Pages

29 October 2011

കേരളത്തില്‍ വിവാദം ഉയന്നത് എങ്ങനെ????????????????



കേരളത്തില്‍ എപ്പോഴൊക്കെയാണ് വിവാദങ്ങള്‍ പൊട്ടി പുറപ്പെടുന്നത്.കഴിഞ്ഞ കാല സംഭവങ്ങള്‍ പരിശോധിക്കു്നപാള്‍ വിവാദങ്ങള്‍ക്ക് ചില കാലവും സന്ദര്‍ഭവും ഉണ്ടെന്ന് വേണം കരുതാന്‍.അടുത്ത കാലത്തായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മകനും എതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുമ്പോള്‍ മാത്രം എങ്ങനെയാണ്  വിവാദങ്ങള്‍ ഉയരുന്നത്. കേരള രാഷ്ട്രിയ വിദ്യാര്‍ഥികളും മാധ്യമ ഗവേഷകരും  ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നാണ് വിനീതമായ അഭിപ്രായം.
വി.എസ്.അച്യുതാനന്ദന്‍ ആലുവയില്‍ ദല്ലാള്‍ നന്ദകുമാറുമായി ചര്‍ച്ച നടത്തിയത് വിവാദമായേക്കുമെന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ടൈറ്റാനിയം അഴിമതി ആരോപണം കൊണ്ട് വന്നതെന്ന് യു.ഡി.എഫ് പറയുന്നത് വെറുതെയല്ല.ചില മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പഴയ ആരോപണങ്ങള്‍ അടിയന്തിര പ്രമേയമായി നിയമസഭയില്‍ എത്തിയത് ചര്‍ച്ച ചെയ്യുകയും ചര്‍ച്ച ലൈവായി സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.ഈ സംഭവത്തില്‍ സര്‍ക്കാര്‍ മേല്‍ക്കൈ നേടിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് വി.എസിന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ.അരുണ്‍കുമാറിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതും അരുണിന് എതിരെ നടപടി വരുമെന്ന അറിയിപ്പ് വന്നതും.എന്നാല്‍,മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പത്തനാപുരം പ്രസംഗത്തിലൂടെ അരുണ്‍ കുമാര്‍ 'രക്ഷപ്പെട്ടു'.വി.എസിന് മൈലേജ് ലഭിക്കുന്നതായി മാറി മന്ത്രിയുടെ പ്രസംഗം.പാര്‍ട്ടിക്കകത്ത് വി.എസിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒരു പോലെ മന്ത്രിക്കെതിരെ രംഗത്ത് വന്നു.
സാധാരണഗതിയില്‍  പ്രാദേശിതലത്തിലെ പൊതുയോഗങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രസംഗവും പതിവാണ്.പലരും എന്തൊക്കെ പറഞ്ഞിരിക്കുന്നു. ഉന്നതരായ നേതാക്കള്‍ പോലും അശ്ലീല ചുവയോടെ പ്രസംഗിച്ചിരുന്നതും കയ്യടി വാങ്ങിയിരുന്നതും ഒരു പാട് പഴയ കഥയല്ല.ഇപ്പോഴും ചിലരൊക്കെ അങ്ങനെ തന്നെയാണ് പ്രസംഗിക്കുന്നതും.എങ്കിലും മന്ത്രി ഗണേശ് കുമാറിന്റെ പ്രയോഗം അല്‍പം അതിര് കടന്നുവെന്ന് പറയാതെ വയ്യ.വി.എസിന്റെ പ്രായം മാനിക്കാമായിരുന്നു.
ചാനലുകള്‍ സജീവമായതോടെ പലരും പ്രസംഗം നിയന്ത്രിച്ചിട്ടുണ്ട്.പത്തനാപുരം സംഭവം രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് പാഠമാകട്ടെ.പ്രസംഗം,അത് എവിടെയാണിെലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കാതിരിക്കട്ടെ.

തമിഴ്നാടിനെ വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ച പെരിയാര്‍ പാട്ട കരാറിന് 125 വര്‍ഷം

കരാര്‍ ഒപ്പിടും മുമ്പേ ആരംഭിച്ച വിവാദം ഇനിയും കെട്ടടങ്ങാത്ത മുല്ലപ്പെരിയാര്‍ പാട്ട കരാറിന് 125 വര്‍ഷം. ഇപ്പോഴത്തെ സ്ഥിതിയില്‍ 2885 വരെ കാലാവധിയുള്ള പെരിയാര്‍ പാട്ട കരാര്‍ ഒപ്പിട്ടത് 1886 ഒക്ടോബര്‍ 29നാണ്. തിരുവിതാംകൂര്‍ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പിട്ട കരാറിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ചതും പെരിയാറിനെ വെള്ളം കിഴക്കോട്ട് തിരിച്ച് വിട്ട് മധ്യ തമിഴ്നാടിനെ ജലസമൃദ്ധയിലാക്കിയതും
ബ്രിട്ടീഷുകാര്‍ മധുര കീഴടക്കുന്നതോടെ തുടങ്ങിയതാണ് മുല്ലപ്പെരിയാറിനെ കിഴക്കോട്ട് തിരിച്ചുവിടാനുള്ള ശ്രമം. വരണ്ടുണങ്ങിയ മധുരക്ക് കുടിവെള്ളം തേടിയുള്ള ബ്രിട്ടീഷുകാരുടെ അന്വേഷണമാണ് ഇതിന് കാരണം.1808^ല്‍ സര്‍ ജയിംസ് കാല്‍സ്വെല്‍ തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് തേക്കടിക്കടുത്തെ ശിവഗിരിക്കുന്നുകളില്‍  നിന്ന് ഉല്‍ഭവിക്കുന്ന നദികളെകുറിച്ച് അന്നത്തെ മദിരാശി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടാണ് പെരിയാര്‍ പാട്ടകരാറിന് അടിസ്ഥാനമായത്.
1862^ല്‍ മേജര്‍ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി  (ആയിരം ദശലക്ഷം ഘടയടി)വെള്ളം സംഭവിക്കാവുന്നതുമായ അണക്കെട്ട് നിര്‍മിച്ചതോടെയാണ് അയല്‍ രാജ്യത്തിന്റെ വെളളം ചോര്‍ത്തല്‍ തിരുവിതാംകൂര്‍ ഭരണം അറിഞ്ഞത്. തുടര്‍ന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്.
നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പില്‍ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കര്‍ ഭൂമി മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതല്‍ 999 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്.
മലയാളിക്ക് പേടി സ്വപ്നമായി മാറിയിട്ടുള്ള 1887ലാണ് മുല്ലപ്പെരിയാറിലെ  അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചത്.ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ചുള്ള അണക്കെട്ട് നിര്‍മ്മാണം 1895 ല്‍ പൂര്‍ത്തിയായി.1908ലാണ് തര്‍ക്കത്തിന് തുടക്കം.ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയതോടെയായിരുന്നു അത്.വൈദ്യുതി ഉല്‍പാദനത്തിന് തുടക്കമിട്ടത് 1937 ജനുവരി 16നും.അനുമതിയില്ലാതെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള തീരുമാനത്തെ തിരുവിതാംകൂര്‍ ചോദ്യം ചെയ്തു.ജലസേനചത്തിന് നല്‍കിയ ജലം കുടിക്കാന്‍ പോലും അവകാശമില്ലെന്ന വാദമാണ് അന്ന് തിരുവിതാംകൂര്‍ ഉയര്‍ത്തിയത്.കരാര്‍ പ്രകാരം തര്‍ക്കം അമ്പയറിന് വിടാനായിരുന്നു തീരുമാനം.1941 മെയ് 12ന് അമ്പയറിന്റെ വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു.എന്നാല്‍,അമ്പയറിന്റെ വിധിയില്‍ നടപടിയുണ്ടായില്ല.ഐക്യ കേരളം പിറന്ന ശേഷവും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നില്ല.ഇന്‍ഡ്യ ഇന്‍ഡിപെന്‍ഡസ് ആക്ട് പ്രകാരം തിരുവിതാംകൂര്‍ രാജാവും മദിരാശി സ്റ്റേറ്റും തമ്മില്‍ ഒപ്പിട്ട പെരിയാര്‍ പാട്ട കരാര്‍ കാലഹരണപ്പെട്ടുവെന്ന വാദം അന്ന് ഉയര്‍ന്നിരുന്നുവെങ്കിലും തമിഴ്നാടിന് നല്‍കി വരുന്ന ജലം നിഷേധിക്കുന്ന നടപടിയായതിനാല്‍,ആ ഫയല്‍ ആരും തറുന്നില്ല.
1961 മുതല്‍ അണക്കെട്ടിലെ സീപ്പേജിന്റെ അളവ് വര്‍ദ്ധിച്ചതോടെയാണ് മുല്ലപ്പെരിയാര്‍ ചര്‍ച്ച യായത്.കേന്ദ്ര ജല കമീഷന്റെ പരിശോധനയെ തുടര്‍ന്ന് 1964 ഏപ്രില്‍ 10ന് മുല്ലപ്പെരിയാറ ജലനിരപ്പ് 155 അടിയില്‍ നിന്ന് 152 അടിയാക്കി കുറച്ച്.ഇതോടെ 1886ലെ കരാറിന് അനുബന്ധമായി മറ്റൊരു കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചയും തുടങ്ങി.1970 മെയ് 29നാണ് അനുബന്ധ കരാര്‍ ഒപ്പിടുന്നത്.ഇതനുകരിച്ച് പാട്ട സംഖ്യ ഏക്കറിന് അഞ്ച് രൂപയായിരുന്നത് 30 രൂപയാക്കി ഉയര്‍ത്തി.ഓരോ 30 വര്‍ഷത്തിലും പാട്ട സംഖ്യ പുതുക്കാനും പെരിയാര്‍ തടാകത്തില്‍ മല്‍സ്യ ബന്ധനത്തിനും ടൂറിസം പദ്ധതിക്കുമുള്ള അവകാശം കേരളത്തിന് നല്‍കാനും തീരുമാനിച്ചു.
പിന്നിടാണ് അണക്കെട്ടിന്റെ ബലക്ഷയം ചര്‍ച്ചയാകുന്നത്.അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം വാദിച്ചു.1978 മെയില്‍ അണക്കെട്ട് സന്ദര്‍ശിച്ച കേന്ദ്ര ജല കമീഷന്‍ അംഗം എ.എന്‍.ഹര്‍കൌളി ജലനിരപ്പ് 145 അടിയാക്കി കുറക്കാന്‍ നിര്‍ദേശിച്ചു.1979 നവംബര്‍ 25നാണ് ജലനിരപ്പ് 136 അടിയാക്കി കുറക്കാന്‍ കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ Dr.KC..Thomas നിര്‍ദേശിച്ചത്.അണക്കെട്ട് ബലപ്പെടുത്താനുള്ള ജോലികള്‍ നടത്താനും തമിഴ്നാടിന് അനുമതി നല്‍കി. കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജല നിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ തുടര്‍ന്നാണ് 2006 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി.ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റ ആരവശ്യം അന്ന് അംഗികരിച്ചിരുന്നില്ല.പിന്നിടാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.എസ്.ആനന്ദിന്റ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചത്.പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യമടക്കം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്.
1896^9ഥ കാലഘട്ടത്തില്‍ 60450 ഏക്കര്‍ സ്ഥലത്താണ് മുല്ലപ്പെരിയാറില്‍ ജലം ഉപയോഗിച്ച് തമിഴ്നാട് ജലസേചനം നടത്തിയിരുന്നത്.ഇപ്പോഴത് രണ്ടര ലക്ഷത്തിലേറെ ഹെക്ടര്‍ സ്ഥലത്താണത്.മധുര,തേനി,ശിവഗംഗ,രാമനാഥപുരം തുടങ്ങിയ മധ്യ തമഇളനാടിന്റെ നിലനില്‍പ് മുല്ലപ്പെരിയാര്‍ ജലത്തെ ആശ്രയിച്ചാണ്.ഇതിന് പുറമെയാണ് കോടി കണക്കിന് രൂപയുടെ വൈദ്യുതി ഉല്‍പാദനം. ഇതിന് റോയല്‍ട്ടിയായി കേരളത്തിന് ലഭിക്കുന്നത് നാമമാത്രമായ തുകയും.പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന വാദത്തോട് തമിഴ്നാടിന് യോജിപ്പില്ല.പെരിയാറ പാട്ട കരാറും 1970ലെ അനുബന്ധ കരാറും അനുസരിച്ച് അണക്കെട്ട് നിര്‍മ്മിക്കാനും ഓപറേറ്റ് ചെയ്യാനുമുള്ള അവകാശം തങ്ങള്‍ക്കാണെന്ന് കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.കേരളം സമര്‍പ്പിച്ച പുതിയ അണക്കെട്ടിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് 1.1 ടി.എം.സി വെള്ളം തുറന്ന് വിടാനുള്ള നിര്‍ദേശവും അവര്‍ ചോദ്യം ചെയ്യുന്നു.തമിഴനാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് കേരളത്തിന്റെ നയമെങ്കിലും അതിനോട് തമിഴ്നാട് മനസ് തുറന്നിട്ടില്ല.പുതിയ അണക്കെട്ടിന് സമ്മതിച്ചാല്‍,പുതിയ കരാര്‍ വേണ്ടി വരുമെന്നാണ് അവരുടെ ഭീതി.രാജഭരണ കാലത്ത് ഒപ്പിട്ട 999 വര്‍ഷത്തേക്കുള്ള കരാറിന്റെ ബലത്തില്‍ വെള്ളം കിഴക്കോട്ട് ഇനിയും എത്രനാള്‍?


26 October 2011

ഇതല്ല ഞാന്‍ പ്രതീക്ഷിച്ച ടൂറിസം


മൂന്നാറിലെ ടൂറിസം വികസനത്തിനായി പോരാട്ടം ആരംഭിക്കുമ്പോള്‍ ചില സങ്കല്‍പങ്ങളുണ്ടായിരുന്നു.മൂന്നാറിന്റെ കാലാവസ്ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന ടൂറിസം വികസനം എന്നതായിരുന്നു ആഗ്രഹം.പക്ഷെ,മൂന്നാറില്‍ ഇന്ന് കാണുന്നത് മൂന്നാറിന് ഒട്ടും യോജിക്കുന്നതല്ലെന്ന് പറയേണ്ടിരിക്കുന്നു.മറ്റ് പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാണുന്ന പ്രവര്‍ത്തനങ്ങള്‍ അതേപ്പടി അനുകരിക്കുകയാണിവിടെ.ഈ പോക്ക് തുടര്‍ന്നാല്‍ എത്ര കാലം മൂന്നാര്‍ നിലനില്‍ക്കും?ഇപ്പോള്‍ തന്നെ മൂന്നാറിന്റ കാലാവസ്ഥ മാറി.പല ജീവികളും അപ്രത്യക്ഷമായി.കാലാവസ്ഥ വല്ലാതെ മാറിയാല്‍ വരയാടിന് വേറെ അഭയ കേന്ദ്രം കണ്ടെത്തേണ്ടി വരും.തേയില ചെടികളും ഇല്ലാതാകും. അതോടെ മൂന്നാര്‍ ഓര്‍മ്മയിലാകും.
ഇടുക്കി അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1978ല്‍ ആരംഭിച്ച മൂന്നാര്‍ പുഷ്പമേളയാണ് മൂന്നാറിന്റെ ടൂറിസം വികസനത്തിന്റ അടിസ്ഥാനം.നാട്ടുകാര്‍ക്കും നാട്ടിലെ സംഘടനകള്‍ക്കും പങ്കാളിത്തമില്ലാതിരുന്ന പുഷ്പ മേള പിറ്റേ വര്‍ഷവും ആവര്‍ത്തിച്ചു.അപ്പോഴെക്കും ഒറ്റപ്പെട്ട  ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.ആ സംഘത്തില്‍ അറിഞ്ഞോ അറിയാതെയോ അന്ന് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന ഞാനും ഉള്‍പ്പെട്ടു.അന്നത്തെ ആ മുവ്മെന്റാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള പുഷ്പ മേളയെ കുറിച്ച് ചിന്തിക്കാന്‍ അന്നത്തെ സബ് കലക്ടര്‍ കെ.ജെ.അല്‍ഫോണ്‍സിനെ പ്രേരിപ്പിച്ചത്.എങ്ങനെയായിരിക്കണം പുഷ്പ മേള നടത്താന്‍ എന്നാലോചിക്കാനുള്ള സമിതിയില്‍ ഞാനും ഉള്‍പ്പെട്ടതോടെയാണ് മൂന്നാര്‍ മേള എന്ന പേര് ഞാന്‍ നിര്‍ദേശിച്ചത്.1982ലും 1983ലും വിപുലമായ പരിപാടികളോടെ മൂന്നാര്‍ മേള നടത്തി.മുന്നാര്‍ ടൂറിസം വികസനമെന്നതായിരുന്നു മൂന്നാര്‍ മേളയുടെ മുദ്രാവാക്യം.ഹൈറേഞ്ച് മോട്ടോര്‍ റാലിയടക്കം മൂന്നാര്‍ മേളയുടെ ഭാഗമായിരുന്നു.എങ്കിലും മേള നടത്തിപ്പിന് സ്ഥിരം സംവിധാനമില്ലാതെ പോയത് മേള മുടങ്ങാന്‍ കാരണമായി.പിന്നിട് 1989ല്‍ ദേവികുളം സബ്കലക്ടറായി ജെയിംസ് വര്‍ഗീസ് എത്തിയതോടെയാണ് മേളക്ക് ജീവന്‍ വെച്ചത്.മേള നടത്തിപ്പിനായി സ്ഥലം എം.എല്‍.എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയും സബ് കലക്ടര്‍ ജനറല്‍ കണ്‍വീനറും മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ട്രഷററുമായി സ്ഥിരം സംവിധാനം വേണമെന്ന് നിര്‍ദേശിച്ചത് സി.പി.ഐ നേതാവ് സി.എ.കുര്യനും.പിന്നിട് നടന്ന മേളകളുടെ നടത്തിപ്പില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ എനിക്ക് കഴിഞ്ഞുവെങ്കിലും എന്ത് കൊണ്ടോ മേള മുടങ്ങി.അപ്പോഴെക്കും ഞാനും മൂന്നാര്‍ വിട്ടു.
മൂന്നാറിലെ ടൂറിസം വികസനത്തിനായി പ്രത്യേക പദ്ധതി വേണമെന്ന ആവശ്യവുമായി ഞങ്ങള്‍ കുറച്ച് പേര്‍ സൈക്കിള്‍ യാത്രയും മറ്റുമായി രംഗത്ത് വരുന്നതും ഇതേ കാലഘട്ടത്തിലാണ്. മൂന്നാറിനെ സംബന്ധിച്ച് തയ്യാറാക്കിയ ബ്രോഷര്‍ കേരളമാകെ അയച്ച് കൊടുത്തു. ഉര്‍വശി സ്റ്റുഡിയോയിലെ കുട്ടിയപിള്ളയെടുത്ത മൂന്നാറിന്റെ ചിത്രങ്ങള്‍ നാട് നീളെ പ്രദര്‍ശിപ്പിച്ചു.മൂന്നാറിന്റെ ചിത്രങ്ങളടങ്ങിയ സീസണ്‍ കാര്‍ഡുകള്‍ തയ്യാറാക്കി വില്‍പനക്കെത്തിച്ചു.
നീല കുറിഞ്ഞി സീസണും മൂന്നാറിന്റെ ടുറിസം വളര്‍ച്ചക്കുള്ള വഴിയൊരുക്കി.അന്നൊക്കെ ഞങ്ങളെ പരഹസിച്ചവര്‍ ഇന്ന് ടൂറിസത്തിന്റെ വക്താക്കളാണെന്നത് വേറെ കാര്യം.
ടൂറിസ്റ്റ് കേന്ദ്രമായി മൂന്നാര്‍ മാറുന്നതിനൊപ്പം എങ്ങനെയാകണം മൂന്നാര്‍ എന്നതിനെ സംബന്ധിച്ചും കാഴ്ചപ്പാടുണ്ടായിരുന്നു.മൂന്നാറില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പാടില്ലായെന്നതായിരുന്നു ഇതില്‍ പ്രധാനം.എന്നാല്‍ ഇപ്പോള്‍ കുന്നും പുല്‍മേടും വെട്ടി നിരത്തി എങ്ങും കോണ്‍ക്രീറ്റ് റിസോര്‍ട്ടുകള്‍ മാത്രം.എതാണ്ട് സോപ്പ് പെട്ടി അടുക്കി വെച്ചത് പോലെ.മൂന്നാര്‍ ടൌണിലുടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റ കരകളില്‍ ജമന്തി, ഡാലിയ തുടങ്ങിയ ചെടികള്‍ നട്ട് വളര്‍ത്തണമെന്നും നിര്‍ദേശിച്ചു.പക്ഷെ,ചെടികള്‍ക്ക് പകരം തീരങ്ങള്‍ കയ്യേറി.അവിടെയും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
പണ്ട്,ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് ഇന്നത്തെ മൂന്നാറിശല റോഡുകളും പാലങ്ങളും.അന്നുണ്ടായിരുന്ന ജനസംഖ്യ കണക്കിലെടുത്ത് നിര്‍മിച്ചവ.ഇടുങ്ങിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും പരിമിതികളുണ്ട്.ആ തിരിച്ചറിവോടെ വേണം മൂന്നാറിനെ കാണാന്‍.വരായാടുകള്‍ വളരുന്ന രാജമലയിലേക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത മാടുപ്പെട്ടിയിലേക്കും വാഹനങ്ങളെ നിയന്ത്രിക്കണം.ഇതില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രാജമലയിലേക്ക് സ്വകാര്യ വാഹനങ്ങളെ പൂര്‍ണമായും നിരോധിച്ചു.മാടുപ്പെട്ടിയടക്കമുള്ള മറ്റിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട് ക്യു ആണ് പലപ്പോഴും. പല വേഷത്തിലുള്ള പോലീസുണ്ടെങ്കിലും അവര്‍ ഇതൊന്നും നിയന്ത്രിക്കുന്നില്ല. അവര്‍ ടൌണിലെ ആട്ടോക്കാര്‍ക്കും ടാക്സിക്കാര്‍ക്കും ഒപ്പമാണ്.ഏതാണ്ട് ആയിരത്തോളം ആട്ടോകളാണ് മൂന്നാറിലുള്ളത്.മൂന്നാറില്‍ ആട്ടോ റിക്ഷക്കുള്ള പെര്‍മിറ്റ് വാങ്ങിയെടുക്കുമ്പോള്‍ പ്രതീക്ഷിച്ചില്ല,ഈ ടൌണിനെ ആട്ടോകള്‍ വിഴുങ്ങുമെന്ന്.
മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കുകയാണ് പ്രധാനം.മൂലക്കടക്ക് സമീപത്തെ പഞ്ചായത്ത് ബസ് സ്റ്റാന്റ് ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായിട്ടുണ്ട്.പുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യട്ടെ.വരുന്ന ടൂറിസ്റ്റുകള്‍ എക്കോ ഡവല്മെന്റ് സൊസൈറ്റി ഏര്‍പ്പെടുത്തുന്ന മിനി ബസുകളില്‍ രാജമലയും മാടുപ്പെട്ടുയും കുണ്ടളയും കാണട്ടെ.എക്കോ ഡവല്മെന്റ് സൊസൈറ്റി കുറച്ച് മിനി ബസുകള്‍ നിരത്തിലിറക്കി തലങ്ങും വിലങ്ങും ഓടിക്കുയും നിശ്ചിത രൂപക്ക് ടിക്കറ്റ് എടുക്കുന്ന ആര്‍ക്കും എത് ബസിലും എവിടെ നിന്നും കയറാനും ഇറങ്ങാനും സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹോം സ്റ്റേകള്‍ എന്നിവക്ക് ക്ലാസിഫിക്കേഷന്‍ ഏര്‍പ്പെടുത്തി തുക നിശ്ചയിക്കണം.ഇപ്പോഴത്തെ ബ്ലേഡ് നിരക്ക് അവസാനിപ്പിക്കണം.
അതോടൊപ്പം കെട്ടിട നിര്‍മ്മാണ ചട്ടം ശക്തമാക്കണം.രണ്ട് ചാക്കും നാല് കമ്പുമായി സ്ഥാപിക്കപ്പെടുന്ന പെട്ടിക്കടകള്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തിന് അപമാനമാണ്.അത് കപ്പം വാങ്ങി സ്ഥാപിച്ചിട്ടുള്ളതാണെങ്കില്‍ പോലും നീക്കം ചെയ്യണം.പകരം ടൂറിസം വകുപ്പ് പെട്ടി കടകള്‍ നിര്‍മ്മിച്ച് വാടകക്ക് നല്‍കട്ടെ.മൂന്നാറിന് പ്രത്യേകമായ ടൂറിസം മാസ്റ്റ് പ്ലാന്‍ വേണമെന്ന് ഇടുക്കി ഡി.ടി.പി.സിയില്‍ അംഗമായിരിക്ക്െ ഞാന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.ഇതിനായിഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. മൂന്നാര്‍ ടൂറിസം വികസന അതോറിറ്റി എന്ന ആശലവും അന്ന് മുന്നോട്ട് വെച്ചിരുന്നു.എന്നാല്‍, മൂന്നാറില്‍ നിന്ന് താമസം മാറ്റിയതോടെ പല കാര്യങ്ങളിലും ഫോളോഅപ് ഇല്ലാതെ പോയി. എങ്കിലും മൂന്നാറിന്റെ അവസ്ഥ കാണുമ്പോള്‍ വല്ലാത്ത ദു:ഖം തോന്നുന്നു.
കയ്യേറ്റവും ടൂറിസ്റ്റുകളെ ചൂഷണം ചെയ്യാനുള്ള ചിലരുടെ അമിത ആവേശവുമാണ് മൂന്നാറിനെ നശിപ്പിച്ചത്.ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും കയ്യേതെ കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിച്ചതാണ് ഇവിടുടെത്തെ മണ്ണ്. കമ്പനിയുടെ വാടക വീടുകളില്‍ കഴിയുമ്പോഴും അവര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചില്ല. മൂന്നാറിന്റെ മണ്ണ് സംരക്ഷിക്കുന്നതില്‍ ചുമട്ട് തൊഴിലാളികള്‍ തുടങ്ങി കുത്തക വ്യാപാരികള്‍ വരെ ഒറ്റകെട്ടായി നിന്നു. എന്നാല്‍,മൂന്നാറില്‍ ജനിക്കാത്ത ചില രാഷ്ട്രിയക്കാരും വ്യാപാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ നാടിനെ ഇല്ലാതാക്കി.അവശേഷിക്കുന്ന പുല്‍മേടുകള്‍ എങ്കിലും സംരക്ഷിക്കണം.ഒപ്പം മൂന്നാറിനെയും. അതിന് ആസുത്രണം കൂടിയെ തീരൂ.................................

22 October 2011

Mullaperiyar and Koodamkulam



മുല്ലപ്പെരിയാറില്‍ നിന്ന് കൂടംകുളത്ത് എത്തുമ്പോള്‍
 മുല്ലപ്പെരിയാറില്‍ നിന്ന് കൂടംകുളത്ത് എത്തുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന് വല്ലാത്ത മനംമാറ്റം. കൂടംകുളത്ത് ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍.ആണവ നിലയം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാതെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നും ജനങ്ങളുടെ ആശങ്കയകറ്റാതെപദ്ധതി വേണ്ടെന്നുമാണ് അവര്‍ പറയുന്നത്.എന്നാല്‍,മുല്ലപ്പെരിയാറിന്റെ താഴ്വരയിലെ ജനങ്ങളുടെ ആശങ്ക തമിഴ്നാടും മുഖ്യമന്ത്രി ജയലളിതയും കാണാതെ പോകുന്നു.
അടുത്ത കാലത്തുണ്ടായ സുനാമിയില്‍ ജപ്പാനിലെ ആവണ നിലയം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൂടംകുളം നിലയം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നത്.തിരുനെല്‍വേലി ജില്ലയില്‍െ കടലിലാണ് കൂടംകുളം നിലയം.സമീപ ജില്ലകളില്‍ നിന്നടക്കമുള്ളവര്‍ കൂടംകുളം നിലയം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.ഇതിന് സമാനമാണ് മുല്ലപ്പെരിയാറിലെ പ്രശ്നങ്ങളെങ്കിലും തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.1887^95 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി,കോട്ടയം,എറണാകുളം,പത്തനംതിട്ട ജില്ലകള്‍ തുടച്ച് നീക്കപ്പെടുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിദഗ്ദ സമിതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ലക്ഷകണക്കിന് ജീവനുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പുതുക്കി പണിയണമെന്ന ആവശ്യം നിരാകരിച്ചാണ്,ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്നാട് ഉന്നയിക്കുന്നത്.
ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ച് നിര്‍മ്മിച്ച അണകെട്ട് സുരക്ഷിതമല്ലെന്ന് കേരളം നിയോഗിച്ച വിദഗ്ദ സമിതികള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.ഭൂചലന മേഖലയിലാണ് മുല്ലപ്പെരിയാര്‍ എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍,വെള്ളം  ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയും ചെറുതോണി,ഇടുക്കി,കുളമാവ് അണക്കെട്ടുകള്‍ അപകടത്തിലാകുമെന്നും നേരത്തെ മുതല്‍ കേരളം ചുണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍, കേരളത്തിന്റെ വാദങ്ങളും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളും കാണാതെയാണ് തമിഴ്നാട് സംഭരണശേഷി ഉയര്‍ത്തുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുത്.എന്നാല്‍,കൂടംകുളത്ത് എത്തുമ്പോള്‍ ജനങ്ങള്‍ക്കൊപ്പമാണ് തമിഴ്നാട് സര്‍ക്കാര്‍ എന്നത് അനുകൂലമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

13 October 2011

Power crisis




ഊര്‍ജ രംഗത്തെ പാളിപ്പോയ
പരീക്ഷണം


വൈദ്യുതി ഉല്‍പാദനവും ഉപയോഗവും തമ്മില്‍ വര്‍ധിച്ച് വരുന്ന അന്തരം, പരിസ്ഥിതി പ്രശ്നങ്ങളെ തുടര്‍ന്ന് വന്‍കിട ജലവൈദ്യുത നിലയങ്ങള്‍ ആരംഭിക്കാനുള്ള ബുദ്ധിമുട്ട്... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങവെയാണ് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉല്‍പാദന മേഖലയും സ്വകാര്യ മേഖലക്കായി തുറന്നിട്ടത്. പാരമ്പര്യ, പാരമ്പര്യേതര ഊര്‍ജ മേഖലകളില്‍ സ്വകാര്യ സംരംഭകര്‍ ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുവെങ്കിലും പദ്ധതികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. പ്രവര്‍ത്തിച്ച് തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ അനുവദിക്കുകയും ചെയ്തു.

