Pages

27 June 2020

ദേശിയപാത 85ലെ മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടൽ





ലോകാർഡ്​ഗ്യാപ്പ്​ റോഡ്​ നിർമ്മാണം ആരംഭിക്കുന്നതിന്​ മുമ്പ്​ FB Photo
പശ്ചിമഘട്ടത്തിൽ ക്വാറിയെന്നത്​ പുതുമയുള്ള കാര്യമല്ല,പശ്ചിമഘട്ടം നിലനിർത്തുന്നത്​ തന്നെ പാറ പൊട്ടിക്കാൻ വേണ്ടിയാണെന്നാണ്​ ചിലരുടെ പക്ഷം.പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ​നിയോഗിച്ച ഡോ.മാധവ്​​ ഗാഡ്​ഗിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ നടപ്പാക്കാതിരിക്കുന്നതിന്​ കാരണമായി പറഞ്ഞതും ക്വാറികൾക്ക്​ പ്രവർത്തിക്കാൻ കഴിയില്ലെന്നും കരിങ്കല്ല്​ ലഭികാതെ വികസന പ്രവർത്തനങ്ങൾ സ്​തംഭിക്കുമെന്നുമാണ്​.എന്നാൽ, റോഡ്​ നിർമ്മാണം ക്വാറിയായി പരിവർത്തനപ്പെടുത്തിയാലോ? കൊച്ചി-ധനുഷ്​കോടി ദേശിയപാത 85​െൻറ ഭാഗമായ ​മൂന്നാർ ലോകാർഡ്​ ഗ്യാപ്പ്​ റോഡിൻറ വീതി കൂട്ടലിനെ തുടർന്നാണ്​ പുതിയൊരു ക്വാറി രൂപപ്പെട്ടത്​. ഇതിനോടനുബന്ധിച്ച്​ ലോകാർഡിൽ ക്രഷർ യൂണിറ്റും സ്​ഥാപിക്കപ്പെട്ടു. പരിസ്​ഥിതി ആഘാത പഠനം നടത്താതെയാണ്​ സമുദ്ര നിരപ്പിൽ നിന്നും 5500അടിയിലേറെ ഉയരമുള്ള ലോകാർഡ്​ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച്​ നിരത്തുന്നത്​.​
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ബ്രിട്ടിഷുകാരുടെ ഉടമസ്​ഥതയിലായിരുന്ന കണ്ണൻ ദേവൻ കമ്പനി നടത്തിയിരുന്ന കാലയളവിലാണ്​ മുന്നാർ-ബോഡിമെട്ട്​ റോഡ്​ നിർമ്മിച്ചത്​.ചൊക്രമുടി മല മുറിച്ച്​ റോഡ്​ നിർമ്മിക്കുകയായിരുന്നു.തമിഴ്​നാടിലെ അമ്മനായ്​ക്കനൂരിൽ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക്​ വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്​, മധുര റോഡിൻറ ഭാഗമായ ബോഡിമെട്ട്​-​േബാഡിനായ്​ക്കനൂർ റോഡ്​ നിർമ്മിച്ചത്​. കേരള അതിർത്തിയാണ്​ ബോഡിമെട്ട്​. മൂന്നാർ-ബോഡിമെട്ട്​-മധുര റോഡാണ്​ ഇപ്പോൾ ദേശിയ പാതയായി മാറിയത്​. ഇതിൽ മൂന്നാർ-ബോഡിമെട്ട്​ 42 കിലോമീറ്റർ വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചത്​ 2017 നവംബറിലാണ്​. എന്നാൽ, കരാറുകാരുടെ കണ്ണു ചെന്ന്​ പതിഞ്ഞത്​ ലോകാർഡ്​ ഗ്യാപ്പ്​ റോഡിലും.ഏതാനം കിലോമീറ്ററുകൾ മാത്രമുള്ള ഗ്യാപ്പ്​ റോഡ്​ വീതി കൂട്ടുന്നതിനായി മല ഇടിക്കൽ ആരംഭിച്ചതോടെയാണ്​ ഹൈറേഞ്ച്​ മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടലും കണ്ട്​ തുടങ്ങിയത്​. സമുദ്ര നിരപ്പിൽ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡിൽ നിന്നും തലയുയർത്തി നിൽക്കുന്ന മലയിലെ പാറ​ക്കെട്ടുകൾക്ക്​ നേരെ വെടിമരുന്ന്​ പ്രയോഗിക്കപ്പെട്ടതോടെ ഇൗ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി.കഴിഞ്ഞ വർഷം ഒക്​ടോബറിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ട്​ തൊഴിലാളികൾ മരിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിൻറ താഴ്​ ഭാഗത്തുള്ള നൂറ്​ കണക്കിന്​ ഏക്കർ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു.കഴിഞ്ഞ വർഷംമാത്രം 14 ഇടത്ത്​ മണ്ണിടിച്ചലോ ഉരുൾപ്പൊട്ടലോ ഉണ്ടായി.
ഇത്തവണ ഒരാഴ്​ച മുമ്പാണ്​ ഒരു പ്രദേശത്തെ ഭീമൻ ഉരുളുകൾ ഭീകര ശബ്​ദത്തോടെ താഴെ എത്തിയത്​. റോഡ്​ പണിക്ക്​ വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.റോഡി​​െൻറ വീതി​യേക്കാളും വലുപ്പമുള്ള വലിയ പാറയാണ്​ താഴെക്ക്​ എത്തിയത്​. കിലോമീറ്ററുകൾ നീളത്തിൽ ഉരുൾപ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും  ഉരുൾപൊട്ടലുണ്ടാകും. അശാസ്​ത്രിമായാണ്​ പാറ പൊട്ടിച്ച്​ റോഡ്​ വീതി കുട്ടൽ പ്രവൃത്തികൾ നടത്തുന്നത്​. അതോ പാറയും മലയും താഴെക്ക്​ പോര​​െട്ടയെന്ന തരത്തിലുള്ള ​ഹിഡൻ അജണ്ട ഉണ്ടോയെന്ന്​ സംശയിക്കണം. ഇത്രയും ഗുരുതരമായ ഉരുൾപ്പൊട്ടലുണ്ടായിട്ടും ഇൗ രംഗത്തെ വിദഗ്​ധരൊന്നും ഇതുവഴി വരാത്തതിലും ദുരൂഹതയുണ്ട്​. റോഡ്​ നിർമ്മാണത്തിനിടെയിലെ മണ്ണിടിച്ചിലെന്ന്​ നിസാരവൽക്കരിക്കാനാണ്​ അധികൃതർ ശ്രമിക്കുന്നത്​. റോഡ്​ നിർമ്മാണം ആരംഭിക്കുന്നതിന്​ മുമ്പുള്ള ഗ്യാപ്പ്​ റോഡിൻറ ചിത്രം കണ്ടാൽ ഭീകരാവസ്​ഥ ബോധ്യപ്പെടും.
ഇവിടെ സ്​​ഫോടക വസ്​തുക്കൾ അലക്ഷ്യമായി കൈകകാര്യം ചെയ്​തതിൻറ തെളിവുകളും പുറത്ത്​ വന്നിട്ടുണ്ട്​. ഉരുൾപ്പൊട്ടലുണ്ടായതിൻറ തൊട്ടടുത്ത ദിവസം ഇവിടെ സന്ദർശിച്ച പരിസ്​ഥിതി പ്രവർത്തകരാണ്​ ഒരു പാറക്കടിയിൽ വെച്ചിരുന്ന കെൽവക്​സ്​-100 ഇനത്തിൽപ്പെട്ട സ്​ഫോടക വസ്​തു ശേഖരം ക​ണ്ടെത്തിയത്​. അപ്പോൾ തന്നെ അവർ അധികൃതരെ വിവരം അറിയിച്ചു. എന്നാൽ,രണ്ടാമതൊരിക്കൽ കൂടി പരിസ്​ഥിതി പ്രവർത്തകർ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു.
ഒരേ സമയത്ത്​ പലയിടത്ത്​ സ്​ഫോടനം നടത്തുന്നത്​ ഉരുൾപ്പൊട്ടലിന്​ കാരണമാക​ുന്നുവെന്ന്​ ദേവികുളം സബ്​ കലക്​ടർ ഡോ.രേണു രാജ്​ 2019 ആഗസ്​തിൽ സർക്കാരിന്​ റിപ്പോർട്ട്​ നൽകിയിരുന്നു.അശാസ്​ത്രിയമായും ഭൂപ്രകൃതിക്ക്​ അ​നുയോജ്യമല്ലാത്ത തരത്തിലുമാണ്​ റോഡ്​ വീതി കൂട്ടലിൻറ പേരിലെ ഖനനമെന്ന്​ അവർ റിപ്പോർട്ടിൽ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ്​ പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകൾ നിറഞ്ഞതുമാണ്​ മണ്ണും മലയും. പാറ മറ്റ്​ നിർമ്മാണ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതിന്​ വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വൻതോതിൽ ഖനനം ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിക്കണമെന്നും സബ്​ കലക്​ടർ റിപ്പോർട്ട്​ ചെയ്​തു.