Pages

07 September 2011



 മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ അണക്കെട്ട് പൊളിച്ച് മാറ്റാതെ തന്നെ വെള്ളം തുറന്ന് വിടും.സ്പില്‍വേയില്‍ മുപ്പത് വീതിയിലും 42ആഴത്തിലും ചാനല്‍ നിര്‍മ്മിക്കാമെന്നാണ് നിര്‍ദേശം.ഇതിന് കഴിയുന്നില്ലെങ്കില്‍ ബേബി ഡാം ഭാഗികമായി പൊളിച്ച് പുതിയ അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിടാമെന്ന് മന്ത്രി പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനായി പെരിയാര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കേരള എന്ന പേരില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കല്‍ രൂപീകരിക്കും.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ അണക്കെട്ട് എന്ത് ചെയ്യുമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന  സാങ്കേതിക വിദഗദ്രുടെ യോഗം വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതായി ജോസഫ് അറിയിച്ചു.പുതിയ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടടക്കം ഈ മാസം 30നകം ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കും.
രണ്ട് നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.അതില്‍ പ്രധാനം സ്പില്‍വേ മുറിച്ച് ചാനല്‍ നിര്‍മ്മിക്കുന്നതാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധിക ജലം പെരിയാറിലേക്ക് ഒഴുക്കുന്നതിനാണ് സ്പില്‍വേ നിര്‍മ്മിച്ചിട്ടുള്ളത്.അണക്കെട്ട് ബലപ്പെടുത്തലിന്റെ ഭാഗമായി കേന്ദ്ര ജല കമീഷന്റ നിദേശ പ്രകാരം കൂടുതല്‍ വെന്റിലേറ്ററുകളും  നിര്‍മ്മിച്ചു.ഇവിടെ 30 അടി വീതിയിലും 42 അടി ആഴത്തിലും ചാനല്‍ മുറിച്ച് നിലവിലെ ജലാശയത്തിലെ വെള്ളം പുതിയ അണക്കെട്ടിലേക്ക് തുറന്ന് വിടാമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.ഇത് സാധ്യമാകുന്നില്ലെങ്കില്‍ ബേബി ഡാം ഭാഗികമായി പൊളിച്ച് വെള്ളം തുറന്ന് വിടും.ഈ രണ്ട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച 17ന് നടത്തും.അതിന് ശേഷമായിരിക്കും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ടിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടില്‍ കേന്ദ്ര ജല കമീഷന്റെ മാര്‍ഗരേഖകളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ പുതിയ അണക്കെട്ട് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബജറ്റില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പെരിയാര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കേരള രൂപികരിക്കുന്നത്.വൈകാതെ നിലവില്‍ വരും.
ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ജല കമീഷന്‍ മുല്ലപ്പെരിയാറില്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.ജലാശയത്തില്‍ കാമറയുടെ സഹായത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.അണക്കെട്ടിന്റെ ബലം പരിശാധിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട പഠനത്തിനായി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഡാം ബ്രേക്കിംഗ് ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും റൂര്‍ക്കി ഐ.ഐ.ടിയെ ചുമതലപ്പെടുത്തുകയും ചെയ്തുവെങ്കിലും പഠനം തുടങ്ങിയില്ല.കേന്ദ്ര ജല കമീഷന്റെ നിര്‍ദ്ദേശ പ്രകാരം മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയും അവിടെ നിന്ന് ആലുവ വരെയും ഡാം ബ്രേക്ക് അനലൈസ് നടത്തും.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍,ജലവിഭവ വകുപ്പ് സെക്രട്ടറി വി.ജെ.കുര്യന്‍,മുല്ലപെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment