Pages

10 April 2015

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍
ഉത്സവ പ്രതീതിയായിരുന്നു അന്ന്. സെക്രട്ടേറിയറ്റിലും മറ്റും കേന്ദ്രീകരിച്ച അധികാരങ്ങള്‍ തങ്ങളിലേക്ക് എത്തുന്നതിനെ ജനങ്ങള്‍ കൊട്ടും കുരവയുമായാണ് സ്വീകരിച്ചത്. സ്വന്തം നാട്ടിലെ പാലവും റോഡുമൊക്കെ അതത് ഗ്രാമസഭയില്‍ തീരുമാനിക്കാമെന്ന് അവര്‍ പ്രത്യാശിച്ചു. പക്ഷേ, ആ പ്രതീക്ഷകള്‍ക്ക് ആയുസ്സ് കുറവായിരുന്നു.
ഭരണഘടനയുടെ 73,74 ഭേദഗതിയിലൂടെ നടപ്പായ അധികാര വികേന്ദ്രീകരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്-ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. അധികാര വികേന്ദ്രീകരണം നടപ്പായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍തന്നെയാണ് സേവാഗ്രാമത്തെ എതിര്‍ത്തതെന്നത് മറ്റൊരു കഥ.
പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്. സ്വന്തമായി ഓഫിസ്, കൈമാറിക്കിട്ടിയ വകുപ്പിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡ് സമിതി, അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡ്തലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡ്സമിതിയില്‍ അവതരിപ്പിക്കണം. ചുരുക്കത്തില്‍, വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറും. അതുകൊണ്ടായിരിക്കാം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംഘടനയുടെ പ്രമുഖ നേതാവ് ചോദിച്ചത്- ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്ത് ഓഫിസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്ത് ഓഫിസിനും പ്രസിഡന്‍റിനും എന്തുകാര്യം? തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍വന്നെങ്കിലും പരമാവധി വെള്ളംചേര്‍ത്തു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കി. കുടുംബശ്രീയില്‍ നിന്നൊരാളെ ഫെസിലിറ്റേറ്ററായി നിയമിച്ചു. പുതിയ ചരിത്രമെന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാമസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. ബാക്കിയൊക്കെ ചടങ്ങില്‍ ഒതുങ്ങുന്നു.
എന്നാല്‍, 1996-97 കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല. ഒരുപക്ഷേ, പുതിയ പരീക്ഷണമെന്ന നിലയിലായിരിക്കണം അന്നൊക്കെ ഗ്രാമസഭകളില്‍ ഉയര്‍ന്ന ഹാജര്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍, ഗ്രാമസഭകളില്‍ തീരുമാനിക്കുന്നതല്ല പലപ്പോഴും നടപ്പില്‍വരുന്നത്. ഇതായിരിക്കാം ഭൂരിഭാഗവും വിട്ടുനില്‍ക്കാന്‍ കാരണവും. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മാലതി കൃഷ്ണന്‍െറ പരാതി പരിശോധിച്ചാലറിയാം ഗ്രാമസഭയുടെ മറവിലെ തട്ടിപ്പ്. 2014 ആഗസ്റ്റ് 28ന് ചേര്‍ന്ന അഞ്ചാം വാര്‍ഡിലെ ഗ്രാമസഭയില്‍ ഐ.എ.വൈ പദ്ധതി പ്രകാരം ഭവന പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട ആദ്യ പേര് മാലതിയുടേതായിരുന്നു. എന്നാല്‍, ഒന്നാം സ്ഥാനത്ത് മറ്റൊരു പേര് എഴുതി ചേര്‍ക്കപ്പെട്ടതോടെ മാലതി പുറത്തായി. അന്വേഷണത്തില്‍ ഇതു സ്ഥിരീകരിക്കപ്പെട്ടു. മാലതിക്ക് വീടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും സ്ഥലങ്ങളില്‍ ഗ്രാമസഭ കഴിഞ്ഞാലും മിനുട്സ് ‘ക്ളോസ്’ ചെയ്യില്ല. വേണ്ടതൊക്കെ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യത്തിനാണിത്. അടുത്ത ഗ്രാമസഭയില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും മിനുട്സ് ക്ളോസ്ചെയ്യുക. എന്തിന് വെറുതെ ശത്രുവാകണമെന്നതിന്‍െറ ചിന്തയില്‍ മിനുട്സിന്‍െറ പേരില്‍ കലഹമുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല.