സാ​േങ്കതിക വൈദഗ്​ധ്യമുള്ള ഏജൻസിയെ കൊണ്ട്​ പഠനം നടത്തിയ ശേഷം ഭൂപ്രകൃതിക്ക്​ അനു​യോജ്യവും അപകട രഹിതവുമായ രീതിയിലും റോഡ്​ നിർമ്മാണം നടത്തണമെന്ന ശിപാർശയാണ്​ ഡോ.രേണു നൽകിയത്​. റിപ്പോർട്ട്​ നൽകി ഒരു മാസം കഴിഞ്ഞപ്പോഴെക്കും ഡോ.രേണുവിനെ സ്​ഥലം മാറ്റി.
പാറ പൊട്ടിക്കലിന്​ യാതൊരു തടസവുമുണ്ടായില്ല. ഇൗ പാറയത്രയും ലോകാർഡിലെ ക്രഷർ യൂണിറ്റിലെത്തിച്ച്​ മെറ്റലാക്കി മാറ്റുകയാണ്​. ആയിരകണക്കിന്​ ലോഡ്​ മെറ്റൽ ഇവിടെ നിന്നും അതിർത്തി കടന്നുവെന്നാണ്​ പറയുന്നത്​.റോഡ്​ നിർമ്മാണമാക​​െട്ട എങ്ങുമെത്തിയിട്ടുമില്ല.
പശ്ചിമഘട്ടത്തിലെ ഏറെ പരിസ്​ഥിതി പ്രാധാന്യമുള്ള മുന്നാർ-ബോഡിമെട്ട്​ സ്​ട്രെച്ചിൽ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങൾ മുറിച്ചും റോഡ്​ നിർമ്മിക്കുന്നതിന്​ പരിസ്​ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന്​ വ്യക്​തമല്ല.380.76 കോടി രൂപയുടെതാണ്​ നിർമ്മാണ ജോലികൾ. ഇതിനിടെ ഉരുൾപ്പൊട്ടൽ കാരണമാക്കി റോഡ്​ നിർമ്മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്​.
 പാറ പൊട്ടിക്കൽ തുടങ്ങിയത്​ മുതൽ ഇടക്കിടെ ഗതാഗതം മുടക്കിയിരുന്നു. ഇനിയിപ്പോൾ അടുത്ത നാളിലൊന്നും ഗതാഗതത്തിന്​ റോഡ്​ തുറന്ന്​ കൊടുക്കാനാകുമെന്ന്​ കരുതുന്നില്ല. മുന്നാർ-തേക്കടി റോഡ്​ കൂടിയാണ്​ അടയുന്നത്​. ഇനി കൂടു​തൽ ദൂരം സഞ്ചരിച്ച്​ വേണം ചിന്നക്കനാൽ,ശാന്തമ്പാറ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്ക്​ മൂന്നാറിലെത്താൻ. ദേശിയപാത നിലവാരത്തിലെ റോഡ്​ സ്വപ്​നം കണ്ടവർക്ക്​ മുന്നിൽ ഗതാഗതം തന്നെ അടഞ്ഞു.
എന്നാൽ, ഇതൊന്നും ഒരു രാഷ്​ട്രിയ കക്ഷികളും ഗൗരവമായി കാണുന്നില്ല.ഇത്തവണയുണ്ടായ ഉരുൾപ്പൊട്ടൽ പ്രാദേശിക പേജിന്​ അപ്പുറത്തേക്ക്​ വാർത്തയായില്ല. ആളപായം ഇല്ലാത്തത്​ കൊണ്ടായിരിക്കാം മാധ്യമങ്ങൾ ഗൗരവമായി കാണാത്തത്​.പാറപ്പൊട്ടിക്കലിലൂടെയുണ്ടാകുന്ന പാരിസ്​ഥിതിക നഷ്​ടം മാധ്യമങ്ങളും രാഷ്​ട്രിയകക്ഷികളും കാണാ​തെ പോകുന്നു. മല ഇടിച്ച്​ നിരത്തുന്നതിലൂടെ രൂപപ്പെടുന്ന റോഡ്​ പുറ​േമ്പാക്ക്​ സ്വന്തമാക്കാമെന്ന ലക്ഷ്യമായിരിക്കാം പിന്നിൽ.റോഡ്​ നിർമ്മാണത്തിന്​ വേണ്ടി താൽക്കാലികമായി നിർമ്മിച്ച ഷെഡുകൾ സ്വന്തമാക്കി പട്ടയം തരപ്പെടുത്തിയ ചരിത്രമാണ്​ മൂന്നാറിനുള്ളത്​.
എം.ജെ.ബാബു
ചിത്രങ്ങൾ ഹാർഡ്​ലി രഞ്​ജിത്​

No comments:

Post a Comment