Pages

07 December 2011

ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തില്‍ ആശങ്ക

സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശനത്തില്‍ കേരളത്തിന് ആശങ്ക.അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.സി.ഡി.തട്ടെ, മുന്‍ അംഗം ഡോ.ഡി.കെ.മേത്ത എന്നിവരാണ് പരിശോധിക്കാന്‍ എത്തുന്നത്. ഉന്നതാധികാരസമിതിക്ക്  സാങ്കേതിക ഉപദേശം നല്‍കാനാണ്  മുന്‍ ജല കമീഷന്‍  ഉദ്യോഗസ്ഥരെ നിയമിച്ചത്.
ഭൂചലനത്തെതുടര്‍ന്ന് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഇവരെത്തുന്നത്. ഡിസംബറില്‍ ഇരുവരും മുല്ലപ്പെരിയാറിലെത്തും.
സുപ്രീംകോടതിയുടെ ഉന്നതാധികാരസമിതിയിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്തപ്പോള്‍ത്തന്നെ കേരളം പ്രതിഷേധം അറിയിച്ചിരുന്നതാണ്. മറ്റാരെയെങ്കിലും നിയമിക്കണമെന്നാണ് അന്ന് കേരളം ആവശ്യപ്പെട്ടത്.
മുല്ലപ്പെരിയാര്‍ തര്‍ക്കവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് 2010 ഫെബ്രുവരിയിലെ ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ അതിന് വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങളെ നിയോഗിച്ചത്.
അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് പരാതി ഉയര്‍ന്നതുമുതല്‍ കേന്ദ്ര ജല കമീഷന്‍ വിഷയത്തില്‍ ഇടപെടുന്നു. ജലനിരപ്പ് താഴ്ത്താനും അണക്കെട്ട് ബലപ്പെടുത്താനും നിര്‍ദേശം നല്‍കിയത് ജലകമീഷനാണ്. 1986ലും 2001ലും കേന്ദ്ര ജലകമീഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരായ വിധിക്ക് കാരണമായത്. കേന്ദ്ര ജലകമീഷന്‍ പക്ഷപാതപരമായി പെരുമാറുന്നെന്ന പരാതി കേരളം ഉയര്‍ത്തിയിരുന്നു. പ്രശ്നം പഠിക്കാന്‍ കേന്ദ്ര ജലകമീഷനെ നിയോഗിക്കാമെന്ന് പലതവണ കേന്ദ്ര സര്‍ക്കാര്‍ നിദേശിച്ചെങ്കിലും കേരളം അംഗീകരിച്ചില്ല.
 ഭൂചലനത്തെ തുടര്‍ന്ന് പ്രത്യക്ഷത്തില്‍ അണക്കെട്ടില്‍ കേടുപാടുകള്‍ സംഭവിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ റിപ്പോര്‍ട്ട് കേരളത്തിന് എതിരായിരിക്കുമെന്നാണ് ആശങ്ക.ഏറെ ദുര്‍ബലമായ അടിത്തട്ടിലും അസ്തിവാരത്തിലും  മറ്റുമാണ് കേടുപാടുകള്‍. 
ഭൂചലനത്തെക്കുറിച്ച് പഠിക്കേണ്ടത് ഭൌമശാസ്ത്രജ്ഞരാണെന്ന കേരളത്തിന്റെ വാദം നിരാകരിച്ചാണ് ഹൈഡ്രോളജിയില്‍ ഡോക്ടറേറ്റുള്ള തട്ടെയെ നിയോഗിച്ചത്.മുല്ലപ്പെരിയാര്‍ മേഖലയില്‍ ചെറിയതടക്കം നിരവധി ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പഠനം വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരെ സാക്ഷികളായി വിസ്തരിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ തകരുമെന്ന ഇവരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സെപ്റ്റംബറിലെ സിറ്റിങ്ങില്‍ കേരളം സമര്‍പ്പിച്ചിരുന്നു.
ഭൂചലന, പ്രളയ ഭീഷണിയാണ് മുല്ലപ്പെരിയാര്‍ നേരിടുന്നത് . ഇക്കാര്യം സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയേയും  കേരളം അറിയിച്ചിരുന്നു. എന്നാല്‍, അണക്കെട്ട്  ബലപ്പെടുത്തിയെന്നും ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുവദിച്ചെന്നും ആവര്‍ത്തിക്കാനാണ്  തമിഴ്നാട് ശ്രമിക്കുന്നത്.

No comments:

Post a Comment