Pages

30 November 2011

പരിഹാരത്തിന് തമിഴ്നാടിന്റെ സഹകരണം അനിവാര്യം



 തമിഴ്നാടിന്റെ സഹകരണമില്ലാതെയുള്ള ഒരു നീക്കവും മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരമാകില്ല. ജല പ്രശ്നത്തില്‍ എന്നും വിട്ട് വീഴ്ചയില്ലാത്ത സമീപനം തമിഴ്നാട് സ്വീകരിക്കുന്നത് മൂലമാണിത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം പലതവണ മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്രം വിളിച്ചെങ്കിലും പരിഹാരത്തിന് വഴി തുറന്നിട്ടില്ല. നിയമനിര്‍മാണം നടത്തിയാലും തമിഴ്നാട് അംഗീകരിച്ചില്ലെങ്കില്‍ നടപ്പാക്കാന്‍ കഴിയില്ല. 1987ല്‍ കരാര്‍ കലാവധി അവസാനിച്ച പറമ്പിക്കുളം^ആളിയാര്‍ പദ്ധതി കരാര്‍ പുനരവലേകാനത്തിനും പലതവണ മുഖ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നെങ്കിലും ഇനിയും ധാരണയിലെത്താന്‍ കഴിയാത്തത് ഉദാഹരണമാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ ആദ്യമായി ഒത്തുചേര്‍ന്നത് 2000 ഏപ്രില്‍ അഞ്ചിനായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ ഹരജികള്‍ പരിഗണിച്ച കോടതിയാണ് ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് ചര്‍ച്ച നടത്തി തീരുമാനമെടുത്ത്കൂടെയെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ഇ.കെ.നായനാരും എം.കരുണാനിധിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
മേയ് 19ന് മുഖ്യമന്ത്രിമാരെ അന്നത്തെ കേന്ദ്ര ജലവിഭവ മന്ത്രി സി.പി.താക്കൂര്‍ ദല്‍ഹിക്ക് വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതോടെ കോടതിക്ക് പുറത്ത് പരിഹാരം കണ്ടെത്താനുള്ള ശ്രമം അവസാനിച്ചു. പന്ത് വീണ്ടും സുപ്രീംകോടതിയുടെ കോര്‍ട്ടിലെത്തി.
ഈ കേസിലാണ് 2006 ഫെബ്രുവരി 27ന് ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി വിധിച്ചത്. ഇതി നെത്തുടര്‍ന്നാണ്, തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതിയോടെ നിയമസഭ രണ്ട് ദിവസം സമ്മേളിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി നിയമസഭ പിരിഞ്ഞതിനാലാണ് അനുമതി വേണ്ടിവന്നത്. 2006 മാര്‍ച്ച് 14,15 തീയതികളില്‍ സമ്മേളിച്ച സഭ കേരള ജലസേചനവും ജല സംരക്ഷണവും നിയമം ഭേദഗതി ചെയ്യുകയും ഡാം സുരക്ഷാ അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയായും നിജപ്പെടുത്തി.
എന്നാല്‍, ഈ നിയമത്തെ തമിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. നിയമത്തെ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്.  ഈ കേസ് പരിഗണിച്ച സുപ്രീം കോടതി, ഇരു സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് സ്വതന്ത്രമായ പരിഹാരം കാണാനാണ് അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന്  നേരത്തെ കേരളം ആവശ്യപ്പെടുകയും കേസ് പരിഗണിച്ചപ്പോള്‍ അക്കാര്യം സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് 2006 നവംബര്‍ 29ന് മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജലവിഭവമന്ത്രിയുടെ സാന്നിധ്യത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് വഴങ്ങിയില്ല. ഈ യോഗത്തിന് മുന്നോടിയായി നവംബര്‍ 20ന് കേരളത്തിലും ഒക്ടോബര്‍ 23ന് തമിഴ്നാടിലും സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരുടെ യോഗത്തിന് തുടര്‍ച്ചയായി ഡിസംബര്‍ 18ന് സംസ്ഥാന ജലവിഭവ മന്ത്രിമാരുടെ യോഗവും കേന്ദ്രം വിളിച്ചു. ഈ യോഗങ്ങളിലൊന്നിലും ധാരണയില്‍ എത്തിയില്ല.
പിന്നീട് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് 2007 ഡിസംബര്‍ 19നായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ആഗസ്റ്റ് 31ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗുരുതരാവസ്ഥയെ തുടര്‍ന്നായിരുന്നു പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയത്. 2009 ജൂലൈ 24ന് സഭ ചര്‍ച്ച ചെയ്തത് മുല്ലപ്പെരിയാര്‍ പ്രശ്നം മാത്രമായിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്ന പ്രമേയം അന്ന് ഐകകണ്ഠ്യേന അംഗീകരിച്ചു.
കേരള നിയമസഭ നിയമനിര്‍മാണം നടത്തിയാലും തമിഴ്നാടിന്റെ സഹകരണമില്ലെങ്കില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.കേരളം പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള അണക്കെട്ടിന്റെ പരിപാലനം പൂര്‍ണമായും തമിഴ്നാടിനാണ്. കേരളത്തിന് യാതൊരു അവകാശവുമില്ല. മുല്ലപ്പെരിയാര്‍ ജലാശയത്തിലൂടെ (തേക്കടി )ബോട്ടില്‍ സഞ്ചരിക്കാമെന്നതൊഴിച്ചാല്‍, മുല്ലപ്പെരിയാര്‍ ഡാമിലോ ബേബി ഡാമിലോ പ്രവേശിക്കണമെങ്കില്‍ തമിഴ്നാടിന്റെ അനുമതി വേണം.
(30\11\11 ല്‍ മാധ്യമത്തില്‍ പ്രസിദ്ധികരിച്ചത് )

No comments:

Post a Comment