മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലിലൂടെ പുറത്തുവന്നത് സര്‍ക്കാറിന്റെ നിലപാട് മാറ്റമെന്ന് സംശയം. തിരുവനന്തപുത്ത് ചേര്‍ന്ന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയിലെ യോഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നുപോന്ന നിലപാടിന് വിരുദ്ധമാണ്. കണക്കുകൊണ്ടുള്ള കളിയാണ് അതോറിറ്റിയുടേത്. ജനങ്ങളുടെ ആശങ്കക്ക് അറുതിവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഇത് മുല്ലപ്പെരിയാര്‍ കേസ് ദുര്‍ബലപ്പെടുത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍, അവിടെ നിന്നെത്തുന്ന ജലമത്രയും ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് കഴിയുമെന്ന പുതിയ വാദമാണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. മുല്ലപ്പെരിയാറില്‍ 11.75 ടി.എം.സി (1000 ദശലക്ഷം ഘനയടി) വെള്ളമാണുള്ളതെന്നും ഇപ്പോഴത്തെ നിലയില്‍ അത് ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 74.5 ടി.എം.സിയാണെങ്കിലും ഇപ്പോള്‍ 59.5 ടി.എം.സി വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം ഒഴുകിയെത്താന്‍ രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതിനാല്‍, ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണിയുടെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാമെന്നും പറയുന്നു. കണക്കുകള്‍ പ്രകാരം ഇത് ശരിയാണെങ്കിലും പ്രയോഗതലത്തില്‍ നടപ്പാകില്ല. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാട് അവതരിപ്പിച്ച ഈ 'കണക്കിനെ' കേരളം എതിര്‍ത്തിരുന്നതാണ്.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കിയും തകരുമെന്നും 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്നും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം പറയുന്നു. പതിറ്റാണ്ടുകളായി കേരളം ചൂണ്ടിക്കാട്ടുന്ന വാദമാണിത്. നാല് മണിക്കൂര്‍കൊണ്ടായിരിക്കും മുല്ലപ്പെരിയാര്‍ വെള്ളം ഇടുക്കിയിലെത്തുക. കല്ലും മണ്ണും ചേര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഇടുക്കിവരെയുള്ള ഭാഗത്ത് താമസിക്കുന്ന ആയിരങ്ങളുടെ ജീവന് ഭീഷണിയാകും. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളം പറയുന്നു. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ അതൊരുതരത്തിലും തമിഴ്നാടിനെ ബാധിക്കില്ല.
15.662 ടി.എം.സിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷിയെങ്കിലും 10.570 ടി.എം.സിയാണ് സംഭരിക്കുകയെന്ന് ഉന്നതാധികാരസമിതിക്ക് തമിഴ്നാട് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത്രയും ജലം സാവധാനം ഒഴുകിയെത്തി ഇടുക്കി ജലാശയം നിറക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതത്രയും ഇടുക്കിയിലേക്ക് ഒഴുകിയെത്തുമെന്നും ഉറപ്പാക്കാന്‍ കഴിയില്ല. അഴുതയാറിലൂടെ പമ്പാവാലിയിലേക്കും വെള്ളം കുത്തിയൊഴുകും. അഴുത ഡൈവേര്‍ഷന്‍ ഡാം തകരുന്നത് മൂലമുള്ള ദുരന്തം ഇതിനുപുറമെയായിരിക്കും. കഴിഞ്ഞദിവസം തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലും കേരളം ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
ഉന്നതാധികാരസമിതിക്ക് മുമ്പാകെയുള്ള കേരളത്തിന്റെ വാദംതന്നെ ദുര്‍ബലപ്പെടുത്തുന്നതാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തല്‍.
No comments:
Post a Comment