അധികാര വികേന്ദ്രീകരണം നടപ്പായതിനുശേഷം മൂന്നു പഞ്ചവത്സര പദ്ധതികള്‍ പൂര്‍ത്തിയാക്കി. 12ാം പദ്ധതിയാണിപ്പോള്‍. ഒമ്പത്, 10, 11 പദ്ധതികളിലായി 21,295 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിച്ചത്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കുന്നതും രസകരമായിരിക്കും. പദ്ധതിവിഹിതം ചെലവഴിക്കുകയെന്നതിനപ്പുറത്തേക്ക് പല തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റൊരു ലക്ഷ്യമില്ല. അതിനാല്‍, കടലില്‍ കല്ലിട്ടതുപോലെയായി പലയിടത്തും പദ്ധതിവിഹിതം വിനിയോഗിക്കല്‍. ഒന്നും ചെയ്യാനില്ളെങ്കില്‍ എന്തെങ്കിലും പദ്ധതി തയാറാക്കി ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ നിക്ഷേപിക്കും. സര്‍ക്കാറിനും സന്തോഷം. കഴിഞ്ഞദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളം നല്‍കാനുള്ള നിര്‍വഹണ ഏജന്‍സിയായി വനിത വികസന കോര്‍പറേഷനെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുന്‍ക്കൂറായി പണംനല്‍കാനും അനുമതിയുണ്ട്. ഇതും പദ്ധതി വിനിയോഗത്തില്‍ ഉള്‍പ്പെടും. ട്രഷറിയില്‍നിന്ന് പണം പിന്‍വലിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിരോധമുള്ളതിനാല്‍ അതുണ്ടാകുന്നില്ല.
(തുടരും)
അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ തുടങ്ങിയത് 1958ല്‍
ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയാണ് അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായ ഭരണപരിഷ്കരണസമിതിയുടെ ശിപാര്‍ശയുടെ തുടര്‍ച്ചയായി 1958ല്‍ കേരള പഞ്ചായത്ത് ബില്ലും 1959ല്‍ ജില്ലാ കൗണ്‍സില്‍ ബില്ലും അവതരിപ്പിച്ചു. എന്നാല്‍, വിമോചനസമരത്തെ തുടര്‍ന്ന് ആദ്യ മന്ത്രിസഭ പിരിച്ചുവിട്ടതിനാല്‍ ബില്‍ പാസായില്ല. 1960ലാണ് കേരള പഞ്ചായത്ത് നിയമം പാസാകുന്നത്. 1962 ജനുവരി ഒന്നിന് പഞ്ചായത്ത് നിലവില്‍വന്നു. 1963ലായിരുന്നു ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 1964 ജനുവരി ഒന്നിന് അധികാരമേറ്റ ഭരണസമിതി 1979വരെ തുടര്‍ന്നു. 1979 സെപ്റ്റംബറിലായിരുന്നു രണ്ടാമത് തെരഞ്ഞെടുപ്പ്. അധികാര വികേന്ദ്രീകരണ നിയമം നിലവില്‍ വന്നതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 1995ലും. ത്രിതല ഭരണസംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കംമുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതലസംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാറിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണസംവിധാനമാണ്. 1979ല്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടുതട്ടാണ് നിര്‍ദേശിച്ചത്.
ജില്ലാ കൗണ്‍സില്‍ നിയമം 1986ല്‍ നായനാര്‍ സര്‍ക്കാര്‍ പൊടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 1991 ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്കു കീഴില്‍ നഗരസഭകളും കോര്‍പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷികപദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി.

No comments:

Post a Comment