Pages

21 March 2014

ഉപതെരഞ്ഞെടുപ്പ് വന്ന വഴി.............



കേരളത്തില്‍ ലോകസഭയിലേക്ക്ഉപശതരഞ്ഞെടുപ്പ് നടന്നത് അഞ്ചു തവണ. നാലുതവണയുംസിറ്റിംഗഏ്എം.പിയുടെ മരണത്തെ തുടര്‍ന്നാണെങ്കില്‍ ഒറ്റപ്പാലത്ത് ഉപതെരഞ്ഞെടുപ്പ് സിഠറ്റിംഗ് എം.പിയായിരുന്ന കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടക്കപ്പെട്ടതിനെ തുടര്‍ന്നും.  എറണാകുളത്ത് രണ്ടുതവണയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
 ലോകസഭയിലേക്കുള്ള സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് 1970ല്‍ മുകുന്ദപുരത്താണ്. കേന്ദ്ര മന്ത്രിയായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് മുകുന്ദപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 മുതല്‍ മുകുന്ദപുരത്തിന്‍െറ പ്രതിനിധിയായിരുന്ന പനമ്പള്ളിയുടെ പിന്‍ഗാമിയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിലെ എ.സി.ജോര്‍ജും. സി.പി.എം പിന്തുണയുണ്ടായിരുന്ന  സ്വതന്ത്ര സ്ഥാനാര്‍ഥി ആനി തയ്യിലായിരുന്നു പ്രധാന എതിരാളി. 1967ലെ തെരഞ്ഞെടുപ്പില്‍ പനമ്പള്ളിയെ നേരിട്ട സി.ജി.ജനാര്‍ദ്ദന്‍, രാമുകുര്യാട്ടു എന്നിവര്‍ പത്രിക നല്‍കിയിരുന്നുന്നു. എന്നാല്‍, അവസാന നിമിഷം പിന്മാറി. എങ്കിലും അവര്‍ക്കും വോട്ടു കിട്ടി. തൃശുര്‍ പുതുക്കാട് സ്വദേശിയായ ആനി തയ്യില്‍ തിരുവിതാംക്കുര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജിവെച്ചാണ് രാഷ്ട്രിയത്തില്‍ എത്തിയത്. കൊച്ചി പ്രജാസഭാംഗമായിരുന്ന അവര്‍ 1964ല്‍ കോണ്‍ഗ്രസ് പിന്തണുയോടെ രാജ്യസഭയിലേക്ക് മല്‍സരിച്ചിരുന്നു. പിന്നിട് കോണ്‍ഗ്രസ് വിട്ട അവര്‍ 1967ല്‍ മൂവാറ്റുപുഴ ലോകസഭാ മണ്ഡലത്തിലും മല്‍സരിച്ചിരുന്നു.
1970ന്ശേഷം ഒറ്റപ്പാലത്താണ് അടുത്ത ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.നരായണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്ക് ശേഷം നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രിയ ധ്രുവീകരണത്തിന് കാരണമായി. അന്നുവരെ ആരും അറിയപ്പെടാതിരുന്ന സി.പി.എമ്മിലെ എസ്.ശിവരാമനാണ് ജയിച്ചു കയറിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് പരാജയപെട്ടത്. അന്ന് ചരിത്രം കുറിച്ച ശിവരാമന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലാണ്.
സേവ്യര്‍ അറക്കലിന്‍െറ നിര്യാണത്തെ തുടര്‍ന്ന് 1997ലാണ് എറണാകുളത്ത് ആദ്യത്തെ ഉപതെരഞ്ഞെടുപ്പ്. അഭിഭാഷകനായ സെബാസ്റ്റ്യന്‍ പോള്‍ മുഴൂവന്‍ സമയ പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത് ഈ തെരഞ്ഞെടുപ്പിലൂടെയാണ്. സെബാസ്റ്റ്യന്‍ പോളിലൂടെ ഇടതു മുന്നണി സീറ്റ് നിലനിര്‍ത്തി. പ്രൊഫ. ആന്‍റണി ഐസക്കിനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡന്‍െറ മരണത്തെ തുടര്‍ന്ന് 2003ല്‍ രണ്ടാമത് ഉപതെരഞ്ഞെടുപ്പ്. ആലുവ നഗരസഭ ചെയര്‍മാനായിരുന്ന  കോണ്‍ഗ്രസിലെ എം.ഒ.ജോണിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും ജയിച്ചു. കോണ്‍ഗ്രസിലെ ഗ്രുപ്പിസം പരസ്യമായി രംഗത്ത് വന്ന തെരഞ്ഞെടുപ്പായിരുന്നു 2003ലെത്.
പ്രമുഖ സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ തിരുവനന്തപുരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴത്തെ മന്ത്രി വി.എസ്.ശിവകുമാറാണ് പരാജയപ്പെട്ടത്. കെ.കരുണാകരന്‍െറ നേതൃത്വത്തില്‍ രൂപമെടുത്ത ഡി.ഐ.സിയുടെ പിന്തുണ സി.പി.ഐക്കായിരുന്നു.
ഇതേസമയം, സംസ്ഥാന നിയമസഭയിലേക്ക് 39 ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. 1958ല്‍ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റിലേക്കായിരുന്നു ആദ്യ ഉപതെരഞ്ഞെടുപ്പ്. ഏറ്റവും അവസാനം നെയ്യാറ്റിന്‍കരയില്‍ 2012ലും. സി.പി.എം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന ആര്‍.സെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സെല്‍വരാജാണ് തെരഞ്ഞെടുക്കപ്പെട്ടത്.

17 March 2014

തെരഞ്ഞെടുപ്പു കാലത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍



ഇതിന് മുമ്പ് ഒരു തെരഞ്ഞെടുപ്പിലും കാണാന്‍ കഴിയാത്ത തരത്തില്‍ ഇത്തവണ സാമുദായിക ശക്തികള്‍ പിടിമുറുക്കുകയാണ്. സമുദായത്തിന്‍െറ അഥവാ സഭയുടെ സ്ഥാനാര്‍ഥികള്‍ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു. അതിനു പുറമെയാണ് മുന്നണി വിത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും പിന്തുണ തേടി പറുപ്പെട്ടിട്ടുള്ളത്. ഇതേസമയമം, കേരള ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ളിം സമുദായത്തിനും 9.1ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിനും ഒന്നര ശതമാനം വരുന്ന പട്ടികവര്‍ഗത്തിനും ‘പിതാവും ജനറല്‍ സെക്രട്ടറിമാരും’ ഇല്ലാത്തത് കൊണ്ടായിരിക്കാം ആരും അതു വഴി പോയി കാണുന്നില്ല.
ഈ തീര്‍ഥയാത്ര മതനിരപേക്ഷ കേരളത്തിന് എത്രത്തോളം ഗുണകരമാകുമെന്ന് ചിന്തിക്കേണ്ട സമയമാണ്.പെരുന്നയിലും കണിച്ചുകുളങ്ങരിയിലും കാത്തു കെട്ടികിടന്ന് അനുഗ്രഹം തേടുന്ന ഇടതു-വലതു സ്ഥാനാര്‍ഥികള്‍ നാളെ ജയിച്ചു വന്നാല്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക. ഇക്കാര്യം കേരളം ഗൗരവമായി കണേണ്ടിയിരിക്കുന്നു. നവോന്ഥാന നായകരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഇവിടെ നഷ്ടമാകുന്നത്, അഥവാ കേരളത്തെ പിന്നോട്ട് നടത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. എന്തിനും ഏതിനും ജാതിയും മതവും പരിഗണിക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറി. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ പോലും ജാതിയും മതവും ഘടകമായിരുന്നുവെന്നാണ് പറഞ്ഞ് കേള്‍ക്കുന്ന വിവരം. സാക്ഷരതിയിലും സാമൂഹ്യ ബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.
ഒരു യുവജന സംഘടനയുടെ നേതാവായ സ്ഥാനാര്‍ഥി മതമേലധ്യക്ഷന്‍െറ പിന്തുണ തേടി പോയത് മാധ്യമപ്പടയോടൊപ്പം. അപ്പോള്‍ പിന്തുണ മാത്രമല്ല ലക്ഷ്യം, മതമേലധ്യക്ഷനെ നേരില്‍ കണ്ടുവെന്ന് ആ സഭയുടെ വിശ്വാസികള്‍ അറിയണമെന്നും സ്ഥാനാര്‍ഥിക്ക് നിര്‍ബന്ധമുണ്ടെന്നര്‍ഥം. സാമുദായിക നേതാക്കളെ കണ്ട ചിത്രമെടുത്ത് പത്രങ്ങള്‍ക്ക് നല്‍കുന്നതും സാമുദായിക നേതാവിന്‍െറ വിട്ടുമുറ്റത്ത് അല്ളെങ്കില്‍ ആപ്പീസിന് മുന്നില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍െറ ലക്ഷ്യവും മറ്റൊന്നാകുകയില്ല.
ഈ പോക്കാണെങ്കില്‍ അടുത്ത തവണ അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സമുദായങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥ വന്ന് കൂടായ്കയില്ല. 

15 March 2014

പെട്ടി പെട്ടി ബാലറ്റ് പെട്ടി


 പെട്ടി പെട്ടി ബാലറ്റ് പെട്ടി,പെട്ടി പൊട്ടിച്ചപ്പോള്‍.........അതു ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പിന്നിടത് പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍....എന്നായി.ഇന്നിപ്പോള്‍ പെട്ടിയുമില്ല, ബാലറ്റുമില്ല. പകരം യന്ത്രം വന്നു. രാഷ്ട്രിയകക്ഷികളുടെയും അല്ലാതെയുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വക ഒരു ബട്ടണും ഇത്തവണയുണ്ട്-‘നോട്ട’അഥവാ ഇവരില്‍ ആരുമല്ല എന്ന് രേഖപ്പെടുത്തപ്പെടുന്ന ചിഹ്നമില്ലാത്ത സ്ഥാനാര്‍ഥി.
ആദ്യ രണ്ടു പൊതുതെരഞ്ഞടുപ്പിലും സ്ഥാനാര്‍ഥകള്‍ക്കായി പ്രത്യേക ബാലറ്റ് പെട്ടിയായിരുന്നു. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം രേഖപ്പെടുത്തിയതായിരുന്നു പെട്ടി. പക്ഷെ, അന്നും വോട്ടു ചെയ്യുന്നവരുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയിരുന്നു.മൈസൂര്‍ പെയിന്‍റ് ആന്‍റ് വാര്‍ണിഷ് ലിമിറ്റഡ് എന്ന കനപനിയില്‍ ഉല്‍പാദിപ്പിക്കുന്ന മഷിയാണ് അന്നും ഇന്നും രാജ്യത്തെ വോട്ടര്‍മാരുടെ വിരലില്‍ പുരണ്ടുന്നത്. അയല്‍രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.
1962ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബാലറ്റും മാര്‍ക്കും ഉപയോഗിച്ചു തുടങ്ങിയത്. എല്ലാ സ്ഥാനാര്‍ഥികളുടെയും പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കോ ചിഹ്നത്തിനോ നേരെ മാര്‍ക്ക് ചെയ്യുന്നതായിരുന്നു ഈ സംവിധാനം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ബാലറ്റില്ലാതായെങ്കിലും തപാല്‍ വോട്ടിന് വേണ്ടി ഇപ്പോഴും ബാലറ്റുണ്ട്. തപാല്‍ വോട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടിച്ച ബാലറ്റാണ് അയച്ചു കൊടുക്കുന്നത്. ഇതില്‍ അവര്‍ പേന കൊണ്ടു മാര്‍ക്ക് ചെയ്തു മടക്കി അയക്കുന്നു. 1982ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തിലാണ് രാജ്യത്താദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അമ്പതു ബൂത്തുകളിലാണ് അന്ന് മെഷീന്‍ ഉപയോഗിച്ചത്. എന്നാല്‍,വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട് കോടതി കയറി. പിന്നിട് 1988ല്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വോട്ടിംഗ് മെഷീന്‍ ഉപയോഗത്തിന് വഴിയൊരുക്കിയത്. 1998ല്‍ 16 ഇടത്തും 1999ലെ തെരഞ്ഞെടുപ്പില്‍ ഭാഗികമായും2004ല്‍ പൂര്‍ണമായും വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചു തുടങ്ങി.ഇതിന്‍റ ഫലം ലഭിച്ചത് കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ജീവനക്കാര്‍ക്കുമാണ്. ബാലറ്റായിരുന്ന കാലത്തു ഒന്നും രണ്ടും ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു വോട്ടെണ്ണി തീര്‍ക്കാന്‍. തര്‍ക്കം വന്നാല്‍ പിന്നെയും വോട്ടെണ്ണല്‍ നീളും. എന്നാല്‍, ഇപ്പോള്‍ കഥ മാറി. ഇപ്പോള്‍ വോട്ടര്‍മാരുടെ സ്ളിപ്പു പോലും എത്തിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍െറ പ്രതിനിധിയാണ്. മുമ്പ് രാഷ്ട്രിയ പാര്‍ട്ടികളാണ് വോട്ടര്‍ പട്ടികയുമായി വീടുകള്‍ കയറിയിറങ്ങി സ്ളിപ്പു നല്‍കിയിരുന്നത്.
21 വയസില്‍ നിന്നും വോട്ടവകാശം 18 ആക്കിയതിന്‍റ ക്രെഡിറ്റും കേരളത്തിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് വോട്ടിംഗ് പ്രായം 18ആക്കി കുറച്ചത്. 1989ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് 18 വയസില്‍ വോട്ടവകാശം ലഭിച്ചത്. ഇപ്പോള്‍ പഞ്ചായത്തു മുതല്‍ പാര്‍ലമെന്‍റ് വരെ 18വയസില്‍ വോട്ടു ചെയ്യാം.
1952ല്‍ 489 അംഗങ്ങളായിരുന്നു ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മല്‍സരിച്ചത് 1874പേരും. 1957ല്‍ 494 ലോകസഭ മണ്ഡലങ്ങളിലേക്കായി 1519 പേരും 1962ല്‍ 1985 പേരും 1967ല്‍ 520 മണ്ഡലങ്ങളിലേക്കായി 2369 പേരും മല്‍സരിച്ചു. 2009ലെ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലേക്ക് 8070 സ്്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇത്തവണത്തേത് ലോകസഭയിലേക്കുള്ള 16-ാമത് തെരഞ്ഞെടുപ്പാണ്. നിയമസഭകളിലേക്കായി 348 തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്നിട്ടുണ്ട്.

14 March 2014

ജോര്‍ജ് സാറിന്‍െറ മകനും പണി കിട്ടി



കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകനും പണികിട്ടി. ഇത്തവണ ലോകസഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഇടുക്കിയും എന്നതായിരുന്നവല്ളോ കേരള കോണ്‍ഗ്രസിന്‍റ ആവശ്യം. ഇതിനായി എന്തൊക്കെ സമ്മര്‍ദ്ദങ്ങളായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണി വിടുന്നുവെന്ന് പോലും കേട്ടു. എന്നാല്‍, എല്ലാം കെട്ടടങ്ങി.മല പോലെ വന്നത് എലി പോലെ പോയി. ഇടതു മുന്നിയുടെ സ്ഥാനാര്‍ഥിയായി ഇടുക്കിയില്‍ അഞ്ചു തവണ മല്‍സരിക്കുകയും രണ്ടു തവണ ജയിക്കുകയും ചെയ്ത കെ.എം.ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ചുവെങ്കിലും തന്ത്രപരമായി അതു വെട്ടുന്നതിലും കേരള കോണ്‍ഗ്രസ് നേതൃത്വം വിജയിച്ചു. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ.ജോസഫിന് പോലും എന്തെങ്കിലും ചെയ്യാനായില്ല.
1975ലും ഇത്തരത്തില്‍ കെ.എം.ജോര്‍ജന് പണി കിട്ടിയെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.സി.ജോണിന്‍െറ പുസ്തകത്തില്‍ പറയുന്നത്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപികരിക്കുമ്പോള്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.ജോര്‍ജും സെക്രട്ടറി കെ.എം.മാണിയും സഹോദരന്മാരല്ളെങ്കിലും  സഹോദരന്മാരെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജോണ്‍ സാര്‍ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പായപ്പോള്‍ജോര്‍ജ് സാറിന് പണികിട്ടി. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആയിക്കുടെന്ന് നിര്‍ദ്ദേശം വെച്ചത് കെ.എം.മാണി. ചെയര്‍മാനോ മന്ത്രിയോ ഏതു വേണമെന്ന് തീരുമാനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കാതെ ജോര്‍ജ് സാര്‍ ചെയര്‍മാന്‍ സ്ഥാനം ഉറപ്പിച്ചു. കെ.എം.മാണിയും രാജ്യസഭയില്‍ നിന്നും തിരിച്ച് വന്ന് ആര്‍.ബാലകൃഷ്ണ പിള്ളയും മന്ത്രിമാരായി. നിയമസഭാംഗമല്ലാതെ ആറുമാസം മന്ത്രിയായിരിക്കുമ്പോള്‍ രാജ്യസഭാംഗമായിരുന്നു അദേഹം.
പിന്നിടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി കെ.എം.ജോര്‍ജിന് തോന്നിയത്. വൈകാതെ കേരള കോണ്‍ഗ്രസ് പിളര്‍ന്നു. പിന്നിട് കെ.എം.ജോര്‍ജും കേരള കോണ്‍ഗ്രസ് (അസല്‍)നേതാവായ മന്ത്രി ജോണ്‍ ജേക്കബ്ബുമായി പ്രധാനമന്ത്രി ഇന്ദിരാന്ധിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് 1976 ജുണ്‍ 26ന് കെ.എം.ജോര്‍ജ് മന്ത്രിയാകുന്നത്. പക്ഷെ, ആറുമാസം തികയും മുമ്പ് 1976 ഡിസംബര്‍ 11ന് അദേഹം കസേരയില്‍ തളര്‍ന്ന് വീണു മരിച്ചു.
കേരള കോണ്‍ഗ്രസിലെ പി.ജെ.ജോസഫ് വിഭാഗത്തിന്‍െറ തണലിലാണ് കെ.എം. ജോര്‍ജിന്‍െറ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ രാഷ്ട്രിയ വളര്‍ച്ച. ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരിക്കെയാണ് എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചത്. 1996ല്‍ ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരം. പിന്നിട് ഇങ്ങോട്ട് ഇടുക്കിയില്‍ ഇടതു മുന്നണിക്കായി പോരിനിറങ്ങിയത് ഫ്രാന്‍സിസ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പി.ടി.തോമസിനോട് പരാജയം. വൈകാതെ കേരള കോണ്‍ഗ്രസുകള്‍ ലയിച്ചതോടെ യു.ഡി.എഫിലത്തെി. എങ്കിലും ഇടുക്കി സീറ്റിന്‍െറ പേരില്‍ ജോസഫ് വിഭാഗം ഇടഞ്ഞ് തന്നെയായിരുന്നു. ജോസഫും കോണ്‍ഗ്രസും ഇടഞ്ഞാല്‍ കോട്ടയത്തെ സിറ്റിംഗ് സീറ്റില്‍ ജോസ്മോന്‍ തോല്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനായ കെ.എം.മാണി കരുതിയെങ്കില്‍ അതിനെ പിതൃസ്നേഹം എന്ന് വിളിക്കുന്നത് ശരിയാണോ?

10 March 2014

ഇതില്‍ ഏതാണ് കര്‍ഷക വിരുദ്ധം?


ഒരു വിഭാഗം രാഷ്ട്രിയ പാര്‍ട്ടികളും കര്‍ഷക സമിതികളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന കസ്തുരി രംഗന്‍ ഓഫീസ് മെമോറാണ്ടമാണിത്. ഇതില്‍ ഏതാണ് കര്‍ഷക വിരുദ്ധം?

08 March 2014

വനിതകള്‍ ഇപ്പോഴും നിയമനിര്‍മ്മണ സഭകള്‍ക്ക് പുറത്ത്




 വനിതകള്‍ക്ക് വേണ്ടിയുള്ള വനിതകളുടെ പോരിന് ചൂടേറെയാണ്.എന്നാല്‍, ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകണമെങ്കില്‍ സംവരണം വേണമെന്ന് തെളിയിക്കുന്നതാണ് ലോകസഭയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള വനിതകളുടെ കണക്കെടുക്കുമ്പോള്‍ വ്യക്തമാകുന്നത്. സംവരണത്തിന്‍റ പിന്‍ബലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എത്തിയെങ്കിലും നിയനിര്‍മ്മാണ സഭകളില്‍ ഇപ്പോഴും പങ്കാളിത്തം കുറവ്. ലോകസഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ 23792270 വോട്ടര്‍മാരില്‍ 52ശതമാനവും വനിതകളായിരിക്കെ, ഇത്തവണ എത്ര വനിതകള്‍ ലോകസഭയില്‍ എത്തുമെന്ന് ഈ വനിതാ ദിനത്തിലും ഉറപ്പില്ല. സ്വതന്ത്ര ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഏഴു വനിതകള്‍ മാത്രമാണ് കേരളത്തില്‍നിന്നും ലോകസഭയില്‍ എത്തിയിട്ടുള്ളത്. ഇപ്പോള്‍ രാജ്യസഭയില്‍ സി.പി.എമ്മിലെ ടി.എന്‍.സീമയും കേരളത്തെ പ്രതിനിധികരിക്കുന്നു.
നിയമസഭയിലും വനിതകളുടെ പങ്കാളിത്തം കുറവാണ്. ഇപ്പോഴുള്ള എട്ടു അംഗങ്ങളില്‍ ഏഴുപേവര്‍ പ്രതിപക്ഷത്ത്. മന്ത്രി പി.കെ.ജയലഷ്മി മാത്രമാണ് ഭരണപക്ഷത്തുള്ളത്. ആദ്യ ലോകസഭയില്‍ തിരുവനന്തപരുത്ത് നിന്നും വിജയിച്ച ആനി മസ്ക്രീന്‍ ഉണ്ടായിരുന്നുവെങ്കില്‍ പിന്നിടൊരാള്‍ക്ക്വേണ്ടി 1967 വരെ കാത്തിരക്കേണ്ടി വന്നു. അമ്പലപ്പുഴയില്‍നിന്നും വിജയിച്ച സി.പി.എമ്മിലെ സുശില ഗോപാലനാണ് ആനി മസ്ക്രീന്‍െറ പിന്‍ഗാമി. 1952ല്‍ 11 സീറ്റുള്ളപ്പോഴാണ് ആനി മസ്ക്രീന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 1957ലെ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അത്തവണ സംസ്ഥാനത്ത് നിന്നും ലോകസഭയിലേക്ക് മല്‍സരിച്ച ഏക വനിതയും അവര്‍ ആയിരുന്നു. 1962ലും ഒരു വനിത മല്‍സരിക്കാനുണ്ടായിരുന്നു. 1967ല്‍ മൂന്ന് പേര്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചത് സുശീല ഗോപാലന്‍ മാത്രം. പിന്നിട് രണ്ടു തവണ കൂടി അവര്‍ ലോകസഭയില്‍ എത്തി. 1980ല്‍ ആലപ്പുഴയില്‍ നിന്നും പിന്നിട് 1991ല്‍ ചിറയിന്‍കീഴില്‍ നിന്നും.1971ല്‍ നാലു പേര്‍ മല്‍സരിച്ചുവെങ്കിലും ലോകസഭയിലേക്ക് വണ്ടി കയറിയത് ് അടൂരില്‍ നിന്നും സി.പി.ഐയിലെ ഭാര്‍ഗവി തങ്കപ്പന്‍ മാത്രവും. 1977ല്‍ മൂന്നു പേര്‍ മല്‍കരിച്ചുവെങ്കിലും ആരും ജയിച്ചില്ല. 1980 രണ്ടു പേര്‍ മല്‍സരിച്ചു ജയിച്ചത് സുശീല ഗോപാലന്‍. 1984ല്‍ ഏഴു പേരാണ്മല്‍സരിച്ചത്. പക്ഷെ, ആരെയും വോട്ടര്‍മാര്‍ അനുഗ്രഹിച്ചില്ല.1989ല്‍ എട്ടു പേര്‍ മല്‍സരിച്ചപ്പോള്‍ മുകുന്ദപുരത്തു നിന്നും കോണ്‍ഗ്രസിലെ സാവിത്രി ലക്ഷ്മണന്‍ വിജയി. 1991ല്‍ സാവിത്രി ലക്ഷ്മണന് പുറമെ സുശീല ഗോപാലനും ഉണ്ടായിരുന്നു. അത്തവണ പത്തു പേരാണ് മല്‍സരിച്ചത്. 1996ലും പത്തു പേര്‍ മല്‍സരിച്ചു.പക്ഷെ ആരും ജയിച്ചില്ല. 1998ല്‍ പത്തു പേര്‍ മല്‍സരിച്ചപ്പോള്‍ സി.പി.എമ്മിലെ എ.കെ.പ്രേമജം വിജയി. 1999ലുംഅവര്‍ ലോകസഭയില്‍ എത്തി.മല്‍സരിച്ച മറ്റു 12പേരും പരാജയപ്പെട്ടു. 2004ല്‍ 15പേരാണ് മല്‍സരിച്ചത്. സി.പി.എമ്മിലെ പി.സതിയും സി.എസ്.സുജാതയും വിജയിച്ചു.
2009ല്‍ 15പേര്‍ മല്‍സരിച്ചുവെങ്കിലും ആരെയും ജനം തുണച്ചില്ല. കാസറഗോഡ് ഷാഹിത കമാല്‍-കോണ്‍ഗ്രസ്, വടകയില്‍ പി.സതീദേവി, ആലത്തൂരില്‍ ബിന്ദു ടീച്ചര്‍-ബി.ജെ.പി,തൃശൂരില്‍ രമ രഘുനന്ദന്‍-ബി.ജെ.പി, എറണാകുളത്ത് സിന്ധു ജോയി-സി.പി.എം, കാസറഗോഡ് കെ.മാധവി-ബി.എസ്.പി എന്നിവരര്‍ ദേശിയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായിരുന്നു.ദേശിയ പാര്‍ട്ടികളുടെ 78 സ്ഥാനാര്‍ഥികളില്‍ ആറു പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇവര്‍ 8.17 ശതമാനം വോട്ടു നേടി. മല്‍സരിച്ച ഒമ്പത് സ്വതന്ത്ര വനിതകള്‍ ചേര്‍ന്ന് 4.09 ശതമാനം വോട്ടു സ്വന്തമാക്കി.
ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക മാത്രമാണ് പുറത്ത് വന്നത്. ഇതില്‍ മുന്‍ മന്ത്രി പി.കെ.ശ്രീമതി കണ്ണുരിലും പി.കെ.സൈനബ മലപ്പുറത്തും മല്‍സരിക്കുന്നു.

01 March 2014

KATHRIKKA...: ജനപ്രതിനിധികളും കൊടിവെച്ച വാഹനവും

KATHRIKKA...: ജനപ്രതിനിധികളും കൊടിവെച്ച വാഹനവും: ഇപ്പോള്‍ എവിടെ നോക്കിയാലും കൊടിവെച്ചതും ചുവപ്പ് ബോര്‍ഡ് വെച്ചതുമായ വാഹനങ്ങളെ കാണാനുള്ളു. പണ്ടൊക്കെ കൊടിവെച്ച കാര്‍ എന്നാല്‍ മന്ത്ര...

ജനപ്രതിനിധികളും കൊടിവെച്ച വാഹനവും




ഇപ്പോള്‍ എവിടെ നോക്കിയാലും കൊടിവെച്ചതും ചുവപ്പ് ബോര്‍ഡ് വെച്ചതുമായ വാഹനങ്ങളെ കാണാനുള്ളു. പണ്ടൊക്കെ കൊടിവെച്ച കാര്‍ എന്നാല്‍ മന്ത്രിമാരുടെ വാഹനം എന്നായിരുന്നു സങ്കല്‍പ്പം. പിന്നിട് മേയര്‍മാരും നഗരസഭാ ചെയര്‍മാന്മാരും അവരുടെ തദ്ദേശ സ്ഥാപനത്തിന്‍െറ പതാക വാഹനത്തിന്‍െറ ഫ്ളാഗ് പോസ്റ്റില്‍ സ്ഥാപിച്ചു. തുടര്‍ന്നാണ് ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരും കൊടിവെച്ചു തുടങ്ങിയതു.ഇപ്പോള്‍ കോര്‍പ്പറേഷന്‍, ബോര്‍ഡ് അദ്ധ്യക്ഷന്മാരും പി.എസ്.സി അംഗങ്ങളും തുടങ്ങിയവരൊക്കെ കൊടിവെച്ചു തന്നെയായി യാത്ര. ആം ആത്മിക്കാരെ പോലെ ദേശിയ പതാക ഉപയോഗിക്കുന്നില്ളെന്ന ആശ്വാസമുണ്ട്.,
ഇനി മറ്റൊരു കൂട്ടരുണ്ട്, കൊടി വെക്കാതെ ചുവപ്പു ബോര്‍ഡ് വെച്ചു യാത്ര ചെയ്യുന്നവര്‍. പഞ്ചായത്തു അംഗങ്ങള്‍ തുടങ്ങി പാര്‍ലമെണ്ട് അംഗങ്ങള്‍ വരെ ബോര്‍ഡ് വെച്ചിട്ടുണ്ട്. പണ്ടൊരു എം.എല്‍.എയുടെ ബോര്‍ഡ് ഓര്‍ക്കുന്നില്ളേ? സര്‍ക്കാരിന്‍െറ ആനചിഹ്നം വാഹനത്തിന്‍െറ മുന്നിലും പിന്നിലും സ്ഥാപിച്ച് യാത്ര ചെയ്തയാള്‍. എന്‍െറ ചെറപ്പത്തില്‍ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു ജനപ്രതിനിധി എം.പിമാര്‍ മാത്രമായിരുന്നു. ഞങ്ങളുടെ എം.പി.ശ്രി.സി.എം.സ്റ്റീഫന്‍ ഒരു അംബാസിഡര്‍ കാറില്‍ വല്ലപ്പോഴുമൊക്കെ നാട്ടിലുടെ വന്നത് ഓര്‍ക്കുന്നു. അന്നൊക്കെ എം.എല്‍.എമാര്‍ പോലും ബസിലായിരുന്നു യാത്ര. എം.എല്‍.എമാര്‍ക്ക് തിരുവനന്തപരുത്തിന് എത്തുന്നതിനായി സ്വന്തം നാട്ടില്‍ നിന്നും കെ.എസ്.ആര്‍.സി. സര്‍വീസ് നടത്തിയിരുന്നതും ഓര്‍ക്കുന്നില്ളേ? എം.എല്‍.എ ബസ്എന്ന പേരിലായിരുന്ന ആ ബസുകള്‍ അറിയപ്പെട്ടിരുന്നത്. അത്തരം ചില എം.എല്‍.എ റൂട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. പക്ഷെ, കയറാന്‍ എം.എല്‍.എ ഇല്ല. എല്ലാ എം.എല്‍.മാരും ഇപ്പോള്‍ വാഹനത്തിലാണ് യാത്ര. വാഹനം വാങ്ങാന്‍ എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ വായ്പയും നല്‍കുന്നുണ്ട്.
എം.പി,എം.എല്‍.എമാര്‍ ബോര്‍ഡ് വെച്ചു കാറില്‍ യാത്ര ചെയ്യുന്നത് മനസിലാക്കാം. പക്ഷെ, നമ്മുടെ പഞ്ചായത്തു മെമ്പര്‍മാരും കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗങ്ങളും ‘മെമ്പര്‍ എന്നെഴുതി കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വെക്കുന്നത് ശരിയാണോ? അതും സ്വകാര്യ വാഹനത്തില്‍. സര്‍ക്കാര്‍ നല്‍കാത്ത വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ എന്നെഴുതിയാല്‍ ആ വാഹനങ്ങള്‍ പടിച്ചെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാണം. അതല്ളെങ്കില്‍ വാഹന ഉടമക്കെതിരെ കേസെടുക്കണം. സംസ്ഥാനത്ത് കാക്കത്തൊള്ളായിരം ബോര്‍ഡ്,കോര്‍പ്പറേഷനുകളുണ്ടു.അവിടെങ്ങളിലായി കാക്കത്തൊള്ളായിരകണക്കിന് അംഗങ്ങളും.അവരൊക്കെ അവരുടെ വാഹനത്തില്‍ കേരള സര്‍ക്കാര്‍ മെമ്പര്‍ എന്നെഴുതി ബോര്‍ഡും തൂക്കി സഞ്ചരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരിക്കും. ആ വാഹനങ്ങളില്‍ എന്തൊക്കെ കടന്ന് പോകുന്നുവെന്ന് ആര്‍ക്കറിറയാം. ആംബുലന്‍സിലും രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിവെച്ച വാഹനങ്ങളിലും  ചന്ദനവും കഞ്ചാവും കടത്തുന്ന നാടാണിതെന്ന് കൂടി ഓര്‍ക്കണം.