Pages

04 November 2011


ആന കയറിയ കരിമ്പിന്‍ കാട് എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്.അത്തരമൊരു അവസ്ഥയിലാണ് ഇപ്പോള്‍ ഇടുക്കി ജില്ല.എങ്ങനെയാണ് ഒരു നാടും അവിടുത്തെ ജനതയും മാറുകയെന്നറിയാന്‍ ഇടുക്കിയിലെത്തിയാല്‍ മതി.ആദ്യ കാലത്ത് കുടിയേറ്റക്കാരാണ് മല കയറിയെത്തിയതും  കാട് വെട്ടി തെളിച്ച് കൃഷി ആരംഭിച്ചതും.അതിന് മുമ്പായി തന്നെ വൈദ്യുതി ഉല്‍പാദനത്തിന്റെ സാദ്ധ്യതകള്‍ തേടി സര്‍ക്കാര്‍ എത്തിയിരുന്നു.ഇവരുടെ രണ്ട് കൂട്ടരുടെയും വരവോടെ പാലായനം ചെയ്യപ്പെട്ടത് യഥാര്‍ഥ മണ്ണിന്റെ ഉടമസ്ഥരായ ആദിവാസികള്‍.അത് ഒരു ഭാഗത്ത്,മറുഭാഗത്ത്,ന്യു ജനറഷേന്‍ വ്യവസായമായ ടൂറിസവും റിസോര്‍ട്ടും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നാടിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
തേക്കടിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ടൂറിസം നാടാകെ വ്യാപിപ്പിച്ചത് 1990കളിലാണ്.അതോടെ ഇടുക്കിയുടെ കഷ്ടകാലവും തുടങ്ങി.ഏലത്തോട്ടങ്ങള്‍ റിസോര്‍ട്ടുകള്‍ക്ക് വഴിമാറി.മൂന്നാര്‍,ചിന്നക്കാനല്‍ മേഖലയിലെ കാടും പുല്‍മേടുകളും റിസോര്‍ട്ട് മാഫിയ സ്വന്തമാക്കി.ആയിരക്കണക്കിന് വ്യാജ പട്ടയങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.നിയമങ്ങള്‍ അപ്പാടെ അട്ടിമറിച്ച് വന്‍ കെട്ടിടങ്ങളാണ് ഏലത്തോട്ടങ്ങളില്‍ നിര്‍മ്മിച്ചത്.ഹൈറേഞ്ചിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന കെട്ടിടങ്ങളല്ല,ഇവിടെങ്ങളില്‍ നിര്‍മ്മിച്ചത്.ഇത് കാലവാസ്ഥ വ്യതിയാനത്തിന് കാരണമായി.ആഗോള താപനത്തിന് മരമാണ് മറുപടി എന്ന്  മുദ്രാവാക്യം മുഴക്കിയവരും മരങ്ങള്‍ മുറിച്ച് മാറ്റുന്നതും ഇടുക്കിയിലെ കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റവും കാണാതെ പോയി.
ഹൈറേഞ്ചിന്റെ കുളിര് ഇഷ്ടപ്പെട്ടാണ് പണ്ട് ബ്രിട്ടിഷുകാര്‍ എത്തിയതും  ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതും.എന്നാല്‍ ആ കുളിര് ലഭിക്കാന്‍ എയര്‍ കണ്ടിഷണര്‍ വേണമെന്ന അവസ്ഥ വന്നാലോ? അതാണ് യഥാര്‍ഥത്തില്‍ ഇടുക്കിയില്‍ സംഭവിക്കുന്നത്.മൂന്നാറും പീരുമേടും അടക്കമുള്ള പ്രദേശങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഫാന്‍ ഇടം പിടിച്ചിരുക്കുന്നു.
റിസോര്‍ട്ടുകള്‍ക്ക് വേണ്ടി കാടും പുല്‍മേടുകളും വെട്ടി തെളിച്ചതും മലകയറിയെത്തുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും കാലവാസ്ഥയില്‍ മാറ്റം വരുത്തിയപ്പോള്‍ നഷ്ടം കര്‍ഷകര്‍ക്കാണ്.കൃഷികള്‍ക്ക് കാലാവസ്ഥ മാറ്റം ഉള്‍ക്കൊള്ളാനായില്ല^കുരുമുളകും കാപ്പിയും തേയിലയും തുടങ്ങി ഇടുക്കിക്ക് വിദേശ നാണ്യങ്ങള്‍ നേടി കൊടുത്തിരുന്ന വിളകള്‍ പ്രതിസന്ധിയിലായി.ഏലത്തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറിയതോടെ ഏലം ഉല്‍പാദനം കുറഞ്ഞു.
ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ മറ്റ് പ്രദേശങ്ങളൊക്കെ കുടിയേറ്റക്കാര്‍ക്ക് വഴിയൊരുക്കിയപ്പോള്‍ മൂന്നാറിനെ സംരക്ഷിച്ചതിന് ബ്രട്ടീഷുകാര്‍ക്ക് നന്ദി പറയാം. 1877 ല്‍ മുന്നാറിനെ തേടിയെത്തിയ ബ്രിട്ടിഷുകാരാണ് ഈ മലനിരകളെ കുടിയേറ്റക്കാരില്‍ നിന്നും രക്ഷിച്ചത്. ആദ്യം കാപ്പിയും സിങ്കോണയും കൃഷി ചെയ്തുവെങ്കിലും  പിന്നീട് തേയില കൃഷിക്ക് തുടക്കമിടുകയായിരുന്നു.ബ്രിട്ടിഷുകരാണ് മൂന്നാറിനെയും മുന്നാറിന്റെ പരിസ്ഥിതിയേയും സംരക്ഷിച്ചത്. ഓരോ കുന്നുകള്‍ക്ക് മുകളിലും അവര്‍ ബംഗ്ലാവുകള്‍ നിര്‍മ്മിച്ചു. അതൂം പ്രകൃതിക്ക് ഇണങ്ങും വിധം. വരയാടുകളെയും സമുദ്ര നിരപ്പില്‍ നിന്നും അയ്യായിരം അടി ഉയരത്തില്‍ മാത്രം വളരുന്ന ട്രൌട്ട് ഇനത്തില്‍പ്പെട്ട മല്‍സ്യങ്ങളേയും സംരക്ഷിക്കാന്‍ അവര്‍ സംഘടന രുപവല്‍ക്കരിച്ചൂ.എന്നാല്‍ ഇന്നത്തെ അവസ്ഥ നേരെ മറിച്ചും^മൂന്നാറിലും   സമീപ പ്രദേശങ്ങളിലും റിസോര്‍ട്ടുകളും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള കടകളും മാത്രം.യാതൊരു നിയന്ത്രണവുമില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.കുന്നുകളും പുല്‍മേടുകളും വെട്ടി നിരത്തി സോപ്പ് പെട്ടി പോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന പഠനങ്ങളും നടക്കുന്നില്ല.സമുദ്ര നിരപ്പില്‍ നിന്ന് നിശ്ചിത ഉയരത്തിലുള്ള പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേകമായ നിയമം വേണ്ടതാണ്.
ആദിവാസികളുടെ പാലയനത്തിന്റെ കഥ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്.ഓരോ ജലവൈദ്യുത പദ്ധതി വരുമ്പോഴും അവരെ പുനരധിവസിപ്പിച്ചു.ഒടുവില്‍ അവരുടെ ഭൂമി തന്നെ ഇല്ലാതായി.പണ്ട് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത ജീവിച്ചിരുന്ന ആദിവാസികള്‍ ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നു.ഇനിയും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ ഇതൊന്നും അറിയുന്നില്ല.പരസ്യ വരുമാനം മാത്രമാണ് ലക്ഷ്യമെന്ന് വന്നതോടെ മാധ്യമങ്ങള്‍ ന്യു ജനററേഷന്‍ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുയാണ്. മൂന്നാറിനെയും പൂയംകുട്ടിയേയും മുക്കുന്ന ജലവൈദ്യുത പദ്ധതികള്‍ക്ക് വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കിയപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ജനങ്ങള്‍ക്കൊപ്പം നിന്ന് വന്‍കിട പദ്ധതികള്‍ക്ക് എതിരെ 'പോരാടുകയും'ചെയ്ത വര്‍ത്തമാന പത്രങ്ങള്‍ മുമ്പുണ്ടായിരുന്നു.എന്നാല്‍,ഇന്നോ? അന്ന് ഡാമിനെ എതിര്‍ത്തവര്‍ തന്നെ ടൂറിസത്തിന്റെ വക്താക്കളായി മാറുന്നു. ആസൂത്രണമില്ലാത്ത ടൂറിസം വികസനം ഈട്ടിയിലും കുന്നൂരിലും കുടിവെള്ളക്ഷാമത്തിന് കാരണമായപ്പോള്‍ അവിടെങ്ങളില്‍ രൂപപ്പെട്ട ജനകീയ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയ മാധ്യമങ്ങളാണ് പശ്ചിമഘട്ടത്തിന്റെ തന്നെ നാശത്തിന് വഴിയൊരുക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത്.അതോ വര്‍ത്തമാന കാലത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ തികച്ചും പ്രൊഫഷണലായി മാറുകയണോ? എന്തായാലും ഇക്കാര്യം ഗൌരവമായി വിശകലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ടുകള്‍ സംരക്ഷിക്കാന്‍ മാത്രമായി മീഡിയ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയുേം അതീവ ഗൌരവത്തോടെ കാണണം.ക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭൂമി കയ്യേറിയവരുമ റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചവരും ആ നാട്ടുകാരല്ലെന്നതും കൂട്ടി വായിക്കേണ്ടതാണ്.
ഇടുക്കിയിലെ ടുറിസം വികസനം സൃഷ്ടിച്ച പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തി വേണം ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യാന്‍.ഒപ്പം വികസനത്തിന്റെ മറവിലെ ഭൂമി കയ്യേറ്റത്തെ കുറിച്ച് സോഷ്യല്‍ ഓഡിറ്റും നടത്തണം.



No comments:

Post a Comment