Pages

11 October 2020

പ്ലാ​​ൻറഷൻ നയം ആർക്ക്​ വേണ്ടി

 


എം.ജെ.ബാബു

സംസ്​ഥാന സർക്കാർ കരട്​ പ്ലാ​േൻറഷൻ നയം പ്രസിദ്ധികരിച്ചിട്ട്​ മാസങ്ങളായി. എന്നാൽ, ഇതു സംബന്ധിച്ച്​ ഗൗരവമായ ചർച്ച എങ്ങും കാണുന്നില്ല. കോവിഡ്​ ജാഗ്രതയിൽ കഴിയുന്നത്​ കൊണ്ടായിരിക്കാം തുറന്ന വേദിയിൽ ഇത്​ സംബന്ധിച്ച ചർച്ച ഉയർന്ന്​ വരാത്തത്​.2015ൽ നിയോഗിച്ച​  ജസ്​റ്റിസ്​ എൻ.കൃഷ്​ണൻ നായർ കമ്മീഷൻ ശിപാർശ പ്രകാരമാണ്​ കരട്​ പ്ലാ​േൻറഷൻ  പുറത്തിറക്കിയത്​.തേയില,ഏലം തൊട്ടം മേഖലയിൽ ജോലി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും തമിഴ്​ വംശജരായതിനാൽ, അവർക്ക്​ കൂടി മനസിലാക്കാൻ നയം തമിഴിൽ കൂടി പ്രസിദ്ധികരിക്കേണ്ടതാണ്​. ഇടുക്കിയിലും കൊല്ലത്തും മാത്രമല്ല, വയനാടിലും പത്തനംതിട്ടയിലും വനം വികസന കോർപ്പറേഷൻറ തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരും ശ്രീലങ്കൻ അഭയാർഥികളായ തമിഴ്​ വംശജരാണ്​.

കൃഷ്​ണൻനായർ കമ്മിഷൻ റിപ്പോർട്ട്​ സർക്കാരിന്​ ലഭിച്ചപ്പോൾ തന്നെ അതിലെ ചില ശിപാർശകൾ നടപ്പാക്കിയിരുന്നു. അതൊന്നും തൊഴിലാളികൾക്ക്​ വേണ്ടിയായിരുന്നില്ല എന്നത്​ പോലെ ഇൗ നയത്തിലും തൊഴിലാളി ക്ഷേമത്തിന്​ കാര്യമായ പങ്കില്ല എന്നത്​ കൊണ്ടായിരിക്കാം ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ഭാഷയിൽ നയം പ്രസിദ്ധികരിക്കാതിരുന്നത്​.തോട്ടം മേഖല പ്രതിസന്ധി നേരിടുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ നയവും തയ്യാറാക്കിയിട്ടുള്ളത്​. പ്രതിസന്ധിയുണ്ടെന്ന യാഥാർഥ്യം വിസ്​മരിക്കുന്നില്ല.ഇതിനായി ഉടമകൾക്ക്​ ആനുകുല്യം നൽകു​േമ്പാൾ മുന്നും നാലും തലമുറകളായി തോട്ടങ്ങളിൽ കഴിയുന്ന തൊഴിലാളികളെയും പരിഗണിക്കേണ്ടതല്ലേ?1960ലെ പി​.കെ.മാമ്മൻ തരകൻ കമ്മീഷൻ, 1994ലെ എം.പി.മേനോൻ കമ്മീഷൻ എന്നിവയിലെ ശിപാർശകൾ എത്രത്തോളം നടപ്പാക്കിയെന്ന പരിശോധനയും ആവശ്യമാണ്​.തോട്ടം തൊഴിലാളികൾക്ക്​ പെൻഷനോട്​ കൂടിയ ക്ഷേമ പദ്ധതി എന്ന നിർദേശം 1994ൽ സർക്കാരിൻറ പരിഗണനയിലുണ്ടായിരുന്നു.തോട്ടം തൊഴിലാളികളെ ഇ.എസ്​.​െഎ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ശിപാർശ എം.പി.മേനോൻ കമ്മീഷൻ നൽകിയതാണ്​.ഇത്​ ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്​. ഇ.എസ്​.​െഎയിൽ ഉൾപ്പെടുത്തുന്നതോടെ നേട്ടം ഉടമകൾക്കാണ്​. പ്ലാ​േൻറഷൻ ലേബർ ആക്​ട്​ പ്രകാരം പാർപ്പിടം,ആരോഗ്യം, ശുദ്ധജലം, വിദ്യാഭ്യാസം എന്നിവ ഉടമകളുടെ ഉത്തരവാദിത്തമാണ്​. അതിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്​ അവസരം ഒരുക്കുന്നതാണ്​ ഇപ്പോൾ പുറത്ത്​ വന്നിട്ടുള്ള കരട്​ നയം.

തോട്ടങ്ങൾ തോട്ടങ്ങളായി നിലനിർത്തുകയും തൊഴിലും വ്യവസായവും സംരക്ഷിക്കുകയും ചെയ്യുമെന്ന്​ നയത്തിൽ പറയുന്നു. തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കുന്നതിന് സമയബന്ധിതമായി തീരുമാനമെടുക്കും.

ഇ.എഫ്.എൽ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ചില തോട്ടങ്ങളിലെ കുറച്ച് ഭാഗങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി നിർണയിച്ചിട്ടുണ്ട്​.ഇത് അളന്ന്​ തിട്ടപ്പെടുത്തി നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. തോട്ടം മേഖല ലാഭകരമാക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഭരണപരമായ നടപടി സ്വീകരിക്കും. ഇതിനായി തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയിൽ യാതൊരു മാറ്റവും വരുത്താതെ ഇടവിള കൃഷികളും വിവിധവിള കൃഷികളും അനുവദിക്കും. പഴം പച്ചക്കറി കൃഷിയാണ്​ നിർദേശിക്കുന്നത്​. ഇത്​ തോട്ടം ഉടമകളുടെ ആവശ്യമായിരുന്നു. ശീതകാല പച്ചക്കറികൾ വൻതോതിൽ കൃഷി ചെയ്യുന്നതിനുളള അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ്​ പറയുന്നത്​.

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന 13 തോട്ടങ്ങൾ തുറന്ന്​ പ്രവർത്തിപ്പിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കുമെന്നും കരട്​ നയത്തിലും ആവർത്തിക്കുന്നു.

തോട്ടം തൊഴിലാളികൾക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് (ഇ.എസ്.ഐ) സ്‌കീം നടപ്പിലാക്കും. ഇ.എസ്.ഐ പദ്ധതി നിലവിൽ വരുന്നത് വരെ നിലവിലുള്ള സംവിധാനം ആരോഗ്യവകുപ്പിന്റെ കൂടി സഹകരണത്തോടെ തുടരും.ഫലത്തിൽ ചികിൽസ രംഗത്ത്​ നിന്നും തോട്ടം ഉടമകൾക്ക്​ പിന്മാറാനുള്ള അവസരം സൃഷ്​ടിക്കപ്പെടുകയാണ്​.

തോട്ടം തൊഴിലാളികൾക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വന്തം വീട് എന്നതാണ്​ മറ്റൊരു പ്രഖ്യാപനം. തോട്ടം തൊഴിലാളികൾക്ക്​ പാർപ്പിടം ഒരുക്കേണ്ടത്​ തോട്ടം ഉടമകളാണ്​. നിലവിലെ ഒറ്റ മുറി വീടുകൾക്ക്​ പകരം രണ്ട്​ കിടപ്പ്​ മുറിക​ളോട്​ കൂടിയ ലയങ്ങൾ എന്ന നിർദേശം നേരത്തെ നിലനിൽക്കുന്നു.ഇതിന്​ പുറ​മെയാണ്​ തോട്ടം തൊഴിലാളി ഭവന പദ്ധതി നേരത്തെ തയ്യറാക്കിയത്​. വീടും സ്​ഥലവും എന്നതാണ്​ തൊഴിലാളികളുടെ ഡിമാൻറ്​.നൽകുന്ന സ്​ഥലം മറിച്ച്​ വിൽക്കാൻ പാടില്ലെന്ന വ്യവസ്​ഥയോടെ ഭൂമി നൽകുകയാണ്​ വേണ്ടത്​.

ക്ഷേമനിധി ബോർഡിൻറ പ്രവർത്തനം കാര്യക്ഷമമാക്കും,സർക്കാർ നിയന്ത്രണത്തിലുള്ള തോട്ടങ്ങൾ ലാഭകരമാക്കുതിനും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുതിനും പ്രത്യേക കർമ്മ പദ്ധതി,തോട്ടം തൊഴിലാളികളുടെ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക ഊന്നൽ,പ്ലാന്റേഷൻ റിലീഫ് ഫണ്ട് കമ്മിറ്റി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുതിനും തോട്ടങ്ങളിൽ വിവിധ സമാശ്വാസ പ്രവർത്തനങ്ങൾക്കും കൂടുതൽ ഫലപ്രദമായ നടപടികൾ എന്നിവ നിർദേശങ്ങളാണ്​.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിൽ തോട്ടം മേഖല ഉൾപ്പെടുത്തുമെന്ന നിർദേശം നടപ്പാക്കുന്നതിലുടെ ഇവിടെയും ഉടമകൾക്ക്​ കൈകഴുകാം. കുടിവെള്ളം, ശൗചാലയം, മാതൃശിശു സംരക്ഷണ പദ്ധതികൾ തുടങ്ങിയവ തോട്ടം ഉടമകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാണ്​ നിർദേശം.തോട്ടം വിളകൾക്ക് ന്യായമായ വില കിട്ടാൻ സാധ്യമായ ഇടപെടലൽ നടത്തും. തോട്ടം മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന്​ പറയുന്നതിനൊപ്പം തോട്ടങ്ങളുടെ അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരാത്തവിധം ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും നയത്തിലുണ്ട്​.

തോട്ടം ഉടമകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സഹകരണത്തോടെ ദുരിത                നിവാരണ ഫണ്ട് പ്രയോജനപ്പെടുത്തി പരിസ്ഥിതിക്കിണങ്ങുന്ന തരത്തിൽ എല്ലാ തോട്ടങ്ങളിലും സമയബന്ധിതമായി മഴവെള്ള സംഭരണികളും കയ്യാലകളും (കോണ്ടൂർ ബണ്ട്) നിർമ്മിക്കുന്ന പദ്ധതി, സാമൂഹ്യ വനവൽക്കരണ പദ്ധതി, സൗരോർജ്ജം, കാറ്റ്, ബയോഗ്യാസ് എന്നിവയിൽ നിന്നുള്ള വൈദ്യുതി പദ്ധതികൾ എന്നിവയാണ്​ കരട്​ നയത്തിലുള്ളത്​.

 

തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കുമെന്നും ഉറപ്പ്​ നൽകുന്നുണ്ട്​.

ഇതിൽ എവിടെയാണ്​ തൊഴിലാളി ക്ഷേമം? ഇനി 2016ൽ സമർപ്പിച്ച ജസ്​റ്റിസ്​ കൃഷ്​ണൻ നായർ കമ്മിഷൻ റിപ്പോർട്ട്​ പ്രകാരം നടപ്പാക്കിയ കാര്യങ്ങൾ കൂടി അറിയണം.

പ്ലാന്റേഷൻ ടാക്‌സ് പൂർണ്ണമായും ഒഴിവാക്കി, തോട്ടം മേഖലയിൽ നിന്നും കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിച്ചു, തൊഴിലാളികളുടെ എല്ലാ ലയങ്ങളേയും കെട്ടിട നികുതിയിൽ നിന്ന്​ ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത്​ പ്രായോഗികമല്ലാത്തതിനാൽ സർക്കാരിൻറ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50% സർക്കാരും 50%  തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽ നിന്ന്​ ഈടാക്കേണ്ട 50%  തുക ഏഴ് വാർഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാരിന് ലഭ്യമാക്കണം. (മിക്ക തോട്ടങ്ങളും പാട്ട ഭൂമിയാണെന്നതിനാൽ സർക്കാരിന്​ ആവശ്യമായ ഭൂമി ഏറ്റെടുത്താൽ മതിയെന്നത്​ വിസ്​മരിച്ചു). റബ്ബറിന്റെ സീനിയറേജ് പൂർണ്ണമായും ഒഴിവാക്കി. ഇതിലൊന്നും തൊഴിലാളികൾക്ക്​ പങ്കില്ല.

ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഉണ്ടായിട്ടുളള ഇടിവാണ് ഈ വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നം. തേയിലയുടെ ഉൽപാദനക്ഷമതയുടെ  ദേശീയ ശരാശരി ഹെക്ടറിന് 2362 കിലോഗ്രാം ആണ്. കേരളത്തിലിത് 1737 കിലോഗ്രാം മാത്രമാണ്. കഴിഞ്ഞ 8 വർഷത്തിനിടെ 124 കിലോഗ്രാമിന്റെ കുറവുണ്ടായി. കേരളത്തിലെ തോട്ടങ്ങളിലെ തേയിലച്ചെടികൾ 60 വർഷം പഴക്കമുളളവയാണ്. വ്യവസായം ലാഭകരമല്ലാത്തതിനാലും മെച്ചപ്പെട്ട വിളവെടുക്കാൻ കാലതാമസം വരുന്നതിനാലും ചെടികൾ റീപ്ലാന്റ് ചെയ്യുതിന് ഉടമകൾ വിമുഖത കാണിക്കുന്നു. റബ്ബറിൻറ ഉൽപാദനക്ഷമതയിലും വൻകുറവാണ് ഉണ്ടായത്. 2011-12 ൽ ഹെക്ടറിന് 1931 കി.ഗ്രാം ആയിരുത് 2017-18 -ൽ 1622 ആയി കുറഞ്ഞു. ദേശീയ ശരാശരിയും ഇക്കാലയളവിൽ 1841 കി.ഗ്രാമിൽ നിന്നും 1449 കി.ഗ്രാമായി കുറഞ്ഞു. കാപ്പിയുടെ ഉൽപാദനക്ഷമത 2018-ൽ ദേശീയതലത്തിൽ ഹെക്ടറിന് 765 കിലോഗ്രാമായിരിക്കുമ്പോൾ കേരളത്തിൽ അത് 774 ആണ്. മറ്റ് തോട്ടവിളകളിൽ നിന്ന്​ വ്യത്യസ്തമായി കാപ്പി കൃഷിചെയ്യുന്ന ഭൂമിയുടെ അളവ് ദേശീയതലത്തിലും  സംസ്ഥാനതലത്തിലും ഈ കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ഏലം ഉൽപാദനത്തിന്റെ 88.86% വും കേരളത്തിലാണ്​. 2017-18-ൽ ആകെ ഉൽപാദിപ്പിച്ച 20650 ടൺ ഏലത്തിൽ 18,350 ടണ്ണും കേരള വിഹിതമാണ്. എന്നാൽ ഏലം തോട്ടങ്ങളുടെ വിസ്തൃതി 2011-12-ന് ശേഷം ഗണ്യമായി കുറഞ്ഞു. കാലാവസ്ഥയിലുണ്ടായിട്ടുളള വ്യതിയാനങ്ങളും തോട്ടം വിളകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതൊക്കെ ഏങ്ങനെ പരിഹരിക്കണമെന്ന ചർച്ചയും ഉയർന്ന്​ വ​രേണ്ടതാണ്​.

  

 

21 August 2020

ഒരിക്കലും ഒാർക്കാൻ ഇഷ്​ടപ്പെടാത്ത കാഴ്​ചകൾ

 പെട്ടിമുടി ഉരുൾപൊട്ടൽ മറക്കാനാവാതെ​ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാമും  മുൻ എം​എൽ.എ എ.കെ.മണിയും


 ഒരു രാത്രി മുഴുവൻ തണുത്ത്​ വിറങ്ങലിച്ച്​ കാവൽ നിന്ന ഭയാനകമായ അന്തരീക്ഷം, എന്താണ്​ സംഭവിച്ചതെന്ന്​ പോലും അറിയാത്ത മണിക്കുറുകൾ, ഇരുട്ടും മഴയും കാറ്റും-പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം അനുസ്​മരിക്കുകയായിരുന്നു അവിടെ നിന്നുള്ള മൂന്നാർ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാം. ഉരുൾപൊട്ടലിൽ തകർന്ന ലയങ്ങൾക്ക്​ തൊട്ടടുത്ത ലയത്തിലെ താമസക്കാരിയാണ്​ മെമ്പർ.

                   ശാന്ത ജയറാം ഗ്രാമ പഞ്ചായത്തംഗം

വൈദ്യുതിയില്ലാത്തതിനാൽ എന്താണ്​ സംഭവിച്ചതെന്ന്​ അറിയുമായിരുന്നില്ല.വെള്ളപാച്ചിലുണ്ടായതിൻറ ശബ്​ദം കേട്ടാണ്​ വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങിയത്​. പക്ഷെ, ഒന്നും കാണാനാകുമായിരുന്നില്ല,.ശക്​തമായ കാറ്റിലും മഴയിലും കുട പിടിക്കാനും കഴിയുന്നില്ല. പുറത്ത്​ വന്ന്​ അൽപം കഴിഞ്ഞപ്പോഴെക്കും ഭീകരമായ ശബ്​ദം കേട്ടു. മറ്റ്​ ലയങ്ങളിൽ നിന്നുള്ളവരും അപ്പോഴെക്കും എത്തി. പക്ഷെ, ആർക്കും തകർന്ന ലയങ്ങൾക്ക്​ സമീപത്തേക്ക്​ പോകാനാകുന്നില്ല. അവിടെ ലയങ്ങൾ ഉ​​ണ്ടോയെന്ന്​ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഉണ്ടായിരുന്ന വെളിച്ചവുമായി ഇറങ്ങിയപ്പോഴാണ്​ രക്ഷപെട്ടവരിൽ അഞ്ച്​ പേർ വന്നത്​. പിന്നിട്​ മൂന്ന്​ പേർ വന്നു. ഇവരെ മറ്റ്​ ലയങ്ങളിൽ എത്തിച്ചു. ഇതിന്​ ശേഷം വീണ്ടും മലവെള്ളപാച്ചിലുണ്ടായി.


പുലർച്ചെ നാല്​ മണിവരെ ആർക്കും ഒന്നും ചെയ്യാനായില്ല.മറ്റുള്ളവരൊക്കെ റോഡിലും മറ്റുമായി കഴിഞ്ഞു. നേരം പുലർന്നപ്പോഴാണ്​ ഭീകരാവസ്​ഥ മനസിലാക്കിയത്​.പരിക്കേറ്റവരെ കമ്പിളി കട്ടിലുണ്ടാക്കിയാണ്​ രാജമല ഡിസ്​പെൻസറിയിൽ എത്തിച്ചത്​. രാജമല റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നതിനാൽ വാഹനങ്ങൾക്ക്​ പോകാൻ കഴിയുമായിരുന്നില്ല.പുലർച്ചെ വെളിച്ചം വന്നപ്പോഴാണ്​ നാല്​ ​പേർ മണ്ണിൽ പുതുഞ്ഞ്​ കിടക്കുന്നത്​ കണ്ടത്​. അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുളും മലവെള്ളവും അൽപം വഴിമാറിയിരുന്നുവെങ്കിൽ ഇവരുടെ കുടുംബവും ഉണ്ടാകുമായിരുന്നില്ല. മീറ്ററുകളുടെ വിത്യാസത്തിലാണ്​ രക്ഷപ്പെട്ടത്​. ആ ഞെട്ടലിൽ നിന്നും ഇനിയും ​ഇവർ മോചിതയായിട്ടില്ല.

അതൊരു വല്ലാത്ത കാഴ്​ചയായിരുന്നു, ഇനിയൊരിക്കലും മറ്റൊരിടത്തും ഇതുപോലുള്ള കാഴ്​ച കാണാൻ ഇടവരുത്തരുതെന്ന പ്രാർഥന മാത്രമാണുള്ളത്​.അത്രക്ക്​ വേദനയാണ്​ ഇപ്പോഴും-തോട്ടംതൊഴിലാളിഠ നേതാവും ദീർഘകാലം ദേവികുളം എം.എൽ.എയുമായ എ.കെ.മണി പറയുന്നു. ദുരന്തമുണ്ടായ അന്ന്​ മുതൽ കാടും പുഴയും താണ്ടി തെരച്ചിൽ സംഘത്തിനൊപ്പം ഇദേഹമുണ്ട്​.


ഒരുമുറ്റത്ത്​ ഒാടികളിച്ചിരുന്ന കുട്ടികൾ, ഒരു മുറ്റത്ത്​ നിന്നും പരസ്​പരം കൈ പിടിച്ച്​ സ്​കുളിൽ പോയിരുന്നവർ, ഒന്നിച്ച്​ കൊളുന്ത്​ നുള്ളാൻ പോയിരുന്നവർ. ഒരുമുറ്റത്ത്​ നിന്നും കഥകൾ പറഞ്ഞിരുന്നവർ.എന്തിന്​ കൊച്ച്​ കൊച്ച്​ പ്രശ്​നങ്ങളുടെ പേരിൽ വഴക്കടിച്ചിരുന്നവർ.ഒരു മതിലിൻറ മാത്രം അകലത്തിൽ സുഖവും ദു:ഖവും പങ്ക്​വെച്ച്​ തലമുറകളായി ജീവിച്ചവരുടെ പരമ്പര നിലനിർത്താൻ ചില കുടുംബങ്ങളിലെങ്കിലും ആരെയും ബാക്കിവെച്ചില്ല. അവരൊക്കെ തോട്ടം മേഖലക്കാകെ നൊമ്പരപ്പെടുത്തുന്ന ഒാർമ്മകളാണ്​.

ആഗസ്​ത്​ ഏഴിന്​ രാവിലെ എട്ടരയോടെയാണ്​ പെട്ടിമുടിയിൽ ഉരുൾപൊട്ടിയെന്നും നിരവധി ലയങ്ങൾ മണ്ണിനടിയിലാണെന്നുമുള്ള വിവരം അറിയുന്നത്​. പെട്ടിമുടിയിൽ മാത്രമല്ല, മൂന്നാർ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായതിനാൽ, ഒരാൾ മൂന്നാറിൽ നേരിട്ട്​ വന്നാണ്​ വിവരം അറിയിക്കുന്നത്​. അപ്പോൾ തന്നെ പുറപ്പെട്ടു. മറയൂർ ​റോഡിലെ പെരിയവര താൽക്കാലിക പാലം തകർന്ന്​ കിടക്കുന്നതിനാൽ, കോളണി വഴി കറങ്ങിയാണ്​ പോകേണ്ടി വന്നത്​. അവിടെ എത്തു​േമ്പാഴെക്കും……………ഒാർക്കാൻ കഴിയുന്നില്ല.ഒന്നും പറയാൻ കഴിയാത്ത അവസ്​ഥ. ഇന്നലെ വരെയുണ്ടായിരുന്ന ലയങ്ങളുടെ സ്​ഥാനത്ത്​ പാറകളും ചെളിയും മണ്ണും. അതിനിടിയിൽ നിന്നും ഒരു കരച്ചിൽ പോലും പുറത്ത്​ വന്നിരിക്കില്ല,കുഞ്ഞുങ്ങളും മുതിർന്നവരും അടക്കമുളളവരെ മരണം വിളിച്ച്​ കൊണ്ട്​ പോയപ്പോൾ അവർക്ക്​ ദൈവമെ എന്ന്​ വിളിക്കാൻ പോലും കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ ആ മലവെള്ള പാച്ചിലിൽ അവരുടെ ശബ്​ദം തൊട്ടപ്പുറത്തുള്ള ലയങ്ങളിലും എത്തിയിരിക്കില്ല.


എന്നെ അറിയുന്ന, ഞാൻ അറിയുന്നവരാണല്ലോ ഇൗ മണ്ണിനടിയിൽ എന്ന ചിന്തയിൽ എന്ത്​ ചെയ്യണമെന്ന്​ അറിയുമായിരുന്നില്ല. നാല്​ പതിറ്റാണ്ടായി ഞാൻ വന്ന്​പോയിരുന്ന വീടുകൾ. എത്രയോ തവണ ചായ കുടിച്ച കാൻറിൻ, സന്തത സഹചാരിയെ പോലെ എല്ലാ തെരഞ്ഞെടുപ്പ്​കാലത്തും എനിക്കൊപ്പം ഇടമലക്കുടി​യിലെ ആദിവാസി കോളണികൾ കയറിയിറങ്ങിയിരുന്ന മുൻ പഞ്ചായത്തംഗം അനന്ത ശിവൻറയും റഫേലിൻറയും കുടുംബാംഗങ്ങൾ.എന്നെ മാമായെന്ന്​ വിളിച്ചിരുന്ന കുട്ടികൾ, തമ്പിയെന്ന്​ വിളിച്ചിരുന്ന മുതിർന്നവർ, തലൈവരേ എന്ന്​ വിളിച്ചിരുന്നവർ….അവരൊക്കെയാണ്​ ഇൗ മണ്ണിനടിയിൽ. തലേന്ന്​ രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ്​ അവരൊക്കെ, തുട​ർച്ചയായി പെയ്​തിറങ്ങിയിരുന്ന മഴയിൽ വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതിനാൽ, അവർ നേരത്തെ പുതുച്ച്​ മൂടി കിടന്നിരിക്കണം.

പൊതുപ്രവർത്തനം ആരംഭിക്കുന്ന കാലത്ത്​ തുടങ്ങിയതാണ്​ പെട്ടിമുടിയുമായുള്ള സൗ.ഹൃദം. ഇടമലക്കുടിയുടെ ഇടത്താവളമെന്ന നിലയിൽ പെട്ടിമുടിയിൽ വിശ്രമിച്ചായിരുന്നു യാത്ര. വഴിക്ക്​ കഴിക്കാനുള്ള ഭക്ഷണം വാങ്ങുന്നതും പെട്ടിമുടിയിൽ നിന്നാണ്​. തോട്ടം തൊഴിലാളികളുടെ മകനെന്ന നിലയിലും പലരും ബന്ധുക്കൾ എന്ന നിലയിലുമുള്ള അടുപ്പം.പക്ഷെ, ഉരുൾപൊട്ടൽ ആ ബന്ധത്തെ അറുത്തു മുറിച്ചു.

ആദ്യദിവസം 26 മൃതദേഹങ്ങളാണ്​ കണ്ടെത്തിയത്​.പരിചയമുള്ള ഒാരോത്തരുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കു​േമ്പാഴും ദു:ഖം താങ്ങാൻ കഴിയുമായിരുന്നില്ല. അന്ന്​ അവരെ സംസ്​കരിക്കാൻ കഴിഞ്ഞില്ല. പോസ്​റ്റ്​മോർട്ടം ​പൂർത്തിയാകാത്തതും ഒരു മുറ്റത്ത്​ ഒന്നിഞ്ഞ്​ ജീവിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച്​ സംസ്​കരിക്കണമെന്ന പൊതു അഭിപ്രായവുമായിരുന്നു കാരണം. പിറ്റേന്നാണ്​ രാജമല ശ്​മശാനത്തിലേക്കുള്ള അന്ത്യയാത്ര.അടുത്ത ദിവസം 16പേരെ കിട്ടി. ഇനിയും മൃതദേഹങ്ങൾ ലഭിക്കാനുണ്ട്​.70 പേർ ഉണ്ടായിരുന്നുവെന്നാണ്​ ലഭ്യമായ വിവരം.


ലയങ്ങൾക്ക്​ പിന്നിലൂടെ ഒഴുകുന്ന ആറ്റിലേക്കാണ്​ മലവെള്ളം അവരെ കൊണ്ട്​ പോയത്​.പലരുടെയും മൃത​ദേഹങ്ങൾ കിട്ടിയത്​ കിലോമീറ്ററുകൾ അകലെ ആറ്റിൻകരയിൽ നിന്നാണ്​.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ഇൗ എസ്​റ്റേറ്റിൽ, പ്രകൃതിയെ നോവിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുമില്ല. എന്നിട്ടും എന്ത്​ കൊണ്ട്​ ഉരുൾപൊട്ടി. ഏതാണ്ട്​ രണ്ട്​ കിലോ മീറ്റർ മുകൾ ഭാഗത്തുള്ള പെട്ടിമുടി ചോലയിൽ നിന്നാണ്​ ഉരുൾപൊട്ടി വന്നത്​. ആ ചോലയിൽ നിന്നും ഉൽഭവിക്കുന്ന അരുവിക്കൊപ്പം ഭീമൻ പാറകളും കല്ലുകളും മലവെള്ളവും ഒഴുകി വന്നു. ഉറക്കെ കരയുന്നതിന്​ മുമ്പ്​ ആ ലയങ്ങളിൽ ഉറങ്ങിയിരുന്നവരെ വിധി തട്ടിയെടുത്തിരിക്കണം. തോട്ടംതൊഴിലാളികളുടെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ നട്ടു വളർത്തിയ തേയില ഇന്നുവരെ അവരെ ചതിച്ചിട്ടില്ല. പക്ഷെ,……….ഇത്​ എങ്ങനെ. നാളെ എവിടെയും സംഭവിക്കാം.അതുകൊണ്ട്​ തന്നെ ഭൗമശാസ്​ത്ര കേന്ദ്രം മൂന്നാറിലെ മാറിയ സാഹചര്യങ്ങളെ കുറിച്ച്​ വിശദമായ പഠനം നടത്തണം.

ലോകമാകെ പെട്ടിമുടിയുടെ ദു:ഖം കണ്ടു. ഗവർണറും മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ നേരിൽ വന്ന്​ ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയു​ം കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയും ദു:ഖത്തിൽ പങ്ക്​ ചേർന്നു.കേരളത്തിൽ മറ്റൊരു ഉരുൾപൊട്ടലിലും ഇത്രയേറെ പേർ മരിച്ചിട്ടില്ല.എന്നിട്ടും പൊതുസമൂഹം മറ്റ്​ ചില വിഷയങ്ങൾക്ക്​ ഒപ്പമാണ്​. പാവപ്പെട്ട തൊഴിലാളികളാണ്​ മരിച്ചത്​. അതും പട്ടികജാതിക്കാർ. ആ പരിഗണനയെങ്കിലും നൽകണം.


ഞാനടക്കം ലയത്തിൽ ജനിച്ച്​ വർന്നവരാണ്​. 1951ൽ പ്ലാ​േൻറഷൻ ലേബർ ആക്​ട്​ വരു​േമ്പാൾ, അന്നത്തെ സാഹചര്യത്തിൽ രണ്ട്​ മുറി വീട്​ മതിയായിരുന്നു.എന്നാൽ, ഇന്നതല്ല. കാലം മാറി. കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നടത്തുന്നു. അവർക്ക്​ പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അടുക്കളയിൽ കുടുംബം നടത്താൻ കഴിയില്ല.പണ്ടൊക്കെ വിവാഹിതരാകുന്ന മക്കൾ അടുക്കളയിലാണ്​ കിടന്നിരുന്നത്​.മുതിർന്നവർ ഹാളിലും. ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച്​ നാല്​ മുറികളോട്​ കൂടിയ വീട്​ വേണം. ഇക്കാര്യം പ്ലാ​േൻറഷൻ ലേബർ കമ്മിറ്റിയിൽ പറഞ്ഞതാണ്​. മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട്​ പറഞ്ഞു. ഇതേ തുടർന്നാണ്​ ലൈഫ്​ പദ്ധതി കൊണ്ട്​ വന്നത്​. അതു പോരാ, തോട്ടം തൊഴിലാളികൾക്കായുള്ള ഭവന പദ്ധതിയാണ്​ വേണ്ടത്​. കോളണികളിലോ ലൈഫ്​ പദ്ധതിയുടെ ഫ്ലാറ്റുകളിലോ കഴിയേണ്ടവരല്ല, തോട്ടം തൊഴിലാളികൾ.അവരാണ്​ തേയിലയിലൂടെ കേരളത്തിൻറ സമ്പദ്​ഘടന വളർത്തിയവർ. അവരുടെ മുൻതലമുറയാണ്​ കേരളത്തിൻറ തൊഴിൽ സംസ്​കാരത്തിൽ നിന്നും ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയത്​.​


രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലും നിരവധി പേർ സഹകരിച്ചു.ഡീൻ കുര്യാക്കോസ്​ എം.പി, എസ്​.രാജേ​ന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത്​ പ്രസിൻറുമാരായ കറുപ്പസ്വാമി,സുരേഷ്​കുമാർ, ജില്ല പഞ്ചായത്തംഗം വിജയകുമാർ,കലക്​ടർ എച്ച്​ ദിനേശൻ, സബ്​ കലക്​ടർ പ്രേംകൃഷ്​ണൻ,​പൊലീസ്​, ഫയർഫോഴ്​സ്​,എൻ.ഡിആർഎഫ്​, ​െഎ ആർ ഡബ്​ളിയു, മൂന്നാറിലെ അഡ്വഞ്ചർ അക്കാദമിയുടെയും ​മ്യുസിൻറയും യൂത്തഏ്​ വെൽഫയർ ടീമിലെയും അംഗങ്ങൾ, കണ്ണൻ ദേവൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എല്ലാം മറന്ന്​ രംഗത്തിറങ്ങിയവരാണ്- മണി പറഞ്ഞു.

കേ​െട്ടഴുത്ത്​ എം.ജെ.ബാബു

08 August 2020

ലയങ്ങളിൽ ജനിച്ച് ​അവിടെ മരിക്കുന്നവർ

 

കേരളത്തിലെ തേയിലത്തോട്ടം തൊഴിലാളികൾ ഭൂരിഭാഗവും മലയാളികളല്ല,തോട്ടങ്ങൾ രൂപപ്പെടുത്തുന്നതിന്​ തമിഴ്​നാടിൽ നിന്നാണ്​ കങ്കാണിമാർ തൊഴിലാളികളെ കൊണ്ട്​ വന്നിരുന്നത്​. അതിനൊരു കാരണം, കേരളത്തിൽ തേയിലത്തോട്ടങ്ങൾ രൂപപ്പെടുന്നതിന്​ മുമ്പ്​ അന്നത്തെ സിലോണിൽ തോട്ടങ്ങൾ ആരംഭിച്ചു. അവിടേക്ക്​ തൊഴിലാളികൾ പോയതും തമിഴ്​നാടിൽ നിന്നാണ്​. അതിന്​ ചുവട്​ പിടിച്ച്​ കേരളത്തിലും തൊഴിലാളികൾ എത്തി.ഇടുക്കി ജില്ലയിലാണ്​​ തേയിലത്തോട്ടങ്ങൾ ഏറെയെന്നതിനാൽ തൊഴിലാളികളെയും കൂടുതൽ വേണ്ടി വന്നു. പീരുമേടിലെ തോട്ടങ്ങൾ പലതും പലകാരണങ്ങളാൽ ലാഭത്തിലായിരുന്നില്ല. എന്നാൽ, മൂന്നാറിൽ ബ്രിട്ടീഷുകാരുടെ കണ്ണൻ ദേവൻ കമ്പനിയുടെതായിരുന്ന്​ തോട്ടങ്ങൾ. സമീപത്തെ മറ്റ്​തോട്ടങ്ങൾ ഇന്നത്തെ ഹാരിസൺ മലയാളം കമ്പനിയുടെതും. മൂന്നാറിലെ തോട്ടങ്ങളിൽ ഇപ്പോഴുള്ളത്​ മൂന്നാം തലമുറയാണ്​.

സർക്കാരിൻറ നിയമങ്ങൾ പാലിച്ച്​ ഭൂമി ക​യ്യേറാതെയും സർക്കാർ ഭൂമി സംരക്ഷിക്കുകയും ചെയ്​തവരാണ്​ ഇന്നും ഭൂരഹിതരായി കഴിയുന്നത്​. തോട്ടം തൊഴിലാളികൾ മാത്രമല്ല, ടൗണിലെ വ്യാപാരികൾ, ഡ്രൈവറന്മാർ,ചുമട്ടുകാർ തുടങ്ങിയവരും ആ പട്ടികയിലുണ്ട്​. എന്നാൽ, നിയമ ലംഘനം നടത്തി ഭൂമിയിൽ അവകാശം സ്​ഥാപിച്ചവർ റി​സോർട്ട്​ ഉടമകളായി മാറി. അവരൊന്നും മൂന്നാറുകാരല്ല, സർക്കാർ ഉദ്യോഗസ്​ഥരുടെയും ചില രാഷ്​ട്രിയക്കാരുടെയും  സഹായത്തോടെ മല കയറി വന്ന്​ സർക്കാർ ഭൂമി സ്വന്തമാക്കിയവർ ഇന്നും ഒരു രേഖയുടെ പിൻബലമില്ലാതെ അവകാശം സ്​ഥാപിച്ചിരിക്കുന്നു.

തോട്ടം തൊഴിലാളികളുടെ തലമുറകൾ മാറിയെങ്കിലും മുന്നാറിൽ ഇന്നും തമിഴ്​സംസ്​കാരം അതേപടി പിന്തുടരുന്നു. നാട്​ എവിടെ​യെന്ന്​ ചോദിച്ചാൽ, പൂർവികരുടെ തമിഴ്​ ഗ്രാമത്തിൻറ പേര്​ പറയും. അവിടെ ഇവർക്ക്​ ഒരു ബന്ധങ്ങളും ഇപ്പോഴുണ്ടായിരിക്കില്ല. സ്​ഥലവും വീടും ഒന്നുമില്ല.എങ്കിലും അവർ അവരുടെ വേരുകൾ ഉപേക്ഷിക്കാൻ തയ്യാറല്ല. അഥവാ തമിഴ്​നാടിൽ പോയാൽ തന്നെ അവർക്ക്​ അവിടെ ജീവിക്കാൻ കഴിയുന്ന സാമൂഹ്യ ചുറുപാടുമായിരിക്കില്ലെന്ന്​ പോയി തിരിച്ച്​ മൂന്നാർ മേഖലയിലേക്ക്​ വന്നവർ പറയുന്നത്​. തോട്ടം തൊഴിലാളികളുടെ ജീവിതം എസ്​റ്റേറ്റ്​ ലയങ്ങളിൽ ആരംഭിച്ച്​ അവിടെ അവസാനിക്കുകയാണ്​. ഇവിടെങ്ങളിൽ തേയില നട്ടു വള​ർത്താൻ എത്തിയവർ താമസിച്ച അതേ ലായത്തിൽ തന്നെയാണ്​ മൂന്നാം തലമുറയും താമസിക്കുന്നത്​. 58-ാം വയസിൽ  ഭർത്താവ്​ വിരമിച്ചാൽ ഭാര്യയുടെ പേരിലേക്ക്​ മാറ്റും വീട്​. ഭാര്യയും റിട്ടയർ ചെയ്​താൽ സ്​ഥിരം തൊഴിലാളിയായ ഏതെങ്കിലും മക്കളുടെ പേരിലേക്ക്​ അതേ വീട്​ മാറ്റും. ഇതാണ്​ കഴിഞ്ഞ രണ്ട് മൂന്നു​ തലമുറയായി ചെയ്യുന്നത്​. തൊഴിലാളികളുടെ കാര്യത്തിൽ മാത്രമല്ല,  മറ്റ്​ ജീവനക്കാരുടെ കാര്യത്തിലും ഇങ്ങനെ തന്നെ. വീട്​ നിലനിർത്താനായി ഗൾഫിൽ ജോലി ചെയ്​തിരുന്ന മകനെ തരിച്ച്​ വിളിച്ച് ​കമ്പനിയിൽ ജോലിക്ക്​കയറ്റിയ സംഭവങ്ങളുമുണ്ട്​ മൂന്നാറിൽ. ഇൗ ലയങ്ങളിൽ നിന്നാണ്​ അടുത്തകാലത്തായി ​െഎ.എ.എസ്​, ​െഎ.പി.എസുകാരും മറ്റും ജനിക്കുന്നത്​. ചിറ്റുർ ഗവ.കോളജിലെയും മൂന്നാർ ഗവ.കോളജിലെയും പ്രിൻസിപ്പൾമാരായിരുന്നവരും ചെന്നൈ ലോയോള കോളജിലെ ഡീനുമൊക്കെ ജനിച്ച്​ വളർന്നത്​ ലയങ്ങളിൽ. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ലയങ്ങൾക്ക്​ മുന്നിൽ റോഡ്​ വന്നുവെന്നതാണ്​ ഏക മാറ്റം. അതിന്​ മുമ്പ്​ വൈദ്യൂതിയും എത്തി.

ടാറ്റാ കമ്പനിയായിരിക്കെ വി.ആർ.എസ്​ പ്രഖ്യാപിച്ചപ്പോൾ ജോലി വിട്ട കുറച്ച്​ പേർ കിട്ടിയ പണവുമായി ആനച്ചാൽ, മറയുർ മേലാടി എന്നിവിടങ്ങളിൽ സ്​ഥലം വാങ്ങി വീട്​ വെച്ചു.പക്ഷെ, ബഹുഭൂരിപക്ഷവും എസ്​റ്റേറ്റ്​ ലായങ്ങളിലെ വീടുകളിൽ കഴിയുന്നു. ഒരു മുറിയും അടുക്കളയും അതായിരുന്നു നേരത്തെ ഒരു യൂണിറ്റ്​ വീട്​. ഇപ്പോൾ ഹാൾ വിഭജിച്ച്​ ഒരു മുറി കൂടി കൂട്ടിയെടുത്തു. മുന്നാർ മേഖലയിൽ ലയങ്ങൾ ആണെങ്കിൽ മറ്റ്​ ചിലയിടത്ത്​ ലായവും പാഡിയുമൊക്കെയാണ്​. മൂന്നാറിലെ എസ്​റ്റേറ്റ്​ ലയത്തിൽ ജനിച്ച് ​വളർന്ന ജി.വരദൻ, എസ്​.സുന്ദരമാണിക്കം, എ.കെ.മണി, എസ്​.രാജേന്ദ്രൻ എന്നിവർ നിയമസഭയിൽ എത്തിയെങ്കിലും തോട്ടം തൊഴിലാളികളുടെ വീടുകൾക്ക്​ മാറ്റമില്ല. വരദൻ എം.എൽ.എയായിരിക്കു​േമ്പാഴും എസ്​റ്റേറ്റ്​ ലയത്തിലെ വീട്ടിലാണ്​ താമസിച്ചത്​. മറ്റുള്ളവർക്ക്​ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചു.

പീരുമേട്​ മേഖലയിലെ മിക്ക തൊഴിലാളികൾക്കും​ സ്വന്തമായി വീടുനിർമ്മിക്കാൻ കഴിഞ്ഞു. അവിടെ സ്വകാര്യ ഭൂമിയുള്ളതിനാലാണ്​ അതിന് ​കഴിഞ്ഞത്​. എന്നാൽ, മുന്നാറിൽ സ്വകാര്യ ഭൂമിയുണ്ടായിരുന്നില്ല. അതിനാൽ, പ്ലാ​േൻറഷൻ ലേബർ ആക്​ട്​ പ്രകാരമുള്ള വീടുകളിൽ താമസിക്കുന്നു.

ഇവർക്ക്​ സ്വന്തമായി കിടപ്പാ​ടമെന്നത്​ സ്വപ്​നമാണ്​. അടുത്ത നാളിൽ മൂന്നാറിലെ ഭൂമിപ്രശ്​നവുമായി ബന്ധപ്പെട്ട്​ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമായി ദീർഘനേരം സംസാരിച്ചപ്പോൾ അദേഹം പറഞ്ഞത്​ മൂന്നാറിലെ ​ഭൂരഹിത തോട്ടം തൊഴിലാളികൾക്ക്​ അഞ്ച്​ സെൻറ്​ വീതം ഭൂമി നൽകണമെന്ന ആഗ്രഹമാണ്​. 1971ൽ സി.അച്യുതമേനോൻ സർക്കാ​ർ കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഭൂമി ഏറ്റെടുത്തുവെങ്കിലും കണ്ണൻ ദേവൻ കമ്പനിയെ വളർത്തിയ തോട്ടം തൊഴിലാളികൾക്ക്​ ഒരു തുണ്ട്​ ഭൂമി നൽകാൻ കഴിഞ്ഞില്ല. രാഷ്​ട്രിയ തീരുമാനമുണ്ടായാൽ​ ഏറ്റെടുത്ത ഭൂമിയിൽ നിന്നും അർഹതപ്പെട്ടവർക്ക്​ കിടപ്പാടത്തിന്​ സ്​ഥലം നൽകാൻ കഴിയുമെന്ന ആത്​മവിശ്വാസം അദേഹം പ്രകടിപ്പിച്ചു. എന്നാൽ, എന്ന്​?തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബിനോയ്​ വിശ്വം മന്ത്രിയായിരിക്കെ പറയുമായിരുന്നു.ഇപ്പോഴും അദേഹത്തിൻറ നിലപാടിൽ മാറ്റമില്ല.

മൂന്നാറിലെ കുട്ടിയാർവാലിയിൽ ഭൂരഹിതർക്ക്​ സ്​ഥലം നൽകാനാണ്​ ലക്ഷ്യമിട്ടത്.എന്നാൽ, ഭൂമി ലഭിച്ചത്​ ആർക്ക്​? സ്​പെഷ്യൽ ബ്രാഞ്ച്​ പൊലീസ്​ നേരത്തെ സർക്കാരിന്​ നൽകിയ റിപ്പോർട്ട്​പ്രകാരം അവിടെ ഭൂമി കിട്ടിയത്​ മുന്നാറുകാർക്കല്ല, തമിഴ്​നാടിൽ സ്വന്തമായി ഭൂമിയും റേഷൻ കാർഡും വോട്ടർ കാർഡുമുള്ളവർ വ്യാജ വിലാസത്തിൽ ഭൂമി സ്വന്തമാക്കി. അതിന്​ ഇടനിലക്കാരുണ്ടായിരുന്നു. വ്യാജ രേഖ ചമച്ച്​ സർക്കാർ ഭൂമി സ്വന്തമാക്കിയവരാണ്​ മല കയറിവന്ന കയ്യേറ്റക്കാർ.അവർക്കൊക്കെ ഇത്​ എത്ര നിസാരം.

കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ്​ മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ്​ വീതം ഭൂമി നീക്കി വെച്ചുവെങ്കിലും  കമ്പനിയിലെ തൊഴിലാളികളും ജീവനക്കാരും തലമുറകൾ കൈമാറി അതേ വീട്ടിൽ. മൂന്നാറിലെ രാഷ്​ട്രിയക്കാർക്കും പ്രാദേശിക പത്രക്കാർക്കും വരെ വീടുകൾ നൽകുന്നുമുണ്ട്​ കണ്ണൻ ദേവൻ കമ്പനി.

 1877ൽ പൂഞ്ഞാർ തമ്പുരാൻ  കണ്ണൻ ദേവൻ കമ്പനിക്ക്​ പാട്ടത്തിന്​നൽകിയ ഭൂമി പൂർണമായും കൃഷിക്ക്​ ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്​ 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച്​ വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്​.ഇതിന്​ എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച്​ വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
 കൺസഷൻ ലാൻഡിന്​ പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച്​ 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക്​ നൽകിയത്​ 2611.38
സർക്കാരിൽനിക്ഷിപ്​തമാക്കിയത്​ 70522.12 ഏക്കർ
കമ്പനിക്ക്​ തിരികെ നൽകിയത്​ 57359.14 ഏക്കർ
തേയില- 23239.06
വിറക്​ കൃഷി 16898.91
കന്നുകാലികൾക്ക്​ മേയാൻ- 1220.77
കെട്ടിടം,റോഡ്​, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത്​ 6393.59
എസ്​റ്റേറ്റുകൾക്ക്​ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച്​ വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വി​ല്ലേജിലെ പെരിയകനാൽ എന്നി എസ്​റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച്​ വ്യക്​തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത്​ ചെയ്യണമെന്ന്​ സംബന്ധിച്ച്​ 1975​​ലെ സർക്കാർ ഉത്തരവിലുടെ വ്യക്​തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക്​ പതിച്ച്​ നൽകണമെന്ന്​ നിർദേശിച്ചു. ഇതിനായി പ്ര​ത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന്​ ഒരു ഹെക്​ടർ വീതം ഭൂമി പതിച്ച്​ നൽകാനാണ്​ നിയമത്തിൽ പറഞ്ഞത്​.1980ലും 1985ലുമായി ഏതാണ്ട്​ 2500 ഒാളം ഹെക്​ടർ ഭൂമി വിതരണം ചെയ്​തു. പിന്നിട്​ കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്​തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക്​ പട്ടയം നൽകിയെന്നും 1016 പേർക്ക്​ പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ്​ അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്​.

 മൂന്നാറിൽ ഏ​റ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക്​ 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം ​സെൻറ്​ വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന്​ കൈമാറാൻ നിർ​ദേശിച്ചതിലും 852 ഏക്കർ കുറച്ചാണ്​ വിജ്ഞാപനം ചെയ്​തതു. ഇതൊക്കെ ക​​യ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ്​ മൂന്നാർ കോളനിയും ലക്ഷം വീടും.

