Pages

07 April 2017

പരിഹരിക്കപ്പെടണം, മൂന്നാർ പ്രശ്നം


മുന്നാർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. അതല്ലെങ്കിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരംകുടിയ ആനമുടിയിലും നാളെ റിസോർട്ട് ഉയർന്ന് വരും. വിനോദ സഞ്ചാരികൾക്ക് വേണ്ടി ടെൻറുമായി കാട് കയറുന്ന കച്ചവട കണ്ണുള്ള ചിലർ ആനമുടിയെ വെറുതെ വിടുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. 1975ലെ സർക്കാർ ഉത്തരവ് നടപ്പാക്കുകയാണ് ഇതിന് പരിഹാരം. അന്ന് നിർദേശിക്കപ്പെട്ട ഭൂമി പ്ലോട്ടുകളാക്കി വിൽപന നടത്തണം. ആവശ്യക്കാർ വിലക്ക് വാങ്ങ​െട്ട. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പതിച്ച് നൽകണം. ഇങ്ങനെ പതിച്ച് കിട്ടുന്ന ഭൂമി മറിച്ച് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥ വേണം. ഒരു കാര്യം കുടി. കെ.ഡി.എച്ച് വില്ലേജിൽ ജനിച്ചവർക്കായിരിക്കണം ഭൂമി നൽകേണ്ടത്. ടുറിസത്തിൻറ മറവിൽ മല കയറി വന്ന് തിരിച്ചിറിയൽ കാർഡ് സമ്പാദിച്ചവരെ ഇക്കാര്യത്തിൽ പരഗണിക്കരുത്.
1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാർ ടൗണിൽ 272.21 ഏക്കറും ദേവികുളത്ത് 110.21 ഏക്കറും ഭവന രഹിതർക്ക് വേണ്ടി നീക്കിവെച്ചിരുന്നു. സ്വന്തമായി വീടില്ലാത്ത മൂന്നാർ നിവാസികൾക്കും 10-15 സെൻറ് വീതം മാർക്കറ്റ് വിലക്ക് നൽകാനും ടൂറിസ്​റ്റുകൾക്ക് സൗകര്യമൊരുക്കാനുമാണ് ഭൂമി വിലക്ക് നൽകാൻ നിർദേശിച്ചത്. ഇതിന്പുറമെ മുന്നാറിൽ 70.83 ഏക്കർ ഭവന നിർമ്മാണ ബോർഡിനും നീക്കിവെച്ചു.എന്നാൽ, ഇതൊന്നും പാലക്കപ്പെട്ടില്ല.
മൂന്നാറിലെ അനധികൃത ഭൂമിക്ക്​, പിഴയും വിലയും ഇൗടാക്കി നിയമസാധുത നൽകാനാകുമോയെന്ന്​ പരിശാധിക്കണം.
.1971 കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം വരുന്നതിന് മുമ്പായി കമ്പനി ചില സ്വകാര്യ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും മറ്റും ഭൂമി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, എഫ്.സി.െഎ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഭൂമിനൽകി. 232.30 ഏക്കറാണ് ഇങ്ങനെ നൽകിയത്. 1971ന് ശേഷം 161പേർക്കും ഭൂമി കൈമാറി. എന്നാൽ, ഇതിൻറ നിയമസാധുത അന്നും ഇന്നും തർക്കത്തിലാണ്. കുത്തകപാട്ട വ്യവസ്ഥ പ്രകാരം കമ്പനിക്ക് ലഭിച്ച ഭൂമി അവർ എങ്ങനെ മറിച്ച് വിൽക്കുമെന്നതാണ് തർക്കം.
മൂന്നാറിലെ കയ്യേറ്റങ്ങൾ വർദ്ധിച്ചതോടെയാണ് നവീന മൂന്നാർ എന്ന ആശയം വരുന്നത്.തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ ബിൽ തയ്യാറാക്കി.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച് വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അനധികൃത റിസോർട്ടുകൾക്കടക്കം നിയമസാധുത നൽകുന്നതിലൂടെ പിഴയായും  ഭൂമിയുടെ മാർക്കറ്റ് വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടി. എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബില്ല് നിയമസഭയിൽ എത്തിയില്ല.
ഇടക്കിടെ മൂന്നാർ കയ്യേറ്റം ചർച്ചയാകുന്നു. ഇതേസമയം മറുഭാഗത്ത് കയ്യേറ്റം തുടരുന്നു. ചിലർക്ക് ഇതൊരു അക്ഷയപാത്രമാണ്. അവർ സാധാരണക്കാരെ മുന്നിൽ നിർത്തി കയ്യേറ്റത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. കയ്യേറ്റമെന്നത് യാഥാർഥ്യമാണ്. കൊച്ചിയെയും മുംബൈയേയും വെല്ലുന്ന ബഹുനില മന്ദിരങ്ങളാണ് ഉയരുന്നത്. ഹൈറേഞ്ചാണ് എന്ന ഒരു പരിഗണയും നൽകാതെയാണ് കെട്ടിട നിർമ്മാണം. ഇതു വരാനിരിക്കുന്ന ദുരന്തമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ ഭൂമിക്ക് ഉരുൾപ്പൊട്ട സാധ്യത ഏറെയാണ്.മൂന്നാർ ടൗണിലെ ചില സ്ഥലങ്ങൾക്ക് ഭൂചലന പ്രവണതയുമുണ്ട്. 1980കളിൽ ഇങ്ങനെ ചില കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. മരങ്ങളും പുൽമേടുകളുമാണ് ഇൗ മലകളെ സംരക്ഷിച്ച് പോന്നിരുന്നത്. അവിടെയാണ് ഇത്രയേറെ ഭാരം ഭൂമിക്ക് നൽകുന്നത്.ഇടുങ്ങിയ റോഡുകളാണ് മൂന്നാറിലേകുള്ളത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണ്.ആകാശമാർഗമുള്ള രക്ഷാപ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ മാത്രമാണ് സാധ്യമാകുക. ഇതൊക്കെ പരിഗണിച്ച് വേണം ഹൈറേഞ്ചിലെ ഭൂമി പ്രശ്നം കൈകാര്യം ചെയ്യേണ്ടത്.
തോട്ടം തൊഴിലാളികൾ തമിഴ് വംശരാണെങ്കിലും അവർ വന്നത് 1900ത്തിൻറ  തുടക്കത്തിലാണ്.ചിലർക്കെങ്കിലും ഇപ്പോഴും തമിഴ്നാടുമായി ബന്ധമുണ്ട്.എന്നാൽ, ഭൂരിപക്ഷവും അങ്ങനെയല്ല, അവരുടെ കുട്ടികളെ തമിഴ്നാടിൽ പഠിപ്പിക്കാൻ അയക്കുന്നുവെങ്കിലും ബന്ധം ഇൗ മണ്ണിൽ തന്നെ. കമ്പനിയിൽ നിന്നും വിരമിക്കുന്ന തൊഴിലാളികൾ കിട്ടുന്ന പണം ഉപയോഗിച്ച് മറയൂർ,കാന്തല്ലൂർ, ആനച്ചാൽ, തോക്കുപാറ എന്നിവിടങ്ങളിൽ സ്ഥലം വാങ്ങിയിരുന്നു. ടൂറിസത്തിൻറ പേരിൽ ഭൂമി വില കുതിച്ചുയർന്നതോടെ അതിന് കഴിയാതെ വരുന്നു. ഇവർക്ക് ജനിച്ച മണ്ണിൽ പാർപ്പിടംവേണം.
അതു പോലെ തന്നെയാണ് കമ്പനിയുടെ സ്റ്റാഫ് ജീവനക്കാരുടെ അവസ്ഥയും. മധ്യതിരുവിതാംകുറിൽ നിന്നുള്ളവരാണിവരുടെ മുൻതലമുറ. തൊഴിലാളികളെ പോലെ പരമ്പരാഗതമായി കമ്പനിയുടെ ക്വാർേട്ടഴ്സുകളിൽ കഴിയുന്നു. ഇവർക്കും കിടപ്പാടം വേണം. വ്യാപാരികൾ, അവിടെങ്ങളിലെ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിൻറ വിവിധ തുറകളിലുള്ളവരുണ്ട്. ഇവർക്കും ഭൂമി വേണം.
വൻകിട കയ്യേറ്റങ്ങളും അതിലെ റിസോർട്ടുകളും യഥാർഥ്യമാണ്. ഇവരിൽ ഭൂരിഭാഗവും വഞ്ചിക്കപ്പെട്ടവരാണ്. പട്ടയമുണ്ടെന്ന് പറഞ്ഞ് വ്യാജ പട്ടയം നലകി ഭൂമി വിൽപന നടത്തിയത് ഭുമാഫിയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. ഭൂമിക്ക് രേഖയില്ലാത്തവരിൽ നിന്നും മാർക്കറ്റ് വിലയും പിഴയും ഇൗടാക്കിയാൽ നവീന മൂന്നാർ നിർമ്മാണത്തിന് വേറെ പണം കണ്ടെത്തേണ്ടി വരില്ല. ഒപ്പം ഭൂമി സർവേ നടത്തി അവശേഷിക്കുന്ന സർക്കാർ ഭൂമി ജണ്ട കെട്ടി സംരക്ഷിക്കണം.
തേയില,ഏലം വ്യവസായം പ്രതിസന്ധിയലാണെന്നത് സമ്മതിക്കാം. ഏലത്തിന് ബദൽമാർഗം കണ്ടെത്തണം. മരങ്ങൾ നശിപ്പിക്കാതെ എക്കോ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യാം. ഒൗഷധ കൃഷിയും പരിഗണിക്കാം.  മുന്നാർ മേഖലയിൽ കന്നുകാലി വളർത്തൽ പ്രോൽസാഹിപ്പിക്കണം. മൂന്നാറിലെ ടൂറിസം പ്രദേശിക തലത്തിൽ തൊഴിൽ നൽകുന്നുവെന്ന് പറയാൻ കഴിയില്ല. റിസോർട്ടുകളിലെ ക്ലിനിംഗ് ജോലിയിൽ അവശേഷിക്കുന്നു പ്രാദേശിക തൊഴിൽ. സ്വന്തമായി വീടുള്ളവർ ഹോം സ്റ്റേ നടത്തുന്നു.

ഹൈറേഞ്ച് സംരക്ഷിക്കപ്പെടണം
മഴക്കാടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏലമലക്കാടുകളും പുൽമേടുകളും സംരക്ഷിക്കപ്പെടണം. ടുറിസത്തിൻറ പേരിലുള്ള വികസനം കാലാവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയെങ്കിലും മുൻകരുതൽ എടുത്തില്ലെങ്കിൽ കാലാവസ്ഥ മാറും. പുൽമേടുകൾ നശിപ്പിക്കപ്പെട്ടതോടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വരും ദിവസങ്ങളിൽ രൂക്ഷമാകും. കാലാവസ്ഥ മാറിയാൽ മൂന്നാർ ഇല്ലാതാകും. മല കയറി വന്നവർക്ക് പണവുമായി മടങ്ങുകയെന്ന ഏക ലക്ഷ്യമാണുള്ളത്. എന്നാൽ, മൂന്നാർ നിലനിൽക്കേണ്ടത് 1999വരെ കയ്യേറ്റക്കാരിൽ നിന്നും ഇൗമണ്ണിനെ സംരക്ഷിച്ച, ഇവിടെ ജനിച്ച് വളർന്നവരുടെ ആവശ്യമാണ്.1980കളിൽ മൂന്നാർ ടൗണിനെ അപ്പാടെ വെള്ളത്തിലാക്കുന്ന മൂന്നാർ ഹൈഡാം അടങ്ങുന്ന ജലവൈദ്യുത പദ്ധതി തയ്യറാക്കിയപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ചവരാണ് മൂന്നാർ ജനത. ആ ആവേശം മൂന്നാർ സംരക്ഷിക്കുന്നതിലും ഉണ്ടാകണം. 1975ലെ സർക്കാർ ഉത്തരവും 2010ൽ നിർദേശിക്കപ്പെട്ട നവീന മുന്നാറും എന്നതാണ് മുന്നാർ പ്രശ്നം പരിഹരിക്കാനുള്ള ഒറ്റമൂലി. ബഹുനില കെട്ടിട നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠനവും നിർബന്ധമാക്കണം.

No comments:

Post a Comment