Pages

11 March 2011


കേരളത്തിലെ നേതാക്കള്‍ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ പാതയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ കേരളത്തിലെ നേതാക്കള്‍ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ പാത പിന്തുടരുകയാണ്. മക്കളെയും കുടംബാംഗങ്ങളെയും സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിലെ ചിലര്‍ പഴയ മുദ്രാവാക്യമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് മാത്രം.
വിദ്യാര്‍ഥികള്‍ അവരുടെ പഠിപ്പും ആരോഗ്യവും ഉപേക്ഷിച്ച് മുദ്രാവാക്യം വിളിച്ചും സംഘടനാ വളര്‍ത്തുമ്പോള്‍ ഇതൊന്നും തന്റെ മക്കള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസവും സൌകര്യങ്ങളും നല്‍കിയ അതേ ആളുകളാണ് പിന്‍ഗാമികളായി മക്കളെ കൊണ്ട് വരുന്നത്. പിന്തുടര്‍ച്ചയുടെ പേരില്‍ എം.എല്‍.എമാരും എം.പിമാരുമായി വന്നവരുടെ പട്ടികയെടുത്താല്‍ ഇത് മനസിലാകും. അവര്‍ക്ക് ജനങ്ങളെ അറിയില്ല, പാര്‍ട്ടിക്കാരെയും. അവര്‍ വെയിലേറ്റാല്‍ വാടില്ല.കാരണം ആ മക്കള്‍ വെയിലും മഴയും ഏറ്റിട്ടില്ല.
മുമ്പ് മക്കള്‍ രാഷ്ട്രിയത്തെ എതിര്‍ത്തവരും ഇപ്പോള്‍ മക്കളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ്. പാലക്കാടെ കോണ്‍ഗ്രസിലെ ഒരു സിറ്റിംഗ് എം.എല്‍.എയും ഒരു മുന്‍ എം.എല്‍.എയും മക്കള്‍ക്ക് സീറ് ലഭിക്കുമോയെന്ന അന്വേഷണത്തിലാണ്. ഇടുക്കിയില്‍ ഒരു മുന്‍ എം.എല്‍.എ മകനുമായി കെ.പി.സി.സി. ആസ്ഥാനത്ത് ഇടക്കിടെ സന്ദര്‍ശനം നടത്തുന്നു. വയനാടിലെ സംവരണ സീറ്റില്‍ മരുമകന് സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മുന്‍ എം.എല്‍.എ. തൃശൂരടക്കം പല ജില്ലകളിലും മക്കളും മരുമക്കളും ഒരുകൈ നോക്കാന്‍ രംഗത്തുണ്ട്. ആശ്രിത നിയമനമെന്ന പോലെ സീറ്റ് ആവശ്യപ്പെടുന്നവരുമുണ്ട്.
ഇവരൊക്കെ പണ്ട് വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ട് ''ഇന്‍ഡ്യയില്‍ ഇന്ദ്രപ്പട്ടം കെട്ടാന്‍ ഇന്ദിരഗാന്ധിക്ക് അതിമോഹം, യുവരാജാവായി സഞ്ജയ് മോനെ വാഴിക്കാനൊരു പടുമോഹം'. കാലം മാറിയപ്പോള്‍ മുദ്രവാക്യവും മറന്നിരിക്കാം.
കെ.കരുണാകരന്റെ മകന്‍ കെ.മുരളീധരന്‍ കോണ്‍ഗസിലെത്തിയപ്പോള്‍ അതിനെ എതിര്‍ക്കുകയും ഒരു റേഡിയോ നാടകത്തിലെ വരികള്‍ കടമെടുത്ത് കേരളമാകെ പ്രസംഗിച്ചവരെയും ഇപ്പോള്‍  കാണുന്നില്ല. മുരളിധരന്എതിരെ എന്തായലിരുന്നു പുകില്. വലിയവായില്‍ കാര്യങ്ങള്‍ പറയുന്ന യൂത്ത്, വിദ്യാര്‍ഥി നേതാക്കളെയും കേള്‍ക്കാനില്ല. അതോ മക്കളും മരുമക്കളും വന്നാലും കുഴപ്പമില്ല, ഞങ്ങള്‍ക്കും കിട്ടണം സീറ്റ് എന്നത് മാത്രമാണോ ഏക മുദ്രവാക്യം.
തലമുറ, തലമുറ കൈമാറി അധികാരം നിലനിര്‍ത്താനാണ് ഉദേശമെങ്കില്‍ വോട്ടര്‍മാരും രാഷ്ട്രിയ തൊഴിലാളികളാകാന്‍ വിധിക്കപ്പെട്ടവരും ഒരുകാര്യം തീരുമാനിക്കണം^അധികാരം പങ്കിടുന്നവര്‍ വോട്ട് ചെയ്യട്ടെ, അവരുടെ കുടുംബാംഗങ്ങള്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുകയും പ്രകടനം നടത്തുകയും മുദ്രാവാക്യം വളിക്കുകയും ചെയ്യട്ടെ. അതല്ലാതെ അവര്‍  എസി കാറിലും വിട്ടിലും കഴിയണ്ടവരല്ലല്ലോ? നാളത്തെ ഭരണാധികാരികളല്ലേ?

No comments:

Post a Comment