Pages

08 August 2020

ലയങ്ങളിൽ ജനിച്ച് ​അവിടെ മരിക്കുന്നവർ

 

കേരളത്തിലെ തേയിലത്തോട്ടം തൊഴിലാളികൾ ഭൂരിഭാഗവും മലയാളികളല്ല,തോട്ടങ്ങൾ രൂപപ്പെടുത്തുന്നതിന്​ തമിഴ്​നാടിൽ നിന്നാണ്​ കങ്കാണിമാർ തൊഴിലാളികളെ കൊണ്ട്​ വന്നിരുന്നത്​. അതിനൊരു കാരണം, കേരളത്തിൽ തേയിലത്തോട്ടങ്ങൾ രൂപപ്പെടുന്നതിന്​ മുമ്പ്​ അന്നത്തെ സിലോണിൽ തോട്ടങ്ങൾ ആരംഭിച്ചു. അവിടേക്ക്​ തൊഴിലാളികൾ പോയതും തമിഴ്​നാടിൽ നിന്നാണ്​. അതിന്​ ചുവട്​ പിടിച്ച്​ കേരളത്തിലും തൊഴിലാളികൾ എത്തി.ഇടുക്കി ജില്ലയിലാണ്​​ തേയിലത്തോട്ടങ്ങൾ ഏറെയെന്നതിനാൽ തൊഴിലാളികളെയും കൂടുതൽ വേണ്ടി വന്നു. പീരുമേടിലെ തോട്ടങ്ങൾ പലതും പലകാരണങ്ങളാൽ ലാഭത്തിലായിരുന്നില്ല. എന്നാൽ, മൂന്നാറിൽ ബ്രിട്ടീഷുകാരുടെ കണ്ണൻ ദേവൻ കമ്പനിയുടെതായിരുന്ന്​ തോട്ടങ്ങൾ. സമീപത്തെ മറ്റ്​തോട്ടങ്ങൾ ഇന്നത്തെ ഹാരിസൺ മലയാളം കമ്പനിയുടെതും. മൂന്നാറിലെ തോട്ടങ്ങളിൽ ഇപ്പോഴുള്ളത്​ മൂന്നാം തലമുറയാണ്​.

സർക്കാരിൻറ നിയമങ്ങൾ പാലിച്ച്​ ഭൂമി ക​യ്യേറാതെയും സർക്കാർ ഭൂമി സംരക്ഷിക്കുകയും ചെയ്​തവരാണ്​ ഇന്നും ഭൂരഹിതരായി കഴിയുന്നത്​. തോട്ടം തൊഴിലാളികൾ മാത്രമല്ല, ടൗണിലെ വ്യാപാരികൾ, ഡ്രൈവറന്മാർ,ചുമട്ടുകാർ തുടങ്ങിയവരും ആ പട്ടികയിലുണ്ട്​. എന്നാൽ, നിയമ ലംഘനം നടത്തി ഭൂമിയിൽ അവകാശം സ്​ഥാപിച്ചവർ റി​സോർട്ട്​ ഉടമകളായി മാറി. അവരൊന്നും മൂന്നാറുകാരല്ല, സർക്കാർ ഉദ്യോഗസ്​ഥരുടെയും ചില രാഷ്​ട്രിയക്കാരുടെയും  സഹായത്തോടെ മല കയറി വന്ന്​ സർക്കാർ ഭൂമി സ്വന്തമാക്കിയവർ ഇന്നും ഒരു രേഖയുടെ പിൻബലമില്ലാതെ അവകാശം സ്​ഥാപിച്ചിരിക്കുന്നു.

തോട്ടം തൊഴിലാളികളുടെ തലമുറകൾ മാറിയെങ്കിലും മുന്നാറിൽ ഇന്നും തമിഴ്​സംസ്​കാരം അതേപടി പിന്തുടരുന്നു. നാട്​ എവിടെ​യെന്ന്​ ചോദിച്ചാൽ, പൂർവികരുടെ തമിഴ്​ ഗ്രാമത്തിൻറ പേര്​ പറയും. അവിടെ ഇവർക്ക്​ ഒരു ബന്ധങ്ങളും ഇപ്പോഴുണ്ടായിരിക്കില്ല. സ്​ഥലവും വീടും ഒന്നുമില്ല.എങ്കിലും അവർ അവരുടെ വേരുകൾ ഉപേക്ഷിക്കാൻ തയ്യാറല്ല. അഥവാ തമിഴ്​നാടിൽ പോയാൽ തന്നെ അവർക്ക്​ അവിടെ ജീവിക്കാൻ കഴിയുന്ന സാമൂഹ്യ ചുറുപാടുമായിരിക്കില്ലെന്ന്​ പോയി തിരിച്ച്​ മൂന്നാർ മേഖലയിലേക്ക്​ വന്നവർ പറയുന്നത്​. തോട്ടം തൊഴിലാളികളുടെ ജീവിതം എസ്​റ്റേറ്റ്​ ലയങ്ങളിൽ ആരംഭിച്ച്​ അവിടെ അവസാനിക്കുകയാണ്​. ഇവിടെങ്ങളിൽ തേയില നട്ടു വള​ർത്താൻ എത്തിയവർ താമസിച്ച അതേ ലായത്തിൽ തന്നെയാണ്​ മൂന്നാം തലമുറയും താമസിക്കുന്നത്​. 58-ാം വയസിൽ  ഭർത്താവ്​ വിരമിച്ചാൽ ഭാര്യയുടെ പേരിലേക്ക്​ മാറ്റും വീട്​. ഭാര്യയും റിട്ടയർ ചെയ്​താൽ സ്​ഥിരം തൊഴിലാളിയായ ഏതെങ്കിലും മക്കളുടെ പേരിലേക്ക്​ അതേ വീട്​ മാറ്റും. ഇതാണ്​ കഴിഞ്ഞ രണ്ട് മൂന്നു​ തലമുറയായി ചെയ്യുന്നത്​. തൊഴിലാളികളുടെ കാര്യത്തിൽ മാത്രമല്ല,  മറ്റ്​ ജീവനക്കാരുടെ കാര്യത്തിലും ഇങ്ങനെ തന്നെ. വീട്​ നിലനിർത്താനായി ഗൾഫിൽ ജോലി ചെയ്​തിരുന്ന മകനെ തരിച്ച്​ വിളിച്ച് ​കമ്പനിയിൽ ജോലിക്ക്​കയറ്റിയ സംഭവങ്ങളുമുണ്ട്​ മൂന്നാറിൽ. ഇൗ ലയങ്ങളിൽ നിന്നാണ്​ അടുത്തകാലത്തായി ​െഎ.എ.എസ്​, ​െഎ.പി.എസുകാരും മറ്റും ജനിക്കുന്നത്​. ചിറ്റുർ ഗവ.കോളജിലെയും മൂന്നാർ ഗവ.കോളജിലെയും പ്രിൻസിപ്പൾമാരായിരുന്നവരും ചെന്നൈ ലോയോള കോളജിലെ ഡീനുമൊക്കെ ജനിച്ച്​ വളർന്നത്​ ലയങ്ങളിൽ. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ലയങ്ങൾക്ക്​ മുന്നിൽ റോഡ്​ വന്നുവെന്നതാണ്​ ഏക മാറ്റം. അതിന്​ മുമ്പ്​ വൈദ്യൂതിയും എത്തി.

ടാറ്റാ കമ്പനിയായിരിക്കെ വി.ആർ.എസ്​ പ്രഖ്യാപിച്ചപ്പോൾ ജോലി വിട്ട കുറച്ച്​ പേർ കിട്ടിയ പണവുമായി ആനച്ചാൽ, മറയുർ മേലാടി എന്നിവിടങ്ങളിൽ സ്​ഥലം വാങ്ങി വീട്​ വെച്ചു.പക്ഷെ, ബഹുഭൂരിപക്ഷവും എസ്​റ്റേറ്റ്​ ലായങ്ങളിലെ വീടുകളിൽ കഴിയുന്നു. ഒരു മുറിയും അടുക്കളയും അതായിരുന്നു നേരത്തെ ഒരു യൂണിറ്റ്​ വീട്​. ഇപ്പോൾ ഹാൾ വിഭജിച്ച്​ ഒരു മുറി കൂടി കൂട്ടിയെടുത്തു. മുന്നാർ മേഖലയിൽ ലയങ്ങൾ ആണെങ്കിൽ മറ്റ്​ ചിലയിടത്ത്​ ലായവും പാഡിയുമൊക്കെയാണ്​. മൂന്നാറിലെ എസ്​റ്റേറ്റ്​ ലയത്തിൽ ജനിച്ച് ​വളർന്ന ജി.വരദൻ, എസ്​.സുന്ദരമാണിക്കം, എ.കെ.മണി, എസ്​.രാജേന്ദ്രൻ എന്നിവർ നിയമസഭയിൽ എത്തിയെങ്കിലും തോട്ടം തൊഴിലാളികളുടെ വീടുകൾക്ക്​ മാറ്റമില്ല. വരദൻ എം.എൽ.എയായിരിക്കു​േമ്പാഴും എസ്​റ്റേറ്റ്​ ലയത്തിലെ വീട്ടിലാണ്​ താമസിച്ചത്​. മറ്റുള്ളവർക്ക്​ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചു.

പീരുമേട്​ മേഖലയിലെ മിക്ക തൊഴിലാളികൾക്കും​ സ്വന്തമായി വീടുനിർമ്മിക്കാൻ കഴിഞ്ഞു. അവിടെ സ്വകാര്യ ഭൂമിയുള്ളതിനാലാണ്​ അതിന് ​കഴിഞ്ഞത്​. എന്നാൽ, മുന്നാറിൽ സ്വകാര്യ ഭൂമിയുണ്ടായിരുന്നില്ല. അതിനാൽ, പ്ലാ​േൻറഷൻ ലേബർ ആക്​ട്​ പ്രകാരമുള്ള വീടുകളിൽ താമസിക്കുന്നു.

ഇവർക്ക്​ സ്വന്തമായി കിടപ്പാ​ടമെന്നത്​ സ്വപ്​നമാണ്​. അടുത്ത നാളിൽ മൂന്നാറിലെ ഭൂമിപ്രശ്​നവുമായി ബന്ധപ്പെട്ട്​ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമായി ദീർഘനേരം സംസാരിച്ചപ്പോൾ അദേഹം പറഞ്ഞത്​ മൂന്നാറിലെ ​ഭൂരഹിത തോട്ടം തൊഴിലാളികൾക്ക്​ അഞ്ച്​ സെൻറ്​ വീതം ഭൂമി നൽകണമെന്ന ആഗ്രഹമാണ്​. 1971ൽ സി.അച്യുതമേനോൻ സർക്കാ​ർ കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഭൂമി ഏറ്റെടുത്തുവെങ്കിലും കണ്ണൻ ദേവൻ കമ്പനിയെ വളർത്തിയ തോട്ടം തൊഴിലാളികൾക്ക്​ ഒരു തുണ്ട്​ ഭൂമി നൽകാൻ കഴിഞ്ഞില്ല. രാഷ്​ട്രിയ തീരുമാനമുണ്ടായാൽ​ ഏറ്റെടുത്ത ഭൂമിയിൽ നിന്നും അർഹതപ്പെട്ടവർക്ക്​ കിടപ്പാടത്തിന്​ സ്​ഥലം നൽകാൻ കഴിയുമെന്ന ആത്​മവിശ്വാസം അദേഹം പ്രകടിപ്പിച്ചു. എന്നാൽ, എന്ന്​?തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബിനോയ്​ വിശ്വം മന്ത്രിയായിരിക്കെ പറയുമായിരുന്നു.ഇപ്പോഴും അദേഹത്തിൻറ നിലപാടിൽ മാറ്റമില്ല.

മൂന്നാറിലെ കുട്ടിയാർവാലിയിൽ ഭൂരഹിതർക്ക്​ സ്​ഥലം നൽകാനാണ്​ ലക്ഷ്യമിട്ടത്.എന്നാൽ, ഭൂമി ലഭിച്ചത്​ ആർക്ക്​? സ്​പെഷ്യൽ ബ്രാഞ്ച്​ പൊലീസ്​ നേരത്തെ സർക്കാരിന്​ നൽകിയ റിപ്പോർട്ട്​പ്രകാരം അവിടെ ഭൂമി കിട്ടിയത്​ മുന്നാറുകാർക്കല്ല, തമിഴ്​നാടിൽ സ്വന്തമായി ഭൂമിയും റേഷൻ കാർഡും വോട്ടർ കാർഡുമുള്ളവർ വ്യാജ വിലാസത്തിൽ ഭൂമി സ്വന്തമാക്കി. അതിന്​ ഇടനിലക്കാരുണ്ടായിരുന്നു. വ്യാജ രേഖ ചമച്ച്​ സർക്കാർ ഭൂമി സ്വന്തമാക്കിയവരാണ്​ മല കയറിവന്ന കയ്യേറ്റക്കാർ.അവർക്കൊക്കെ ഇത്​ എത്ര നിസാരം.

കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ്​ മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ്​ വീതം ഭൂമി നീക്കി വെച്ചുവെങ്കിലും  കമ്പനിയിലെ തൊഴിലാളികളും ജീവനക്കാരും തലമുറകൾ കൈമാറി അതേ വീട്ടിൽ. മൂന്നാറിലെ രാഷ്​ട്രിയക്കാർക്കും പ്രാദേശിക പത്രക്കാർക്കും വരെ വീടുകൾ നൽകുന്നുമുണ്ട്​ കണ്ണൻ ദേവൻ കമ്പനി.

 1877ൽ പൂഞ്ഞാർ തമ്പുരാൻ  കണ്ണൻ ദേവൻ കമ്പനിക്ക്​ പാട്ടത്തിന്​നൽകിയ ഭൂമി പൂർണമായും കൃഷിക്ക്​ ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്​ 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച്​ വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്​.ഇതിന്​ എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച്​ വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
 കൺസഷൻ ലാൻഡിന്​ പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച്​ 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക്​ നൽകിയത്​ 2611.38
സർക്കാരിൽനിക്ഷിപ്​തമാക്കിയത്​ 70522.12 ഏക്കർ
കമ്പനിക്ക്​ തിരികെ നൽകിയത്​ 57359.14 ഏക്കർ
തേയില- 23239.06
വിറക്​ കൃഷി 16898.91
കന്നുകാലികൾക്ക്​ മേയാൻ- 1220.77
കെട്ടിടം,റോഡ്​, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത്​ 6393.59
എസ്​റ്റേറ്റുകൾക്ക്​ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച്​ വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വി​ല്ലേജിലെ പെരിയകനാൽ എന്നി എസ്​റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച്​ വ്യക്​തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത്​ ചെയ്യണമെന്ന്​ സംബന്ധിച്ച്​ 1975​​ലെ സർക്കാർ ഉത്തരവിലുടെ വ്യക്​തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക്​ പതിച്ച്​ നൽകണമെന്ന്​ നിർദേശിച്ചു. ഇതിനായി പ്ര​ത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന്​ ഒരു ഹെക്​ടർ വീതം ഭൂമി പതിച്ച്​ നൽകാനാണ്​ നിയമത്തിൽ പറഞ്ഞത്​.1980ലും 1985ലുമായി ഏതാണ്ട്​ 2500 ഒാളം ഹെക്​ടർ ഭൂമി വിതരണം ചെയ്​തു. പിന്നിട്​ കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്​തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക്​ പട്ടയം നൽകിയെന്നും 1016 പേർക്ക്​ പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ്​ അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്​.

 മൂന്നാറിൽ ഏ​റ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക്​ 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം ​സെൻറ്​ വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന്​ കൈമാറാൻ നിർ​ദേശിച്ചതിലും 852 ഏക്കർ കുറച്ചാണ്​ വിജ്ഞാപനം ചെയ്​തതു. ഇതൊക്കെ ക​​യ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ്​ മൂന്നാർ കോളനിയും ലക്ഷം വീടും.

മൂന്നാറിൽ കമ്പനിയുടെ കൈവശമുള്ള 28758.27 ഏക്കർ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്​ 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു.​ കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും  നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്​ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ്​ ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ്​ ഭൂമി ഏറ്റെടുക്കുന്നത്​ തടസപ്പെടുത്തിയത്​. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്​ തൊഴിലാളികളും സ്​റ്റാഫ്​ ജീവനക്കാരും ഒാഹരി ഉടമകളാണ്​ കമ്പനി നടത്തുന്നത്​.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്​റ്റാഫ്​ ജീവനക്കാർ,കച്ചവടക്കാർ, മറ്റ്​  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.അവർക്ക്​ നാലു സെൻറ്​ വീതം നൽകാൻ വേണ്ടി വരുന്നത്​ 600 ഏക്കർ ഭൂമി മാത്രമാണ്​.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.

എം.ജെ.ബാബു 9447465029



No comments:

Post a Comment