Pages

01 December 2011

മുല്ലപ്പെരിയാര്‍ വീണ്ടും നിയമക്കുരുക്കിലേക്ക്





 സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിക്കുകയും ഹൈകോടതിയില്‍ ഹരജികള്‍ എത്തുകയും ചെയ്തതോടെ മുല്ലപ്പെരിയാര്‍ വീണ്ടും നിയമക്കുരുക്കിലേക്ക്. തമിഴ്നാടിന്റെ ഹരജിയില്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല.
സുപ്രീംകോടതി വിധിവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതിക്ക് പുറത്ത് പരിഹാരം കണ്ടെത്തണമെന്നും കേരളം ആവര്‍ത്തിക്കുമ്പോഴാണ് തര്‍ക്കം കോടതിയിലേക്ക് പോകുന്നത്. തമിഴ്നാട് ആഗ്രഹിക്കുന്നതും വിഷയം കോടതിയിലെത്തിക്കാനാണ്. നേരത്തെ തര്‍ക്കം കോടതിയിലെത്തിയതും കേരളത്തിന് താല്‍പര്യമില്ലാതെ ആയിരുന്നു.
പുതിയ ഡാം നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്ന് കേരളത്തെ തടയണമെന്നാവശ്യപ്പെട്ട് 2011 മാര്‍ച്ച് 11നും ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്നിനും തമിഴ്നാട് നല്‍കിയ ഹരജികള്‍ സുപ്രീംകോടതിയിലുണ്ട്.
ഡാം ബലപ്പെടുത്തല്‍ ജോലികള്‍ക്കായി പെരിയാര്‍ കടുവാസങ്കേതത്തില്‍നിന്ന് പാറ പൊട്ടിക്കുന്നത് കേരള വനം ^വന്യജീവി വകുപ്പ് തടഞ്ഞതിന്റെ പേരില്‍ തമിഴ്നാട് കരാറുകാരന്‍ സുന്ദരമാണ് തര്‍ക്കം ആദ്യമായി കോടതിയിലെത്തിച്ചത്. 1997 മാര്‍ച്ച് 12നാണ് കേരള ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഇതടക്കം ആറ് ഹരജികളാണ് 1997^ '98 വര്‍ഷങ്ങളിലായി കേരള ഹൈകോടതിയിലെത്തിയത്. ഇതില്‍ തമിഴ്നാടിന്റെ കരാറുകാരന് മാത്രം ഇടക്കാല ഉത്തരവ് ലഭിച്ചു. കാസ്കേഡ് ടൈപ്പ് ജോലികള്‍ മാത്രം ചെയ്യാനും ജലനിരപ്പ് 136 അടിയില്‍ ഉയര്‍ത്തരുതെന്നും നിര്‍ദേശിച്ച് 1997 ഏപ്രില്‍ എട്ടിന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതേസമയത്താണ് ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹൈകോടതിയില്‍  ഹരജി വന്നത്. ഒരേവിഷയത്തില്‍ രണ്ട് ഹൈകോടതികളില്‍ നിലനില്‍ക്കുന്ന ഹരജികളില്‍ വ്യത്യസ്ത വിധി വന്നാല്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്നും അതിനാല്‍ ഹരജികള്‍ സുപ്രീംകോടതി കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് 1998 ഡിസംബര്‍ 14ന് തമിഴ്നാട് ഹരജി നല്‍കിയതോടെയാണ് തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിയത്. അന്തര്‍ സംസ്ഥാന തര്‍ക്കമായതിനാല്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന കേരളത്തിന്റെ വാദം കോടതി തള്ളി.
2005 നവംബറില്‍ വാദം പൂര്‍ത്തിയാക്കിയ കേസില്‍ 2006 ഫെബ്രുവരി 27നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തുന്നതിന് അനുമതിനല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കുന്നതുമായിരുന്നു വിധി. ഇതിനെത്തുടര്‍ന്നാണ് കേരള നിയമസഭ പ്രത്യേകം സമ്മേളിച്ച് ജലനിരപ്പ് 136 അടിയായി നിജപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇത് ചോദ്യംചെയ്ത് 2006 മാര്‍ച്ച് 31ന് തമിഴ്നാട് സുപ്രീംകോടതി സമീപിച്ചു. ഈ ഹരജി പരിഗണിച്ചാണ് എ.എസ്.ആനന്ദ് അധ്യക്ഷനായി ഉന്നതാധികാര സമിതി രൂപവത്കരിച്ച് 2010 സെപ്റ്റംബര്‍ 20ന് സുപ്രീംകോടതി ഉത്തരവിട്ടത്. സമിതി രൂപവത്കരണത്തോടെ ജലനിരപ്പ് ഉയര്‍ത്താനുള്ള 2006 ഫെബ്രുവരിയിലെ വിധി അസ്ഥിരപ്പെട്ടതായി കേരളം ചൂണ്ടിക്കാട്ടുന്നു.
പെരിയാര്‍ പാട്ടക്കരാറിന്റെ നിയമപരവും ഭരണഘടനാപരവുമായ നിലനില്‍പ്, അണക്കെട്ടിന്റെ ബലക്ഷയം, ജലനിരപ്പ് വര്‍ധിപ്പിക്കല്‍, പുതിയ അണക്കെട്ട് നിര്‍മാണം, അതിന്റെ മുതല്‍മുടക്ക്, പരിപാലനം തുടങ്ങി എല്ലാ കാര്യങ്ങളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചതെങ്കിലും കാലാവധി പിന്നീട് നീട്ടിക്കൊടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സമിതി ഏതാനും മാസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നറിയുന്നു. സുപ്രീംകോടതി നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തവെ ഹരജികള്‍ കോടതി കേള്‍ക്കുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പാട്ടക്കരാര്‍ പ്രകാരം തര്‍ക്കമുണ്ടായാല്‍ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളെ  ഉള്‍പ്പെടുത്തി ട്രൈബ്യൂണല്‍ നിയമിക്കാനും അവര്‍ക്ക് യോജിച്ച തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ അമ്പയറെ നിയമിക്കാനും വ്യവസ്ഥയുണ്ട്. തിരുവിതാംകൂര്‍ അറിയാതെ അന്നത്തെ മദിരാശി സ്റ്റേറ്റ് മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങിയത് തര്‍ക്കമായി മാറിയപ്പോള്‍ രണ്ടംഗ ട്രൈബ്യൂണലിനെ നിയോഗിച്ചിരുന്നു. മദ്രാസ് ഹൈകോടതി മുന്‍ ജഡ്ജി സര്‍ ഡേവിഡ് ദേവദാസ്, തിരുവിതാംകൂറിലെ മുന്‍ ദിവാന്‍ ബഹാദൂര്‍ വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ എന്നിവരായിരുന്നു ട്രൈബ്യൂണല്‍ അംഗങ്ങള്‍. ഇവര്‍ക്ക് യോജിച്ച തീരുമാനത്തിലെത്താനായില്ല. ഇതിനെത്തുടര്‍ന്ന് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജിയായിരുന്ന നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ അമ്പയറായി നിയമിച്ചു. പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെള്ളം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നായിരുന്നു 1941 മേയ് 21ന് പുറപ്പെടുവിച്ച വിധി. ഇതോടെ, കരാര്‍ പുതുക്കുന്നതിന് മദിരാശി സര്‍ക്കാര്‍ മുന്നോട്ടുവന്നുവെങ്കിലും അതുണ്ടായത് 1970 മേയ് 29ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയും.

(1\12\11ല്‍ മാധ്യമത്തില്‍ പ്രസിദ്ധികരിച്ചത്)

No comments:

Post a Comment