മൂന്നാറിൽ കമ്പനിയുടെ കൈവശമുള്ള 28758.27 ഏക്കർ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്​ 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു.​ കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും  നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്​ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ്​ ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുക്കുന്നത്​ തടസപ്പെടുത്തിയത്​. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്​ തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും ഒാഹരി ഉടമകളാണ്​ കമ്പനി നടത്തുന്നത്​.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്​റ്റാഫ്​ ജീവനക്കാർ,കച്ചവടക്കാർ, മറ്റ്​  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.അവർക്ക്​ നാലു സെൻറ്​ വീതം നൽകാൻ വേണ്ടി വരുന്നത്​ 600 ഏക്കർ ഭൂമി മാത്രമാണ്​.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.

എം.ജെ.ബാബു 9447465029



05 August 2020

റോയൽ സ്​റ്റുഡിയോ രത്തിനം അണ്ണനും യാത്രയായി


                    

                ഇറുദയ സാമി രത്തിനം 


മൂന്നാറി​െൻറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു കണ്ണി കൂടി നഷ്​ടപ്പെട്ടു. റോയൽ സ്​റ്റുഡിയോയിലെ ഇറുദയ സാമി രത്തിനം അണ്ണൻ കഴിഞ്ഞ ദിവസമാണ്​ കോയമ്പത്തൂരിൽ മരണമടഞ്ഞത്​. 90 വയസുണ്ടായിരുന്നു.മൂന്നാറുകാരുടെ ചെറിയ നൈനയായിരുന്നു അദേഹം. ഇദേഹത്തെ ചേട്ടൻ റോയൽ വലിയ നൈനയും.

മൂന്നാർ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും മൂന്നാറി​െൻറ പൈതൃകം തേടി തുടങ്ങുകയും ചെയ്​തപ്പോഴാണ്​ റോയൽ സ്​റ്റുഡിയോയിലെ ആദ്യകാല ചിത്രങ്ങൾക്ക്​ വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചത്​. മുന്നാറിലെ മറ്റ്​ ഫോ​​​േട്ടാഗ്രാഫർമാരെ പോലെ റോയൽ സ്​റ്റുഡിയോയിലെ കാമറന്മാരും അവർ ഒപ്പിയെടുത്ത ചരിത്ര മുഹുർത്തങ്ങൾ സൂക്ഷിച്ചിരുന്നില്ല.ഏതൊക്കെയോ ചില ചിത്രങ്ങൾ ഉണ്ടായിരുന്നത്​ ആരൊക്കെയോ കൊണ്ട്​ പോയി. ചിലതിനൊക്കെ റോയൽ സ്​​റ്റുഡിയോ എന്ന ക്രെഡിറ്റ്​ ലഭിച്ചു.

രത്തിനം അണ്ണ​െൻറ പിതാവ്​ പരംജ്യോതി നായിഡുവാണ്​ മൂന്നാറിൽ റോയൽ ഇലക്​ട്രിക്കൽ സ്​റ്റുഡിയോ സ്​ഥാപിക്കുന്നത്​.കഴിഞ്ഞ നൂറ്റാണ്ടി​െൻറ തുടക്കത്തിൽ ആയിരുന്നിരിക്കണം. അന്നത്തെ കണ്ണൻ ദേവൻ കമ്പനി ഉദ്യോഗസ്​ഥരാണ്​ തൂത്തുക്കുടിയിൽ നിന്നും പരം ജ്യോതി നായിഡുവിനെ വിളിച്ച്​ വരുത്തുന്നത്​. കമ്പനിയുടെ ആവശ്യങ്ങൾക്ക്​ ഫോ​േട്ടാ എടുപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ആ ചിത്രങ്ങളൊക്കെ അങ്ങ്​ ഇംഗ്ലണ്ട്​ വരെ പറന്നു. അന്നത്തെ മാനേജർമാരും മേധാവികളും ബ്രിട്ടിഷുകാരായിരുന്നു. അവരുടെ കുട്ടികളുടെ ജന്മദിന ആഘോഷങ്ങൾ,വിവാഹ പാർട്ടികൾ, തുടങ്ങി കമ്പനിയുമായും ബന്ധപ്പെട്ട ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും റോയൽ സ്​റ്റുഡിയോയുടെ സാന്നിധ്യമുണ്ടായിരുന്നു.


              പരം ജ്യോതി നായിഡു

മൂന്നാറി​െൻറ ഒാരോ മുഹുർത്തങ്ങളും-അത്​ തീവണ്ടി സർവീസാണെങ്കിലും മോ​േട്ടാർ വാഹനം വന്നതാണെങ്കിലും നായിഡുവിൻറ കാമറയിൽ പതിഞ്ഞു. റോപ്പ്​വേ,മോണോ റെയിൽ, റെയിൽ എഞ്ചിൻ, വൈദ്യൂതി നിലയം, മോ​േട്ടാർ സൈക്കിൾ, കാർ, മൃഗ വേട്ട തുടങ്ങി അക്കാലത്തെ ചരി​​​ത്രം ഇന്നത്തെ തലമുറ വായിക്കുന്നത്​ റോയൽ സ്​റ്റുഡിയോയുടെ ചിത്രങ്ങളിലുടെയാണ്​.1924ലെ മഹാപ്രളയത്തിന്​ മുമ്പുള്ള മുന്നാർ ടൗണിൻറ ചിത്രവും അവരുടെ ശേഖരത്തിലുണ്ട്​. 1924ലെ മഹാപ്രളയത്തിൻറ ചിത്രങ്ങൾ അടുത്ത കാലത്ത്​ കേരളംകണ്ടത്​ റോയൽ സ്​റ്റുഡിയോയിലൂടെയാണ്​.​1947ലെ മൂന്നാറിലെ സ്വാതന്ത്ര്യ ദിനാഘോഷം കണ്ടതും റോയൽ സ്​ുറ്റുഡിയോ പകർത്തിയ ചിത്രത്തിലൂടെ.​

അക്കാലത്ത്​ ചില്ല്​ സ്ലൈഡുകളാണ്​ ഫിലിമിന്​ പകരം ഉപ​യോഗിച്ചിരുന്നത്​. വി​ദേശിയായ ടൗൺ സൂപ്രണ്ട്​ സമ്മാനിച്ച ഫീൽഡ്​ കാമറയിൽ ഒരേ സമയം രണ്ട്​ ചില്ല്​ നെഗറ്റീവിടാം. വെളിച്ചം ക്രമീകരിക്കാനും കാമറക്ക്​കഴിയുമായിരുന്നുവെന്ന്​ നേരത്തെ രത്തിനം അണ്ണൻ പറഞ്ഞിരുന്നു. ആ കാമറ സ്​റ്റാൻഡിൽ വെച്ചാണ്​​ 1924ലെ പ്രളയ ചിത്രങ്ങൾ പകർത്തിയത്​. ആ ചില്ല്​ നെഗറ്റീവുകൾ രത്തിനം അണ്ണൻറ മകൻ ജോൺസൻ നിധി പോലെ സുക്ഷിച്ചിട്ടുണ്ട്​. പരംജ്യോതി നായിഡുവിൻറ മരണത്തിന്​ ശേഷം മക്കൾ സ്റ്റുഡിയോ ഏറ്റെടുത്തു. അടുത്ത കാലം വരെ സ്​റ്റുഡിയോ പ്രവർത്തിച്ചിരുന്നു. പിന്നിട്​ കെ.ആർ.സ്​റ്റുഡിയോ, രാജൻ സ്​റ്റുഡിയോ എന്നിവയും സ്​ഥാപിക്കപ്പെട്ടു. ശിവ സ്​റ്റുഡിയോ, ശിവ ഉർവശി, സ്​റ്റുഡിയോ, സൂപ്പർ സ്​റ്റുഡിയോ എന്നിവയൊക്കെ ന്യു ജനറേഷനും.

മൂന്നാറി​െല ഇന്നത്തെ തലമുറയിലെ മിക്ക ഫോ​േട്ടാ ഗ്രാഫർമാരും റോയൽ സ്​റ്റുഡിയോയിൽ നിന്നും പഠിച്ചിറങ്ങിയവർ. അവരിൽ ചിലർ തമിഴ്​നാടിൽ പത്രങ്ങളിൽ ജോലി ചെയ്യുന്നു.

റോയൽ സ്​റ്റുഡിയോ അവസാനിപ്പിച്ചതിന്​​ ശേഷം രത്തിനമണ്ണൻ കുറച്ച്​ നാൾ സൂപ്പർ സ്​റ്റുഡിയോയിലുണ്ടായിരുന്നു.രത്തിനമണ്ണും ചേട്ടൻ നൈനയും പുറം ലോകത്ത്​ നിന്നും ചിത്രങ്ങൾ എടുത്തിരിക്കാം. പക്ഷെ, അതൊന്നും സൂക്ഷിക്കാനൊന്നും കഴിഞ്ഞിട്ടില്ല. അന്നൊന്നും അതിന്​ സംവിധാനവും ഉണ്ടായിരുന്നില്ല.

രത്തിനം അണ്ണൻ പോയതോടെ ആ ഫോ​േട്ടാ ഗ്രാഫർ തലമുറ അവസാനിച്ചു. എനിക്ക്​ ഒാർമ്മ വെച്ച നാൾ മുതൽ കണ്ട്​ വന്ന ഒരു മുഖം കൂടി യാത്രയായി. ഇവരു!ടെ സ്റ്റുഡിയോക്ക്​ തൊട്ടടുത്തായിരുന്നു ആദകാലത്ത്​ ഞങ്ങളുടെ ബാബു വാച്ച്​ ഹൗസ്​. അദേഹത്തിൻറ ആത്മാവിന്​ നിത്യശാന്തി നേരുന്നു. കുടുംബത്തിൻറ ദു:ഖത്തിൽ പങ്ക്​ ചേരുന്നു.


