Pages

13 October 2011

Power crisis




ഊര്‍ജ രംഗത്തെ പാളിപ്പോയ
പരീക്ഷണം


വൈദ്യുതി ഉല്‍പാദനവും ഉപയോഗവും തമ്മില്‍ വര്‍ധിച്ച് വരുന്ന അന്തരം, പരിസ്ഥിതി പ്രശ്നങ്ങളെ തുടര്‍ന്ന് വന്‍കിട ജലവൈദ്യുത നിലയങ്ങള്‍ ആരംഭിക്കാനുള്ള ബുദ്ധിമുട്ട്... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങവെയാണ് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉല്‍പാദന മേഖലയും സ്വകാര്യ മേഖലക്കായി തുറന്നിട്ടത്. പാരമ്പര്യ, പാരമ്പര്യേതര ഊര്‍ജ മേഖലകളില്‍ സ്വകാര്യ സംരംഭകര്‍ ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുവെങ്കിലും പദ്ധതികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. പ്രവര്‍ത്തിച്ച് തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ അനുവദിക്കുകയും ചെയ്തു.

സ്വകാര്യ വൈദ്യുതി നിലയത്തിനായി
കെ.എസ്.ഇ.ബിയുടെ കോടികള്‍

സ്വകാര്യ മേഖലയില്‍ ജലവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന വൈദ്യുത ബോര്‍ഡിന് ചെലവഴിക്കേണ്ടിവന്നത് കോടികള്‍. വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി നിലയങ്ങളിലേക്ക് സംഭരിച്ച വെള്ളം സൌജന്യമായി നല്‍കുന്നതിന് പുറമെയാണ്, സ്വകാര്യ വൈദ്യുതി നിലയം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനും കെ.എസ്.ഇ ബോര്‍ഡിന് തുക ചെലവഴിക്കേണ്ടിവന്നത്.
1989 ഡിസംബര്‍ 22ലെ ജി.ഒ (എം.എസ്) 35/98/പി.ഡി പ്രകാരമാണ്  സംസ്ഥാനത്ത് ജലവൈദ്യുത നിലയങ്ങള്‍ ആരംഭിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ക്യാപ്ടിവ് പവര്‍ പ്രൊഡ്യൂസേഴ്സ് (സി.പി.പി) എന്ന നിലയില്‍ സംസ്ഥാനത്ത് നിലവിലുള്ള വ്യവസായങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്.ജലവൈദ്യുത മേഖലയെ കേരളം വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കാരണവും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ നദികളിലൂടെ 2484 ടി.എം.സി വെള്ളം ഒഴുകുന്നതില്‍ 1510 ടി.എം.സി വെള്ളം വൈദ്യുത പദ്ധതികള്‍ക്കായി ഉപയോഗിക്കാം. ഇതിലൂടെ 4300 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെങ്കിലും കെ.എസ്.ഇ.ബിയുടെ 22 പദ്ധതികളിലൂടെ ഉല്‍പാദിപ്പിക്കുന്നത് 1807.6 മെഗാവാട്ട് വൈദ്യുതി അഥായത് 6652.09 ദശലക്ഷം യൂനിറ്റ്.
75 ചെറുകിട ജലവൈദ്യുത നിലയങ്ങളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യ സംരഭകര്‍ക്കായി നീക്കിവെച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം പദ്ധതി ഏറ്റെടുത്തുവെങ്കിലും പൂര്‍ത്തിയായത് രണ്ടെണ്ണം മാത്രം^ മണിയാറും കുത്തുങ്കലും. 33 മെഗാവാട്ടാണ് രണ്ട് പദ്ധതികളുടെയും കൂടിയുള്ള സ്ഥാപിത ശേഷി. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികളില്‍നിന്നുള്ള വെള്ളം സുലഭമായി ലഭിക്കുന്നുവെന്നതാണ് ഈ പദ്ധതികളുടെ നേട്ടം. ഇവയില്‍ കുത്തുങ്കല്‍ പദ്ധതിക്കാണ് വൈദ്യുതി ബോര്‍ഡ് വഴിവിട്ട് സഹായം നല്‍കിയിട്ടുള്ളത്.
1990 ഡിസംബര്‍ ഏഴിലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്, ഏറ്റവും അടുത്ത സബ്സ്റ്റേഷനില്‍ (ഗ്രിഡില്‍) വൈദ്യുതി എത്തിക്കാനുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ സ്വകാര്യ സംരംഭകരുടെ ചെലവില്‍ കെ.എസ്.ഇ ബോര്‍ഡ് നിര്‍മിക്കണം. കൂത്തുങ്കല്‍ പദ്ധതി ഏറ്റെടുത്ത ഇന്‍ഡ്സില്‍ ഇലക്ട്രോ മെല്‍ട്ട്സ് എന്ന സ്ഥാപനം ആകെ വലിച്ചത് നാല് കിലോമീറ്റര്‍ ലൈന്‍ മാത്രം. ബാക്കി 12.477 കിലോമീറ്റര്‍ ലൈന്‍ വലിച്ചത് കെ.എസ്.ഇ ബോര്‍ഡിന്റെ ചെലവില്‍. ഇതിന് ബോര്‍ഡിന് ചെലവായത് 8.7871 കോടി രൂപയാണ്. സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ സഹായം ഇതുകൊണ്ടും അവസാനിക്കുന്നില്ല. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന് റോയല്‍റ്റി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കുത്തുങ്കലില്‍നിന്നും റോയല്‍റ്റി വാങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മണിയാര്‍ നിലയവും റോയല്‍റ്റി നല്‍കുന്നുമില്ല.
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തിലാണ് കുത്തുങ്കല്‍. ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബൂട്ട്) വ്യവസ്ഥപ്രകാരം മുപ്പത് വര്‍ഷത്തേക്കാണ് കുത്തുങ്കല്‍ പദ്ധതി ഇന്‍ഡ്സില്‍ കമ്പനിക്ക് നല്‍കിയത്. 21 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നിലയത്തിലെ ആദ്യ ജനറേറ്ററിന്റെ ട്രയല്‍റണ്‍ 2000 മെയ് 14നായിരുന്നു. 2001 ജൂണില്‍ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിച്ച് തുടങ്ങി. 24.91 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ് പ്രതീക്ഷിച്ചതെങ്കിലും 47.77 കോടി രൂപ ചെലവഴിച്ചതായി അറിയുന്നു.  കെ.എസ്.ഇ.ബി സ്വീകരിക്കുന്ന  വൈദ്യുതി കമ്പനിയുടെ പാലക്കാട് യൂനിറ്റിലാണ് നല്‍കുന്നത്.
കെ.എസ്.ഇ ബോര്‍ഡിന്റെ പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ആനയിറങ്കല്‍, പൊന്‍മുടി ഡാമുകള്‍ക്കിടയിലാണ് കുത്തുങ്കല്‍. കെ.എസ്.ഇ.ബിയുടെ രേഖകള്‍ പ്രകാരം കുത്തുങ്കല്‍ നിലയം ഉപയോഗിക്കുന്ന വെള്ളത്തിന്റെ 36 ശതമാനവും ആനയിറങ്കലില്‍ നിന്നുള്ളതാണ്. ഈ വെള്ളം സ്ഥിരമായി ലഭിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബിയും ഇന്‍ഡ്സിമായി ഒപ്പുവെച്ച കരാറനുസരിച്ച് വെള്ളത്തിന് സെസ്/റോയല്‍റ്റി നല്‍കണം. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക കമ്പനി നല്‍കണം. സംസ്ഥാനത്ത് കേന്ദ്രം ജലവൈദ്യുതി നിലയം സ്ഥാപിച്ചാല്‍ 12 ശതമാനം വൈദ്യുതി സംസ്ഥാനത്തിന് സൌജന്യമായി ലഭിക്കുമെന്ന വ്യവസ്ഥയും നിലനില്‍ക്കുന്നു.ആദ്യ സ്വകാര്യ നിലയമായ മണിയാറില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ റോയല്‍റ്റി അവര്‍ നല്‍കിയിരുന്നു. ഇ.എച്ച്.ടി ഉപഭോക്താക്കള്‍ക്കുള്ള നിരക്കനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില നിശ്ചയിച്ച് അതിന്റെ പത്ത് ശതമാനമാണ് നല്‍കി വന്നിരുന്നത്. മൂന്നാറിലെ ടാറ്റാ ടീ കമ്പനിയുടെ വാഗുവര മിനി ഹൈഡല്‍ പദ്ധതിയും റോയല്‍റ്റി നല്‍കുന്നുണ്ട്.
ചൈനയെ മാതൃകയാക്കിയാണ് കേരളത്തിലും ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ക്കായി പദ്ധതി തയാറാക്കിയത്. ഒഴുകിപ്പോവുന്ന വെള്ളം പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വൈദ്യുതി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായശാലകള്‍ കേരളത്തിലേക്ക് കുടിയേറിയപ്പോള്‍ ജലവൈദ്യുതി നിലയങ്ങളില്‍ അവര്‍ക്കും താല്‍പര്യം തോന്നി. ഇതിന് പുറമെ, ചെറുകിട ജലവൈദ്യുത പദ്ധതികളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എത്തി. പാരമ്പര്യേതര ഊര്‍ജരംഗവും സ്വകാര്യ മേഖലക്ക് നല്‍കി. വൈദ്യുതി പ്രവഹിച്ചില്ലെങ്കിലും ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടത് മാത്രമാണ് നേട്ടം.
സ്വകാര്യമേഖലയുമായി ധാരണാപത്രം ഒപ്പിട്ട ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇവയാണ്. മണിയാര്‍ ^12 മെഗാവാട്ട്, കുത്തുങ്കല്‍ ^21 മെഗാവാട്ട്, ഉള്ളുങ്കല്‍ ^7 മെഗാവാട്ട്, കരിക്കയം ^15, ഭൂതത്താന്‍കെട്ട് ^6, ബാരാപോളി ^21, വാഞ്ചിയം ^3, ചാത്തന്‍കോട്ട് നട സ്റ്റേജ് ഒന്ന് ^21.25, ആനക്കയം^8, പശ്ചിമ കല്ലാര്‍ ^5, മീന്‍വല്ലം ^3, അരിപ്പാറ ^2.5, കലങ്കി ^0.8, പാല്‍ച്ചുരം ^3.5, ഇരുട്ട്കാനം ^3, അലമ്പാറത്തോട് ^3, മുക്കുട്ടത്തോട് ^3, അപ്പര്‍ വട്ടപ്പാറ ^3.5, അപ്പര്‍ പൊരിങ്ങല്‍ ^7, ലോവര്‍ വട്ടപ്പാറ ^7, കൊക്കമുള്ള് ^2, അടക്കാത്തോട് ^2.5, തുവല്ലൂര്‍ ^4, അറ്റല്‍ ^6, കുറിശടി^0.75.
പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മണിയാര്‍ ജലവൈദ്യുത പദ്ധതിയാണ് ആദ്യ സ്വകാര്യ പദ്ധതി. 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നിലയം പ്രവര്‍ത്തിക്കുന്നത് കക്കാട് വൈദ്യുതി നിലയത്തില്‍നിന്നും കക്കാട് പുഴയിലേക്ക് ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ്. പമ്പ ജലസേചന പദ്ധതിക്കായി കക്കാട് പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിര്‍മിച്ച മണിയാര്‍ ബാരേജ് പ്രയോജനപ്പെടുത്താനായതും പദ്ധതി ലാഭകരമാക്കി. 30 വര്‍ഷത്തേക്കാണ് കരാര്‍. 21 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക്. കരാറനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇ.എച്ച്.ടി നിരക്ക് കണക്കാക്കി 10 ശതമാനം റോയല്‍റ്റിയായി സര്‍ക്കാറിന് നല്‍കിയിരുന്നു. കുത്തുങ്കല്‍ നിലയം റോയല്‍റ്റി നല്‍കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 2003 ഏപ്രില്‍ മുതല്‍ ഇവരും റോയല്‍റ്റി നല്‍കുന്നില്ല.
ഇതേസമയം, ധാരണാപത്രം ഒപ്പിട്ട മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പലതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കക്കാട് പുഴയിലെ ഉള്ളുങ്കല്‍ പദ്ധതി 99 മാര്‍ച്ച് 31ന് കമീഷന്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001 ആഗസ്റ്റ് മൂന്നിന് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഏഴ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി കോട്ടയം ടെസില്‍ കെമിക്കല്‍സ് ആന്റ് ഇലക്ട്രോ പവര്‍ ലിമിറ്റഡിനാണ് അനുവദിച്ചിരുന്നത്. 94 ഡിസംബര്‍ 30നാണ് കെ.എസ്.ഇ ബോര്‍ഡുമായി ഒപ്പിട്ടത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതും പിന്നീട് പ്രൊജക്ട് ബോര്‍ഡ് ഏറ്റെടുത്തതും. പണി നിര്‍ത്തിവെക്കുമ്പോള്‍ 90 ശതമാനം സിവില്‍ ജോലികളും 75 ശതമാനം ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു.
ഇതേ കമ്പനിക്ക് തന്നെയാണ് കരിക്കയം പദ്ധതിയും അനുവദിച്ചത്. ഉള്ളുങ്കല്‍ പദ്ധതിയുടെ കീഴ്തടത്തിലെ പദ്ധതിയാണ് കരിക്കയം. 15 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഈ പദ്ധതിയും 99 മാര്‍ച്ച് 31ന് കമീഷന്‍ ചെയ്യുമെന്നായിരുന്നു കരാര്‍. പക്ഷേ, 2000 ജനുവരി ഏഴിന് പദ്ധതിയുടെ നിര്‍മാണം തന്നെ നിര്‍ത്തിവെച്ചു. 27.36 ഹെക്ടര്‍ സ്വകാര്യഭൂമി പദ്ധതിക്ക് വേണ്ടിയിരുന്നുവെങ്കിലും ഏറ്റെടുത്തത് 8.88 ഹെക്ടര്‍ മാത്രം. 2002 ഫെബ്രുവരി 21ന് കെ.എസ്.ഇ ബോര്‍ഡ് പ്രൊജക്ട് ഏറ്റെടുക്കുകയും ചെയ്തു.
ജലസേചന വകുപ്പ് ഭൂമി കൈമാറിയില്ലെന്ന കാരണത്താലാണ് ഭൂതത്താന്‍ കെട്ട് പദ്ധതി മുടങ്ങിയത്. ജലസേചന വകുപ്പിന്റെ ഭൂതത്താന്‍ കെട്ടി ബാരേജ് പ്രയോജനപ്പെടുത്തി 61.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. കോയമ്പത്തൂരിലെ സില്‍ക്കള്‍ മെറ്റലര്‍ജിക്ക് ലിമിറ്റഡിനാണ് പദ്ധതി അനുവദിച്ചത്. 24.91 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് നിരക്ക്. 94 ഡിസംബര്‍ 30ന് കെ.എസ്.ഇ.ബിയുമായി കരാറൊപ്പിടുമ്പോള്‍ 99 മാര്‍ച്ച് 31ന് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 2.18 ഹെക്ടര്‍ ഭൂമി കൈമാറാന്‍ പിന്നീട് ധാരണയായെങ്കിലും വ്യവസ്ഥകളോട് കമ്പനി യോജിച്ചില്ലത്രെ.
തലശേരി താലൂക്കിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ബാരാപോളേ പദ്ധതി ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സിനാണ് (ടി.സി.സി) അനുവദിച്ചത്. 21 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും 78 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിച്ചത്. ടി.സി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിക്ക് തടസമായത്. ഐഡിയല്‍ പ്രൊജക്ട്സ് ആന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് നാല് പദ്ധതികളാണ് അനുവദിച്ചത്. വാണിയം ^3 മെഗാവാട്ട്, ചാത്തന്‍കോട്ടുനട സ്റ്റേജ് ഒന്ന് ^20.5 മെഗാവാട്ട്, ആനക്കയം ^8 മെഗാവാട്ട്, പശ്ചിമ കല്ലാര്‍ ^5 മെഗാവാട്ട് എന്നിവ.
രണ്ടാംഘട്ടത്തിലാണ് ജില്ലാ പഞ്ചായത്തുകളടക്കം വൈദ്യുതി ഉല്‍പാദനത്തിന് താല്‍പര്യം കാട്ടിയത്. ആദ്യഘട്ടത്തില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതികള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് വ്യവസ്ഥ. ഭേദഗതി വരുത്തി 2003ല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചത്. 30 പദ്ധതികളാണ് നീക്കിവെച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളാണ് പദ്ധതി ഏറ്റെടുത്തത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത മൂന്ന് മെഗാവാട്ടിന്റെ മീന്‍വല്ലം പദ്ധതിക്കായി പ്രത്യേക സൊസൈറ്റിയും രൂപവത്കരിച്ചു.  മൂന്ന് മെഗാവാട്ടിന്റെ അരിപ്പാറ പദ്ധതിക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 99 മാര്‍ച്ച് 18ന് കരാര്‍ ഒപ്പിട്ടുവെങ്കിലും പണി തുടങ്ങിയിട്ടില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടര മെഗാവാട്ടിന്റെ അടിയമ്പാറ പദ്ധതിക്കായി 99 മാര്‍ച്ചില്‍ ഒപ്പിട്ടുവെങ്കിലും പിന്നീട് പിന്‍മാറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെതായിരുന്നു 0.8 മെഗാവാട്ടിന്റെ കലങ്കി പദ്ധതി. 98 ജൂലൈയിലാണ് ഒപ്പിട്ടത്. എന്നാല്‍, പിന്നീട് പിന്‍മാറി.
പാല്‍ച്ചുരം ^3.5 മെഗാവാട്ട്, ഇരുട്ടുകാനം^3 മെഗാവാട്ട്, അലമ്പരക്കോട് ^3 മെഗാവാട്ട്, മുക്കുട്ടതേട് ^മൂന്നു മെഗാവാട്ട്, അപ്പര്‍ വട്ടപ്പാറ ^3 മെഗാവാട്ട്, കുരുംപെട്ടി ^3.5 മെഗാവാട്ട്, അപ്പര്‍ പൊരിങ്ങല്‍ ^7 മെഗാവാട്ട്, ലോവര്‍ വട്ടപ്പാറ ^7 മെഗാവാട്ട്, കൊക്കമുള്ള് ^2 മെഗാവാട്ട്, അടക്കത്തോട് ^2.5 മെഗാവാട്ട്, തുവല്ലൂര്‍ ^4 മെഗാവാട്ട്, അറ്റ്ല്‍ ^6 മെഗാവാട്ട്, കുറിശടി ^0.75 മെഗാവാട്ട് എന്നിവ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതികളാണ്.

ചെറുകിട ജലവൈദ്യുത രംഗത്തെ
മാങ്കുളം മാതൃക


2004 ഒക്ടോബര്‍ 28 ^കുടിയേറ്റ ഗ്രാമമായ മാങ്കുളത്തിന് ^ന്ന് ഉല്‍സവമായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാങ്കുളം ഗ്രാമത്തില്‍ വൈദ്യുതി ദീപം തെളിഞ്ഞത് അന്നായിരുന്നു. വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 110 കിലോവാട്ട് ജലവൈദ്യുത നിലയം സ്ഥാപിച്ചതിന്റെ ഉദ്ഘാടനമായിരുന്നു അന്ന്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭ വ്യവസായ വികസന ഓര്‍ഗനൈസേഷന്റെ (യുനിഡോ) സഹായവും ലഭിച്ചു.
വൈദ്യുതി, റോഡ്, ഫോണ്‍ തുടങ്ങി എല്ലാ രംഗത്തും മാങ്കുളം ഗ്രാമം ഏറെ പിന്നിലായിരുന്നു.നിരവധി വെള്ളച്ചാട്ടങ്ങളുള്ള ഈ ഗ്രാമത്തില്‍ ചെറുകിട ജലവൈദ്യുത നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും അത് ഏട്ടിലെ പശുവായി തുടര്‍ന്നു. ഒടുവില്‍ ഗ്രാമപഞ്ചായത്താണ് സ്വന്തം വൈദ്യുതി നിലയം എന്ന പദ്ധതിയുമായി രംഗത്ത് വന്നത്. മാങ്കുളം മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരിക്കെയാണ് 50 കിലോവാട്ട് ജലവൈദ്യുത നിലയത്തിന് തറക്കല്ലിട്ടത്. സില്‍ക്കിന്റെ സഹായത്തോടെയുള്ള പദ്ധതിക്ക് അന്നത്തെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ. കുര്യന്‍ തറക്കല്ലിട്ടുവെങ്കിലും മുന്നോട്ടുപോവാനായില്ല. മാങ്കുളം ആസ്ഥാനമായി പുതിയ ഗ്രാമപഞ്ചായത്ത് വന്നതോടെ, ജലവൈദ്യുത പദ്ധതിക്കായുള്ള 'അന്വേഷണം' ഊര്‍ജിതമായി. ഇതിന് യുനിഡോയുടെ സഹായവും ലഭിച്ചു. പാമ്പുക്കയം നക്ഷത്ര കുത്തിനടുത്താണ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. 55 കിലോവാട്ടിന്റെ വീതം രണ്ട് ടര്‍ബൈനുകള്‍ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്തു. ഇതിലൊന്ന് യുനിഡോ സൌജന്യമായി നല്‍കുകയുമായിരുന്നു. പദ്ധതിക്കായി 25 ലക്ഷം രൂപ ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്തു. 11 കെ.വി ലൈന്‍, സബ്സ്റ്റേഷന്‍ എന്നിവയും സ്ഥാപിച്ചു. 250ലേറെ വീടുകള്‍ക്കും അമ്പതോളം സ്ഥാപനങ്ങള്‍ക്കും മാങ്കുളം വൈദ്യുതി നല്‍കിയായിരുന്നു തുടക്കം.

കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നിന്നാണ് ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികളുടെ തുടക്കം. 1996ല്‍ ആലക്കോട് ആശാന്‍കവലയില്‍ ആയിരം വാട്ടിന്റെ പദ്ധതി സ്ഥാപിച്ചതാണ് ഇതിലാദ്യത്തേത്. പിന്നിട്  ഒരു കുടുംബത്തിന് വേണ്ടി മാത്രമായി  ഈ പദ്ധതി . 1997ലാണ് പാത്തന്‍പാറയിലെ 4500 വാട്ടിന്റെ പദ്ധതി ആരംഭിച്ചത്. 80 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് വേണ്ടിയായിരുന്നു. എരുവാട്ടിയില്‍ 2000ത്തിലും മാലൂരില്‍ 2002ലും പദ്ധതി തുടങ്ങി. ആറംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ ഊര്‍ജ വിദ്യാലയമാണ് ഈ പദ്ധതികള്‍ക്ക് പിന്നില്‍. ആലക്കോടിനെ മാതൃകയാക്കി ചെറുകിട ജലവൈദ്യുത പദ്ധതികളുമായി ത്രിതല പഞ്ചായത്തുകള്‍ വന്നുവെങ്കിലും അതൊക്കെ അധികം വൈകാതെ അടച്ചുപൂട്ടി. കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് നാലായിരം വാട്ടിന്റെ വീതം മൂന്ന് പദ്ധതികള്‍ സ്ഥാപിച്ചത് 1998ലാണ്. ദിവസങ്ങള്‍ കഴിഞ്ഞതോടെ വൈദ്യുതി ഉല്‍പാദനവും നിലച്ചു.  അടിമാലിക്കടുത്ത് കല്ലാറില്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങിയിരുന്നു. സൊസൈറ്റി രൂപവത്കരിക്കുകയും പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു.

കാറ്റിലാടുന്ന കാറ്റാടി പദ്ധതികളും
താപനിലയങ്ങളും

കാറ്റിന്റെ വേഗതയില്‍ ഒന്നാം സ്ഥാനത്താണ് ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട്. പ്രകൃതിയെ ചൂഷണം ചെയ്ത് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള സംരംഭകര്‍ താല്‍പര്യം കാട്ടിയതും രാമക്കല്‍മേടിനോട്. സംരംഭകര്‍ ഒഴുകിയെത്തുമ്പോള്‍ കേരളത്തിന്റെ പാരമ്പര്യേതര ഊര്‍ജ തറവാടായി രാമക്കല്‍മേടിനെ മാറ്റുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ, ചില കമ്പനികള്‍ കരാറുകള്‍ ഒപ്പിട്ടതൊഴിച്ചാല്‍ കാറ്റാടി പദ്ധതികളൊന്നും സ്ഥാപിക്കപ്പെട്ടില്ല.
എന്‍റോണിന്റെ പങ്കാളിത്തത്തെ തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കണ്ണൂര്‍ പവര്‍ പ്രോജക്ട്സ് 1996 ഫെബ്രുവരി 19നാണ് 513 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടത്. അഴീക്കലിലാണ് പദ്ധതിക്കാവശ്യമായ ഭൂമി കിന്‍ഫ്ര കണ്ടെത്തിയത്. പ്രോജക്ടിന്റെ വിദേശ പങ്കാളിത്തമാണ് പദ്ധതിക്ക് തടസമായതെന്ന് പറയുന്നു. 11 ശതമാനം ഇന്ത്യന്‍ ഓഹരിയും ബാക്കി വിദേശ പങ്കാളിത്തവും എന്ന നിലയിലായിരുന്ന പദ്ധതി നിര്‍ദേശിക്കപ്പെട്ടത്. വിദേശ പങ്കാളിത്തത്തിന്റെ മറവില്‍ എന്‍റോണ്‍ വരുമെന്ന ഘട്ടത്തിലാണ് അന്നത്തെ സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്തത്. പിന്നീട്, സിങ്കപ്പൂര്‍ ആസ്ഥാനമായ എല്‍പാസോ എന്ന കമ്പനിയെ നിര്‍ദേശിച്ചുവെങ്കിലും എന്‍റോണ്‍ ബന്ധമുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീട്, വിദേശ പങ്കാളി ആരായാലും കുഴപ്പമില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയെങ്കിലും പദ്ധതി മുന്നോട്ട് പോയിട്ടില്ല. നാഫ്തയും എല്‍.എന്‍.ജിയും ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയായിരുന്നു പദ്ധതിയെങ്കിലും എല്‍.എന്‍.ജി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
വൈപ്പിന്‍ സിയസിന്‍ എനര്‍ജി ലിമിറ്റഡ് 679 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് 93 ഡിസംബര്‍ 18നാണ് ധാരണാപത്രം ഒപ്പിട്ടത്. പുതുവൈപ്പില്‍ 200 ഏക്കര്‍ ഭൂമി അനുവദിക്കുകയും പദ്ധതിക്കാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ (പി.പി.എ) കാലാവധി 2001 മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും വൈപ്പിനില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങിയിട്ടില്ല.
അമേരിക്കന്‍ കമ്പനിയായ പാലക്കാട് പവര്‍ ജനറേറ്റിംഗ് കമ്പനിയുടെ 330 മെഗാവാട്ടിന്റെ പദ്ധതി, വിഴിഞ്ഞം കുമാര്‍ എനര്‍ജി കോര്‍പറേഷന്റെ 348 മെഗാവാട്ടിന്റെ പദ്ധതി, മഞ്ചേശ്വരം ബി.പി.എല്‍ പവര്‍ പ്രൊജക്ട്സിന്റെ (കേരളം) 500 മെഗാവാട്ടിന്റെ പദ്ധതി, കാസര്‍കോഡ് എനര്‍ജി കോര്‍പറേഷന്റെ 459 മെഗാവാട്ടിന്റെ ാവക്കാട് പ്ലാന്റ് എന്നിവയൊക്കെ ഫയലില്‍ വിശ്രമിക്കുന്നു. പാലക്കാട് വൈസിന്റെ 106 മെഗാവാട്ട് പദ്ധതിയുടെ പി.പി.എയുടെ കാലാവധിയും 2001 മാര്‍ച്ച് 31ന് അവസാനിച്ചു.
കാസര്‍കോട് ഡി.സി പവര്‍ ലിമിറ്റഡിന്റെ 107 മെഗാവാട്ട് പദ്ധതിക്ക് ഭൂമി അനുവദിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീടാണ്, പദ്ധതി കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ അനുമതി തേടിയത്. തിരുവനന്തപുരത്തോ തൃശൂര്‍ മടക്കത്തറയിലോ വൈദ്യുതി നല്‍കാമെന്നും കമ്പനി അറിയിച്ചു. 468 മെഗാവാട്ടിന്റെതാണ് കാസര്‍കോട് പവര്‍ കോര്‍പറേഷന്റെ തൃക്കരിപ്പൂര്‍ പദ്ധതി.
കൊച്ചി ബി.എസ്.ഇ.എസ്, കാസര്‍കോട് പവര്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും കെ.എസ്.ഇ ബോര്‍ഡിനെ  സംബന്ധിച്ച് ലാഭകരമല്ല.
157 മെഗാവാട്ടാണ് ബി.എസ്.ഇ.എസിന്റെ സ്ഥാപിതശേഷി. ഉയര്‍ന്ന ഉല്‍പാദന ചെലവ് വൈദ്യുതി ബോര്‍ഡ് താങ്ങേണ്ടിവരുന്നു. 124.26 കോടി രൂപ ഫിക്സഡ് ചാര്‍ജായി വൈദ്യുതി ബോര്‍ഡ് നല്‍കേണ്ടി വരുന്നുണ്ട്.കാസര്‍കോട് പവര്‍കോര്‍പറേഷന് 18.24 കോടി രൂപയാണ് ഫിക്സഡ് ചാര്‍ജ്. ഫലത്തില്‍, പ്രവര്‍ത്തിച്ച് തുടങ്ങിയ താപനിലയങ്ങള്‍ വൈദ്യുതി ബോര്‍ഡിന് ലാഭകരമല്ല. ജലവൈദ്യുത പദ്ധതികള്‍ തന്നെയാണ് ലാഭകരമെന്ന സൂചനയാണ ഇവ നല്‍കുന്നത്.
സ്വകാര്യ മേഖലക്ക് അനുവദിച്ച പദ്ധതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ തന്നെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെടും.

No comments:

Post a Comment