Pages

29 November 2011

ബേബിഡാം പൊളിച്ചാല്‍ അപകടം കുറക്കാം


ബേബി ഡാം പൊളിച്ചുനീക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.  കരാര്‍വ്യവസ്ഥക്ക് വിരുദ്ധമായി നിര്‍മിച്ച ബേബി ഡാം പൊളിച്ചുനീക്കണമെന്ന് 1991ല്‍ മന്ത്രിയായിരുന്ന  ടി.എം.ജേക്കബ് അധ്യക്ഷനായ നിയമസഭാ അഡ്ഹോക് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ബേബി ഡാം പൊളിച്ചുനീക്കിയാലും 114 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളമുണ്ടാകും.തമിഴ്നാടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനും ഇത് തടസ്സമാകില്ല.104 അടിയില്‍ നിന്നാണ് തമിഴ്നാടിലേക്ക് വെള്ളം തിരിച്ചുവിടുന്നത്.ഡാം പൊളിച്ചുനീക്കുന്നതോടെ ജലനിരപ്പ് 114 അടിയായി കുറയുന്നതിന് പുറമെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ആഘാതം കുറയ്ക്കാനും  സഹായകമാകും.
1886ലെ കരാര്‍ പ്രകാരം മുല്ലപ്പെരിയാറില്‍ പ്രധാന അണക്കെട്ട് മാത്രമാണ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.ഇവിടെ ഒഴുകിയെത്തുന്ന മുഴുവന്‍ വെള്ളവും തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് പിന്നീട് ഇടത് കരയില്‍ ബേബി ഡാം നിര്‍മിച്ചത്.ഇക്കാര്യം അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടം അറിഞ്ഞിരുന്നില്ലെന്നും പറയുന്നു. ഭൂചല ഭ്രംശ മേഖലയില്‍ (ഫോള്‍ട്ട് ബെഡ്) സ്ഥിതിചെയ്യുന്ന ബേബി ഡാം അപകടാവസ്ഥയിലാണെന്ന് 2010 നവംബര്‍ നാലിന് പദ്ധതിപ്രദേശം സന്ദര്‍ശിച്ച വിദഗ്ദ സംഘം കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരിക്കല്‍ പോലും അറ്റകുറ്റപ്പണി നടത്താത്ത ഡാമില്‍ സീപ്പേജിന്റെ അളവ് വളരെ കൂടുതലാണെന്നും സീപ്പേജ് വെളളം ഫൌണ്ടേഷനില്‍ കയറിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.  അതേസമയം 1886ല്‍ തിരുവിതാംകൂര്‍ രാജാവും ബ്രിട്ടീഷ് സര്‍ക്കാറും ഒപ്പിട്ട കരാര്‍ നിലനിര്‍ത്തി മാത്രം പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന് തമിഴ്നാട്  പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍  പരിഹാരം കണ്ടെത്താന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്.ആനന്ദ് അധ്യക്ഷനായ ഉന്നതാധികാരസമിതിക്ക് കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
അണക്കെട്ടിന്റെ നിര്‍മാണവും പരിപാലനവും ആര് നിര്‍വഹിക്കുമെന്ന ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. 1886ലെ കരാറും 1970ലെ അനുബന്ധകരാറിന്റെയും അടിസ്ഥാനത്തില്‍ തമിഴ്നാടിനായിരിക്കണം ഡാമിന്റെ നിയന്ത്രണം. മുല്ലപ്പെരിയാറിലെ താഴ്ന്ന ജലനിരപ്പില്‍ നിന്ന് 155 അടി ഉയരെവരെയുള്ള പ്രദേശത്തെ മുഴുവന്‍ ജലത്തിന്റെയും അവകാശം അവര്‍ക്കാണെന്നും വാദിക്കുന്നു. പുതിയ ഡാം നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന കാലയളവിലും ജലം തിരിച്ചുവിടാന്‍ കഴിയുമെന്നും നിലവിലെ കരാറുകള്‍ അതേപടി തുടരണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
 ജലനിരപ്പ് താഴ്ത്തണമെന്ന കേരള ആവശ്യത്തോട് പ്രതികരിക്കാത്തത് സമ്മര്‍ദംപ്രയോഗിച്ച് കരാര്‍ അതേപടി നിലനിര്‍ത്താനാണെന്ന് വിലയിരുത്തപ്പെടുന്നു.  കുമളി പഞ്ചായത്തിലെ 8000 ഏക്കര്‍ സ്ഥലം അണക്കെട്ടിനും 100 ഏക്കര്‍ സ്ഥലം  അനുബന്ധകെട്ടിടങ്ങള്‍ നിര്‍മിക്കാനും 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ് 1886ലെ കരാര്‍. ഇതനുസരിച്ച് ഏറ്റവുംതാഴ്ന്ന ജലനിരപ്പില്‍ നിന്ന് 155 അടി വരെ ഉയരത്തിലെത്തുന്ന ജലത്തിന് അന്നത്തെ മദിരാശി സ്റ്റേറ്റിന് അവകാശമുണ്ട്. ഒരേക്കര്‍ ഭൂമിക്ക് അഞ്ച് രൂപയായിരുന്നു പാട്ട സംഖ്യ. 1970ല്‍ കേരളവും തമിഴ്നാടും ഒപ്പിട്ട അനുബന്ധകരാര്‍ പ്രകാരം പാട്ട ത്തുക മുപ്പത് രൂപയാക്കി.അനധികൃതമായി ആരംഭിക്കുകയും കരാര്‍ പ്രകാരം നിയോഗിച്ച അമ്പയര്‍ നിയമവിരുദ്ധമെന്ന്  വിധിക്കുകയുംചെയ്ത വൈദ്യുതി ഉല്‍പാദനത്തിന് അംഗീകാരംനല്‍കുകയും ചെയ്തു. ഈ കരാറുകള്‍ അതേപടി നിലനിര്‍ത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്.1970ലെ അനുബന്ധകരാര്‍ പ്രകാരമാണ് മുല്ലപ്പെരിയാറില്‍ (തേക്കടി ജലാശയം) മല്‍സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും കേരളത്തിന് അനുമതിലഭിച്ചത്.

(29.11.11ന് മാധ്യമത്തില്‍ പ്രസിദ്ധികരിച്ചത്)

No comments:

Post a Comment