Pages

13 April 2015

വെളിച്ച വിപ്ലവം

വെളിച്ച വിപ്ലവം
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതി -അതാണ് മാങ്കുളമെന്ന കുടിയേറ്റ ഗ്രാമത്തിലെ ജലവൈദ്യുതി പദ്ധതി. 2004 ഒക്ടോബര്‍ 28 -ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കുടിയേറ്റ ഗ്രാമമായ മാങ്കുളത്തിന് അന്ന് ഉത്സവമായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാങ്കുളം ഗ്രാമത്തില്‍ വൈദ്യുതി ദീപം തെളിഞ്ഞത് അന്നായിരുന്നു. വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 110 കിലോവാട്ട് ജലവൈദ്യുതി നിലയം സ്ഥാപിച്ചതിന്‍െറ ഉദ്ഘാടനമായിരുന്നു അന്ന്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭ വ്യവസായ വികസന ഓര്‍ഗനൈസേഷന്‍െറ (യുനിഡോ) സഹായവും ലഭിച്ചു.
വൈദ്യുതി, റോഡ്, ഫോണ്‍ തുടങ്ങി എല്ലാ രംഗത്തും മാങ്കുളം ഗ്രാമം ഏറെ പിന്നിലായിരുന്നു. നിരവധി വെള്ളച്ചാട്ടങ്ങളുള്ള ഈ ഗ്രാമത്തില്‍ ചെറുകിട ജലവൈദ്യുതി നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും അത് ഏട്ടിലെ പശുവായി തുടര്‍ന്നു. ഒടുവില്‍ ഗ്രാമപഞ്ചായത്താണ് സ്വന്തം വൈദ്യുതി നിലയം എന്ന പദ്ധതിയുമായി രംഗത്തുവന്നത്. 55 കിലോവാട്ടിന്‍െറ വീതം രണ്ട് ടര്‍ബൈനുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തു. ഇതിലൊന്ന് യുനിഡോ സൗജന്യമായി നല്‍കുകയായിരുന്നു. പദ്ധതിക്കായി 25 ലക്ഷം രൂപ ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്തു. 11 കെ.വി ലൈന്‍, സബ്സ്റ്റേഷന്‍ എന്നിവയും സ്ഥാപിച്ചു. 250ലേറെ വീടുകള്‍ക്കും 50ഓളം സ്ഥാപനങ്ങള്‍ക്കും മാങ്കുളം വൈദ്യുതി നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ കെ.എസ്.ഇ ബോര്‍ഡിന് വൈദ്യുതി വില്‍ക്കുകയാണ് ഗ്രാമപഞ്ചായത്ത്.
കണ്ണൂര്‍ ജില്ലയിലെ ആലക്കോടുനിന്നാണ് ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ തുടക്കം. 1996ല്‍ ആലക്കോട് ആശാന്‍കവലയില്‍ 1000 വാട്ടിന്‍െറ പദ്ധതി സ്ഥാപിച്ചതാണ് ഇതില്‍ ആദ്യത്തേത്. കെ.എസ്.ഇ ബോര്‍ഡ് വൈദ്യുതി വിതരണം തുടങ്ങിയതോടെ ഇവ ഒന്നൊന്നായി നിലച്ചു. ജലവൈദ്യുതി പദ്ധതിയുടെ തറവാടായ ഇടുക്കിയില്‍ ജില്ലാ പഞ്ചായത്ത് 4000 വാട്ടിന്‍െറ വീതം മൂന്ന് പദ്ധതികള്‍ സ്ഥാപിച്ചത് 1998ലാണ്. ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയിലായിരുന്നു പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ചുവെന്നും ഇല്ളെന്നും പറയുന്നു. തുടര്‍ന്ന് മണിയന്തടത്തും ഇത്തരമൊരു പദ്ധതി ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചെങ്കിലും പൂട്ടി. ഇപ്പോള്‍ അടിമാലിക്കടുത്ത് കല്ലാറില്‍ ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈദ്യുതി ഉല്‍പാദനരംഗത്ത് ഒരുപടി മുന്നിലാണ്. മീന്‍വല്ലം പദ്ധതിയിലൂടെ മൂന്നു മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ എട്ടു ബ്ളോക് പഞ്ചായത്തുകള്‍, 17 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 22 കോടി രൂപയാണ് ചെലവ്.
പാലക്കാട്-മലപ്പുറം ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ ഇരുകരകളിലുള്ളവര്‍ക്ക് മഴക്കാലമെന്നത് പേടിസ്വപ്നമായിരുന്നു. അക്കരയിക്കര കടക്കാന്‍ കടത്തുവള്ളം മാത്രം. പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ കുട്ടികളുടെ പഠനം മുടങ്ങും. ഇവിടെയും പാലക്കാട് ജില്ലാ പഞ്ചായത്താണ് പ്രാദേശിക സര്‍ക്കാറിന്‍െറ ദൗത്യം നിര്‍വഹിച്ചത്. മൂര്‍ക്കനാട്-എടപ്പാലം ഗ്രാമങ്ങളെ ബന്ധിപ്പിച്ച പാലം ഈ അടുത്തനാളിലാണ് തുറന്നുകൊടുത്തത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 11.5 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്.