സ്വകാര്യ വൈദ്യുതി നിലയത്തിനായി
കെ.എസ്.ഇ.ബിയുടെ കോടികള്‍

സ്വകാര്യ മേഖലയില്‍ ജലവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന വൈദ്യുത ബോര്‍ഡിന് ചെലവഴിക്കേണ്ടിവന്നത് കോടികള്‍. വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി നിലയങ്ങളിലേക്ക് സംഭരിച്ച വെള്ളം സൌജന്യമായി നല്‍കുന്നതിന് പുറമെയാണ്, സ്വകാര്യ വൈദ്യുതി നിലയം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനും കെ.എസ്.ഇ ബോര്‍ഡിന് തുക ചെലവഴിക്കേണ്ടിവന്നത്.
1989 ഡിസംബര്‍ 22ലെ ജി.ഒ (എം.എസ്) 35/98/പി.ഡി പ്രകാരമാണ്  സംസ്ഥാനത്ത് ജലവൈദ്യുത നിലയങ്ങള്‍ ആരംഭിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ക്യാപ്ടിവ് പവര്‍ പ്രൊഡ്യൂസേഴ്സ് (സി.പി.പി) എന്ന നിലയില്‍ സംസ്ഥാനത്ത് നിലവിലുള്ള വ്യവസായങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്.ജലവൈദ്യുത മേഖലയെ കേരളം വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കാരണവും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ നദികളിലൂടെ 2484 ടി.എം.സി വെള്ളം ഒഴുകുന്നതില്‍ 1510 ടി.എം.സി വെള്ളം വൈദ്യുത പദ്ധതികള്‍ക്കായി ഉപയോഗിക്കാം. ഇതിലൂടെ 4300 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെങ്കിലും കെ.എസ്.ഇ.ബിയുടെ 22 പദ്ധതികളിലൂടെ ഉല്‍പാദിപ്പിക്കുന്നത് 1807.6 മെഗാവാട്ട് വൈദ്യുതി അഥായത് 6652.09 ദശലക്ഷം യൂനിറ്റ്.
75 ചെറുകിട ജലവൈദ്യുത നിലയങ്ങളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യ സംരഭകര്‍ക്കായി നീക്കിവെച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം പദ്ധതി ഏറ്റെടുത്തുവെങ്കിലും പൂര്‍ത്തിയായത് രണ്ടെണ്ണം മാത്രം^ മണിയാറും കുത്തുങ്കലും. 33 മെഗാവാട്ടാണ് രണ്ട് പദ്ധതികളുടെയും കൂടിയുള്ള സ്ഥാപിത ശേഷി. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികളില്‍നിന്നുള്ള വെള്ളം സുലഭമായി ലഭിക്കുന്നുവെന്നതാണ് ഈ പദ്ധതികളുടെ നേട്ടം. ഇവയില്‍ കുത്തുങ്കല്‍ പദ്ധതിക്കാണ് വൈദ്യുതി ബോര്‍ഡ് വഴിവിട്ട് സഹായം നല്‍കിയിട്ടുള്ളത്.
1990 ഡിസംബര്‍ ഏഴിലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച്, ഏറ്റവും അടുത്ത സബ്സ്റ്റേഷനില്‍ (ഗ്രിഡില്‍) വൈദ്യുതി എത്തിക്കാനുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ സ്വകാര്യ സംരംഭകരുടെ ചെലവില്‍ കെ.എസ്.ഇ ബോര്‍ഡ് നിര്‍മിക്കണം. കൂത്തുങ്കല്‍ പദ്ധതി ഏറ്റെടുത്ത ഇന്‍ഡ്സില്‍ ഇലക്ട്രോ മെല്‍ട്ട്സ് എന്ന സ്ഥാപനം ആകെ വലിച്ചത് നാല് കിലോമീറ്റര്‍ ലൈന്‍ മാത്രം. ബാക്കി 12.477 കിലോമീറ്റര്‍ ലൈന്‍ വലിച്ചത് കെ.എസ്.ഇ ബോര്‍ഡിന്റെ ചെലവില്‍. ഇതിന് ബോര്‍ഡിന് ചെലവായത് 8.7871 കോടി രൂപയാണ്. സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ സഹായം ഇതുകൊണ്ടും അവസാനിക്കുന്നില്ല. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന് റോയല്‍റ്റി നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കുത്തുങ്കലില്‍നിന്നും റോയല്‍റ്റി വാങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മണിയാര്‍ നിലയവും റോയല്‍റ്റി നല്‍കുന്നുമില്ല.
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തിലാണ് കുത്തുങ്കല്‍. ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബൂട്ട്) വ്യവസ്ഥപ്രകാരം മുപ്പത് വര്‍ഷത്തേക്കാണ് കുത്തുങ്കല്‍ പദ്ധതി ഇന്‍ഡ്സില്‍ കമ്പനിക്ക് നല്‍കിയത്. 21 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നിലയത്തിലെ ആദ്യ ജനറേറ്ററിന്റെ ട്രയല്‍റണ്‍ 2000 മെയ് 14നായിരുന്നു. 2001 ജൂണില്‍ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിച്ച് തുടങ്ങി. 24.91 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ് പ്രതീക്ഷിച്ചതെങ്കിലും 47.77 കോടി രൂപ ചെലവഴിച്ചതായി അറിയുന്നു.  കെ.എസ്.ഇ.ബി സ്വീകരിക്കുന്ന  വൈദ്യുതി കമ്പനിയുടെ പാലക്കാട് യൂനിറ്റിലാണ് നല്‍കുന്നത്.
കെ.എസ്.ഇ ബോര്‍ഡിന്റെ പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ആനയിറങ്കല്‍, പൊന്‍മുടി ഡാമുകള്‍ക്കിടയിലാണ് കുത്തുങ്കല്‍. കെ.എസ്.ഇ.ബിയുടെ രേഖകള്‍ പ്രകാരം കുത്തുങ്കല്‍ നിലയം ഉപയോഗിക്കുന്ന വെള്ളത്തിന്റെ 36 ശതമാനവും ആനയിറങ്കലില്‍ നിന്നുള്ളതാണ്. ഈ വെള്ളം സ്ഥിരമായി ലഭിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബിയും ഇന്‍ഡ്സിമായി ഒപ്പുവെച്ച കരാറനുസരിച്ച് വെള്ളത്തിന് സെസ്/റോയല്‍റ്റി നല്‍കണം. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക കമ്പനി നല്‍കണം. സംസ്ഥാനത്ത് കേന്ദ്രം ജലവൈദ്യുതി നിലയം സ്ഥാപിച്ചാല്‍ 12 ശതമാനം വൈദ്യുതി സംസ്ഥാനത്തിന് സൌജന്യമായി ലഭിക്കുമെന്ന വ്യവസ്ഥയും നിലനില്‍ക്കുന്നു.ആദ്യ സ്വകാര്യ നിലയമായ മണിയാറില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ റോയല്‍റ്റി അവര്‍ നല്‍കിയിരുന്നു. ഇ.എച്ച്.ടി ഉപഭോക്താക്കള്‍ക്കുള്ള നിരക്കനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില നിശ്ചയിച്ച് അതിന്റെ പത്ത് ശതമാനമാണ് നല്‍കി വന്നിരുന്നത്. മൂന്നാറിലെ ടാറ്റാ ടീ കമ്പനിയുടെ വാഗുവര മിനി ഹൈഡല്‍ പദ്ധതിയും റോയല്‍റ്റി നല്‍കുന്നുണ്ട്.
ചൈനയെ മാതൃകയാക്കിയാണ് കേരളത്തിലും ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ക്കായി പദ്ധതി തയാറാക്കിയത്. ഒഴുകിപ്പോവുന്ന വെള്ളം പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വൈദ്യുതി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായശാലകള്‍ കേരളത്തിലേക്ക് കുടിയേറിയപ്പോള്‍ ജലവൈദ്യുതി നിലയങ്ങളില്‍ അവര്‍ക്കും താല്‍പര്യം തോന്നി. ഇതിന് പുറമെ, ചെറുകിട ജലവൈദ്യുത പദ്ധതികളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എത്തി. പാരമ്പര്യേതര ഊര്‍ജരംഗവും സ്വകാര്യ മേഖലക്ക് നല്‍കി. വൈദ്യുതി പ്രവഹിച്ചില്ലെങ്കിലും ഒട്ടേറെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടത് മാത്രമാണ് നേട്ടം.
സ്വകാര്യമേഖലയുമായി ധാരണാപത്രം ഒപ്പിട്ട ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇവയാണ്. മണിയാര്‍ ^12 മെഗാവാട്ട്, കുത്തുങ്കല്‍ ^21 മെഗാവാട്ട്, ഉള്ളുങ്കല്‍ ^7 മെഗാവാട്ട്, കരിക്കയം ^15, ഭൂതത്താന്‍കെട്ട് ^6, ബാരാപോളി ^21, വാഞ്ചിയം ^3, ചാത്തന്‍കോട്ട് നട സ്റ്റേജ് ഒന്ന് ^21.25, ആനക്കയം^8, പശ്ചിമ കല്ലാര്‍ ^5, മീന്‍വല്ലം ^3, അരിപ്പാറ ^2.5, കലങ്കി ^0.8, പാല്‍ച്ചുരം ^3.5, ഇരുട്ട്കാനം ^3, അലമ്പാറത്തോട് ^3, മുക്കുട്ടത്തോട് ^3, അപ്പര്‍ വട്ടപ്പാറ ^3.5, അപ്പര്‍ പൊരിങ്ങല്‍ ^7, ലോവര്‍ വട്ടപ്പാറ ^7, കൊക്കമുള്ള് ^2, അടക്കാത്തോട് ^2.5, തുവല്ലൂര്‍ ^4, അറ്റല്‍ ^6, കുറിശടി^0.75.
പത്തനംതിട്ട ജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മണിയാര്‍ ജലവൈദ്യുത പദ്ധതിയാണ് ആദ്യ സ്വകാര്യ പദ്ധതി. 12 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നിലയം പ്രവര്‍ത്തിക്കുന്നത് കക്കാട് വൈദ്യുതി നിലയത്തില്‍നിന്നും കക്കാട് പുഴയിലേക്ക് ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ്. പമ്പ ജലസേചന പദ്ധതിക്കായി കക്കാട് പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിര്‍മിച്ച മണിയാര്‍ ബാരേജ് പ്രയോജനപ്പെടുത്താനായതും പദ്ധതി ലാഭകരമാക്കി. 30 വര്‍ഷത്തേക്കാണ് കരാര്‍. 21 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക്. കരാറനുസരിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇ.എച്ച്.ടി നിരക്ക് കണക്കാക്കി 10 ശതമാനം റോയല്‍റ്റിയായി സര്‍ക്കാറിന് നല്‍കിയിരുന്നു. കുത്തുങ്കല്‍ നിലയം റോയല്‍റ്റി നല്‍കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 2003 ഏപ്രില്‍ മുതല്‍ ഇവരും റോയല്‍റ്റി നല്‍കുന്നില്ല.
ഇതേസമയം, ധാരണാപത്രം ഒപ്പിട്ട മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പലതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കക്കാട് പുഴയിലെ ഉള്ളുങ്കല്‍ പദ്ധതി 99 മാര്‍ച്ച് 31ന് കമീഷന്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, 2001 ആഗസ്റ്റ് മൂന്നിന് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഏഴ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി കോട്ടയം ടെസില്‍ കെമിക്കല്‍സ് ആന്റ് ഇലക്ട്രോ പവര്‍ ലിമിറ്റഡിനാണ് അനുവദിച്ചിരുന്നത്. 94 ഡിസംബര്‍ 30നാണ് കെ.എസ്.ഇ ബോര്‍ഡുമായി ഒപ്പിട്ടത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതും പിന്നീട് പ്രൊജക്ട് ബോര്‍ഡ് ഏറ്റെടുത്തതും. പണി നിര്‍ത്തിവെക്കുമ്പോള്‍ 90 ശതമാനം സിവില്‍ ജോലികളും 75 ശതമാനം ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു.
ഇതേ കമ്പനിക്ക് തന്നെയാണ് കരിക്കയം പദ്ധതിയും അനുവദിച്ചത്. ഉള്ളുങ്കല്‍ പദ്ധതിയുടെ കീഴ്തടത്തിലെ പദ്ധതിയാണ് കരിക്കയം. 15 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഈ പദ്ധതിയും 99 മാര്‍ച്ച് 31ന് കമീഷന്‍ ചെയ്യുമെന്നായിരുന്നു കരാര്‍. പക്ഷേ, 2000 ജനുവരി ഏഴിന് പദ്ധതിയുടെ നിര്‍മാണം തന്നെ നിര്‍ത്തിവെച്ചു. 27.36 ഹെക്ടര്‍ സ്വകാര്യഭൂമി പദ്ധതിക്ക് വേണ്ടിയിരുന്നുവെങ്കിലും ഏറ്റെടുത്തത് 8.88 ഹെക്ടര്‍ മാത്രം. 2002 ഫെബ്രുവരി 21ന് കെ.എസ്.ഇ ബോര്‍ഡ് പ്രൊജക്ട് ഏറ്റെടുക്കുകയും ചെയ്തു.
ജലസേചന വകുപ്പ് ഭൂമി കൈമാറിയില്ലെന്ന കാരണത്താലാണ് ഭൂതത്താന്‍ കെട്ട് പദ്ധതി മുടങ്ങിയത്. ജലസേചന വകുപ്പിന്റെ ഭൂതത്താന്‍ കെട്ടി ബാരേജ് പ്രയോജനപ്പെടുത്തി 61.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. കോയമ്പത്തൂരിലെ സില്‍ക്കള്‍ മെറ്റലര്‍ജിക്ക് ലിമിറ്റഡിനാണ് പദ്ധതി അനുവദിച്ചത്. 24.91 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് നിരക്ക്. 94 ഡിസംബര്‍ 30ന് കെ.എസ്.ഇ.ബിയുമായി കരാറൊപ്പിടുമ്പോള്‍ 99 മാര്‍ച്ച് 31ന് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 2.18 ഹെക്ടര്‍ ഭൂമി കൈമാറാന്‍ പിന്നീട് ധാരണയായെങ്കിലും വ്യവസ്ഥകളോട് കമ്പനി യോജിച്ചില്ലത്രെ.
തലശേരി താലൂക്കിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ബാരാപോളേ പദ്ധതി ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സിനാണ് (ടി.സി.സി) അനുവദിച്ചത്. 21 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും 78 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിച്ചത്. ടി.സി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിക്ക് തടസമായത്. ഐഡിയല്‍ പ്രൊജക്ട്സ് ആന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് നാല് പദ്ധതികളാണ് അനുവദിച്ചത്. വാണിയം ^3 മെഗാവാട്ട്, ചാത്തന്‍കോട്ടുനട സ്റ്റേജ് ഒന്ന് ^20.5 മെഗാവാട്ട്, ആനക്കയം ^8 മെഗാവാട്ട്, പശ്ചിമ കല്ലാര്‍ ^5 മെഗാവാട്ട് എന്നിവ.
രണ്ടാംഘട്ടത്തിലാണ് ജില്ലാ പഞ്ചായത്തുകളടക്കം വൈദ്യുതി ഉല്‍പാദനത്തിന് താല്‍പര്യം കാട്ടിയത്. ആദ്യഘട്ടത്തില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതികള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് വ്യവസ്ഥ. ഭേദഗതി വരുത്തി 2003ല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചത്. 30 പദ്ധതികളാണ് നീക്കിവെച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളാണ് പദ്ധതി ഏറ്റെടുത്തത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത മൂന്ന് മെഗാവാട്ടിന്റെ മീന്‍വല്ലം പദ്ധതിക്കായി പ്രത്യേക സൊസൈറ്റിയും രൂപവത്കരിച്ചു.  മൂന്ന് മെഗാവാട്ടിന്റെ അരിപ്പാറ പദ്ധതിക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 99 മാര്‍ച്ച് 18ന് കരാര്‍ ഒപ്പിട്ടുവെങ്കിലും പണി തുടങ്ങിയിട്ടില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടര മെഗാവാട്ടിന്റെ അടിയമ്പാറ പദ്ധതിക്കായി 99 മാര്‍ച്ചില്‍ ഒപ്പിട്ടുവെങ്കിലും പിന്നീട് പിന്‍മാറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെതായിരുന്നു 0.8 മെഗാവാട്ടിന്റെ കലങ്കി പദ്ധതി. 98 ജൂലൈയിലാണ് ഒപ്പിട്ടത്. എന്നാല്‍, പിന്നീട് പിന്‍മാറി.
പാല്‍ച്ചുരം ^3.5 മെഗാവാട്ട്, ഇരുട്ടുകാനം^3 മെഗാവാട്ട്, അലമ്പരക്കോട് ^3 മെഗാവാട്ട്, മുക്കുട്ടതേട് ^മൂന്നു മെഗാവാട്ട്, അപ്പര്‍ വട്ടപ്പാറ ^3 മെഗാവാട്ട്, കുരുംപെട്ടി ^3.5 മെഗാവാട്ട്, അപ്പര്‍ പൊരിങ്ങല്‍ ^7 മെഗാവാട്ട്, ലോവര്‍ വട്ടപ്പാറ ^7 മെഗാവാട്ട്, കൊക്കമുള്ള് ^2 മെഗാവാട്ട്, അടക്കത്തോട് ^2.5 മെഗാവാട്ട്, തുവല്ലൂര്‍ ^4 മെഗാവാട്ട്, അറ്റ്ല്‍ ^6 മെഗാവാട്ട്, കുറിശടി ^0.75 മെഗാവാട്ട് എന്നിവ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതികളാണ്.

ചെറുകിട ജലവൈദ്യുത രംഗത്തെ
മാങ്കുളം മാതൃക


2004 ഒക്ടോബര്‍ 28 ^കുടിയേറ്റ ഗ്രാമമായ മാങ്കുളത്തിന് ^ന്ന് ഉല്‍സവമായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാങ്കുളം ഗ്രാമത്തില്‍ വൈദ്യുതി ദീപം തെളിഞ്ഞത് അന്നായിരുന്നു. വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 110 കിലോവാട്ട് ജലവൈദ്യുത നിലയം സ്ഥാപിച്ചതിന്റെ ഉദ്ഘാടനമായിരുന്നു അന്ന്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭ വ്യവസായ വികസന ഓര്‍ഗനൈസേഷന്റെ (യുനിഡോ) സഹായവും ലഭിച്ചു.
വൈദ്യുതി, റോഡ്, ഫോണ്‍ തുടങ്ങി എല്ലാ രംഗത്തും മാങ്കുളം ഗ്രാമം ഏറെ പിന്നിലായിരുന്നു.നിരവധി വെള്ളച്ചാട്ടങ്ങളുള്ള ഈ ഗ്രാമത്തില്‍ ചെറുകിട ജലവൈദ്യുത നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും അത് ഏട്ടിലെ പശുവായി തുടര്‍ന്നു. ഒടുവില്‍ ഗ്രാമപഞ്ചായത്താണ് സ്വന്തം വൈദ്യുതി നിലയം എന്ന പദ്ധതിയുമായി രംഗത്ത് വന്നത്. മാങ്കുളം മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരിക്കെയാണ് 50 കിലോവാട്ട് ജലവൈദ്യുത നിലയത്തിന് തറക്കല്ലിട്ടത്. സില്‍ക്കിന്റെ സഹായത്തോടെയുള്ള പദ്ധതിക്ക് അന്നത്തെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ. കുര്യന്‍ തറക്കല്ലിട്ടുവെങ്കിലും മുന്നോട്ടുപോവാനായില്ല. മാങ്കുളം ആസ്ഥാനമായി പുതിയ ഗ്രാമപഞ്ചായത്ത് വന്നതോടെ, ജലവൈദ്യുത പദ്ധതിക്കായുള്ള 'അന്വേഷണം' ഊര്‍ജിതമായി. ഇതിന് യുനിഡോയുടെ സഹായവും ലഭിച്ചു. പാമ്പുക്കയം നക്ഷത്ര കുത്തിനടുത്താണ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. 55 കിലോവാട്ടിന്റെ വീതം രണ്ട് ടര്‍ബൈനുകള്‍ ചൈനയില്‍നിന്നും ഇറക്കുമതി ചെയ്തു. ഇതിലൊന്ന് യുനിഡോ സൌജന്യമായി നല്‍കുകയുമായിരുന്നു. പദ്ധതിക്കായി 25 ലക്ഷം രൂപ ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്തു. 11 കെ.വി ലൈന്‍, സബ്സ്റ്റേഷന്‍ എന്നിവയും സ്ഥാപിച്ചു. 250ലേറെ വീടുകള്‍ക്കും അമ്പതോളം സ്ഥാപനങ്ങള്‍ക്കും മാങ്കുളം വൈദ്യുതി നല്‍കിയായിരുന്നു തുടക്കം.

കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നിന്നാണ് ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികളുടെ തുടക്കം. 1996ല്‍ ആലക്കോട് ആശാന്‍കവലയില്‍ ആയിരം വാട്ടിന്റെ പദ്ധതി സ്ഥാപിച്ചതാണ് ഇതിലാദ്യത്തേത്. പിന്നിട്  ഒരു കുടുംബത്തിന് വേണ്ടി മാത്രമായി  ഈ പദ്ധതി . 1997ലാണ് പാത്തന്‍പാറയിലെ 4500 വാട്ടിന്റെ പദ്ധതി ആരംഭിച്ചത്. 80 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് വേണ്ടിയായിരുന്നു. എരുവാട്ടിയില്‍ 2000ത്തിലും മാലൂരില്‍ 2002ലും പദ്ധതി തുടങ്ങി. ആറംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ ഊര്‍ജ വിദ്യാലയമാണ് ഈ പദ്ധതികള്‍ക്ക് പിന്നില്‍. ആലക്കോടിനെ മാതൃകയാക്കി ചെറുകിട ജലവൈദ്യുത പദ്ധതികളുമായി ത്രിതല പഞ്ചായത്തുകള്‍ വന്നുവെങ്കിലും അതൊക്കെ അധികം വൈകാതെ അടച്ചുപൂട്ടി. കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് നാലായിരം വാട്ടിന്റെ വീതം മൂന്ന് പദ്ധതികള്‍ സ്ഥാപിച്ചത് 1998ലാണ്. ദിവസങ്ങള്‍ കഴിഞ്ഞതോടെ വൈദ്യുതി ഉല്‍പാദനവും നിലച്ചു.  അടിമാലിക്കടുത്ത് കല്ലാറില്‍ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങിയിരുന്നു. സൊസൈറ്റി രൂപവത്കരിക്കുകയും പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു.

കാറ്റിലാടുന്ന കാറ്റാടി പദ്ധതികളും
താപനിലയങ്ങളും

കാറ്റിന്റെ വേഗതയില്‍ ഒന്നാം സ്ഥാനത്താണ് ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട്. പ്രകൃതിയെ ചൂഷണം ചെയ്ത് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ രാജ്യത്തിനകത്തും പുറത്തുനിന്നുള്ള സംരംഭകര്‍ താല്‍പര്യം കാട്ടിയതും രാമക്കല്‍മേടിനോട്. സംരംഭകര്‍ ഒഴുകിയെത്തുമ്പോള്‍ കേരളത്തിന്റെ പാരമ്പര്യേതര ഊര്‍ജ തറവാടായി രാമക്കല്‍മേടിനെ മാറ്റുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ, ചില കമ്പനികള്‍ കരാറുകള്‍ ഒപ്പിട്ടതൊഴിച്ചാല്‍ കാറ്റാടി പദ്ധതികളൊന്നും സ്ഥാപിക്കപ്പെട്ടില്ല.
എന്‍റോണിന്റെ പങ്കാളിത്തത്തെ തുടര്‍ന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കണ്ണൂര്‍ പവര്‍ പ്രോജക്ട്സ് 1996 ഫെബ്രുവരി 19നാണ് 513 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടത്. അഴീക്കലിലാണ് പദ്ധതിക്കാവശ്യമായ ഭൂമി കിന്‍ഫ്ര കണ്ടെത്തിയത്. പ്രോജക്ടിന്റെ വിദേശ പങ്കാളിത്തമാണ് പദ്ധതിക്ക് തടസമായതെന്ന് പറയുന്നു. 11 ശതമാനം ഇന്ത്യന്‍ ഓഹരിയും ബാക്കി വിദേശ പങ്കാളിത്തവും എന്ന നിലയിലായിരുന്ന പദ്ധതി നിര്‍ദേശിക്കപ്പെട്ടത്. വിദേശ പങ്കാളിത്തത്തിന്റെ മറവില്‍ എന്‍റോണ്‍ വരുമെന്ന ഘട്ടത്തിലാണ് അന്നത്തെ സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്തത്. പിന്നീട്, സിങ്കപ്പൂര്‍ ആസ്ഥാനമായ എല്‍പാസോ എന്ന കമ്പനിയെ നിര്‍ദേശിച്ചുവെങ്കിലും എന്‍റോണ്‍ ബന്ധമുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീട്, വിദേശ പങ്കാളി ആരായാലും കുഴപ്പമില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയെങ്കിലും പദ്ധതി മുന്നോട്ട് പോയിട്ടില്ല. നാഫ്തയും എല്‍.എന്‍.ജിയും ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയായിരുന്നു പദ്ധതിയെങ്കിലും എല്‍.എന്‍.ജി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
വൈപ്പിന്‍ സിയസിന്‍ എനര്‍ജി ലിമിറ്റഡ് 679 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്ക് 93 ഡിസംബര്‍ 18നാണ് ധാരണാപത്രം ഒപ്പിട്ടത്. പുതുവൈപ്പില്‍ 200 ഏക്കര്‍ ഭൂമി അനുവദിക്കുകയും പദ്ധതിക്കാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ (പി.പി.എ) കാലാവധി 2001 മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും വൈപ്പിനില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങിയിട്ടില്ല.
അമേരിക്കന്‍ കമ്പനിയായ പാലക്കാട് പവര്‍ ജനറേറ്റിംഗ് കമ്പനിയുടെ 330 മെഗാവാട്ടിന്റെ പദ്ധതി, വിഴിഞ്ഞം കുമാര്‍ എനര്‍ജി കോര്‍പറേഷന്റെ 348 മെഗാവാട്ടിന്റെ പദ്ധതി, മഞ്ചേശ്വരം ബി.പി.എല്‍ പവര്‍ പ്രൊജക്ട്സിന്റെ (കേരളം) 500 മെഗാവാട്ടിന്റെ പദ്ധതി, കാസര്‍കോഡ് എനര്‍ജി കോര്‍പറേഷന്റെ 459 മെഗാവാട്ടിന്റെ ാവക്കാട് പ്ലാന്റ് എന്നിവയൊക്കെ ഫയലില്‍ വിശ്രമിക്കുന്നു. പാലക്കാട് വൈസിന്റെ 106 മെഗാവാട്ട് പദ്ധതിയുടെ പി.പി.എയുടെ കാലാവധിയും 2001 മാര്‍ച്ച് 31ന് അവസാനിച്ചു.
കാസര്‍കോട് ഡി.സി പവര്‍ ലിമിറ്റഡിന്റെ 107 മെഗാവാട്ട് പദ്ധതിക്ക് ഭൂമി അനുവദിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. പിന്നീടാണ്, പദ്ധതി കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ അനുമതി തേടിയത്. തിരുവനന്തപുരത്തോ തൃശൂര്‍ മടക്കത്തറയിലോ വൈദ്യുതി നല്‍കാമെന്നും കമ്പനി അറിയിച്ചു. 468 മെഗാവാട്ടിന്റെതാണ് കാസര്‍കോട് പവര്‍ കോര്‍പറേഷന്റെ തൃക്കരിപ്പൂര്‍ പദ്ധതി.
കൊച്ചി ബി.എസ്.ഇ.എസ്, കാസര്‍കോട് പവര്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും കെ.എസ്.ഇ ബോര്‍ഡിനെ  സംബന്ധിച്ച് ലാഭകരമല്ല.
157 മെഗാവാട്ടാണ് ബി.എസ്.ഇ.എസിന്റെ സ്ഥാപിതശേഷി. ഉയര്‍ന്ന ഉല്‍പാദന ചെലവ് വൈദ്യുതി ബോര്‍ഡ് താങ്ങേണ്ടിവരുന്നു. 124.26 കോടി രൂപ ഫിക്സഡ് ചാര്‍ജായി വൈദ്യുതി ബോര്‍ഡ് നല്‍കേണ്ടി വരുന്നുണ്ട്.കാസര്‍കോട് പവര്‍കോര്‍പറേഷന് 18.24 കോടി രൂപയാണ് ഫിക്സഡ് ചാര്‍ജ്. ഫലത്തില്‍, പ്രവര്‍ത്തിച്ച് തുടങ്ങിയ താപനിലയങ്ങള്‍ വൈദ്യുതി ബോര്‍ഡിന് ലാഭകരമല്ല. ജലവൈദ്യുത പദ്ധതികള്‍ തന്നെയാണ് ലാഭകരമെന്ന സൂചനയാണ ഇവ നല്‍കുന്നത്.
സ്വകാര്യ മേഖലക്ക് അനുവദിച്ച പദ്ധതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ തന്നെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെടും.