Pages

20 July 2024

ചരിത്രത്തെ കേട്ടറിഞ്ഞും രചിച്ചും മൂന്നാര്‍


 


കേട്ടറിവ് മാത്രമുള്ള മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയും അക്കഥകള്‍ പുതു തലമുറക്ക് പകര്‍ന്ന് നല്‍കിയും മൂന്നാറിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മാതാപിതാക്കളോ, മുത്തഛനോ മുത്തശ്ശിയോ മാത്രം അനുഭവിച്ചറിഞ്ഞ 1924ലെ മഹാപ്രളയം ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം അന്വേഷിച്ച് പോകുന്ന പ്രകൃതി ദുരന്തം. കൊല്ലവര്‍ഷം 1099ലുണ്ടായ പ്രളയമെന്നതിനാല്‍ 99ലെ വെള്ളപ്പൊക്കമെന്ന് ഇന്നും വിളിക്കപ്പെടുന്ന മഹാപേമാരി. തകഴിയും  പത്രാധിപരായിരുന്ന കെ എം മാത്യുവും കാക്കനാടനും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അന്ന് നാടിനുണ്ടായ  നഷ്ടവും മരിച്ചവരുടെ എണ്ണവും എത്രയെന്ന് ഇനിയും രേഖപ്പെടുത്താത്ത പ്രളയം. മഹാത്മാ ഗാന്ധിയും മഹാരാജാവും നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ പ്രളയത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച കേരളത്തിന്റെ ഏക പ്രദേശവും മൂന്നാര്‍ ആണെന്നതാണ് ശ്രദ്ധേയം. തിരുവിതാംകൂറിലും മലബാറിലും വലിയ തോതില്‍ നഷ്ടം സംഭവിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്തുവെങ്കിലും എവിടെയെങ്കിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതായം അറിവില്ല. ഒരുപക്ഷെ,ലോകത്ത് തന്നെ ഇതാദ്യമായിരിക്കാം മഹാപ്രളയത്തിന്റെ നൂറാം വാര്‍ഷികം പിന്‍തലമുറ ആചരിക്കുന്നത്.  




മൂന്നാർ ജിവിഎച്ച്എസ്എസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ഫോക്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ ആന്റ് കള്‍ച്ചര്‍, മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവയുടെ സഹകരണത്തോടെയാണ്  ജൂലൈ 17,18,19 തിയതികളിലായി മൂന്നു നാള്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. കോളജ് ഓഫ് എന്‍ജിനിയറിംഗിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെങ്കിലും കനത്ത മഴയും കാറ്റും മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അവധി പ്രഖ്യാപിക്കപ്പെട്ടതിനാല്‍  മൂന്നാര്‍ മൈനര്‍ ബസിലിക്കയുടെ പാരിഷ് ഹാളിലേക്ക് മാറ്റി. 100 വര്‍ഷം മുമ്പ് പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവര്‍ക്ക് അഭയമൊരുക്കിയ അതേ പാരിഷ്  ഹാളിലേക്ക് അനുസ്മരണ പരിപാടികള്‍ എത്തി ചേര്‍ന്നുവെന്നത് യാദൃശ്ചികം. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ അന്ന് മാനേജറായിരുന്ന ക്രോളി ബോയ്ഡ് വെള്ളം നീന്തി കയറി പള്ളിയില്‍ എത്തപ്പെട്ടത് എഴുതിയിട്ടുണ്ട്. പ്രളയകാലത്തേതടക്കം പരംജ്യോതി നായിഡു പകര്‍ത്തിയ മൂന്നാറിന്റെ ആദ്യകാല ചിത്രങ്ങള്‍, മൂന്നാറിന് ചുറ്റുമുണ്ടായ പെട്ടിമുടി അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍, മൂന്നാര്‍ കാഴ്ചകള്‍ എന്നിവക്ക് പുറമെ ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങളും 1924 ജൂലൈ മാസത്തെ നസ്രാണി ദീപികയും മൂന്നാര്‍ പാരിഷ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് പുറമെ ഓലക്കുടകളും. ഏറ്റവും വലിയ ഓലക്കുടകള്‍ തുടങ്ങി കുഞ്ഞന്‍ കുടകള്‍ വരെയുള്ളവ പയ്യന്നൂരില്‍ നിന്നാണ് എത്തിച്ചത്. ഒട്ടാകെ 35 കുടകള്‍. 



