Pages

21 September 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒടുവില്‍ പരിഹാരം; ഹോസുകള്‍ ഉപയോഗിച്ച് പുതിയ ഡാം നിറക്കും


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ ഡാമില്‍ നിന്ന് എങ്ങനെ വെള്ളം തുറന്ന് വിടുമെന്ന് ചിന്തിച്ച് ഇനി എന്‍ജിനീയര്‍മാര്‍ തല പുകക്കേണ്ട. പുതിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വലിയ ഹോസുകള്‍ ഉപയോഗിച്ച് വെള്ളം തുറന്ന് വിടാമെന്ന കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.മുസ്തഫയുടെ നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സൈഫണിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. റേഷന്‍ കടകളില്‍ വലിയ ബാരലില്‍ നിന്ന് ചെറിയ ടിന്നുകളിലേക്ക് മണ്ണെണ്ണ നിറക്കുന്ന അതേ അടിസ്ഥാന തത്ത്വം തന്നെയായിരിക്കും മുല്ലപ്പെരിയാറിലും പരീക്ഷിക്കുക. പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ അതിലേക്ക് എങ്ങനെ വെള്ളം തുറന്ന് വിടുമെന്ന ചിന്തയിലായിരുന്നു മാസങ്ങളായി എന്‍ജിനീയര്‍മാര്‍. രാജ്യത്ത് ഒരിടത്തും ഡാം ഡീകമീഷന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വിദേശ സഹായം തേടുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഈ മാസമാദ്യം ചേര്‍ന്ന യോഗത്തില്‍ സ്പില്‍വേയില്‍ മുപ്പത് മീറ്റര്‍ വീതിയിലും 42 അടി  ആഴത്തിലും ചാനല്‍ നിര്‍മിച്ചും ബേബി ഡാം ഭാഗികമായി പൊളിച്ചും പുതിയ അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിടാമെന്ന നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഇവയടക്കം മൂന്ന് നിര്‍ദേശങ്ങളും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് ഈ മാസം 29ന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പുതിയ അണക്കെട്ട് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഈ മാസം 30നകം പ്രോജക്ട് റിപ്പോര്‍ട്ടും നിലവിലെ അണക്കെട്ട് ഡീകമീഷന്‍ ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്ന് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരുന്നു. ആസ്ത്രേലിയയില്‍ സൈഫണിങ് സംവിധാനത്തിലൂടെ തടാകത്തില്‍ നിന്ന് പുഴയിലേക്ക് വെള്ളം തുറന്ന് വിട്ടിട്ടുള്ളതായും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിനായി പെരിയാര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള എന്ന പേരില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. 666 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയാറായിട്ടുള്ളത്.
പുതിയ ഡാം നിര്‍മിക്കുന്നതോടെ പഴയ അണക്കെട്ടുകള്‍ പൊളിച്ച് മാറ്റും. ഇവയുടെ അവശിഷ്ടങ്ങള്‍ ബാര്‍ജുകളിലൂടെ തേക്കടിയിലെത്തിക്കാനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. പഴയ അണക്കെട്ടുകളില്‍ 62ശതമാനവും സുര്‍ക്കിയാണ്. ഇവ ഭൂമി നികത്താനും മറ്റും ഉപയോഗിക്കാം.
ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍, ചീഫ് എന്‍ജിനീയര്‍ പി.ലതിക,അന്തര്‍ സംസ്ഥാന നദീ ജലതര്‍ക്ക സെല്‍ ചെയര്‍മാന്‍ കെ.മാധവന്‍ നായര്‍,മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍,അംഗം ജെയിംസ് വില്‍സണ്‍,കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.മുസ്തഫ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment