Pages

12 April 2015

വഴികാട്ടിയായി മലപ്പുറം

മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ കിണര്‍ വിപ്ളവമാണ്. ഇതിന് നേതൃത്വം നല്‍കുന്നത് വനിതകളും. തൊഴിലുറപ്പ് പദ്ധതി എങ്ങനെ പ്രത്യുല്‍പാദനപരമാക്കാമെന്ന് സ്ഥാപിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകള്‍. കാളികാവ് ഗ്രാമപഞ്ചായത്തില്‍ മാത്രം ഇതിനോടകം നിര്‍മിച്ചത് 117 കിണറുകളാണ്. സ്ഥാനം കാണുന്നതും ചെറിയ തോതിലുള്ള പാറകള്‍ പൊട്ടിക്കുന്നതും കിണര്‍ കുഴിക്കുന്നതും വനിതകള്‍തന്നെ. 23 കോല്‍ താഴ്ചയില്‍വരെ കിണര്‍ നിര്‍മിച്ചിട്ടുള്ളതായി കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അലിപ്പറ്റ ജമീല പറയുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടിയാണ് കിണര്‍ കുഴിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഈ ചുമതല വനിതകള്‍തന്നെ ഏറ്റെടുക്കുമ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും കിണര്‍ യാഥാര്‍ഥ്യമായതോടെ അത് മാറി.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മഴപ്പൊലിമ എന്ന പേരിലാണ് കിണര്‍ നിര്‍മിക്കല്‍. 46 കിണര്‍ ഇതിനോടകം കുഴിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജിങ് എന്ന പേരിലുള്ള പദ്ധതിയും നടപ്പാക്കുന്നു. കണ്ണുര്‍ ജില്ലയിലെ ചപ്പാരപ്പടവില്‍ അങ്കണവാടിക്കുവേണ്ടിയാണ് വനിതകള്‍ ചേര്‍ന്ന് കിണര്‍ കുഴിച്ചത്. സൗജന്യമായി ലഭിച്ച അഞ്ചു സെന്‍റ് സ്ഥലത്ത് ആറു കോല്‍ താഴ്ചയിലയാണ് കിണര്‍. കാടുവെട്ടാനും വിശ്രമിക്കാനുമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ ഗ്രാമപഞ്ചായത്തുകള്‍ വഴികാട്ടുന്നത്.
പലയിടത്തും കടലാസിലാണ് തൊഴിലുറപ്പ് ജോലികളെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ പറഞ്ഞത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ ജോലി ചെയ്തില്ളെങ്കിലും കൂലി കിട്ടും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പകുതി തുകയേ ലഭിക്കുകയുള്ളൂ. ബാക്കി പഞ്ചയത്തംഗത്തിന്‍െറയും പ്രസിഡന്‍റിന്‍െറയും വിഹിതമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഏറിയ പങ്കും തമിഴ്നാടിലെ സ്ഥിരതാമസക്കാരാണെന്നും പറയുന്നു.
മലപ്പുറത്തേക്ക് തന്നെ മടങ്ങാം. തദ്ദേശ സര്‍ക്കാര്‍ എങ്ങനെയാകണമെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും. വെള്ളത്തിനു മാത്രമല്ല, കിടപ്പിലായ രോഗികളെ പരിചരിക്കാനും ചികിത്സാ സഹായം എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്നു. ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ച് അവരുടെ പങ്കാളിത്തത്തോടെയാണ് പെയിന്‍ ആന്‍റ് പാലിയേറ്റിവ് പ്രവര്‍ത്തനം. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൈവല്യംഗ്രാം എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുത്തനങ്ങാടി ഗവ.എല്‍.പി സ്കൂളിലാണ് 85ഓളം കുട്ടികള്‍ എത്തുന്നത്. വിവിധ തൊഴിലുകള്‍ പരിശീലിപ്പിക്കുന്നതിനു പുറമെ, ചികില്‍സയും നല്‍കുന്നു.
മലപ്പുറം ജില്ലയിലെ കുട്ടികളൊക്കെ ഇപ്പോള്‍ ഇംഗ്ളീഷ് സംസാരിക്കാന്‍ പഠിക്കുകയാണ്. ഇതിനും നേതൃത്വം നല്‍കുന്നത് തദേശ സ്ഥാപനങ്ങളാണ്. ബിരുദം കഴിഞ്ഞാലും തെറ്റുകൂടാതെ ഇംഗ്ളീഷ് സംസാരിക്കാന്‍ കഴിയാത്തത് തിരിച്ചറിഞ്ഞ് നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ് മറ്റുള്ളവരും പിന്തുടരുന്നത്. ലണ്ടനില്‍നിന്നുള്ളവര്‍ അഞ്ചു മാസം താമസിച്ചാണ് നിലമ്പൂരിലുള്ളവര്‍ക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ളിഷില്‍ പരിശീലനം നല്‍കുന്നത്. ഈസി ഇംഗ്ളീഷ് എന്ന പേരിലാണ് അങ്ങാടിപ്പുറത്തെ പദ്ധതി.
എന്നാല്‍, നിലമ്പൂരിലാണ് നൂതനമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തില്‍നിന്നും നഗരസഭയില്‍ എത്തിയിട്ടും പദ്ധതികള്‍ക്ക് മാറ്റമില്ല. ആമിനത്താത്തയെന്ന സ്ത്രീയാണ് ഇതിനൊക്കെ കാരണമെന്നാണ് നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറയുന്നത്. താന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയാണ് പെന്‍ഷന് അപേക്ഷ നല്‍കാന്‍ ആമിനാത്ത എത്തിയത്. എഴുതാനും വായിക്കാനും മാത്രമല്ല, സ്വന്തം ജനനതിയതി പോലും ആമിനാത്തക്ക് അറിയില്ലായിരുന്നു. ഇതോടെയാണ് 60 വയസ്സുവരെയുള്ള എല്ലാവര്‍ക്കും നാലാം ക്ളാസ് തുല്യത വിദ്യാഭ്യാസം എന്ന പദ്ധതിയെുറിച്ച് ചിന്തിച്ചത്. ജ്യോതിര്‍ഗമയ എന്ന പേരിട്ട ഈ പദ്ധതി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റും സഹകരത്തോടെയാണ് നടപ്പാക്കിയത്. ഇതിന്‍െറ തുടര്‍ച്ചയായാണ് 35 വയസ്സിനു താഴെ എല്ലാവര്‍ക്കും പത്താം ക്ളാസ് എന്ന സമീക്ഷ പദ്ധതി ആരംഭിച്ചത്. ഇവരിപ്പോള്‍ പ്ളസ്ടു എത്തി. ഇനി ബിരുദമാണ് ലക്ഷ്യം. ഭവനരഹിതര്‍ക്കായി ആയിരം വീട് പദ്ധതിക്ക് സര്‍വേ നടത്തിയതോടെയാണ് പലരും ഭവനരഹിതരാകുന്നത് പെണ്‍മക്കളുടെ വിവാഹത്തോടെയാണെന്ന് ബോധ്യമായത്. സ്ത്രീധനരഹിത ഗ്രാമം എന്ന പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിട്ടത്. മൈസൂര്‍ കല്യാണം അവസാനിപ്പിക്കാനും കഴിഞ്ഞു. തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കാന്‍ വഴികാട്ടി കോളജ്, സൗജന്യമായി ഭക്ഷണം നല്‍കുന്ന വിശപ്പുരഹിത ഗ്രാമം, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ ഒപ്പത്തിനൊപ്പം, എല്ലാവരുടെയും ആരോഗ്യ വിവരങ്ങള്‍ തയാറാക്കുന്ന സൗഖ്യം, എല്ലാവര്‍ക്കും മരുന്നും ഭക്ഷണവും ഉറപ്പുവരുത്തുന്ന സ്നേഹപത്തായം, ഗാര്‍ഹികപീഡനത്തിലെയും മറ്റും ഇരകളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത തുടങ്ങി എത്രയോ പദ്ധതികള്‍. മലപ്പുറം നഗരസഭക്കുമുണ്ട് നൂതന പദ്ധതികള്‍. പെണ്‍കരുത്ത്, ഭവനരഹിതര്‍ക്കായി ഫ്ളാറ്റ് സമുച്ചയം, പഠനരംഗത്തെ പുതിയ ആശയവുമായി വിദ്യാവിസ്മയം, പുതിയ നിര്‍മാണങ്ങള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റ്, മഴവെള്ള സംഭരണി, സൗരോര്‍ജ പാനല്‍, പച്ചക്കറി കൃഷി എന്നിവ നിര്‍ബന്ധമാക്കുന്ന താരാപഥം തുടങ്ങിയവ മലപ്പുറത്തിന്‍െറ പദ്ധതികള്‍.
ജനപ്രതിനിധികള്‍ മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കും അധികാരവികേന്ദ്രികരണത്തില്‍ വലിയ പങ്കാളിത്തമുണ്ടെന്നതിന്‍െറ ഉദാഹരണമാണ് അങ്ങാടിപ്പുറം, പുലാമന്തോള്‍, വെട്ടം, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകള്‍. മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള സിദിഖ് കൈപ്പുറത്തിന്‍െറ പ്രവര്‍ത്തനങ്ങളാണ് പുലാമന്തോള്‍, അങ്ങാടിപ്പുറം വികസന മാതൃകകള്‍ക്ക് പിന്നില്‍. ഇദേഹം ജോലി ചെയ്ത ഗ്രാമ പഞ്ചായത്തുകളൊക്ക വികസന നേട്ടങ്ങളുടെ മുന്‍നിലയിലുണ്ട്. 
(തുടരും)
ആസൂത്രണത്തിന്‍െറ കഞ്ഞിക്കുഴി മാതൃക
സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ പച്ചക്കറികൃഷി ആരംഭിച്ചത്. കയര്‍ വ്യവസായം തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും വരുമാനംകിട്ടുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ചനടന്നത്. എത്തിപ്പെട്ടത് പച്ചക്കറികൃഷിയിലും. എല്ലാ വീട്ടിലും വിത്തും വളവും നല്‍കിയാണ് കൃഷി ആരംഭിച്ചത്. ഇന്നിപ്പോള്‍ തൊട്ടടുത്ത മാരാരിക്കുളം വടക്ക് പഞ്ചായത്തിലും പച്ചക്കറികൃഷിയുണ്ട്. പിന്നീട് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കഞ്ഞിക്കുഴി, ആര്യാട് ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മാരാരി മാര്‍ക്കറ്റിങ് ലിമിറ്റഡിന്‍െറ രൂപവത്കരണം.
കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുകയാണ് ലക്ഷ്യം. മാരാരി കുട, അച്ചാര്‍, സോപ്പ്, സ്ക്വാഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് സഹായമില്ളെങ്കിലും നഷ്ടംകൂടാതെയാണ് പ്രവര്‍ത്തനം. സാമ്പത്തികവിദഗ്ധനായ ഡോ. പി.കെ. മണി സി.ഇ.ഒയും റിട്ട. മജിസ്ട്രേട്ട് എന്‍.കെ. പ്രകാശ് മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നത് ശമ്പളം കൂടാതെയും. ഡോ. തോമസ് ഐസക്കാണ് ഇരുവരെയും ഇവിടെയത്തെിച്ചത്.

No comments:

Post a Comment