Pages

13 October 2013

ഹിമാലയന്‍ കുന്നുകളിലേക്ക് ജലവൈദ്യുത പദ്ധതികള്‍...........




ലോകത്തെ ഏറ്റവും ഉയരം കൂടിയ മനോഹരമായ മലനിരകള്‍ അണക്കെട്ടുകളുടെ സമുച്ചയമായി മാറുകയാണ്. അടുത്ത ഏതാനം വര്‍ഷത്തിനകം ഹിമാലയന്‍ കുന്നുകളില്‍ നിര്‍മിക്കപ്പെടുന്ന ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1,50,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. അതോടെ ഡാമുകളുടെ മലനിരകളായി ഹിമാലയന്‍ കുന്നുകള്‍ മാറപ്പെടും. അത് ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളാകട്ടെ, പ്രവചനാതീതമായിരിക്കുമെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ ‘ഇന്‍റര്‍ നാഷണല്‍ റിവേര്‍സ്’ പറയുന്നത്. നദികളുടെ ഉല്‍ഭവകേന്ദ്രങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്നതോടെ, ഈ നദികളെ ആശ്രയിക്കുന്ന ലക്ഷങ്ങള്‍ ദുരിതത്തിലാകും. ഹിമാലയന്‍ താഴ്വരകളില്‍ ജീവിക്കുന്നവരുടെ അവസ്ഥയും ദുരിതപൂര്‍ണമാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നൂറുകണക്കിന് അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോഴും പരിസ്ഥിതി ആഘാതപഠനം നടന്നിട്ടുമില്ല, ഓരോ പദ്ധതി സംബന്ധിച്ചും പ്രത്യേകമായി പഠനം നടത്തിയതൊഴിച്ചാല്‍, മൊത്തത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയാണ് ഹിമാലയത്തെ ഡാമുകളുടെ സമുച്ചയമാക്കി മാറ്റുന്നത്.
ഇപ്പോള്‍ തന്നെ, ഇന്ത്യക്കും ഭൂട്ടാനും നേപ്പാളിനും പാക്കിസ്ഥാനുമൊക്കെയായി ഒട്ടേറെ ഡാമുകളുണ്ട്. ഇതില്‍ പലതും വന്‍കിട പദ്ധതികളുടെ ഭാഗമായി നിര്‍മിച്ചതും. 21 ജലവൈദ്യുത പദ്ധതികള്‍ നിലവിലുള്ളതില്‍ 15ഉം ഇന്ത്യയുടേതാണ്. 7930 മെഗാവാട്ടാണ് സ്ഥാപിതശേഷി. പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് രണ്ട് വീതം പദ്ധതികളാണ് നിലവിലുള്ളത്. പാക്കിസ്ഥാന്‍െറ രണ്ട് പദ്ധതികളുടെ മാത്രം സ്ഥാപിതശേഷി 4478 മെഗാവാട്ടാണ്. നിര്‍മാണത്തിലിരിക്കുന്നതാകട്ടെ  വന്‍കിട പദ്ധതികളും. ഇന്ത്യയുടെ മാത്രം 16 ജലവൈദ്യുത പദ്ധതികളാണ് നിര്‍മാണഘട്ടത്തിലുള്ളത്. 11725 മെഗാവാട്ടാണ് ഇവയുടെ ആകെ സ്ഥാപിതശേഷി. ഇതിന് പുറമെയാണ് പുതിയ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഹിമാലയന്‍ കുന്നുകളില്‍ അതിര്‍ത്തിയുള്ള രാജ്യങ്ങളൊക്കെ വന്‍കിട പദ്ധതികള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാം ഇടത്തരം, വന്‍കിട പദ്ധതികള്‍. ഇന്ത്യ 34 പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 31765 മെഗാവാട്ടാണ് ഒട്ടാകെ സ്ഥാപിതശേഷി. പാക്കിസ്ഥാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതൊക്കെ കൂറ്റന്‍ പദ്ധതികളാണ് എന്നതാണ് സവിശേഷത. 5400 മെഗാവാട്ടിന്‍െറ ബുന്‍ജി, 4000 മെഗാവാട്ടിന്‍െറ ഡാസു, 4500 മെഗാവാട്ടിന്‍െറ ഡയ്മര്‍-ഭാഷാ എന്നിവ ഇവയില്‍ ചിലത്. ജമ്മു-കാശ്മീര്‍ മുതല്‍ അരുണാചല്‍ പ്ര¤േദശ് വരെ ഹിമാലയന്‍ നദികളില്‍ അണക്കെട്ട് നിര്‍മ്മിക്കാനാണ് ഇന്‍ഡ്യ ആലോചിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ മാത്രം ചെറുതും വലുതുമായ 415 പദ്ധതികളാണ് പരിണനയിലുള്ളത്. ഇതില്‍ 300ഉം ചെറുകിട പദ്ധതികളാണ്. ഹിമാലയന്‍ നദികളിലെ ജല വൈദ;ുത പദ്ധതികള്‍ക്ക് വേണ്ടി 128000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിട്ടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കുമാണ് ഇന്ത്യക്കടക്കം ജലവൈദ്യുത പദ്ധതികള്‍ക്കായി വായ്പ അനുവദിക്കുന്നത്. എന്നാല്‍ ഭൂട്ടാന്‍െറ പല പദ്ധതികള്‍ക്കും സഹായം നല്‍കുന്നത് ഇന്ത്യയും. 336 മെഗാവാട്ടിന്‍െറ ചുക, 60 മെഗാവാട്ടിന്‍െറ കുറിച്ചു, 1020 മെഗാവാട്ടിന്‍െറ താല എന്നീ പദ്ധതികള്‍ക്ക് 60 ശതമാനം ഗ്രാന്‍റും 40 ശതമാനം വായ്പയും എന്ന കണക്കിലാണ് ഇന്ത്യ ഭൂട്ടാന് സഹായം അനുവദിച്ചിട്ടുള്ളത്. അഞ്ച് മുതല്‍ 10.75 വരെ ശതമാനമാണ് പലിശനിരക്ക്. എന്നാല്‍, 2007 ജൂലൈ 28ന് ഭൂട്ടാനും ഇന്ത്യയും ഒപ്പിട്ട കരാര്‍ പ്രകാരം ഗ്രാന്‍റ് 40 ശതമാനമാക്കി കുറച്ചു. വായ്പ 60 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. നേപ്പാളാകട്ടെ ഇന്ത്യന്‍ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. ജലം പങ്കിടല്‍ സംബന്ധിച്ച് ഇന്ത്യ-നേപ്പാള്‍ കരാര്‍ ഉള്ളതിനാല്‍ ബാങ്കുകള്‍ക്കും നേപ്പാളിനെ സഹായിക്കാന്‍ തടസ്സമില്ല.
ഭൂട്ടാനില്‍ ഒരു മെഗാവാട്ടിന്‍െറ വൈദ്യുത പദ്ധതിക്കായി അഞ്ച് കോടി ഇന്ത്യന്‍ രൂപ വേണമെന്നാണ് കണക്കാക്കുന്നത്. അടുത്ത 10 വര്‍ഷത്തിനകം ഭൂട്ടാന്‍ ലക്ഷ്യമിടുന്നത് പതിനായിരം മെഗാവാട്ട് പദ്ധതിയും. പാക്കിസ്ഥാനും അടുത്ത 10 വര്‍ഷത്തിനകം പതിനായിരം മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് 20.3 ബില്യണ്‍ ഡോളറാണ് വേണ്ടിവരുന്നത്. ഡയ്മര്‍-ഭാഷാ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മാത്രം 8.5 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. പാക്കിസ്ഥാന്‍െറ വാര്‍ഷിക വരുമാനത്തിന്‍െറ 72 ശതമാനമാണ് ഈ തുക.
 ചുരുങ്ങിയ നാളുകള്‍ക്കകം അമ്പതിനായിരം മെഗാവാട്ട് വൈദ്യുതിയാണ് ഹിമാലയന്‍ മേഖലയില്‍ നിന്നും അധികമായി ഉത്പാദിപ്പിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വൈദ്യുതി മേഖലയിലെ പ്രതിസന്ധിയാണ് ഹിമാലയന്‍ കുന്നുകളിലെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ വൈദ്യുതിക്ഷാമത്തില്‍ കണ്ണുംനട്ടാണ് ഭൂട്ടാനും നേപ്പാളും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്. പെട്രോളിയം രാജ്യങ്ങള്‍ പെട്രോള്‍ ഡോളര്‍ സമ്പാദിക്കുംപോലെ, വൈദ്യുതി വിറ്റ് ഹൈഡ്രോ ഡോളര്‍ സമ്പാദിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഹിമാലയന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മന്ത്രിസഭയുടെ 2005 ഏപ്രിലിലെ തീരുമാനം തന്നെ ‘ഹൈഡ്രോ ഡോളര്‍’ ലക്ഷ്യത്തോടെയായിരുന്നു. അരുണാചലിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചല്‍, സിക്കിം സംസ്ഥാനങ്ങളാണ് സ്വകാര്യ പങ്കാളിത്തത്തോടെ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നത്.
സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാതെയാണ് ജൈവവൈവിധ്യത്തിന്‍െറ കലവറയായ ഹിമാലയന്‍കുന്നുകളില്‍ ഇത്രയേറെ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുമലകളില്‍ ഇത്രയേറെ ജലസംഭരണികള്‍ നിര്‍മിക്കപ്പെടുമ്പോള്‍, അത് ഭൂചലന സാധ്യത വര്‍ധിപ്പിക്കില്ളേയെന്ന ചോദ്യവും ഉയരുന്നുണ്ട്. നൂറുകണക്കിന് ചെറുതും വലുതുമായ നദികളുടെ ഉത്ഭവം ഹിമാലയന്‍ മലകളില്‍ നിന്നാണ്; ഐസായും മഞ്ഞായും ജലകണികകളുടെ വന്‍ ശേഖരമാണ് ഹിമാലയത്തിലുള്ളത്. വന്‍ നദികള്‍ ഉത്ഭവിക്കുന്നതും ഇവിടെ നിന്നാണ്. ഹിമാലയത്തില്‍ നിന്നും ഒഴുകിത്തുടങ്ങുന്ന നദികള്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. തിബത്തില്‍ നിന്നും ഉത്ഭവിക്കുന്ന സിന്ധു നദി ഇന്ത്യയിലൂടെ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നു. തിബത്തിലെ മാനസസരോവറില്‍ തുടങ്ങുന്ന സത്ലജും ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്നു. മഹാകാളി, കര്‍ണാക്കി, ഗംഗ, ബ്രഹ്മപുത്ര, ഐരാവതി തുടങ്ങി ഒട്ടേറെ നദികള്‍ ഹിമാലയത്തില്‍ നിന്നും ഒഴുകിത്തുടങ്ങുന്നു. ഈ നദീതടങ്ങളില്‍ നിന്നാണ് പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിച്ചതും. കൃഷി, മല്‍സ്യബന്ധനം, കുടിവെള്ളം, ഗതാഗതം തുടങ്ങി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു നദികള്‍. ഇവ ഇല്ലാതായാല്‍, ലക്ഷങ്ങളുടെ ‘കഞ്ഞികുടി’ മുട്ടും. അരുണാചല്‍പ്രദേശിലെ രംഗനദി ജലവൈദ്യുത പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍, രംഗനദിയെ തിരിച്ചുവിട്ടു. ഇതോടെ താഴ്വരയിലെ കൃഷിയാകെ നശിച്ചു. വാഴ, ഓറഞ്ച്, പൈനാപ്പിള്‍, കുരുമുളക്, ഏലം തുടങ്ങിയവയായിരുന്നു ഇവിടുത്തെ കൃഷി. അരുണാചല്‍പ്രദേശിലെ അണക്കെട്ട് നിര്‍മാണം, കീഴ്നദീതട സംസ്ഥാനമായ ആസാമിനെയും ബാധിച്ചുതുടങ്ങി. ഇക്കാര്യം ആസാം മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 3000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അരുണാചല്‍പ്രദേശിലെ ഡിബാംഗ് പദ്ധതിക്ക് വേണ്ടി ഈ മേഖലയിലെ ആദിവാസികളെ അപ്പാടെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇദു-മിഷ്മി വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവിടുത്തെ ആദിവാസികള്‍. ഇവരുടെ ആകെ ജനസംഖ്യ 11,021 ആണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി ആദിവാസികളെ ആട്ടിപ്പായിച്ചതുപോലെ ഇവിടെയും ജനിച്ച മണ്ണ് ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നു.
ഉത്തരാഖണ്ഡിലെ തെഹ്രി പദ്ധതിക്കായി ഒരു മേഖല തന്നെ ഇല്ലാതാകുകയാണ്. തെഹ്രി ടൗണും 37 വില്ളേജുകളും പൂര്‍ണമായും ഇല്ലാതാകും. 88 വില്ളേജുകള്‍ ഭാഗികമായും മുങ്ങും. 10,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ഒൗദ്യോഗിക കണക്ക്. മണിപ്പൂരിലെ ടിപ്പ്മുപ്പ് പദ്ധതി നിര്‍മിക്കപ്പെടുന്നത് 292 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ്. അരുണാചലിലെ തന്നെ ലോവര്‍ സുബന്‍നാറി പദ്ധതിക്കായി രണ്ട് ഗ്രാമങ്ങളാണ് പറിച്ചുനടുന്നത്. നെല്ല് ഉത്പാദകപ്രദേശവും നാലായിരം ഹെക്ടര്‍ വനപ്രദേശവും വെള്ളത്തിലാകും. 2000 മെഗാവാട്ടിന്‍േറതാണ് പദ്ധതി.
പാക്കിസ്ഥാനിലെ ഡയ്മര്‍-ഭാഷാ പദ്ധതിക്കായി കാല്‍ ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കും. 32,000 ഏക്കര്‍ പ്രദേശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍, പദ്ധതികള്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്നവര്‍ പലയിടത്തും പ്രക്ഷോഭത്തിലാണ്. ജനിച്ചുവളര്‍ന്ന മണ്ണും കൃഷിഭൂമിയും ഉപേക്ഷിക്കാന്‍ കഴിയാത്തവര്‍, ജീവിതവും തൊഴിലും നഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരൊക്കെയാണ് പോരാട്ടത്തിലുള്ളത്. മറുഭാഗത്താകട്ടെ, ലോകത്തെ ഏറ്റവും വലിയ പൈതൃക സമ്പത്താണ് നശിപ്പിക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ തുടങ്ങി 8000 മീറ്റര്‍ വരെയുള്ള ഹിമാലയന്‍ മലനിരകളില്‍ അത്യപൂര്‍വമായ സസ്യങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍, സസ്തനങ്ങള്‍ തുടങ്ങിയവയുണ്ട്. ഇവയില്‍ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്. അരുണാചല്‍പ്രദേശും സിക്കിമും ജൈവ വൈവിധ്യത്തിന്‍െറ ഹോട്ട്സ്പോട്ടാണ്. അവിടെയാണ് ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മിക്കപ്പെടുന്നത്. ഹിമാലയത്തിലെ അണക്കെട്ട് നിര്‍മാണം, ഒരു പക്ഷെ ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നമായി മാറിയേക്കാം. ഈ മലമുകളിലുണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തില്‍ പ്രതിഫലിച്ചേക്കും.


No comments:

Post a Comment