Pages

21 May 2021

ഇനി ഒരു തിരിച്ച്​വരവ്​ സാധ്യമോ

 

 


 


ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലം വന്നത്​ മുതൽ കേരളം ചർച്ച ചെയ്യുന്നത്​ കോൺഗ്രസിന്​ ഇനി ഒരു തിരിച്ച്​ വരവ്​ സാധ്യമോയെന്നാണ്​. 1967ലെയും 1977ലെയും അനുഭവങ്ങളും തിരിച്ച്​ വരവും ചൂണ്ടിക്കാട്ടി ചില നേതാക്കൾ കോൺഗ്രസ്​ പ്രവർത്തകർക്ക്​ ആത്​മവിശ്വാസം പകരുന്നുവെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. കാരണം 1967ലെയും 1977ലെയും സാഹചര്യമല്ല ഇപ്പോഴത്തേത്​.അന്ന്​ ശക്​തമായ നേതൃത്വമുണ്ടായിരുന്നു. മൂന്നാമതൊരു ബദലും ഉണ്ടായിരുന്നില്ല.

 വോട്ടിംഗ്​ ശതമാനത്തിൽ സി.പി.എമ്മും കോൺഗ്രസും ഇത്തവണ ഒപ്പത്തിന്​ ഒപ്പമുണ്ട്​.സി പി എമ്മിന്​ 25.38 ശതമാനം വോട്ട്​ കിട്ടിയപ്പോൾ കോൺഗ്രസിന്​ 25.12 ശതമാനമുണ്ട്​.ബി ജെ.പിക്ക്​ 11.3 ശതമാനമാണ്​.ഫലം വന്നപ്പോൾ പലരും ചുണ്ടിക്കാട്ടിയത്​ പോലെ ​കോൺഗ്രസ്​ മുക്​ത ഭാരതമെന്ന മുദ്രവാക്യം ഉയർത്തുന്ന ബി.​ജെ.പിക്ക്​ കേരളത്തിൽ സി പി എമ്മിന്​ അനുകൂലമായി വോട്ട്​ ചെയ്​തിരിക്കാം. ഇത്​ നാളെയും ആവർത്തിക്കില്ലേ. അഥവാ ബി ജെ പിക്ക്​ സ്വന്തമായി ജയിക്കാൻ കഴിയുന്നത്​ വരെ സി പി എമ്മിനെ അധികാരത്തിൽ കൊണ്ട്​ വരാനായിരിക്കുമല്ലോ അവർ ആഗ്രഹിക്കുന്നത്​.അപ്പോൾ അതിനെ മറികടക്കാൻ കോൺഗ്രസിന്​ കഴിയണം. അതിന്​ ഇന്നത്തെ സംഘടനാ സംവിധാനത്തിൽ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു കോൺഗ്രസിൻറ തിരിച്ച്​ വരവ്​.

1967ലെ തെരഞ്ഞെടുപ്പിൽ 133 ഇടത്ത്​ മൽസരിച്ച കോൺഗ്രസി​ന്​ ഒമ്പത്​ സീറ്റ്​ മാത്രമാണ്​ ലഭിച്ചത്​.തൃശൂരിന്​ വടക്കോട്ട്​ ഒറ്റ സീറ്റും കിട്ടിയില്ല.സി പി എം 59 ഇടത്ത്​ മൽസരിച്ച്​ 52 മണ്ഡലങ്ങളിൽ വിജയിച്ചു.എന്നാൽ കോൺഗ്രസിനായിരുന്നു കൂടുതൽ വോട്ട്​-35.43 ശതമാനം. സി പി എമ്മിന്​ 23.51ശതമാനം വോട്ടാണ്​ ലഭിച്ചത്​.കേരള കോൺഗ്രസ്​ രൂപം കൊണ്ടതിന്​ ശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽപോലും കോൺഗ്രസിന്​ 33.58ശതമാനം വോട്ട്​ കിട്ടി-36 എം.എൽ.എമാരെയും. കമ്മ്യൂണിസ്​റ്റ്​ പാർട്ടിയിലെ പിളർപ്പിന്​ ശേഷമുള്ള ആ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്​ 19.87 ശതമാനമായിരുന്നു വോട്ട്​.40 എം.എൽ.എമാരും. സി.പി.​െഎ 79 ഇടത്ത്​ മൽസരിച്ചു. ജയിച്ചത്​ മൂന്നിടത്ത്​.കേരള കോൺഗ്രസ്​ 54 ഇടത്ത്​ മൽസരിച്ചതിൽ 24 സീറ്റിൽ ജയിച്ചു.12.58ശതമാനം വോട്ടും കിട്ടി.എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭയുണ്ടായില്ല.

കോൺഗ്രസ്​ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട 1967ലേക്ക്​ പോകാം. അന്ന്​ കോൺഗ്രസിന്​ ശക്​തമായ രണ്ടാം നില നേതാക്കളുണ്ടായിരുന്നു.കെ.കരുണാകരൻ കോൺഗ്രസ്​ നിയമസഭാ കക്ഷി നേതാവായി ഉയർന്ന്​ വന്നത്​ 1967ലാണ്​. കോൺഗ്രസിന്​ കരുത്ത്​ പകരാൻ യൂത്ത്​ കോൺഗ്രസും കെ.എസ്​.യുവും. ആ കാലയളവിലാണ്​ കെ.എസ്​.യുവിൻറ പ്രശസ്​തമായ ‘‘വർഷം പത്ത്​ കഴിഞ്ഞോ​​​െട്ട പിള്ളെരൊന്ന്​ വള​ർന്നോ​െട്ട ഇ എം എസിനെ ഇൗയ്യലുപോലെ ഇല്ല​ത്തേക്ക്​ പറപ്പിക്കുമെന്ന’’ മുദ്രാവാക്യം.ഉമ്മൻചാണ്ടിയായിരുന്നു കെ.എസ്​.യു പ്രസിഡൻറ്​. വിളിച്ച മുദ്രാവാക്യം ശരിവെച്ച്​ 1977ൽ കേരളത്തിൽ എ.കെ.ആൻറണി മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടിയടക്കം മന്ത്രിമാരായി. ഇ.എം.എസ്​. സ്​ഥിരം മണ്ഡലം ഉപേക്ഷിച്ച്​ ആലത്തുരിൽ മൽസരിച്ചു. നിസാര വോട്ടിന്​ ജയിച്ച അദേഹം അതോടെ തെരഞ്ഞെടുപ്പ്​ രാഷ്​ട്രിയം ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു.

1977ൽ ദേശിയ തലതിൽ കോൺഗ്രസ്​ പരാജയപ്പെടുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകൻ സഞ്​ജയ്​ ഗാന്ധിയുമടക്കം പരാജയ​പ്പെടുകയും ചെയ്​തതോടെ കോൺഗ്രസിനെ എഴുതി തള്ളി.എന്നാൽ, ഇന്ദിരയുടെ ശക്​തമായ നേതൃത്വത്തിൽ കോൺഗ്രസ്​ അൽഭുതം സൃഷ്​ടിച്ചു. അവരെ തള്ളി പറഞ്ഞവർ വൈകാതെ അവർക്കൊപ്പം വന്നു. അന്ന്​ കോൺഗ്രസിന്​ ബദലുണ്ടായിരുന്നില്ലെന്ന്​ ഒാർക്കുക. സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ ശക്​തവുമായിരുന്നു.എന്നാൽ, ഇന്നോ? ശക്​തമായ ദേശിയ നേതൃത്വമില്ല., സി പി എമ്മിൻറയും മുസ്ലിം ലീഗി​െൻറയും അവസ്​ഥ. അഖിലേന്ത്യ കമ്മിറ്റി ഉണ്ടോയെന്ന്​ ചോദിച്ചാൽ ഉണ്ട്​. കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ പഴയത്​ പോലെ ദേശിയ നേതൃത്വത്തിൻറ കരിസ്​മയൊന്നും ചിലവാകില്ല.

അപ്പോൾ കോൺഗ്രസ്​ തിരിച്ച്​ വരണമെങ്കിൽ ഇവിടെ പാർട്ടി ഉണ്ടാകണം.ബി.ജെ.പിയേയും സി പി എമ്മിനെയും ഒരു പോലെ നേരിടണം. അതിന്​ കഴിയണമെങ്കിൽ ബൂത്ത്​ തലം വരെ കോൺഗ്രസ്​ വേണം. വിവിധ നേതാക്കൾ ഒന്നിച്ചിരുന്ന്​ വീതം വെക്കുന്നതിൻറ അടിസ്​ഥാനത്തിലുള്ള കമ്മിറ്റിയാകരുത്​. അതാത്​ ബുത്തിലെ പ്രവർത്തകർ പിന്തുണക്കുന്നവർ വരണം.എങ്കിലും ബുത്ത്​ നേതാക്കൾ വിളിച്ചാൽ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുകയുള്ളു.

കെ പി സി സി മാത്രമല്ല, ജില്ലാ, ബോക്ക്​, മണ്ഡലം കമ്മിറ്റികളും ദുർബലമാണ്​. ഗ്രൂപ്പ്​ നേതാക്കളുടെ കിച്ചൺ കാബിനറ്റാണ്​ ഇവരെ നിശ്ചയിച്ചിട്ടുള്ളത്​. പ്രാദേശിക പ്രവർത്തക​രുടെയോ നേതാക്കളുടെയോ പിന്തുണ ഇല്ലാത്തവർ. അവർക്ക്​ പാർട്ടിയേക്കാളും വിധേയത്വം തനിക്ക്​ സ്​ഥാനം തന്നവരോടാണ്​.

പണ്ട്​ കേരളത്തിൽ രണ്ട്​ ഗ്രൂപ്പുണ്ടായിരുന്നു. എ.​കെ ആൻറണിയെ പിന്തുണക്കുന്നവരും കെ.കരുണാകരനെ പിന്തുണക്കുന്നവരും.എന്നാൽ, അവർക്കൊക്കെ പാർട്ടിയോട്​ കൂറുണ്ടായിരുന്നു. പാർട്ടി ഉ​െണ്ടങ്കിലെ താനുണ്ടാകുവെന്ന തിരിച്ചറിവും. എന്നാൽ,സ്​ഥാനം കിട്ടാൽ നേതാക്കളോടുള്ള കൂറാണ്​ മാനദണ്ഡമെന്ന്​ വന്നതോടെ പ്രവർത്തനമില്ലാതായി.അത്​ മാത്രമല്ല, നേതാക്കൾക്കൊക്കെ ഗ്രുപ്പ്​. ഇന്നിപ്പോൾ കോൺഗ്രസിൽ എത്ര ​ഗ്രുപ്പുണ്ടാകും. കേരള കോൺഗ്രസിൻറ എണ്ണം പറയുന്നത്​ പോലെയാണ്​ കോൺഗ്രസിലെ ഗ്രുപ്പും. കമ്മിറ്റി പുന:സംഘടിപ്പിക്കു​​േമ്പാൾ എല്ലാവർക്കും കിട്ടും വീതം.കമ്മിറ്റി ചേരാൻ ഉച്ചഭാഷിണി വേണമെന്ന അവസ്​ഥയൊന്ന്​ :ആലോചിച്ച്​ നോക്കുക.കെ പി സി സിക്കും ഡി സി സികൾക്കും എന്തിനാണ്​ ഇത്രയേറെ ഭാരവാഹികൾ. അത്​ കൊണ്ട്​ എന്ത്​ പ്രയോജനം. സി പി എം. ചെയ്​തത്​ പോലെ പാർട്ടി ഘടകങ്ങൾ വിഭജിക്കാം. മുമ്പ്​ ബ്ലോക്ക്​ കമ്മിറ്റികൾ വിഭജിച്ചത്​ പോലെ വീണ്ടും മുറിക്കാം. മണ്ഡലം കമ്മിറ്റികളുടെയും എണ്ണം കൂട്ടാം.

പുതിയ തലമുറയെ കോൺഗ്രസിനോട്​ അടുപ്പിക്കാതെ എങ്ങനെയാണ്​ തിരിച്ച്​ വരവ്​ സാധ്യമാകുക. എന്താണ്​ കെ.എസ്​.യുവിൻറയും യൂത്ത്​ കോൺഗ്രസിൻറയും സ്​ഥിതി. കമ്മിറ്റികളുണ്ട്​. അതിനപ്പുറം എന്ത്​ പ്രവർത്തനം.ഇപ്പോൾ കോവിഡ്​ സമയത്ത്​ യൂത്ത്​ കോൺഗ്രസ്​ സജീവമായി. നന്ദി.എന്നാൽ, കെ.എസ്​.യുവോ? അതിൻറ പേര്​ കേരള പൂർവ വിദ്യാർഥി യൂണിയൻ എന്ന്​ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാമ്പസുകളിൽ നീലപതാക കാണാനില്ല. സ്​കൂളിൻറ വഴിക്ക്​ പോകാറേയില്ല.

