Pages

25 December 2021

ശിവരാമന്‍ പറഞ്ഞതാണ് ശരി

 



ശിവരാമന്‍ പറഞ്ഞതാണ് ശരി

ഇടുക്കി: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി.തോമസിന്റ മരണത്തോടൊപ്പം പശ്ചിമഘട്ട സംരക്ഷണവും ഡോ.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വീണ്ടും ചര്‍ച്ചയാകുന്നു. ഒരു ദശകത്തിന് ശേഷമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിന്റെ പേരില്‍ പി.ടി.തോമസ് ജീവിച്ചിരിക്കെ, ശവഘോഷയാത്ര നടത്തിയതും ഇടുക്കിയില്‍ നിന്നുള്ള സിറ്റിംഗ് എം.പിയായിരുന്ന അദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതുമാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തായാകാന്‍ കാരണം.

ഇടുക്കിയിലെ വൈദികരുടെ നേതൃത്വത്തില്‍ ശവഘോഷയാത്ര നടത്തിയെന്ന ആരോപണത്തെ നേരിടാന്‍ മറുപടിയുമായി വൈദികരും രംഗത്തുണ്ട്. പി.ടി.തോമസിനെ അല്ല റിപ്പോര്‍ട്ടിനെയാണ് പ്രതീകാത്മകമായി ശവമടക്കിയതെന്നാണ് അന്നത്തെ ബിഷപ്പിനെ പിന്തുണക്കുന്ന വൈദികരുടെ വാദം. ഇതിനിടെയാണ്. അന്ന് സമരത്തിന് നേതൃത്വം നല്‍കിയ സി പി എം അടക്കമുള്ള കക്ഷികളെ വെട്ടിലാക്കുന്ന സി പി െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ.ശിവരാമന്റ പ്രസ്താവന. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവര്‍ അതിന്റ ഉള്ളടക്കം വേണ്ട പോലെ പഠിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പി.ടി.തോമസ് അനുസ്മരണ സമ്മേളനത്തില്‍ ശിവരാമന്‍ പറഞ്ഞത്. എല്ലാം തകരുന്നുവെന്ന ഭീതിജനകമായ വാര്‍ത്ത പരത്തിയാണ് ഇടുക്കിയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയതെന്നും അദേഹം പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റ ഉള്ളടക്കം വായിച്ചിരുന്നുവെങ്കില്‍ സമരം ഉണ്ടാകുമായിരുന്നില്ലെന്ന്, പറയുേമ്പാള്‍ തന്നെ അന്നത്തെ യു ഡി എഫ് സര്‍ക്കാരിന് എതിരായ സമരായുധമാക്കി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ മാറ്റാന്‍ ശ്രമിച്ചുവെന്ന് പറയാതെ പറയുകയാണ് സി പി െഎ നേതാവ്. 2012 നവംബര്‍ ഏഴിന് അന്നത്തെ ഇടുക്കി ബിഷപ്പ് പുറപ്പെടുവിച്ച ഇടയലേഖനം ഇതിന് ഉദാഹരണം. പരിസ്ഥിതി സംരക്ഷണത്തിന്റ പേര് പറഞ്ഞ് ഒരു ജനതയെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്നും മലയോര ജനതയെ ക്രൂരമായി ചൂഷണം ചെയ്യാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് അവസരം നല്‍കുന്നതുമാണ് റിപ്പോര്‍ട്ട് എന്നുമാണ് ലേഖനത്തില്‍ പറഞ്ഞത്.

പട്ടയം നിഷേധിക്കപ്പെടും, കമ്പി, മണല്‍, സിമന്റ് എന്നിവയുടെ ഉപയോഗം നിരോധിക്കും, കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല, പുതിയ റോഡ് പാടില്ല, പത്ത് മെഗാവാട്ട് ശേഷിയില്‍ കൂടുതലുള്ള വൈദ്യുത പദ്ധതികള്‍ പാടില്ല, ഇടുക്കിയടക്കം ഡി കമ്മീഷന്‍ ചെയ്യേണ്ടി വരുന്നതിലൂടെ കേരളം ഇരുട്ടിലാകും, വീടോ തൊഴുത്തോ പണിയാനാകില്ല, മൂന്ന് പശുക്കളില്‍ കൂടുതല്‍ വളര്‍ത്താനാകില്ല,പാട്ട കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുത്ത് സംരക്ഷിത വനമാക്കും, കല്ല് കയ്യാലകള്‍ നിരോധിക്കും, കുമളി മുതല്‍ മതികെട്ടാന്‍ വരെ വന്യജീവികള്‍ക്ക് സഞ്ചരിക്കാന്‍ ഇടനാഴിയാക്കും എന്നിങ്ങനെ പോകുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിര്‍ക്കാന്‍ ഇടയലേഖനത്തില്‍ നിരത്തിയ കാരണങ്ങള്‍. എന്നാല്‍, ഇതൊന്നും തിരുത്താന്‍ ആരും ശ്രമിച്ചില്ല. അഥവാ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടോയെന്ന് ആരും വായിച്ചില്ല.

വ്യാജ പ്രചരണങ്ങള്‍ തിരുത്തുന്നതില്‍ സര്‍ക്കാരും പരാജയപ്പെട്ടു. ആള്‍ക്കുട്ടം ഉയര്‍ത്തിയ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാരും ഭയന്നു. പഞ്ചായത്ത് തലത്തിലുള്ള ജൈവൈവിധ്യ കമ്മിറ്റികളും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സമരക്കാരുടെ ഭാഗമായി മാറിയെന്ന ആക്ഷേപമാണ് അന്നുയര്‍ന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതായിരുന്നു സമരം ആളിപ്പടരാന്‍ കാരണം. ഇടുക്കിയില്‍ രൂപത നിര്‍ദേശിക്കപ്പെട്ടയാള്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകുകയും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റ വോട്ട് ചോര്‍ന്ന് പോകാന്‍ കാരണമായത് അന്നത്തെ സംഭവങ്ങളാണ്. സി പി എം ഒരുക്കിയ അജണ്ടയില്‍ കോണ്‍ഗ്രസും സര്‍ക്കാരും കുടുങ്ങി. അന്ന് ഇടുക്കിയില്‍ പി ടി തോമസിന് വീണ്ടും സീറ്റ് നല്‍കിയിരുന്നുവെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തുറന്ന ചര്‍ച്ചയിലേക്ക് പോകുകയും തെറ്റിദ്ധാരണകള്‍ മാറുകയും ചെയ്യുമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 

ഇപ്പോള്‍ പി ടി തോമസിന്റ മരണത്തോടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്. ഇടുക്കി രൂപതയിലെ കത്തോലിക്ക കുടുംബത്തിലെ അംഗമായ തന്റ മൃതദേഹം എറണാകുളത്തെ പൊതു ശ്മശനാത്തില്‍ ദഹിപ്പിക്കണമെന്ന പി ടി തോമസിന്റ ആഗ്രഹം നടപ്പിലായതോടെ കത്തോലിക്ക സഭയും ചര്‍ച്ചയിലെത്തി. ഇപ്പോഴത്തെ ഇടുകി ബിഷപ്പും എറണാകുളം ആര്‍ച്ച് ബിഷപ്പും യാത്രാമൊഴി നല്‍കാന്‍ എത്തിയെങ്കിലും പി ടി തോമസ് സഭക്കകത്തും ചര്‍ച്ചയാകുകയാണ്. ഒരു കലശത്തിലെ ചാരം അമ്മയുടെ കല്ലറയില്‍ ഇടണമെന്ന പി ടിയുടെ ആഗ്രഹത്തോട് സഭ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇതിനിടെയാണ് സി പി െഎ നേതാവ് ശിവരാമന്റ തുറന്ന് പറച്ചില്‍. വരും ദിവസങ്ങളില്‍ മലയോര ജില്ലയിലെ രാഷ്ട്രിയം പി ടി തോമസ് ഉയര്‍ത്തിയ വിവാദങ്ങളില്‍ കേന്ദ്രീകരിക്കാനാണ് സാധ്യത..



26 September 2021

സെപ്​തംബർ 26 നദി ദിനം

 

പെരിയാറിന്​ നിങ്ങൾ എന്ത്​ നൽകി?

എം.ജെ.ബാബു

പെരിയാർ നദിക്ക്​ വൈദ്യുതി ബോർഡ്​ തിരിച്ച്​ എന്തെങ്കിലും നൽകിയിട്ടുണ്ടോ? ഇത്തവണ നദി ദിനം ലോകമാകെ ആചരിക്കു​േമ്പാൾ കേരള, തമിഴ്​നാട്​ വൈദ്യുതി ബോർഡുകൾ ഇക്കാര്യമൊന്ന്​ ചിന്തിക്കുന്നത്​ നല്ലതായിരിക്കും. കാരണം, പെരിയാർ വെറുമൊരു നദിയല്ലെന്നും അത്​ ഒഴുകുന്നത്​ വൈദ്യുതിയുമായിട്ടാണെന്നും​ ഇരു സംസ്​ഥാനങ്ങൾക്കും അറിയാം. 

പുഴകൾ എന്നത്​ സംസ്​കാരം മാത്രമല്ല,ജീവജാലങ്ങളുടെ ആവാസ വ്യവസ്​ഥ കൂടിയാണ്​. കാട്​ മുതൽ കടൽ വരെ എത്രയോ ജീവജാലങ്ങളെ സംരക്ഷിക്കുന്നു. മനുഷ്യരും മൃഗങ്ങളും മൽസ്യങ്ങളും തുടങ്ങി സൂക്ഷ്​മ ജീവികൾ വരെ പുഴകളെ ആശ്രയിക്കുന്നു. അപ്പോൾ ആ പുഴകളെ ചൂഷണം ചെയ്യുന്ന വൈദ്യുതി ബോർഡിന്​ അവ സംരക്ഷിക്കാനും നിലനിർത്താനും ബാധ്യതയില്ലേ?​ പെരിയാറിലും പോഷക നദികളിലുമായി എത്രയോ അണക്കെട്ടുകൾ. ഇത്രയേറെ അണക്കെട്ടുകൾ മറ്റൊരു നദിതടത്തിലും ഉണ്ടാകില്ല. പെരിയാർ ഇല്ലെങ്കിൽ വൈദ്യുതി ബോർഡില്ല എന്നതാണ്​ സത്യം.

നീളം കൂടിയ നദി എന്ന വിശേഷണത്തിൽ അവസാനിക്കുന്നില്ല  പെരിയാർ. കേരളത്തിന്​ വെളിച്ചം പകരുന്നത്​ പെരിയാറാണ്​. ജലവൈദ്യുതിയുടെ ഗർഭ ഗൃഹമെന്ന്​ വിശേഷിപ്പിക്കാവുന്ന പെരിയാറിൽ നിന്നും ഉൽപാദിപ്പിക്കുന്നത്​ കോടികളുടെ വൈദ്യുതിയാണ്​.- സ്വകാര്യ മേഖലയിൽ നിന്നടക്കം 4360.79 ദശലക്ഷം യൂണിറ്റ്​ വൈദ്യുതിയാണ്​ പെരിയാറിലെ വിവിധ പദ്ധതികളിൽ നിന്നും കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്​. തമിഴ്​നാടിലേത്​ ഇതിന്​ പുറമെയാണ്​. തേനി, മധുര, ശിവഗംഗ, ദിണ്ടുക്കൽ, രമാനാഥപുരം ജില്ലകൾ പെരിയാറിനെ ആശ്രയിച്ച്​ നിലനിൽക്കുന്നു. വൈദ്യുതിക്ക്​ പുറമെ, ലക്ഷങ്ങൾക്കാണ്​ കുടിവെള്ളം നൽകുന്നത്​.ഇരു സംസ്​ഥാനങ്ങളിലുമായി എത്രയോ ഹെക്​ടർ ഭൂമിയിൽ വെള്ളം എത്തിക്കുന്നു.

തുടക്കത്തിൽ തന്നെ മുല്ലയാറിൽ അണകെട്ടി പെരിയാറിനെ തിരിച്ച്​ വിട്ടു. പിന്നിടാണ്​ ഇടുക്കിയിലെത്തു​േമ്പാൾ പെരിയാറിനെ കിളിവള്ളിത്തോടിലേക്കും അവിടെ നിന്നും മുലമറ്റം വൈദ്യുതി നിലയത്തിൽ എത്തിച്ച്​ തൊടുപുഴയാറിലേക്കും തിരിച്ച്​ വിടുന്നത്​.

ഇൻഡ്യയിൽ, 1897ൽ ഡാർജലിംഗിലാണ്​ ജലം ഉപയോഗിച്ച് ​വൈദ്യുതി ഉൽപാദിപ്പിച്ചത്​. എന്നാൽ, അതിനും മുമ്പും മുല്ലപ്പെരിയാർ അണക്കെട്ട്​ നിർമ്മാണത്തിനായി ജലം ഉപയോഗിച്ച്​ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ 1900ൽ കണ്ണൻ ദേവൻ കമ്പനി ടോപ്​ സ്​റ്റേഷനിൽ സ്​ഥാപിച്ച റോപ്​വേയുടെ പ്രവർത്തനങ്ങൾക്കായി ജലവൈദ്യുതി ഉപയോഗിച്ചത്​. വ്യവസായികാവശ്യത്തിന്​ വൈദ്യുതി ഉൽപാദിച്ച്​ തുടങ്ങുന്നത്​ 1906 ൽ​ പള്ളിവാസൽ സ്വകാര്യ ജലവൈദ്യുതി നിലയത്തിൽ നിന്നുമാണ്​. പെരിയാറി​െൻറ പോഷകനദിയായ മുതിരപ്പുഴ നദിതടത്തിലെ ആദ്യ പദ്ധതി. തിരുവിതാംകൂറിലെയും ആദ്യ ജലവൈദ്യുത പദ്ധതി. പള്ളിവാസൽ എന്ന പേരിലാണ്​ പൊതുമേഖലയിലെ ആദ്യജലവൈദ്യുതി നിലയവും സ്​ഥാപിച്ചത്​.1935 മാർച്ച്​ ഒന്നിനാണ്​ വൈദ്യുതി നിലയത്തിന് ശ്രിചിത്തിര തിരുന്നാൾ മഹാരാജാവ്​ ​ തറക്കല്ലിട്ടത്​. 1940 മാർച്ച്​ 19ന്​ പളളിവാസൽ നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച്​ തുടങ്ങി. തുടർന്നിങ്ങോട്ട്​ മുതിരപ്പുഴ നദിതടത്തിൽ നിരവധിയായ ജലവൈദ്യുത പദ്ധതികൾ സ്​ഥാപിച്ചു.അടുത്ത ഘട്ടത്തിലാണ്​ പെരിയാറിലേക്ക്​ ശ്രദ്ധ തിരിയുന്നത്​. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പെരിയാർ നദിതടത്തിലാണ്​. പെരിയാറിലെ വെള്ളം ചെറുതോണി, ഇടുക്കി അണക്കെട്ടുകളിൽ തടഞ്ഞ്​ നിർത്തി, മറ്റൊരു നദിതടത്തിലെ കുളമാവിലേക്ക്​ തിരിച്ച്​ വിട്ടാണ്​ വൈദ്യുതി ഉൽപാദനത്തിന്​ ഉപയോഗിക്കുന്നത്​. ഇടുക്കി പദ്ധതിയിൽ നിന്നും ഇതിനോടകം പതിനായിരം കോടി യൂണിറ്റ്​ വൈദ്യുതി ഉൽപാദിപ്പിച്ച്​ കഴിഞ്ഞു. ഇത്​ ചരിത്ര നേട്ടമാണ്​.

പെരിയാർ നദിതടത്തിലെ പദ്ധതികളും ​ഉൽപാദന ശേഷിയും ഇപ്രകാരമാണ്​. ദശലക്ഷം യൂണിറ്റ്​ കണക്കിൽ-ഇടുക്കി-2398, ഇടമലയാർ-380,പള്ളിവാസൽ-284,നേര്യമംഗലം-237,ലോവർപെരിയാർ-493,ചെങ്കുളം-182,പന്നിയാർ-158,നേര്യമംഗലം എക്​സ്​റ്റൻഷൻ-58.27,മലങ്കര-65,മാടുപ്പെട്ടി-06.4,വെള്ളത്തൂവൽ-12.70. ഇനി സ്വകാര്യ മേഖലയിലുള്ളവ-കുത്തുങ്കൽ-79,ഇരുട്ടുകാനം-13,പാമ്പുക്കയം-0.29,കല്ലാർ-0.13. മുല്ലപ്പെരിയാറിൽ അണക്കെട്ടി തമിഴ്​നാടിലേക്ക്​ തിരിച്ച്​ വിടുന്ന വെള്ളം ഉപയോഗിച്ച്​ തമിഴ്​നാടിൽ പെരിയാറിൽ 154 ​മെഗാവാട്ട്​ശേഷിയുള്ള നിലയം സ്​ഥാപിച്ചിട്ടുണ്ട്​. ചുരളിയാർ,വൈഗ, മിനി പദ്ധതികൾ എന്നിവയും അതിർത്തിക്കപ്പുറത്തുണ്ട്​.

പെരിയാർ നദിതട ജലസേചനപദ്ധതി, ഇടമലയാർ ജലസേചന പദ്ധതി,മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതി എന്നിവയും ഇൗ നദിതടത്തിലാണ്​.എറണാകുളം വ്യവസായ ജല വിതരണ പദ്ധതിയും നൂറുകണക്കിന്​ ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായുണ്ട്​. 

ഇതൊക്കെയാണെങ്കിലും പെരിയാർ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. വൈദ്യുതി ബോർഡിൻറ അക്ഷയഖനിയാണ്​ പെരിയാറും പോഷക നദികളും. കിട്ടുന്ന വെള്ളം ഉൗറ്റിയെടുക്കുന്നതിന്​ അപ്പുറത്ത്​ ജലസ്രോതസ്​ നിലനിർത്താൻ വൈദ്യുതി ബോർഡിന്​ ബാധ്യതയില്ലേ? ​പെരിയാറിൽ നീരൊഴുക്ക്​ ഉറപ്പ്​ വരുത്തേണ്ടത്​ മറ്റാരെക്കാളും ആവശ്യം വൈദ്യുതി ബോർഡിനാണ്​. ഇതിനായി പരിസ്​ഥിതി സംരക്ഷിക്കപ്പെടണം. പുഴകളിലെ മണ്ണൊലിപ്പ്​ തടയണം. കയ്യേറ്റം ചെറുക്കേണ്ടതും വൈദ്യുതി ബോർഡാണ്​. എന്നാൽ, പുഴകൾക്ക്​ പോലും പട്ടയം നൽകാൻ സമ്മത പത്രം നൽകുന്ന വൈദ്യുതി ബോർഡ്​ ഇതേകുറിച്ചൊന്നും ആ​ലോചിച്ചിരിക്കില്ല. പല പുഴകളും മാലിന്യ വാഹിനികളായി മാറിയിട്ടുണ്ട്​. വിനോദ സഞ്ചാരമാണ്​ ഇതിന്​ പ്രധാന കാരണം. ടൂറിസത്തിന്​ വേണ്ടി ഉയർന്ന ഹോട്ടലുകളും മാലിന്യം ഒഴുകിയെത്തുന്നത്​ പെരിയാറിലേക്കാണ്​. പെരിയാറിനെ നിലനിർത്താൻ എറണാകുളം ജില്ലക്കും ബാധ്യതയുണ്ട്​. കാരണം എറണാകുളം ജില്ലയുടെ കുടിവെള്ളം പെരിയാറാണ്. വ്യവസായത്തിനും കൃഷിക്കും വെള്ളം നൽകുന്നതും പെരിയാറാണ്​. എടയാർ, ഏലുർ മേഖലയിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നത്​ പെരിയാറിനെ ആശ്രയിച്ചാണ്​. ഇൗ സ്​ഥാപനങ്ങൾ പെരിയാറിനെ മലിനപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്​ പുറമെയാണ്​ ചെറുകിട വ്യവസായ യൂണിറ്റുകൾ. 33ലക്ഷം പേരാണ്​ പെരിയാറിനെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്​.


20 July 2021

നിലപാടുകളുടെ നേതാവ്​



ശങ്കരപിള്ളയെന്ന്​ അടുപ്പക്കാർ വിളിക്കുന്ന കെ.ശങ്കരനാരായണ പിള്ളയുടെ ജീവിതം എന്നും പോരാട്ടത്തിൻറതായിരുന്നു. അതിന്​ പ്രായം തടസമായിരുന്നില്ല. ശരിയുടെ പക്ഷത്തിന്​ വേണ്ടിയുള്ള പോരാട്ടം, ആരുടെ മുന്നിലും കീഴടങ്ങാതെയും ആദർശം കൈവിടാതെയുമുള്ള പോരാട്ടം. പക്ഷെ, മരണത്തിന്​ മുന്നിൽ അദേഹത്തിന്​ പിടിച്ച്​ നിൽക്കാൻ കഴിഞ്ഞില്ല.

തിങ്കളാഴ്​ച അർദ്ധരാത്രിയിൽ വിട പറഞ്ഞ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായിരുന്ന കെ.ശങ്കരനാരായണ പിള്ളയെ വേറിട്ട്​ നിർത്തുന്നത്​ അദേഹത്തിൻറ ആദർശ ശുദ്ധിയുള്ള നിലപാടുകളിലുടെയാണ്​. അധികാരത്തിന്​ വേണ്ടിയും സ്​ഥാനമാനങ്ങൾക്ക് ​വേണ്ടിയും ഒരിക്കലും വിട്ട്​ വീഴ്​ചക്ക്​ തയ്യാറായിട്ടില്ല. അതല്ലായിരുന്നുവെങ്കിൽ, 27-ാമത്തെ വയസിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ​ശങ്കരനാരായണ പിള്ള എവിടെയോ എത്തിപ്പെടുമായിരുന്നു. പുതിയ രാഷ്​​ട്രിയ പ്രവർത്തന ശൈലി അദേഹത്തിന്​ വശമുണ്ടായിരുന്നില്ല. തെറ്റിനെ തെറ്റാണെന്ന്​ നേരിട്ട്​ പറയാൻ മടിയുണ്ടായില്ല എന്നത്​ തന്നെയാണ്​ അദേഹത്തിൻറ പരാജയം.

നെടുമങ്ങാ​​െട്ട കോൺഗ്രസ്​ നേതാവായിരുന്ന എസ്​.കുമാരപിള്ളയുടെ മകനായി 1945 നവംബറിലാണ്​ ജനനം. മകനെ ഡോക്​ടറായി കാണാനാണ്​ പിതാവ്​ ആഗ്രഹിച്ചത്​. അതിനാൽ, പിതാവിൻറ നിഴൽ എന്നുമുണ്ടായിരുന്നുവെന്നാണ്​ ശങ്കരപിള്ള പറഞ്ഞിരുന്നത്​. നെടുമങ്ങാട്​ ഹൈസ്​കൂളിൽ പഠിക്കു​േമ്പാൾ കമ്മ്യുണിസ്​റ്റ്​ ഇതര വിദ്യാർഥി സംഘടനയായ പി.എസ്​.യുവിൽ അംഗത്വമുണ്ടായിരുന്നുവെങ്കിലും ഒരു പരിപാടിക്കും പ​​െങ്കടുക്കാൻ കഴിയുമായിരുന്നില്ല. അക്കാലത്ത്​ കോൺഗ്രസിന്​ വിദ്യാർഥി സംഘടന ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത്​ ഇൻറർമിഡിയറ്റ്​ കോളജിൽ (ഇന്നത്തെ ആർട്​സ്​ കോളജ്​) എത്തിയപ്പോൾ അഖിലേന്ത്യാ വിദ്യാർഥി കോൺഗ്രസിൽ അംഗമായി. അതും കോൺഗ്രസ്​ അംഗീകരിച്ച സംഘടനയായിരുന്നില്ല. ടി.പി.ശ്രീനിവാസൻ, ആർ.സുന്ദരേശൻ നായർ എന്നിവരായിരുന്നു നേതാക്കൾ.എന്നാൽ, കോളജ്​ യൂണിയൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന ഏക അജണ്ടയായിരുന്നു സംഘടനക്ക്​. പിന്നിട്​ തിരുവനന്തപുരം യൂണിവേഴ്​സിറ്റി കോളജിൽ എത്തുന്നതോടെയാണ്​ കൂടുതൽ സജീവമായി. സുവോളജി അസോസിയേഷൻ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത്​ കെ.എസ്​.യു രൂപീകരിക്കപ്പെട്ടുവെങ്കിലും തിരുവനന്തപുരത്ത്​ പ്രവർത്തനം എത്തിയിരുന്നില്ല. പി.സി.ചാക്കോ യൂണിവേഴ്​സിറ്റി കോളജിൽ പഠിക്കാൻ എത്തുന്നതോടെയാണ്​ കെ.എസ്​.യുവിനെ പരിചയപ്പെടുത്തുന്നത്​. ശങ്കരനാരായണ പിള്ളയും എം.എം.ഹസനുമൊക്കെ അങ്ങനെ കെ.എസ്​.യു ആയി.ഇതേസമയത്ത്​ തന്നെയാണ്​ യുത്ത്​ കോൺഗ്രസ്​ രൂപീകരിക്കുന്നത്​. നെടുമങ്ങാട്​ യൂത്ത്​ കോൺഗ്രസ്​ കൺവീനറായി ശങ്കരനാരായണ പിള്ളയെ നിയമിക്കുന്നതോടെയാണ്​ ആദ്യ പോരാട്ടത്തിൻറ തുടക്കം. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്​.വരദരാജൻ നായരുടെ പ്രവർത്തനങ്ങളുടെ മുന്നിലും ഇദേഹമുണ്ടായിരുന്നു. 

ഇതോടെ മകൻ ഡോക്​ടർ ആകില്ലെന്ന്​ പിതാവ്​ ഉറപ്പിച്ചു. ശങ്കരനാരായണ പിള്ള അഭിഭാഷകനാകാൻ തീരുമാനിച്ചു. തിരുവനന്തപുരം ലോ കോളജിൽ ചേർന്നു. കെ.എസ്​.യുവിൻറ ആദ്യ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ആദ്യ യുത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറുമായി.1969ൽൽ 24ാം വയസിലാണ്​ ഡി.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്​. അന്ന്​ വക്കം പുരുഷോത്തമനായിരുന്നു പ്രസിഡൻറ്​. 1972ൽ ഡി.സി.സി പ്രസിഡൻറ്​. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ്​ 1982ൽ ഏ.കെ.ആൻറണിയും വയലാർ രവിയും അടക്കമുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കൾ രാഷ്​ട്രിയ തീരുമാനമെടുക്കുന്നത്​. ഇടതു മുന്നണി വിട്ട്​ പോകാനുള്ള തിരുമാനത്തെ എതിർക്കുക മാത്രമല്ല, പ്രവർത്തകരെ പിടിച്ച്​ നിർത്താനുള്ള ദൗത്യവും അന്ന്​ ഏറ്റെടുത്തു. കെ.പി.സി.സി-എസ്​ ആക്​ടിംഗ്​ പ്രസിഡൻറ്​ എന്ന നിലയിൽ കേരളമാകെ സഞ്ചരിച്ച്​ ഏറ്റവും അടുത്ത ചങ്ങാതിമാരുടെ രാഷ്​ട്രിയത്തെ തള്ളി പറഞ്ഞു.1995 വരെ അദേഹം കോൺഗ്രസ്​-എസിൽ തുടർന്നു. പാർട്ടിയുടെ നിലപാട്​ മാറ്റത്തെ തുടർന്നാണ്​ കേരള വികാസ്​ പാർട്ടിയുടെ രൂപീകരണം. പിന്നിട്​ കോൺഗ്രസ്​-​െഎയിൽ ലയിപ്പിച്ചുവെങ്കിലും അവിടെയും അദേഹത്തിന്​ തുടരാൻ കഴിഞ്ഞില്ല. 

1982ലും 1987ലും തിരുവനന്തപുരം ഇൗസ്​റ്റിൽ നിന്നും നിയമസഭയിലെത്തി. 1987 മുതൽ 1991വരെ ഇ.കെ.നായാനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും.

ലാളിത്യമാണ്​ അദേഹത്തിൻറ മുഖമുദ്ര. സ്​കൂട്ടറായിരുന്നു ആദ്യകാലത്ത്​ അദേഹത്തിൻറ ആർഭാടം. പിന്നിട്​ മാരുതി കാറായി. എം.എൽ.എ ആയിരിക്കെ സ്​കൂട്ടറിലാണ്​ മണ്ഡലം മുഴുവൻ സഞ്ചരിച്ചിരുന്നത്​. മന്ത്രിസ്​ഥാനം ഒഴിഞ്ഞ ശേഷം ഏ​െറക്കാലം സിറ്റി ബസായിരുന്നു ആശ്രയം. പിന്നിടാണ്​ മാരുതി കാർ സ്വന്തമാക്കിയത്​. എങ്കിലും കെ.എസ്​.ആർ.ടി.സിയിലായിരുന്നു യാത്ര. എത്ര ദൂരവും ബസിൽ നിന്ന്​ യാത്ര ചെയ്യാനും മടിയുണ്ടായിരുന്നില്ല. മുതിർന്ന പൗരൻറ സീറ്റ്​ ആവശ്യപ്പെടാനോ കണ്ടക്​ടറുടെ സീറ്റിൽ ഇരിക്കാനോ അദേഹം ശ്രമിച്ച്​ കണ്ടിട്ടില്ല ഒരിക്കൽ കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെ ഒരുമിച്ച ബസിൽ നിന്ന്​ യാത്ര ചെയ്​തപ്പോഴാണ്​ അത്​ നേരിട്ടറിഞ്ഞത്​.

അവസാന നിമിഷം വരെ അദേഹത്തിന്​, അദേഹത്തിൻറതായ നിലപാടുണ്ടായിരുന്നു. അന്തമായ രാഷ്​ട്രിയം അജണ്ടയിൽ ഉണ്ടായിരുന്നില്ല. രാഷ്​ട്രിയത്തിൻറ പേരിൽ സുഹൃത്തുക്കളെ ശത്രുക്കളായി കാണാനും അദേഹത്തിന്​ കഴിഞ്ഞിരുന്നില്ല. രാഷ്​ട്രിയ കക്ഷികൾ തമ്മിൽ പരസ്​പര ബഹുമാനമില്ലാ​തെ സംസാരിക്കുന്നതിനെയും അദേഹം വിമർശിച്ചിരുന്നു.

രാഷ്​​ട്രിയം പ്രവർത്തനം അവസാനിപ്പിച്ച അദേഹത്തെ കൊണ്ട്​ കേരളത്തിൻറ അരനൂറ്റാണ്ടിനെ കുറിച്ച്​ എഴുതിപ്പിക്കാൻ എത്രയോ വട്ടം ശ്രമിച്ചു. എന്നാൽ, ആരുടെയും മുഖം വികൃതമാക്കാൻ ഉദേശിക്കുന്നി​ല്ലെന്ന മറുപടിയാണ്​ പറഞ്ഞത്​. എഴുതു​േമ്പാൾ സത്യമാകണം. അത്​ പലർക്കും ബുദ്ധിമുട്ട്​ ഉണ്ടാക്കും. ആരെയും വേദനിപ്പിക്കാനില്ല-അദേഹം പറയുമായിരുന്നു. രാഷ്​ട്രിയത്തിന്​ അതീതമായി വ്യക്​തി ബന്ധങ്ങൾ സുക്ഷിച്ച നേതാവ്​. രാഷ്​​ട്രിയ സ്വാധീനം ഒരിക്കലും അദേഹം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗപെപടുത്തിയെന്ന്​ ആരെങ്കിലും പറയുമെന്ന്​ കരുതുന്നുന്നില്ല. അടുത്ത കാലത്തായി അദേഹം സാമ്പത്തിക പ്രയാസങ്ങളും അനുഭവിച്ചിരുന്നു. കേരള സർവകലാശാലയിൽ ഉദ്യോഗസ്​ഥയായിരുന്ന ഭാര്യയാണ്​  വീട്ടിലെ കാര്യങ്ങളും നോക്കിയിരുന്നത്​.

വലുപ്പ-ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കാനും സംവദിക്കാനും അദേഹത്തിന്​ മാത്രമെ കഴിയൂ. സമൂഹ മാധ്യമങ്ങളിലും അദേഹം സജീവമായിരുന്നു. അടുത്ത ദിവസങ്ങളിൽ അദേഹം ഒാർമ്മകൾക്കൊപ്പമായിരുന്നു. ആദ്യകാല പൊതു പരിപാടികളുടെയും വിവാഹത്തിൻറയും മറ്റും ചിത്രങ്ങൾ അദേഹം സാമൂഹ മാധ്യമങ്ങളിൽ പങ്ക്​ വെച്ചിരുന്നു. മരണത്തിന്​ തൊട്ട്​ മുമ്പ്​ വരെ അദേഹം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. 

രാഷ്​ട്രിയ നിലപാടുകൾക്ക്​ തനിക്ക്​ ത​െൻറതായ ദാർശനികന്യായികരണങ്ങളുണ്ടെന്ന്​ തുറന്ന്​ പറഞ്ഞിരുന്ന കെ.ശങ്കരനാരായണ പിള്ള, അധികാരത്തിനും അപ്പുറത്ത്​ ആദർശം മുറുകെ പിടിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു.  

എം.ജെ.ബാബു


28 June 2021

കോൺഗ്രസ്​ ജനങ്ങളുടെ പാർട്ടിയാകണം

 

 


ദൽഹിയിൽ കോൺഗ്രസ്​ തുടർച്ചയായി രണ്ടാംവട്ടവും പ്രതിപക്ഷത്താണ്​, ദൽഹി എന്ന്​ പറഞ്ഞാൽ കേന്ദ്രത്തിൽ തന്നെ. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും അംഗീകൃത പ്രതിപക്ഷമാകാനുള്ള അംഗസംഖ്യ ഇല്ലെന്ന സത്യം തിരിച്ചറിയണം. കേരളത്തിലും തുടർച്ചയായി രണ്ടാം വട്ടവും ഭരണം നഷ്​ടപ്പെട്ടു. പല സംസ്​ഥാനങ്ങളിലും ഇതാണ്​ അവസ്​ഥ. ഒരിക്കൽ കോൺഗ്രസ്​ അടക്കി വീണ സംസ്​ഥാനങ്ങളിലാണ്​ കാലങ്ങളായി പ്രതിപക്ഷത്തിരിക്കുന്നത്​.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കോൺഗ്രസിന്​ എന്താണ്​ തടസം. വോട്ടിൻറ കണക്കുകൾ പറഞ്ഞ്​ പ്രവർത്തകരെ പിടിച്ച്​ നിർത്താമെങ്കിലും അതല്ലല്ലോ കാര്യം. കോൺഗ്രസിന്​ അധികാരത്തിൽ തിരിച്ച്​ വരേണ്ടതില്ലേ? വേണമെന്ന്​ എല്ലാവരും പറയു​േമ്പാഴും യഥാർഥ ചികിൽസയെ കുറിച്ച്​ ചിന്തിക്കുന്നില്ല. ചില ഹൃസ്വകാല ചികിൽസയെ കുറിച്ചാണ്​ എല്ലാവരും ചിന്തിക്കുന്നത്​. അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ സീറ്റ്​ കിട്ടാം, എങ്ങനെ ജയിക്കാമെന്നതിന്​ അപ്പുറത്തേക്ക്​ ആർക്കും അജണ്ടയില്ല. അതു പോര,കോൺഗ്രസ്​ ജനങ്ങളുടെ പാർട്ടിയാകണം. ജനങ്ങൾക്ക്​ വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ പാർട്ടി. ഇപ്പോൾ നേതാക്കൾക്ക്​ വേണ്ടി നേതാക്കളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ പാർട്ടിയാണ്​ കോൺഗ്രസ്​. ഇൗ അവസ്​ഥ മാറിയേ തീരു.

കോൺഗ്രസ്​ ജനങ്ങളുടെ പ്രശ്​നങ്ങൾ ഏറ്റെടുക്കണം. നാട്ടിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ കോൺഗ്രസിന്​ കഴിയണം. രക്​തം വേണ്ടവർക്ക്​, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ, മരണ വീടുകളില ഒക്കെ കോൺഗ്രസ്​ ഉണ്ടാകണം. ഉടയാത്ത ഷർട്ടും മുണ്ടും ധരിച്ച്​ മൊബൈലിൽ ലൈവ്​ നൽകാനും സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യാനുള്ള ചിത്രങ്ങൾ എടുക്കാനും മാത്രമാകരുത്​ പ്രവർത്തനം. ഭുരിപക്ഷം പ്രാദേശിക നേതാടകകളുടെയും ശരീര ഭാഷയും വേഷവും സഞ്ചരിക്കുന്ന വാഹനവും ജനസേവകർക്ക്​ ചേർന്നതല്ല, രണ്ടും മൂന്നും മൊബൈൽ ഫോണുകൾ, സഹായികൾ……. ഇതൊന്നും ജനങ്ങൾക്ക്​ ദഹിക്കില്ല.

അമ്മേ ഞങ്ങൾ പോകുന്നു വന്നില്ലെങ്കിൽ കരയരുത്​ എന്ന മുദ്രാവാക്യം കേട്ട്​ ഉണർന്നതാണ്​ ഒരിക്കൽ കേരളം. കേരള വിദ്യാർഥി യുണിയൻ മുറുകെ പിടിച്ച മുദ്രാവാക്യം. എന്നാൽ ഇന്നോ? അമ്മേ ഞങ്ങൾ പോകുന്നു, മന്ത്രിയായി തിരിച്ച്​ വരും. എന്നായി മാറി. ഇത്​ മാറണം. അധികാരത്തിന്​ വേണ്ടിയാകരുത്​ കോൺഗ്രസ്​ പ്രവർത്തനം. പഞ്ചായത്ത്​ തുടങ്ങി പാർലമെൻറ്​ വരെയുള്ള സ്​ഥാനങ്ങൾക്ക്​ വേണ്ടി എന്ന ഏകലക്ഷ്യത്തോടെ രാഷ്​ട്രിയ പ്രവർത്തനം മാറിയതാണ്​ കോൺഗ്രസിന്​ സംഭവിച്ച ഏറ്റവും വലിയ അപചയം. കേരള വിദ്യാർഥി യുണിയൻ നേതാക്കൾക്ക്​ സീറ്റ്​ ലഭിക്കുമെന്ന്​ വന്നതോടെ അധികാരത്തിലേക്കുള്ള ചവുട്ടി പടിയായി വിദ്യർഥി സംഘടനയെ മാറ്റി. സംഘടനയില്ലെങ്കിലും തലപ്പത്ത്​ എത്തുകയെന്ന ചിന്തയിൽ പല അഡ്​ജസ്​റ്റ്​മെൻറുകളും നടക്കുന്നു.

കോൺഗ്രസ്​ നിലനിൽക്കണം. രാഷ്​ട്രം നിലനിൽക്കണമെങ്കിൽ കോൺഗ്രസ്​ ഉണ്ടായെ തീരുവെന്ന്​ മോദി ഭരണത്തിലുടെ ജനങ്ങൾ മനസിലാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചർച്ചകളിലും ഇത്​ പ്രകടമാണ്​.അവരും ചോദിക്കുന്നു-പാർടി ഇല്ലാതെ ആർക്ക്​ വോട്ട്​ ചെയ്യും. പുതിയ തലമുറ എന്ത്​ കൊൺഗ്രസിന്​ വോട്ട്​ ചെയ്യണമെന്ന്​ പഠിപ്പിക്കാനും കഴിയുന്നില്ല. അതുണ്ടാകണമെങ്കിൽ വിദ്യാർഥി സംഘടന സജീവമാകണം.

സമുഹ മാധ്യമങ്ങളെ സി പി എം അടക്കം ഫലപ്രദമായി ഉപയോഗിക്കുന്നത്​ കോൺഗ്രസ്​ അറിയുന്നില്ല. പാർട്ടിയുടെ പോക സംഘടനകൾക്ക്​ എന്ന പോലെ ക്ലബ്ബ്​ ഹൗസിലടക്കം യോഗങ്ങളും നേതാക്കളുടെ പ്രസംഗങ്ങളും നടക്കുന്നു. ബി ജെ പിയും  സംഘ്​പരിവാറുകളും ഇത്തരം യോഗങ്ങൾ നടത്തുന്നുണ്ട്​.

കോൺഗ്രസ്​ ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം. അധികാരത്തിന്​ വേണ്ടിയുള്ള പാർട്ടി മാത്രമായി മാറരുത്​. അങ്ങനെയൊരു ചിന്ത കഴിഞ്ഞ കുറെ കാലമായി വളർന്ന്​ വന്നത്​ കൊണ്ടാണ്​ അധികാരം നഷ്​ടപ്പെടു​േമ്പാൾ മുതിർന്ന നേതാക്കളടക്കം അധികാരമുള്ള പാർട്ടിയിലേക്ക്​ കൂറ്​ മാറുന്നത്​.അധികാരമല്ല, ജനങ്ങളാണ്​ വലുതെന്ന ചിന്തയാണ്​ വളർന്ന്​ വരേണ്ടത്​.ഒപ്പം അഴിമതി വിമുക്​ത കോൺഗ്രസ്​ എന്ന മുദ്രാവാക്യവും നടപ്പാക്കണം. കോൺഗ്രസ്​ അടിമുടി മാറണം. അതിന്​ കഴിയുമോ എന്നതാണ്​ ചോദ്യം.


എം.ജെ.ബാബു

21 May 2021

ഇനി ഒരു തിരിച്ച്​വരവ്​ സാധ്യമോ

 

 


 


ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലം വന്നത്​ മുതൽ കേരളം ചർച്ച ചെയ്യുന്നത്​ കോൺഗ്രസിന്​ ഇനി ഒരു തിരിച്ച്​ വരവ്​ സാധ്യമോയെന്നാണ്​. 1967ലെയും 1977ലെയും അനുഭവങ്ങളും തിരിച്ച്​ വരവും ചൂണ്ടിക്കാട്ടി ചില നേതാക്കൾ കോൺഗ്രസ്​ പ്രവർത്തകർക്ക്​ ആത്​മവിശ്വാസം പകരുന്നുവെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. കാരണം 1967ലെയും 1977ലെയും സാഹചര്യമല്ല ഇപ്പോഴത്തേത്​.അന്ന്​ ശക്​തമായ നേതൃത്വമുണ്ടായിരുന്നു. മൂന്നാമതൊരു ബദലും ഉണ്ടായിരുന്നില്ല.

 വോട്ടിംഗ്​ ശതമാനത്തിൽ സി.പി.എമ്മും കോൺഗ്രസും ഇത്തവണ ഒപ്പത്തിന്​ ഒപ്പമുണ്ട്​.സി പി എമ്മിന്​ 25.38 ശതമാനം വോട്ട്​ കിട്ടിയപ്പോൾ കോൺഗ്രസിന്​ 25.12 ശതമാനമുണ്ട്​.ബി ജെ.പിക്ക്​ 11.3 ശതമാനമാണ്​.ഫലം വന്നപ്പോൾ പലരും ചുണ്ടിക്കാട്ടിയത്​ പോലെ ​കോൺഗ്രസ്​ മുക്​ത ഭാരതമെന്ന മുദ്രവാക്യം ഉയർത്തുന്ന ബി.​ജെ.പിക്ക്​ കേരളത്തിൽ സി പി എമ്മിന്​ അനുകൂലമായി വോട്ട്​ ചെയ്​തിരിക്കാം. ഇത്​ നാളെയും ആവർത്തിക്കില്ലേ. അഥവാ ബി ജെ പിക്ക്​ സ്വന്തമായി ജയിക്കാൻ കഴിയുന്നത്​ വരെ സി പി എമ്മിനെ അധികാരത്തിൽ കൊണ്ട്​ വരാനായിരിക്കുമല്ലോ അവർ ആഗ്രഹിക്കുന്നത്​.അപ്പോൾ അതിനെ മറികടക്കാൻ കോൺഗ്രസിന്​ കഴിയണം. അതിന്​ ഇന്നത്തെ സംഘടനാ സംവിധാനത്തിൽ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു കോൺഗ്രസിൻറ തിരിച്ച്​ വരവ്​.

1967ലെ തെരഞ്ഞെടുപ്പിൽ 133 ഇടത്ത്​ മൽസരിച്ച കോൺഗ്രസി​ന്​ ഒമ്പത്​ സീറ്റ്​ മാത്രമാണ്​ ലഭിച്ചത്​.തൃശൂരിന്​ വടക്കോട്ട്​ ഒറ്റ സീറ്റും കിട്ടിയില്ല.സി പി എം 59 ഇടത്ത്​ മൽസരിച്ച്​ 52 മണ്ഡലങ്ങളിൽ വിജയിച്ചു.എന്നാൽ കോൺഗ്രസിനായിരുന്നു കൂടുതൽ വോട്ട്​-35.43 ശതമാനം. സി പി എമ്മിന്​ 23.51ശതമാനം വോട്ടാണ്​ ലഭിച്ചത്​.കേരള കോൺഗ്രസ്​ രൂപം കൊണ്ടതിന്​ ശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽപോലും കോൺഗ്രസിന്​ 33.58ശതമാനം വോട്ട്​ കിട്ടി-36 എം.എൽ.എമാരെയും. കമ്മ്യൂണിസ്​റ്റ്​ പാർട്ടിയിലെ പിളർപ്പിന്​ ശേഷമുള്ള ആ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്​ 19.87 ശതമാനമായിരുന്നു വോട്ട്​.40 എം.എൽ.എമാരും. സി.പി.​െഎ 79 ഇടത്ത്​ മൽസരിച്ചു. ജയിച്ചത്​ മൂന്നിടത്ത്​.കേരള കോൺഗ്രസ്​ 54 ഇടത്ത്​ മൽസരിച്ചതിൽ 24 സീറ്റിൽ ജയിച്ചു.12.58ശതമാനം വോട്ടും കിട്ടി.എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭയുണ്ടായില്ല.

കോൺഗ്രസ്​ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട 1967ലേക്ക്​ പോകാം. അന്ന്​ കോൺഗ്രസിന്​ ശക്​തമായ രണ്ടാം നില നേതാക്കളുണ്ടായിരുന്നു.കെ.കരുണാകരൻ കോൺഗ്രസ്​ നിയമസഭാ കക്ഷി നേതാവായി ഉയർന്ന്​ വന്നത്​ 1967ലാണ്​. കോൺഗ്രസിന്​ കരുത്ത്​ പകരാൻ യൂത്ത്​ കോൺഗ്രസും കെ.എസ്​.യുവും. ആ കാലയളവിലാണ്​ കെ.എസ്​.യുവിൻറ പ്രശസ്​തമായ ‘‘വർഷം പത്ത്​ കഴിഞ്ഞോ​​​െട്ട പിള്ളെരൊന്ന്​ വള​ർന്നോ​െട്ട ഇ എം എസിനെ ഇൗയ്യലുപോലെ ഇല്ല​ത്തേക്ക്​ പറപ്പിക്കുമെന്ന’’ മുദ്രാവാക്യം.ഉമ്മൻചാണ്ടിയായിരുന്നു കെ.എസ്​.യു പ്രസിഡൻറ്​. വിളിച്ച മുദ്രാവാക്യം ശരിവെച്ച്​ 1977ൽ കേരളത്തിൽ എ.കെ.ആൻറണി മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടിയടക്കം മന്ത്രിമാരായി. ഇ.എം.എസ്​. സ്​ഥിരം മണ്ഡലം ഉപേക്ഷിച്ച്​ ആലത്തുരിൽ മൽസരിച്ചു. നിസാര വോട്ടിന്​ ജയിച്ച അദേഹം അതോടെ തെരഞ്ഞെടുപ്പ്​ രാഷ്​ട്രിയം ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു.

1977ൽ ദേശിയ തലതിൽ കോൺഗ്രസ്​ പരാജയപ്പെടുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകൻ സഞ്​ജയ്​ ഗാന്ധിയുമടക്കം പരാജയ​പ്പെടുകയും ചെയ്​തതോടെ കോൺഗ്രസിനെ എഴുതി തള്ളി.എന്നാൽ, ഇന്ദിരയുടെ ശക്​തമായ നേതൃത്വത്തിൽ കോൺഗ്രസ്​ അൽഭുതം സൃഷ്​ടിച്ചു. അവരെ തള്ളി പറഞ്ഞവർ വൈകാതെ അവർക്കൊപ്പം വന്നു. അന്ന്​ കോൺഗ്രസിന്​ ബദലുണ്ടായിരുന്നില്ലെന്ന്​ ഒാർക്കുക. സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ ശക്​തവുമായിരുന്നു.എന്നാൽ, ഇന്നോ? ശക്​തമായ ദേശിയ നേതൃത്വമില്ല., സി പി എമ്മിൻറയും മുസ്ലിം ലീഗി​െൻറയും അവസ്​ഥ. അഖിലേന്ത്യ കമ്മിറ്റി ഉണ്ടോയെന്ന്​ ചോദിച്ചാൽ ഉണ്ട്​. കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ പഴയത്​ പോലെ ദേശിയ നേതൃത്വത്തിൻറ കരിസ്​മയൊന്നും ചിലവാകില്ല.

അപ്പോൾ കോൺഗ്രസ്​ തിരിച്ച്​ വരണമെങ്കിൽ ഇവിടെ പാർട്ടി ഉണ്ടാകണം.ബി.ജെ.പിയേയും സി പി എമ്മിനെയും ഒരു പോലെ നേരിടണം. അതിന്​ കഴിയണമെങ്കിൽ ബൂത്ത്​ തലം വരെ കോൺഗ്രസ്​ വേണം. വിവിധ നേതാക്കൾ ഒന്നിച്ചിരുന്ന്​ വീതം വെക്കുന്നതിൻറ അടിസ്​ഥാനത്തിലുള്ള കമ്മിറ്റിയാകരുത്​. അതാത്​ ബുത്തിലെ പ്രവർത്തകർ പിന്തുണക്കുന്നവർ വരണം.എങ്കിലും ബുത്ത്​ നേതാക്കൾ വിളിച്ചാൽ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുകയുള്ളു.

കെ പി സി സി മാത്രമല്ല, ജില്ലാ, ബോക്ക്​, മണ്ഡലം കമ്മിറ്റികളും ദുർബലമാണ്​. ഗ്രൂപ്പ്​ നേതാക്കളുടെ കിച്ചൺ കാബിനറ്റാണ്​ ഇവരെ നിശ്ചയിച്ചിട്ടുള്ളത്​. പ്രാദേശിക പ്രവർത്തക​രുടെയോ നേതാക്കളുടെയോ പിന്തുണ ഇല്ലാത്തവർ. അവർക്ക്​ പാർട്ടിയേക്കാളും വിധേയത്വം തനിക്ക്​ സ്​ഥാനം തന്നവരോടാണ്​.

പണ്ട്​ കേരളത്തിൽ രണ്ട്​ ഗ്രൂപ്പുണ്ടായിരുന്നു. എ.​കെ ആൻറണിയെ പിന്തുണക്കുന്നവരും കെ.കരുണാകരനെ പിന്തുണക്കുന്നവരും.എന്നാൽ, അവർക്കൊക്കെ പാർട്ടിയോട്​ കൂറുണ്ടായിരുന്നു. പാർട്ടി ഉ​െണ്ടങ്കിലെ താനുണ്ടാകുവെന്ന തിരിച്ചറിവും. എന്നാൽ,സ്​ഥാനം കിട്ടാൽ നേതാക്കളോടുള്ള കൂറാണ്​ മാനദണ്ഡമെന്ന്​ വന്നതോടെ പ്രവർത്തനമില്ലാതായി.അത്​ മാത്രമല്ല, നേതാക്കൾക്കൊക്കെ ഗ്രുപ്പ്​. ഇന്നിപ്പോൾ കോൺഗ്രസിൽ എത്ര ​ഗ്രുപ്പുണ്ടാകും. കേരള കോൺഗ്രസിൻറ എണ്ണം പറയുന്നത്​ പോലെയാണ്​ കോൺഗ്രസിലെ ഗ്രുപ്പും. കമ്മിറ്റി പുന:സംഘടിപ്പിക്കു​​േമ്പാൾ എല്ലാവർക്കും കിട്ടും വീതം.കമ്മിറ്റി ചേരാൻ ഉച്ചഭാഷിണി വേണമെന്ന അവസ്​ഥയൊന്ന്​ :ആലോചിച്ച്​ നോക്കുക.കെ പി സി സിക്കും ഡി സി സികൾക്കും എന്തിനാണ്​ ഇത്രയേറെ ഭാരവാഹികൾ. അത്​ കൊണ്ട്​ എന്ത്​ പ്രയോജനം. സി പി എം. ചെയ്​തത്​ പോലെ പാർട്ടി ഘടകങ്ങൾ വിഭജിക്കാം. മുമ്പ്​ ബ്ലോക്ക്​ കമ്മിറ്റികൾ വിഭജിച്ചത്​ പോലെ വീണ്ടും മുറിക്കാം. മണ്ഡലം കമ്മിറ്റികളുടെയും എണ്ണം കൂട്ടാം.

പുതിയ തലമുറയെ കോൺഗ്രസിനോട്​ അടുപ്പിക്കാതെ എങ്ങനെയാണ്​ തിരിച്ച്​ വരവ്​ സാധ്യമാകുക. എന്താണ്​ കെ.എസ്​.യുവിൻറയും യൂത്ത്​ കോൺഗ്രസിൻറയും സ്​ഥിതി. കമ്മിറ്റികളുണ്ട്​. അതിനപ്പുറം എന്ത്​ പ്രവർത്തനം.ഇപ്പോൾ കോവിഡ്​ സമയത്ത്​ യൂത്ത്​ കോൺഗ്രസ്​ സജീവമായി. നന്ദി.എന്നാൽ, കെ.എസ്​.യുവോ? അതിൻറ പേര്​ കേരള പൂർവ വിദ്യാർഥി യൂണിയൻ എന്ന്​ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാമ്പസുകളിൽ നീലപതാക കാണാനില്ല. സ്​കൂളിൻറ വഴിക്ക്​ പോകാറേയില്ല.

സോഷ്യൽ മീഡിയ പരിശോധിച്ചാൽ അറിയാം കോൺഗ്രസിനോട്​ യുവത എങ്ങനെ പ്രതികരിക്കുന്നുവെന്ന്​. ഇതേസമയം, സി പി എമ്മും സി പി ​െഎയും ബി.ജെ പിയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്​. യുവതയുടെ പ്രശ്​നങ്ങൾ അവർ ചർച്ച ചെയ്യുന്നു. അവരെ പാർട്ടിയുമായി അടുപ്പിക്കുന്നു. തുഖർ ഭരണമെന്ന ചിന്ത തന്നെ രണ്ട്​ വർഷം മുമ്പ്​ അവർ സോഷ്യൽ മീഡിയയിലുടെ വൈറലാക്കിയിരുന്നു. കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ പോലും അതേ കുറിച്ച്​ ചിന്തിച്ചുവോ. ഇല്ലെന്ന്​ പറയാനാകില്ല. പോളിംഗിന്​ ഏതാനം ദിവസം മുമ്പ്​ സോഷ്യൽ മീഡിയയിൽ ഏങ്ങനെ സജീവമാകാമെന്നത്​ സംബന്ധിച്ച്​ ചർച്ച നടന്നുവത്രെ.

പണ്ട്​ എ.കെ.ആൻറണിയുടെ കാലയളവിൽ മത സാമുദായിക നേതാക്കൾക്ക്​ എതിരെ നിലപാട്​ സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്​തു.എന്നാൽ, കാലം മാറി, സി പി എമ്മും ബി ജെ പിയും മത സാമുദായിക ശക്​തികളെ ഒപ്പം നിർത്തുന്നു. കോൺഗ്രസോ? എല്ലാക്കാലത്തും കോൺഗ്രസിൻറ വോട്ട്​ ബാങ്കായിരുന്ന ക്രൈസ്​തവരും മുസ്ലിമും ദളിത്​ പിന്നാക്ക വിഭാഗങ്ങളും ഇന്ന്​ എവിടെയാണ്​. സിറിയൻ ക്രൈസ്​തവർക്ക്​ വേണ്ടത്ര പരിഗണന കിട്ടു​ന്നില്ലെന്ന പരാതി നേരത്തെ ഉണ്ട്​. അതിന്​ പിന്നാലെയാണ്​ കേരള കോൺഗ്രസ്​-മാണിയെ മുന്നണിയിൽ നിന്നും പുറത്താക്കിയ അപക്വമായ തീരുമാനം. കോട്ടയത്തെ ചില കോൺഗ്രസ്​ നേതാക്കൾക്ക്​ മൽസരിക്കാൻ സീറ്റ്​ കിട്ടിയെന്നതിന്​ അപ്പുറത്ത്​ എന്ത്​ നേട്ടം.മത മേലധ്യക്ഷന്മാരടക്കം കോൺഗ്രസ്​ തീരുമാനം ശരിവെച്ചുവോ?

ഇൗഴവ വിഭാഗത്തിൻറ പ്രാതിനിധ്യം കൈവിരിലിൽ എണ്ണാൻ പോലുമില്ല. മറ്റ്​ രാഷ്​​ട്രിയ പാർട്ടികളിലും അവരുടെ പ്രാതിനിധ്യം കുറഞ്ഞ്​ വരികയാണ്​.സി പി ​െഎയിലും സി പിഎമ്മിലും പ്രാതിനിധ്യം കുറയുന്നു.അപ്പോഴാണ്​ കോൺഗ്രസിൻറ പ്രസക്​തി വർദ്ധിക്കുന്നത്​.

മുസ്ലിം ലീഗി​െൻറ പേര്​ പറഞ്ഞാണ്​ കോൺഗ്രസിലെ മുസ്ലിം പേരുകാരെ ഒതുക്കി തുടങ്ങിയത്​. മുസ്ലിം പ്രാതിനിധ്യം കൂടുമത്രെ. മുസ്ലിം ലീഗാവാൻ കഴിയാത്തവരുടെ പിന്തുണയാണ്​ ഇതോടെ നഷ്​ടമായത്​. ദേശിയ മുസ്ലിമുകൾ എന്നറിയപ്പെടുന്നവർ ഇന്ന്​ സി പി എം. സഹയത്രികരാണ്​. ടി.കെ.ഹംസയിലുടെ ആരംഭിച്ച്​ അബ്​ദുറഹ്​മാനിൽ എത്തി നിൽക്കുന്നു.ദളിത്​ പിന്നാക്ക വിഭാഗങ്ങൾക്കായി പ്രത്യേക സംഘടനകൾ രൂപീകരിച്ചാണ്​ സി പി എം ഒപ്പം നിർത്തുന്നത്​. ജനങ്ങളുമായി നേരിട്ട്​ ബന്ധ​പ്പെടുന്ന അങ്കണവാടി, ആഷ വർക്കറന്മാരിലും കോൺഗ്രസില്ല.അങ്കണവാടി ജീവനക്കാർക്കായി ആദ്യം യൂണിയൻ രൂപീകരിച്ചത്​ കോൺഗ്രസാണ്​.വൈകാതെ ഗ്രുപ്പടിസ്​ഥാനത്തിൽ ജില്ലകൾ തോറും യൂണിയനായി. അതോടെ സി പി എം അവസരം മുതലാക്കി.ആഷ, ദേശിയ തൊഴിലുറപ്പ്​ തൊഴിലാളകളിലും ഇതൊക്കെ തന്നെയാണ്​ സംഭവിക്കുന്നത്​.മഹിള കോൺഗ്രസ്​ തലമുണ്ഡനം ചെയ്യപ്പെട്ടു.

ഇനി ഇത്തവണത്തെ സ്​ഥാനാർഥി നിർണയം കൂടി പരിശോധിക്കുക. താപര്യങ്ങൾക്ക്​ അപ്പുറത്ത്​ എന്തായിരുന്നു മാനദണ്ഡം. ഇടുക്കിയിലെ മൂന്ന്​ സീറ്റുകളിലെ-ഇടുക്കി, പീരുമേട്​, ദേവികളും- ജയസാധ്യത ഏങ്ങനെ നഷ്​ടമായി. ഇടുക്കി സീറ്റിന്​ പകരം മറ്റൊരു സീറ്റ്​ കേരള കോൺഗ്രസ്​-ജെക്ക്​ നൽകിയിന്നുവെങ്കിൽ വിജയം ഉറപ്പ്​. കളമശേരിയിൽ എന്തിനാണ്​ വി.കെ.ഇഹ്രാഹിംകുഞ്ഞിൻറ മകന്​ സീറ്റ്​ നൽകിയത്​. മുസ്ലിം ലീഗിലെ രണ്ടത്താണി പുനലൂരിൽ കൂടി യാത്ര ചെയ്​തിട്ടു​ണ്ടോയെന്ന്​ പോലും അറിയില്ല. എന്നിട്ടും അദേഹം സ്​ഥാനാർഥിയായി.തൃശൂരിലെ മൂന്ന്​-നാല്​ മണ്ഡലങ്ങളിലെ പരാജയത്തിന്​ പിന്നിൽ മുതിർന്ന കോൺഗ്രസ്​ നേതാക്കളാണെന്ന്​ പറയുന്നു. തിരുവനന്തപുരത്തും ചിലർ ഇറങ്ങി കളിച്ചുവത്രെ. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

പാർട്ടി പത്രമായ വീക്ഷണത്തിൻറ അവസ്​ഥ പറയുക​യെ വേണ്ട. ആരൊക്കെയോ എന്തൊക്കെയോ അച്ചടിക്കുന്നു.

ഇനി പറയു കോൺഗ്രസിന്​ തിരിച്ച്​ വരവ്​ സാധ്യമോ. സാധ്യമാണ്​. പക്ഷെ അതിന്​ തൊലിപ്പുറത്തെ ചികിൽസ മതിയാകില്ല.കെ.എസ്​.യുവിൻറ യൂണിറ്റിൽ തുടങ്ങി കെ പി സി സി വരെ പോകണം. കെ.എസ്​.യുവിൽ എല്ലാവർഷവും തെരഞ്ഞെടുപ്പും സമ്മേളനങ്ങളും നടക്കണം.ഒാരോ വർഷവും പുതിയ നേതൃത്വം വര​െട്ട. അതനുസരിച്ച്​ യൂത്ത്​ കോൺ​ഗ്രസിലും കോൺഗ്രസിലും മാറ്റങ്ങൾ വര​െട്ട. മറ്റ്​ പോഷക സംഘടനകളും ഇതുനസരിച്ച്​ ശക്​തിപ്പെടുത്തണം.ക്യാമ്പും സമ്മേളനങ്ങളും തിരിച്ച്​ വരണം.​ഗ്രൂപ്പാകാം,അത്​ പാർട്ടിക്ക്​ വേണ്ടിയാകണം. പാർട്ടിയില്ലെങ്കിലും നേതാക്കളില്ലെന്ന്​ തിരിച്ചറിവുണ്ടാകണം. കോൺഗ്രസ്​ നിലനിൽക്കണം. കാരണം അതൊരു സംസ്​കാരവും വർഗീയ-ഫാഷിസ്​റ്റ്​ ശക്​തികൾക്ക്​ എതിരെയുള്ള ദേശിയ ബദലുമാണ്​.

 എം.ജെ.ബാബു

 

18 May 2021

മാതൃകയാക്കാം ആ ആദിവാസികളെ

 


 


മൂന്ന്​ പതിറ്റാണ്ട്​ മുമ്പ്​ വരെ ആദിവാസി വിഭാഗമായ മുതുവാ സമുദായം വാർത്തകളിൽ നിറഞ്ഞ്​ നിന്നിരുന്നത്​ അതിസാരത്തെ തുടർന്നുള്ള കൂട്ടമരണങ്ങളെ തുടർന്നാണ്​.ആദ്യ ഗോത്ര ​ഗ്രാമ പഞ്ചായത്തായി മാറിയ ഇടമലക്കുടിയിലെ കുടികൾ, വട്ടവട പഞ്ചായത്തിലെ സ്വാമിയാർഅളക്കുടി, വലസപ്പെട്ടി കുടികൾ തുടങ്ങി അന്നത്തെ മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ നിരവധിയായ മുതുവാ കുടികളിൽ നിന്നും ഒാരോ വർഷവും കുട്ടികളുടെ കൂട്ടമരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു. എത്രയോ കുഞ്ഞുങ്ങളെ അതിസാരം തട്ടിയെടുത്തു. പിന്നിട്​ അങ്കണവാടികൾ സ.ഥാപിക്കപ്പെടുകയും ആരോഗ്യ പ്രവർത്തകർ നിത്യവും സന്ദർശിക്കുകയും ശുദ്ധജല സംവിധാനം ഏർപ്പെടുത്തുകയും ചെയ്​തതോടെ അതിസാരത്തെ പൂർണമായി വരുതിയലാക്കാൻ കഴിഞ്ഞു.

എന്നാൽ, ലോകമാകെ കോവിഡ്​ പടർന്ന്​ പിടിക്കു​േമ്പാൾ ആ മഹാമാരിയിയെ കുടിക്ക്​ പുറത്ത്​ നിർത്തുന്നതി​െൻറ പേരിലാണ്​ ഇൗ ആദിവാസി കുടികൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്​. കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിന്​ ശേഷം ഇതേവരെ ഇടമലക്കുടി,കാന്തല്ലുർ, മറയൂർ, വട്ടവട തുടങ്ങിയ മേഖലകളിലെ കുടികളിലൊന്നും ​രോഗം പിടിപ്പെട്ടതായി അറിവില്ല. വട്ടവട പഞ്ചായത്തിലെ സ്വാമിയാർഅള കുടിയിലെ ഒരാൾക്ക്​ മാത്രമാണ്​ കോവിഡ്​ പിടിപ്പെട്ടത്​. അതാക​െട്ട കുടിക്ക്​ പുറത്ത്​ നിന്നുമാണ്​. ബന്ധുവി​െൻറ ചികിൽസയുമായി ബന്ധപ്പെട്ട്​ ആഴ്​ചകളോളം കോട്ടയം മെഡിക്കൽ കേഷാളജലായിരുന്നു ഇദേഹവും കുടുംബവും. പുറത്തെ ആവശ്യങ്ങൾക്ക്​ പോയിരുന്നത്​ കോവിഡ്​ ബാധിച്ച ഇൗ യുവാവും. ചികിൽസയൊ​ക്കെ കഴിഞ്ഞ്​ തിരിച്ച്​ വന്ന്​ ക്വാറൻറയിനിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരികരിച്ചത്​.എന്നാൽ ഒപ്പമുണ്ടായിരുന്നവർക്കടക്കം മറ്റൊരാൾക്ക്​ പോലും രോഗം പകർന്നുമില്ല. അത്രക്ക്​ ശ്രദ്ധയാണ്​ ഇവർ കാട്ടിയത്​.

പരമ്പരാഗത ഉൗര്​ ഭരണ സംവിധാനത്തിൽ വനത്തിനകത്തെ ആദിവാസി സ​േങ്കതങ്ങളാണ്​ കോവിഡ്​ മുക്​തമെന്നതും ശ്രദ്ധേയമാണ്​.ഇടമലക്കുടിയടക്കം മറയുർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തിലെ സംരക്ഷിത പ്രദേശത്തെ കുടികൾ ​കോവിഡിൽ നിന്നും അകലം പാലിക്കു​േമ്പാൾ നാടുമായി അടുത്ത്​ കഴിയുന്ന ആദിവാസി സ​േങ്കതങ്ങളിൽ രോഗം പടർന്നിട്ടുണ്ട്​.

പഴയ അതിസാരത്തിൻറയും കൂട്ടമരണങ്ങളുടെയും ഒാർമ്മകളും അനുഭവങ്ങളുമാണ്​ ഇവരെ കൂടുതൽ ജാഗ്രതയിലേക്ക്​ നയിക്കുന്നത്​.ഏതെങ്കിലും സർക്കാർ ഏജൻസികൾ നിർദേശിക്കുന്നതിന്​ മുമ്പ്​ തന്നെ ഒന്നാംതരംഗത്തിൻറ സമയത്ത്​ തന്നെ പല ഉൗരുകളിലും നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു. കാന്തല്ലൂരിലെ തീർഥമലക്കുടിയിൽ നിന്നായിരുന്നു തുടക്കം. പുറത്തുള്ളവർക്ക്​ പ്രവേശനമില്ലെന്ന ബോർഡ്​ കുടികൾക്ക്​ മുന്നിൽ സ്​ഥാപിച്ചു. കുടിയിലേക്കുള്ള പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും വെച്ചു. കുറച്ച്​ അകലെ ആശുപത്രിയിലടക്കം പോയി വരുന്നവർ അഞ്ച്​ ദിവസമെങ്കിലും തൻറ കൃഷി ഭൂമിയിലെ കാവൽപുരയിൽ ക്വാറൻറയിനിൽ കഴിഞ്ഞതിന്​ ശേഷം മാത്രമാണ്​ കുടിയിലേക്ക്​ പ്രവേശിച്ചിരുന്നത്​.ഇപ്പോഴും അതു തുടരുന്നു. തന്നിൽ നിന്നും രോഗം പകർന്നുവെന്ന്​ വന്നാൽ, അത്​ വലിയ അപരാധമായി കാണുന്നുവരാണിവർ. കുടികളിൽ തുടർന്ന്​ വരുന്ന ഉൗര്​ ഭരണ സംവിധാനം തന്നെയാണ്​ ഇതിന്​ കാരണം. മൂപ്പൻ തന്നെയാണ്​ ഇപ്പോഴും അവസാന വാക്ക്​.പഞ്ചായത്ത്​ എന്നത്​ സർക്കാർ സംവിധാനം എന്നതിന്​ അപ്പുറത്ത്​ ഉൗര്​ ഭരണത്തിൽ ഇടപ്പെടുന്നില്ല.ഹസ്​തദാനം,ആലിംഗനം തുടങ്ങിയ സ്​നേഹ പ്രകടനങ്ങളൊന്നും ഇവരുടെ ജീവിതത്തിലില്ല.

ഇടമലക്കുടിയടക്കം വനത്തിലുള്ളിൽ ഒറ്റപ്പെട്ട്​ കഴിയുന്ന പല കുടികളിലും ആശുപത്രികൾ ഇല്ലെന്നതും ഒാർക്കണം.ഇതിനിടെ, ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ്​ സംഘടിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത്​ ഭരണസമിതി അനുകൂലമല്ല. രോഗമില്ലായിടത്ത്​ പുറത്ത്​ നിന്നുള്ളവർ വരണമോയെന്നാണ്​ അവരുടെ ചോദ്യം.നി​ർബന്ധമാണെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുള്ളവരെ മാത്രം അയക്കണമെന്നും പഞ്ചായത്ത്​ ഭരണ സമിതി ജില്ല ഭരണകൂടത്തോട്​ അഭ്യർഥിച്ചിട്ടുണ്ട്​.സംക്ഷിത മേഖലയിലെ ആദിവാസി കുടികളിലേക്ക്​ പുറത്ത്​ നിന്നുവരുടെ പ്രവേശനം നിയന്തിച്ച്​ വനംവകുപ്പ്​ താൽക്കാലിക ചെക്​ പോസ്​റ്റുകളും സ്​ഥാപിച്ചിട്ടുണ്ട്​.

M J Babu

18 April 2021

മുന്നാറിലെ ചെ​​െങ്കാടി സംഘ തലൈവർ

 

 


X                     C A Kurian

ബാങ്ക്​ ഉദ്യോഗസ്​ഥനിൽ നിന്നും കമ്മ്യുണിസ്​റ്റായി മാറിയ സി.എ.കുര്യൻ വിടവാങ്ങു​േമ്പാൾ തേയില തോട്ടം മേഖലയിലെ ട്രേഡ്​ യൂണിയൻ ചരിത്രത്തിൽ ഒരു ഏട്​ കൂടി അവസാനിക്കുകയാണ്​.പുതുപ്പള്ളിയിൽ ജനിച്ച സി.എ.കുര്യൻ തേയില തോട്ടം തൊഴിലാളികളുടെ കുര്യച്ചനായും മുന്നാറിലെ തമിഴ്​ വംശജരുടെ ചെ​​െങ്കാടി സംഘ തലൈവരായും മാറി. കുര്യനെ കമ്മ്യു​ണിസ്​റ്റാക്കിയത്​ മുണ്ടക്കയം ആറിലെ കുളിയും അവിടെ കുളിക്കാൻ എത്തിയിരുന്ന തൊഴിലാളികളുമാണ്​.ബാങ്ക്​ ഉദ്യോഗസ്​ഥനായി മുണ്ടക്കയത്ത്​ എത്തു​േമ്പാൾ കുര്യന്​ രാഷ്ട്രിയമുണ്ടായിരുന്നില്ല. എന്നാൽ, മുണ്ടക്കയം ആറ്റിൽ കുളിക്കാൻ വന്നിരുന്ന തൊഴിലാളികൾക്ക്​ രാഷ്​ട്രിയമുണ്ടായിരുന്നു-കമ്മ്യൂണിസ്​റ്റ്​ രാഷ്​ട്രിയം.അവരുമായുള്ള അടുപ്പമാണ്​ സി.പി.​െഎ നേതാവും കേരള നിയമസഭയിലെ ആദ്യ ദേവികുളം എം.എൽ.എയുമായ റോസമ്മ പുന്നൂസുമായി പരിചയപ്പെടാൻ കാരണമായത്​. അന്ന്​ മുണ്ടക്കയം വരെ ദേവികുളം നിയോജക മണ്ഡലമായിരുന്നു. തുടർന്നാണ്​ മുണ്ടക്കയത്തെ യൂണിയനുമായി കുര്യൻ സഹകരിക്കുന്നത്​.

1961ലാണ്​ കുര്യൻ മൂന്നാറിലെത്തുന്നത്​.അത്​ അ​ദേഹത്തെ മുഴുവൻ സമയ ട്രേഡ്​ യൂണിയൻ പ്രവർത്തകനാക്കി മാറ്റി. താൽക്കാലികമായി മൂന്നാറിലെത്തി ആറ്​ പതിറ്റാണ്ടിലേറെ മൂന്നാറിൽ തോട്ടം തൊഴ​ിലാളികൾക്കിടയിൽ പ്രവർത്തിച്ച അദേഹത്തിൻറ അന്ത്യവും മൂന്നാറിൽ.

1958ലെ മൂന്നാർ വെടിവെയ്പും തുടർന്ന്.​െഎ.ടി.യു..സി നേതൃത്വത്തിലുള്ള ദേവികുളം എസ്റ്റേറ്റ്വർക്കേഴ്സ്യൂണിയൻറ അംഗീകാരം  കണ്ണൻ ദേവൻ കമ്പനി റദ്ദാക്കിയതുമാണ്കുര്യൻ മൂന്നാറിലെത്താൻ നിയോഗമായത്​.അതുവരെ മൂന്നാറിൽെഎ എൻ ടി യു സി നേതൃത്വത്തിലുള്ള യൂണിയൻ മാത്രമാണു സജീവമായുണ്ടായിരുന്നത്​.റോസമ്മ പുന്നൂസിൻറ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് യൂനിയ​െൻറ  വരവ് തോട്ടം മേഖലയെ സംഘർഷ ഭൂമിയാക്കി മാറ്റി. 1958 ഒക്ടോബർ  20 ന് ഗൂഡാർവിളയിൽ ഹസൻ റാവുത്തറും തലയാറിൽ പാപ്പമ്മാളും പൊലീസ് വെടിവെപ്പിൽ മരിച്ചു.  തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ..ടി.യു.സി യൂനിയ​െൻറ  അംഗീകാരം കണ്ണൻ ദേവൻ കമ്പനി പിൻവലിച്ചു. കേസുകളുടെ എണ്ണം വര്ദ്ധിച്ചതോടെ തൊഴിലാളികൾ യൂനിയൻ  വിട്ടു. നേതാക്കൾ  ഇല്ലാത്ത അവസ്ഥ. ഇതിനിടെയാണ് സർക്കാരിന് എതിരെ വിമോചന സമരം ആരംഭിച്ചത്. സര്ക്കാരിനെ പിരിച്ചു വിടുക കൂടി ചെയ്തതോടെ .എൻ.ടി.യു.സി മാത്രമായി തോട്ടം മേഖലയിൽ. സാഹചര്യത്തിലാണ് ഇംഗ്ലിഷ് അറിയാവുന്ന സി..കുര്യനോട് മൂന്നാറിലേക്ക്​  പോകാൻ  പാർട്ടി  നിർദേശിച്ചത്. മൂന്നാറിലെത്തിയ കുര്യന്​ ഭക്ഷണത്തിന് പോലും നിർവാഹമുണ്ടായിരുന്നില്ല. പട്ടിണിയിൽ  നിന്നും രക്ഷ നേടാൻ കൂടിയാണ് തൊഴിലാളികളെ തേടി ലായങ്ങളിലേക്ക് ഇറങ്ങിയതെന്ന് കുര്യൻ പറയുമായിരുന്നു. എസ്റ്റേറ്റുകൾ കയറിയിറങ്ങി അവർ​ക്കൊപ്പം താമസിച്ചു. അവർ നൽകിയ ഭക്ഷണം കഴിച്ചു. പതുക്കെ പതുക്കെ തൊഴിലാളികൾ യൂനിയനുമായി അടുത്തു. വിവരം മാനേജ്മെൻറ്​  അറിഞ്ഞു. ഒടുവിൽ രണ്ടും കല്പിച്ച് അന്നത്തെ ജനറൽ മാനേജരെ നേരിൽ കാണാന്കുര്യൻ  സമയം ചോദിച്ചു. ഇംഗ്ലിഷ് പരിജ്ഞാനവും ബാങ്കറായിരുന്നുവെന്നതും അനുഗ്രഹമായിരുന്നിരിക്കണം. സായ്പിന് കുര്യനെ ബോധിച്ചു. അതോടെ കാര്യങ്ങൾ എളുപ്പമായി. വൈകാതെ നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു കിട്ടി. യൂനിയൻ ആഫീസ്​ സജീവമായി. മടങ്ങാൻ അനുമതി ചോദിച്ചുവെങ്കിലും മൂന്നാറിൽ തുടരാനായിരുന്നു പാർട്ടി  നിർദേശം.അന്ന് മുതൽ കുര്യൻ തോട്ടം തൊഴിലാളികളുടെ കുര്യച്ചനായി. 



1964ലെ കമ്മ്യൂണിസ്​റ്റ്​ പാർട്ടി പിളർപ്പിനെ തുടർന്ന്​ കുര്യൻ സി.പി.​െഎ പക്ഷത്തായി. സി.പി.എമ്മുമായി ഏറ്റുമുട്ടൽ പതിവായി.അടിക്കാനും തടുക്കാനും കുര്യൻ നേരിട്ടിറങ്ങി.അതോടെ കുര്യനെ വകവരുത്താനും രഹസ്യനീക്കം നടന്നിരുന്നു.ഇതിനിടെ 27 മാസത്തോളം ജയിലിലും കഴിഞ്ഞു.ഇതിൽ 17 മാസം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു1965-66ൽ.

1977ൽ പീരുമേടിൽ നിന്നാണ്​ ആദ്യമായി നിയമസഭയിൽ എത്തുന്നത്.1980ലും വിജയം ആവർത്തിച്ചു.തുടർന്നുള്ള മൂന്നു തവണ കോൺഗ്രസിലെ കെ.കെ.തോമസിനോട്​ പരാജയപ്പെട്ടു.1996ൽ വീണ്ടും വിജയം. അത്തവണ ഡപ്യൂട്ടി സ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിമാരുടെ എണ്ണം 14ആയി നിജപ്പെടുത്തിയതിനെ തുടർന്നാണ്​ ഡപ്യൂട്ടി സ്​പീക്കറായി ചുമതല നൽകിയത്​.1984ൽ ഇടുക്കിയിൽ നിന്നും ലോകസഭയിലേക്ക്​ മൽസരിച്ചുവെങ്കിലും പി.ജെ.കുര്യനോട്​ പരാജയപ്പെട്ടു.

സി.പി.​െഎ സംസ്​ഥാന എക്​സിക്യുട്ടിവ്​ അംഗം, എ.​െഎ.ടി.യു.സി സംസ്​ഥാന പ്രസിഡൻറ്​, ദേശിയ വൈസ്​ പ്രസിഡൻറ്​, പ്ലാ​േൻറഷൻ വർക്കേഴ്​സ്​ ഫെഡറേഷൻ ദേശിയ ജനറൽ സെക്രട്ടറി, ടി ബോർഡ്​ മെമ്പർ, ഇടതു മുന്നണി ജില്ല കൺവീനർ തുടങ്ങിയ നിലകളിലും പ്രവ​ർത്തിച്ചു.

കുര്യൻറ മരണത്തോടെ മൂന്നാർ ​മേഖലയിലെ ട്രേഡ്​ യൂണിയൻ രംഗത്തെ ആദ്യ തലമുറ അവസാനിക്കുകയാണ്​. ആർ.കുപ്പുസ്വാമി,എം.മുത്തുസ്വാമി, എൻ.ഗണപതി, ജി.വരദൻ, ജോസഫ്​ ചാവേലി എന്നിവരുടെ പട്ടികയിൽ സി.എ.കുര്യനും.

18 March 2021

തല ‘മുണ്ഡനം’ ചെയ്യപ്പെട്ടവർ

 


കേരളത്തിലിപ്പോൾ തിരഞ്ഞെടുപ്പ്​ മഹോൽസവമാണ്​.അഞ്ച്​ വർഷത്തിലൊരിക്കൽ നിയമസഭയിലേക്കും ലോകസഭയിലേക്കും പിന്നെ പ്രാദേശിക സർക്കാരുകളിലേക്കും തിരഞ്ഞെടുപ്പ്​ മഹോൽസവം നടക്കും. ജനങ്ങളെ സേവിക്കാനായി വല്ലാതെ വീർപ്പ്​ മുട്ടുന്നവർ പതിനെട്ട്​ അടവും പുറത്തെടുത്ത്​ എങ്ങനെയും സീറ്റ്​ തരപ്പെടുത്തും. പെട്ടി,ജാതി,മതം അങ്ങനെ പല ചേരുവകളും സീറ്റ്​ ലഭിക്കാനായി പ്രയോഗിക്കണം​. അടുത്ത കാലത്തായി ഗ്രുപ്പ്​ എന്നൊരു പുതിയൊരു ചേരുവയും മേ​െമ്പാടിയായി ചേർക്കണം. ഒരു പാർട്ടിയിൽ മാത്രമല്ല, എല്ലാ പാർട്ടിയിലുമുണ്ട്​ ഇങ്ങനെ ചില ചേരുവകൾ.അതിനിടെ സീറ്റ്​ ലഭിക്കാത്തവരുടെ പൊട്ടി കരച്ചിൽ, തല മുണ്ഡനം ചെയ്യൽ, പിന്തുണക്കുന്നവരുടെ സമ്മേളനം, ഭീഷണി, വില പേശൽ അങ്ങനെ എന്തൊക്കെ….

ഭരണംകിട്ടിയാൽ കോർപ്പറേഷൻ,ബോർഡ്​ പദവികൾ ഉറപ്പിക്കുക,പാർട്ടിയിൽ ഉയർന്ന സ്​ഥാനം ഉറപ്പാക്കുക അങ്ങനെ പലതും ഇൗ പ്രതിഷേധങ്ങൾക്ക്​ പിന്നിലുണ്ട്​. സ്​ഥാനങ്ങൾ ഇല്ലെങ്കിൽ എങ്ങനെയാ ജനങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കുക. മഹാത്​മ ഗാന്ധി സ്​ഥാനങ്ങൾ ഏറ്റെടുക്കാതെ പ്രവർത്തിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ ഷർട്ടും മുണ്ടും അലക്കി തേച്ച്​ ധരിക്കാൻ തന്നെ എന്താ ചിലവ്​, പിന്നെ വില കൂടിയ മൊബൈൽ, കാർ ഇതിനൊക്കെ പണം വേണ്ടേ? വിദ്യാർഥി നേതാക്കൾ വരെ വില കൂടിയ കാറിൽ യാത്ര ചെയ്യുന്ന കാലമല്ലേ? മഹാത്​മ ഗാന്ധി മുന്നാം ക്ലാസ്​ തീവണ്ടിയിലാണ്​ യാത്ര ചെയ്​തിരുന്നത്​ എന്നതൊക്കെ ശരി തന്നെ. പക്ഷെ, ഇന്നത്തെ ചൂടിൽ എസി ഇല്ലാതെ ഏങ്ങനാ? കാലാവസ്​ഥ വ്യതിയാനം വരുത്തിയ മാറ്റമെന്ന്​ വേണമെങ്കിൽ പറയാം.

പറഞ്ഞ്​ വന്നത്​ അതല്ല, പഞ്ചായത്ത്​ അംഗമായി മൽസരിക്കാൻ പോലും സീറ്റ്​ കിട്ടാതെ 24 മണിക്കൂറും പാർട്ടിക്ക്​ വേണ്ടി പ്രവർത്തിക്കുന്ന ആയിരങ്ങൾ കേരളത്തിലുണ്ട്​.ജീവിതകാലം മുഴുവൻ പാർട്ടിക്ക്​ വേണ്ടി പ്രവർത്തിച്ചവർ. അവരെ മാധ്യമങ്ങൾ പോലും തിരിച്ചറിയുന്നില്ല.അഥവാ അവർ അത്തരം പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.. യഥാർഥ ആദർശം തലക്ക്​ പിടിച്ചവരാണ്​ അത്തരക്കാർ. മൊബൈൽ ഫോൺ ഉപയോഗിച്ച്​ ആം ചെയർ രാഷ്​ട്രിയ പ്രവർത്തനം നടത്താത്തവരാണ്​ അവർ. പാർട്ടി ഭരണത്തിൽ വന്നാലും അത്തരക്കാർ സർക്കാർ കമ്മിറ്റികളിലും ഉണ്ടാകില്ല. കാരണം, അവർ മത മേലധ്യക്ഷന്മാരു​ടെയോ ഗ്രുപ്പ്​ മാനേജർമാരുടെയോ പട്ടികയിൽ ഉണ്ടായിരിക്കില്ല.അതു കൊണ്ട്​ ഇത്തരക്കാരെയും കാണാതെ പോകരുത്​ എന്ന്​ മാത്രമാണ്​ പറയാനുള്ളത്​. ഒപ്പം രണ്ടാം സ്വതന്ത്ര്യ സമരം വേണ്ടത്​ ഇന്നത്തെ രാഷ്​ട്രിയ ശൈലിയിൽ നിന്നാണെന്ന്​ കൂടി പറയാതെ വയ്യ.

13 February 2021

പുത്തൂരിലെ സുവോളജിക്കൽ പാർക്ക്​

 

 

 

തൃശൂരിലെ മൃഗശാലക്ക്​ ഒടുവിൽ ശാപമോക്ഷമായി.പറവട്ടാനി റിസർവ്​ വനത്തിലെ പുത്തുരിൽ സുവോളജിക്കൽ പാർക്കിൻറ ഒന്നാം ഘട്ടം ഉൽഘാടനം ചെയ്യപ്പെട്ടു. സാംസ്​കാരിക വകുപ്പിൻറ നിയന്ത്രണത്തിലുള്ള ​തൃശൂർ മൃഗശാല വനം വകുപ്പിന്​ കൈമാറപ്പെട്ടുവെന്ന വിശേഷവും ഇൗ മാറ്റത്തിനുണ്ട്​. ഇങ്ങനെയൊരു ആശയത്തിന്​ വഴിമരുന്നിടാൻ കഴിഞ്ഞതിൽ എനിക്കാക​െട്ട വലിയ സന്തോഷവും.

ഞാൻ ഇടുക്കി മാധ്യമത്തിൽ ജോലി ചെയ്യു​േമ്പാൾ തന്നെ തൃശൂർ മൃഗശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പരിസ്​ഥിതി പ്രവർത്തകനായ കൊടുങ്ങല്ലൂർ സ്വദേശിയായ അജിത്​ എന്ന ഞങ്ങളുടെ കൊച്ചപ്പനും തിരുവാങ്കുളം നേച്ചർ ലൗവേഴ്​സ്​ സൊസൈറ്റിയുമായുള്ള ബന്ധമായിരുന്നു ഇതിന്​ കാരണം.തൃശൂരിലെ ഫ്രണ്ട്​സ്​ ഒാഫ്​ സൂവിൻറ പ്രവർത്തകർ സുഹൃത്തുക്കളാണെന്നത്​ മറ്റൊരു കാരണവും. സ്​ഥലം മാറി തൃശൂരിൽ എത്തിയപ്പോൾ മൃഗശാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ കൂടുതൽ ശ്രദ്ധിച്ചു. തൃശൂർ നഗര ഹൃദയത്തിലെ 13 ഏക്കർ സ്​ഥലത്ത്​ സ്​ഥിതി ചെയ്യുന്ന മൃഗശാല പുത്തുരിലേക്ക്​ മാറ്റണമെന്ന നിർദേശം അതിന്​ മു​​േമ്പ സജീവമായിരുന്നു.എന്നാൽ, സാംസ്​കാരിക വകുപ്പിൻറ ഉടമസ്​ഥിതിയിലുള്ള മൃഗശാലക്ക്​ എങ്ങനെയാണ്​ പുത്തൂരിലെ വനഭൂമി കൈമാറുക? വനമിതര ആവശ്യത്തിന്​ ഭൂമി നൽകാൻ കടമ്പകൾ ഏറെയാണ്​. കേന്ദ്രാനുമതി വേണം, ഇരട്ടി സ്​ഥലത്ത്​ ബദൽ വനവൽക്കരണം വേണം…….അങ്ങനെ കടമ്പകൾ ഏറെ. പക്ഷെ ഇതൊന്നും ആരും ഗൗരവമായി കണ്ടില്ല.

ഇതിനിടെയാണ്​ തൃശൂർ ജില്ലക്കാരനായ കെ.പി.വശ്വനാഥൻ വീണ്ടും വനം മന്ത്രിയായത്​. തൃശൂർ പ്രസ്​ ക്ലബ്ബിൽ മീറ്റ്​ ദ പ്രസിന്​ വന്നപ്പോൾ ഭൂമി പ്രശ്​നം ഞാൻ ശ്രദ്ധയിൽപ്പെടുത്തി. നേര​ത്തെ മലയോര ജില്ലകളിലെ വനഭൂമി പട്ടയത്തിന്​ കേന്ദ്രം അനുമതി നിഷേധിച്ചപ്പോഴു​ം വിശ്വനാഥനായിരുന്നു മന്ത്രി. അതിൻറ കുരുക്കഴിച്ചത്​ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും.സംസ്​കാരിക വകുപ്പിന്​ വനഭൂമി നൽകാൻ കഴിയില്ലല്ലോ എന്ന സാ​േങ്കതിക പ്രശ്​നമാണ്​ മന്ത്രി ചൂണ്ടിക്കാട്ടിയത്​. തൃശൂർ മൃഗശാല വനം വകുപ്പ്​ ഏറ്റെടുത്താൽ, റിസർവ്​ വന ഭൂമി കൈമാറ്റം വനമിതര പ്രവർത്തനമാകില്ലല്ലോയെന്ന്​ ഞാൻ പറഞ്ഞപ്പോൾ മന്ത്രി യോജിച്ചു.സാംസ്​കാരിക വകുപ്പ്​ തൃശൂർ മൃഗശാല വിട്ട്​ തന്നാൽ ആലോചിക്കാമെന്നായി മന്ത്രി. വൈകാതെ വിശ്വനാഥൻ രാജിവെച്ചു.പിന്നിട്​ ഒരിക്കൽ സാംസ്​കാരിക മന്ത്രി എ.പി.അനിൽകുമാർ വന്നപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടി. മൃഗശാല സാംസ്​കാരിക പ്രവർത്തനമാണോയെന്ന സംശയമാണ്​ എനിക്കുണ്ടായിരുന്നത്​.

ഭരണം മാറി. തൃശൂരിൽ നിന്നും കെ.പി.രാജേന്ദ്രൻ മന്ത്രിയായി.ഒല്ലൂരിൽ നിന്നുള്ള രാജാജി നിയമസഭയുടെ പരിസ്​ഥിതി സമിതി ചെയർമാനും.പുത്തൂരിലെ വനഭൂമിയിൽ മൃഗശാല സ്​ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. അപ്പോഴും വനഭൂമി വിട്ട്​ കിട്ടിയിരുന്നില്ല. വനഭൂമിയിൽ കല്ലിട്ടാൽ വനം വകുപ്പിന്​ കേസ്​ എടുക്കാം. ഒടുവിൽ പ്രവർത്തനം നിലച്ചു. തൃശൂർ മൃഗശാല വനം വകുപ്പിന്​ കൈമാറിയാൽ പ്രശ്​നം തീരുമെന്നും കേന്ദ്ര സൂ അതോറിറ്റിയുടെ വിലക്ക്​ നീങ്ങുമെന്നും മന്ത്രിയുടെയും രാജാജി എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തി. മാധ്യമത്തിലൂടെ ഇൗ വിഷയം ചർച്ചക്ക്​ കൊണ്ട്​ വന്നു. ഫയലിന്​ ജീവൻ വെച്ചു. മൃഗശാല കൈമാറുന്നതിന്​ സാംസ്​കാരിക വകുപ്പിന്​ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും ഫയൽ നീങ്ങി.ഒടുവിൽ 2012 ഫെ​ബ്രുവരി 24ന്​ ഉത്തരവിറങ്ങി. കെ.ബി.ഗണേശ്​കുമാറായിരുന്നു വനം മന്ത്രി.​െഎ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ സി.എസ്​.യാലാക്കിയെ സ്​പെഷ്യൽ ആഫീസറായി നിയമിച്ചു. തിരുവനന്തപുരം മൃഗശാലയുടെ ഡയറക്​ടറായി പ്രവർത്തിച്ച പരിചയം അദേഹത്തിനുണ്ടായിരുന്നു. വി.ഗോപിനാഥായിരുന്നു അന്ന്​ വനം വകുപ്പ്​ മേധാവി. മൃഗശാല വിദഗ്​ധൻ ജോൺ കോക്കിനെ വിളിച്ച്​ വരുത്തിയാണ്​ മാസ്​റ്റർ പ്ലാൻ തയ്യാറാക്കിയത്​.

1885ൽ വിയ്യൂരിൽ ആരംഭിച്ച മൃഗശാലയാണ്​ പിന്നിട്​ തൃശൂർക്ക്​ മാറ്റിയത്​. മൃഗങ്ങൾക്ക്​ നിന്ന്​ തിരിയാൻ ഇടമില്ലാത്തതിനാൽ പുതിയ മൃഗങ്ങളെ സ്വീകരിക്കുന്നതിന്​ കഴിയുമായിരുന്നു. മൃഗങ്ങളുടെ വൃദ്ധസദനമായിരുന്നു തൃശൂർ മൃഗശാല.