Pages

08 September 2011





മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചുവെങ്കിലും പുതുതായി നിര്‍മ്മിക്കുന്ന ഡാമിലേക്ക് വെള്ളം തുറന്ന് വിടാനായുള്ള നിര്‍ദേശങ്ങളുടെ പ്രായോഗികത ഉറപ്പ് വരുത്താന്‍ വിശദമായ പഠനം വേണ്ടി വരും.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ ഡാം പൊളിച്ച് മാറ്റുമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ കേരളം അറിയിച്ചതാണ് കുഴപ്പത്തില്‍ ചെന്ന് ചാടാന്‍ കാരണമായത്.ഇതേ തുടര്‍ന്നാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ പഴയ ഡാം എന്ത് ചെയ്യുമെന്ന് നാലാഴ്ചക്കകം അറിയിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്.
പുതിയ അണക്കെട്ടില്‍ വെള്ളം നിറക്കുന്നതിന്  രണ്ട് നിര്‍ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്തത്.നിലവിലുള്ള പ്രധാന അണക്കെട്ട് അതേപടി നിലനിര്‍ത്തി സ്പില്‍വേയില്‍ ചാനല്‍ നിര്‍മ്മിച്ച് വെള്ളം തുറന്ന് വിടകുയെന്നതാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് ബേബി ഡാം ഭാഗികമായി പൊളിച്ച് വെള്ളം തുറന്ന് വിടുകയെന്നതും.ഈ രണ്ട് നിര്‍ദേശങ്ങളും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച് തല്‍ക്കാലം കേരളത്തിന് രക്ഷപ്പെടാമെങ്കിലും ഇത് പ്രായോഗികവല്‍ക്കരിക്കാന്‍ വിശദമായ പഠനം വേണ്ടി വരും.സ്പില്‍വേയില്‍ 42 ആഴത്തിലും 30 അടി വീതിയിലും ചാനല്‍ നിര്‍മ്മിക്കാനാണ് നിര്‍ദേശം.എന്നാല്‍,സ്പില്‍വേക്ക് താഴെ പാറക്കെട്ടുകളായതിനാല്‍ എത്ര ആഴം ചാനലിന് ലഭിക്കുമെന്ന് ഉറപ്പില്ല. പറക്കെട്ട് എത്രത്തോളമുണ്ടെന്നതും പഠന വിഷയമാക്കേണ്ടി വരും.ബേബി ഡാം ഭാഗികമായി പൊളിച്ച് മാറ്റാനുള്ള നിര്‍ദേശവും പ്രായോഗികമല്ലെന്ന് പറയുന്നു.ബേബി ഡാമിന്റെ ഒരു ഭാഗം എര്‍ത്ത് ഡാമാണെന്നതാണ് നേരിടേണ്ടി വരുന്ന പ്രതിസന്ധി.ബേബി ഡാം നിര്‍മ്മിച്ചിട്ടുള്ളത് ഉറപ്പില്ലാത്ത പറയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.നിലവിലെ അണക്കെട്ടില്‍ 110 അടിയില്‍ കുറയാതെ ജലനിരപ്പ് ഏത് സമയത്തും ഉണ്ടാകുമെന്നതിനാല്‍ സ്പില്‍വേയില്‍ ചാനല്‍ നിര്‍മ്മിക്കുമ്പോഴുണ്ടായേക്കുന്ന വെള്ളത്തിന്റെ തള്ളല്‍ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനം വേണ്ടി വരും.110 അടിയിലാണ് തമിഴ്നാടിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടണല്‍ സ്ഥാപിച്ചിട്ടുള്ളത്.
 ഇന്‍ഡ്യയില്‍ തന്നെ ഇത്തരം സംഭവം ആദ്യമായതിനാല്‍, ഏറ്റവും കൂടുതല്‍ ഡാമുകള്‍ പൊളിച്ച് മാറ്റപ്പെടുന്ന അമേരിക്കയിലുള്ള  ചില മലയാളി എന്‍ജിനിയര്‍മാരുടെ സാങ്കേതിക സഹായവും കേരളം തേടിയേക്കും.
എന്തായാലും നിലവിലെ പ്രധാന അണക്കെട്ട് അതേപ്പടി നലനിര്‍ത്താനാണ് തീരുമാനം.പുതിയ അണക്കെട്ടില്‍ വെള്ളം നിറയുന്നതോടെ നിലവിലെ അണക്കെട്ടിന്റെ ഇരുഭാഗവും വെള്ളത്തിലാകും.പക്ഷെ,ഭൂചലനത്തെ പ്രതിരോധിക്കാന്‍ അപ്പോഴും കഴിയുമോയെന്നതാണ് സംശയം.
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കാനുള്ള സ്ലൂയിസ് ഉണ്ടാകുമെന്നതിനാല്‍,വെള്ളം നിറക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് വിദഗദ്ര്‍ പറയുന്നത്.ഏത് സമയത്തും പെരിയാറില്‍ നീരൊഴുക്കുണ്ടാകുന്ന തരത്തിലാണ് പുതിയ അണക്കെട്ട് ഡിസൈന്‍ ചെയ്തിട്ടുള്ളത്.ഇപ്പോഴത്തെ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായുള്ള പുതിയ നിര്‍ദേശത്തോട് തമിഴ്നാടിന്റെ പ്രതികരണം അറിവായിട്ടില്ല.
ഇതിനിടെ, അണക്കെട്ട് പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലേക്ക് ക്ഷണിച്ച ചില വിദഗ്ദര്‍ മുല്ലപ്പെരിയാര്‍ തന്നെ കണ്ടവരായിരുന്നില്ല.ചില വന്‍കിട കരാറുകാര്‍ക്ക് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിലായിരുന്നു താല്‍പര്യം.

No comments:

Post a Comment