji-garden-controversy-open-forum/2017/nov/29/386262
മാധ്യമം ഒാൺലൈനിൽ പ്രസിദ്ധികരിച്ചത്​



ഒരിക്കൽ ലഹരി പൂക്കുന്ന മലനിരകളായിരുന്നു കൊട്ടക്കൊമ്പുർ വില്ലേജിലെ കടവരിയും കമ്പക്കല്ലും. കഞ്ചാവ്​ കുടിയൊഴിപ്പിക്കപ്പെട്ടതോടെ മണ്ണിലുണ്ടായിരുന്ന നീലകുറിഞ്ഞിവിത്തുകൾ മുളച്ച്​ വന്നു. അതിനൊപ്പം യൂക്കാലി കൃഷിയുമായി വമ്പന്മാരും മലകയറി. വ്യാജ പട്ടയത്തിൻറ പിൻബലത്തിൽ സർക്കാർ ഭൂമിസ്വന്തമാക്കിയവരും അക്കൂട്ടത്തിലുണ്ട്​. പക്ഷെ, കഞ്ചാവിനെയും ലഹരി കൃഷി ചെയ്​തിരുന്നവരെയും കുടിയൊഴിപ്പിച്ച സർക്കാരിന്​ കയ്യേറ്റക്കാർക്ക്​ മുന്നിൽ ഒന്നും ചെയ്യാനായില്ല. ഭൂമിയുടെ രാഷ്​ട്രിയം ലാഭകച്ചവടമായി മാറിയതോടെ, കേരളത്തിൻറ അതിർത്തിയിലുള്ള വട്ടവട പഞ്ചായത്തും വട്ടവട, കൊട്ടക്കൊമ്പുർ വില്ലേജുകളും വിവാദങ്ങൾക്കൊപ്പമായി. 11 വർഷംമുമ്പ്​ നീലകുറിഞ്ഞി സ​േങ്കതമായി വട്ടവട വില്ലേജിലെ 62^ാം ബ്ലോക്കും കൊട്ടക്കൊമ്പുർ വില്ലേജിലെ 58^ാം ബ്ലോക്കും പ്രഖ്യാപിക്കപ്പെട്ടതോടെ ആരംഭിച്ച വിവാദം കെട്ടടങ്ങുന്നില്ല. പുറത്ത്​ ക​േയ്യറ്റത്തെ എതിർക്കു​ന്ന രാഷ്​ട്രിയ പാർട്ടികളുടെ നേതാക്കൾക്കും മത നേതാക്കൾക്കും വട്ടവട പഞ്ചായത്തിൽ ഏക്കർകണക്കിന്​ ഭൂമിയുണ്ട്​. എന്നാൽ, വട്ടവടക്കാരെ സംബന്ധിച്ചിടത്തോളം ഇതിൽ അൽഭുതമില്ല. കാരണം, ഭൂമിക്ക്​ വിലയില്ലാതിരുന്ന ഇവിടെ പണ്ട്​ മുതലെ ഗ്രാമക്കാരുടെ പക്കൽ വലിയ അളവിൽ ഭൂമിയുണ്ടായിരുന്നു.

എവിടെയാണ്​ വട്ടവട
ഇടുക്കി ജില്ലയിൽ മൂന്നാറും കടന്ന്​ വേണം വട്ടവടയിൽ എത്താൻ. തമിഴ്​നാട്​ അതിർത്തിയിലെ ടോപ്പ്​ സ്​റ്റേഷനും പിന്നിട്​ വേണം വട്ടവട പഞ്ചായത്തിൻറ ആസ്​ഥാനമായ കോവിലൂരിൽ എത്താൻ. സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള പഞ്ചായത്ത്​. എന്നാൽ, വരുമാനത്തിൽ ഏറ്റവും പിന്നിൽ. സർക്കാർ ഗ്രാൻറ്​ കൊണ്ട്​ മാത്രം ശമ്പളം നൽകുന്നു.
19^ാം നുറ്റാണ്ടിൽ തന്നെ പഴം,പച്ചക്കറി ഉൽപാദനത്തിൽ മുന്നിലായിരുന്നു വട്ടവട. ശീതകാല പച്ചക്കറികളും ഇംഗ്ലിഷ്​ പഴങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. പഴത്തോട്ടവും ചിലന്തിയാറും പഴങ്ങളുടെ കേന്ദ്രമായിരുന്നുവെങ്കിൽ മറ്റ്​ ഗ്രാമങ്ങൾ പച്ചക്കറിയിലായിരുന്നു മുന്നിൽ. ഇതിന്​ പുറമെ സൂചിഗോതമ്പും പ്രത്യേക ഇനം നെല്ലും വിളഞ്ഞിരുന്നു. ഇന്നിപ്പോൾ പച്ചക്കറി മാത്രം. ജലക്ഷാമമാണ്​ കൃഷിക്ക്​ തടസം. തമിഴ്​ വംശജരാണ്​ നാട്ടുകാർ. മലയാളികൾ ഏതാനം കുടുംബങ്ങൾ മാത്രം. തമിഴ്​ വംശരജായിരുന്നുവെങ്കിലും തമിഴ്​നാട്​ രാഷ്​​​ട്രിയത്തിന്​ അടിത്തറയുണ്ടായിരുന്നില്ല.
1987വരെ കോവിലൂ​ർ, പഴത്തോട്ടം എന്നിവിടങ്ങൾ വരെയായിരുന്നു ഗതാഗത സൗകര്യം. കോവർ കഴുതയായിരുന്നു ചരക്ക്​ നീക്കത്തിന്​ ഉപയോഗിച്ചിരുന്നത്​.  ലോകസഭ തെരഞ്ഞെടുപ്പ്​ ഇൗ പഞ്ചായത്ത്​ ഒന്നാകെ ബഹിഷ്​കരിച്ചതിന്​ ശേഷമാണ്​ വട്ടവടയിലേക്ക്​ വികസനം എത്തുന്നത്​.  റോഡ്​ വന്നു, പിന്നാലെ ബസും. ഇപ്പോഴും കോവിലൂർ വരെ മാത്രമാണ്​ ബസ്​ എത്തുന്നത്​. മറ്റ്​ ഗ്രാമങ്ങളിലേക്ക്​ റോഡുണ്ടെങ്കിലും ബസില്ല. അതിനാൽ, ചരക്ക്​ നീക്കത്തിന്​ ഇപ്പോഴും കോവർ കഴുതയെ തന്നെയാണ്​ ആശ്രയിക്കുന്നത്​.
ഒന്നിച്ച്​ ഒരിടത്ത്​ താമസവും മറ്റൊരു ഇടത്ത്​ കൃഷി ഭൂമിയും എന്നതാണ്​ രീതി. ഇവിടെ ശൗചാലയങ്ങൾ വന്നത്​ കഴിഞ്ഞ പഞ്ചായത്ത്​ ഭരണസമിതിയുടെ കാലയളവിലാണ്​. വീടിന്​ മുന്നിൽ ശൗചാലയം പാടില്ലെന്ന അന്തവിശ്വാസം തകർത്താണ്​ കക്കുസുകൾ നിർമ്മിച്ചത്​. അയിത്തം അവസാനിച്ചുവെങ്കിലും പഴമക്കാരിൽ ഇപ്പോഴും നിലനിൽക്കുന്നു. രാജാവും ഗ്രാമമുഖ്യനും മന്ത്രിയും ഒക്കെ കോവിലൂർ, വട്ടവട, കൊട്ടക്കൊമ്പുർ എന്നി ഗ്രാമങ്ങളിലുണ്ട്​.

കഞ്ചാവും കുറിഞ്ഞിമലയും
ഏറ്റവും കൂടുതൽ റവന്യു ഭൂമിയുണ്ടായിരുന്ന വില്ലേജുകളിലൊന്നാണ്​ കൊട്ടക്കൊമ്പുർ. ഗതാഗത, വാർത്താ വിനിമയസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഇവിടം കഞ്ചാവ്​ കൃഷിക്കാരുടെ താവളമായി മാറുന്നത്​ തങ്കമണി സംഭവത്തിന്​ ശേഷമാണ്​. തങ്കമണി സംഭവത്തോടെ കഞ്ചാവ്​ കൃഷി നാട്ടിൽ നിന്നും കാട്ടിലേക്ക്​ മാറി. ആ മേഖലയിൽ നിന്നുള്ളവരാണ്​ കമ്പക്കല്ലിലും കടവരിയിലും കൃഷി തുടങ്ങിയത്​. ഏറ്റവും മുന്തിയ ഇനം നീലചടയനാണ്​ ഇവിടെ വിളഞ്ഞത്​. കോടികളുടെ കഞ്ചാവും കഞ്ചാവ്​ ഒായിലും അതിർത്തി കടന്ന്​ രാജ്യാന്തര വിപണിയിൽ എത്തി. 1980കളിൽ എക്​സൈസ്​, വനം, പൊലീസ്​ സേനകളിൽ ആത്​മാർഥതയുള്ള ഉദ്യോഗസ്​ഥർ എത്തിയതോടെ ഇവിടെയും കഞ്ചാവ്​ വേട്ട ആരംഭിച്ചു. ഒാരോ തവണയും കഞ്ചവ്​ വേട്ട കഴിയു​േമ്പാൾ ലഹരി വിളയിക്കുന്നവർ കുടുതൽ ഉൾവനത്തിലേക്ക്​ വലിഞ്ഞു. 1980കളുടെ അവസാനം കഞ്ചാവ്​ വേട്ട ജനകീയ പങ്കാളിത്തത്തോടെയായി. പിന്നിട്​ 1993ലാണ്​ കഞ്ചാവ്​ കൃഷിക്കാരിൽ വംശിയകലാപം ഉണ്ടാകുന്നതും മാഫിയ തലവൻ ഭീകരൻ തോമയുടെ ഉടലും കബന്ധവും വട്ടവടയിലെ ചിലന്തിയാറിൽ രണ്ടിടത്തായി കാണപ്പെട്ടതും. അ​ത്​ കഞ്ചാവ്​ കൃഷിയുടെ ഉന്മലൂലനത്തിന്​ വഴിയൊരുക്കി. ഇതിനിടെ തന്നെ, കഞ്ചാവ്​ കൃഷി തടയാൻ കൊട്ടക്കൊമ്പുർ വില്ലേജിലെ ഭൂമി മുഴുവൻ വനം വകുപ്പിന്​ കൈമാാറാൻ ആലോചന നടന്നിരുന്നു.അതിന്​ ഒരു കാരണം കൂടിയുണ്ടായിരുന്നു. കുറച്ച്​ ഭാഗംനേരത്തെ തന്നെ വാറ്റിൽ പ്ലാ​േൻറഷന്​ വേണ്ടി വനം വകുപ്പിന്​ കൈമാറിയിരുന്നു. 1954 മുതൽ വാറ്റിൽ പ്ലാ​േൻറഷനുണ്ട്​.
കമ്പക്കല്ലും കവടരിയുമായിരുന്നു പ്രധാന കഞ്ചാവ്​ കേന്ദ്രങ്ങൾ എങ്കിലും കടവരിയിലേക്ക്​ ജിപ്പ്​ റോഡുള്ളതിനാൽ, വേട്ട പതിവായി. ഇതോടെയാണ്​ കമ്പക്കല്ലിലേക്കും ഉൾവനത്തിലേക്ക്​ കഞ്ചാവ്​ നീങ്ങിയത്​.

കടവരിയിൽ കുടിയേറ്റം
പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്ക്​ അനുമതി ലഭിച്ചാൽ, വനം വകുപ്പിന്​ പകരം ഭൂമിയായി നൽകാൻ നിർദേശിച്ചിരുന്നത്​ കവടരിയിലെ റവന്യൂ ഭൂമിയാണ്​. പിന്നിട്​ 1977 ജനുവരി ഒന്നിന്​ മുമ്പ്​ വനഭൂമിയിൽ പ്രവേശിച്ചവർക്ക്​ പട്ടയം നൽകു​േമ്പാൾ ബദൽവനവൽക്കരണത്തിന്​ നൽകാനും കൊട്ടക്കൊമ്പുരിലെ  ഭൂമി നിർദേശിക്കപ്പെട്ടു. ഒടുവിൽ ശബരിമലക്ക്​ വേണ്ടിയാണ്​ ഭൂമി നൽകിയത്​. ശബരിമല മാസ്​റ്റർ പ്ലാൻ പ്രകാരം ഭൂമി വിട്ടു കിട്ടാൻ 2005 ജൂൺ എട്ടിലെ സർക്കാർ ഉത്തരവ്​ പ്രകാരം കൊട്ടക്കൊമ്പുർ 58^ാം ​ബ്ലോക്കിലെ 305 ഏക്കർ വനം വകുപ്പിന്​ കൈമാറി. തുടർന്ന്​ ജൂലൈ ആറിലെ സർക്കാർ ഉത്തരവ്​ പ്രകാരം 58^ാം ബ്ലോക്കിലെ മുഴുവൻ റവന്യു ഭൂമിയും വനം വകുപ്പിന്​ സംരക്ഷണത്തിനായി കൈമാറി.
എന്നാൽ, തമിഴ്​നാടിനോട്​ ചേർന്നുള്ള കവടരിയിൽ കുിയേറ്റം ആരംഭിക്കുന്നത്​ തമിഴ്​നാട്​ വനം വകുപ്പിൻറ നേതൃത്വത്തിലാണ്​. അവരുടെ പ്ലാ​േൻറഷനിൽ ​ജോലിക്കെത്തിയ 40 ശ്രീലങ്കൻ അഭയാർഥികളെ 1974ൽ കടവരിയിൽ കുടിയിരുത്തി. അവർ തമിഴ്​നാട്​ അതിത്തിയിലെ ജോലിയും കൃഷിയുമായി കഴിഞ്ഞു. പിന്നിട്​ കു​ടിയേറ്റംവരുന്നത്​ 1980കളിൽ. അതും തമിഴ്​നാടിൽ നിന്നുള്ളവർ. ഒരു രാഷ്​ട്രിയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റം. അതോടെ കടവരി പാർട്ടി ഗ്രാമമായി മാറി. ഇവിടെയാണ്​ തമിഴ്​നാടിലെ മൈജോ ഗ്രൂപ്പ്​ 344.5 ഏക്കർ ഭൂമി 1998ൽ സ്വന്തമാക്കുന്നത്​. തമിഴ്​നാടിലെ ടി.ടി.വി. ദിനകരും മറ്റും ബന്ധമുള്ളതാണ്​ ഇൗ ​​ഗ്രൂപ്പെന്ന്​ പറയുന്നു. തദ്ദേശിയരായ 99 പേരുടെ പേരിൽ പട്ടയം വാങ്ങി അവ ചെന്നൈയിലെ സബ്​ രജിസ്​റ്റർ ആഫീസിൽ വെച്ച്​ മുക്​തിയാർ പ്രകാരം കൈമാറി കൊടുക്കുകയായിരുന്നു. പ്രാദേശിക നേതാക്കളായിരുന്നു ഇടനിലക്കാർ. എന്നാൽ, ഇൗ ഭൂമി പോക്ക്​ വരവ്​ ​െചയ്​ത്​ കൊടുത്തില്ല. കടവരിപാർക്ക്​ എന്ന വില്ല പദ്ധതി ആസൂത്രനം ചെയ്​ത്​ വിദേശ ഇൻഡ്യക്കാരിൽ നിന്നും വലിയ തുക വാങ്ങുകയും ചെയ്​തു. കടവരി പാർക്ക്​ അന്വേഷിച്ച്​ വന്നവർ കണ്ടത്​​ കുറിഞ്ഞ്​ ചെടികൾ. അതോടെ അവർ മടങ്ങി. ഇടക്കിടെ മൈജോ ഗ്രൂപ്പ്​ പ്രതിനിധികൾ എത്തുമെങ്കിലും അപ്പോഴെക്കും ഭൂമി പ്രാദേശിക നേതാക്കൾ കൈവശമാക്കി. യഥാർഥത്തിൽ കുറിഞ്ഞി സ​​േങ്കതത്തിന്​ തടസമാകുന്നതും ഇൗ ഭൂമിയാണ്​.ഇവർ ഇപ്പോഴും ഭൂമിവിൽക്കുന്നു.

കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിക്കുന്നു
1996ലെ കുറിഞ്ഞിപൂക്കാലത്താണ്​ കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിക്കുന്നത്​. മുന്നാറിൽ നടന്ന കുറിഞ്ഞി ഉൽസവത്തിൽ അന്നത്തെ മന്ത്രിമാരായ കോടിയേരി ബാലകൃഷ്​ണൻ, ബിനോയ്​ വിശ്വം എന്നിവർ പ്രഖ്യാപനം നടത്തി. രണ്ട്​ ബ്ലോക്കുകളിലെ ഏകദേശം 3200 ഹെക്​ടർ സ്​ഥലമാണ്​ സ​േങ്കതത്തിൽ ഉൾപ്പെടുന്നത്​. അതിർത്തിയും വിസ്​തൃതിയിലും സെറ്റിൽമെൻറ്​ ആഫീസറുടെ റിപ്പോർട്ട്​ വരുന്നതോടെ മാറ്റം വരുമെന്ന്​ അന്നത്തെ വിജഞാപാനത്തിൽ പറയുന്നു. 1972ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരം സ​േങ്കതമായി പ്രഖ്യാപിച്ച ഭൂമിയിലെ സ്വകാര്യ അവകാശം നിർണയിച്ച്​ അവ ഒഴിവാക്കുന്നതിനും തുടർന്ന്​ അവസാന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമാണ്​ ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ്​ ആഫീസറായി 2007 ഡിസംബറിൽ നിയമിക്കുന്നത്​.
കുറിഞ്ഞിമല സ​േങ്കതം പ്രഖ്യാപിച്ചതോടെയാണ്​  വിവാദത്തിന്​ തുടക്കമാകുന്നത്​. സ്വകാര്യ ഭൂമി സ്വന്തമാക്കിയവരും യൂക്കാലി വ്യവസായമാക്കിയവരും സ​േങ്കതത്തിന്​ എതിരെ രംഗത്ത്​ വന്നു. കൊട്ടക്കൊമ്പുർ വില്ലേജിൽ അപ്പോഴെക്കും വലിയ തോതിൽ ഭൂമി കൈമാറ്റം നടന്നിരുന്നു. ഏക്കറിന്​ 5000^10000 രൂപ മാത്രം വലിയുണ്ടായിരുന്ന സമയത്താണ്​ പലരും വലിയ തോതിൽ ഭൂമി വാങ്ങി കൂട്ടിയത്​. കൈവശ ഭൂമി വാങ്ങി അതിന്​ പട്ടയവും സംഘടിപ്പിച്ചവർ ഏറെയാണ്​. അക്കാലത്ത്​ ഭൂമി വിൽപന വർദ്ധിക്കാൻ മറ്റൊരു കാരണവുമുണ്ട്​. ബാങ്കിൽ നിന്നും വായ്​പയെടുത്ത കർഷകർക്ക്​ തിരിച്ചടവ്​ നോട്ടീസ്​ നൽകുകയും ജപ്​തി നടപടി ആരംഭിക്കുകയും ചെയ്​തു. ഇതോടെ കിട്ടിയ വിലക്ക്​ ഭൂമി വിറ്റ്​ തദ്ദേശിയവർ സ്​ഥലം വിട്ടു. ജോയ്​സ്​ ജോർജിൻറ കുടുംബവും വിവിധ രാഷ്​ട്രിയ കക്ഷികളുടെ നേതാക്കളും ഇത്തരത്തിൽ നൂറകണക്കിന്​ ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്​. മതട്രസ്​റ്റും ഇൗപട്ടികയിലുണ്ട്​. കൈവശ ഭൂമിക്ക്​ പട്ടയം ലഭിച്ചതിനെ ചൊല്ലിയും ആക്ഷേപം നിലനിൽക്കുന്നു.
തർക്കം വന്നതോടെയാണ്​ വി.എസ്​. സർക്കാരിൻറ കാലത്ത്​ ഭൂമി പരിശോധന നടത്താൻ തീരുമാനിച്ചത്​. അന്ന്​ ജോയ്​സ്​ ജോർജ്​ സി.പി.എമ്മിനോട്​ അടുത്തിട്ടില്ല. സ്​ഥലം സംബന്ധിച്ച്​ രേഖകളും തിരിച്ചറിയൽ രേഖകളും ഉണ്ടെങ്കിൽ ഭൂമിയിൽ അവകാശം നൽകുമെന്ന്​ അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ അറിയിച്ചു. ഇതുനസരിച്ച്​ സംയുക്​ത പരിശോധനക്കായി റവന്യൂ, വനം, സർവേ ഉദ്യോഗസ്​ഥരും ജനപ്രതിനിധികളും രാഷ്​ട്രിയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ആദ്യദിനം വട്ടവട 62^ാം ബ്ലോക്കിൽ പരിശോധന നടത്തി. അവിടെ കർഷകരുടെ പട്ടയ ഭൂമിയിലേക്ക്​ കുറിഞ്ഞിമലയുടെ അതിർത്തി കയ്യേറിയതായി കണ്ടെത്തി. അടുത്ത ദിവസം 58^ാം ബ്ലോക്കിൽ പരിശോധനക്ക്​ നിശ്ചയിച്ചു. എന്നാൽ, കവടരിയിലെ ജനപ്രതിനിധികൾ നിലപാട്​ മാറ്റി. ഇവിടെയാണ്​ പുതിയ തർക്കം ആരംഭിക്കുന്നത്​.
പിന്നിട്​ 58 ബ്ലോക്കിലെ ഭൂ ഉടമകളിൽ നിന്നും അപേക്ഷ വാങ്ങാൻ തീരുമാനിച്ചു. ഇതിനായി വില്ലേജ്​ ആഫീസറെ സ്​പെഷ്യൽ ആഫീസറായി നിയമിച്ചു. 110 അപേക്ഷകൾ ലഭിച്ചു. ഒരാൾക്ക്​ നാല്​ ഏക്കറിലെ അവകാശം എന്ന നിലയിലാണ്​ അപേക്ഷ നൽകിയത്​. കുടുതൽ ഭൂമിയുള്ളവർ കുടുംബാംഗങ്ങളുടെ പേരിൽ അപേക്ഷ നൽകി. എന്നാൽ, കവടരിക്കാർ അപ്പോഴും വിട്ടു നിന്നു. തുടർന്ന്​ കവടരിയിൽ നിന്നും ​ അപേക്ഷ വാങ്ങാൻ വില്ലേജ്​ ആഫീസർ തയ്യാറെടുക്കു​േമ്പാഴാണ്​ വില്ലേജ്​ ആഫീസിൽ വെച്ച്​ റവന്യു ജീവനക്കാർ ആക്രമിക്കപ്പെട്ടത്​.
പിന്നിട്​ സബ്​ കലക്​ടർ നേരിട്ട്​ തെളിവെടുപ്പിന്​ എത്തി. കടവരിയിൽ നിന്നുംമാത്രം180 അപേക്ഷകൾ എത്തി. ഒാരോ തവണയും സിറ്റിംഗിന്​ എത്തു​േമ്പാൾ അഭിഭാഷകനായ ജോയ്​സ്​ കുടുതൽ കുടുതൽ അപേക്ഷകൾ കൊണ്ടു വന്നത്​ ഏറ്റുമുട്ടലിന്​ കാരണമായി. 15 ഹിയറിംഗ്​ നടന്നതിൽ 33 പേരാണ്​ ഹാജരായത്​.
ഇതിനിടെയാണ്​ കുറിഞ്ഞിക്കാട്ടിൽ തീപിടിച്ചത്​. തുടർന്ന്​ 2014 ഏപ്രിലിൽ ചീഫ്​ സെക്രട്ടറി ഇ.​കെ.ഭരത്​ഭൂഷൺ സ്​ഥലംസന്ദർശിച്ചു. വിശദമായ പരിശോധനക്ക്​ അഡീഷണൽ ചീഫ്​ സെക്രട്ടറി നിവേദിത പി ഹരൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. മുഴുവൻ തണ്ടപ്പേരുകളും പരജശോധിക്കണമെന്നും വ്യാജ പട്ടയങ്ങൾ ക​ണ്ടെത്തണമെന്നുമാണ്​ 2015 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദേശം. മൂന്ന്​ മാസത്തിനകം തണ്ടപ്പേർ പരിശോധനയും നാല്​ മാസത്തിനകം സർവേയും പൂർത്തിയാക്കണമെന്നും നിർദേശിച്ചു. മുക്​തിയാർ അനുസരിച്ചുള്ള സ്​ഥലം വിൽപന നിരോധിക്കണമെന്നും നിർദേശിച്ചു. യൂക്കാലി നിരോധിക്കണമെന്നുമുള്ള നിർദേശങ്ങൾ അംഗികരിച്ച്​ സർക്കാർ ഉത്തരവിറങ്ങി. എന്നാൽ, ദേവികുളം സബ്​ കലക്​ടർ നടപടി തുടങ്ങിപ്പോഴെക്കും സമരവും തുടങ്ങി. ജോയ്​സ്​ ജോർജ​ിലെ രാഷ്​ട്രിയ മാറ്റമാണ്​ പ്രധാന കാരണം. ഭരണമാറ്റം കുടിയായതോടെ ഭൂമാഫിയയും യൂക്കാലി ലോബിയും കരുത്തരായി. അന്ന്​ തുടങ്ങിയ സമരം മറ്റൊരു രൂപത്തിൽ തുടരുന്നു. ഭൂമിയുടെ പേരിൽ മാത്രമല്ല, നട്ടു വളർത്തിയ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നും മരങ്ങൾ വളർത്താൻ അനുവാദം നൽകണമെന്നും ആവശ്യമുണ്ട്​.
കോടികളുടെ യൂക്കാലിയാണ്​ ഇൗ പഞ്ചായത്തിൽ നിന്നും വെട്ടികൊണ്ടു പോകുന്നത്​. പ്രത്യേകിച്ച്​ പരിചരണം വേണ്ടതില്ലെന്നാണ്​ യൂക്കാലിയുടെ പ്രത്യേകത. തദ്ദേശിയർക്കും യൂക്കാലിയാണ്​ താൽപര്യം.സ്​ഥിരമായി കൈനിറയെ പണം. ഇതേസമയം, യൂക്കാലി നാടിന് സമ്മാനിച്ചത്​ വരൾച്ചയും.
കാവേരി ട്രൈബ്യുണൽ അനുമതി നൽകിയ വട്ടവടയാറിലെ വെള്ളമാണ്​ ഇൗ നാട്ടുകാരുടെ ആശ്രയം. അതിനായതി ചെക്ക്​ ഡാം പണിയാനുള്ള ശ്രമം വനം വകുപപ്​ തടസപ്പെടുത്തിയതും നാട്ടുകാർ വനം വകുപ്പിന്​ എതിരാകാൻ കാരണമായി.
കുറിഞ്ഞി
കുറിഞ്ഞി ചെടികൾ പലതരമുണ്ട്​. ഇതിൽ 12 വർഷത്തിലൊരിക്കൽ പുക്കുന്ന നീലകുറിഞ്ഞിക്കാണ്​ പ്രാധാന്യം. ഇത്​ ഏറ്റവും കുടുതലുള്ളത്​ വട്ടവടയിലും ഇരവികുളത്തും കൊടൈക്കനാലിലുമാണ്​. സമുദ്ര നിരപ്പിൽ നിന്നും 1800 മുതൽ ഉയരത്തിലാണ്​ കുറിഞ്ഞി വളരുക. മുമ്പ്​ മൂന്നാർ മേഖലയിൽ ധാരാളം കുറിഞ്ഞി ഉണ്ടായിരുന്നു. ഭൂമി കയ്യേറിയതോടെ ചെടികൾ കത്തിച്ച്​ കളഞ്ഞു. പൂക്കുന്നതിന്​ മുമ്പായി കത്തിച്ചാൽ, അതിൻറ വിത്ത്​ പോലും ഉണ്ടാകില്ല. പൂക്കുന്നതോടെ ചെടികളും അവസാനിക്കും. മണ്ണിൽ വീഴുന്ന വിത്ത്​ അടുത്ത മഴക്കാലത്ത്​ പൊട്ടി മുളച്ച്​ വീണ്ടും ഒരു ആയുസ്​ കൂടി.
വട്ടവട അഥവാ സംരക്ഷിത പ്രദേശം
ഇ​ത്രയേറെ വന്യജീവി സ​േങ്കതങ്ങൾ സ്​ഥിതി ചെയ്യുന്ന പഞ്ചായത്ത്​ രാജ്യത്തുണ്ടാകില്ലായെന്നതാണ്​ വട്ടവടയുടെ പ്രത്യേകത. കുറിഞ്ഞിമല സ​​േങ്കതത്തിന്​ പുറമെ, ആനമുടിചോല (7.5 ചതുശ്ര കിലോമീറ്റർ), പാമ്പാടുംചോല (1.3180 ചതുരശ്ര കിലോമീറ്റർ) ദേശിയ ഉദ്യാനങ്ങളും ഇൗ പഞ്ചായത്തിലാണ്​. സംസ്​ഥാനത്തെ ഏറ്റവും ചെറിയ സ​േങ്കതമാണ്​ പാമ്പാടുംചോല.  കുറിഞ്ഞിമല സ​േങ്കതത്തോട്​ ചേർന്ന്​ തമിഴ്​നാടി​​െൻറ കൊടൈക്കനാൽ വന്യജീവി സ​േങ്കതവു​ം ആനമല കടുവ സ​േങ്കതവും സ്​ഥിതി ചെയ്യുന്നു. കേരളത്തിൻറ ചിന്നാർ വന്യജീവി സ​േങ്കതവും കുറിഞ്ഞിമലയുമായി അതിർത്തി പങ്കിടുന്നു. ചിന്നാറിനോട്​ ചേർന്ന്​ ഇരവികുളം ദേശിയ ഉദ്യാനവും. വട്ടവട പഞ്ചായത്തിലെ ഇടിവരചോല, പുല്ലരടിചോല എന്നിവ 20^ാംനൂറ്റാണ്ടിൻറ തുടക്കത്തിൽ തന്നെ റിസർവ്​ വനമായി​ പ്രഖ്യാപിച്ചിരുന്നു. കുറിഞ്ഞിക്ക്​ പുറമെ പത്തിനം സസ്​തനികൾ, നൂറിനം ചിത്ര ശലഭങ്ങൾ, 119 ഇനം ഒൗഷധസസ്യങ്ങൾ, 14 ഇനംപക്ഷികൾ, 50 ഇനം പുല്ലുകൾ എന്നിവയും ഇവിടുണ്ട്​.


17 November 2017

‘അധികാരത്തിൻറ ശീതളഛായ’യിൽ നിന്നും 2017 ൽ എത്തു​േമ്പാൾ



ഇൻഡ്യക്കാകെ പ്രതീക്ഷ നൽകിയാണ്​ 1980ൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിൽ വന്നത്​. അതു വരെ പര്​സപരം പോർ വിളിച്ചിരുന്നവർ, വിമോചന സമരത്തിന്​ കാരണമായ ഒരണ സമരത്തിലൂടെ സി.​െഎ.എ ഏജൻറുമാർ എന്ന ആരോപണത്തിന്​ വിധേയരായവർ,  ഒരു കാലഘട്ടത്തിൽ കാമ്പസുകളിൽ നേർക്ക്​ നേർ പൊരുതിയവർ...അവർ കോൺഗ്രസും (അന്ന്​ കേരളത്തിൽ ശക്​തമായ കോൺഗ്രസ്​ എ.കെ.ആൻറണിയും വയലാർ രവിയും നേതൃത്വം നൽകിയതായിരുന്നു),സി.പി.എമ്മും സി.പി.​െഎയും കേരള കോൺഗ്രസും ഒരു  മുന്നണിക്ക്​ കീഴിലെത്തി. യഥാർഥത്തിൽ ഇങ്ങനെയൊരുമുന്നണി എന്ന ആശയം വന്നത്​ പോലും കോൺഗ്രസിൻറ ഭാഗത്ത്​ നിന്നായിരുന്നു. 1978ലെ കോൺഗ്രസ്​ പിളർപ്പിനെ തുടർന്നാണ്​ ഇൗ ആശയം  കെ.പി.സി.സി മുന്നോട്ട്​ വെച്ചത്​ എന്നാണ്​ ഒാർമ്മ. എന്തായാലും വൈകാതെ ചർച്ചക്ക്​ ചൂടേറി. 1979ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പലയിടതതും കോൺഗ്രസ്​^യുവും സി.പി.എമ്മും ഒന്നിച്ച്​ മൽസരിച്ചു. കോൺഗ്രസ്​^​െഎ, ജനത, മുസ്ലിം ലീഗ്​ എന്നിവർ മുന്നണിയായും മൽസരിച്ചു. പിന്നിട്​ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം കൊള്ളുന്നതും പി.കെ.വിയുടെ മുഖ്യമന്ത്രി സ്​ഥാനം വേണ്ടെന്ന്​ വെച്ച്​ സി.പി.​െഎ ഇടതു മുന്നണിയിൽ എത്തി. ഇതോടെ തെരഞ്ഞെടുപ്പിന്​ അവസരം ഒരുങ്ങി. 1980​ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സി.പി.എം, കോൺഗ്രസ്​^യു, കേരള കോൺഗ്രസ്​^എം, അഖിലേന്ത്യ മുസ്ലിം ലീഗ്​,ആർ.എസ്​.പി എന്നിവരൊക്കെ ഉണ്ടായിരുന്നു. മറുഭാഗത്ത്​ കരുണാകരൻറ നേതൃത്വത്തിൽ ​െഎക്യ മുന്നണിയും. 1967ന്​ ശേഷം സി.പി.എമ്മിന്​ മുഖ്യമന്ത്രി സ്​ഥാനം ലഭിച്ചു. ഇ.കെ.നായനാർ അധികാരത്തിലെത്തി.
എന്നാൽ,മോരും മുതിരയും പോലെയായിരുന്നു കാര്യങ്ങൾ. 1981ൽ ദേശാഭിമാനി പത്രത്തിൽ അധികാരത്തിൻറ ശീതളഛായ എന്ന പേരിൽ തായാട്ട്​ ശങ്കരൻ എഴുതിയ ഉയർത്തിയ കോലാഹാലം ചെറുതല്ല. പിറ്റേന്ന്​ മറുപടിയുമായി വീക്ഷണം എത്തി. ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങളിലുടെ പ്രവർത്തകർ പരസ്​പരം പോർ വിളിച്ചില്ലെങ്കിലും പത്രങ്ങൾ പരസ്​പരം ലേഖനം എഴുതി. തായാട്ട്​ ശങ്കരൻറ ലേഖനത്തെ ഇ.എം.എസ്​ തള്ളിപറഞ്ഞുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. മുന്നണിയുശട തകർച്ചയാണ്​ അന്ന്​ കണ്ടത്​. അപ്പോഴെക്കും കോൺഗ്രസ്​^എസ്​ ആയി മാറിയിരുന്ന കോൺഗ്രസ്​^യു പിളർന്നു. ഒരു വിഭാഗ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ ഇടതു മുനണിയിൽ തുടർന്നു.(പിന്നിട്​ ചാക്കോയും വിട്ടു. കടന്നപ്പളളിയും എ.സി.ഷൺമുഖദാസും എ.​െക.ശശീന്ദ്രനും തുടർന്നു) കേരള കോൺഗ്രസും മുന്നണി വിട്ടു. അന്നും വല്യേട്ടൻ  വിവാദമൊക്കെ ഉയർന്നിരുന്നു.
11 വർഷത്തിന്​ ശേഷം അധികാര രാഷ്​ട്രിയത്തിലേക്ക്​ സി.പി.എം തിരിച്ച്​ വന്നു, കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ്​^​െഎക്ക്​ ​ പ്രാധാന്യം വന്നു എന്നതാണ്​ 1980ലെ പരീക്ഷണത്തിലുടെ ലഭിച്ച നേട്ടം. കമ്മ്യൂണിസ്​റ്റ്​ വിരുദ്ധരെ ഒന്നിപ്പിക്കാൻ കെ.കരുണാകരന്​ കഴിഞ്ഞു.
2017 ൽ എത്തു​േമ്പാൾ സമാനമായ അന്തരീക്ഷം. വീണ്ടും വല്യേട്ടൻ വിവാദം ഉയരുകയാണ്​. സി.പി.എമ്മിൻറയും സി.പി.​െഎയുടെയും മുഖപത്രങ്ങൾ നേർക്ക്​ നേർ ലേഖനങ്ങ​ളിലൂടെ പോർ വിളിക്കുന്നു. ഇടക്ക്​ നിന്നും എണ്ണ യൊഴിക്കാൻ വേറെ ചില പത്രങ്ങളും. ആകെ ബഹളമയം. എന്നാൽ, ഇത്തവണത്തെ ഇൗ ബഹളങ്ങൾക്ക്​ പിന്നിൽ മറ്റ്​ ചിലത്​ കൂടിയില്ലേയെന്ന്​ സംശയം. രണ്ട്​ പാർട്ടികളിലും സമ്മേളനങ്ങൾ നടക്കുകയാണല്ലോ? ആർക്കാണ്​ ആധിപത്യം എന്നൊരു അജണ്ട ഉണ്ടോയെന്നൊരു സംശയം. കഴിഞ്ഞ പാർട്ടി കോൺഗ്രസ്​ സമയത്തും സി.പി.എം^സി.പി.​െഎ വിവാദം ഉണ്ടായിരുന്നല്ലോ? അന്ന്​ ഇവൻറ്​ മാനേജ്​​െൻറായിരുന്നു വിഷയം. എവിടെയോ എന്തൊക്കെയോ........

25 October 2017

ഗാന്ധിഭവൻ എന്ന ഗ്രാമം


കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചു. പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്​കാരം സ്വീകരിക്കുന്നതിനാണ്​ പോയത്​. ചടങ്ങ്​ ആരംഭിക്കുന്നതിന്​ മുമ്പ്​ തന്നെ അവിടെ എത്തിയതിനാൽ, ഗാന്ധിഭവനിലുടെ ഒരു യാത്ര നടത്തി. സാധാരണ ഒരു അഗതി മന്ദിരം എന്നതായിരുന്നു ഗാന്ധി ഭവനനെ കുറിച്ചും എൻറ ധാരണ. എന്നാൽ​ 1300​​ലേറെ അന്തേവാസികളെ ഒരു പരാതിയും ഇല്ലാതെ സംരക്ഷിക്കുന്ന മാനേജ്​മെൻറ്​ മാജിക്​ അതിശയിപ്പിക്കുന്നതാണ്​. ആറ്​ മാസംപ്രായമുള്ള കുഞ്ഞ്​ മുതൽ 104 വയസുള്ള അമ്മ വരെയുള്ളവരാണ്​ അന്തേവാസികൾ. ഇവരിൽ പ്രശസ്​തരുണ്ട്​, സിനിമ നടനുണ്ട്​, ഗായകരുണ്ട്​, രാഷ്​ട്രിയ നേതാക്കളായിരുന്നവരുണ്ട്​. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുണ്ട്​. മക്കളും ചെറുമക്കളുമടക്കം എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരാണ്​ ഇവിടെ കഴിയുന്നത്​.
ഫണ്ടിൻറ ലഭ്യത മാറ്റി വെക്കാം. എങ്കിലും പലതരത്തിലുള്ളവരെ മാനേജ്​ ചെയ്യുക എന്നത്​ നിസാര കാര്യമല്ലല്ലോ. പലതരം രോഗമുള്ളവർ, മാനസിക വൈകല്യമുള്ളവർ, ബുദ്ധിവൈകല്യമുള്ളവർ, കിടപ്പിലായവർ അങ്ങനെ ആ പട്ടിക നീളുന്നു. പലർക്കും ഭക്ഷണം വാരികൊടുക്കുന്നു. ചിലരൊയൊക്കെ വീൽചെയറിലാണ്​ കൊണ്ട്​ പോകുന്നത്​. ചിലർ അവർ അറിയാതെ മലമൂത്ര വിസർജനം നടത്തുന്നവരാണ്​. എങ്കിലും ക്ഷമയോടെ അതൊക്കെ വൃത്തിയാക്കാനും  ഗാന്ധിഭവൻ എന്ന ഗ്രാമം കഴുകി വൃത്തിയായി സൂക്ഷിക്കാനും സന്നദ്ധ പ്രവർത്തരെ പോലെ ജീവനക്കാർ റെഡിയാണ്​. അന്തേവാസികൾക്ക്​ വേണ്ടിയുള്ള ബാർബർ ഷാപ്പ്​ മറ്റൊരു കാഴ്​ചയായിരുന്നു.
ഇതൊരു ​ഗ്രാമമാണ്​. അവർക്ക്​ മാത്രമായി ഗ്രാമ പഞ്ചായത്തുണ്ട്​. ഒമ്പത്​ വാർഡുകളായി തിരിച്ച്​ അംഗങ്ങളെയും അവരിൽ നിന്നും പ്രസിഡൻറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്​. പഞ്ചായത്ത്​ ആഫീസും പ്രവർത്തിക്കുന്നു.ചെറുതെങ്കിലും മനോഹരമായ ഗ്രന്ഥശാലയും  പുസ്​തകശാലയും പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങൾക്കായി അംഗൻവാടി, സ്​പെഷ്യൽ സ്​കുൾ എന്നിവയും ഗാന്ധിഭവൻറ ഭാഗമാണ്​. അന്തേവാസികൾ ഉൽപാദിപ്പിക്കുന്ന വിവിധ തരം സോപ്പുകൾ, അച്ചാറുകൾ തുടങ്ങിയവയുടെ വിൽപനക്കായി പ്രത്യേക സ്​റ്റാളുണ്ട്​.
ഭക്ഷണത്തിനേക്കാൾ കുടുതൽ തുക ചെലവഴിക്കുന്നത്​ മരുന്നുകൾക്ക്​ വേണ്ടിയാണെന്നാണ്​ പറഞ്ഞത്​. അപ്പോലപ്പതി, ആയൂർ​വേദ, ഹോമിയോ ഡോക്​ടർമാരും മെഡിക്കൽ സ്​റ്റോറമുണ്ട്​. നിയമസഹായ കേന്ദ്രങ്ങളാണ്​ ഏറെ ആകർഷകമായി തോന്നിയത്​. വനിത കമ്മിഷൻ, നിയമസഹായ വേദി എന്നിവയുടെ നിയമസഹായ കേന്ദ്രങ്ങളും അഭിഭാഷകരുമുണ്ട്​. അന്തേവാസികൾക്ക്​ നിയമസുരക്ഷയും ഉറപ്പ്​ നൽകുന്നു.
ഇത്​ മറ്റൊരു ലോകമാണ്​. നേരത്തെ സൂചിപ്പിച്ചത്​ പോലെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരുടെ ലോകം. ജനിച്ച വീട്ടിൽ അന്യരെ പോലെ കഴിയേണ്ടി വന്നവർ ഗാന്ധിജിയുടെ തണലിൽ പരസ്​പരം സ്​നേഹിച്ചും വിശേഷങ്ങൾ പങ്കിട്ടും കഴിയുന്നു.അവർക്ക്​ വിഭവ സമൃദ്ധമായ ഭക്ഷണവും മരുന്നും പരിചരണവും നൽകാൻ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലുർ സോമരാജനും ഭാര്യയും മകനും മാത്രമല്ല, ഒരു സംഘം തന്നെയുണ്ട്​ ഇവിടെ.
ഗാന്ധി ഭവൻ സന്ദർശിക്കുന്നവർക്ക്​ ഗാന്ധിഭവൻറ സ​ന്ദേശവുമായി അവരുടെ തന്നെ ചിത്രമെടുത്ത്​ ലാമിനേറ്റ്​ ചെയ്​ത്​ നൽകുന്നത് മറ്റൊരു സന്ദേശം എന്നും പറയാതെ വയ്യ. ഗാന്ധിഭവൻ സന്ദർശനം ഒരിക്കലും മറക്കാതിരിക്കാൻ.

19 October 2017

കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ



ഒാരോ കുറിഞ്ഞിക്കാലം കഴിയു​േമ്പാഴും ഒരു വ്യാഴവട്ടത്തേക്കുള്ള ഓർമ്മകൾ ബാക്കി വെച്ച്  അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സംഘമുണ്ട്​. എവിടെയെങ്കിലും വ്യാപകമായി കുറിഞ്ഞി  പൂത്താൽ മാത്രം ഒത്ത്​ കൂടുകയും അതു കഴിഞ്ഞാൽ സ്വന്തം ജോലികളിൽ മുഴുകുകയും ചെയ്യുന്ന സേവ്​ കുറിഞ്ഞി കൂട്ടായ്​മ. കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് ഇൗ കുറിഞ്ഞിക്കൂട്ടായ്മ.  മൂന്നാർ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാൽ  കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലിൽ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി കൂട്ടായ്​മയാണ്​.
അടുത്ത വർഷം കുറിഞ്ഞി പൂക്കുന്നതോടെ ഇൗ സംഘം വീണ്ടും ഒത്ത്​ ചേരും. അതിന്​ മുമ്പായി ഒരുപക്ഷെ, കുറിഞ്ഞി യാത്ര ഉണ്ടായേക്കാം. കാരണം ഇതാദ്യമായി കുറിഞ്ഞയെ അന്തർദേശിയ തലത്തിൽ  മാർക്കറ്റ്​ ചെ യ്യാനുള്ള ശ്രമമാണ്​ ടൂറിസം വകുപ്പ്​ നടത്തുന്നത്​. അതിനാൽ, സംരക്ഷണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കേണ്ടി വരും. ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണം.
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയിൽ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറിൽ കൊഡൈക്കനാലിൽ എത്തിയത്. അവരിൽ ദമ്പതികളുണ്ടായിരുന്നു. വിദ്യാർഥികളും മാധ്യമ പ്രവർത്തകരും തുടങ്ങി  പരിസ്​ഥിതി പ്രവർത്തകർ വരെ ഉണ്ടായിരുന്നു. കഞ്ചാവൂർ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറിൽ സമാപിച്ചത്. യാത്രക്കൊടുവിൽ സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിലും രൂപം കൊണ്ടു.
2014ൽ  മൂന്നാർ മേഖലയിൽ കുറിഞ്ഞി പൂക്കൾ നീലിമ പകർന്നപ്പോൾ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നത്​. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലായിരുന്നു. ഒക്ടോബർ രണ്ടിന് കൊടൈക്കനാൽ ബോട്ടു ക്ലബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറിൽ സമാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ജയലളിതയുടെ ജയിൽ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങൾ ഒത്തു ചേർന്നത്.
2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരിൽ കാണുന്നവരായിരുന്നു പലരും. 25വർഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലർ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്.
 ബാങ്കുദ്യോഗസ്​ഥനായിരുന്ന ജി.രാജ്​കുമാറിൽ  കേന്ദ്രികരിച്ച്​ പ്രവർത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയിൽ കൗൺസിലിൻറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാൽ സ്​റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂർ, വട്ടവട വില്ലേജുകളിലെ 3200 ഹെക്ടർ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. സസ്യത്തിന്​ വേണ്ടിയുള്ള രാജ്യത്തെ മൂന്നാമത്തെ സ​േങ്കതവും. 2006ൽ തന്നെയാണ് തപാൽ വകുപ്പ് കുറിഞ്ഞി സ്​റ്റാമ്പ് പുറത്തിറക്കിയതും. ഇൗ സംഘത്തിൽപ്പെട്ട പി.ശ്രീകുമാറാണ്​ കുറിഞ്ഞി ഡോക്യമെൻററി പുറത്തിറക്കിയിട്ടുള്ളത്​. കേരളത്തിൽ എവിടെയൊക്കെ കുറിഞ്ഞിയുണ്ടോ അതിൻറ വിവരങ്ങളുണ്ട്​.
കഴിഞ്ഞ തവണ കുറിഞ്ഞി പൂത്ത മൂന്നാർ മലനിരകളിൽ ഇനിയും നീലകടൽ വിരിയാൻ 2026വരെ കാത്തിരിക്കണമെങ്കിലും 2006ൽ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും അടുത്ത വർഷം കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കൾക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാൽ, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികൾ കുറിഞ്ഞി കാണാൻ എത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും 1300 മുതൽ 2400 വരെ മീറ്റർ ഉയരത്തിലുള്ള പുൽമേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവർ തന്നെ കൗതുകത്തിെൻറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്​ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവർ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്​തി നേടിയ  നീലഗിരിയിൽ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയിൽ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലിൽ വാറ്റിൽ പ്ലാെൻറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതൽ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാർ മേഖലയിലാണ്.


16 October 2017

വീണ്ടും ഒരു കുറിഞ്ഞിക്കാലം എത്തു​േമ്പാൾ


 പശ്ചിമഘട്ട മലനിരകൾ ഒരിക്കൽ കൂടി നീലകുറിഞ്ഞിയെ  വരവേൽക്കാൻ ഒരുങ്ങുകയാണ്​.അടുത്ത വർഷം മെയ്​ മുതൽ പഴനിമലയിൽ കുറിഞ്ഞി വിരിയും.
ഇതാദ്യമായി  ഇത്തവണ കുറിഞ്ഞിക്കാലത്തെ വരവേൽക്കാൻ ഒരു  വർഷം മു​േമ്പ മൂന്നാർ കേ​ന്ദ്രീകരിച്ച്​ ഒരുക്കങ്ങൾ തുടങ്ങി. ടൂറിസമാണ്​ ലക്ഷ്യം. കുറിഞ്ഞികച്ചവടം മുന്നിൽ കണ്ട്​ ഹോട്ടലുകൾ ധാരാളമായി ഉയരുന്നുണ്ട്​. ഇനിയൊരു കുറഞ്ഞിക്കാലം വരുന്നത്​ 2026ലാണ്​. അപ്പോഴെക്കും കുറിഞ്ഞി ഉണ്ടാകുമോ?അതിനാൽ ഇത്തവണ കടുംവെട്ടായിരിക്കും ലക്ഷ്യം.
ഇൻഡ്യയിൽ ഇത്രയും കുറിഞ്ഞിക്കാട്​ മറ്റെങ്ങും ഇല്ലെന്നതാണ്​ മുന്നാറിൻറ പ്രത്യേകത. എന്നാൽ, ഒാരോ സീസൺ കഴിയു​േമ്പാഴും കുറിഞ്ഞിയുടെ വിസൃതി കുറഞ്ഞ്​ വരുന്നുവെന്നതാണ്​ വസ്​തുത.ഇപ്പോൾ യഥാർഥത്തിൽ കുറിഞ്ഞി അവശേഷിക്കുന്നത്​ സംരക്ഷിത മേഖലയിൽ മാത്രമാണ്​^ ഇരവികുളത്തും കുറിഞ്ഞി സ​​േങ്കതത്തിലും. 1970ൽ അങ്ങനെയായിരുന്നില്ല, മുന്നാറിൽ എവിടെ നോക്കിയാലു​ കുറിഞ്ഞി കാണുമായിരുന്നു. 1982ലും വലിയ മാറ്റം വന്നില്ല.എന്നാൽ, 1989ൽ സ്​ഥിതി മാറി. കുറിഞ്ഞി കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പത്രങ്ങളാണ്​ കാരണം. വന്നവർ വെറും കയ്യോടെ മടങ്ങിയില്ല, അവർ കുറിഞ്ഞി ചെടിയുമായി മലയിറങ്ങിയപ്പോൾ മറ്റൊരുകുട്ടർ മൂന്നാറിൻറ കച്ചവട സാധ്യത മുന്നിൽ കണ്ട്​ മലകയറി. കുറിഞ്ഞി കാടുകൾ റിസോർട്ടുകളാക്കിയത്​ അവരാണ്​. മുന്നാറിന്​ സമീപത്തെ പോതമേട്​,ലോകാർഡ്​ ഗ്യാപ്പ്​, മുന്നാർ ടൗണിലെ ഭാഗങ്ങൾ, വട്ടവട എന്നിവിടങ്ങളൊക്കെ കുറിഞ്ഞികാടുകൾ ആയിരുന്നു. എന്നാൽ, ഇന്ന്​ അവിടെ കുറിഞ്ഞി ചെടി പേരി​ന്​ പോലുമില്ലെന്ന്​ ദു:ഖത്തോടെ പറയേണ്ടി വരുന്നു.
ഇത്തവണ കുറിഞ്ഞിയെ വരവേൽക്കാൻ സർക്കാർ തലത്തിൽ വലിയ ഒരുക്കങ്ങൾ നടത്തുകയാണ്​. മുന്നാറിലേക്ക്​സമാന്തര പാത, വാഹനങ്ങൾക്ക്​ പാർക്കിംഗ്​ ഗ്രൗണ്ട്​ അങ്ങനെ പോകുന്നു.കുറിഞ്ഞിയെ മറയാക്കി പുതിയ കയ്യേറ്റത്തിനുള്ള ശ്രമമെന്ന്​ വേണം ഇതിനെ കാണാൻ. റോഡും തോടും കയ്യേറപ്പെടുകയാണ്​. അവിടെങ്ങളിൽ പുതിയ പെട്ടികടകൾ ഉയരുന്നു. ഒരു വർഷത്തിനകം റിസോർട്ടായി മാറുമെന്ന്​ പ്രതീക്ഷിക്കാം.
പക്ഷെ, ഒരു വ്യാഴവട്ടം മുമ്പ്​, പ്രഖ്യാപിച്ച കുറിഞ്ഞി സ​േങ്കതം എവിടെ? ഇനിയും അവസാന പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ, അതിർത്തി പുനർനിർണയിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നു. ഹരിത ട്രൈബ്യുണലിൽ കേസുമുണ്ട്​. അവിടെ ഗ്രാൻറിസ്​ കൃഷി നടത്താൻ പദ്ധതിയിട്ടവർ കഴുകൻ കണ്ണുകളുമായി കുറിഞ്ഞി സ​േങ്കതത്തിന്​ മുകളിലുടെ പറന്ന്​ നടക്കുന്നു.
 വ്യാപകമായി നീലകുറിഞ്ഞി പൂക്കുന്ന 2018നെ നീലകുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണമെന്ന്​ കഴിഞ്ഞ തവണ നിർ​ദേശിച്ചതാണ്​. പക്ഷെ, ഒന്നും സംഭവിച്ചില്ല. കുറിഞ്ഞിയെ സംരക്ഷിത സസ്യത്തിൻറ പട്ടികയിൽപ്പെടുത്തി വനം വകുപ്പ്​ ഉത്തരവിറക്കണം.  ചെടികൾ പിഴുതെടുക്കുന്നവർക്ക്​ എതിരെ വനനിയമ പ്രകാരം കേസ്​ എടുക്കാൻ കഴിയണം. കുറിഞ്ഞി ചെടി കയറ്റുന്ന വാഹനം പിടിച്ചെടുക്കണം. എങ്കിലെ അവശേഷിക്കുന്ന കുറിഞ്ഞി സംരക്ഷിക്കൻ കഴിയുകയുള്ളു. കുറിഞ്ഞികാലത്തേക്ക്​ മാത്രമായി കുറിഞ്ഞി സ്​പെഷ്യൽ ആഫീസറെ നിയമിക്കണം.
ഇത്രയേറെ സഞ്ചാരികളെ ഉൾക്കൊള്ളാൻ മൂന്നാറിന്​ കഴിയുമോയെന്നത്​ സംബന്ധിച്ച്​ ദുരന്തനിവാരണ അതോറിറ്റി പഠനം നടത്തണം. ഉരുൾപ്പൊട്ടൽ സാധ്യത കൂടി കണക്കിലെടുത്ത്​ പാരിസ്​ഥിതിക ആഘാത പഠനം നടത്തുകയും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്​ ദുരന്ത നിവാരണ അതോറിറ്റി ആഡിറ്റ്​ നടത്തുകയും വേണം. ആയിരകണക്കിന്​  വാഹനങ്ങൾ മലകയറി വരുന്നതിലൂടെ സൃഷ്​ടിക്കപ്പെടുന്ന മലീനികരണം ചെറുതല്ല. മൂന്നാറിൻറ ആവാസ വ്യവസ്​ഥക്ക്​ തന്നെ മാറ്റം വരികയാണ്​. മൂന്നാറിൻറ ജൈവവൈവിധ്യം ഇല്ലാതാകാൻ ഇത്​ കാരണമാകും. കുറിഞ്ഞിക്കും വരയാടിനും ഇത്​ ഭീഷണിയാണ്​. അതിനാൽ, വാഹനങ്ങളെ നിയന്ത്രിക്കണം. അടിമാലി, പൂപ്പാറ, മറയുർ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യ​െട്ട. അവിടെ നിന്നും പൊതു വാഹനങ്ങൾ മതിയെന്ന്​ തീരുമാനിക്കണം. തിരുപ്പതിക്കും പമ്പക്കും വാഹനങ്ങൾ കടത്തി വിടുന്നില്ലല്ലോ.

12 September 2017

വളരെ ഗൗരവമായ ചർച്ചക്കായി സമർപ്പിക്കുന്നു


മൂന്നാറിലെ ഭൂമി പ്രശ്​നം തെക്ക്​ പടിഞ്ഞാറൻ മൺസുൺ പോലെയാണ്​. ഇടക്ക്​ ശക്​തിപ്പെടും. അപ്പോൾ കരുതും ഇപ്പോൾ എല്ലാം ശരിയാകുമെന്ന്​. ഉടൻ ശാന്തമാകും. വീണ്ടും പഴയത്​ പോലെ. ഭൂമി പ്രശ്​നം പരിഹരിക്കാൻ പലർക്കും താൽപര്യമില്ല. പ്ലാവില കാട്ടി ആടിനെ കൊണ്ടു പോകുന്നത്​ പോലെ നീളുന്നു. അല്ലെങ്കിൽ പിഴ ഇൗടാക്കി അനധികൃത ക​യ്യേറ്റങ്ങൾക്ക്​ നിയമസാധുത നൽകാനുള്ള  നിർദേശം അംഗീകരിക്കുമായിരുന്നല്ലോ.
പക്ഷെ, എനിക്ക്​ പയറാനുള്ളത്​ അതല്ല. മൂന്നാറിലെ ഭൂമി പ്രശ്​നത്തിലെ വലിയൊരു നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമുണ്ട്​. കണ്ണൻ ദേവൻ മലകളെ സംരക്ഷിച്ചത്​ നമ്മുടെ പൂർവികരാണ്​. ഇവിടെ തേയിലചെടി നടാൻ വന്നവരും മരുന്നടിക്കാൻ എത്തിയവരും ഫാക്​ടറി ജീവനക്കാരും സ്​റ്റാഫും തുടങ്ങി ടൗണിലെ കച്ചവടക്കാരും ചുമട്ടുകാരും ടാക്​സി ഡ്രെവറന്മാരും ഒക്കെ ചേർന്നാണ്​ ഇൗ ഭൂമി സംരക്ഷിച്ചത്​. അവർ കൂര വെക്കാനോ പച്ചക്കറി നടാനോ ഭൂമി കയ്യേറാതെ ഇരുന്നതിനാലാണ്​ ഇപ്പോൾ റിസോർട്ട്​ ഉയർന്നത്​. മൂന്നാറിൽ ജനിച്ച്​ വളർന്നവരുടെ മുൻതലമുറ കയ്യേറാതെ സംരക്ഷിച്ച ഭൂമി മലകയറി വന്നവർ ഉദ്യോഗസ്​ഥരുടെ സഹായത്തോടെ ​വ്യാജമായും അല്ലാതെയും സ്വന്തമാക്കി. ഇതിൽ കടുത്ത മനുഷ്യവകാശ ലംഘനമുണ്ട്​. ഇൗ മണ്ണിൽ ജനിച്ച്​ വളർന്നവർ വീട്​ വെക്കാൻ സ്​ഥലമില്ലാതെ അലയു​േമ്പാഴാണ്​ മുന്നാറുമായി യാതൊരു ബന്ധവുമില്ലാത്തവർ ഭൂമി വ്യാജ രേഖയിലൂടെ സ്വന്തമാക്കിയത്​. ഇത്​ നിലവിലെ മിച്ചഭൂമി വിതരണ നിയമത്തി​െൻറയും ലംഘനമാണ്​. മിച്ചഭൂമി വിതരണം ചെയ്യു​േമ്പാൾ ആ വില്ലേജിലുള്ളവർക്കാണ്​ മുൻഗണന.ഇവിടെ കണ്ണൻ ദേവൻ വില്ലേജ​ിലെ പട്ടികജാതിക്കാരായ ഭവന രഹിതരെ പോലും  അധികൃതർ അവഗണിച്ചു.  പണവും സ്വാധീനവും ഉപയോഗിച്ചുള്ള അവഗണന.ഇതാണ്​ പരിഹരിക്കേണ്ടത്​. കെ.ഡി.എച്ച്​ വില്ലേജിൽ ജനിച്ച്​ വളർന്നവർക്ക്​ വീടും ഭൂമിയും നൽകിയിട്ട്​ മതി സർക്കാർ ഭൂമി റിസോർട്ട്​ മാഫിയക്ക്​ പതിച്ച്​ നൽകാൻ. ഇതിന്​ ഏതൊക്കെ രാഷ്​ട്രിയ കക്ഷികൾ രംഗത്ത്​ വരുമെന്ന്​ നോക്കി കാണാം. 

08 September 2017

മൂന്നാറിനെ അറിയുന്ന കണ്ണന്താനം മൂന്നാറിൻറ രക്ഷകനാകുമോ​


അൽഫോൺസ്​ കണ്ണന്താനത്തെ മൂന്നാറും ദേവികുളവും അറിയില്ലെങ്കിലും കെ.ജെ.അൽഫോൺസ്​ എന്ന ​െഎ.എ.എസുകാരനെ അറിയും. കെ.ജെ.അൽഫോൺസ്​ എന്ന ​​െഎ.എ.എസുകാര​െൻറ ആദ്യ നിയമനം ദേവികുളം സബ്​ കല്​കറായിട്ടായിരുന്നല്ലോ? 1981 മുതൽ 83 വരെയുള്ള കാലയളവിലാണ്​ അദേഹം ദേവികുളം സബ്​ കലക്​ടറായി പ്രവർത്തിച്ചത്​. ദേവികുളം,ഉടുമ്പഞ്ചോല, പീരുമേട്​ എന്നി മൂന്ന്​ താലൂക്കുകൾ ഉൾപ്പെടുന്ന ദേവികുളം സബ്​ഡിവിഷ​െൻറ അധിപൻ എന്ന നിലയിൽ ഏറെ സജീവമായിരുന്നു അദേഹം. ജനകീയ പങ്കാളിത്തത്തോടെ മൂന്നാർ മേളയെന്ന ടൂറിസം ഫെസ്​റ്റ്​ നടത്തിയത്​ തന്നെയാണ്​ എടുത്ത്​ പറയാവുന്ന പ്രവർത്തനങ്ങൾ.  1983ലെ കുറിഞ്ഞി കാലത്തായിരുന്നു ​രണ്ടാമത്​ മേള. മൂന്നാറിൽ ഭിന്നശേഷിക്കാർക്ക്​ പെട്ടിക്കട നൽകിയതും അക്കാലത്ത്​. സ്​ഥലത്തുള്ളപ്പോഴൊക്കെ മൂന്നാർ ടൗണിൽ എത്തിയിരുന്ന അദേഹം.അത്​ ഒരർഥത്തിൽ ക്രമസമാധാന പ്രശ്​നങ്ങൾക്കും പരിഹാരമായിരുന്നു. തമിഴ്​നാട്​ സർക്കാർ ബസിലെ അനധികൃത സീറ്റ്​ പിടുത്തം  തടയാനും ബസിൽ നിന്നും ബാക്കി വാങ്ങി നൽകാനുമൊക്കെ ഇൗ  ​െഎ.എ.എസുകാരൻ ഉണ്ടായിരുന്നു. സബ്​​ കലക്​ടർക്ക്​ വേണ്ടി മൂന്നാറിലെ വിവിധ രാഷ്​ട്രിയ പാർട്ടികൾ മാർച്ച്​ നടത്തിയതും പൊതുസമ്മേളനം നടത്തിയതും ഇദേഹത്തിന്​ വേണ്ടിയാണ്​. 1983ലെ മുന്നാർ മേളയുമായി ബന്ധപ്പെട്ട്​ അന്നത്തെ എം.എൽ.എയുമായുണ്ടായ അഭിപ്രായ വിത്യാസത്തെ തുടർന്നായിരുന്നു സ്​ഥലംമാറ്റം. കണ്ണുർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ തസ്​തികയിലേക്ക്​. ഇതിനിടെ അദേഹം, ചിലർക്ക്​ ദേവികുളത്തും മൂന്നാറിലുമൊക്കെ കുത്തകപാട്ട വ്യവസ്​ഥയിൽ ഭൂമി നൽകിയിരുന്നു. അതൊക്കെ ഇപ്പോൾ വലിയ റിസോർട്ടുകളായി മാറി.
പിന്നിട്​ കെ.എൽ.ഡി. ബോർഡ്​ മ​ാനേജിംഗ്​ ഡയറക്​ടർ എന്ന നിലയിലും അദേഹം മുന്നാറും മാടുപ്പെട്ടിയും ഇടക്കിടെ സന്ദർശിച്ചു. ഇത്രയും പറഞ്ഞത്​ അദേഹത്തി​െൻറ മൂന്നാർ ബന്ധം പറയാൻ മാത്രം.
ഒരർഥത്തിൽ അദേഹം സബ്​ കലക്​ടർ ആയിരിക്കെയാണ്​ ടൂറിസത്തിന്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്​. 1981-83ൽ അദേഹം കണ്ട മൂന്നാറും ഹൈ​റേഞ്ചുമല്ല, ഇപ്പോഴുള്ളത്​. പരിസ്​ഥിതി വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. ആസൂത്രണമില്ലാത്ത ടൂറിസം പ്രവർത്തനങ്ങൾ ഇൗ കുന്നുകളെ നാശത്തിലേക്ക് നയിക്കുന്നു. മൂന്നാറി​െൻറ ജൈവ​ൈവവിധ്യം നശിപ്പിക്കപ്പെട്ടതോടെ കാലാവസ്​ഥയിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. അനിയന്ത്രിതമായി എത്തുന്ന വാഹനങ്ങളുടെ പുക സൃഷ്​ടിക്കുന്ന ​പ്രശ്​നങ്ങൾ വേറെ. പ്ലസ്​റ്റിക്ക്​ നിരോധിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മനുഷ്യ മാലിന്യമടക്കം പുഴകളി​ലേക്ക്​ ഒഴുകുന്നു. അടുത്ത വർഷം നീല​കുറിഞ്ഞി പൂക്കുന്നതോടെ മൂന്നാറിൽ ജനങ്ങൾക്ക്​ കാല്​കുത്താൻ ഇടമുണ്ടാകില്ല.അത്രക്ക്​ വാഹനമായിരിക്കും എത്തുക. മൂന്നാറിനെയും ഇടുക്കിയേയും നന്നായി അറിയുന്ന കേന്ദ്ര ടൂറിസം മന്ത്രിക്ക്​ മൂന്നാറിൻറ രക്ഷകനാകാൻ കഴിയുമോ. ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതാണ്​.  

07 July 2017

അൽ​ഫോൺസും ജോസും, ഇപ്പോൾ ശ്രീറാമും







കേരളത്തിലെ പഴക്കം ചെന്ന റവന്യു ഡിവിഷനാണ്​ ദേവികുളം. ഇൗ ഡിവിഷ​െൻറ അധിപന്​ അതിനനുസരിച്ച് പ്രൗഡിയും. വരുമാനത്തിലും മുന്നിലായിരുന്നു.1931ൽ 4,52.857 രൂപയായിരുന്നു നികുതി പരിവ്​ എന്നറിയു​​േമ്പാൾ ത​െന്ന കാര്യങ്ങൾ മനസിലാകുമല്ലോ?
 രാജഭരണകാലത്തെ തിരുവിതാംകൂറി​​െൻറ വേനൽക്കാല കച്ചേരിയാണ്​ റവന്യു ഡിവിഷൻ ആഫീസായി മാറിയത്​. ബംഗ്ലാവിനും രാജകീയ ​പ്രൗഡിയുണ്ടായിരുന്നു. 107വർഷം മുമ്പ്​ കൊല്ല വർഷം 1085ലാണ്​ ദേവികുളം ഡിവിഷൻ രൂപീകരിക്കുന്നത്​. കോട്ടയം ഡിവിഷ​ൻ വിഭജിച്ചായിരുന്നു പുതിയ ഡിവിഷൻ വന്നത്​. മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും തുടങ്ങി വടക്കും കിഴക്കും തമിഴ്​നാട്​ അതിർത്തി വരെ. മറുഭാഗത്ത്​ കോതമംഗലവും അതിർത്തി തിരിച്ചു. ദേവികുളവും പീരുമേടുമായിരുന്നു താലുക്കുകൾ.
ആദ്യകാലത്ത്​ കമ്മീഷണർമാരായിരുന്നു റവന്യു ഡിവിഷൻ ഭരണാധികാരികൾ. കേരള പിറവിക്ക്​ ശേഷമാണ്​ ഡപ്യൂട്ടി കലക്​ടർമാരായ റവന്യു ഡിവിഷണൽ ആഫീസർമാർ ഭരണത്തലവനായത്​. ​െഎ.എ.എസുകാരനെങ്കിൽ സബ്​ കലക്​ടർ എന്നറിയപ്പെടും. ആർ.ഡി.ഒമാർ റവന്യു ഡിവിഷണൽ മജിസ്​​ത്രേട്ടുമാരും സബ്​ കലക്​ടർമാർ സബ്​ ഡിവിഷണൽ മജിസ്​​​ത്രേട്ടുമാരുമാണ്​.
ആലപ്പുഴ ജില്ലയേക്കാൾ വിസ്​തൃതിയുള്ള ഉടുമ്പുഞ്ചോലയും ദേവികുളവും പീരുമേടുമായിരുന്നു അടുത്ത കാലം വരെ ദേവികുളം റവന്യു ഡിവിഷ​െൻറ അധികാര പരിധിയിൽ. തമിഴ്​ ഭൂരിപക്ഷ മേഖലകൾ. തേയിലയും ഏലവും തുടങ്ങി വൈദ്യുതിയും അണക്കെട്ടുകളും വരെ. സുഗന്ധവിളകളുടെയും നാണ്യവിളകളുടെയും വൈദ്യുതിയുടെയും നാട്​.പുറമെ വന്യ ജീവിസ​േങ്കതങ്ങളും.
ഇപ്പോൾ പീരുമേട്​ ഇടുക്കി റവന്യു ഡിവിഷന്​ കീഴിലാക്കിയതോടെ വിസ്​തൃതി കുറഞ്ഞു. മുല്ലപ്പെരിയാറും മംഗളദേവിയും വാഗമണ്ണും കൈവിട്ടു.
ഒ​േട്ടറെ പ്രഗൽഭർ ദേവികുളം സബ്​ കലക്​ടറുടെ കസേരയിൽ ഇരുന്നിട്ടുണ്ട്​. പിൽക്കാലത്ത്​ ചീഫ്​ സെക്രട്ടറിമാരായവരും ഇൗ പട്ടികയിലുണ്ട്​.ദേവികുളത്ത്​ സബ്​ കലക്​ടറായി നിയമിക്കപ്പെടുകയെന്നത്​ ​െഎ.എ.എസുകാരെ സംബന്ധിച്ചിടത്തോളം അംഗീകാരമാണ്​. കാടും മേടും വിസ്​തൃതിയും കൊണ്ടായിരിക്കാം വനിതകൾ നിയമിക്കപ്പെട്ടതായി അറിയില്ല.
എ​െൻറ ഒാർമ്മയിൽ ആക്​ടീവായ ചില സബ്​ കലക്​ടർമാരുണ്ട്​. അവരൊക്കെ അധികകാലം ഇരിക്കാതെ സ്​ഥലം മാറ്റപ്പെടുകയും ചെയ്​തതാണ്​ ചരിത്രം. അൽഫോൺസ് കണ്ണന്താനമെന്ന കെ.ജെ.അൽഫോൺസ്​  ദേവികുളം സബ്​ കലക്​ടറായിരിക്കെയാണ്​, പൊതുജന സമ്പർക്കവും മൂന്നാർ മേളയും അങ്ങനെ പലതുമായി ജനങ്ങൾക്കടിയിലേക്ക്​ ഇറങ്ങിയത്​. മുന്നാർ മേളയുമായി ബന്ധപ്പെട്ട്​ പൊതുമരാമത്ത്​ എൻജിനിയർമാരുമായി റോഡിൽ സംഘർമുണ്ടായതും അന്നത്തെ എം.എൽ.എ ജി.വരദൻ (സി.പി.എം അംഗമായിരുന്ന ഇദേഹം പിന്നിട്​ കോൺഗ്രസിൽ ചേർന്നു) സബ്​ കലക്​ടർക്കെതിരെ പത്രസമ്മേളനംനടത്തിയതും അന്നത്തെ സംഭവങ്ങൾ. സബ്​ കലക്​ടറെ പിന്തുണച്ച്​ രാഷ്​ട്രിയ കക്ഷികൾ യോഗം നടത്തുകയും പൊതുമരാമത്ത്​ ആഫീസിലേക്ക്​ മാർച്ച്​ നടത്തുകയും ചെയ്​തിരുന്നു.പക്ഷെ, വൈകാതെ സബ്​കലക്​ടർ തെറിച്ചു. കണ്ണുർ ജില്ല വ്യവസായ കേ​​ന്ദ്രം ജനറൽ മാനേജറായാണ്​ മാറ്റിയത്​. ദേവികുളത്തും മൂന്നാറിലും ചില ഇഷ്​ടക്കാർക്ക്​ കുത്തകപാട്ടത്തിന്​ സർക്കാർ ഭൂമി നൽകിയാണ്​ അദേഹം ദേവികുളം വിട്ടത്​.ആ ഭൂമിയിൽ ഇപ്പോൾ വലിയ റിസോർട്ടുകളുണ്ട്​.
വി.എസ്​.സെന്തിലും മൈക്കിൾ വേദശിരോമണിയും സജീവമായിരുന്നുവെങ്കിലും മേളകളിലും ഒാണാഘോഷങ്ങളിലുമൊക്കെയാണ്​ ശ്രദ്ധിച്ചത്​.ജയിംസ്​ വർഗീസ്​ വന്നതോടെ, കുറച്ച്​കൂടി സജീവമായി. ഇടുക്കിയെ കഞ്ചാവ്​ വിമുക്​തമാക്കുന്നതിന്​ തുടക്കമിട്ടത്​ അദേഹമാണ്​. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു കഞ്ചാവ്​ വേട്ടകൾ. ആദിവാസി കോളണികളും കയറിയിറങ്ങി. എന്നാൽ, ഇദേഹത്തിൻറ പിൻഗാമി ടി.കെ.ജോസ്  കഞ്ചാവിന്​ പുറമെ അനധികൃത ചാരായ​ കടകൾക്കും എതിരെ   തിരിഞ്ഞു​. കാടിന്ക​ പുറത്തെ കഞ്ചാവ്​ തോട്ടങ്ങൾ വെട്ടിനിരത്തിയതോടെ പലർക്കും വേദനിച്ചു.     ചാരായവും മുഖ്യഅജണ്ടയാക്കി. നായാനാർ ഭരണമായിരുന്നു അന്ന്​.പലയിടത്തും സബ്​ കലക്​ടറെ തടഞ്ഞു.  ബംഗ്ലാവിന്​ നേരെയും രാത്രിയിൽ ആക്രമണമുണ്ടായി.   ഒടുവിൽ ദിവസങ്ങൾക്കകം സബ്​കലക്​ടർക്ക്​ മൂവാറ്റുപുഴക്ക്​ മാറ്റം നൽകി എല്ലാം ശാന്തമാക്കി. പന്നിട്​ 1993ൽ വ്യാജ പട്ടയങ്ങൾ റദാക്കി അൽകേഷ്​ കുമാർ ശർമ്മയും ‘ആക്​ടിവിസ്​റ്റായി’.അന്ന്​ റദാക്കിയ പട്ടയങ്ങൾക്ക്​ വീണ്ടും പട്ടയം വാങ്ങി അവിടെങ്ങളിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചു പിന്നീട്​. സർക്കാർ ഭൂമിയിലെ ക​യ്യേറ്റം ഒഴിപ്പിക്കൽ വിവാദമായത്​ ഇപ്പോൾ മാത്രമാണ്​.അതാക​െട്ട, കയ്യേറ്റ ഭൂമിയിൽ റിസോർട്ടുകൾ വന്നതിന്​ ശേഷവും.സാമ്പത്തിക മേഖലയായി ഭൂമി മറിയതണ്​ കാരണം. കയ്യേറ്റ ഭൂമിയി​െൽ റിസോർട്ടുകൾ സംരക്ഷിക്കാൻ ചില രാഷ്​ട്രിയക്കാർക്ക്​ വിയർപ്പ്​ ഒാഹരിയുള്ളതയും പറയുന്നു. വട്ടവടയിൽ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ പേയ റവന്യു സംഘത്തെ ആക്രമിക്കപ്പെട്ടതും വലിയ പഴക്കമില്ലാത്ത വർത്തമാനം.
ഇപ്പോൾ ശ്രീറാമും കയ്യേറ്റക്കാരുടെയും അവരെ പിന്തുണക്കുന്നവരുടെയും കരടായി മാറി. സബ്​ കലക്​ടർ കാലാവധി കഴിയുന്നുവെന്ന കാരണം പറഞ്ഞ്​ സ്​ഥലം മാറ്റുകയും ചെയ്​തു. പൊതുഭരണം മുഖ്യമന്ത്രിയുടെ വകുപ്പായതിനാൽ റവന്യു മന്ത്രി അറിയാതെയായിരുന്നു നീക്കമെന്നാണ്​ ഉയരുന്ന ആക്ഷേപം. ശ്രീറാം മാറുന്നതേടെ പകരം നിയമിക്കേണ്ട ഡപ്യൂട്ടി കലക്​ടർമാരുടെ പട്ടിക റവന്യു വകുപ്പ്​ തയ്യാറാക്കിയിരുന്നു. ഡപ്യുട്ടി കലക്​ടർ ​െഎ.എ.എസ്​ അല്ലാത്തതിനാൽ പൊതുഭരണ വകുപ്പിന്​ കീഴിൽ വരില്ലെന്നുണ്ട്​. റവന്യു മന്ത്രിയുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങും.അത്​ മുൻകൂട്ടി അറിഞ്ഞായിരിക്കണം, മുഖ്യമന്ത്രി ഒരു മുഴം മു​േമ്പ നീട്ടിയെറിഞ്ഞത്​.പകരം, സ്​ഥലം എം.എൽ.എ കണ്ടെത്തിയ പ്രാദേശിക ഭാഷ സംസാരിക്കുന്ന ​െഎ.എ.എസുകാരനെ നിയമിക്കുകയും ചെയ്​തതിലൂടെ ദേവികുളം റവന്യു ഡിവിഷൻ മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലാക്കി.

 

03 July 2017

ഞങ്ങൾ, മൂന്നാറുകാർക്കും വേണ്ടേ കിടപ്പാടം

http://www.marunadanmalayali.com/opinion/response/mj-babu-on-munnar-issue-77317

http://www.mediaonetv.in/column/general/58-nyngng-muunnaarrukaakkun-veennttee-kittppaattn/




കഴിഞ്ഞ മാസമാണ്​ മൂന്നാറിലെ ട്രേഡ്​ യൂണിയൻ,രാഷ്​ട്രിയ നേതാക്കളും വ്യാപാരി പ്രതിനിധികളും എം.എൽ.എയും മറ്റും ചേർന്ന്​ കേരള മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയത്​. വളരെ ചെറിയ ആവശ്യമാണ്​ അവർ ഉന്നയിച്ചത്​. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ദേവികുളം സബ്​ കലക്​ടർ നടപ്പാക്കുന്നില്ല.  കുത്തകപാട്ട കലാവധി കഴിഞ്ഞ ഭൂമി തിരിച്ച്​പിടിക്കാൻ ശ്രമിക്കുന്നു.മറ്റൊന്ന്​ കൂടി നിവേദനത്തിൽ പറയുന്നുണ്ട്​.കഴിഞ്ഞ ഇടതുമുന്നണി സർക്കാരിൻറ കാലത്ത്​ മൂന്നാർ ടൗൺ കമ്പനിയിൽ നിന്നും ഏറ്റെടുക്കാൻ ബില്ല്​ തയ്യറാക്കിയിരുന്നു. അതു നിയമസഭയിൽ അവതരിപ്പിച്ചില്ല.  അതിനാൽ, വീണ്ടുമൊരു സർവകക്ഷി യോഗം വിളിച്ച്​ ഇൗ പ്രശ്​നങ്ങൾ ചർച്ച ചെയ്യണം. അങ്ങനെയൊരു സർവകക്ഷിയോഗം വിളിച്ചാൽ ഇൗ നിവേദനത്തിൽ ഒപ്പിട്ടവരിൽ ആർ​ക്കെങ്കിലും പ​െങ്കടുക്കുവാൻ കഴിയുമോയെന്നറിയില്ല. എന്തായാലും ജൂലൈ ഒന്നിന്​ സർവകക്ഷി യോഗം ചേരുന്നുണ്ട്​. റവന്യൂ മന്ത്രി അറിയാതെയാണ്​ യോഗം വിളിച്ചത്​ എന്നതിൻറ പേരിൽ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.​െഎ യോഗത്തിൽ സംബന്ധിക്കില്ലെന്ന്​ അറിയിച്ചിട്ടുണ്ട്​. ഇതിൻറ പേരിൽ വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ ഭരണമുന്നണിക്കകത്ത്​ വാക്ക്​ തർക്കമാണ്​. കെ.പി.സി.സി വൈസ്​പ്രസിഡൻറ്​ എ.കെ.മണിയും ലീഗ്​ പ്രതിനിധിയും നിവേദനത്തിൽ ഒപ്പിട്ടതിൻറ പേരിൽ യു.ഡി.എഫിലും കലഹമുണ്ട്​.
കുത്തകപാട്ട കാലാവധി കഴിഞ്ഞ ഭൂമിയുടെ പ്രശ്​നവുമായി ബന്ധപ്പെട്ട്​ സർവകക്ഷി യോഗം വിളിക്കണമെന്ന്​ ആവശ്യപ്പെട്ടവർ എന്ത്​ കൊണ്ട്​, മുന്നാറി​െൻറ സമ്പദ്​ഘടനയെ സംരക്ഷിക്കുന്ന തോട്ടംതൊഴിലാളികളെയും ജീവനക്കാരെയും മറന്നുവെന്നതാണ്​ ഉയരുന്ന ചോദ്യം.മൂന്നാറിലെ ട്രേഡ്​ യൂണിയനുകളെയും വ്യാപാരികളെയും നിലനിർത്തിയിരുന്നത്​ ഇൗ തോട്ടം തൊഴിലാളികളാണ്​.ഇതിന്​ പുറമെ മുന്നും നാലും തലമുറകളായി മുന്നാർ മേഖലയിൽ ജീവിക്കുന്ന വ്യാപാരികൾ, ചുമട്ട്​ തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്​. അവർക്ക്​ കയറി കിടക്കാൻ സ്വന്തമായി കൂര വേണ്ടതല്ലേ. വാടക നൽകി റിസോർട്ടുകളിൽ അവർക്ക്​ കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ? അപ്പോൾ അവരുടെ കാര്യം കൂടി നിവേദനത്തിൽ പറയേണ്ടതായിരുന്നി​ല്ലേ. സംസ്​ഥാനത്തെ തോട്ടം തൊഴിലാളികൾക്ക്​ വേണ്ടി ലൈഫ്​ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ്​ സമുച്ചയം നിർമ്മിക്കാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. എന്നാൽ, മൂന്നാർ മേഖലയിലെ തൊഴിലാളികൾക്ക്​ ഫ്ലാറ്റല്ല, ഭൂമിയും വീടുമാണ്​ നൽകേണ്ടത്​. കാരണം, അവരാണ്​ ഇത്രയും കാലം മൂന്നാറിലെ ഭൂമി സംരക്ഷിച്ചത്​. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ വിതരണം ചെയ്​ത കുട്ടിയാർവാലിയിലെ ഭൂമി ഇപ്പോഴും അളന്ന്​ തിരിച്ച്​ നൽകിയിട്ടില്ല. പട്ടയം കിട്ടിയവർ ഭൂമി ഏതെന്ന്​ അറിയാതെ നടക്കുന്നു.ഇതിൽ ​െഎക്യ കേരളത്തിലെ ആദ്യ പൊലീസ്​ വെടിവെയ്​പിൽ(1958 ഒക്​ടോബർ 20ലെ ഗൂഡാർവിള) മരിച്ച ഹസൻ റാവുത്തറുടെ മകൻ ഖാദറും ഉൾപ്പെടുന്നു.
1878ൽ കണ്ണൻ വേൻ കുന്നുകളിൽ തേയില കൃഷി ആരംഭിച്ചത്​ മുതൽ തോട്ടം തൊഴിലാളികളുടെ വരവ്​ ആരംഭിച്ചു. ആദ്യകാലത്ത്​ തമിഴ്​നാടിൽ നിന്ന്​ എത്തിയ തൊഴിലാളികൾ കങ്കാണിമാരുടെ കീഴിൽ ജോലി ചെയ്​തുവെങ്കിൽ പിന്നിട്​ കുടുംബസമേതം ഇവിടെ താമസമാക്കി. അന്ന്​ മുതൽ അവരുടെ തലമുറ എസ്​റ്റേറ്റ്​ ലായങ്ങളിൽ കഴിയുന്നു. റിട്ടയർ ചെയ്​തവർ തൊട്ടടുത്ത പഞ്ചായത്തിൽ എവിടെയെങ്കിലും ചെറിയ സ്​ഥലം വാങ്ങി വീട്​ നിർമ്മിക്കുമെങ്കിലും അവരുടെ ജീവിതം തോട്ടങ്ങളിലാണ്​.ഇപ്പോൾ സമീപ പഞ്ചായത്തിൽ എന്നല്ല, എങ്ങും ഭൂമി കിട്ടാനില്ല. ഉള്ളതിന്​ പൊന്നുവിലയും. തലമുറകൾ പിന്നിട്ട്​ തൊഴിലാളികളും തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സ്​റ്റാഫംഗങ്ങളും മറ്റ്​ ജീവനക്കാരും കമ്പനിയുടെ ലായങ്ങളിലും ക്വാർ​​േട്ടഴ്​സുകളിലും കഴിയുകയാണിപ്പോഴും. 1999ന്​ ശേഷം മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമി കയ്യേറ്റം നടന്നപ്പോഴും കാഴ്​ചക്കാരായി നിന്നവരാണ്​ തോട്ടം ​തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും.അങ്ങനെയുള്ളവർക്കും മൂന്നാർ, ദേവികുളം തുടങ്ങിയ ടൗണുകളിൽ തലമുറകളായി കഴിയുന്നവർക്കും എന്ത്​ കൊണ്ട്​ ഒരു തുണ്ട്​ ഭൂമി കിടപ്പാടത്തിനായി നൽകി കൂട? കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഏങ്ങനെ വിനിയോഗിക്കണമെന്നത്​ സംബന്ധിച്ച്​ 1975ൽ സർക്കാർ പറുത്തിറക്കിയ ഉത്തരവിൽ മുന്നാറിലും ദേവികുളത്തും മാർക്കറ്റ്​ വിലക്ക്​ ഭൂമി നൽകണമെന്ന്​ പറയുന്നുണ്ട്​. എന്നാൽ, ഇതനുസരിച്ച്​ നൽകിയ അപേക്ഷകൾ പോലും റവന്യു വകുപ്പ്​ പരിഗണിച്ചിട്ടില്ല. ഭവന പദ്ധതി നടപ്പാക്കുന്നതിന്​ ഭവന നിർമ്മാണ ബോർഡിന്​ നീക്കി വെച്ച ഭൂമി അവർ ഏറ്റെടുത്തില്ല. അപ്പോൾ ആ പ്രതീക്ഷയും വേണ്ട.
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്​റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350ഒാളം സ്​റ്റാഫ്​ ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഒാളം പേരുമുണ്ടാകും. ഇവർക്ക്​ അഞ്ച്​ സെൻറ്​ ഭൂമി വീതം നൽകിയാൽ എത്രയാണ്​ വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക്​ വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്​. പല സ്​ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച്​ ആരും ചിന്തിക്കുന്നില്ല. മറിച്ച്​ റിസോർട്ടുകാർക്ക്​ വേണ്ടിയാണ്​ ശബ്​ദം ഉയരുന്നത്​. 2006ലെ പി.സി.സനൽകുമാർ റിപ്പോർട്ട്​ പ്രകാരം സർക്കാർ ഭൂമി തിരിച്ച്​ പിടിക്കാത്തതും ഇതു കൊണ്ടാണല്ലോ? പാട്ടകലാവധി കഴിഞ്ഞ 100 കേസുകൾ ഉണ്ടെന്നാണ്​ റിപ്പോർട്ടിൽ പറഞ്ഞത്​. ഇതിൽ പത്തെണ്ണത്തിൻറ രേഖകൾ മാത്രമാണ്​ അന്ന്​ ലഭിച്ചത്​. ഇൗ ഭൂമി തിരിച്ച്​ പിടക്കാൻ കലക്​ടർക്ക്​ നിർദേശം നൽകണമെന്ന്​ പറഞ്ഞിരുന്നു.എന്നാൽ, ഇതിൽ പലതും മറിച്ച്​ വിറ്റു.  500ഒാളം വ്യാജ പട്ടയങ്ങളുടെ പേരു വിവരങ്ങൾ റിപ്പോർട്ടിലുണ്ട്​. ഇവർ കൈവശം വെച്ചിരിക്കുന്നത്​ 150 ഏക്കറോളം ഭൂമി. സർക്കാർ ഭൂമിക്ക്​ പട്ടയം നൽകിയത്​ തുടങ്ങി ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾക്ക്​ കലക്​ടറുടെ പേരിൽ പതിച്ച്​ നൽകിയത്​ അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നു. അതും അതിന്​ ശേഷവുമുള്ള കയ്യേറ്റങ്ങൾ സംരക്ഷിക്കു​േമ്പാഴാണ്​ മുന്നാറിൽ തലമുറകളായി കഴിയുന്നവർ സ്വന്തമായി ഒരു മേൽവിലാസത്തിന്​ വേണ്ടി ഭൂമിക്ക്​ വേണ്ടി കാത്തിരിക്കുന്നത്​.അവരുടെ പ്രശ്​നങ്ങളാണ്​ അവരുടെ നേതാക്കൾ ഉന്നയി​ക്കേണ്ടത്​. അതില്ലാതെ മാസവരി മാത്രം വാങ്ങാൻ ചെല്ലു​േമ്പാഴാണ്​ മറ്റ്​ സംഘടനകൾ തോട്ടങ്ങളിൽ കടന്ന്​ കയറുക.

20 June 2017

കേരളത്തിലെ തോട്ട ഭൂമി ചരിത്രവും വർത്തമാനവും

വെൽഫയർ പാർട്ടി 2017 മെയ്​ 11.12 തിയതികളിൽ തിരുവനന്തപുരത്ത്​ സംഘടിപ്പിച്ച ലാൻഡ്​ സമ്മിറ്റിൽ അവതരിപ്പിച്ച പ്രബന്ധം
-------------------------------------------------------------------------------------------------------------------------

കേരളത്തിലെ തോട്ട ഭൂമി ചരിത്രവും വർത്തമാനവും

കേരളത്തിലെ തോട്ടങ്ങളുമായി ബന്ധ​പ്പെട്ട ഭൂമിപ്രശ്​നം ഏറെ സങ്കീർണമാണ്​. സ്വതന്ത്ര്യത്തിന്​ മുമ്പ്​ തോട്ടങ്ങളായി മാറ്റപ്പെട്ട ഭൂമി ഇപ്പോഴും പലരിലൂടെ കൈമാറി അങ്ങനെ തന്നെ നിലനിൽക്കുന്നു. റവന്യൂ, വനം വകുപ്പുകളാണ്​ ഭൂമി പാട്ടത്തിന്​ നൽകിയിട്ടുള്ളത്​. എന്നാൽ, എത്ര ഭൂമി ഏതൊക്കെ വ്യവസ്​ഥകൾ പ്രകാരം പാട്ടത്തിന്​ നൽകിയെന്ന വിവരം ലഭ്യമല്ല എന്നതാണ്​ അവസ്​ഥ. ഇതു സംബന്ധിച്ച്​ നിയമസഭയിൽ വന്നിട്ടുള്ള ചോദ്യങ്ങൾക്ക്​ പോലും വിവരം ശേഖരിച്ച്​ വരുന്നുവെന്ന മറുപടിയാണ്​ നൽകിയിട്ടുള്ളത്​.
കേരളത്തില്‍ മഹാരാജാക്കന്‍മാരുടെ ഭരണകാലത്താണ്​  തോട്ടങ്ങള്‍ നിര്‍മിച്ചെടുക്കാനായി നീണ്ടകാലത്തേക്ക് ചുരുങ്ങിയ പാട്ടത്തിന് വന്‍തോതില്‍ ഭൂമി നല്‍കിയത്​. പാട്ടക്കാലാവധി കഴിഞ്ഞവരുടെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ആ ഭൂമിയില്‍ പലതും ലഭ്യമല്ല എന്നതാണ് ഇന്നത്തെ അവസ്​ഥ. സ്വകാര്യ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനാണ് തോട്ടം വ്യവസായത്തിന്റെ പേരില്‍ ഭൂമി വിട്ടുകൊടുത്തതെങ്കിലും അവര്‍ പാട്ടത്തിനെടുത്ത ഭൂമിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൂടി കൈയേറിയ അനുഭവമാണുള്ളത്. ഈ ഭൂമിയുടെ നിയമപരമായ അവസ്ഥ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ഭൂപരിഷ്‌കാര നിയമം ഇത്തരം ഭൂമികളുടെ മേല്‍ നിയന്ത്രണമുള്ള തോട്ടം മുതലാളിമാരെ നിയന്ത്രിക്കാന്‍ അപര്യാപ്തമാണ്. ഇവര്‍ ഭൂപരിധി നിയമത്തിനുള്ളില്‍ വരുന്നില്ല. ദേശിയ ആസൂത്രണ കമ്മിഷൻറ്​ നിർദേശ പ്രകാരമാണ്​തോട്ടങ്ങളെ ഭൂപരിഷ്​രണത്തിൽ നിന്നും ഒഴിവാക്കിയത്​.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച ഒരു പഠന ഗ്രൂപ്പ് നല്‍കിയ പ്രധാന നിര്‍ദേശമുണ്ട്. വന്‍കിട തോട്ടങ്ങളില്‍ യഥാര്‍ഥത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം കണക്കാക്കി തോട്ടം മുതലാളിമാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കണമെന്നതാണ് ആ നിര്‍ദേശം. കൃഷി ചെയ്യാതെ തോട്ടം മുതലാളിമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായവര്‍ക്കും ഭവന രഹിതരായവര്‍ക്കും വിതരണം ചെയ്യുകയോ സമൂഹത്തിനാകെ ഉപയോഗപ്രദമായ വിധത്തില്‍ സർക്കാർ വിനിയോഗിക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം.
കേരളത്തിന്റെ പരിസ്ഥിതിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും മലനിരകളുമാണ് തോട്ടം ഭൂമിയായുള്ളത്. ഇപ്പോള്‍ ‘റിസോർട്ട്​ എസ്‌റ്റേറ്റ്’ മാഫിയ ഇവിടെയാണ് കണ്ണ്​ വെച്ചിട്ടുള്ളത്​.ഇവിടെങ്ങളിലാണ്​വൻതോതിൽ ഭൂമി കയ്യേറപ്പെടുന്നതും.മൂന്നാറും വാഗമണും ഉദാഹരണം.
 രാജ്യത്തിന്​ സ്വതന്ത്ര്യം ലഭിക്കുന്നതിന്​ മുമ്പായി സംസ്​ഥാനത്താ​കെ പാട്ടത്തിന്​ നൽകിയതിൽ 225087.457 ​ഏക്കർ ഭുമി ഇപ്പോഴും വിവിധ സ്​ഥാപനങ്ങളുടെ കൈവശം  ഉണ്ടെന്നാണ്​ ലഭ്യമായ വിവരം. ഇതേസമയം, 7888.417 ഏക്കർ ഭുമിയാണ്​ പാടത്തിന്​ നൽകിയിട്ടുള്ളതെന്ന്​ റവന്യു വകുപ്പ്​  നിയമസഭയിൽ നൽകിയ മുറപടിയിൽ പറയുന്നു.പാട്ട കാലവധി കഴിഞ്ഞ 1231.45 ഏക്കർ ഭൂമി തിരി​കെ ഏറ്റെടുത്തിട്ടുമില്ല. 2013 വരെ പാട്ട കുടിശിക ഇനത്തിൽ 61 കോടി രൂപ കിട്ടാനുമുണ്ട്​. പാട്ട ഭൂമി സംബന്ധിച്ച്​ സർക്കാർ നിയോഗിച്ച സ്​പെഷ്യൽ ഒാഫീസർ എം.ജി.രാജമാണിക്കം ആവശ്യപ്പെട്ടിട്ടും എല്ലായിടത്ത്​ നിന്നും വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ്​ മനസിലാക്കുന്നത്​. പാട്ട ഭൂമിയിൽ 112384.99 ഏക്കറും ഇടുക്കി ജില്ലയിലാണ്​. ഹാരിസൺ, ടാറ്റാ ടീ കമ്പനി തുടങ്ങിയ വൻകിട കമ്പനികളും ഭൂമി കൈവശം വെച്ചിട്ടുള്ളവരിൽ ഉൾപ്പെടുന്നു. ഭൂപരിഷ്​കരണ നിയമത്തിലെ ഭൂപരിധിയായ 15 ഏക്കറിലധികം കൈവശം വെച്ചിട്ടുളളത്​ 1499 തോട്ടം ഉടമകളാണ്​. ഇതേസമയം, പൊതുമേഖലാ സ്​ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്​തികൾ, തോട്ടങ്ങൾ എന്നിവക്കായി 1,19,178.88 ഏക്കർ വനഭൂമി പാട്ടത്തിന്​നൽകിയിട്ടുളതായി വനം വകുപ്പിൻറ രേഖകളിലുണ്ട്​.സംസ്​ഥാന ഫാമിംഗ്​ കോർപ്പറേഷൻ,കെ.എഫ്​.ഡി.സി, റിഹാബിലേറ്റഷൻ പ്ലാ​​േൻറഷൻ എന്നിവ ഉൾപ്പെടുന്നു. ഫാമിംഗ്​ കോർപ്പറേഷന്​ റബ്ബർ പ്ലാൻറഷന്​ വേണ്ടി 1820 ഹെക്​ടർ നൽകിയിട്ടുണ്ട്​. കൊല്ലം ജില്ലയിലാണിത്​.
1964​ലെ സിരിമാവോ- ലാൽബഹദുർ ശാസ്​ത്രി കരാർ പ്രകാരം ഇൻഡ്യൻ വംശജരായ ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനാണ്​ ആർ.പി.എൽ ആരംഭിച്ചത്​.  2070 ഹെക്​ടർ ഭൂമി പാട്ടത്തിന്​നൽകിയിട്ടുണ്ട്​ ആർ.പി.എല്ലിന്​.
കേരള വനം വികസന കോർപ്പറേഷനും ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ചിട്ടുണ്ട്​.1979ൽ വയനാടിൽ ​400 ഹെക്​ടറിൽ തേയിലകൃഷിയും ആരംഭിച്ചു. ഏലവും കാപ്പിയും കെ.എഫ്​.ഡി.സിക്കുണ്ട്​.
തിരുവിതാംകുർ,കൊച്ചി, മലബാർ രാജ്യങ്ങളുടെ സമ്പദ്​ഘടയിൽ വലിയ മാറ്റങ്ങൾ വരുത്തിയതാണ്​ തോട്ടങ്ങളുടെ വരവ്​ എന്ന്​ കാണാം. തേയില, കാപ്പി, റബ്ബർ എന്നിവയുടെ വരവാണ്​ ജീവിത നിലവാരത്തിൽ മാറ്റങ്ങൾ വരുത്തിയത്​. ഏലം കൃഷി കേരളത്തിൻറ കിഴക്കൻ മേഖലയിലാണെങ്കിലും അതിൻറ ഗുണഭോക്​താക്കൾ തമിഴ്​നാട്ടുകാരാണ്​. ആദ്യകാലത്ത്​ മുഴുവൻ പ്ലാ​േൻറഷനുകളും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഭൂ ഉടമകളായ മലയാളികൾ പരമ്പരാഗത കൃഷി രീതികളുമായി മുന്നോട്ട്​ പോയപ്പോൾ കടൽകടന്ന്​ എത്തിയ ബ്രിട്ടീഷ്​ പ്ലാൻറർമാർ കാട്​ വെട്ടി തെളിച്ച്​ കാപ്പിയും തേയിലയും റബ്ബറും വളർത്തി. മലമ്പനിക്കുള്ള മരുന്നിനുള്ള സി​​േങ്കാണ കൃഷിയുമായാണ്​ സായ്​പ്​ മല കയറിയത്​. പിന്നിടാണ്​ കാപ്പിയിലേക്കും കാപ്പിക്ക്​ ​രോഗം ബാധിച്ചപ്പോൾ തേയിലയിലേക്കും തണുപ്പ്​ കുറഞ്ഞ പ്രദേശങ്ങളിൽ റബ്ബറിലേക്കും തിരിഞ്ഞത്​. ഇതിൽ റബ്ബർ മാത്രം മലയാളികളിൽ എത്തി. അതിന്​ രണ്ട്​ പത്രങ്ങളുടെ നിർണായക സ്വാധീനവുമുണ്ട്​.മലയാളികളുടെ ജീവിത നിലവാരത്തിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങൾ വരുത്തിയാണ്​ തോട്ടം വ്യവസായം വേരൂന്നിയതെങ്കിലും മറുഭാഗത്ത്​ നമ്മുടെ ഭക്ഷ്യസുരക്ഷക്ക്​ അന്നേ വെല്ലുവിളി ഉയർന്നു. നെല്ല്​ ഉൽപാദനം കുറഞ്ഞ്​ തുടങ്ങുന്നത്​ റബ്ബറിൻറ വരവോടെയാണ്.
1860-1940 കാലയാളവിനെയാണ്​ പ്ലാ​േൻറഷൻ കാലമെന്ന്​ വിശേഷിപ്പിക്കപ്പെടുന്നത്​. ഇൗ കാലയളവിലാണ്​ തോട്ടങ്ങൾ സ്​ഥാപിക്കപ്പെടുന്നത്​. ആദ്യ അഞ്ചു വർഷത്തേക്ക്​ കരം കൂടാതെയും തുടർന്ന്​ പയറ്റുപാട്ടമായും ഭൂമി പതിച്ച്​ പാട്ടത്തിന്​ നൽകുകയായിരുന്നു.ഭൂമിയുടെ തറക്ക്​ മാത്രം പാട്ടം ഇൗടാക്കുന്ന രീതിയാണിത്​. ഹൈ​േറഞ്ചുകളിലെ ഭൂമിയാണ്​ ഇത്തരത്തിൽ പാട്ടത്തിന്​ നൽകിയത്​. ഏറ്റവും ഉയരത്തിൽ തേയില, അതിന്​ താഴെ കാപ്പി, അതിനും താഴെ റബ്ബർ എന്നത്​ കൊണ്ടായിരിക്കണം മലകൾ തേടി ബ്രിട്ടീഷുകാർ എത്തിയത്​. നമ്മുടെ മീനച്ചിലുകാർ പുതിയ കൃഷിയിടങ്ങൾ തേടി കുടിയേറിയത്​ പോലെ 19-ാം നുറാണ്ടിൻറ ആദ്യ പകുതി തുടങ്ങി ബ്രിട്ടീഷുകാർ പുതിയ കൃഷി ഭൂമി തേടിയുള്ള യാത്രയായിരുന്നു. അത്​ അവസാനിച്ചത്​ മലയാള നാട്ടിലും.ഇതിനും പുറമെ തോട്ടകൃഷി വശമില്ലാതിരുന്ന അന്നത്തെ കർഷകർ മലകളെ തരിശിട്ടിരിക്കുകയായിരുന്നു. ഒരർഥത്തിൽ കോളോണിയൽ സംസ്​കാരവും എത്തിപ്പെടുകയായിരുന്നു. വയനാട്​,ഇടുക്കി എന്നിവിടങ്ങളിലെ ടൗണുകളുടെ വികസനം, കുതിരപന്തയം, ക്ലബ്ബ്​ സംസ്​കാരം എന്നിവയും തോട്ടങ്ങളുടെ ബാക്കിപത്രമാണ്​. സംസ്​ഥാനത്താകെ 352955.09 ഏക്കറാണ്​ തോട്ടങ്ങൾ.എന്നാൽ,കൃഷി വകുപ്പിൻറ രേഖകൾ പ്രകാരം റബ്ബർ, തേയില, കാപ്പി, ഏലം എന്നിവയുടെ വിസ്​തൃതി 7.05 ലക്ഷം ഹെക്​ടറാണ്​.

കാപ്പി
1767ൽ കണ്ണുരിലെ  അഞ്ചരക്കണ്ടിയിൽ ഇൗസ്​റ്റ്​ ഇൻഡ്യ കമ്പനി എസ്​റ്റേറ്റ്​ സ്​ഥാപിക്കുന്നതോടെയാണ്​ കാപ്പി കൃഷിയുടെ തുടക്കമെന്ന്​ കരുതുന്നു. എന്നാൽ, കാപ്പി എവിടെ നിന്നും എത്തിയെന്നതിനെ കുറിച്ച്​ വ്യക്​തമായ വിവരമില്ല. അറേബ്യൻ നാടുകളിൽ നിന്നും മലബാറിലെത്തിയതാണ്​ കാപ്പിയെന്നാണ്​ പറയപ്പെടുന്നത്​. തുടർന്നാണ്​ വയനാടിലേക്ക്​ എത്തുന്നത്​. ക്യാപ്​ടൻ ബേവൻറ നേതൃത്വത്തിലാണ്​ മാനന്തവാടിയിൽ കാപ്പി പരീക്ഷിച്ചതെന്നാണ്​ ചരിത്രം.അഞ്ചരക്കണ്ടിയിൽ നിന്നാണ്​ കാപ്പി വിത്ത്​ എത്തിച്ചത്​. പട്ടാള എസ്​റ്റേറ്റിൻറ വിജയമാണ്​ കാപ്പി വ്യാപകമാകാൻ കാരണമായത്​. അന്നത്തെ കലക്​ടർ W ഷെഫീൽഡ്​ കാപ്പി കൃഷിയെ പ്രോൽസാഹിപ്പിച്ചു. വയനാടിൽ കാപ്പി എത്തുന്നതിന്​ മുമ്പ്​ ഇവിടെ വനത്തിൽ ഏലമുണ്ടായിരുന്നു. ഇൗ കാട്ടു ഏലം ശേഖരിച്ച്​ വിൽപന നടത്തിയാണ്​ ആദിവാസികൾ ജീവിച്ചിരുന്നത്​. കോഴിക്കോട്​ നിന്നുള്ള വ്യാപാരികൾ ഇൗ കാട്ടു ഏലം വാങ്ങി കയറ്റുമതി ചെയ്യുകയായിരുന്നു.65 ഇനം ഏലം വയനാടൻ കാടുകളിൽനിന്നും ശേഖരിച്ചിരുനനതായി ഫ്രാൻസിസ്​ ബുച്ചനാൻ രേഖപ്പെടുത്തിയിട്ടുണ്ട്​.(A journey from Madras through Malabar,Mysore and soutyh Canara,Vol II.) വലിയ തോതിൽ ബ്രിട്ടിഷ്​ പ്ലാൻറർമാർ വയനാടിൽ എത്തിയതും ഇൗ കാലഘട്ടത്തിലാണ്​.കുറഞ്ഞ കൂലിക്ക്​ തൊഴിലാളികളെ ലഭിക്കുമെന്നത്​ മറ്റൊരു ഘടകമായിരുന്നു. ആയിരകണക്കിന്​ ഏക്കർ വനഭൂമി കൃഷി യോഗ്യമാക്കിയെന്ന്​ 1857ൽ കലക്​ടറായിരുന്ന റോബിൺസൺ രേഖപ്പെടുത്തിയിട്ടുണ്ട്​.19-ാം നൂറ്റാണ്ടിൻറ മധ്യത്തോടെ വയനാടിൽ 30,000 ഏക്കർ സ്​ഥലത്തായി 36കാപ്പി ​എസ്​റ്റേറ്റുകൾ രൂപപ്പെട്ടിരുന്നു. കെന്നഡി 1080 ഏക്കർ, ലക്കിഡി 1600 ഏക്കർ, പൂക്കോട്ട്​ 350 ഏക്കർ, കുള്ളി 2500 ഏക്കർ, വൈത്തിരി 2200ഏക്കർ, വെർണൻ 1200 ഏക്കർ, പാരി ആനറ്​ കമ്പനി 831 ഏക്കർ എന്നി സൗത്ത്​ വയനാടിലെ ആദ്യ കാല തോട്ടങ്ങളാണ്​. ലോപ്പസ്​ 150ഏക്കർ, മാനന്തവാടി 1100 ഏക്കർ, ദിണ്ഡിമാൽ 2300 ഏക്കർ, മേയ്​ 450 ഏക്കർ, റിച്ചമോണ്ട്​ 450 ഏക്കർ, ബ്രൗൺ 351 ഏക്കർ, തിരുനെല്ലി 200 ഏക്കർ, പിള്ളൈ 160ഏക്കർ എന്നി നോർത്ത്​ വയനാടിലെയും ആദ്യ കാല എസ്റ്റേറ്റുകൾ. വയനാടിന്​ പുറമെ ഇടുക്കിയിലെ കുമളി മേഖലയിലും കാപ്പി വ്യാപിച്ചു.എന്നാൽ, കാപ്പി ഇലക്കുണ്ടായ രോഗവും തണൽ മരങ്ങൾ ഇല്ലാതെയുള്ള കൃഷി രീതിയും കാപ്പിയെ പ്രതികൂലമായി ബാധിച്ചു. സ്വർണം തേടിയുള്ള ഖനനമാണ്​ മലബാറിലെ കാപ്പി വ്യവസായത്തിൻറ തകർച്ചക്ക്​ വഴിയൊരുക്കിയത്​. ഇപ്പോൾ 85359 ഹെക്​ടറിലാണ്​ കാപ്പി കൃഷി.1956-57ൽ 18640 ഹെക്​ടറിലായിരുന്നു.
പ്ലാ​േൻറഷൻറ പരിധിയിൽ വരില്ലെങ്കിലും നിലമ്പുർ തേക്ക്​ തോട്ടവും പാട്ട ഭൂമിയാണ്​. കപ്പൽ നിർമ്മിക്കാൻ തേക്ക്​ തടിക്ക്​ വേണ്ടിയാണ്​ ബ്രിട്ടീഷുകാർ തോട്ടം സ്​ഥാപിച്ചത്​.

തേയില
​തിരുവിതാംകൂറിൻറ സമ്പദ്​ഘടനയെ മാറ്റിമറിച്ചതാണ്​ തേയിലയുടെ വരവ്​.1849ൽ തിരുവിതാംകുർ ദിവാനും വില്യം ഹാക്​സുമാനുമായി ഒപ്പിട്ട പത്തനാപുരം കൺസഷനാണ്​ തിരുവിതാംകുറിലെ തേയില കൃഷിക്ക്​ തുടക്കം. പത്തനാപുരം, ചെ​​​േങ്കാട്ട മേഖലയിലെ പത്തു ചതുരശ്ര ​മൈൽ പ്രദേശം ഹാക്​സുമാണ്​ പാട്ടത്തിന്​ നൽകുന്നതാണ്​ 1849 ജൂലൈ ഒമ്പതിന്​ ഒപ്പിട്ട കരാർ. ഇതനുസരിച്ച്​ ഇവിടെ തേയില കൃഷിക്ക്​ തുടക്കമിട്ടുവെങ്കിലും അതൊരു പരാജയപ്പെട്ട പരീക്ഷണമായിരുന്നു. തുടർന്ന്​ 1852ൽ ഇൗ ഭൂമി ബിന്നി ആൻറ്​ കമ്പനിക്ക്​ കൈമാറി.30 വർഷത്തെ പാട്ടത്തിന്​ തിരുവതാംകൂർ രാജകൊട്ടാരം ഭൂമി നൽകിയെന്നാണ്​ ചരിത്രം.പിന്നിട്​ ഇൗ ഭൂമി മലയാളം പ്ലാ​േൻറഷനിൽ എത്തി.അമ്പനാട്​ മലകൾ ഇൗ കരാറിൻറ ഭാഗമാണ്​.
പീരുമേടിലും തേയില കൃഷി ആരംഭിച്ചിരുന്നു. മദ്രാസ്​ സ്​​റ്റേറ്റിലൂടെ എത്തിചേരാനുള്ള സൗകര്യമായിരിന്നിരിക്കണം പീരുമേടും മൂന്നാറും തെരഞ്ഞെടുക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്​.1885-89 കാലയളവിൽ പീരുമേടിൽ 3000 ഏക്കറിലും 1895-99 കാലഘട്ടത്തിൽ 15000 ഏക്കറിലും തേയില കൃഷി ഉണ്ടായിരുന്നുവെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ട്​.
എങ്കിലും തേയിലക്ക്​ പ്രശസ്​തി പകർന്നത്​ കണ്ണൻ ദേവൻ കമ്പനിയുടെ കീഴിൽ മൂന്നാറിൽ എസ്​റ്റേറ്റുകൾ തുറക്കുന്നതോടെയാണ്​. 1877ൽ പൂഞ്ഞാർ ഒന്നാം കരാർ പ്രകാരം പൂഞ്ഞാർ തമ്പരാൻറ ​​ൈകവശമുണ്ടായിരുന്ന കണ്ണൻ ദേവൻ കുന്നുകൾ 5000 രൂപ രൊക്കമായും 3000 രൂപ വാർഷിക പാട്ടത്തിനുമാണ്​ ജോൺ മൺട്രോക്ക്​ നൽകിയത്​. ആദ്യം സി​േങ്കാണയും റബ്ബറുമൊക്കെയാണ്​ പരീക്ഷിച്ചത്​. പിന്നിട്​ തേയിലയിൽ എത്തി. ബ്രിട്ടീഷിൻഡ്യയിൽ തേയില കൃഷി വ്യാപിപ്പിക്കാനും ​​പ്രത്യേക കാരണമു​ണ്ടായിരുന്നു. സൂര്യൻ അസ്​തമിക്കാത്ത സാമ്രാജ്യമായിരുന്നുവെങ്കിലും തേയില വ്യവസായത്തിൽ ബ്രിട്ടീഷുകാർ പിന്നിലായിരുന്നു. ചൈനക്കായിരുന്നു ആധിപത്യം. തേയില സംസ്​കരിക്കാൻ ചൈനക്കാർക്കെ അറിയൂവെന്നതായിരുന്നു അക്കാലത്തെ അവസ്​ഥ. ചൈനയിൽ നിന്നും തേയില കുരുവിനൊപ്പം ഒരു സംഘത്തെയും ഇൻഡ്യയിൽ എത്തിച്ചാണ്​ ബ്രിട്ടീഷുകാർ ഇതിനെ നേരിട്ടത്​.അതിലൊരു ചൈനക്കാരൻ മൂന്നാറിലും എത്തി -ജോൺ അജൂ. ജോൺ അജുവിൻറ വരവും മൂന്നാറിൻറ കാലാവസ്​ഥയും ഭൂപ്രകൃതിയുമാണ്​​ കണ്ണൻ ദേവൻ തേയിലക്ക്​ പ്രിയം വർദ്ധിപ്പിച്ചത്​. തേയില ബോർഡിൻറ കണക്കനുസരിച്ച്​ ഇപ്പോൾ ദേവികുളം സബ്​ ഡിവിഷനിൽ 11619.73 ഹെക്ടറിലും പീരുമേട്​ സബ്​ ഡിവിഷനിൽ 10394.03 ഹെക്​ടറിലും തേയില കൃഷിയുണ്ട്​. സമസ്​ഥാനത്താകെ 35010 ഹെക്​ടറിൽ​ തേയിലയുണ്ട്​.

റബ്ബർ
1902ൽ മുന്നാറിനടുത്ത്​ ആനക്കുളത്താണ്​ റബ്ബർ കൃഷിക്ക്​ തുടക്കം. മർഫി സായ്​പെന്ന ജോൺ ജോർജ്​ മർഫിയാണ്​ ഇൻഡ്യയിലെ റബ്ബറിൻറ പിതാവ്​. 1957ൽ കോട്ടയം ജില്ലയിലെ ഏന്തയാറിലാണ്​ ഇദ്ദേഹം മരണമടഞ്ഞത്​.
കാപ്പിയും തേയിലും പോലെ റബ്ബർ കൃഷി ആരംഭിച്ചതും ബ്രിട്ടീഷുകാരാണ്​. എന്നാൽ, റബ്ബറിന്​ കാര്യമായ തണുപ്പ്​ ആവശ്യമില്ലാത്തതിനാൽ ഇടനാടി​ലാണ്​ ബ്രിട്ടീഷുകാർ എത്തിയത്​.എങ്കിലും തദ്ദേശിയർ വിട്ടു നിന്നു. ആലപ്പുഴയിലെ വ്യവസായായിരുന്ന പി.ജോണിൻറ നേതൃത്വത്തിൽ 1905ൽ കാളിയാറിൽ എസ്​റ്റേറ്റ്​ സ്​ഥാപിക്കുന്നതോടെയാണ്​ തദ്ദേശിയർ ഇൗ രംഗത്ത്​ വരുന്നത്​.സിറിയൻ കൃസ്​ത്യൻ വിഭാഗം റബ്ബർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും സമുദായ അംഗങ്ങളോട്​ റബ്ബറിലേക്ക്​ തിരിയാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. 1925ൽ മലയാളികളുടെ 53 എസ്​റ്റേറ്റുകൾ സ്​ഥാപിക്കപ്പെട്ടു. 1934ൽ മലയാളികൾക്കായി മുൻതൂക്കം. കൃസ്​ത്യൻ മിഷനറിമാരുടെ പങ്ക്​ വളരെ വലുതാണ്​. ഇത്​ നെൽ കൃഷി കുറയാൻ കാരണമായി. 1931ൽ 696474 ഏക്കറിലായിരുന്നു നെൽകൃഷിയെങ്കിൽ 1941ൽ 649906 ഏക്കറായി കുറഞ്ഞു. പിന്നിടുള്ള വർഷങ്ങളിൽ നെൽ കൃഷി കുറയുകയായിരുന്നു. തിരുവിതാംകൂർ സർക്കാർ റബ്ബറിന്​ നികുതി ഇളവ്​ നൽകി. കൃഷി പരിവർത്തനവും കൃസ്​ത്യൻ മിഷനറിമാരും എന്നതായിരുന്നു അക്കാലത്തെ ലൈൻ. സഭക്ക്​ പലയിടത്തും റബ്ബർ കൃഷിയുണ്ടായിരുന്നു.സഭയുടെ വരുമാനം തന്നെ റബ്ബർ ആയിരുന്നു. ഇപ്പോൾ 549955 ഹെക്​ടറിലാണ്​ റബ്ബർ.

ഏലം
ഇന്നത്തെ ഇടുക്കി ജില്ലയി​ലെ ഉടു​ഞ്ചോല താലൂക്കിലാണ്​ പ്രധാനമായും ഏലം കൃഷി ചെയ്യുന്നത്​. ദേവികുളം, പീരുമേട്​ താലൂക്കുകളിലും ഏലം കൃഷി ചെയ്​തിരുന്നു. 19-ാം നൂറ്റാണ്ടിൻറ അവസാനമാണ്​ ഏലംകൃഷി ആരംഭിക്കുന്നത്​. ബ്രിട്ടീഷുകാരാണ്​ കൃഷി തുടങ്ങിയതെങ്കിലും വൈകാതെ അവർ രംഗം വിട്ടു. അതിർത്തിക്കപ്പുറത്ത്​ തമിഴ്​നാടിൽ നിന്നുള്ളവരാണ്​ കൃഷിക്കായി എത്തിയത്​. തൊഴിലാളികളും അവിടെ നിന്നും വന്നു. 39730 ഹെക്​ടറിൽഏലമുണ്ടെന്നാണ്​ കൃഷി വകുപ്പിൻറ കണക്ക്​. 1988-89ൽ 64000ഹെക്​ടറിൽ ഏലമുണ്ടായിരുന്നു.

ഭൂമി പ്രശ്​നം

"ഈ ഭൂമി സ്വകാര്യവ്യക്തികളുടേതല്ല, രാഷ്‌ട്രങ്ങളുടേതല്ല, ഭൂമിയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരെയുമെടുത്താൽ, അവരുടേതുമല്ല. നാം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്‌. നമുക്കു കിട്ടിയതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക്‌ കൈമാറാൻ നാം ബാധ്യസ്ഥരാണ്‌ - നല്ല തറവാട്ടുകാരണവന്മാരെപ്പോലെ."
(കാൾ മാർക്‌സ്‌, മൂലധനം) ഇതു സാധ്യമാക്കുന്ന തരത്തിലാണോ കേരളത്തിലെ കാര്യങ്ങൾ. ഏതൊ കാലത്ത് തോട്ടങ്ങൾക്കായി പാട്ടത്തിന്​ വാങ്ങിയ ഭൂമി സ്വകാര്യ ഭൂമിയെന്ന നിലയിൽ മുറിച്ച്​ വിൽക്കുന്നു.മറ്റാവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നു. എന്നാൽ, സർക്കാരിന്​ യാതൊന്നും ചെയ്യാൻ കഴിയുന്നില്ല. ആമുഖമായി പറഞ്ഞത്​ പോലെ ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പോലും സർക്കാർ ആവശ്യപ്പെട്ടാലും താഴെ തട്ടിൽ നിന്നും ലഭിക്കുന്നില്ല.
എം.ജി.രാജമാണിക്കം കമ്മിറ്റിക്ക്​ ലഭിച്ച വിവരം അനുസരിച്ച്​ 225087.457 ഏക്കർ സ്വതന്ത്ര്യന്​ മുമ്പ്​ പാട്ടത്തിന്​ നൽകിയത്​ ആയതിനാൽ ഇത​ത്രയും തിരിച്ച്​ എടുക്കാവുന്ന സർക്കാർ ഭൂമിയാണ്​. ഇതിൽ കണ്ണൻ ദേവൻ, ഹാരിസൺ ഭൂമിയും ഉൾപ്പെടുന്നു. അതായത്​ ഇൻഡ്യ ഇൻഡിപ്പൻറസ്​ ആക്​ട്​ ഭൂമി പാട്ടത്തിന്​ നൽകിയ കാര്യത്തിലും ബാധമകാണെന്ന വാദമാണ്​ രാജമാണിക്കം ഉയർത്തുന്നത്​.ഇതിനായി പ്രത്യേക നിയമനിർമ്മാണം വേണമെന്ന്​ അദേഹം ശിപാർശ നൽകിയിട്ടുണ്ട്​.എന്നാൽ,നിയമ വകുപ്പിൻറ അഭിപ്രായം മറിച്ചാണ്​. ഇൻഡിപ്പൻറൻസ്​ ആക്​ട്​ ബാധകമാകില്ലെന്ന നിയമ ഉപദേശമാണ്​ ലഭിച്ചിട്ടുള്ളതെന്നാണ്​ അറിയുന്നത്​.
ഇടുക്കിയിൽ പീരുമേട്​ താലൂക്കിൽ 44740.04 ഏക്കർ, ദേവികുളം താലൂക്കിൽ 68759.56ഏക്കർ  തിരുവനന്തപുരത്ത്​ 4566.98 ഏക്കർ, പാലക്കാട്​ പോബ്​സണിന്​ 855 ഏക്കർ, തൃശുർ 2777.6 ഏക്കർ, കോഴിക്കോട്​ 2604.08 ഏക്കർ, കൊല്ലം 682.22ഏക്കർ, വയനാട്​ 20433.118 ഏക്കർ, കാസറഗോഡ്​ 3002.31 ഏക്കർ എന്നിങ്ങനെയാണ്​ പാട്ട ഭൂമിയുടെ വിസ്​തൃതി. ഇതിൽ ബഹുഭൂരിപക്ഷവും ബ്രിട്ടിഷുകാർ പാട്ടത്തിന്​ വാങ്ങി കൈമാറിയതാണ്​. ഇടുക്കി ഒഴി​െക മറ്റ്​ ജില്ലകളിലെ ഹാരിസൺ ഭൂമി ഇതിൽ ചേർത്തിട്ടില്ല.
1973ലെ ഫെറ നിയമമാണ്​ (ഫോറിൻ എക്​സ്​ചേഞ്ച്​ റെഗുലേഷൻ ആക്​ട്​) ആണ്​ വിദേശികളെ ഭൂമി കൈമാറ്റത്തിന്​ പ്രേരിപ്പിച്ചത്​. ഇതിൽ പലതിൻറ കൈമാറ്റം പോലും അനധികൃതമാണ്​. ഭൂമിയുടെ സ്​റ്റാറ്റസ്​ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നു. പാട്ട ഭൂമി  വ്യാജ ആധാരത്തിലുടെ വൻതോതിൽ വിൽപന നടത്തിയിട്ടുണ്ട്​. അഞ്ച്​ ശതമാനം ​ടുറിസം അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്ക്​  ഉപയോഗിക്കാനുളള അനുമതിയുടെ മറവിലാണ്​ ​പാട്ട ഭൂമി തുണ്ടമാക്കി മാറ്റുന്നത്​.
വൻതോതിൽ പരിവർത്തനം ചെയ്യപ്പെടുകയും ഭൂ മാഫിയയുടെ കൈവശം വന്നു ചേരുകയും ചെയ്​താണ്​ കാർഡമം ഭൂമി അഥവാ സി.എച്ച്​.ആർ. 19-ാം നൂറ്റാണ്ടിൻറ അവസാനം മുതൽ പാട്ടത്തിന്​ നൽകി തുടങ്ങിയതാണ്​. 1896,1899,1900,1913,1944 തുടങ്ങി പലതവണ സി.എച്ച്​.ആർ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങൾ വന്നു.പാട്ട ഭൂമിക്ക്​ പരിധി നിശ്ചയിച്ചു.പാട്ടക്കാലവധിയും പുതുക്കി നിശ്ചയിച്ചു. 1961​ലെ ഉത്തരവ്​ പ്രകാരം ഏഴ മുതൽ 20വർഷത്തേക്കാണ്​പാട്ടം. ഇപ്പോഴത്തെ പല തോട്ടങ്ങളുടെയും പാട്ടക്കലാവധി അവസാനിച്ചു. ഇതിനിടെ 1.1.1977ന്​ മുമ്പ്​ ഏലമിതര കൃഷിക്കായി ഉപയോഗിച്ച ഭൂമിക്ക്​ പട്ടയം നൽകാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകി. 25000ഹെക്​ടർ സ്​ഥലമാണ്​ ഇത്തരത്തിൽ പട്ടയത്തിന്​ അർഹത നേടിയത്​. എന്നാൽ, അതിന്​ ശേഷം കൺവർട്ട്​ ചെയ്യപ്പെട്ടതാണ്​ തച്ചങ്കരിയുടെ കോളജും ഇന്ന്​ കാണുന്ന റിസോർട്ടുകളും. നിയമ പ്രകാരം പാട്ട വ്യവസ്​ഥ ലംഘിച്ച ഇൗ ഭൂമി സർക്കാരിന്​ ഏറ്റെടുക്കാം. ഇതിനിടെ സഹകരണ ഏലത്തോട്ടം സ്വകാര്യ ഭൂമിയായി മാറിയതും ഇടുക്കിയിലാണ്​. പള്ളിവാസൽ സഹകരണ ഏല​സംഘത്തിൻറ ഉടമസ്​ഥയിൽ ഉണ്ടായിരുന്ന തോട്ടം ഇപ്പോൾ സ്വകാര്യവ്യക്​തി സ്വന്തമാക്കി. സഹകരണ സംഘവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സഹകരണ വകുപ്പിൽ ലഭ്യമല്ല.

ഹാരിസൺ ഭൂമി
ഏറെ ചർച്ച ചെയ്യുന്നതാണ്​ ഹാരിസൺ മലയാളം ഭൂമി പ്രശ്​നം. ലണ്ടനിൽ രജിസ്​റ്റർ ചെയ്​ത മലയാളം പ്ലാ​​േൻറഷൻസും ഹാരിസൺ ആൻറ്​​ ക്രോസ്​ ഫീൽഡ്​ കമ്പനിയും ലയിച്ചാണ്​ ഹാരിസൺ മലയാളം പ്ലാ​േൻറഷൻസ്​ ആകുന്നത്​.കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശുർ, കോഴിക്കോട്​, വയനാട്​ ജില്ലകളിലായി 76769.80ഏക്കർ സ്​ഥലം ഇവരുടെ കൈവശമുണ്ട്​. തിരുവിതാംകൂറിൽ 47092.65 ഏക്കറിൽ 6646.07 ഏക്കറിന്​പട്ടയമുണ്ടെന്ന്​ ഹാരിസൺ അവകാശപ്പെടുന്നു.മലബാറിൽ 23608.33 ഏക്കറിൽ 4355.98 ഏക്കറിന്​ പട്ടയമുണ്ടെന്നാണ്​ അവകാശം. കൊച്ചിയിൽ 6068.82 ഏക്കറാണ്​ പാട്ടഭൂമി. ഇതിൽ 1845.22 ഏക്കർ മിച്ചഭൂമിയാണെന്ന്​ 1982ൽ വൈത്തിരി ലാൻഡ്​ ബോർഡ്​ കണ്ടെത്തിയിരുന്നു.1400 ഹെക്​ടർ വനഭൂമിയാണെന്ന്​ ഫോറസ്​റ്റ്​ ട്രൈബ്യുണലും ക​ണ്ടെത്തി.
 കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 38170.95 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തുവെങ്കിലും കമ്പനി ഹൈ കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ സ്​റ്റേ ചെയ്യപ്പെട്ടു.ഇതിൽ നാലു ജില്ലകളിലായി ഹാരിസൺസ്‌ മലയാളം ലിമിറ്റഡ്‌ കൈവശം വയ്ക്കുന്ന 30,01,995 ഏക്കർ ഭൂമിയും മറ്റു കമ്പനികളും കയ്യേറ്റക്കാരും കൈവശം വയ്ക്കുന്ന 8150.97 ഏക്കർ ഭൂമിയും ഉൾപ്പെടുന്നു. കേരള ഭൂ സംരക്ഷണ നിയമത്തിൻറ ലംഘനം ചുണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുത്തത്​. സെക്​ഷൻ 2(43)പ്രകാരം വ്യക്​തികളുടെ നിർവചനത്തിൽ കമ്പനി വരില്ല. 51A, B, 72(1),86,86(4) എന്നിവ പ്രകാരവുമാണ്​ നടപടികൾ.
 ഭൂ സമരക്ഷണ നിയമത്തിലെ 87 പ്രകാരം തോട്ടങ്ങൾക്ക്​ നൽകിയ ഭൂമി ആ ആവശ്യത്തിന്​ വിനിയോഗിച്ചില്ലെങ്കിൽ താലൂക്ക്​ ലാൻഡ്​ ബോർഡിന്​ നടപടിയെടുക്കാം. ഭൂമി മിച്ചഭൂമിയായി ​പ്രഖ്യാപിക്കുകയും ചെയ്യാം. സെക്​ഷൻ 81 പ്രകാരം ഭൂപരിധി ഒഴിവാക്കി നൽകിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം നടത്താനും കഴിയില്ല. എന്നാൽ ഹാരിസൺ വൻ തോതിലാണ്​ ഭൂമി വിൽപന നടത്തിയത്​. പീരുമേടിൽ 1665.16 ഏക്കർ, പുനലൂരിൽ206.50 ഏക്കർ, ചെറുവള്ളിയി​ലെ 2263.06 ഏക്കർ, കൊല്ലം 4041.79 ഏക്കർ, മലബാറിൽ 4409.32 ഏക്കർ എന്നിങ്ങനെ 12658.16 ഏക്കർ ഭൂമി കമ്പനി വിൽപന നടത്തി.കേരള ഭൂസംരക്ഷണ നിയമം 1963, 1970 എന്നി വർഷങ്ങളിലെ ചട്ടങ്ങൾ പ്രകാരംഭൂമി വിറ്റത്​ നിയമവിരുദ്ധമാണ്​.
കമ്പനിയുടെത്​ വ്യാജ ആധാരമാണെന്നും ക​ണ്ടെത്തിയിട്ടുണ്ട്​. 2005ൽ നിയമിക്കപ്പെട്ട റവന്യു, വനം വകുപ്പുകളുടെ ഉന്നതതല സമിതിയാണ്​ ഭൂമി ഏറ്റെടുക്കണമെന്ന്​ ആദ്യം നിർദേശം നൽകിയത്​.
ഇടുക്കിയില്‍ കൊക്കയാര്‍ വില്ലേജില്‍  പാരിസണ്‍ കമ്പനിയുടെ കയ്യിലുള്ള ഇപ്പോഴത്തെ ബോയ്‌സ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന 1666 ഏക്കര്‍ ഹാരിസണ്‍ വിറ്റതാണ്. ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റിലെ 606 ഏക്കര്‍ പെനിസുലാര്‍ പ്ലാന്റേഷന്‍ എന്ന കമ്പനിക്ക് നല്‍കിയിട്ടുണ്ട്. പെനിസുലാര്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ ട്രാവന്‍കൂര്‍ റബ്ബര്‍ ടീ എസ്റ്റേറ്റിന് കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കര്‍ ഭൂമിയും കൈമാറി. തെന്മലയിലെ 206.50 ഏക്കര്‍ മുംബൈ ആസ്ഥാനമായുള്ള റിയാ റിസോര്‍ട്ട്‌സിനാണ് ഹാരിസണ്‍ കൈമാറിയിരിക്കുന്നത്. കൊല്ലം ആര്യങ്കാവ് എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 707 ഏക്കര്‍ വ്യാജ ആധാരമുപയോഗിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ്​ കണ്ടെത്തൽ.
ഇടുക്കി കോടികുളം വില്ലേജിലെ കാളിയാര്‍ എസ്റ്റേറ്റില്‍പ്പെടുന്ന 1470.51 ഏക്കര്‍ സ്ഥലം എസ്എഫ്ഒ ടെക്‌നോളജീസിന് ഹാരിസണ്‍ മറിച്ചുവിറ്റിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ പരിശോധന നടത്താനുള്ള വയനാട് ജില്ലയില്‍ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെടുന്ന 403 ഏക്കര്‍ ഭൂമി ജയ്ഹിന്ദ് ഏജന്‍സീസിനാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ്​ മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ്​ വീതം ഭൂമി നീക്കി വെച്ചുവെങ്കിലും തോട്ടം തൊഴിലാളികൾ ഒരു മുറിയും അടുക്കുളയും മാത്രമുള്ള ലായങ്ങളിലാണ്​ കഴിയുന്നത്​.
കണ്ണൻ ദേവൻ, ചിന്നക്കനാൽ, പള്ളിവാസൽ വില്ലേജുകളിലാണ്​ കണ്ണൻ ദേവൻ കമ്പനിക്ക്​ ഭൂമി പാട്ടത്തിന്​ നൽകിയത്​. 1877ൽ പൂഞ്ഞാർ തമ്പുരാൻറ കാലത്താണ്​ തേയില കൃ
ഷിക്ക്​ തുടക്കമെന്ന്​ നേര​ത്തെ സൂചിപ്പിച്ചല്ലോ. കണ്ണൻ ദേവൻ കമ്പനിക്ക്​ പാട്ടത്തിന്​നൽകിയ ഭൂമി പൂർണമായും കൃഷിക്ക്​ ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്​ 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച്​ വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്​.ഇതിന്​ എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച്​ വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
 കൺസഷൻ ലാൻഡിന്​ പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച്​ 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക്​ നൽകിയത്​ 2611.38
സർക്കാരിൽനിക്ഷിപ്​തമാക്കിയത്​ 70522.12 ഏക്കർ
കമ്പനിക്ക്​ തിരികെ നൽകിയത്​ 57359.14 ഏക്കർ
തേയില- 23239.06
വിറക്​ കൃഷി 16898.91
കന്നുകാലികൾക്ക്​ മേയാൻ- 1220.77
കെട്ടിടം,റോഡ്​, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത്​ 6393.59
എസ്​റ്റേറ്റുകൾക്ക്​ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച്​ വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വി​ല്ലേജിലെ പെരിയകനാൽ എന്നി എസ്​റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച്​ വ്യക്​തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത്​ ചെയ്യണമെന്ന്​ സംബന്ധിച്ച്​ 1975​​ലെ സർക്കാർ ഉത്തരവിലുടെ വ്യക്​തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക്​ പതിച്ച്​ നൽകണമെന്ന്​ നിർദേശിച്ചു. ഇതിനായി പ്ര​ത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന്​ ഒരു ഹെക്​ടർ വീതം ഭൂമി പതിച്ച്​ നൽകാനാണ്​ നിയമത്തിൽ പറഞ്ഞത്​.1980ലും 1985ലുമായി ഏതാണ്ട്​ 2500 ഒാളം ഹെക്​ടർ ഭൂമി വിതരണം ചെയ്​തു. പിന്നിട്​ കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്​തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക്​ പട്ടയം നൽകിയെന്നും 1016 പേർക്ക്​ പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ്​ അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്​.ഭൂരഹിതർക്ക്​ പതിച്ച്​നൽകേണ്ട ഭൂമി അന്യാധീനപ്പെടുകയും ചെയ്യു​ന്നു. മൂന്നാറിൽ ഏ​റ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക്​ 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം ​സെൻറ്​ വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന്​ കൈമാറാൻ നിർ​ദേശിച്ചതിലും 852 ഏക്കർ കുറച്ചാണ്​ വിജ്ഞാപനം ചെയ്​തതു. ഇതൊക്കെ ക​​യ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ്​ മൂന്നാർ കോളനിയും ലക്ഷം വീടും.

കണ്ണൻ ദേവൻ ഭൂമി തിരിച്ച്​ പിടിക്കാമോ
1974ൽ ലാൻഡ്​ ബോർഡ്​ അവാർഡ്​ പ്രകാരം നൽകിയതിനാൽ കണ്ണൻ ദേവൻ ഭൂമി തിരിച്ച്​ പിടിക്കാമോ എന്നതാണ്​ തർക്ക വിഷയം. ഹാരിസൺ ഭൂമി ഏറ്റെടുക്കാമെങ്കിൽ ഇപ്പോൾ ടാറ്റയുടെ കൈവശമുള്ള ഭൂമിയും തിരിച്ച്​ പിടിക്കാമെന്നാണ്​ നിയമ വിദഗ്​ധർ പറയുന്നത്​. 1974ൽ ഭൂമി നൽകിയത്​ സ്​കോട്ട്​ലാൻറിൽ രജിസ്റ്റർ ചെയ്​ത കണ്ണൻ ദേവൻ കമ്പനിക്കാണ്​. ഫെറ നിയമത്തിന്​ വിരുദ്ധമായിരുന്നു തീരുമാനമെന്നാണ്​ ചൂണ്ടിക്കാട്ടുന്നത്​. പിന്നിടാണ്​ ടാറ്റയെ കുടി ചേർത്ത ടാറ്റ ഫിൻലേ ആയതും തുടർന്ന്​ ടാറ്റ ടീ കമ്പനി ആയതും. 1974ന്​ ശേഷവും പാട്ട ഭൂമി തുണ്ടമാക്കി വിൽപന നടത്തി. ഹാരിസണി​െൻറ കേസ്​ പ്രകാരമെങ്കിൽ ഇൗ കൈമാറ്റങ്ങൾക്ക്​ നിയമസാധുതയില്ല. കേരള ഭൂ സംരക്ഷണ നിയമത്തിലെ 1963ലെയും 1970ലെയും ചട്ടങ്ങൾ ബാധകമാണ്​. കമ്പനി വിറ്റ ഭൂമി സർക്കാരിന്​ ഏറ്റെടുക്കുകയും ചെയ്യാം.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്​ 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു.​ കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്‍കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്​ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ്​ ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുക്കുന്നത്​ തടസപ്പെടുത്തിയത്​. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്​ തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും ഒാഹരി ഉടമകളാണ്​ കമ്പനി നടത്തുന്നത്​.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്​റ്റാഫ്​ ജീവനക്കാർ,കച്ചവടക്കാർ, മറ്റ്​  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.അവർക്ക്​ നാലു സെൻറ്​ വീതം നൽകാൻ വേണ്ടി വരുന്നത്​ 600 ഏക്കർ ഭൂമി മാത്രമാണ്​.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.