Pages

28 February 2018

ഫിൻലേ ഷീൽഡ്​ എന്ന നോസ്​റ്റാൾജിയ



ഫിൻലേ ഷീൽഡ്​ ഫുട്​ബോൾ ടൂർണമെൻറിന്​ മാർച്ച്​ മൂന്നിന്​ വിസിൽ മുഴങ്ങും. മൂന്നാറുകാരെ സംബന്ധിച്ചിടത്തോ​ളം കാലം എത്ര കഴിഞ്ഞാലും  ഫിൻലേ ഷീൽഡ്​ എന്നത്​ മാത്രമല്ല, പഴയമൂന്നാറിലെ ആ ​ഗ്രൗണ്ട്​ പോലും ചെറുപ്പത്തിലേക്കുള്ള മടക്കയാത്രയാണ്​.
മൂന്നാർ തിരക്കിലേക്ക്​ പോകുന്നതിന്​ മുമ്പുള്ള കാലയളവിൽ വ്യാപാരികൾ അടക്കമുള്ളവരുടെ ദിനച​ര്യയിൽപ്പെടുന്നായിരുന്നു കളി കാണുകയെന്നത്​. ഉച്ച കഴിഞ്ഞ്​ ജോലിയൊക്കെ തീർത്ത്​ എല്ലാവരും ​ഗ്രൗണ്ടിലേക്ക്​ വെച്ച്​ പിടിക്കും.  കളി വിലയിരുത്തിയുള്ള ചർച്ചയുമായി മടക്കവും.  കളി കാണുന്നതിന്​ ഒാരോ സംഘത്തിനും നിശ്ചിത സ്​ഥലം പോലുമുണ്ടായിരുന്നല്ലോ? ടിവി വ്യാപകമായി ലോകകപ്പും യൂറോ​പ്യൻ കപ്പുമൊക്കെ കണ്ട്​ ​തുടങ്ങിയിട്ടും ഫിൻലേ ഷീൽഡി​േനാടുള്ള ​പ്രേമം തുടർന്നു. ടൂറിസത്തിൻറ തിരക്കിലേക്ക്​ പോയതോടെ മൂന്നാറുകാർക്ക്​ മുന്നിൽ ഗസ്​റ്റ്​ അല്ലാതെ ആരുമില്ലല്ലോ. അതോടെ കളിയും വീട്ടുകാരുമൊക്കെ പുറത്തായി.
മൂന്നാറിലെ എസ്​റ്റേറ്റ്​ ടീമുകൾ വാശിയോടെ ജേഴ്​സിയണിഞ്ഞ്​ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ​ട്രാക്​ടറിൽ ടീം എത്തു​േമ്പാൾ, ഗ്രൗണ്ടിന്​ പുറത്ത്​ ആവേശം പകരാൻ സ്​ത്രീകൾ അടക്കമുള്ളവർ നേരത്തെ എത്തിയിരുന്നു. തോൽവിയും ജയവും ആയിരുന്നില്ല, മറിച്ച്​​ സ്​പോർട്​സ്​മാൻ സ്​പിരിറ്റിലായിരുന്നു കാര്യം. തൊഴിലാളിയും ഫീൽഡ്​ ഒാഫീസറും ചില എസ്​റ്റേറ്റുകളിൽ മാനേജറന്മാരും ഒന്നിച്ച്​ ജേഴ്​സിയണിഞ്ഞ്​ കളിക്കാനിറങ്ങിയിരുന്നു. കാലം പുരോഗമിച്ചപ്പോൾ ബൂട്ടണിഞ്ഞായി മൽസരം. ഇന്നി​പ്പോൾ എസ്​റ്റേറ്റുകളുടെ എണ്ണം കുറഞ്ഞു. ടീമുകൾ ശോഷിച്ചു. ഫീൻലേ ഷീൽഡ്​ കണ്ടിട്ട്​ വർഷങ്ങളായി. കളിക്കളത്തിൽ ആധിപത്യ പുലർത്തിയിരുന്ന സെവന്മലയും വർക്​ഷോപ്പും പേരിൽ ഇല്ലാതായി.
ഗ്രൗണ്ടിനോട്​ ചേർന്നുള്ള ലോവർ പ്രൈമറി സ്​കുളിൽ പഠിക്കു​​േമ്പാൾ തുടങ്ങിയതാണ്​ കളി കാണൽ. അന്ന്​, ഞങ്ങൾ ടൗണുകാർക്ക്​ സ്വന്തമായി ടീമില്ല. കൂട്ടുകാരിൽ ബഹ​ുഭൂരിപക്ഷവും വർക്​ഷോപ്പിലെ ജീവനക്കാരുടെ മക്കൾ ആയതിനാൽ ഞങ്ങളുടെ ടീമും വർക്​ഷോപ്പായി. അവരുടെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കളായി. ഇടക്ക്​ ഹെഡ്​ ക്വാർ​േട്ട്​സ്​ ടീം ഇറങ്ങു​​​​േമ്പാൾ ഞങ്ങളിൽ ചിലർ ആ പക്ഷത്താകും. എങ്കിലും ഞങ്ങൾ വർക്​ഷോപ്പിനൊപ്പം, അതിന്​ മറ്റൊരു കാരണവുമുണ്ട്​. അന്നത്തെ മികച്ച ടീമുകളിലൊന്നായിരുന്നു വർക്​ഷോപ്പ്​. മറ്റൊരു മികച്ച ടീം ഗ്രൗണ്ടിനോട്​ ചേർന്നുള്ള സെവന്മല എസ്​റ്റേറ്റും. ഹൈസ്​കുൾ കഴിയുന്നത്​ വരെ ഞങ്ങൾ വർക്​ഷോപ്പിൻറ ആരാധകരായി ടീമിനെ പ്രോൽസാഹിപ്പിച്ചു. സെവന്മല ശത്രു പക്ഷത്തും.
അന്നൊക്കെ ഇടക്കിടെ കളിക്കളത്തിൽ അടിയും പൊട്ടുമായിരുന്നു. റഫറിയെ ചൊല്ലിയാകും തർക്കം. ചോക്കനാടിലെ ഗോപാലൻ റഫറിയുടെ ആക്​ഷൻ ഇപ്പോഴും ഒാർമ്മയിലുണ്ട്​. വർക്​ഷോപ്പ്​ ടീമിൻറ ഗോൾ കീപ്പറായി തമിഴ്​നാടിൽ നിന്നെത്തിയ ഞങ്ങടെ മായാവിയുടെ സ്​റ്റൈലും പലരും പിന്തുടർന്നു. സെവന്മലയുടെ മികച്ച കളിക്കാരനായിരുന്ന ശേഖറണ്ണൻറ മരണവും മറക്കാനാവില്ല. എസ്​റ്റേറ്റ്​ മാനേജറായിരുന്ന വിജയകുമാർ സാ​റൊക്കെ ഞങ്ങടെ ചെറുപ്പത്തിലെ ഹിറോയായിരുന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ ഞങ്ങടെ തലമുറയിൽപ്പെട്ടവരായി കളിക്കാർ. വിവിധ എസ്​റ്റേറ്റുകൾക്ക്​ വേണ്ടി ബൂട്ട്​ കെട്ടുന്നവർ മൂന്നാർ ഹൈസ്​കുളിൽ പഠിച്ച്​ വളർന്നവർ. അലക്​സാണ്ടറും പ്രസാദും ഡോമിനിക്കും പി.എ. ജോസഫും സെബാസ്​റ്റ്യൻ കെ ജോസഫും റഫീഖും ഷിബുവും സെൽവരാജും ശേഖറും അവരിൽ ചിലർ. കുര്യൻ, സ്​റ്റാൻലി, ജെയ്​ലാനി, സുധീ​, മണി അങ്ങനെ ആ പട്ടി നീളുന്നു. അതോടെ    എല്ലാ ടീമുകളും ഞങ്ങ​ളുടെ ടീമായി. വർക്​ഷോപ്പിനും സെവന്മലക്കും ഒപ്പം നല്ലതണ്ണിയും ചൊക്കനാടും ദേവികുളവും കുണ്ടളയുമൊക്കെ മികച്ച ടീമുകളായി മാറി.
ഇടക്ക്​ ഫിൻലേ ഷീൽഡ്​ അല്ലാതെ മറ്റ്​ ടൂർണമെൻറുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും ക്ലച്ച്​ പിടിച്ചില്ല. മൂന്നാർ മേളയുടെ ഭാഗമായി ഒരിക്കൽ സംഘടിപ്പിച്ച വനിത ഫുട്​ബോൾ മൽസരം ആക​െട്ട, കാണികളുശട കാര്യത്തിൽ റിക്കാർഡിട്ടു.
പിന്നിട്​ ജില്ല ഫുട്​ബോൾ അസോസിയേഷൻറ എക്​സിക്യുട്ടീവ്​ അംഗമായതോടെ സംഘാടകൻറ റോളിലെത്തി. വിജയകുമാർ സാർ ഇടുക്കി ഡി.എഫ്​.എയുടെ പ്രസിഡൻറായതിന്​ ശേഷമാണ്​ മൂന്നാറിലെ ഫിൻലേ ഷീൽഡിലും പ്രൊഫഷണൽ നിലവാരം കൈവന്നത്​. ടാറ്റാ കമ്പനി ടീമും വാർത്തെടുത്തു. ഇപ്പോൾ കമ്പനിക്ക്​ ടീമില്ല, അന്ന്​ തുടർന്ന്​ വന്ന ഫിൻലേ ഷീൽഡ്​ ഇപ്പോളും തുടരുന്നു. 1940ലാണ്​ ഫിൻലേ ഷീൽഡിന്​ തുടക്കമെന്നാണ്​ കിട്ടിയ വിവരം.


24 February 2018

ഒർമ്മകൾക്കൊപ്പം ആലുവപുഴയോരത്ത്​









ഒരുപൊതി ചോർ വാങ്ങി രണ്ടും മൂന്നും പേർ കഴിച്ചിരുന്ന കാലം,ബോണ്ടയും പോറോട്ടയുമൊക്കെ ഷെയർ ചെയ്​ത്​ കഴിച്ചിരുന്ന നാളുകൾ, ഗ്രൂപ്പും അഭിപ്രായ വിത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലുപ്പ^ചെറുപ്പമില്ലാതെ ഭാരവാഹികൾ ഒരു പായയിൽ കൊതുക്​ കടിയേറ്റ്​ കിടന്നിരുന്ന ദിവസങ്ങൾ..........അങ്ങനെയുമുണ്ടായിരുന്നു കേരളത്തിലെ വിദ്യാർഥി രാഷ്​ട്രിയത്തിൽ. 1957ൽ കെ.എസ്​.യു രൂപ​പ്പെട്ട നാളുകളിൽ ഇത്തരം കഷ്​ടപ്പാടുകൾ അനുഭവിച്ചത്​ മ​ുൻകാല നേതാക്കൾ പറഞ്ഞിട്ടുണ്ട്​. അതിന്​ ശേഷം കെ.എസ്​.യു പ്രവർത്തകർ ഏറ്റവും കുടുതൽ കഷ്​ടപ്പാടുകൾ അനുഭവിച്ചതും പട്ടിണി കിടന്നതും 1982ലെ പിളർപ്പിനെ തുടർന്നുള്ള നാളുകളിലായിരുന്നിരിക്കണം. അത്​കൊണ്ട്​ തന്നെയാണ്​, അന്നത്തെ പ്രവർത്തകരുടെ സൗഹൃദത്തിന്​ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റ്​ കുറയാത്തും കുറച്ച്​ സമയം ഒന്നിച്ചിരിക്കാമെന്ന്​ അറിയിച്ചപ്പോൾ എല്ലാവരും മറ്റ്​ തിരക്കുകൾ മാറ്റി വെച്ച്​ ഒാടിയെത്തിയതും.
കോളജുകളിലും സ്​കൂളിലുമൊക്കെ ക്ലാസ്​ മേറ്റ്​സ്​ എന്ന പേരിൽ സംഗമം നടക്കാറുണ്ട്​. പക്ഷെ, ഒരു കാലഘട്ടത്തിൽ ഒരുപാർട്ടിയിൽ പ്രവർത്തിച്ച്​ പലതായി പിരിഞ്ഞവർ  ഒത്ത്​ ചേരുകയോ? പലർക്കും തമാശയായിട്ടാണ്​ തോന്നിയത്​. പക്ഷെ, ആ സംഗമത്തിലേക്ക്​ ക്ഷണിക്കപ്പെട്ടവർ വലിയ ആവേശത്തിലും. മുപ്പത്​ വർഷത്തിന്​ ശേഷം തമ്മിൽ കാണാനുള്ള ആവേശം പലരിലും പ്രകടമായിരുന്നു. 1982മുതലുള്ള കാലയളവിൽ കെ.എസ്​.യു^എസിൽ പ്രവർത്തിച്ചവരുടെ സംഗമം എന്നതായിരുന്നു ഉദേശം.
കെ.എസ്​.യു^എസ്​ സംസ്​ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആൻറണി പനന്തോട്ടത്തിൻറ മകൻറ വിവാഹത്തിന്​ പള്ളിമുറ്റത്ത്​ ഞങ്ങൾ ചിലർ പഴയകാര്യങ്ങൾ പറഞ്ഞു വന്നപ്പോ​ഴാണ്​,എങ്കിൽ ഒന്നിച്ച്​ കൂടിയാലോ എന്ന ചിന്തയുണ്ടായത്​. കെ.എസ്​.യു^ എസ്​ പ്രസിഡൻറായിരുന്ന ഇപ്പോഴത്തെ എൻ.എസ്​.എസ്​ എച്ച്​.ആർ.ഡി സെക്രട്ടറി കെ.ആർ.രാജൻ, എൻ.സി.പി നേതാവ്​ സലിം പി മാത്യു, പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി കാട്ടുർ അബ്​ദുൾസലാം, അഭിഭാഷകവൃത്തിയിൽ സജീവമായിട്ടുള്ള സാബു ​െഎ കോശി, ടോം, കർഷകനായ വിൽസൺ നെടുങ്കല്ലേൽ എന്നിവരാണ്​ അന്ന്​ വിവാഹത്തിൽ സംബന്ധിച്ചത്​. അമേരിക്കയിലുള്ള ജോയ്​ ഇട്ടനും ആസ്​ത്രേലിയിലുള്ള ജോൺസൺ മാമലശേരിയും എത്തുന്ന തിയതി കൂടി കണക്കാക്കി ഒത്ത്​ കൂടാമെന്ന്​ പറഞ്ഞാണ്​ പിരിഞ്ഞത്​. ഞങ്ങൾ അന്നത്തെ കെ.എസ്​.യുക്കാർ ജ്യേഷ്​ഠ സഹോദരനായി കാണുന്ന അഡ.പി.നാരായണനുമായി സംസാരിച്ചപ്പോൾ അദേഹവും വലിയ ആവേശത്തിലായി. കെ.എസ്​.യു കണ്ണുർ ജില്ല പ്രസിഡൻറായിരുന്ന അഡ.വി.ജയരാജിൻറ മക്കളുടെ വിവാഹത്തിന്​ ഗുരുവായൂരിൽ എത്തിയപ്പോഴാണ്​ തിയതിയെ കുറിച്ച്​ ചർച്ച നടന്നത്​. ഞാനും ​മാമലശേരിയും പി.നാരായണും കൂടിയാലോചിച്ചും മറ്റുള്ളവരെ ഫോണിൽ ബന്ധപ്പെട്ടും ഫെബ്രുവരി 18 ഞായർ എന്ന തിയതി കുറിച്ചു. ഇതിനിടെ ജോയ്​ ഇട്ടൻറ പിതാവ്​ മരണപ്പെട്ടിരുന്നു. അദേഹത്തിൻറ മരണാനന്തര ചടങ്ങുകൾ (40^ാം ദിനം) ഫെബ്രുവരി 19നാണ്​ എന്നതാണ്​ 18 തെരഞ്ഞെടുക്കാൻ കാരണം.
മടക്ക യാത്രയിൽ ഞാനും മാമലേശരിയും കൂടി കെ.എസ്​.യു^എസ്​ പ്രസഡിൻറായിരുന്ന കെ.കെ.രാധാകൃഷ്​ണനെ അദേഹത്തിൻറ വീട്ടിലെത്തി കണ്ടു. ഒരിക്കൽ കേരളത്തെ ആവേശത്തിലാക്കിയ യുവ നേതാവ്​ ഇപ്പോൾ കിടപ്പിലാണ്​.
മടക്കയാത്രയിലാണ്​ സംഗമത്തിലേക്ക്​ ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്​. 1982മുതൽ 1987വരെയുള്ള കാലയളവിൽ സംസ്​ഥാന തലത്തിൽ പ്രവർത്തിച്ചവരെയും ജില്ല പ്രസിഡൻറുമാരായിരുന്നവരെയും ക്ഷണിക്കാനായിരുന്നു തിരുമാനം. ആദ്യം കെ.എസ്​.യുക്കാരു​െട കൂട്ടായ്​മയെന്ന്​ തീരുമാനിച്ചുവെങ്കിലും അത്​  യൂത്ത്​ കോൺഗ്രസിലേക്ക്​ നീണ്ടു. സംഭവം അറിഞ്ഞ മുതിർന്ന നേതാക്കളും ആവേശത്തിലായതോടെയാണ്​ അവരെയും ക്ഷണിക്കാൻ തീരുമാനിച്ചത്​. ഒാർമ്മകൾക്കൊപ്പം എന്ന പേരും നിശ്ചയിച്ചു.
ആലുവ ഗസ്​റ്റ്​ ഹൗസ്​ എന്നാണ്​ സംഗമ കേന്ദ്രമായി നിശ്ചയിച്ചത്​. എന്നാൽ അവസാന നിമിഷം സാ​േങ്കതിക കാരണങ്ങളാൽ ഗസ്​റ്റ്​ ഹൗസ്​ ലഭിക്കില്ലെന്നറിഞ്ഞതോടെ വൈ എം സി എയിലേക്ക്​ മാറ്റി. അതും ഒരർഥത്തിൽ നോൾസ്​റ്റാജിയ ആയി. 1982ലെ പിളർപ്പിനെ തുടർന്ന്​ ആദ്യ കെ.എസ്​.യു ക്യാമ്പ്​ നടന്നത്​ വൈ എം സി എയിലാണ്​. ഒാർമ്മകൾക്കൊപ്പം പരിപാടിക്ക്​ എത്തിയ പലരും അത്​ അനുസ്​മരിച്ചു.
1986ൽ കോൺഗ്രസ്​^​െഎയിലേക്ക്​ മടങ്ങാനുള്ള വർക്കിംഗ്​ കമ്മിറ്റി തീരുമാനമാണ്​ കോൺഗ്രസ്​^എസിലെ പലവഴിക്കാക്കിയത്​. അന്നത്തെ ​നേതാക്കൾ ഇന്ന്​ പലയിടത്താണ്​. ചിലർ കോൺഗ്രസ്​^​െഎയിൽ. മറ്റ്​ ചിലർ എൻ.സി.പിയിൽ, വേറെ കുറച്ച്​ പേർ കടന്നപ്പള്ളിക്കൊപ്പം കോൺഗ്രസ്​^എസ്​ എന്ന പേരിൽ. തീർന്നില്ല, ജനതാദളിലും സി പി എമ്മിലും ബി ജെ പിയിലും കേരള കോൺഗ്രസിലും നമ്മുടെ പഴയ സഹപ്രവർത്തകരുണ്ട്​. കുറച്ച്​ പേർ രാഷ്​ട്രിയം ഉപേക്ഷിച്ചു. മാധ്യമ പ്രവർത്തനം, അഭിഭാഷകർ, പ്രവാസം അങ്ങനെ പലവഴിക്ക്​ തിരിഞ്ഞു. എന്നാൽ, അതൊന്നും സൗഹൃദത്തിനും കൂട്ടായ്​മക്കും തടസമായില്ല.
18ന്​ രാവിലെ വലിയ സ​ന്തോഷത്തോടെയാണ്​ എല്ലാവരും ഒാടിയെത്തിയത്​. വർഷങ്ങൾക്ക്​ ശേഷം കണ്ടവർ, പരസ്​പരം തിരിച്ചറിയാനാകാതെ പേര്​ ചോദിച്ച്​ സൗഹൃദം പുതുക്കുകയും അടുത്ത നിമിഷം ആലിംഗനം ചെയ്​ത്​ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്​തവർ. കാരണവരെ പോലെ കബീർ മാഷും കെ.ശങ്കരനാരായണപിള്ളയും ജോസ്​ വക്കിലും സു​ലൈമാൻ റാവുത്തറും കരകുളവും. ചർച്ചയിൽ ചൂരലെടുത്ത്​ പി എം സുരഷ്​ബാബുവേട്ടൻ. ഇൗ ദിനത്തിന്​ വേണ്ടി കാത്തിരുന്നുവെന്നാണ്​ വി.എൻ.ജയരാജ്​ പറഞ്ഞത്​. NSUI (S)ൻറയും യൂത്ത്​ കോൺഗ്രസിൻറയും ദേശിയ പ്രസിഡൻറും പിന്നിട്​ KPCC സെക്രട്ടറിയുമായിരുന്ന വി.എൻ.ജയരാജ്​ എങ്ങുമെത്തിയില്ലായെന്നത്​ നമ്മുടെ സ്വകാര്യ ദു:ഖമാണ്​.
പറഞ്ഞിട്ടും തിരാത്ത വിശേഷങ്ങളുമായാണ്​ ഉച്ചക്ക്​ ശേഷം വൈ എം സി എ വീണ്ടത്​. അടുത്ത കൂട്ടായ്​മക്ക്​ വയനാടി​ലെ പള്ളിയിൽ വീട്ടിലേക്ക്​ മുൻ KPYCC ട്രഷറർ പി.സൂപ്പിയുടെ ക്ഷണമുണ്ട്​. കൊല്ലത്ത്​ സൗകര്യമൊരുക്കാമെന്ന്​ തൊടിയിൽ ലൂഖ്​മാനും.
പി.ബാലഗോപാൽ, അഡ.എം.വേണുഗോപാൽ,കെ.വി.ആൻറണി, കുരുവിള അഗസ്​റ്റിൻ (തങ്കച്ചൻ), സി.എൻ.ശിവൻകുട്ടി,എം.സജിത്​, വി.ജയരാജൻ, അഹമ്മദ്​ അമ്പലപ്പുഴ,കെ.ജി.രാജൻ,അഡ.എ.എ.ഹക്കിം,ബാു എലിയാസ്​,പ്രൊഫ.പി.കെ.രാജശേഖരൻ നായർ,കെ.ആർ.രാജൻ, ചന്ദന​ത്തോപ്പ്​ അജയകുമാർ,അഡ.ജേക്കബ്ബ്​ ജോസഫ്​, പി.ചന്ദ്രമോഹൻ, അനിൽ നെൽ സഖറിയാസ്​, ഇ. ബി.അനിൽദാസ്​, സി.രഘുനാഥ്​, സലിം പി മാത്യു, പോൾ സി ജോസഫ്​, ജോർജ്​ അഗസ്​റ്റിൻ, കെ.ഷാജി, സി വി അജിത്​, ബി.ജ്യോതിർനിവാസ്​, ഏലിയാസ്​  പി മണ്ണപ്പിള്ളി, ശശിധരൻ മുപ്ലേരി,മൂസ പന്തീരങ്കാവ്​, എം.പി.സൂര്യദാസ്​, കെ.ടി.അരവിന്ദാക്ഷൻ, അഡ.പി.എം.ജോർജ്​കുട്ടി, കെ.കെ.പ്രദീപ്​, അഡ:.എ.കെ.സെയ്​ത്​മുഹമ്മദ്​,സേവ്യർ ആൻറണി, പി.എസ്​.ചന്ദ്രശേഖരൻ പിള്ള, എം്​അൻസാരി, കെ.പി.രാമനാഥൻ, ബി.അലവി, എൻ.വി.പ്രദീപ്​കുമാർ, അഡ.ബിജൂ ഉമ്മൻ,കാട്ടുർ അബ്​ദുൾ സലാം, മാമ്മൻ ​െഎപ്പ്​ എക്​സ്​ എം.എൽ.എ, പി.നാരായണൻ, ആൻറണി പനന്തോട്ടം, കെ.ജി.ബിബിൻ, പ്രദീപ്​ പാറപ്പുറം എന്നിങ്ങനെ ഒാർമ്മകൾക്കൊപ്പം കൂട്ടായ്​മയിൽ സംബന്ധിച്ച എല്ലാവർക്കും പഴയ ഒാർമ്മകൾ പങ്ക്​ വെക്കാനുണ്ടായിരുന്നു. പക്ഷെ, സമയം തടസമായി.

09 February 2018

പിൻഹിറോ അച്ചൻറ ഒാർമ്മയിൽ





കഴിഞ്ഞ ദിവസം മൂന്നാർ മൗണ്ട്​ കാർമ്മൽ ദേവാലയത്തിൽ ഏറെ സമയം ഇരിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായിരുന്ന പ്രശസ്​ത ഫോ​​േട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയുടെ മകൾ യോഹിനിയുടെ വിവാഹ ചടങ്ങുകളായിരുന്നു മൗണ്ട്​ കാർമ്മൽ ദേവാലയത്തിൽ.
വിവാഹ ചടങ്ങുകൾ നടക്കു​േമ്പാൾ എൻറ ഒാർമ്മകൾ  അഗസ്​റ്റിൻ പിൻഹിറോ അച്ചനിലേക്കായിരുന്നു.
മൂന്നാറിൻറ സാംസ്​കാരിക നായകൻ കൂടിയായിരുന്നു ഇടവക വികാരിയായ പിൻഹിറോ അച്ചൻ. പിൻഹീറോ അച്ചനും ഇമാം പരീത്​ മൗലവിയും മൂന്നാർ ദേവസ്വം പ്രസിഡൻറ്​ സി. കെ. കൃഷ്​ൺ ചേട്ടനും ഒന്നിച്ചായിരുന്നു പൊതു വിഷയങ്ങളിൽ ഇടപ്പെട്ടിരുന്നത്​.
അച്ചൻ മൂന്നാറിൽ വന്നത്​ മുതൽ എൻറ ഒാർമ്മയിലുണ്ട്​. മൗണ്ട്​ കാർമ്മൽ പള്ളിയുടെ പാരിഷ്​ ഹാളിൽ പ്രവർത്തിച്ചിരുന്ന ബേബി ക്ലാസിലായിരുന്നു എൻറ ആദ്യ പഠനം. അന്ന്​ വിദേശിയായ മരിയൻ അച്ചനായിരുന്നു വികാരി. പക്ഷെ, ഒാർമ്മയിൽ ഇല്ല.
1898ൽ സ്​ഥാപിച്ച മൂന്നാർ മൗണ്ട്​ കാർമ്മൽ പള്ളിയിലെ ഇൻഡ്യക്കാരനായ ആദ്യ വികാരിയായി  1966ലാണ്​ പിൻഹിറോ അച്ചൻ മൂന്നാറിൽ ചുമതലയേൽക്കുന്നത്​. 1990ൻറ ആദ്യം വരെ അച്ചൻ മൂന്നാറിലുണ്ടായിരുന്നു. അച്ചന്​ മതവും ജാതിയും ഉണ്ടായിരുന്നില്ല.പള്ളി മേടയിൽ ആർക്കും ചെല്ലാമായിരുന്നു. അച്ചൻറ പൗരോഹിത്യ ജൂബിലി ആഘോഷം ഇടവകയുടെ മാത്രമായിരുന്നി​ല്ലല്ലോ,മുന്നാറിൻറ മറ്റൊരു കാർത്തികയിരുന്നു ആ ദിവസം. രാത്രി നടന്ന സമ്മേളനത്തിൽ എല്ലാവരും ഉണ്ടായിരുന്നു.
അച്ചന്​​ എല്ലാവരെയും അറിയാമായിരുന്നു. ആരുടെ മക്കളാണെന്ന്​ പോലും. അത്​ കൊണ്ടാണല്ലോ, ക്രിസ്​തുമസ്​, ഇൗസ്​റ്റർ, പുതുവൽസര രാത്രികളിൽ എല്ലാവരും സംബന്ധിച്ചിരുന്നത്​.
പള്ളിയിൽ ചെലവഴിച്ച സമയമത്രയും എൻറ ഒാർമ്മയിൽവന്നതും അച്ചനുമായുള്ള വ്യക്​തിപരമായ അടുപ്പമായിരുന്നു. എസ്​.എസ്​.എൽ.സി കഴിഞ്ഞപ്പോൾ എൻജിനിയറിംഗ്​ ഡി​പ്ലോമക്ക്​ പോകണ​െമന്നായിരുന്നു ആഗ്രഹം. പക്ഷെ, 234 മാർക്കുള്ള എനിക്ക്​ മെറിറ്റിൽ കിട്ടിലല്ലോ. നേരെ ചെന്നത്​ പള്ളിമേടയിലേക്ക്​.  ആലപ്പുഴ കാർമ്മൽ പോളിടെക്​നിക്കിലെ മാനേജർ അച്ചന്​ പിൻഹിറോ അച്ചൻ ഒരു കത്ത്​ തന്നു. കത്തുമായി ഞാൻ പുന്നപ്രയിലെത്തി. പക്ഷെ, മാനേജ്​മെൻറ്​ ക്വാട്ടയ്​ക്കും മിനിമം മാർക്കു​​ണ്ടെന്ന്​ എനിക്കറിയില്ലായിരുന്നു. പിന്നിട്​ സമരവും ബഹളവും ഒക്കെയായി നടക്കുന്നതിനിടെയാണ്​ വിദ്യാർഥി പ്രശ്​നങ്ങളുമായി ബന്ധ​പ്പെട്ട്​ മൂന്നാർ ടൗണിൽ ഞാൻ നിരാഹാരം കിടന്നത്. ​ ഒരു മഴക്കാലത്തായിരുന്നു അത്​.  അന്ന്​ അച്ചൻ  ഒരു ബെഡ്​ഷീറ്റ്​ തന്നാണ്​ നിരാഹാര പന്തലിലേക്ക്​ അയച്ചത്​. അന്തരിച്ച കെ.എം.പരീത്​ ലബ്ബ ഒരു ചാക്ക്​ കരിയും അടുപ്പും എത്തിച്ചു.
മൂന്നാർ കോളജ്​, മൂന്നാർ ടൗൺ വികസനം, മൂന്നാർ ഹൈഡാമിന്​ എതിരെയുള്ള സമരം, മൂന്നാർ മേള തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും പിൻഹിറോ അച്ചൻ നേതൃനിരയിലുണ്ടായിരുന്നു. വിജയപുരം രൂപതയുടെ വികാരി ജനറാൾ ആയാണ്​ അച്ചൻ മൂന്നാർ വിട്ടത്​. തൃശുർ ജില്ലയിലെ പടിയുർ സ്വദേശിയായിരുന്നു പിൻഹിറോ അച്ചൻ. 2006 ഡിസംബർ ആറിന്​ അച്ചൻ ലോകത്തോട്​ വിടവാങ്ങി. പിൻഹീറോ അച്ചൻ ഇന്നില്ലെങ്കിലും അദേഹത്തിൻറ ഒാർമ്മകൾ മൂന്നാറിനൊപ്പമുണ്ട്​. അച്ചൻ ജീവിച്ച മൂന്നാറല്ല, ഇന്നത്തേത്​ എന്ന ദു:ഖമുണ്ട്​. മതവും ജാതിയും മാത്രമല്ല, എല്ലാം കച്ചവട കണ്ണ്​ മാത്രമായി.