Pages

25 October 2017

ഗാന്ധിഭവൻ എന്ന ഗ്രാമം


കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചു. പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്​കാരം സ്വീകരിക്കുന്നതിനാണ്​ പോയത്​. ചടങ്ങ്​ ആരംഭിക്കുന്നതിന്​ മുമ്പ്​ തന്നെ അവിടെ എത്തിയതിനാൽ, ഗാന്ധിഭവനിലുടെ ഒരു യാത്ര നടത്തി. സാധാരണ ഒരു അഗതി മന്ദിരം എന്നതായിരുന്നു ഗാന്ധി ഭവനനെ കുറിച്ചും എൻറ ധാരണ. എന്നാൽ​ 1300​​ലേറെ അന്തേവാസികളെ ഒരു പരാതിയും ഇല്ലാതെ സംരക്ഷിക്കുന്ന മാനേജ്​മെൻറ്​ മാജിക്​ അതിശയിപ്പിക്കുന്നതാണ്​. ആറ്​ മാസംപ്രായമുള്ള കുഞ്ഞ്​ മുതൽ 104 വയസുള്ള അമ്മ വരെയുള്ളവരാണ്​ അന്തേവാസികൾ. ഇവരിൽ പ്രശസ്​തരുണ്ട്​, സിനിമ നടനുണ്ട്​, ഗായകരുണ്ട്​, രാഷ്​ട്രിയ നേതാക്കളായിരുന്നവരുണ്ട്​. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുണ്ട്​. മക്കളും ചെറുമക്കളുമടക്കം എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരാണ്​ ഇവിടെ കഴിയുന്നത്​.
ഫണ്ടിൻറ ലഭ്യത മാറ്റി വെക്കാം. എങ്കിലും പലതരത്തിലുള്ളവരെ മാനേജ്​ ചെയ്യുക എന്നത്​ നിസാര കാര്യമല്ലല്ലോ. പലതരം രോഗമുള്ളവർ, മാനസിക വൈകല്യമുള്ളവർ, ബുദ്ധിവൈകല്യമുള്ളവർ, കിടപ്പിലായവർ അങ്ങനെ ആ പട്ടിക നീളുന്നു. പലർക്കും ഭക്ഷണം വാരികൊടുക്കുന്നു. ചിലരൊയൊക്കെ വീൽചെയറിലാണ്​ കൊണ്ട്​ പോകുന്നത്​. ചിലർ അവർ അറിയാതെ മലമൂത്ര വിസർജനം നടത്തുന്നവരാണ്​. എങ്കിലും ക്ഷമയോടെ അതൊക്കെ വൃത്തിയാക്കാനും  ഗാന്ധിഭവൻ എന്ന ഗ്രാമം കഴുകി വൃത്തിയായി സൂക്ഷിക്കാനും സന്നദ്ധ പ്രവർത്തരെ പോലെ ജീവനക്കാർ റെഡിയാണ്​. അന്തേവാസികൾക്ക്​ വേണ്ടിയുള്ള ബാർബർ ഷാപ്പ്​ മറ്റൊരു കാഴ്​ചയായിരുന്നു.
ഇതൊരു ​ഗ്രാമമാണ്​. അവർക്ക്​ മാത്രമായി ഗ്രാമ പഞ്ചായത്തുണ്ട്​. ഒമ്പത്​ വാർഡുകളായി തിരിച്ച്​ അംഗങ്ങളെയും അവരിൽ നിന്നും പ്രസിഡൻറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്​. പഞ്ചായത്ത്​ ആഫീസും പ്രവർത്തിക്കുന്നു.ചെറുതെങ്കിലും മനോഹരമായ ഗ്രന്ഥശാലയും  പുസ്​തകശാലയും പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങൾക്കായി അംഗൻവാടി, സ്​പെഷ്യൽ സ്​കുൾ എന്നിവയും ഗാന്ധിഭവൻറ ഭാഗമാണ്​. അന്തേവാസികൾ ഉൽപാദിപ്പിക്കുന്ന വിവിധ തരം സോപ്പുകൾ, അച്ചാറുകൾ തുടങ്ങിയവയുടെ വിൽപനക്കായി പ്രത്യേക സ്​റ്റാളുണ്ട്​.
ഭക്ഷണത്തിനേക്കാൾ കുടുതൽ തുക ചെലവഴിക്കുന്നത്​ മരുന്നുകൾക്ക്​ വേണ്ടിയാണെന്നാണ്​ പറഞ്ഞത്​. അപ്പോലപ്പതി, ആയൂർ​വേദ, ഹോമിയോ ഡോക്​ടർമാരും മെഡിക്കൽ സ്​റ്റോറമുണ്ട്​. നിയമസഹായ കേന്ദ്രങ്ങളാണ്​ ഏറെ ആകർഷകമായി തോന്നിയത്​. വനിത കമ്മിഷൻ, നിയമസഹായ വേദി എന്നിവയുടെ നിയമസഹായ കേന്ദ്രങ്ങളും അഭിഭാഷകരുമുണ്ട്​. അന്തേവാസികൾക്ക്​ നിയമസുരക്ഷയും ഉറപ്പ്​ നൽകുന്നു.
ഇത്​ മറ്റൊരു ലോകമാണ്​. നേരത്തെ സൂചിപ്പിച്ചത്​ പോലെ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരുടെ ലോകം. ജനിച്ച വീട്ടിൽ അന്യരെ പോലെ കഴിയേണ്ടി വന്നവർ ഗാന്ധിജിയുടെ തണലിൽ പരസ്​പരം സ്​നേഹിച്ചും വിശേഷങ്ങൾ പങ്കിട്ടും കഴിയുന്നു.അവർക്ക്​ വിഭവ സമൃദ്ധമായ ഭക്ഷണവും മരുന്നും പരിചരണവും നൽകാൻ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലുർ സോമരാജനും ഭാര്യയും മകനും മാത്രമല്ല, ഒരു സംഘം തന്നെയുണ്ട്​ ഇവിടെ.
ഗാന്ധി ഭവൻ സന്ദർശിക്കുന്നവർക്ക്​ ഗാന്ധിഭവൻറ സ​ന്ദേശവുമായി അവരുടെ തന്നെ ചിത്രമെടുത്ത്​ ലാമിനേറ്റ്​ ചെയ്​ത്​ നൽകുന്നത് മറ്റൊരു സന്ദേശം എന്നും പറയാതെ വയ്യ. ഗാന്ധിഭവൻ സന്ദർശനം ഒരിക്കലും മറക്കാതിരിക്കാൻ.

19 October 2017

കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ



ഒാരോ കുറിഞ്ഞിക്കാലം കഴിയു​േമ്പാഴും ഒരു വ്യാഴവട്ടത്തേക്കുള്ള ഓർമ്മകൾ ബാക്കി വെച്ച്  അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സംഘമുണ്ട്​. എവിടെയെങ്കിലും വ്യാപകമായി കുറിഞ്ഞി  പൂത്താൽ മാത്രം ഒത്ത്​ കൂടുകയും അതു കഴിഞ്ഞാൽ സ്വന്തം ജോലികളിൽ മുഴുകുകയും ചെയ്യുന്ന സേവ്​ കുറിഞ്ഞി കൂട്ടായ്​മ. കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് ഇൗ കുറിഞ്ഞിക്കൂട്ടായ്മ.  മൂന്നാർ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാൽ  കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലിൽ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി കൂട്ടായ്​മയാണ്​.
അടുത്ത വർഷം കുറിഞ്ഞി പൂക്കുന്നതോടെ ഇൗ സംഘം വീണ്ടും ഒത്ത്​ ചേരും. അതിന്​ മുമ്പായി ഒരുപക്ഷെ, കുറിഞ്ഞി യാത്ര ഉണ്ടായേക്കാം. കാരണം ഇതാദ്യമായി കുറിഞ്ഞയെ അന്തർദേശിയ തലത്തിൽ  മാർക്കറ്റ്​ ചെ യ്യാനുള്ള ശ്രമമാണ്​ ടൂറിസം വകുപ്പ്​ നടത്തുന്നത്​. അതിനാൽ, സംരക്ഷണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കേണ്ടി വരും. ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണം.
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയിൽ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറിൽ കൊഡൈക്കനാലിൽ എത്തിയത്. അവരിൽ ദമ്പതികളുണ്ടായിരുന്നു. വിദ്യാർഥികളും മാധ്യമ പ്രവർത്തകരും തുടങ്ങി  പരിസ്​ഥിതി പ്രവർത്തകർ വരെ ഉണ്ടായിരുന്നു. കഞ്ചാവൂർ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറിൽ സമാപിച്ചത്. യാത്രക്കൊടുവിൽ സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിലും രൂപം കൊണ്ടു.
2014ൽ  മൂന്നാർ മേഖലയിൽ കുറിഞ്ഞി പൂക്കൾ നീലിമ പകർന്നപ്പോൾ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നത്​. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലായിരുന്നു. ഒക്ടോബർ രണ്ടിന് കൊടൈക്കനാൽ ബോട്ടു ക്ലബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറിൽ സമാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ജയലളിതയുടെ ജയിൽ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങൾ ഒത്തു ചേർന്നത്.
2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരിൽ കാണുന്നവരായിരുന്നു പലരും. 25വർഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലർ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്.
 ബാങ്കുദ്യോഗസ്​ഥനായിരുന്ന ജി.രാജ്​കുമാറിൽ  കേന്ദ്രികരിച്ച്​ പ്രവർത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയിൽ കൗൺസിലിൻറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാൽ സ്​റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂർ, വട്ടവട വില്ലേജുകളിലെ 3200 ഹെക്ടർ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. സസ്യത്തിന്​ വേണ്ടിയുള്ള രാജ്യത്തെ മൂന്നാമത്തെ സ​േങ്കതവും. 2006ൽ തന്നെയാണ് തപാൽ വകുപ്പ് കുറിഞ്ഞി സ്​റ്റാമ്പ് പുറത്തിറക്കിയതും. ഇൗ സംഘത്തിൽപ്പെട്ട പി.ശ്രീകുമാറാണ്​ കുറിഞ്ഞി ഡോക്യമെൻററി പുറത്തിറക്കിയിട്ടുള്ളത്​. കേരളത്തിൽ എവിടെയൊക്കെ കുറിഞ്ഞിയുണ്ടോ അതിൻറ വിവരങ്ങളുണ്ട്​.
കഴിഞ്ഞ തവണ കുറിഞ്ഞി പൂത്ത മൂന്നാർ മലനിരകളിൽ ഇനിയും നീലകടൽ വിരിയാൻ 2026വരെ കാത്തിരിക്കണമെങ്കിലും 2006ൽ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും അടുത്ത വർഷം കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കൾക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാൽ, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികൾ കുറിഞ്ഞി കാണാൻ എത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും 1300 മുതൽ 2400 വരെ മീറ്റർ ഉയരത്തിലുള്ള പുൽമേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവർ തന്നെ കൗതുകത്തിെൻറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്​ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവർ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്​തി നേടിയ  നീലഗിരിയിൽ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയിൽ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലിൽ വാറ്റിൽ പ്ലാെൻറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതൽ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാർ മേഖലയിലാണ്.


16 October 2017

വീണ്ടും ഒരു കുറിഞ്ഞിക്കാലം എത്തു​േമ്പാൾ


 പശ്ചിമഘട്ട മലനിരകൾ ഒരിക്കൽ കൂടി നീലകുറിഞ്ഞിയെ  വരവേൽക്കാൻ ഒരുങ്ങുകയാണ്​.അടുത്ത വർഷം മെയ്​ മുതൽ പഴനിമലയിൽ കുറിഞ്ഞി വിരിയും.
ഇതാദ്യമായി  ഇത്തവണ കുറിഞ്ഞിക്കാലത്തെ വരവേൽക്കാൻ ഒരു  വർഷം മു​േമ്പ മൂന്നാർ കേ​ന്ദ്രീകരിച്ച്​ ഒരുക്കങ്ങൾ തുടങ്ങി. ടൂറിസമാണ്​ ലക്ഷ്യം. കുറിഞ്ഞികച്ചവടം മുന്നിൽ കണ്ട്​ ഹോട്ടലുകൾ ധാരാളമായി ഉയരുന്നുണ്ട്​. ഇനിയൊരു കുറഞ്ഞിക്കാലം വരുന്നത്​ 2026ലാണ്​. അപ്പോഴെക്കും കുറിഞ്ഞി ഉണ്ടാകുമോ?അതിനാൽ ഇത്തവണ കടുംവെട്ടായിരിക്കും ലക്ഷ്യം.
ഇൻഡ്യയിൽ ഇത്രയും കുറിഞ്ഞിക്കാട്​ മറ്റെങ്ങും ഇല്ലെന്നതാണ്​ മുന്നാറിൻറ പ്രത്യേകത. എന്നാൽ, ഒാരോ സീസൺ കഴിയു​േമ്പാഴും കുറിഞ്ഞിയുടെ വിസൃതി കുറഞ്ഞ്​ വരുന്നുവെന്നതാണ്​ വസ്​തുത.ഇപ്പോൾ യഥാർഥത്തിൽ കുറിഞ്ഞി അവശേഷിക്കുന്നത്​ സംരക്ഷിത മേഖലയിൽ മാത്രമാണ്​^ ഇരവികുളത്തും കുറിഞ്ഞി സ​​േങ്കതത്തിലും. 1970ൽ അങ്ങനെയായിരുന്നില്ല, മുന്നാറിൽ എവിടെ നോക്കിയാലു​ കുറിഞ്ഞി കാണുമായിരുന്നു. 1982ലും വലിയ മാറ്റം വന്നില്ല.എന്നാൽ, 1989ൽ സ്​ഥിതി മാറി. കുറിഞ്ഞി കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പത്രങ്ങളാണ്​ കാരണം. വന്നവർ വെറും കയ്യോടെ മടങ്ങിയില്ല, അവർ കുറിഞ്ഞി ചെടിയുമായി മലയിറങ്ങിയപ്പോൾ മറ്റൊരുകുട്ടർ മൂന്നാറിൻറ കച്ചവട സാധ്യത മുന്നിൽ കണ്ട്​ മലകയറി. കുറിഞ്ഞി കാടുകൾ റിസോർട്ടുകളാക്കിയത്​ അവരാണ്​. മുന്നാറിന്​ സമീപത്തെ പോതമേട്​,ലോകാർഡ്​ ഗ്യാപ്പ്​, മുന്നാർ ടൗണിലെ ഭാഗങ്ങൾ, വട്ടവട എന്നിവിടങ്ങളൊക്കെ കുറിഞ്ഞികാടുകൾ ആയിരുന്നു. എന്നാൽ, ഇന്ന്​ അവിടെ കുറിഞ്ഞി ചെടി പേരി​ന്​ പോലുമില്ലെന്ന്​ ദു:ഖത്തോടെ പറയേണ്ടി വരുന്നു.
ഇത്തവണ കുറിഞ്ഞിയെ വരവേൽക്കാൻ സർക്കാർ തലത്തിൽ വലിയ ഒരുക്കങ്ങൾ നടത്തുകയാണ്​. മുന്നാറിലേക്ക്​സമാന്തര പാത, വാഹനങ്ങൾക്ക്​ പാർക്കിംഗ്​ ഗ്രൗണ്ട്​ അങ്ങനെ പോകുന്നു.കുറിഞ്ഞിയെ മറയാക്കി പുതിയ കയ്യേറ്റത്തിനുള്ള ശ്രമമെന്ന്​ വേണം ഇതിനെ കാണാൻ. റോഡും തോടും കയ്യേറപ്പെടുകയാണ്​. അവിടെങ്ങളിൽ പുതിയ പെട്ടികടകൾ ഉയരുന്നു. ഒരു വർഷത്തിനകം റിസോർട്ടായി മാറുമെന്ന്​ പ്രതീക്ഷിക്കാം.
പക്ഷെ, ഒരു വ്യാഴവട്ടം മുമ്പ്​, പ്രഖ്യാപിച്ച കുറിഞ്ഞി സ​േങ്കതം എവിടെ? ഇനിയും അവസാന പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ, അതിർത്തി പുനർനിർണയിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നു. ഹരിത ട്രൈബ്യുണലിൽ കേസുമുണ്ട്​. അവിടെ ഗ്രാൻറിസ്​ കൃഷി നടത്താൻ പദ്ധതിയിട്ടവർ കഴുകൻ കണ്ണുകളുമായി കുറിഞ്ഞി സ​േങ്കതത്തിന്​ മുകളിലുടെ പറന്ന്​ നടക്കുന്നു.
 വ്യാപകമായി നീലകുറിഞ്ഞി പൂക്കുന്ന 2018നെ നീലകുറിഞ്ഞി വർഷമായി പ്രഖ്യാപിക്കണമെന്ന്​ കഴിഞ്ഞ തവണ നിർ​ദേശിച്ചതാണ്​. പക്ഷെ, ഒന്നും സംഭവിച്ചില്ല. കുറിഞ്ഞിയെ സംരക്ഷിത സസ്യത്തിൻറ പട്ടികയിൽപ്പെടുത്തി വനം വകുപ്പ്​ ഉത്തരവിറക്കണം.  ചെടികൾ പിഴുതെടുക്കുന്നവർക്ക്​ എതിരെ വനനിയമ പ്രകാരം കേസ്​ എടുക്കാൻ കഴിയണം. കുറിഞ്ഞി ചെടി കയറ്റുന്ന വാഹനം പിടിച്ചെടുക്കണം. എങ്കിലെ അവശേഷിക്കുന്ന കുറിഞ്ഞി സംരക്ഷിക്കൻ കഴിയുകയുള്ളു. കുറിഞ്ഞികാലത്തേക്ക്​ മാത്രമായി കുറിഞ്ഞി സ്​പെഷ്യൽ ആഫീസറെ നിയമിക്കണം.
ഇത്രയേറെ സഞ്ചാരികളെ ഉൾക്കൊള്ളാൻ മൂന്നാറിന്​ കഴിയുമോയെന്നത്​ സംബന്ധിച്ച്​ ദുരന്തനിവാരണ അതോറിറ്റി പഠനം നടത്തണം. ഉരുൾപ്പൊട്ടൽ സാധ്യത കൂടി കണക്കിലെടുത്ത്​ പാരിസ്​ഥിതിക ആഘാത പഠനം നടത്തുകയും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച്​ ദുരന്ത നിവാരണ അതോറിറ്റി ആഡിറ്റ്​ നടത്തുകയും വേണം. ആയിരകണക്കിന്​  വാഹനങ്ങൾ മലകയറി വരുന്നതിലൂടെ സൃഷ്​ടിക്കപ്പെടുന്ന മലീനികരണം ചെറുതല്ല. മൂന്നാറിൻറ ആവാസ വ്യവസ്​ഥക്ക്​ തന്നെ മാറ്റം വരികയാണ്​. മൂന്നാറിൻറ ജൈവവൈവിധ്യം ഇല്ലാതാകാൻ ഇത്​ കാരണമാകും. കുറിഞ്ഞിക്കും വരയാടിനും ഇത്​ ഭീഷണിയാണ്​. അതിനാൽ, വാഹനങ്ങളെ നിയന്ത്രിക്കണം. അടിമാലി, പൂപ്പാറ, മറയുർ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യ​െട്ട. അവിടെ നിന്നും പൊതു വാഹനങ്ങൾ മതിയെന്ന്​ തീരുമാനിക്കണം. തിരുപ്പതിക്കും പമ്പക്കും വാഹനങ്ങൾ കടത്തി വിടുന്നില്ലല്ലോ.