Pages

21 August 2020

ഒരിക്കലും ഒാർക്കാൻ ഇഷ്​ടപ്പെടാത്ത കാഴ്​ചകൾ

 പെട്ടിമുടി ഉരുൾപൊട്ടൽ മറക്കാനാവാതെ​ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാമും  മുൻ എം​എൽ.എ എ.കെ.മണിയും


 ഒരു രാത്രി മുഴുവൻ തണുത്ത്​ വിറങ്ങലിച്ച്​ കാവൽ നിന്ന ഭയാനകമായ അന്തരീക്ഷം, എന്താണ്​ സംഭവിച്ചതെന്ന്​ പോലും അറിയാത്ത മണിക്കുറുകൾ, ഇരുട്ടും മഴയും കാറ്റും-പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം അനുസ്​മരിക്കുകയായിരുന്നു അവിടെ നിന്നുള്ള മൂന്നാർ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാം. ഉരുൾപൊട്ടലിൽ തകർന്ന ലയങ്ങൾക്ക്​ തൊട്ടടുത്ത ലയത്തിലെ താമസക്കാരിയാണ്​ മെമ്പർ.

                   ശാന്ത ജയറാം ഗ്രാമ പഞ്ചായത്തംഗം

വൈദ്യുതിയില്ലാത്തതിനാൽ എന്താണ്​ സംഭവിച്ചതെന്ന്​ അറിയുമായിരുന്നില്ല.വെള്ളപാച്ചിലുണ്ടായതിൻറ ശബ്​ദം കേട്ടാണ്​ വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങിയത്​. പക്ഷെ, ഒന്നും കാണാനാകുമായിരുന്നില്ല,.ശക്​തമായ കാറ്റിലും മഴയിലും കുട പിടിക്കാനും കഴിയുന്നില്ല. പുറത്ത്​ വന്ന്​ അൽപം കഴിഞ്ഞപ്പോഴെക്കും ഭീകരമായ ശബ്​ദം കേട്ടു. മറ്റ്​ ലയങ്ങളിൽ നിന്നുള്ളവരും അപ്പോഴെക്കും എത്തി. പക്ഷെ, ആർക്കും തകർന്ന ലയങ്ങൾക്ക്​ സമീപത്തേക്ക്​ പോകാനാകുന്നില്ല. അവിടെ ലയങ്ങൾ ഉ​​ണ്ടോയെന്ന്​ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഉണ്ടായിരുന്ന വെളിച്ചവുമായി ഇറങ്ങിയപ്പോഴാണ്​ രക്ഷപെട്ടവരിൽ അഞ്ച്​ പേർ വന്നത്​. പിന്നിട്​ മൂന്ന്​ പേർ വന്നു. ഇവരെ മറ്റ്​ ലയങ്ങളിൽ എത്തിച്ചു. ഇതിന്​ ശേഷം വീണ്ടും മലവെള്ളപാച്ചിലുണ്ടായി.


പുലർച്ചെ നാല്​ മണിവരെ ആർക്കും ഒന്നും ചെയ്യാനായില്ല.മറ്റുള്ളവരൊക്കെ റോഡിലും മറ്റുമായി കഴിഞ്ഞു. നേരം പുലർന്നപ്പോഴാണ്​ ഭീകരാവസ്​ഥ മനസിലാക്കിയത്​.പരിക്കേറ്റവരെ കമ്പിളി കട്ടിലുണ്ടാക്കിയാണ്​ രാജമല ഡിസ്​പെൻസറിയിൽ എത്തിച്ചത്​. രാജമല റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നതിനാൽ വാഹനങ്ങൾക്ക്​ പോകാൻ കഴിയുമായിരുന്നില്ല.പുലർച്ചെ വെളിച്ചം വന്നപ്പോഴാണ്​ നാല്​ ​പേർ മണ്ണിൽ പുതുഞ്ഞ്​ കിടക്കുന്നത്​ കണ്ടത്​. അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുളും മലവെള്ളവും അൽപം വഴിമാറിയിരുന്നുവെങ്കിൽ ഇവരുടെ കുടുംബവും ഉണ്ടാകുമായിരുന്നില്ല. മീറ്ററുകളുടെ വിത്യാസത്തിലാണ്​ രക്ഷപ്പെട്ടത്​. ആ ഞെട്ടലിൽ നിന്നും ഇനിയും ​ഇവർ മോചിതയായിട്ടില്ല.

അതൊരു വല്ലാത്ത കാഴ്​ചയായിരുന്നു, ഇനിയൊരിക്കലും മറ്റൊരിടത്തും ഇതുപോലുള്ള കാഴ്​ച കാണാൻ ഇടവരുത്തരുതെന്ന പ്രാർഥന മാത്രമാണുള്ളത്​.അത്രക്ക്​ വേദനയാണ്​ ഇപ്പോഴും-തോട്ടംതൊഴിലാളിഠ നേതാവും ദീർഘകാലം ദേവികുളം എം.എൽ.എയുമായ എ.കെ.മണി പറയുന്നു. ദുരന്തമുണ്ടായ അന്ന്​ മുതൽ കാടും പുഴയും താണ്ടി തെരച്ചിൽ സംഘത്തിനൊപ്പം ഇദേഹമുണ്ട്​.


ഒരുമുറ്റത്ത്​ ഒാടികളിച്ചിരുന്ന കുട്ടികൾ, ഒരു മുറ്റത്ത്​ നിന്നും പരസ്​പരം കൈ പിടിച്ച്​ സ്​കുളിൽ പോയിരുന്നവർ, ഒന്നിച്ച്​ കൊളുന്ത്​ നുള്ളാൻ പോയിരുന്നവർ. ഒരുമുറ്റത്ത്​ നിന്നും കഥകൾ പറഞ്ഞിരുന്നവർ.എന്തിന്​ കൊച്ച്​ കൊച്ച്​ പ്രശ്​നങ്ങളുടെ പേരിൽ വഴക്കടിച്ചിരുന്നവർ.ഒരു മതിലിൻറ മാത്രം അകലത്തിൽ സുഖവും ദു:ഖവും പങ്ക്​വെച്ച്​ തലമുറകളായി ജീവിച്ചവരുടെ പരമ്പര നിലനിർത്താൻ ചില കുടുംബങ്ങളിലെങ്കിലും ആരെയും ബാക്കിവെച്ചില്ല. അവരൊക്കെ തോട്ടം മേഖലക്കാകെ നൊമ്പരപ്പെടുത്തുന്ന ഒാർമ്മകളാണ്​.

ആഗസ്​ത്​ ഏഴിന്​ രാവിലെ എട്ടരയോടെയാണ്​ പെട്ടിമുടിയിൽ ഉരുൾപൊട്ടിയെന്നും നിരവധി ലയങ്ങൾ മണ്ണിനടിയിലാണെന്നുമുള്ള വിവരം അറിയുന്നത്​. പെട്ടിമുടിയിൽ മാത്രമല്ല, മൂന്നാർ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായതിനാൽ, ഒരാൾ മൂന്നാറിൽ നേരിട്ട്​ വന്നാണ്​ വിവരം അറിയിക്കുന്നത്​. അപ്പോൾ തന്നെ പുറപ്പെട്ടു. മറയൂർ ​റോഡിലെ പെരിയവര താൽക്കാലിക പാലം തകർന്ന്​ കിടക്കുന്നതിനാൽ, കോളണി വഴി കറങ്ങിയാണ്​ പോകേണ്ടി വന്നത്​. അവിടെ എത്തു​േമ്പാഴെക്കും……………ഒാർക്കാൻ കഴിയുന്നില്ല.ഒന്നും പറയാൻ കഴിയാത്ത അവസ്​ഥ. ഇന്നലെ വരെയുണ്ടായിരുന്ന ലയങ്ങളുടെ സ്​ഥാനത്ത്​ പാറകളും ചെളിയും മണ്ണും. അതിനിടിയിൽ നിന്നും ഒരു കരച്ചിൽ പോലും പുറത്ത്​ വന്നിരിക്കില്ല,കുഞ്ഞുങ്ങളും മുതിർന്നവരും അടക്കമുളളവരെ മരണം വിളിച്ച്​ കൊണ്ട്​ പോയപ്പോൾ അവർക്ക്​ ദൈവമെ എന്ന്​ വിളിക്കാൻ പോലും കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ ആ മലവെള്ള പാച്ചിലിൽ അവരുടെ ശബ്​ദം തൊട്ടപ്പുറത്തുള്ള ലയങ്ങളിലും എത്തിയിരിക്കില്ല.


എന്നെ അറിയുന്ന, ഞാൻ അറിയുന്നവരാണല്ലോ ഇൗ മണ്ണിനടിയിൽ എന്ന ചിന്തയിൽ എന്ത്​ ചെയ്യണമെന്ന്​ അറിയുമായിരുന്നില്ല. നാല്​ പതിറ്റാണ്ടായി ഞാൻ വന്ന്​പോയിരുന്ന വീടുകൾ. എത്രയോ തവണ ചായ കുടിച്ച കാൻറിൻ, സന്തത സഹചാരിയെ പോലെ എല്ലാ തെരഞ്ഞെടുപ്പ്​കാലത്തും എനിക്കൊപ്പം ഇടമലക്കുടി​യിലെ ആദിവാസി കോളണികൾ കയറിയിറങ്ങിയിരുന്ന മുൻ പഞ്ചായത്തംഗം അനന്ത ശിവൻറയും റഫേലിൻറയും കുടുംബാംഗങ്ങൾ.എന്നെ മാമായെന്ന്​ വിളിച്ചിരുന്ന കുട്ടികൾ, തമ്പിയെന്ന്​ വിളിച്ചിരുന്ന മുതിർന്നവർ, തലൈവരേ എന്ന്​ വിളിച്ചിരുന്നവർ….അവരൊക്കെയാണ്​ ഇൗ മണ്ണിനടിയിൽ. തലേന്ന്​ രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ്​ അവരൊക്കെ, തുട​ർച്ചയായി പെയ്​തിറങ്ങിയിരുന്ന മഴയിൽ വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതിനാൽ, അവർ നേരത്തെ പുതുച്ച്​ മൂടി കിടന്നിരിക്കണം.

പൊതുപ്രവർത്തനം ആരംഭിക്കുന്ന കാലത്ത്​ തുടങ്ങിയതാണ്​ പെട്ടിമുടിയുമായുള്ള സൗ.ഹൃദം. ഇടമലക്കുടിയുടെ ഇടത്താവളമെന്ന നിലയിൽ പെട്ടിമുടിയിൽ വിശ്രമിച്ചായിരുന്നു യാത്ര. വഴിക്ക്​ കഴിക്കാനുള്ള ഭക്ഷണം വാങ്ങുന്നതും പെട്ടിമുടിയിൽ നിന്നാണ്​. തോട്ടം തൊഴിലാളികളുടെ മകനെന്ന നിലയിലും പലരും ബന്ധുക്കൾ എന്ന നിലയിലുമുള്ള അടുപ്പം.പക്ഷെ, ഉരുൾപൊട്ടൽ ആ ബന്ധത്തെ അറുത്തു മുറിച്ചു.

ആദ്യദിവസം 26 മൃതദേഹങ്ങളാണ്​ കണ്ടെത്തിയത്​.പരിചയമുള്ള ഒാരോത്തരുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കു​േമ്പാഴും ദു:ഖം താങ്ങാൻ കഴിയുമായിരുന്നില്ല. അന്ന്​ അവരെ സംസ്​കരിക്കാൻ കഴിഞ്ഞില്ല. പോസ്​റ്റ്​മോർട്ടം ​പൂർത്തിയാകാത്തതും ഒരു മുറ്റത്ത്​ ഒന്നിഞ്ഞ്​ ജീവിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച്​ സംസ്​കരിക്കണമെന്ന പൊതു അഭിപ്രായവുമായിരുന്നു കാരണം. പിറ്റേന്നാണ്​ രാജമല ശ്​മശാനത്തിലേക്കുള്ള അന്ത്യയാത്ര.അടുത്ത ദിവസം 16പേരെ കിട്ടി. ഇനിയും മൃതദേഹങ്ങൾ ലഭിക്കാനുണ്ട്​.70 പേർ ഉണ്ടായിരുന്നുവെന്നാണ്​ ലഭ്യമായ വിവരം.


ലയങ്ങൾക്ക്​ പിന്നിലൂടെ ഒഴുകുന്ന ആറ്റിലേക്കാണ്​ മലവെള്ളം അവരെ കൊണ്ട്​ പോയത്​.പലരുടെയും മൃത​ദേഹങ്ങൾ കിട്ടിയത്​ കിലോമീറ്ററുകൾ അകലെ ആറ്റിൻകരയിൽ നിന്നാണ്​.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ഇൗ എസ്​റ്റേറ്റിൽ, പ്രകൃതിയെ നോവിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുമില്ല. എന്നിട്ടും എന്ത്​ കൊണ്ട്​ ഉരുൾപൊട്ടി. ഏതാണ്ട്​ രണ്ട്​ കിലോ മീറ്റർ മുകൾ ഭാഗത്തുള്ള പെട്ടിമുടി ചോലയിൽ നിന്നാണ്​ ഉരുൾപൊട്ടി വന്നത്​. ആ ചോലയിൽ നിന്നും ഉൽഭവിക്കുന്ന അരുവിക്കൊപ്പം ഭീമൻ പാറകളും കല്ലുകളും മലവെള്ളവും ഒഴുകി വന്നു. ഉറക്കെ കരയുന്നതിന്​ മുമ്പ്​ ആ ലയങ്ങളിൽ ഉറങ്ങിയിരുന്നവരെ വിധി തട്ടിയെടുത്തിരിക്കണം. തോട്ടംതൊഴിലാളികളുടെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ നട്ടു വളർത്തിയ തേയില ഇന്നുവരെ അവരെ ചതിച്ചിട്ടില്ല. പക്ഷെ,……….ഇത്​ എങ്ങനെ. നാളെ എവിടെയും സംഭവിക്കാം.അതുകൊണ്ട്​ തന്നെ ഭൗമശാസ്​ത്ര കേന്ദ്രം മൂന്നാറിലെ മാറിയ സാഹചര്യങ്ങളെ കുറിച്ച്​ വിശദമായ പഠനം നടത്തണം.

ലോകമാകെ പെട്ടിമുടിയുടെ ദു:ഖം കണ്ടു. ഗവർണറും മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ നേരിൽ വന്ന്​ ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയു​ം കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയും ദു:ഖത്തിൽ പങ്ക്​ ചേർന്നു.കേരളത്തിൽ മറ്റൊരു ഉരുൾപൊട്ടലിലും ഇത്രയേറെ പേർ മരിച്ചിട്ടില്ല.എന്നിട്ടും പൊതുസമൂഹം മറ്റ്​ ചില വിഷയങ്ങൾക്ക്​ ഒപ്പമാണ്​. പാവപ്പെട്ട തൊഴിലാളികളാണ്​ മരിച്ചത്​. അതും പട്ടികജാതിക്കാർ. ആ പരിഗണനയെങ്കിലും നൽകണം.


ഞാനടക്കം ലയത്തിൽ ജനിച്ച്​ വർന്നവരാണ്​. 1951ൽ പ്ലാ​േൻറഷൻ ലേബർ ആക്​ട്​ വരു​േമ്പാൾ, അന്നത്തെ സാഹചര്യത്തിൽ രണ്ട്​ മുറി വീട്​ മതിയായിരുന്നു.എന്നാൽ, ഇന്നതല്ല. കാലം മാറി. കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നടത്തുന്നു. അവർക്ക്​ പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അടുക്കളയിൽ കുടുംബം നടത്താൻ കഴിയില്ല.പണ്ടൊക്കെ വിവാഹിതരാകുന്ന മക്കൾ അടുക്കളയിലാണ്​ കിടന്നിരുന്നത്​.മുതിർന്നവർ ഹാളിലും. ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച്​ നാല്​ മുറികളോട്​ കൂടിയ വീട്​ വേണം. ഇക്കാര്യം പ്ലാ​േൻറഷൻ ലേബർ കമ്മിറ്റിയിൽ പറഞ്ഞതാണ്​. മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട്​ പറഞ്ഞു. ഇതേ തുടർന്നാണ്​ ലൈഫ്​ പദ്ധതി കൊണ്ട്​ വന്നത്​. അതു പോരാ, തോട്ടം തൊഴിലാളികൾക്കായുള്ള ഭവന പദ്ധതിയാണ്​ വേണ്ടത്​. കോളണികളിലോ ലൈഫ്​ പദ്ധതിയുടെ ഫ്ലാറ്റുകളിലോ കഴിയേണ്ടവരല്ല, തോട്ടം തൊഴിലാളികൾ.അവരാണ്​ തേയിലയിലൂടെ കേരളത്തിൻറ സമ്പദ്​ഘടന വളർത്തിയവർ. അവരുടെ മുൻതലമുറയാണ്​ കേരളത്തിൻറ തൊഴിൽ സംസ്​കാരത്തിൽ നിന്നും ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയത്​.​


രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലും നിരവധി പേർ സഹകരിച്ചു.ഡീൻ കുര്യാക്കോസ്​ എം.പി, എസ്​.രാജേ​ന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത്​ പ്രസിൻറുമാരായ കറുപ്പസ്വാമി,സുരേഷ്​കുമാർ, ജില്ല പഞ്ചായത്തംഗം വിജയകുമാർ,കലക്​ടർ എച്ച്​ ദിനേശൻ, സബ്​ കലക്​ടർ പ്രേംകൃഷ്​ണൻ,​പൊലീസ്​, ഫയർഫോഴ്​സ്​,എൻ.ഡിആർഎഫ്​, ​െഎ ആർ ഡബ്​ളിയു, മൂന്നാറിലെ അഡ്വഞ്ചർ അക്കാദമിയുടെയും ​മ്യുസിൻറയും യൂത്തഏ്​ വെൽഫയർ ടീമിലെയും അംഗങ്ങൾ, കണ്ണൻ ദേവൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എല്ലാം മറന്ന്​ രംഗത്തിറങ്ങിയവരാണ്- മണി പറഞ്ഞു.

കേ​െട്ടഴുത്ത്​ എം.ജെ.ബാബു

No comments:

Post a Comment