ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് മാർച്ച് മൂന്നിന് വിസിൽ മുഴങ്ങും. മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കാലം എത്ര കഴിഞ്ഞാലും ഫിൻലേ ഷീൽഡ് എന്നത് മാത്രമല്ല, പഴയമൂന്നാറിലെ ആ ഗ്രൗണ്ട് പോലും ചെറുപ്പത്തിലേക്കുള്ള മടക്കയാത്രയാണ്.
മൂന്നാർ തിരക്കിലേക്ക് പോകുന്നതിന് മുമ്പുള്ള കാലയളവിൽ വ്യാപാരികൾ അടക്കമുള്ളവരുടെ ദിനചര്യയിൽപ്പെടുന്നായിരുന്നു കളി കാണുകയെന്നത്. ഉച്ച കഴിഞ്ഞ് ജോലിയൊക്കെ തീർത്ത് എല്ലാവരും ഗ്രൗണ്ടിലേക്ക് വെച്ച് പിടിക്കും. കളി വിലയിരുത്തിയുള്ള ചർച്ചയുമായി മടക്കവും. കളി കാണുന്നതിന് ഒാരോ സംഘത്തിനും നിശ്ചിത സ്ഥലം പോലുമുണ്ടായിരുന്നല്ലോ? ടിവി വ്യാപകമായി ലോകകപ്പും യൂറോപ്യൻ കപ്പുമൊക്കെ കണ്ട് തുടങ്ങിയിട്ടും ഫിൻലേ ഷീൽഡിേനാടുള്ള പ്രേമം തുടർന്നു. ടൂറിസത്തിൻറ തിരക്കിലേക്ക് പോയതോടെ മൂന്നാറുകാർക്ക് മുന്നിൽ ഗസ്റ്റ് അല്ലാതെ ആരുമില്ലല്ലോ. അതോടെ കളിയും വീട്ടുകാരുമൊക്കെ പുറത്തായി.
മൂന്നാറിലെ എസ്റ്റേറ്റ് ടീമുകൾ വാശിയോടെ ജേഴ്സിയണിഞ്ഞ് എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ട്രാക്ടറിൽ ടീം എത്തുേമ്പാൾ, ഗ്രൗണ്ടിന് പുറത്ത് ആവേശം പകരാൻ സ്ത്രീകൾ അടക്കമുള്ളവർ നേരത്തെ എത്തിയിരുന്നു. തോൽവിയും ജയവും ആയിരുന്നില്ല, മറിച്ച് സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു കാര്യം. തൊഴിലാളിയും ഫീൽഡ് ഒാഫീസറും ചില എസ്റ്റേറ്റുകളിൽ മാനേജറന്മാരും ഒന്നിച്ച് ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങിയിരുന്നു. കാലം പുരോഗമിച്ചപ്പോൾ ബൂട്ടണിഞ്ഞായി മൽസരം. ഇന്നിപ്പോൾ എസ്റ്റേറ്റുകളുടെ എണ്ണം കുറഞ്ഞു. ടീമുകൾ ശോഷിച്ചു. ഫീൻലേ ഷീൽഡ് കണ്ടിട്ട് വർഷങ്ങളായി. കളിക്കളത്തിൽ ആധിപത്യ പുലർത്തിയിരുന്ന സെവന്മലയും വർക്ഷോപ്പും പേരിൽ ഇല്ലാതായി.
ഗ്രൗണ്ടിനോട് ചേർന്നുള്ള ലോവർ പ്രൈമറി സ്കുളിൽ പഠിക്കുേമ്പാൾ തുടങ്ങിയതാണ് കളി കാണൽ. അന്ന്, ഞങ്ങൾ ടൗണുകാർക്ക് സ്വന്തമായി ടീമില്ല. കൂട്ടുകാരിൽ ബഹുഭൂരിപക്ഷവും വർക്ഷോപ്പിലെ ജീവനക്കാരുടെ മക്കൾ ആയതിനാൽ ഞങ്ങളുടെ ടീമും വർക്ഷോപ്പായി. അവരുടെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കളായി. ഇടക്ക് ഹെഡ് ക്വാർേട്ട്സ് ടീം ഇറങ്ങുേമ്പാൾ ഞങ്ങളിൽ ചിലർ ആ പക്ഷത്താകും. എങ്കിലും ഞങ്ങൾ വർക്ഷോപ്പിനൊപ്പം, അതിന് മറ്റൊരു കാരണവുമുണ്ട്. അന്നത്തെ മികച്ച ടീമുകളിലൊന്നായിരുന്നു വർക്ഷോപ്പ്. മറ്റൊരു മികച്ച ടീം ഗ്രൗണ്ടിനോട് ചേർന്നുള്ള സെവന്മല എസ്റ്റേറ്റും. ഹൈസ്കുൾ കഴിയുന്നത് വരെ ഞങ്ങൾ വർക്ഷോപ്പിൻറ ആരാധകരായി ടീമിനെ പ്രോൽസാഹിപ്പിച്ചു. സെവന്മല ശത്രു പക്ഷത്തും.
അന്നൊക്കെ ഇടക്കിടെ കളിക്കളത്തിൽ അടിയും പൊട്ടുമായിരുന്നു. റഫറിയെ ചൊല്ലിയാകും തർക്കം. ചോക്കനാടിലെ ഗോപാലൻ റഫറിയുടെ ആക്ഷൻ ഇപ്പോഴും ഒാർമ്മയിലുണ്ട്. വർക്ഷോപ്പ് ടീമിൻറ ഗോൾ കീപ്പറായി തമിഴ്നാടിൽ നിന്നെത്തിയ ഞങ്ങടെ മായാവിയുടെ സ്റ്റൈലും പലരും പിന്തുടർന്നു. സെവന്മലയുടെ മികച്ച കളിക്കാരനായിരുന്ന ശേഖറണ്ണൻറ മരണവും മറക്കാനാവില്ല. എസ്റ്റേറ്റ് മാനേജറായിരുന്ന വിജയകുമാർ സാറൊക്കെ ഞങ്ങടെ ചെറുപ്പത്തിലെ ഹിറോയായിരുന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ ഞങ്ങടെ തലമുറയിൽപ്പെട്ടവരായി കളിക്കാർ. വിവിധ എസ്റ്റേറ്റുകൾക്ക് വേണ്ടി ബൂട്ട് കെട്ടുന്നവർ മൂന്നാർ ഹൈസ്കുളിൽ പഠിച്ച് വളർന്നവർ. അലക്സാണ്ടറും പ്രസാദും ഡോമിനിക്കും പി.എ. ജോസഫും സെബാസ്റ്റ്യൻ കെ ജോസഫും റഫീഖും ഷിബുവും സെൽവരാജും ശേഖറും അവരിൽ ചിലർ. കുര്യൻ, സ്റ്റാൻലി, ജെയ്ലാനി, സുധീ, മണി അങ്ങനെ ആ പട്ടി നീളുന്നു. അതോടെ എല്ലാ ടീമുകളും ഞങ്ങളുടെ ടീമായി. വർക്ഷോപ്പിനും സെവന്മലക്കും ഒപ്പം നല്ലതണ്ണിയും ചൊക്കനാടും ദേവികുളവും കുണ്ടളയുമൊക്കെ മികച്ച ടീമുകളായി മാറി.
ഇടക്ക് ഫിൻലേ ഷീൽഡ് അല്ലാതെ മറ്റ് ടൂർണമെൻറുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും ക്ലച്ച് പിടിച്ചില്ല. മൂന്നാർ മേളയുടെ ഭാഗമായി ഒരിക്കൽ സംഘടിപ്പിച്ച വനിത ഫുട്ബോൾ മൽസരം ആകെട്ട, കാണികളുശട കാര്യത്തിൽ റിക്കാർഡിട്ടു.
പിന്നിട് ജില്ല ഫുട്ബോൾ അസോസിയേഷൻറ എക്സിക്യുട്ടീവ് അംഗമായതോടെ സംഘാടകൻറ റോളിലെത്തി. വിജയകുമാർ സാർ ഇടുക്കി ഡി.എഫ്.എയുടെ പ്രസിഡൻറായതിന് ശേഷമാണ് മൂന്നാറിലെ ഫിൻലേ ഷീൽഡിലും പ്രൊഫഷണൽ നിലവാരം കൈവന്നത്. ടാറ്റാ കമ്പനി ടീമും വാർത്തെടുത്തു. ഇപ്പോൾ കമ്പനിക്ക് ടീമില്ല, അന്ന് തുടർന്ന് വന്ന ഫിൻലേ ഷീൽഡ് ഇപ്പോളും തുടരുന്നു. 1940ലാണ് ഫിൻലേ ഷീൽഡിന് തുടക്കമെന്നാണ് കിട്ടിയ വിവരം.
No comments:
Post a Comment