സോഷ്യൽ മീഡിയ പരിശോധിച്ചാൽ അറിയാം കോൺഗ്രസിനോട്​ യുവത എങ്ങനെ പ്രതികരിക്കുന്നുവെന്ന്​. ഇതേസമയം, സി പി എമ്മും സി പി ​െഎയും ബി.ജെ പിയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്​. യുവതയുടെ പ്രശ്​നങ്ങൾ അവർ ചർച്ച ചെയ്യുന്നു. അവരെ പാർട്ടിയുമായി അടുപ്പിക്കുന്നു. തുഖർ ഭരണമെന്ന ചിന്ത തന്നെ രണ്ട്​ വർഷം മുമ്പ്​ അവർ സോഷ്യൽ മീഡിയയിലുടെ വൈറലാക്കിയിരുന്നു. കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ പോലും അതേ കുറിച്ച്​ ചിന്തിച്ചുവോ. ഇല്ലെന്ന്​ പറയാനാകില്ല. പോളിംഗിന്​ ഏതാനം ദിവസം മുമ്പ്​ സോഷ്യൽ മീഡിയയിൽ ഏങ്ങനെ സജീവമാകാമെന്നത്​ സംബന്ധിച്ച്​ ചർച്ച നടന്നുവത്രെ.

പണ്ട്​ എ.കെ.ആൻറണിയുടെ കാലയളവിൽ മത സാമുദായിക നേതാക്കൾക്ക്​ എതിരെ നിലപാട്​ സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്​തു.എന്നാൽ, കാലം മാറി, സി പി എമ്മും ബി ജെ പിയും മത സാമുദായിക ശക്​തികളെ ഒപ്പം നിർത്തുന്നു. കോൺഗ്രസോ? എല്ലാക്കാലത്തും കോൺഗ്രസിൻറ വോട്ട്​ ബാങ്കായിരുന്ന ക്രൈസ്​തവരും മുസ്ലിമും ദളിത്​ പിന്നാക്ക വിഭാഗങ്ങളും ഇന്ന്​ എവിടെയാണ്​. സിറിയൻ ക്രൈസ്​തവർക്ക്​ വേണ്ടത്ര പരിഗണന കിട്ടു​ന്നില്ലെന്ന പരാതി നേരത്തെ ഉണ്ട്​. അതിന്​ പിന്നാലെയാണ്​ കേരള കോൺഗ്രസ്​-മാണിയെ മുന്നണിയിൽ നിന്നും പുറത്താക്കിയ അപക്വമായ തീരുമാനം. കോട്ടയത്തെ ചില കോൺഗ്രസ്​ നേതാക്കൾക്ക്​ മൽസരിക്കാൻ സീറ്റ്​ കിട്ടിയെന്നതിന്​ അപ്പുറത്ത്​ എന്ത്​ നേട്ടം.മത മേലധ്യക്ഷന്മാരടക്കം കോൺഗ്രസ്​ തീരുമാനം ശരിവെച്ചുവോ?

ഇൗഴവ വിഭാഗത്തിൻറ പ്രാതിനിധ്യം കൈവിരിലിൽ എണ്ണാൻ പോലുമില്ല. മറ്റ്​ രാഷ്​​ട്രിയ പാർട്ടികളിലും അവരുടെ പ്രാതിനിധ്യം കുറഞ്ഞ്​ വരികയാണ്​.സി പി ​െഎയിലും സി പിഎമ്മിലും പ്രാതിനിധ്യം കുറയുന്നു.അപ്പോഴാണ്​ കോൺഗ്രസിൻറ പ്രസക്​തി വർദ്ധിക്കുന്നത്​.

മുസ്ലിം ലീഗി​െൻറ പേര്​ പറഞ്ഞാണ്​ കോൺഗ്രസിലെ മുസ്ലിം പേരുകാരെ ഒതുക്കി തുടങ്ങിയത്​. മുസ്ലിം പ്രാതിനിധ്യം കൂടുമത്രെ. മുസ്ലിം ലീഗാവാൻ കഴിയാത്തവരുടെ പിന്തുണയാണ്​ ഇതോടെ നഷ്​ടമായത്​. ദേശിയ മുസ്ലിമുകൾ എന്നറിയപ്പെടുന്നവർ ഇന്ന്​ സി പി എം. സഹയത്രികരാണ്​. ടി.കെ.ഹംസയിലുടെ ആരംഭിച്ച്​ അബ്​ദുറഹ്​മാനിൽ എത്തി നിൽക്കുന്നു.ദളിത്​ പിന്നാക്ക വിഭാഗങ്ങൾക്കായി പ്രത്യേക സംഘടനകൾ രൂപീകരിച്ചാണ്​ സി പി എം ഒപ്പം നിർത്തുന്നത്​. ജനങ്ങളുമായി നേരിട്ട്​ ബന്ധ​പ്പെടുന്ന അങ്കണവാടി, ആഷ വർക്കറന്മാരിലും കോൺഗ്രസില്ല.അങ്കണവാടി ജീവനക്കാർക്കായി ആദ്യം യൂണിയൻ രൂപീകരിച്ചത്​ കോൺഗ്രസാണ്​.വൈകാതെ ഗ്രുപ്പടിസ്​ഥാനത്തിൽ ജില്ലകൾ തോറും യൂണിയനായി. അതോടെ സി പി എം അവസരം മുതലാക്കി.ആഷ, ദേശിയ തൊഴിലുറപ്പ്​ തൊഴിലാളകളിലും ഇതൊക്കെ തന്നെയാണ്​ സംഭവിക്കുന്നത്​.മഹിള കോൺഗ്രസ്​ തലമുണ്ഡനം ചെയ്യപ്പെട്ടു.

ഇനി ഇത്തവണത്തെ സ്​ഥാനാർഥി നിർണയം കൂടി പരിശോധിക്കുക. താപര്യങ്ങൾക്ക്​ അപ്പുറത്ത്​ എന്തായിരുന്നു മാനദണ്ഡം. ഇടുക്കിയിലെ മൂന്ന്​ സീറ്റുകളിലെ-ഇടുക്കി, പീരുമേട്​, ദേവികളും- ജയസാധ്യത ഏങ്ങനെ നഷ്​ടമായി. ഇടുക്കി സീറ്റിന്​ പകരം മറ്റൊരു സീറ്റ്​ കേരള കോൺഗ്രസ്​-ജെക്ക്​ നൽകിയിന്നുവെങ്കിൽ വിജയം ഉറപ്പ്​. കളമശേരിയിൽ എന്തിനാണ്​ വി.കെ.ഇഹ്രാഹിംകുഞ്ഞിൻറ മകന്​ സീറ്റ്​ നൽകിയത്​. മുസ്ലിം ലീഗിലെ രണ്ടത്താണി പുനലൂരിൽ കൂടി യാത്ര ചെയ്​തിട്ടു​ണ്ടോയെന്ന്​ പോലും അറിയില്ല. എന്നിട്ടും അദേഹം സ്​ഥാനാർഥിയായി.തൃശൂരിലെ മൂന്ന്​-നാല്​ മണ്ഡലങ്ങളിലെ പരാജയത്തിന്​ പിന്നിൽ മുതിർന്ന കോൺഗ്രസ്​ നേതാക്കളാണെന്ന്​ പറയുന്നു. തിരുവനന്തപുരത്തും ചിലർ ഇറങ്ങി കളിച്ചുവത്രെ. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

പാർട്ടി പത്രമായ വീക്ഷണത്തിൻറ അവസ്​ഥ പറയുക​യെ വേണ്ട. ആരൊക്കെയോ എന്തൊക്കെയോ അച്ചടിക്കുന്നു.

ഇനി പറയു കോൺഗ്രസിന്​ തിരിച്ച്​ വരവ്​ സാധ്യമോ. സാധ്യമാണ്​. പക്ഷെ അതിന്​ തൊലിപ്പുറത്തെ ചികിൽസ മതിയാകില്ല.കെ.എസ്​.യുവിൻറ യൂണിറ്റിൽ തുടങ്ങി കെ പി സി സി വരെ പോകണം. കെ.എസ്​.യുവിൽ എല്ലാവർഷവും തെരഞ്ഞെടുപ്പും സമ്മേളനങ്ങളും നടക്കണം.ഒാരോ വർഷവും പുതിയ നേതൃത്വം വര​െട്ട. അതനുസരിച്ച്​ യൂത്ത്​ കോൺ​ഗ്രസിലും കോൺഗ്രസിലും മാറ്റങ്ങൾ വര​െട്ട. മറ്റ്​ പോഷക സംഘടനകളും ഇതുനസരിച്ച്​ ശക്​തിപ്പെടുത്തണം.ക്യാമ്പും സമ്മേളനങ്ങളും തിരിച്ച്​ വരണം.​ഗ്രൂപ്പാകാം,അത്​ പാർട്ടിക്ക്​ വേണ്ടിയാകണം. പാർട്ടിയില്ലെങ്കിലും നേതാക്കളില്ലെന്ന്​ തിരിച്ചറിവുണ്ടാകണം. കോൺഗ്രസ്​ നിലനിൽക്കണം. കാരണം അതൊരു സംസ്​കാരവും വർഗീയ-ഫാഷിസ്​റ്റ്​ ശക്​തികൾക്ക്​ എതിരെയുള്ള ദേശിയ ബദലുമാണ്​.

 എം.ജെ.ബാബു

 

No comments:

Post a Comment