മുച്ചക്രവാഹനം, ലാപ്ടോപ് എന്നിവയുടെ വിതരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, ഭവന നിര്‍മാണം എന്നിവയിലാണ് ഭൂരിഭാഗം ജില്ലാ പഞ്ചായത്തുകള്‍ക്കും താല്‍പര്യം. പല ജില്ലാ പഞ്ചായത്തുകളും ഭവന പദ്ധതി പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പില്‍വരുന്നത് വളരെ കുറച്ചുമാത്രം. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ഭവന പദ്ധതി ഇതിലൊന്നാണ്. ഗ്രാമപഞ്ചായത്തുകളില്‍ നിന്നടക്കം പണം വാങ്ങുകയും സര്‍ക്കാര്‍ ഇതര ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടും നല്‍കി. വെള്ളത്തിലെ വരപോലെയായി ഭവന പദ്ധതി.
നിര്‍മാണം, കരാര്‍, കമീഷന്‍ എന്നിവയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ താല്‍പര്യം. സാമ്പത്തിക വര്‍ഷാവസാനം ഫണ്ടു വിനിയോഗിക്കാനാണ് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കും താല്‍പര്യം. കോര്‍പറേഷനും നഗരസഭകളും ഇനിയും കാലത്തിനനുസരിച്ച് മാറിയിട്ടില്ല. എന്നാല്‍, തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്ത് അഞ്ചു വര്‍ഷത്തെ പദ്ധതിയാണ് തയാറാക്കുന്നത്. അവിടെ മാര്‍ച്ച് 31 എന്നൊരു തീയതിയില്ല. പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി അതനുസരിച്ചാണ് ഫണ്ടു വിനിയോഗം. 2000 മുതലാണ് അടാട്ടിന്‍െറ വികസന മാതൃകക്ക് മാറ്റം വന്നത്. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന പഞ്ചായത്തില്‍ 4000 ഏക്കര്‍ കോള്‍നിലത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജലക്ഷാമം പരിഹരിച്ചത്. പദ്ധതി വിഹിതത്തെ മാത്രം ആശ്രയിക്കാതെ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ലിങ്ക് ചെയ്താണ് വിനിയോഗിക്കുന്നത്. മാലിന്യസംസ്കരണത്തിനും അവരുടേതായ മാതൃകയുണ്ട്. പക്ഷേ, ഇനിയിപ്പോള്‍ അടാട്ട് തൃശൂര്‍ കോര്‍പറേഷന്‍െറ ഭാഗമാകുകയാണ്.
തദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കിയ സ്ഥാപനങ്ങള്‍ ഇപ്പോഴും എവിടെയും എത്താത്ത അവസ്ഥയിലാണ്. പൊതുജനാരോഗ്യവും പൊതുശുചിത്വവും കൃഷിയും വ്യവസായവുമൊക്കെ ഈപട്ടികയില്‍ ഉള്‍പ്പെടുത്താം. പ്രാഥമികാവശ്യങ്ങള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥ. നേതൃപാടവമുള്ളവര്‍ സ്വന്തം നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കുന്നതൊഴിച്ചാല്‍ രണ്ടുപതിറ്റാണ്ടിന്‍െറ അനുഭവം അധികാര വികേന്ദ്രീകരണത്തിലേക്കോ അതോ അഴിമതി വികേന്ദ്രീകരണത്തിലേക്കോ?
അവാര്‍ഡുകള്‍ക്കൊപ്പം പുലാമന്തോള്‍
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അവാര്‍ഡുകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. വനിതയാണ് പ്രസിഡന്‍െറങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അതു തടസ്സമാകുന്നില്ല. ഗ്രാമപഞ്ചായത്തിലെ പൗരസമൂഹത്തെ ഗ്രാമസഭ, മറ്റ് ജനകീയ സംഘടനാ സംവിധാനങ്ങള്‍ എന്നിവയുമായി സഹകരിപ്പിക്കുന്നതിന്‍െറ ഭാഗമായി ‘വിഷന്‍ 2025’ ജനപങ്കാളിത്ത പരിപാടിക്ക് 2011-12ല്‍ തുടക്കമിട്ടതോടെയാണ് എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നൂതന പദ്ധതികള്‍ ആരംഭിച്ചത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍െറ ‘പഞ്ചായത്ത് എംപവര്‍മെന്‍റ് ആന്‍ഡ് അക്കൗണ്ടബ്ലിറ്റി ഇന്‍സന്‍റിവ് സ്കീം അവാര്‍ഡ്, ഗൗരവ് ഗ്രാമസഭാ പുരസ്കാരം,‘വയേശ്രേഷ്ഠ സമ്മാന്‍’ സംസ്ഥാന സര്‍ക്കാറിന്‍െറ 2011-12 വര്‍ഷത്തിലെ സംസ്ഥാനതല സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴ് അവാര്‍ഡുകള്‍.
2.75 ലക്ഷം രൂപയാണ് അവാര്‍ഡായി ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യദിവസംതന്നെ വാര്‍ഷികപദ്ധതി നിര്‍വഹണം ആരംഭിക്കുന്നുവെന്നതാണ് പ്രത്യേകത.
(അവസാനിച്ചു)

No comments:

Post a Comment