കേരളത്തിലിപ്പോൾ
തിരഞ്ഞെടുപ്പ് മഹോൽസവമാണ്.അഞ്ച് വർഷത്തിലൊരിക്കൽ നിയമസഭയിലേക്കും ലോകസഭയിലേക്കും
പിന്നെ പ്രാദേശിക സർക്കാരുകളിലേക്കും തിരഞ്ഞെടുപ്പ് മഹോൽസവം നടക്കും. ജനങ്ങളെ സേവിക്കാനായി
വല്ലാതെ വീർപ്പ് മുട്ടുന്നവർ പതിനെട്ട് അടവും പുറത്തെടുത്ത് എങ്ങനെയും സീറ്റ് തരപ്പെടുത്തും.
പെട്ടി,ജാതി,മതം അങ്ങനെ പല ചേരുവകളും സീറ്റ് ലഭിക്കാനായി പ്രയോഗിക്കണം. അടുത്ത കാലത്തായി
ഗ്രുപ്പ് എന്നൊരു പുതിയൊരു ചേരുവയും മേെമ്പാടിയായി ചേർക്കണം. ഒരു പാർട്ടിയിൽ മാത്രമല്ല,
എല്ലാ പാർട്ടിയിലുമുണ്ട് ഇങ്ങനെ ചില ചേരുവകൾ.അതിനിടെ സീറ്റ് ലഭിക്കാത്തവരുടെ പൊട്ടി
കരച്ചിൽ, തല മുണ്ഡനം ചെയ്യൽ, പിന്തുണക്കുന്നവരുടെ സമ്മേളനം, ഭീഷണി, വില പേശൽ അങ്ങനെ
എന്തൊക്കെ….
ഭരണംകിട്ടിയാൽ കോർപ്പറേഷൻ,ബോർഡ്
പദവികൾ ഉറപ്പിക്കുക,പാർട്ടിയിൽ ഉയർന്ന സ്ഥാനം ഉറപ്പാക്കുക അങ്ങനെ പലതും ഇൗ പ്രതിഷേധങ്ങൾക്ക്
പിന്നിലുണ്ട്. സ്ഥാനങ്ങൾ ഇല്ലെങ്കിൽ എങ്ങനെയാ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക.
മഹാത്മ ഗാന്ധി സ്ഥാനങ്ങൾ ഏറ്റെടുക്കാതെ പ്രവർത്തിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോൾ
ഷർട്ടും മുണ്ടും അലക്കി തേച്ച് ധരിക്കാൻ തന്നെ എന്താ ചിലവ്, പിന്നെ വില കൂടിയ മൊബൈൽ,
കാർ ഇതിനൊക്കെ പണം വേണ്ടേ? വിദ്യാർഥി നേതാക്കൾ വരെ വില കൂടിയ കാറിൽ യാത്ര ചെയ്യുന്ന
കാലമല്ലേ? മഹാത്മ ഗാന്ധി മുന്നാം ക്ലാസ് തീവണ്ടിയിലാണ് യാത്ര ചെയ്തിരുന്നത് എന്നതൊക്കെ
ശരി തന്നെ. പക്ഷെ, ഇന്നത്തെ ചൂടിൽ എസി ഇല്ലാതെ ഏങ്ങനാ? കാലാവസ്ഥ വ്യതിയാനം വരുത്തിയ
മാറ്റമെന്ന് വേണമെങ്കിൽ പറയാം.
പറഞ്ഞ് വന്നത് അതല്ല,
പഞ്ചായത്ത് അംഗമായി മൽസരിക്കാൻ പോലും സീറ്റ് കിട്ടാതെ 24 മണിക്കൂറും പാർട്ടിക്ക്
വേണ്ടി പ്രവർത്തിക്കുന്ന ആയിരങ്ങൾ കേരളത്തിലുണ്ട്.ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി
പ്രവർത്തിച്ചവർ. അവരെ മാധ്യമങ്ങൾ പോലും തിരിച്ചറിയുന്നില്ല.അഥവാ അവർ അത്തരം പബ്ലിസിറ്റി
ആഗ്രഹിക്കുന്നില്ല.. യഥാർഥ ആദർശം തലക്ക് പിടിച്ചവരാണ് അത്തരക്കാർ. മൊബൈൽ ഫോൺ ഉപയോഗിച്ച്
ആം ചെയർ രാഷ്ട്രിയ പ്രവർത്തനം നടത്താത്തവരാണ് അവർ. പാർട്ടി ഭരണത്തിൽ വന്നാലും അത്തരക്കാർ
സർക്കാർ കമ്മിറ്റികളിലും ഉണ്ടാകില്ല. കാരണം, അവർ മത മേലധ്യക്ഷന്മാരുടെയോ ഗ്രുപ്പ്
മാനേജർമാരുടെയോ പട്ടികയിൽ ഉണ്ടായിരിക്കില്ല.അതു കൊണ്ട് ഇത്തരക്കാരെയും കാണാതെ പോകരുത്
എന്ന് മാത്രമാണ് പറയാനുള്ളത്. ഒപ്പം രണ്ടാം സ്വതന്ത്ര്യ സമരം വേണ്ടത് ഇന്നത്തെ
രാഷ്ട്രിയ ശൈലിയിൽ നിന്നാണെന്ന് കൂടി പറയാതെ വയ്യ.
No comments:
Post a Comment