X C A Kurian
ബാങ്ക് ഉദ്യോഗസ്ഥനിൽ
നിന്നും കമ്മ്യുണിസ്റ്റായി മാറിയ സി.എ.കുര്യൻ വിടവാങ്ങുേമ്പാൾ തേയില തോട്ടം മേഖലയിലെ
ട്രേഡ് യൂണിയൻ ചരിത്രത്തിൽ ഒരു ഏട് കൂടി അവസാനിക്കുകയാണ്.പുതുപ്പള്ളിയിൽ ജനിച്ച
സി.എ.കുര്യൻ തേയില തോട്ടം തൊഴിലാളികളുടെ കുര്യച്ചനായും മുന്നാറിലെ തമിഴ് വംശജരുടെ
ചെെങ്കാടി സംഘ തലൈവരായും മാറി. കുര്യനെ കമ്മ്യുണിസ്റ്റാക്കിയത് മുണ്ടക്കയം ആറിലെ
കുളിയും അവിടെ കുളിക്കാൻ എത്തിയിരുന്ന തൊഴിലാളികളുമാണ്.ബാങ്ക് ഉദ്യോഗസ്ഥനായി മുണ്ടക്കയത്ത്
എത്തുേമ്പാൾ കുര്യന് രാഷ്ട്രിയമുണ്ടായിരുന്നില്ല. എന്നാൽ, മുണ്ടക്കയം ആറ്റിൽ കുളിക്കാൻ
വന്നിരുന്ന തൊഴിലാളികൾക്ക് രാഷ്ട്രിയമുണ്ടായിരുന്നു-കമ്മ്യൂണിസ്റ്റ് രാഷ്ട്രിയം.അവരുമായുള്ള
അടുപ്പമാണ് സി.പി.െഎ നേതാവും കേരള നിയമസഭയിലെ ആദ്യ ദേവികുളം എം.എൽ.എയുമായ റോസമ്മ
പുന്നൂസുമായി പരിചയപ്പെടാൻ കാരണമായത്. അന്ന് മുണ്ടക്കയം വരെ ദേവികുളം നിയോജക മണ്ഡലമായിരുന്നു.
തുടർന്നാണ് മുണ്ടക്കയത്തെ യൂണിയനുമായി കുര്യൻ സഹകരിക്കുന്നത്.
1961ലാണ് കുര്യൻ
മൂന്നാറിലെത്തുന്നത്.അത് അദേഹത്തെ മുഴുവൻ സമയ ട്രേഡ് യൂണിയൻ പ്രവർത്തകനാക്കി മാറ്റി.
താൽക്കാലികമായി മൂന്നാറിലെത്തി ആറ് പതിറ്റാണ്ടിലേറെ മൂന്നാറിൽ തോട്ടം തൊഴിലാളികൾക്കിടയിൽ
പ്രവർത്തിച്ച അദേഹത്തിൻറ അന്ത്യവും മൂന്നാറിൽ.
1958ലെ മൂന്നാർ വെടിവെയ്പും തുടർന്ന് എ.െഎ.ടി.യു..സി നേതൃത്വത്തിലുള്ള ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻറ അംഗീകാരം കണ്ണൻ ദേവൻ കമ്പനി റദ്ദാക്കിയതുമാണ് കുര്യൻ മൂന്നാറിലെത്താൻ നിയോഗമായത്.അതുവരെ മൂന്നാറിൽ െഎ എൻ ടി യു സി നേതൃത്വത്തിലുള്ള യൂണിയൻ മാത്രമാണു സജീവമായുണ്ടായിരുന്നത്.റോസമ്മ പുന്നൂസിൻറ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് യൂനിയെൻറ വരവ് തോട്ടം മേഖലയെ സംഘർഷ ഭൂമിയാക്കി മാറ്റി. 1958 ഒക്ടോബർ 20 ന് ഗൂഡാർവിളയിൽ ഹസൻ റാവുത്തറും തലയാറിൽ പാപ്പമ്മാളും പൊലീസ് വെടിവെപ്പിൽ മരിച്ചു. തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് എ.ഐ.ടി.യു.സി യൂനിയെൻറ അംഗീകാരം കണ്ണൻ ദേവൻ കമ്പനി പിൻവലിച്ചു. കേസുകളുടെ എണ്ണം വര്ദ്ധിച്ചതോടെ തൊഴിലാളികൾ യൂനിയൻ വിട്ടു. നേതാക്കൾ ഇല്ലാത്ത അവസ്ഥ. ഇതിനിടെയാണ് സർക്കാരിന് എതിരെ വിമോചന സമരം ആരംഭിച്ചത്. സര്ക്കാരിനെ പിരിച്ചു വിടുക കൂടി ചെയ്തതോടെ ഐ.എൻ.ടി.യു.സി മാത്രമായി തോട്ടം മേഖലയിൽ. ഈ സാഹചര്യത്തിലാണ് ഇംഗ്ലിഷ് അറിയാവുന്ന സി.എ.കുര്യനോട് മൂന്നാറിലേക്ക് പോകാൻ പാർട്ടി നിർദേശിച്ചത്. മൂന്നാറിലെത്തിയ കുര്യന് ഭക്ഷണത്തിന് പോലും നിർവാഹമുണ്ടായിരുന്നില്ല. പട്ടിണിയിൽ നിന്നും രക്ഷ നേടാൻ കൂടിയാണ് തൊഴിലാളികളെ തേടി ലായങ്ങളിലേക്ക് ഇറങ്ങിയതെന്ന് കുര്യൻ പറയുമായിരുന്നു. എസ്റ്റേറ്റുകൾ കയറിയിറങ്ങി അവർക്കൊപ്പം താമസിച്ചു. അവർ നൽകിയ ഭക്ഷണം കഴിച്ചു. പതുക്കെ പതുക്കെ തൊഴിലാളികൾ യൂനിയനുമായി അടുത്തു. വിവരം മാനേജ്മെൻറ് അറിഞ്ഞു. ഒടുവിൽ രണ്ടും കല്പിച്ച് അന്നത്തെ ജനറൽ മാനേജരെ നേരിൽ കാണാന് കുര്യൻ സമയം ചോദിച്ചു. ഇംഗ്ലിഷ് പരിജ്ഞാനവും ബാങ്കറായിരുന്നുവെന്നതും അനുഗ്രഹമായിരുന്നിരിക്കണം. സായ്പിന് കുര്യനെ ബോധിച്ചു. അതോടെ കാര്യങ്ങൾ എളുപ്പമായി. വൈകാതെ നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു കിട്ടി. യൂനിയൻ ആഫീസ് സജീവമായി. മടങ്ങാൻ അനുമതി ചോദിച്ചുവെങ്കിലും മൂന്നാറിൽ തുടരാനായിരുന്നു പാർട്ടി നിർദേശം.അന്ന് മുതൽ കുര്യൻ തോട്ടം തൊഴിലാളികളുടെ കുര്യച്ചനായി.
1964ലെ കമ്മ്യൂണിസ്റ്റ്
പാർട്ടി പിളർപ്പിനെ തുടർന്ന് കുര്യൻ സി.പി.െഎ പക്ഷത്തായി. സി.പി.എമ്മുമായി ഏറ്റുമുട്ടൽ
പതിവായി.അടിക്കാനും തടുക്കാനും കുര്യൻ നേരിട്ടിറങ്ങി.അതോടെ കുര്യനെ വകവരുത്താനും രഹസ്യനീക്കം
നടന്നിരുന്നു.ഇതിനിടെ 27 മാസത്തോളം ജയിലിലും കഴിഞ്ഞു.ഇതിൽ 17 മാസം വിയ്യൂർ സെൻട്രൽ
ജയിലിലായിരുന്നു1965-66ൽ.
1977ൽ പീരുമേടിൽ നിന്നാണ്
ആദ്യമായി നിയമസഭയിൽ എത്തുന്നത്.1980ലും വിജയം ആവർത്തിച്ചു.തുടർന്നുള്ള മൂന്നു തവണ കോൺഗ്രസിലെ
കെ.കെ.തോമസിനോട് പരാജയപ്പെട്ടു.1996ൽ വീണ്ടും വിജയം. അത്തവണ ഡപ്യൂട്ടി സ്പീക്കറായി
തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിമാരുടെ എണ്ണം 14ആയി നിജപ്പെടുത്തിയതിനെ തുടർന്നാണ് ഡപ്യൂട്ടി
സ്പീക്കറായി ചുമതല നൽകിയത്.1984ൽ ഇടുക്കിയിൽ നിന്നും ലോകസഭയിലേക്ക് മൽസരിച്ചുവെങ്കിലും
പി.ജെ.കുര്യനോട് പരാജയപ്പെട്ടു.
സി.പി.െഎ സംസ്ഥാന
എക്സിക്യുട്ടിവ് അംഗം, എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്, ദേശിയ വൈസ് പ്രസിഡൻറ്,
പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശിയ ജനറൽ സെക്രട്ടറി, ടി ബോർഡ് മെമ്പർ, ഇടതു മുന്നണി
ജില്ല കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കുര്യൻറ മരണത്തോടെ
മൂന്നാർ മേഖലയിലെ ട്രേഡ് യൂണിയൻ രംഗത്തെ ആദ്യ തലമുറ അവസാനിക്കുകയാണ്. ആർ.കുപ്പുസ്വാമി,എം.മുത്തുസ്വാമി,
എൻ.ഗണപതി, ജി.വരദൻ, ജോസഫ് ചാവേലി എന്നിവരുടെ പട്ടികയിൽ
സി.എ.കുര്യനും.
No comments:
Post a Comment