Pages

13 November 2013

മാണിയും ജോസഫും പിന്നെ കേരള കോണ്‍ഗ്രസും



 ഒന്നായെങ്കിലും രണ്ടായി തുടരുന്ന കേരള കോണ്‍ഗ്രസ് (എം) വീണ്ടും രണ്ടാകാനുള്ള ഒരുക്കത്തിലാണ്.പിളര്‍പ്പും ലയനവും കേരള കോണ്‍ഗ്രസില്‍ പുതുമയില്ലാത്തതിനാല്‍ അല്‍ഭുതങ്ങള്‍ക്ക് സ്ഥാനമില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്തും സംഭിവിക്കാം. 23 വര്‍ഷത്തിന്ശേഷമുള്ള മാണി-ജോസഫ് ഐക്യപ്പെടലിനാണ് വിള്ളല്‍. അതും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി.ജോര്‍ജിന്‍െറ പേരിലും.
1989ല്‍ ഇടുക്കി ലോകസഭാ സീറ്റിന്‍െറ പേരിലാണ് പി.ജെ.ജോസഫ് യു.ഡി.എഫ് വിട്ടതെങ്കില്‍ ഇത്തവണ ഇടുക്കി സീറ്റ് വേണ്ടെന്ന്  പി.സി.ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചതാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിന്‍െറ പേരിലുണ്ടായ പ്രസ്താവന യുദ്ധത്തില്‍ കഴിഞ്ഞ തവണ ഇടുക്കിയില്‍ പരാജയപ്പെട്ട പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍െറ മകനും മുന്‍ എം.പിയുമായഫ്രാന്‍സിസ് ജോര്‍ജിനെതിരെ ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി.
 യു.ഡി.എഫില്‍ ഘടകകക്ഷികളായിരിക്കെ കെ.എം.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങള്‍ 1984ല്‍ ലയിക്കുകയും 1987ല്‍  പിളര്‍ന്ന് ഇരുകൂട്ടരും യു.ഡി.എഫില്‍ തുടരുകയും ചെയ്ത പാരമ്പര്യം കേരള കോണ്‍ഗ്രസിനുണ്ട്. 1984ലെ ലയന സമ്മേളനത്തിലാണ്‘വളരും തോറും പിളരുകുയും പിളരുന്തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയെന്ന പ്രഖ്യാപനം കെ.എം.മാണി നടത്തിയത്. 1979ലാണ് കെ. എം. മാണിയും പി. ജെ. ജോസഫും ആദ്യമായി വേര്‍പിരിയുന്നത്. 1977ല്‍ പാലായില്‍ നിന്ന് കെ എം. മാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹൈ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പകരക്കാരനായി മന്ത്രിയായ പി. ജെ. ജോസഫ് പിന്നിട് മാണി  സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോള്‍ രാജിവെക്കുകയായിരുന്നു. മന്ത്രി സ്ഥാനം രാജി വെച്ചുവെങ്കിലും അത് കേരള കോണ്‍ഗ്രസില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചരല്‍ക്കുന്നില്‍ നടന്ന സംസ്ഥാന ക്യാമ്പിനും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതവസാനിച്ചത് പാര്‍ട്ടി പിളര്‍പ്പിലും. 1979 ലെ പിളര്‍പ്പില്‍ മാണിക്കൊപ്പം 14 എം. എല്‍. എമാരുണ്ടായിരുന്നു. ജോസഫിനൊപ്പം ആറ് പേരും. മാണി ഭരണമുന്നണിയില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് പ്രതിപക്ഷത്ത് കെ. കരുണാകരന്‍െറ ഒപ്പമായിരുന്നു.
1980ല്‍  ഇടത്പക്ഷ ജനാധിപത്യ മുന്നണി രൂപവല്‍ക്കരണത്തില്‍ എ. കെ. ആന്‍റണിക്കൊപ്പം മാണിയും പങ്കാളിയായി ആദ്യ നയനാര്‍ സര്‍ക്കാരിന്‍െറ ഭാഗമായതോടെ ജോസഫ് പ്രതിപക്ഷത്ത് സജീവമായി. യൂ. ഡി. എഫ് കണ്‍വീനറുമായിരുന്നു.
മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ട് 1982ല്‍ കെ. എം. മാണിയും ആന്‍റണി കോണ്‍ഗ്രസിനൊപ്പം യു. ഡി. എഫില്‍ എത്തുകയായിരുന്നു. ഇതോടെ യു. ഡി. എഫില്‍ കേരള കോണ്‍ഗ്രസുകള്‍ മൂന്നായി. കേരള കോണ്‍ഗ്രസ്-പിള്ള വിഭാഗവും യൂ.ഡി.എഫിലായിരുന്നു. ഒരൊറ്റ മുന്നണിയില്‍ എന്തിന് മൂന്ന് കേരള കോണ്‍ഗ്രസുകള്‍ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ആദ്യ ലയന ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്. അങ്ങനെ 1984ല്‍ മാണിയും ജോസഫും ലയിച്ചു. ജോസഫ് പാര്‍ട്ടി ചെയര്‍മാനും മാണി നിയമസഭാ കക്ഷി നേതാവുമായി. എന്നാല്‍, പാര്‍ട്ടിയിലെ ഐക്യത്തിന് ആയുസ് കുറവായിരുന്നു. ലയിച്ചുവെങ്കിലും ഇന്നത്തേത് പോലെ അന്നും രണ്ട് പാര്‍ട്ടിയെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരള കോണ്‍ഗ്രസുകള്‍ വഴിപിരിഞ്ഞു. രണ്ടു കൂട്ടരും യു. ഡി. എഫില്‍ തുടരുകയും ചെയ്തതിനാല്‍ 1987ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം കാല്വാരി തോല്‍വി ഏറ്റുവാങ്ങി.
ഒരു മുന്നണിയിലാണെങ്കിലും ശത്രുക്കളെ പോലെ കഴിയവെയാണ് 1989ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. മാണിക്ക് മൂവാറ്റുപുഴയും ജോസഫിന് ഇടുക്കിയും മണ്ഡലങ്ങള്‍ നല്‍കിയെങ്കിലും ജോസഫിന് മുവാറ്റുപുഴ വേണമെന്നായിരുന്നു വാശി. ജോസഫിലെ ബേബി മുണ്ടക്കല്‍ വിജയിച്ച മുവാറ്റുപുഴ തങ്ങളുടെ സീറ്റിംഗ് സീറ്റാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്വന്തം തട്ടകമായ പാല ഉള്‍പ്പെടുന്ന മുവാറ്റുപുഴ വിട്ട് കൊടുക്കാന്‍ മാണി തയ്യാറായതുമില്ല. ഒടുവില്‍ മുവാറ്റുപുഴയില്‍ പി.ജെ.ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാതോടെ യു.ഡി.എഫില്‍ നിന്നും പുറത്തായി. കേരള കോണ്‍ഗ്രസിന്‍െറ ഐക്യം വീണ്ടും മുഴങ്ങിയതോടെയാണ്  23 വര്‍ഷത്തിന് ശേഷം  2010 മെയില്‍  പി. ജെ. ജോസഫ് വിഭാഗം  കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചത്.ഇടതു മുന്നണി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചാണ് ജോസഫ് മാണിക്കൊപ്പമത്തെിയത്.
ഇനിയെന്ത് എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

No comments:

Post a Comment