Pages

07 September 2011





 അണക്കെട്ട് പൊളിക്കല്‍ അമേരിക്കയില്‍ പതിവ് സംഭവമെങ്കിലും ഇന്‍ഡ്യയില്‍ ഇത് വരെ ഇത്തരം ചിന്ത ഉയര്‍ന്നിട്ടേയില്ല,ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എങ്ങനെ പൊളിച്ച് മാറ്റുമെന്ന ആലോചനയിലാണ് കേരളത്തിലെ എഞ്ചിനിയര്‍മാര്‍.അമേരിക്കയില്‍ ഇതിനോടകം 465 അണക്കെട്ടുകള്‍ പൊളിച്ച് മാറ്റിയിട്ടുള്ളതിനാല്‍ അവിടെ നിന്നുള്ള വിദഗ്ധരെ തന്നെ മുല്ലപ്പെരിയാറില്‍ കൊണ്ട് വരേണ്ടി വരുമോയെന്നതാണ് അറിയേണ്ടത്.
മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ട് എന്ത് ചെയ്യണമെന്ന് നാലാഴ്ചക്കകം അറിയിക്കണമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചതോടെയാണ് സംസ്ഥാനത്തെ വിദഗ്ധര്‍ ആലോചന തുടങ്ങിയത്.
അമേരിക്കയിലും യൂറോപ്പിലും  അണക്കെട്ടുകള്‍ പൊളിച്ച് മാറ്റുന്നത് നദികള്‍ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായണെങ്കില്‍ ഇവിടെ മറ്റൊരു അണക്കെട്ട് നിര്‍മ്മിക്കാനാണെന്ന വിത്യാസമുണ്ട്.അവിടെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അണക്കെട്ടുകളുടെ ലൈസന്‍സ് പുതുക്കേണ്ടതുണ്ട്.കൃത്യമായി അറ്റകുറ്റ പണികള്‍ നടത്താത്ത അണക്കെട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാറില്ല.ഇവയും കാലപഴക്കം ചെന്ന അണക്കെട്ടുകളുമാണ് പൊളിച്ച് മാറ്റുന്നത്.അതും വര്‍ഷങ്ങളുടെ പഠനത്തിന് ശേഷം.ഇവിടെ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കേരളത്തില്‍ പണ്ട് ചെറിയ വിയറിന് പകരം അണകെട്ട് നിര്‍മ്മിച്ച ചരിത്രമുണ്ട്.മുന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ  ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിരുന്ന വിയറിന് തൊട്ട്മുന്നിലാണ് ഹെഡ്വര്‍ക്സ് ഡാം നിര്‍മ്മിച്ചത്.പാലക്കാട് ജില്ലയിലെ ശിരുവാണിയിലും ഇത്തരത്തില്‍ വിയറിന് പകരം അണക്കെട്ട് നിര്‍മ്മിച്ചിട്ടുണ്ട്.എന്നാല്‍,മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പിന്റെ അതേ അളവില്‍ മറ്റൊരു അണകെട്ട് നിര്‍മ്മിക്കുകയാണ് വേണ്ടത്.പുതിയ അണക്കെട്ടില്‍ വെള്ളം നിറയണമെങ്കില്‍ പഴയ അണക്കെട്ട് പൊളകാതെ തരമില്ല.
എന്തായാലും  ഇക്കാര്യത്തില്‍ വിശദ പഠനം വേണ്ടി വരുമെന്നാണ് വിദഗ്ദാഭിപ്രായം. ഇത്  ചര്‍ച്ച ചെയ്യാന്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഇതിനിടെ പഴയ ഡാം പൊളിച്ച് മാറ്റണമെന്ന നിര്‍ദേശത്തിന് പിന്നില്‍ 'കെണി'യുണ്ടോയെന്ന സംശയവും ഉയരുന്നു.
ഇന്നത്തെ യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച ചേര്‍ന്ന മുല്ലപ്പെരിയാര്‍ സെല്‍ യോഗത്തില്‍ അണക്കെട്ട് പൊളിക്കലില്‍ വ്യക്തത വന്നിട്ടില്ല. അന്തര്‍ദേശീയ തലത്തില്‍ താല്‍പര്യ പത്രം ക്ഷണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട് നിലനിര്‍ത്തി, ബേബി ഡാം പൊളിച്ച് മാറ്റാമെന്ന അഭിപ്രായമാണ് ഉയരുന്നത്.ചെറിയ അണക്കെട്ടായതിനാല്‍ അവശിഷ്ടം നിക്ഷേപിക്കാന്‍ കുറച്ച് സ്ഥലമെ വേണ്ടി വരുവെന്നാണ് അനുകൂല ഘടകം.എന്നാല്‍,ഇതും വളരെ കരുതലോടെ മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു.ഇപ്പോഴത്തെ അണക്കെട്ടിന്റെ താഴ്വാരത്ത് നിര്‍ദേശിക്കപ്പെടുന്ന പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കിയ ശേഷം ബേബി ഡാം പൊളിക്കാമെന്നതാണ് നിര്‍ദേശം.അതല്ലെങ്കില്‍ പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ ചെയ്യാറുള്ളത് പോലെ കോപ്പര്‍ ഡാം നിര്‍മ്മിച്ച് കുറശെ വെള്ളം തുറന്ന് വിടാമെന്നും പറയുന്നു.ജലസംഭരണിയില്‍ ഏറ്റവും കുറവ് വെള്ളമുള്ള വേനല്‍ക്കാലത്ത് മാത്രമെ ഡാം പൊളിച്ച് മാറ്റല്‍ നടത്താന്‍ കഴിയുകയുള്ളു.ഇതിനിടെ അപ്രതീക്ഷതമായി പ്രളയമുണ്ടായാല്‍ എന്ത് എന്നതാണ് വിദഗദ്രെ കുഴക്കുന്നത്.മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമത്രയും ഇടുക്കി ഡാമിലേക്കാണ് ഒഴുകിയെത്തേണ്ടത്.
അണക്കെട്ട് പൊളിച്ച് മാറ്റല്‍ എത്രകാലം കൊണ്ട് പൂര്‍ത്തിയാക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നു.ഇക്കാലയളവില്‍ തമിഴ്നാടിലേക്ക് വെള്ളം തിരിച്ച് വിടാന്‍ കഴിയില്ലായെന്നതിനാല്‍ ജലസേചനത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരും.മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനവും മുടങ്ങും.
ഇന്ന് ചേരുന്ന മന്ത്രിതല ചര്‍ച്ചയിലേക്ക് കോഴിക്കോട് എന്‍.ഐ.ടി യിലെ വിദഗ്ദരെയും ക്ഷണിച്ചിട്ടുണ്ട്.ഗള്‍ഫ് രാജ്യങ്ങളിലെ ചില പ്രമുഖ കരാറുകാരും യോഗത്തില്‍ പങ്കെടുക്കുമെന്നറിയുന്നു.മന്ത്രിതല ചര്‍ച്ചക്ക് മുന്നോടിയായി രാവിലെ അന്തര്‍ സംസ്ഥാന നദിജല ഉപദേശക സമിതി യോഗം ചേരും.
പഴയ ഡാം എന്ത് ചെയ്യണമെന്ന് അറിയിക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍ കെണിയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന വാദമാണ് ഇപ്പോഴും തമിഴ്നാട് ഉയര്‍ത്തുന്നത്.അണക്കെട്ട് ബലപ്പെടുത്തുന്നതിന് കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതായും തമിഴ്നാട് വാദിക്കുന്നു.അണക്കെട്ടില്‍ അടുത്ത കാലത്ത് ചില പഠനങ്ങള്‍ നടത്തിയെങ്കിലും കേരളം ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതിയില്‍ വാദം നടന്നിട്ടില്ല.ഇതിനിടെയാണ് പഴയ അണക്കെട്ട് എന്ത് ചെയ്യുമെന്ന് അറിയിക്കണമെന്ന നിര്‍ദേശം.

No comments:

Post a Comment