1924 ജൂലൈ 17നാണ്  കുണ്ടളവാലി റെയില്‍വേ തകര്‍ന്നത്. 18ന് അന്നത്തെ മൂന്നാര്‍ ടൗണും അടുത്ത ദിവസം മറ്റു പ്രദേശങ്ങളും പഴയ ആലുവ-മൂന്നാര്‍ റോഡും തകര്‍ന്നു. അതേ ദിവസം തന്നെ അനുസ്മരണ പരിപാടികള്‍ക്കായി തിരഞ്ഞെടുത്തതും അതിനാലാണ്. പ്രതികൂല കാലാവസ്ഥ ഇതിന് തടസമായില്ല. 

17ന് ഉച്ചക്ക് രണ്ടിന് ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു. ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ മൈനര്‍ ബസലിക്ക റെക്ടര്‍ റവ.ഫാ. മൈക്കിള്‍ മലയ്ഞ്ചി സീനിയര്‍ സിറ്റിസണ്‍ ഒ.പി.ജോര്‍ജിന് കൈമാറി. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ആന്റ് കള്‍ച്ചര്‍ മുന്‍ ഡയറക്ടര്‍ ഡോ.പ്രഗതി രാജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാര്‍ എ.ഇ ഒ സി.ശരവണകുമാര്‍, അസോസിയേഷന്‍ പ്രസിഡന്റ് എം ജെ ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ലിജി ഐസക് സ്വാഗതവും വി.ശക്തിവേലു നന്ദിയും പറഞ്ഞു. സബ് കളക്ടര്‍ക്കുള്ള ഉപഹാരം ട്രഷറര്‍ എസ്. സജീവ് കൈമാറി. 


വൈകിട്ട് മൂന്നാര്‍ ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച 100 ദീപം തെളിയിക്കല്‍ ചടങ്ങ് മൂന്നാറിന്റെ ചരിത്രത്തില്‍ പുതിയതായിരുന്നു. 100 വര്‍ഷത്തെ ഓര്‍മ്മപുതുക്കി ഒരു നൂറ്റാണ്ട് മുമ്പ്  മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപങ്ങള്‍ തെളിയിച്ചത്.  മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലെ മുന്‍ സ്‌പോര്‍ട്‌സ് ക്യാപ്ടന്‍ ജി. മോഹന്‍ കുമാര്‍ ആദ്യ ദീപം തെളിയിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ജി.പീറ്റര്‍, എം.രാജേന്ദ്രന്‍, ഹൈഞ്ചേ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സാജൂ വര്‍ഗീസ്, എന്‍ജി.ജ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് എം.രാജന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കോരിച്ചൊരിയുന്ന മഴയിലും ദീപം തെളിയിക്കാന്‍ എത്തി. എം. വിശ്വനാഥന്‍ നന്ദി പറഞ്ഞു.

18ന് രാവിലെ പ്രദര്‍ശനം ആരംഭിച്ചതിനൊപ്പം പ്രകൃതി ദുരന്തങ്ങളും ഫോക്‌ലോറും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ.പ്രഗതി മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ അവര്‍ സദസുമായി പങ്കുവെച്ചു. പൂമ്പാറ്റയും പക്ഷികളുമൊക്കെ കാലാവസ്ഥയിലണ്ടാകുന്ന മാറ്റങ്ങളുടെ സൂചന നല്‍കുന്നതായി അവര്‍ പറഞ്ഞു. തെളിഞ്ഞ ആകാശമാണെങ്കില്‍ പോലും പുറത്ത്് ഉണക്കാനിട്ടിരിക്കുന്ന മുളകും ഗോതമ്പും മറ്റും എടുക്കാന്‍ പറയുന്ന മുത്തശ്ശിമാരുണ്ടായിരുന്നു. ഇവയൊക്കെ അകത്ത് എത്തിച്ച് കഴിയുമ്പോഴെക്കും മഴയും എത്തും. അത്തരം അറിവുകള്‍ ഇന്നില്ലാതായി. ആര്‍ക്കിട്ടെക്ട് സൂര്യ, നീനു സുകുമാരന്‍, നജ്മല്‍ ഹസ്‌ന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി ആര്‍ ജയിന്‍ ഉപഹാരങ്ങള്‍ നല്‍കി. തുടന്ന് ആര്‍ഡിഒ ആഫീസിലെ ഇന്‍േറണ്‍ഷിപ്പ് വിദ്യാര്‍ഥികളുമായി സംവാദമായിരുന്നു. മൂന്നാറിനെ കുറിച്ചും നാടിനെ കുറിച്ചും കാഴ്ചപ്പാടുള്ള യുവസംഘം, അവരുടെ മനസിലുള്ള ആശയങ്ങള്‍ പങ്കുവെച്ചു..    

രണ്ടാം ദിവസം ഉച്ചക്ക് ശേഷം നടന്ന ചര്‍ച്ച, വലിയൊരു അനുഭവമായിരുന്നു. ഒഎസ്എ വൈസ് പ്രസിഡന്റ് പ്രൊഫ. ടി.എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി വിഭാഗമായ മുതുവാര്‍ സമുദായത്തില്‍ നിന്നുള്ള കവി സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായ അശോകന്‍ മറയൂരിന്റെ പ്രഭാഷണം മുതുവാര്‍ സമുദായത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതായിരുന്നു. നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റിട്ട. അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ കുരങ്ങണിയിലും പെട്ടിമുടിയിലും വെള്ളത്തൂവല്‍ പെന്‍സ്‌റ്റോക്ക് അപകടങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട മുരുകയ്യക്കും ഒത്തിരി പറയാനുണ്ടായിരുന്നു. പി പി ലളിത, സലീമ, അജിത എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. 

ഒരുപക്ഷെ, മൂന്നാറില്‍ ആദ്യമായി തെയ്യം അവതരിപ്പിച്ചതും ഈ ചടങ്ങിനോട് അനുബന്ധിച്ചാണ്. കര്‍ക്കിടക മാസത്തില്‍ അവതരിപ്പിക്കുന്ന തെയ്യമാണ് കണ്ണൂരില്‍ നിന്നുള്ള സംഘം അതവരിപ്പിച്ചത്. തെയ്യം ആടികയറിതോടെ പാരിഷ് ഹാളിലും സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ഒടുവില്‍ തെയ്യങ്ങള്‍ ആടിതളര്‍ന്ന് വീണതോടെ സദസ്  നിശബ്ദമായി. തെയ്യം കലാകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സബ്കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ സമ്മാനിച്ചു.  

സമാപന ദിവസം രാവിലെ നടന്ന വട്ടമേശ സമ്മേളനം 2030ലെ മൂന്നാറിലേക്കുള്ള ദൂരത്തെ കുറിച്ചായിരുന്നു. മൂന്നാറില്‍ ജനിച്ച് വളര്‍ന്നവര്‍ മൂന്നാറിന്റെ വിവിധ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നാറിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയേണ്ടത് മൂന്നാറുകരാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ചര്‍ച്ച. മൂന്നാറിന്റെ ഭാവി രേഖ എം ജെ ബാബു അവതരിപ്പിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആര്‍.മോഹനും വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ച്  എം സെന്തില്‍കുമാറും വനിതാ ശാക്തികരണത്തെ കുറിച്ച് സലീമ സലീമും പി പി ലളിതയും ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് ജി. മോഹന്‍ കുമാറും സംസാരിച്ചു. വിദ്യാഭ്യാസ മേഖലയെ കുറിച്ച് മണിസാറും വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച് സണ്ണി ഇലഞ്ഞിക്കലും പ്രാഫ. ടി എ ചന്ദ്രനും കായിക രംഗത്തെ കുറിച്ച്  എം. രാജേന്ദ്രനും എം വിശ്വനാഥനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് എഡ്‌വിന്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകയായ ജോമോള്‍, ലാലു ജോര്‍ജ്, സാജന്‍ ജോര്‍ജ്., സെല്‍വി, ദിവ്യ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെുടത്തു. 

സമാപന സമ്മേളനത്തില്‍ അഡ്വ എ.രാജ എം.എല്‍ എ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.മുത്തുപ്പാണ്ടി, മുന്‍ എംഎല്‍എ എ കെ മണി, മൂന്നാര്‍ ഗവ.ഹൈസ്‌കള്‍ ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, സണ്ണി ഇലഞ്ഞിക്കല്‍, ലിജി ഐസക്,എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഗവ.ഹൈസ്‌കുളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ എം മേഘനാ ഗായത്രിക്കുള്ള വി. ഗുണലാന്‍ സ്മാരക അവാര്‍ഡ് പി മുത്തുപ്പാണ്ടി സമ്മാനിച്ചു. ഉപന്യാസ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.കെ.മണി വിതരണം ചെയ്തു. 

വിശിഷ്ടാഥികള്‍ക്ക്  അംബികാദേവി, എം. രാജന്‍, എഡ്‌വിന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

2018ലെ പ്രളയത്തെ നേരില്‍ കണ്ടവര്‍ ഒരുനൂറ്റാണ്ട് മുമ്പുണ്ടായ മഹാപ്രളയകാലത്ത്തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച യാതനകളെ കുറിച്ച് ആലോചിച്ചും പ്രളയത്തില്‍ മരിച്ച പൂര്‍വികരുടെ ആത്മാവിന് ശാന്തി നേര്‍ന്നുണമാണ് പാരിഷ് ഹാളിന്റെ പടി ഇറങ്ങിയത്.   






























No comments:

Post a Comment