16 July 2020

കാവ്യനീതിയോ ദൈവനിശ്ചയമോ

വാളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലുണ്ട്.1986മുതൽ ഓരോ 10 വർഷം കൂടുമ്പോഴും സ്ത്രീ വിഷയം ഉയർത്തി കൊണ്ട് വരുന്ന ഇടതു മുന്നണി സ്ത്രീയുടെ പേരിൽ പ്രതിസന്ധി നേരിടുമ്പോൾ പിന്നിലേക്ക് നോക്കി പോകും. ഇടതുമുന്നണി മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ സ്ത്രീകളുടെ പരാതികൾ ചില ഘട്ടങ്ങളിൽ ഉയർന്ന് വരികയും മന്ത്രിമാർ രാജിവെക്കുകയും തിരിച്ച് വരുകയും ചെയ്തിട്ടുണ്ട്. എം.എൽ.എമാർക്കും നേതാക്കൾക്കും എതിരെയും ആരോപണം വന്നിട്ടുണ്ട്. എന്നാൽ, LDF ഭരണത്തിലെ മുഖ്യമന്ത്രിയുടെ ആഫീസിന് നേരെ ഇത്തരം ആരോപണം ഉയരുന്നത് ആദ്യമായിരിക്കാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിക്കെതിരെയാണ് ആരോപണം,ഏതെങ്കിലും ക്ലാർക്കിന് എതിരെയല്ല. അഴിമതി ആരോപണം പോലുമല്ല. ഒരു സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പ്രിൻസിപ്പൾ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആപ്പീസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവിടെ വിവാദ സ്ത്രീയാണ് താരം.വരുന്ന തദ്ദേശ ,നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയം ഇതായിരിക്കും.
പണ്ട് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ പീച്ചി യാത്രയും തൃശൂരിലെ കളവണ്ടിയുമായുള്ള കൂട്ടിയിടിയും വലിയ വിവാദമായിരുന്നു.എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി സ്ത്രീ പ്രശ്നം വരുന്നത് തങ്കമണി പൊലീസ് അതിക്രമത്തിലൂടെയാണ്.1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ കേട്ടത് തങ്കമണി എന്ന പേര് മാത്രം. തങ്കമണിയെന്നത് സ്ഥലപ്പേരാണോ വ്യക്തിയുടെ പേരാണോ എന്ന് പോലും അറിയാതെയായിരുന്നു പ്രചരണം.
K കരുണാകരൻ്റെ നേതൃത്വത്തിൽ UDF സർക്കാർ അധികാരത്തിലിരിക്കെ 1986 ഒക്ടോബറിലാണ് തങ്കമണിയിലെ പൊലീസ്  വെടിയ്പ്പ്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. അറസ്റ്റ് ഭയന്ന് പുരുഷന്മാർ ഒളിവിൽ പോയ വീടുകളിൽ പൊലീസ് കയറിയിറങ്ങി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം.എന്നാൽ മാനഭംഗപ്പെടുത്തൽ കഥ കെട്ടിച്ചമച്ചതായിരുന്നുവെന്ന് അന്ന് കോൺഗ്രസ് -എസ് നേതാവായിരുന്ന പെരുവന്താനം ജോൺ വെളിപ്പെടുത്തിയിരുന്നു.
തങ്കമണി പൊലീസ് വെടിവെയ്പ് കൂട്ടമാനഭംഗത്തിലേക്ക് മാറിയത് LDF സംഘത്തിൻ്റെ സന്ദർശനത്തിന് ശേഷമായിരുന്നു. എന്തായാലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി തങ്കമണി മാറി. LDF അധികാരത്തിൽ വന്നു.
10 വർഷത്തിന് ശേഷം 1996 ൽ LDF ആയുധമാക്കിയത് സൂര്യനെല്ലിയും മാലി വനിതകൾ ഉൾപ്പെട്ടുവെന്ന് പറയുന്ന ചാരക്കേസും. UDF ഭരണ കാലത്താണ് മൂന്നാർ സ്കൂളിലെ വിദ്യാർത്ഥിനിയായ സൂര്യനെല്ലിയിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാമുകൻ കൊണ്ട് പോയതും വാണിഭത്തിന് ഉപയോഗിച്ചതും.കേസിൽ ചില കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട താണ് LDF ന് ആയുധമായത്.മാധ്യമ പ്രവർത്തകരെന്ന പേരിൽ പെൺകുട്ടിയുടെ ഇൻ്റെർവ്യു റിക്കാർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിച്ചതായും കേട്ടിരുന്നു.കേരളമാകെ സൂര്യനെല്ലി കത്തിക്കയറി. A K ആൻ്റണി നടപ്പാക്കിയ ചാരായ നിരോധനത്തെ മറികടന്ന് സൂര്യനെല്ലി കേസ് വോട്ടർമാരെ സ്വാധിനിച്ചു. ഇതിന് പുറമെ ചാരക്കേസും. മാലി വനിതകളെ ഉൾപ്പെടുത്തി അതിനോടകം നിരവധി കഥകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു.K .കരുണാകരനെ മാറ്റി എ.കെ.ആൻ്റണി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതു   മുന്നണി വിജയം കണ്ടു.
2006 ൽ ഐസ് ക്രീം കേസായിരുന്നു LDF ൻ്റെ തെരഞ്ഞെടുപ്പ് വിഷയം. അപ്പോഴെക്കും ദൃശ്യമാധ്യമങ്ങളും എത്തി.മാധ്യമ പ്രവർത്തകരും അവരുടെ സംഘടനയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപ്പെട്ടതും 2006 ലാണ്. മുസ്ലീം ലീഗിലെ P K കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താൻ ചില ,മാധ്യമ പ്രവർത്തകർ സ്ക്വാഡുമായി മണ്ഡലത്തിൽ കറങ്ങി. കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഏക വിഷയമായി ഐസ് ക്രീം കേസ് മാറി. തെരഞ്ഞെടുപ്പിൽ LDF അധികാരത്തിലെത്തി.
പത്ത് വർഷത്തിന് ശേഷം സരിതയും ജിഷയുമായി വിഷയം.2016ലെ തെരഞ്ഞെടുപ്പിൽ മറ്റൊന്നും കേരളം കേട്ടില്ല. UDF സർക്കാരിന് എതിരെ LDF ഉയർത്തിക്കൊണ്ട് വന്നത് സരിത, ജിഷ വിഷയങ്ങൾ മാത്രം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെയും വെറുതെ വിട്ടില്ല. ആ അമ്മയേയും പെൺമക്കളെയും സമൂഹ മാധ്യമങ്ങളിലടക്കം പൊതു വിചാരണ നടത്തി. തെരഞ്ഞെടുപ്പ് ഫലം LDF ന് അനുകൂലമായി.ഇതിനിടെ മന്ത്രി ഗണേശ് കുമാറിനെതിരെ ഉയർന്ന ആരോപണം അവരുടെ വിവാഹ മോചനത്തിൽ കലാശിച്ചു.ഗണേശിൻ്റെ പാർട്ടി പിന്നിട് LDF പക്ഷത്തേക്ക് മാറി.
1987,96, 2006, 2016 നാല് തെരഞ്ഞെടുപ്പുകളിലും UDF ന് എതിരെ ഉന്നയിച്ച വിഷയം ബൂമറാങ്ങായി തിരിച്ച് വരികയാണോ? സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സ്വപ്നയാണ്. കാത്തിരുന്ന് കാണാം.

12 July 2020

RK;തോട്ടം ​​തൊഴിലാളികൾ നെഞ്ചിലേറ്റിയ നേതാവ്​



ആർ കെ വിടവാങ്ങിയിട്ട്​ ജൂലൈ 15ന്​ ആറാണ്ട്​

ആർകെ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന തോട്ടം തൊഴിലാളികളുടെ തലൈവർ വിടവാങ്ങിയിട്ട്​ ആറാണ്ട്​.കോൺഗ്രസ്​ നേതാക്കളടക്കം മറ്റുള്ളവർക്ക്​ കുപ്പുസ്വാമിയണ്ണനായിരുന്ന ആർ.കുപ്പുസ്വാമിയെന്ന തൊഴിലാളി നേതാവ്​. ​െഎ.എൻ.ടി.യു.സി കേരള ഘടകത്തിൻറ സ്​ഥാപക നേതാക്കളിലൊരാളായ ആർകെയായിരുന്നു ഹൈറേഞ്ചിൽ കോൺഗ്രസിൻറ മുഖം.ലീഡർ കെ.കരുണാകരൻ,ബി.കെ.നായർ എന്നിവർക്കൊപ്പം ​െഎ.എൻ.ടി.യു.സി കേരള ഘടകം രൂപീകരിക്കും മു​േമ്പ ആർ.കെ. തമിഴ്​നാട്​ ഘടകത്തിന്​ കീഴിലെ ​െഎ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു.
ജനനം കൊണ്ട്​ കേരളിയൻ അല്ലെങ്കിലും അദേഹത്തെ വളർത്തിയത്​ കേരളമാണ്​.കേരളത്തിലെ ഏറ്റവും വലിയ തോട്ടം തൊഴിലാളി യൂണിയനായിരുന്ന സൗത്ത്​ ഇൻഡ്യൻ പ്ലാ​േൻറഷൻ വർക്കേഴ്​സ്​ യൂണിയൻ പ്രസിഡൻറായി അര നൂറ്റാണ്ടിലേറേ കാലം പ്രവർത്തിച്ചു. ​െഎ.എൻ.ടി.യു.സി വൈസ്​ പ്രസിഡൻറ്​, പ്ലാ​േൻറഷൻ വർക്കേഴ്സ്​ ഫെഡറേഷൻ ദേശിയ വൈസ്​ പ്രസിഡൻറ്​, കെ.പി.സി.സി മെമ്പർ, കാൽ നുറ്റാണ്ട്​കാലം മൂന്നാർ പഞ്ചായത്തംഗം, കോഫി​ ബോർഡിലും ടി ബോർഡിലും അംഗം തുടങ്ങിയ നിലകളിൽ അദേഹം പ്രവർത്തിച്ചു.
എനിക്ക്​ ഒാർമ്മ വെച്ച നാൾ മുതൽ അദേഹത്തെ അറിയാം. കുപ്പുസ്വാമിയണ്ണനും എൻറ പിതാവ്​  എം.എ.ജലാലുമായുള്ള സൗഹൃദമാണ്​ അതിന്​ കാരണം. പിന്നിട്​ ഞാൻ കേരള വിദ്യാർഥി യൂണിയൻറ പ്രവർത്തകനായി മാറിയതോടെ മൂന്നാറിലെ ​െഎ എൻ ടി യു സി ആഫീസ്​ തറവാടായി മാറി. കോൺ​ഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന്​ രണ്ട്​ ചേരിയിലാകുന്നത്​ വരെ ആ ബന്ധം തുടർന്നു. പിന്നിട്​ ഒരു കൊടിക്കീഴിലേക്ക്​ മടങ്ങിയെങ്കിലും സംഘടനാപരമായ അഭിപ്രായ വിത്യാസം തുട​ർന്നു. തലമുറകൾ തമ്മിലുള്ള വിടവ്​ സൃഷ്​ടിച്ചതായിരുന്നു ആ അഭിപ്രായ വിത്യാസം. നേതൃനിരയിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയർന്ന് ​വന്ന കാലഘട്ടമായിരുന്നു അത്​.പിന്നിട്​ സംഘടനാ പ്രവർത്തനം ഉപേക്ഷിച്ച്​ മുഴുവൻ സമയ മാധ്യമ പ്രവർത്തകനായ ശേഷം മൂന്നാറിലെത്തു​േമ്പാൾ അദേഹത്തെ കാണുമായിരുന്നു. അദേഹം തിരുവനന്തപുരത്ത്​ വരു​േമ്പാൾ എന്നെയും അന്വേഷിച്ചിരുന്നു. മരണം വരെ ആ സൗഹൃദം തുടർന്നു.
1925 നവംബറിൽ തിരുനെൽവേലിക്കടുത്ത്​ വെള്ളാംകുളം ഗ്രാമത്തിൽ ജനിച്ച അദേഹത്തിന്​ നാലാം വയസിൽ പിതാവിനെ നഷ്​ടമായി.അതിനാൽ ചെറുപ്പത്തിൽ തൊഴിൽ തേടി പോകേണ്ടി വന്നു.പകൽ മുഴുവൻ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വിരട്ടിയോടിച്ച അനുഭവങ്ങൾ അദേഹം പറഞ്ഞിട്ടുണ്ട്​. അവകാശപ്പെട്ട കൂലി വാങ്ങിതരാൻ ആരെ​ങ്കിലും വന്നിരുന്നുവെങ്കിൽ എന്നാഗ്രഹിച്ച നാളുകൾ. പിൽക്കാലത്ത്​ പതിനായിരകണക്കിന്​ തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ ചോദിച്ച്​ വാങ്ങാൻ അദേഹത്തിന്​ കരുത്ത്​ പകർന്നതും കുട്ടിക്കാലത്തെ അനുഭവമാണ്​. മധു​ര ആർ വി മില്ലിൽ ജോലിക്ക്​ ചേർന്നതോടെയാണ്​ തൊഴിലാളി പ്രവർത്തനം ആരംഭിച്ചത്​. മനസിൽ വിപ്ലവമായിരുന്നതിനാൽ കമ്മ്യുണിസ്​റ്റ്​ പാർട്ടിയുടെ വഴിയാണ്​​ തെരഞ്ഞെടുത്തത്​.എന്നാൽ 1948ലെ കൽക്കത്ത കോൺഗ്രസിൽ തീവ്ര നിലപാടിലേക്ക്​ പാർട്ടി ലൈൻ മാറിയതോടെ സമാധാനത്തിൻറ വഴി തേടി ആർ കെ കമ്മ്യൂണിസ്​റ്റ്​ പാർട്ടി വിട്ടു.കുപ്പുസ്വാമിയെന്ന തൊഴിലാളി പ്രവർത്തകനെ കുറിച്ച്​ ചില സഹപ്രവർത്തകർ മധുരയിലെ കോൺഗ്രസ്​ നേതാക്കളെ അറിയിച്ചതനുസരിച്ചതാണ്​ എം.എസ്​.രാമചന്ദ്രൻ അദേഹത്തെ കാണാൻ എത്തിയത്​. അതൊരു പുതിയ സൗഹൃദത്തിന്​ തുടക്കമിട്ടു. കോൺഗ്രസിന്​ കീഴിൽ ​െഎ.എൻ.ടി.യു.സിയുടെ രൂപീകരണ നാളുകളായിരുന്നു അത്​. കുപ്പുസ്വാമിയിലെ തൊഴിലാളി പ്രവ​ർത്തകനെ കണ്ടറിഞ്ഞ മുതിർന്ന നേതാവ്​ കെ.കാമരാജും ജി.രാമാനുജവും ചേർന്ന്​ പുതിയ ചുമതല നൽകി.-ആർ.കെ മുഴുവൻ സമയ കോൺഗ്രസ്​ പ്രചാരകനായി. പ്രസംഗ പാടവമാണ്​ കാരണമായത്​.
മധുര ജില്ലയിലെ പ്രവർത്തനങ്ങൾക്കിടയിലാണ്​ ദേവികുളം, പീരുമേട്​ മേഖലയിലെ തമിഴ്​ തോട്ടം തൊളിലാളികളുടെ ദുരിത പൂർണ്ണമായ ജീവിതകഥയുമായി മൂന്നാറിലെ തമിഴ്​നാട്​ തിരുവിതാംകുർ കോൺഗ്രസ്​ നേതാക്കൾ മധുരയിലെത്തിയത്​. കെ.കമാരാജിൻറ നേതൃത്വത്തിൽ ​െഎ.എൻ.ടി.യു.സി നേതാക്കൾ മൂന്നാറിലെത്തി സൗത്ത്​ ഇൻഡ്യൻ പ്ലാ​േൻറഷൻ വർക്കേഴ്​സ്​ യൂണിയൻ രൂപീകരിച്ചുവെങ്കിലും ബ്രിട്ടീഷുകാരായ കണ്ണൻ ദേവൻ മാനേജ്​​മെൻറിൻറയും പൊലിസിൻറയും മറ്റും ഭീഷണിയെ തുടർന്ന്​ പ്രവർത്തിക്കാനോ തൊഴിലാളി പ്രശ്​നങ്ങൾ ഉന്നയിക്കാനോ യൂണിയന്​ കഴിഞ്ഞില്ല. ഇതേ തുടർന്നാണ്​ കുപ്പുസ്വാമിയെ മൂന്നാറിലെക്കേയക്കാനുള്ള നേതൃത്വത്തിൻറ തീരുമാനം.1950 ജനുവരിയിൽ ആർ.കെ മൂന്നാറിലെത്തി. ഭീഷണി വകവെക്കാതെ തൊഴിലാളി ലയങ്ങൾ അദേഹം കയറിയിറങ്ങി. അവർക്കൊപ്പം ഭക്ഷണം കഴിച്ചു. അവരുടെ വീടുകളിൽ അന്തിയുറങ്ങി. വൈകാതെ അവരുടെ വിശ്വസ്​തനായി അദേഹം മാറി. ഇതിനിടെ പലതവണ വധ ഭീഷണിയുണ്ടായി.1951 ജനുവരിയിൽ ഒറ്റപ്പാറയിൽ വെച്ച്​ മുളക്​ പൊടി കണ്ണിൽ എറിഞ്ഞ ശേഷമാണ്​ വധിക്കാൻ ശ്രമിച്ചത്​.ഗുരുതരമായി പരിക്കേറ്റ അദേഹത്തെയും സഹപ്രവർത്തകരെയും നാഗർകോവിലിൽ എത്തിച്ചാണ്​ ചികിൽസിച്ചത്​. മടങ്ങിയെത്തിയ ശേഷവും ആക്രമണം തുടർന്നു. മാനേജ്​മെൻറിൻറയും പൊലീസി​െൻറയും സഹായത്തോടെയായിരുന്നു ആക്രമണം. ഇതിനിടെ കന്യാകുമാരിക്കൊപ്പം മൂന്നാർ കേന്ദ്രീകരിച്ചും ഭാഷാ സമരം തുടങ്ങി. തമിഴ്​ ഭൂരിപക്ഷ പ്രദേശങ്ങൾ തമിഴ്​നാടിൽ ചേർക്കണമെന്ന്​ ​ആവശ്യപ്പെട്ടായിരുന്നു പ്ര​​ക്ഷോഭം. ഒരിക്കൽ പോലും മലയാളികൾക്ക്​ എതിരെയായിരുന്നില്ല സമരമെന്ന്​ അദേഹം പറഞ്ഞിരുന്നു. മലയാളികളെ വാക്ക്​ കൊണ്ട്​ പോലും നോവിച്ചില്ല. മലയാളികളും സമര​ത്തോട്​ ആ രീതിയലാണ്​ പെരുമാറിയത്​. എന്നാൽ, സർക്കാർ സംവിധാനം സമരം അടിച്ചമർത്താൻ ശ്രമിച്ചു. പൊലീസ്​ മർദ്ദനം തുടർക്കഥയായി. 1956 നവംബർ ഒന്നിന്​ ​െഎക്യ കേരളം നിലവിൽ വരുന്നത്​ വരെ ഭാഷാ സമരം തുടർന്നു. കന്യാകുമാരി തമിഴകത്തിൻറ ഭാഗമായെങ്കിലും ദേവികുളവും പീരുമേടും ഉൾപ്പെടുന്ന പ്രദേശം കേരളത്തിൽ തുടർന്നു. ഇതിന്​ എതിരെ ദൽഹിയിൽ സത്യാഗ്രഹം നടത്തിയ ശേഷമാണ്​ ഭാഷാ സമരം അവസാനിപ്പിച്ചത്​. തായ്​ നാട്​ ഇൻഡ്യ, തായ്​ മൊഴി തമിഴ്​ എന്ന സന്ദേശം നൽകിയാണ്​ സമരം അവസാനിപ്പിച്ചത്​.
കുപ്പുസ്വാമിയുടെ വരവോടെ തോട്ടം തൊഴിലാളി ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുകയായിരുന്നു. 1957ലെ ആദ്യ കമ്മ്യൂണിസ്​റ്റ്​ സർക്കാരി​െൻറ പിൻബലത്തിൽ മൂന്നാറിൽ എ.​െഎ.ടി.യു.സി യൂണിയൻ രൂപീകരിക്കുന്നത്​ വരെ കണ്ണൻ ദേവൻ കുന്നുകളിലെ അംഗബലമുള്ള ഏക യൂണിയൻ സൗത്ത്​ ഇൻഡ്യൻ വർക്കേഴ്​സ്​ യൂണിയനായിരുന്നു. എ.​െഎ.ടി.യു.സി യൂണിയൻ വന്നതോടെ ഏറ്റുമുട്ടൽ പതിവായി.1958ലെ വെടിവെയ്​പിൽ പാപ്പമ്മാളും ഹസൻ റാവുത്തറും മരണപ്പെട്ടതും അതിൻറ തുടർച്ച.
തോട്ടം തൊഴിലാളികൾ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങൾ നെടിയെടുക്കുന്നതിൽ ആർ കെയുടെ വിയർപ്പുണ്ട്​.കോൺഗ്രസ്​ പ്രസി1നറായിരുന്ന കെ.കാമരാജ്​, ​െഎ.എൻ.ടി.യു.സി പ്രസിഡൻറുമാരായിരുന്ന മുൻ കേന്ദ്ര തൊഴിൽ മന്ത്രി ഖണ്ഡുഭായ്​ ദേശായ്​, ജി.രാമാനുജം തുടങ്ങിയവർ തോട്ടം തൊഴ​ിലാളികളുടെ പ്രശ്​നങ്ങൾ മൂനനാറിലെത്തി നേരിട്ട്​ കണ്ടറിഞ്ഞവരാണ്​.പ്ലാ​േൻറഷൻ ലേബർ ആക്​ട്​ കാരണമായതും ഇവരുടെ ഇടപ്പെടലാണ്​. എട്ടു മണിക്കുർ ജോലി, ഒാവർടൈം, ക്ഷാമ ബത്ത, സൗജന്യചികിൽസ സൗകര്യം, വീട്​, വിദ്യാഭ്യാസം തുട​ങ്ങി ഏറ്റവും അവസാനം വീട്​ വൈദ്യുതികരണവും കമ്പനിയിൽ ഒാഹരി പങ്കാളിത്തവും അടക്കമുള്ള വിഷയങ്ങളിൽ അദേഹത്തിൻറ പങ്കും വിസ്​മരിക്കാനാവില്ല. തോട്ടം തൊഴിലാളികൾ ഉള്ളിടത്തോളം കാലം ആർ.കെയുടെ സ്​മരണ നിലനിൽക്കും.​​
അവസാന നാളുകളിൽ അദേഹം കോൺഗ്രസുമായി അകന്നിരുന്നു. പ്രാദേശിക പ്രശ്​നങ്ങളുടെ പേരിലായിരുന്നു അത്​. ചില തെറ്റിദ്ധാരണകളും വാശിയും കാരണമായി. അദേഹത്തി​െൻറ സന്തത സഹചാരിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം.മുത്തുസ്വാമിയുടെ മരണവും അദേഹത്തെ തളർത്തി. എങ്കിലും മൂവർണ്ണ പതാക കൈവിട്ടില്ല. മരണം വരെ മൂവർണ്ണ പതാക നെഞ്ചോട്​ ചേർത്തു വെച്ചു.ഇന്ദിരാഗാന്ധി തുടങ്ങി മൂന്ന്​ തലമുറയിലെ നേതാക്കളുമായി വ്യക്​തിപരമായി അടുപ്പം പുലർത്തിയിരുന്ന അദേഹത്തെ വിസ്​മരിച്ച്​ കൊണ്ട്​ ​തോട്ടം തൊഴിലാളികളുടെ അവകാശ ചരിത്രം എഴുതാനാകില്ല. കണ്ണൻ ദേവൻ കുന്നുകളിൽ കോൺഗ്രസിനെ പരിചയപ്പെടുത്തിയതും അദേഹമാണ്​.അദേഹത്തിൻറ സ്​മരണക്ക്​ മുന്നിൽ ആദരാജ്​ഞലികൾ…….
എം.ജെ.ബാബു





06 July 2020

ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, നമുക്ക്​ കുറിഞ്ഞിയെ സംരക്ഷിക്കാം




‘‘ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തിൽ നടപ്പിലാക്കുന്ന കുറിഞ്ഞി, പുൽമേട് ,ചോല പുനസ്ഥാപന പദ്ധതികൾക്ക് ജൂലൈ ആറിന് മൂന്നാറിലെ കുറിഞ്ഞി ക്യാമ്പ് ഷെഡിൽ തുടക്കമാവും. യൂക്കാലിപ്റ്റസ് തോട്ടമായിരുന്ന രണ്ട്​ ഹെക്ടര് പ്രദേശത്താണ് കുറിഞ്ഞി പദ്ധതി നടപ്പാക്കുക. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്ത് വനംവകുപ്പ് ശേഖരിച്ച വിത്തുകൾ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് മുളപ്പിച്ചു വളർത്തിയ 5000 നീലകുറിഞ്ഞി തൈകളാണ് ഇവിടെ നടുന്നത്. മൂന്നാർ ആനമുടി ഷോല ദേശീയോദ്യാനത്തിലെ പഴത്തോട്ടത്ത് കാട്ടുതീയിൽ നശിച്ച 95 ഹെക്ടർ വാറ്റിൽ തോട്ടത്തിലെ 50 ഹെക്ടറിൽ പുൽമേട് പുനസ്ഥാപനവും അപ്പർ ഗുണ്ടുമല, കുണ്ടള പ്രദേശങ്ങളിലെ 23 ഹെക്ടർ പ്രദേശത്ത് ചോലക്കാടുകളുടെ പുനസ്ഥാപനവുമാണ് നടപ്പിലാക്കുക. തനത് സസ്യ ഇനങ്ങളുടെ 8000 തൈകളാണ് ഇവിടെ നട്ടുവളർത്തുക. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആദ്യമായി ഒരു പരിസ്ഥിതി പുനസ്ഥാപന ഡി സിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്’’. വനം-വന്യജീവി വകുപ്പിൻറ അറിയിപ്പിൽ നിന്നാണ്​ ഇൗ വിവരം.മൂന്നര പതിറ്റാണ്ട്​ മുമ്പ്​ ഏതാനം യുവാക്കൾ തുടക്കമിട്ട സേവ്​ കുറിഞ്ഞി എന്ന മുദ്രാവാക്യത്തിന്​ ലഭിച്ച അംഗീകാരം കൂടിയാണ്​ വനം-വന്യ ജീവി വകുപ്പി​െൻറ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കുറിഞ്ഞി സ​േങ്കതത്തിന്​ എതിരെ ഉയർന്ന രാഷ്​ട്രിയ നീക്കങ്ങൾക്ക്​ വൈകിയാണെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുന്നു.
മണവും ഗുണവും ഇല്ലാത്ത ചെടിയാണ്​ കുറിഞ്ഞിയെങ്കിലും അതുയർത്തിയ ടുറിസ, രാഷ്​ട്രിയ മൂല്യം എത്രയോ വലുതാണ്​.കുറിഞ്ഞി സ​​​​േങ്കതത്തിന്​ എതിരെ ഉയർന്ന രാഷ്​ട്രിയ വിവാദം മറക്കാറായിട്ടില്ല.കുറിഞ്ഞി സ​​േങ്കതത്തിൻറ വിസ്​തൃതി കുറക്കാൻ വരെ നീക്കം നടന്നു.പരിസ്​ഥിതി പ്രവർത്തകരും ഏതാനം മാധ്യമ പ്രവർത്തകരും നിയമ, സാ​േങ്കതിക പ്രശ്​നം ഉയർത്തി നടത്തിയ പോരാട്ടമാണ്​ അതിന്​ തടസമായത്​. അ​​ല്ലെങ്കിൽ കുറിഞ്ഞി സ​േങ്കതം പേരിൽ അവസാനിക്കുമായിരുന്നു. അവിടെ നിന്നാണ്​ ഇന്നത്തെ ഇൗ മാറ്റം എന്നത്​ പരിസ്​ഥിതി സംരക്ഷണ മേഖലക്ക്​ പ്രതീക്ഷ നൽകുന്നു.
ഒരിക്കൽ കഞ്ചാവ്​ കൃഷിക്ക്​ കുപ്രസിദ്ധി നേടിയ പ്രദേശങ്ങളാണ്​ ഇപ്പോൾ കുറിഞ്ഞി സ​േങ്കതമായി മാറിയ വട്ടവട പഞ്ചായത്തിലെ കമ്പക്കല്ല്​, കടവരി മലനിരകൾ..വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന്​ വേണ്ടിയുള്ള ആദ്യ സ​േങ്കതം. നീലകുറിഞ്ഞിയിൽ നിന്നാണ്​ ഗീലഗിരിയെന്ന പേരുണ്ടായതെങ്കിലും കുറിഞ്ഞിയും നീലഗിരി താറും (വരയാട്​) സംരക്ഷിക്കുന്നത്​ കേരളമാണ്​.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന ചെടി​യെന്ന നിലയിൽ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന നീലകുറിഞ്ഞിയുടെ സംരക്ഷണത്തിന്​ പിന്നിൽ തിരുവനന്തപുരത്ത്​ സ്​റ്റേറ്റ്​ ബാങ്ക്​ ജീവനക്കാരനായിരുന്ന രാജ്​കുമാറി​െൻറ പങ്ക്​ ചെറുതല്ല. 1982ലെ കുറിഞ്ഞി പൂക്കാലത്താണ്​ കുറിഞ്ഞി കാണാൻ രാജ്​കുമാർ മൂന്നാറിൽ എത്തിയത്​. മുന്നാറിലും പരിസരങ്ങളിലും അന്ന്​ ധാരാളം കുറിഞ്ഞിയുണ്ടായിരുന്നു.തുടർന്ന്​ വട്ടവടയും കടവരിയും പിന്നിട്ട്​ കൊഡൈക്കനാൽ വഴി തിരുവനന്തപുത്തിന്​ മടങ്ങിയ രാജ്​കുമാർ, കവിയത്രി സുഗതകുമാരി ടീച്ചറിൻറ വീട്ടിലെത്തി കാഴ്​ചകൾ വിവരിച്ചു. ടീച്ചർക്ക്​ സുഖമില്ലാത്തതിനാൽ, യാത്രക്ക്​ കഴിയുമായിരുന്നില്ല.എങ്കിലും കാണാത്ത കുറിഞ്ഞിയെ കുറഞ്ഞി ടീച്ചർ കവിതയെഴുതി.ടീച്ചറി​െൻറ ഭർത്താവ്​ ഡോ.കെ.വേലായുധൻ നായർ, ആശാൻ എന്ന്​ പരിസ്​ഥിതി പ്രവർത്തകർ സനേഹപൂർവ്വം വിളിച്ചിരുന്ന കെ.വി.സുരേന്ദ്രനാഥ്​,പി.കെ.ഉത്തമൻ,സുരേഷ്​ ഇളമൺ എന്നിവർക്കൊപ്പം രാജ്​കുമാർ വീണ്ടും കുറിഞ്ഞി കാണാൻ മടങ്ങിയെത്തി. വാറ്റിൽ പ്ലാ​േൻറഷനുകൾക്ക്​ വേണ്ടി കുറിഞ്ഞി ചെടികൾ നശിപ്പിക്കുന്നതിന്​ എതിരെയായിരുന്നു അന്നത്തെ നീക്കം. കുറിഞ്ഞി സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയും ഉയർന്നു.
1989ലെ കുറിഞ്ഞി പൂക്കാലത്താണ്​ കുറിഞ്ഞി സംരക്ഷണ യാത്രക്ക്​ തുടക്കം. കൊഡൈക്കാനലിൽ നിന്നും ക്ലാവര, കടവരി, വട്ടവട വഴി മൂന്നാറിലേക്കായിരുന്നു പദയാത്ര. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യാത്രക്കായി കൊഡൈക്കനാലിൽ എത്തി. മൂന്നാറിൽ നിന്നും ഞാനും സി.കുട്ടിയാപിള്ളയുമാണ്​ കൊഡൈക്കനാലിൽ എത്തിയത്​. ഹിന്ദുവിലെ റോയി മാത്യു, ​പെരുവന്താനം ജോൺ എന്നിവർക്കൊപ്പമാണ്​ ​മൂന്നാറിൽ നിന്നും പോയത്​. എന്നാൽ, കഞ്ചാവ്​ വേട്ടകളുടെ പേരിൽ അന്ന്​ CAN (Citizen Against Narcotics)സെക്രട്ടറിയായിരുന്ന എനിക്ക്​ കഞ്ചാവ്​ കൃഷിക്കാരിൽ നിന്നും വധ ഭീഷണി നിലനിന്നിരുന്നതിനാൽ കടവരി,കമ്പക്കല്ല്​ മേഖലകളിൽ പോകുന്നതിന്​ വിലക്കുണ്ടായിരുന്നു. അതിനാൽ, സംസ്​ഥാന അതിർത്തി വരെ പദയാത്ര സംഘത്തിനൊപ്പം സഞ്ചരിച്ച്​ മൂന്നാറിലേക്ക്​ മടങ്ങി. മൂന്നാറിൽ എത്തിയ ജാഥക്ക്​ ഹൈറേഞ്ച്​ വൈൽഡ്​ലൈഫ്​ പ്രിസർവേഷൻ അസോസിയേഷനും സംസ്​കാര നേച്ചർ ക്ലബ്ബുമൊക്കെ ചേർന്നാണ്​ വരവേൽപ്പ്​ നൽകിയത്​. കുറിഞ്ഞി ധാരാളമായി വളരുന്ന വട്ടവട പഞ്ചായത്തിലെയും തമിഴ്​നാടിലെ പ്രദേശങ്ങളും ചേർത്ത്​ കുറിഞ്ഞി സ​​േങ്കതം  വേണമെന്ന ആവശ്യം ഉയരുന്നതും കുറിഞ്ഞി സംരക്ഷണ യാത്രയിലാണ്​. സേവ്​ കുറഞ്ഞി കാമ്പയ്​ൻ കൗൺസിലും രൂപീകരിച്ചു. വിവിധ മാധ്യമങ്ങളിൽ കുറിഞ്ഞി ഫീച്ചറുകൾ വന്നതോടെ വിനോദ സഞ്ചാരികളും മലകയറി എത്തി. ലക്ഷങ്ങളാണ്​ ഒാരോ സീസണിലും എത്തിയത്​. വിനോദ സഞ്ചാരികൾക്ക്​ വാസമൊരുക്കാൻ എന്ന പേരിൽ കുറിഞ്ഞിക്കാടുകൾ വെട്ടിനശിപ്പിച്ച്​ അവിടെങ്ങളിൽ വ്യാജപട്ടയത്തിൻറ മറവിൽ റിസോർട്ടുകൾ പടുത്തുയർത്തിയതും മൂന്നാർ കണ്ടു.
ടൂറിസത്തിന്​ വേണ്ടി കുറിഞ്ഞിയെ മാർക്കറ്റ്​ ചെയ്യു​േമ്പാൾ തന്നെ കുറിഞ്ഞിക്കാടുകളുടെ വിസ്​തൃതി കുറിഞ്ഞുവന്നു. വട്ടവട മേഖലയിൽ നിന്നും കഞ്ചാവ്​ പതുക്കെ പതുക്കെ ഒഴിവാക്കപ്പെട്ടതോടെ കുറിഞ്ഞി തിരിച്ച്​ വന്ന്​ തുടങ്ങിയിരുന്നു. എന്നാൽ, വട്ടവട പഞ്ചായത്തിൽ വ്യവസായികാടിസ്​ഥാനത്തിൽ യൂക്കാലി കൃഷി ആരംഭിച്ചത്​ കുറിഞ്ഞിക്ക്​ മാത്രമല്ല, പരിസ്​ഥിതിക്കും ഭീഷണിയായി. വട്ടവടയിൽ ജലക്ഷാമം രൂക്ഷമായി. അരുവികൾ പലതും വറ്റി.
ഇതിനിടെയിലും കുറിഞ്ഞി സംരക്ഷണത്തിന്​ വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. തിരുവനന്തപുരത്ത്​ സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. വട്ടവടയുടെ ജലക്ഷാമം പരിഹരിക്കാൻ പരിസ്​ഥിതി പുന:സ്​ഥാപനത്തിന്​ കുറിഞ്ഞി സ​േങ്കതമെന്ന ആവശ്യവും ഉയർന്നു.പരിസ്​ഥിതി ചിന്തകാനായ ബിനോയ്​ വിശ്വം വനം മ​ന്ത്രിയായതും പരിസ്​ഥിതി പ്രവർത്തകൻ കൂടിയായ സി പി ​െഎ നേതാവ്​ പി.പ്രസാദ്​ അദേഹത്തി​െൻറ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിയായതും പ്രതീക്ഷ പകർന്നു. 2006ലെ കുറിഞ്ഞി പൂക്കാലത്ത്​ കുറിഞ്ഞി സ​േങ്കതം നിലവിൽ വരാൻ കാരണം ബിനോയ്​ വിശ്വത്തിൻറ ശക്​തമായ ഇടപ്പെടലായിരുന്നു. എങ്കിലും തടസങ്ങൾ സൃഷ്​ടിക്കാൻ കയ്യേറ്റക്കാരുണ്ടായിരുന്നു. മൂന്നാറിൽ ​ആർ.മോഹനൻറ നേതൃത്വത്തിൽ രൂപപ്പെട്ട പരിസ്​ഥിതി പ്രവർത്തകരുടെ കൂട്ടായ്​മയാണ്​ വനപാലകർക്ക്​ ഇപ്പോൾ പിന്തുണ നൽകുന്നത്​.ഇരവികുളത്തിന്​ പുറമെ ഒരിടത്തെങ്കിലും കുറിഞ്ഞികൾക്ക്​ ഇടമൊരുക്കാൻ കഴിഞ്ഞു. ഒന്ന്​ മുതൽ മുതൽ 16വർഷം വരെയുള്ള നിശ്ചിത ഇടവേളകളിൽ പൂക്കുന്ന കുറിഞ്ഞികൾ കണ്ടെത്തി അവയെ കുറിഞ്ഞി സ​േങ്കതത്തിൽ സംരക്ഷിക്കാൻ കഴിയണം.
മൂന്നാറിലെ പുൽമേടുകളിലും കുറിഞ്ഞി വിത്തുകൾ വിതക്കണം. മൂന്നാറിൽ നിന്നും അപ്രത്യക്ഷമായ കുറിഞ്ഞികൾ തിരിച്ച്​ വര​െട്ട. ഒപ്പം മൂന്നാറിൽ മുമ്പുണ്ടായിരുന്ന ഒാർക്കിഡുകൾ അടക്കമുള്ള ചെടികളും പന്നലുകളും സംരക്ഷിക്കണം. കുറിഞ്ഞിക്ക്​ വേണ്ടി പദ്ധതി തയ്യാറാക്കിയ വനം വകുപ്പിനും നനി. ഇതിൻറ പിന്നിൽ പ്രവർത്തിച്ച വനപാലകർക്കും നന്ദി.ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, പരിസ്​ഥിതി സംരക്ഷണത്തിന്​ ഞങ്ങളുണ്ടാകും.
M J Babu