1886ല്‍ 999 വര്‍ഷത്തേക്ക് ഒപ്പിട്ട പെരിയാര്‍ പാട്ടക്കരാര്‍ പുനഃപരിശോധിക്കണമെന്ന് 1949ലെ തിരുവിതാംകൂര്‍ മന്ത്രിസഭ ആവശ്യപ്പെട്ടതായി രേഖ. കരാറിന്റെ കാലവധി ഉള്‍പ്പെടെ പലകാര്യങ്ങളിലും പുനഃപരിശോധന വേണമെന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു.
തിരുവിതാംകൂര്‍ അറിയാതെ കരാറിന് വിരുദ്ധമായി മദിരാശി സ്റ്റേറ്റ് ആരംഭിച്ച വൈദ്യുതി ഉല്‍പാദനം പാടില്ലെന്ന് അമ്പയര്‍ വിധിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് തിരുവിതാംകൂര്‍ മന്ത്രിസഭ വ്യക്തമായ നിലപാട് സ്വീകരിച്ചത്. വൈദ്യുതി ഉല്‍പാദനത്തിന് അനുമതി തേടി മദിരാശി പൊതുമരാമത്ത് മന്ത്രി ഭക്തവത്സലത്തിന്റെ നേതൃത്വത്തിലുള്ള സംഘം 1949 ജൂണ്‍ 15ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ടി.കെ. നാരായണപിള്ള, വൈദ്യുതി മന്ത്രി കെ.ആര്‍. ഇലങ്കത്ത് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് പാട്ടമായി നല്‍കിയിരുന്ന 40,000 രൂപക്ക് പുറമെ, വൈദ്യുതി ഉല്‍പാദനത്തിന് ഒരു കിലോവാട്ട് ഇയറിന് (8760 യൂനിറ്റ്) ആറ് രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കുന്നതിനും അന്ന് ധാരണയായി. ഇതനുസരിച്ച് കരടുകരാര്‍ തയാറായെങ്കിലും മന്ത്രിസഭ അത് തള്ളുകയായിരുന്നുവെന്ന് 1993 മാര്‍ച്ച് 31ന് കേരള നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ ജലവിഭവ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞിരുന്നു. കരാറിന്റെ കാലാവധി ഉള്‍പ്പെടെ പുനഃപരിശോധിക്കണമെന്ന നിയമോപദേശവും 1949ല്‍ ലഭിച്ചിരുന്നു. എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായിരിക്കെ 1952 നവംബര്‍ 11ന് നടന്ന ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത പദ്ധതിയായി ജലവൈദ്യുത നിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. 1954 ജൂലൈ ഒന്നിന് ആസൂത്രണ കമീഷന്‍ ഇടപെട്ട് ചര്‍ച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. എന്നാല്‍, പിന്നീട് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് സംയുക്ത പദ്ധതി വേണ്ടെന്ന് തീരുമാനിച്ചത്. വൈദ്യുതി ഉല്‍പാദനതിന് 350 ദശലക്ഷം യൂനിറ്റ് വരെ ഒരു കിലോവാട്ട് ഇയറിന് 12 രൂപ നിരക്കിലും കൂടുതല്‍ ഉല്‍പാദനം ഉണ്ടായാല്‍ മുഴുവന്‍ വൈദ്യുതിക്കും കിലോവാട്ട് ഇയറിന് 18 രൂപ നിരക്കിലും റോയല്‍റ്റി വേണമെന്നും 1954ല്‍ പട്ടം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് മദിരാശി സര്‍ക്കാര്‍ യോജിച്ചില്ല.
1954 മുതല്‍ 1970 വരെ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വൈദ്യുതി ഉല്‍പാദനത്തിന് അനുമതി നല്‍കി 1970 മെയ് 29ന് അനുബന്ധ കരാര്‍ ഒപ്പിട്ടത്. 1954 നവംബര്‍ 13 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് കരാര്‍ ഒപ്പിട്ടത്.
No comments:
Post a Comment