Pages

26 October 2011

ഇതല്ല ഞാന്‍ പ്രതീക്ഷിച്ച ടൂറിസം


മൂന്നാറിലെ ടൂറിസം വികസനത്തിനായി പോരാട്ടം ആരംഭിക്കുമ്പോള്‍ ചില സങ്കല്‍പങ്ങളുണ്ടായിരുന്നു.മൂന്നാറിന്റെ കാലാവസ്ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന ടൂറിസം വികസനം എന്നതായിരുന്നു ആഗ്രഹം.പക്ഷെ,മൂന്നാറില്‍ ഇന്ന് കാണുന്നത് മൂന്നാറിന് ഒട്ടും യോജിക്കുന്നതല്ലെന്ന് പറയേണ്ടിരിക്കുന്നു.മറ്റ് പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാണുന്ന പ്രവര്‍ത്തനങ്ങള്‍ അതേപ്പടി അനുകരിക്കുകയാണിവിടെ.ഈ പോക്ക് തുടര്‍ന്നാല്‍ എത്ര കാലം മൂന്നാര്‍ നിലനില്‍ക്കും?ഇപ്പോള്‍ തന്നെ മൂന്നാറിന്റ കാലാവസ്ഥ മാറി.പല ജീവികളും അപ്രത്യക്ഷമായി.കാലാവസ്ഥ വല്ലാതെ മാറിയാല്‍ വരയാടിന് വേറെ അഭയ കേന്ദ്രം കണ്ടെത്തേണ്ടി വരും.തേയില ചെടികളും ഇല്ലാതാകും. അതോടെ മൂന്നാര്‍ ഓര്‍മ്മയിലാകും.
ഇടുക്കി അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1978ല്‍ ആരംഭിച്ച മൂന്നാര്‍ പുഷ്പമേളയാണ് മൂന്നാറിന്റെ ടൂറിസം വികസനത്തിന്റ അടിസ്ഥാനം.നാട്ടുകാര്‍ക്കും നാട്ടിലെ സംഘടനകള്‍ക്കും പങ്കാളിത്തമില്ലാതിരുന്ന പുഷ്പ മേള പിറ്റേ വര്‍ഷവും ആവര്‍ത്തിച്ചു.അപ്പോഴെക്കും ഒറ്റപ്പെട്ട  ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.ആ സംഘത്തില്‍ അറിഞ്ഞോ അറിയാതെയോ അന്ന് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ഞാനും ഉള്‍പ്പെട്ടു.അന്നത്തെ ആ മുവ്മെന്റാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള പുഷ്പ മേളയെ കുറിച്ച് ചിന്തിക്കാന്‍ അന്നത്തെ സബ് കലക്ടര്‍ കെ.ജെ.അല്‍ഫോണ്‍സിനെ പ്രേരിപ്പിച്ചത്.എങ്ങനെയായിരിക്കണം പുഷ്പ മേള നടത്താന്‍ എന്നാലോചിക്കാനുള്ള സമിതിയില്‍ ഞാനും ഉള്‍പ്പെട്ടതോടെയാണ് മൂന്നാര്‍ മേള എന്ന പേര് ഞാന്‍ നിര്‍ദേശിച്ചത്.1982ലും 1983ലും വിപുലമായ പരിപാടികളോടെ മൂന്നാര്‍ മേള നടത്തി.മുന്നാര്‍ ടൂറിസം വികസനമെന്നതായിരുന്നു മൂന്നാര്‍ മേളയുടെ മുദ്രാവാക്യം.ഹൈറേഞ്ച് മോട്ടോര്‍ റാലിയടക്കം മൂന്നാര്‍ മേളയുടെ ഭാഗമായിരുന്നു.എങ്കിലും മേള നടത്തിപ്പിന് സ്ഥിരം സംവിധാനമില്ലാതെ പോയത് മേള മുടങ്ങാന്‍ കാരണമായി.പിന്നിട് 1989ല്‍ ദേവികുളം സബ്കലക്ടറായി ജെയിംസ് വര്‍ഗീസ് എത്തിയതോടെയാണ് മേളക്ക് ജീവന്‍ വെച്ചത്.മേള നടത്തിപ്പിനായി സ്ഥലം എം.എല്‍.എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയും സബ് കലക്ടര്‍ ജനറല്‍ കണ്‍വീനറും മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ട്രഷററുമായി സ്ഥിരം സംവിധാനം വേണമെന്ന് നിര്‍ദേശിച്ചത് സി.പി.ഐ നേതാവ് സി.എ.കുര്യനും.പിന്നിട് നടന്ന മേളകളുടെ നടത്തിപ്പില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞുവെങ്കിലും എന്ത് കൊണ്ടോ മേള മുടങ്ങി.അപ്പോഴെക്കും ഞാനും മൂന്നാര്‍ വിട്ടു.
മൂന്നാറിലെ ടൂറിസം വികസനത്തിനായി പ്രത്യേക പദ്ധതി വേണമെന്ന ആവശ്യവുമായി ഞങ്ങള്‍ കുറച്ച് പേര്‍ സൈക്കിള്‍ യാത്രയും മറ്റുമായി രംഗത്ത് വരുന്നതും ഇതേ കാലഘട്ടത്തിലാണ്. മൂന്നാറിനെ സംബന്ധിച്ച് തയ്യാറാക്കിയ ബ്രോഷര്‍ കേരളമാകെ അയച്ച് കൊടുത്തു. ഉര്‍വശി സ്റ്റുഡിയോയിലെ കുട്ടിയപിള്ളയെടുത്ത മൂന്നാറിന്റെ ചിത്രങ്ങള്‍ നാട് നീളെ പ്രദര്‍ശിപ്പിച്ചു.മൂന്നാറിന്റെ ചിത്രങ്ങളടങ്ങിയ സീസണ്‍ കാര്‍ഡുകള്‍ തയ്യാറാക്കി വില്‍പനക്കെത്തിച്ചു.
നീല കുറിഞ്ഞി സീസണും മൂന്നാറിന്റെ ടുറിസം വളര്‍ച്ചക്കുള്ള വഴിയൊരുക്കി.അന്നൊക്കെ ഞങ്ങളെ പരഹസിച്ചവര്‍ ഇന്ന് ടൂറിസത്തിന്റെ വക്താക്കളാണെന്നത് വേറെ കാര്യം.
ടൂറിസ്റ്റ് കേന്ദ്രമായി മൂന്നാര്‍ മാറുന്നതിനൊപ്പം എങ്ങനെയാകണം മൂന്നാര്‍ എന്നതിനെ സംബന്ധിച്ചും കാഴ്ചപ്പാടുണ്ടായിരുന്നു.മൂന്നാറില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പാടില്ലായെന്നതായിരുന്നു ഇതില്‍ പ്രധാനം.എന്നാല്‍ ഇപ്പോള്‍ കുന്നും പുല്‍മേടും വെട്ടി നിരത്തി എങ്ങും കോണ്‍ക്രീറ്റ് റിസോര്‍ട്ടുകള്‍ മാത്രം.എതാണ്ട് സോപ്പ് പെട്ടി അടുക്കി വെച്ചത് പോലെ.മൂന്നാര്‍ ടൌണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റ കരകളില്‍ ജമന്തി, ഡാലിയ തുടങ്ങിയ ചെടികള്‍ നട്ട് വളര്‍ത്തണമെന്നും നിര്‍ദേശിച്ചു.പക്ഷെ,ചെടികള്‍ക്ക് പകരം തീരങ്ങള്‍ കയ്യേറി.അവിടെയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
പണ്ട്,ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് ഇന്നത്തെ മൂന്നാറിശല റോഡുകളും പാലങ്ങളും.അന്നുണ്ടായിരുന്ന ജനസംഖ്യ കണക്കിലെടുത്ത് നിര്‍മിച്ചവ.ഇടുങ്ങിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും പരിമിതികളുണ്ട്.ആ തിരിച്ചറിവോടെ വേണം മൂന്നാറിനെ കാണാന്‍.വരായാടുകള്‍ വളരുന്ന രാജമലയിലേക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത മാടുപ്പെട്ടിയിലേക്കും വാഹനങ്ങളെ നിയന്ത്രിക്കണം.ഇതില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രാജമലയിലേക്ക് സ്വകാര്യ വാഹനങ്ങളെ പൂര്‍ണമായും നിരോധിച്ചു.മാടുപ്പെട്ടിയടക്കമുള്ള മറ്റിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട് ക്യു ആണ് പലപ്പോഴും. പല വേഷത്തിലുള്ള പോലീസുണ്ടെങ്കിലും അവര്‍ ഇതൊന്നും നിയന്ത്രിക്കുന്നില്ല. അവര്‍ ടൌണിലെ ആട്ടോക്കാര്‍ക്കും ടാക്സിക്കാര്‍ക്കും ഒപ്പമാണ്.ഏതാണ്ട് ആയിരത്തോളം ആട്ടോകളാണ് മൂന്നാറിലുള്ളത്.മൂന്നാറില്‍ ആട്ടോ റിക്ഷക്കുള്ള പെര്‍മിറ്റ് വാങ്ങിയെടുക്കുമ്പോള്‍ പ്രതീക്ഷിച്ചില്ല,ഈ ടൌണിനെ ആട്ടോകള്‍ വിഴുങ്ങുമെന്ന്.
മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കുകയാണ് പ്രധാനം.മൂലക്കടക്ക് സമീപത്തെ പഞ്ചായത്ത് ബസ് സ്റ്റാന്റ് ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായിട്ടുണ്ട്.പുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യട്ടെ.വരുന്ന ടൂറിസ്റ്റുകള്‍ എക്കോ ഡവല്മെന്റ് സൊസൈറ്റി ഏര്‍പ്പെടുത്തുന്ന മിനി ബസുകളില്‍ രാജമലയും മാടുപ്പെട്ടുയും കുണ്ടളയും കാണട്ടെ.എക്കോ ഡവല്മെന്റ് സൊസൈറ്റി കുറച്ച് മിനി ബസുകള്‍ നിരത്തിലിറക്കി തലങ്ങും വിലങ്ങും ഓടിക്കുയും നിശ്ചിത രൂപക്ക് ടിക്കറ്റ് എടുക്കുന്ന ആര്‍ക്കും എത് ബസിലും എവിടെ നിന്നും കയറാനും ഇറങ്ങാനും സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹോം സ്റ്റേകള്‍ എന്നിവക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തി തുക നിശ്ചയിക്കണം.ഇപ്പോഴത്തെ ബ്ലേഡ് നിരക്ക് അവസാനിപ്പിക്കണം.
അതോടൊപ്പം കെട്ടിട നിര്‍മ്മാണ ചട്ടം ശക്തമാക്കണം.രണ്ട് ചാക്കും നാല് കമ്പുമായി സ്ഥാപിക്കപ്പെടുന്ന പെട്ടിക്കടകള്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തിന് അപമാനമാണ്.അത് കപ്പം വാങ്ങി സ്ഥാപിച്ചിട്ടുള്ളതാണെങ്കില്‍ പോലും നീക്കം ചെയ്യണം.പകരം ടൂറിസം വകുപ്പ് പെട്ടി കടകള്‍ നിര്‍മ്മിച്ച് വാടകക്ക് നല്‍കട്ടെ.മൂന്നാറിന് പ്രത്യേകമായ ടൂറിസം മാസ്റ്റ് പ്ലാന്‍ വേണമെന്ന് ഇടുക്കി ഡി.ടി.പി.സിയില്‍ അംഗമായിരിക്ക്െ ഞാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.ഇതിനായിഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. മൂന്നാര്‍ ടൂറിസം വികസന അതോറിറ്റി എന്ന ആശലവും അന്ന് മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍, മൂന്നാറില്‍ നിന്ന് താമസം മാറ്റിയതോടെ പല കാര്യങ്ങളിലും ഫോളോഅപ് ഇല്ലാതെ പോയി. എങ്കിലും മൂന്നാറിന്റെ അവസ്ഥ കാണുമ്പോള്‍ വല്ലാത്ത ദു:ഖം തോന്നുന്നു.
കയ്യേറ്റവും ടൂറിസ്റ്റുകളെ ചൂഷണം ചെയ്യാനുള്ള ചിലരുടെ അമിത ആവേശവുമാണ് മൂന്നാറിനെ നശിപ്പിച്ചത്.ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും കയ്യേതെ കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിച്ചതാണ് ഇവിടുടെത്തെ മണ്ണ്. കമ്പനിയുടെ വാടക വീടുകളില്‍ കഴിയുമ്പോഴും അവര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചില്ല. മൂന്നാറിന്റെ മണ്ണ് സംരക്ഷിക്കുന്നതില്‍ ചുമട്ട് തൊഴിലാളികള്‍ തുടങ്ങി കുത്തക വ്യാപാരികള്‍ വരെ ഒറ്റകെട്ടായി നിന്നു. എന്നാല്‍,മൂന്നാറില്‍ ജനിക്കാത്ത ചില രാഷ്ട്രിയക്കാരും വ്യാപാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ നാടിനെ ഇല്ലാതാക്കി.അവശേഷിക്കുന്ന പുല്‍മേടുകള്‍ എങ്കിലും സംരക്ഷിക്കണം.ഒപ്പം മൂന്നാറിനെയും. അതിന് ആസുത്രണം കൂടിയെ തീരൂ.................................

1 comment: