കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചു. പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം സ്വീകരിക്കുന്നതിനാണ് പോയത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവിടെ എത്തിയതിനാൽ, ഗാന്ധിഭവനിലുടെ ഒരു യാത്ര നടത്തി. സാധാരണ ഒരു അഗതി മന്ദിരം എന്നതായിരുന്നു ഗാന്ധി ഭവനനെ കുറിച്ചും എൻറ ധാരണ. എന്നാൽ 1300ലേറെ അന്തേവാസികളെ ഒരു പരാതിയും ഇല്ലാതെ സംരക്ഷിക്കുന്ന മാനേജ്മെൻറ് മാജിക് അതിശയിപ്പിക്കുന്നതാണ്. ആറ് മാസംപ്രായമുള്ള കുഞ്ഞ് മുതൽ 104 വയസുള്ള അമ്മ വരെയുള്ളവരാണ് അന്തേവാസികൾ. ഇവരിൽ പ്രശസ്തരുണ്ട്, സിനിമ നടനുണ്ട്, ഗായകരുണ്ട്, രാഷ്ട്രിയ നേതാക്കളായിരുന്നവരുണ്ട്. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുണ്ട്. മക്കളും ചെറുമക്കളുമടക്കം എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരാണ് ഇവിടെ കഴിയുന്നത്.
ഫണ്ടിൻറ ലഭ്യത മാറ്റി വെക്കാം. എങ്കിലും പലതരത്തിലുള്ളവരെ മാനേജ് ചെയ്യുക എന്നത് നിസാര കാര്യമല്ലല്ലോ. പലതരം രോഗമുള്ളവർ, മാനസിക വൈകല്യമുള്ളവർ, ബുദ്ധിവൈകല്യമുള്ളവർ, കിടപ്പിലായവർ അങ്ങനെ ആ പട്ടിക നീളുന്നു. പലർക്കും ഭക്ഷണം വാരികൊടുക്കുന്നു. ചിലരൊയൊക്കെ വീൽചെയറിലാണ് കൊണ്ട് പോകുന്നത്. ചിലർ അവർ അറിയാതെ മലമൂത്ര വിസർജനം നടത്തുന്നവരാണ്. എങ്കിലും ക്ഷമയോടെ അതൊക്കെ വൃത്തിയാക്കാനും ഗാന്ധിഭവൻ എന്ന ഗ്രാമം കഴുകി വൃത്തിയായി സൂക്ഷിക്കാനും സന്നദ്ധ പ്രവർത്തരെ പോലെ ജീവനക്കാർ റെഡിയാണ്. അന്തേവാസികൾക്ക് വേണ്ടിയുള്ള ബാർബർ ഷാപ്പ് മറ്റൊരു കാഴ്ചയായിരുന്നു.
ഇതൊരു ഗ്രാമമാണ്. അവർക്ക് മാത്രമായി ഗ്രാമ പഞ്ചായത്തുണ്ട്. ഒമ്പത് വാർഡുകളായി തിരിച്ച് അംഗങ്ങളെയും അവരിൽ നിന്നും പ്രസിഡൻറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പഞ്ചായത്ത് ആഫീസും പ്രവർത്തിക്കുന്നു.ചെറുതെങ്കിലും മനോഹരമായ ഗ്രന്ഥശാലയും പുസ്തകശാലയും പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങൾക്കായി അംഗൻവാടി, സ്പെഷ്യൽ സ്കുൾ എന്നിവയും ഗാന്ധിഭവൻറ ഭാഗമാണ്. അന്തേവാസികൾ ഉൽപാദിപ്പിക്കുന്ന വിവിധ തരം സോപ്പുകൾ, അച്ചാറുകൾ തുടങ്ങിയവയുടെ വിൽപനക്കായി പ്രത്യേക സ്റ്റാളുണ്ട്.
ഭക്ഷണത്തിനേക്കാൾ കുടുതൽ തുക ചെലവഴിക്കുന്നത് മരുന്നുകൾക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്. അപ്പോലപ്പതി, ആയൂർവേദ, ഹോമിയോ ഡോക്ടർമാരും മെഡിക്കൽ സ്റ്റോറമുണ്ട്. നിയമസഹായ കേന്ദ്രങ്ങളാണ് ഏറെ ആകർഷകമായി തോന്നിയത്. വനിത കമ്മിഷൻ, നിയമസഹായ വേദി എന്നിവയുടെ നിയമസഹായ കേന്ദ്രങ്ങളും അഭിഭാഷകരുമുണ്ട്. അന്തേവാസികൾക്ക് നിയമസുരക്ഷയും ഉറപ്പ് നൽകുന്നു.
ഇത് മറ്റൊരു ലോകമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരുടെ ലോകം. ജനിച്ച വീട്ടിൽ അന്യരെ പോലെ കഴിയേണ്ടി വന്നവർ ഗാന്ധിജിയുടെ തണലിൽ പരസ്പരം സ്നേഹിച്ചും വിശേഷങ്ങൾ പങ്കിട്ടും കഴിയുന്നു.അവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും മരുന്നും പരിചരണവും നൽകാൻ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലുർ സോമരാജനും ഭാര്യയും മകനും മാത്രമല്ല, ഒരു സംഘം തന്നെയുണ്ട് ഇവിടെ.
ഗാന്ധി ഭവൻ സന്ദർശിക്കുന്നവർക്ക് ഗാന്ധിഭവൻറ സന്ദേശവുമായി അവരുടെ തന്നെ ചിത്രമെടുത്ത് ലാമിനേറ്റ് ചെയ്ത് നൽകുന്നത് മറ്റൊരു സന്ദേശം എന്നും പറയാതെ വയ്യ. ഗാന്ധിഭവൻ സന്ദർശനം ഒരിക്കലും മറക്കാതിരിക്കാൻ.
No comments:
Post a Comment