Pages

17 November 2014

മുല്ലപ്പെരിയാര്‍: മൗനത്തിലാണ്ട് രാഷ്ട്രീയ കേരളം Published on Mon, 11/17/2014 MADHYAMAM-എം.ജെ. ബാബു

തുലാമഴ ശക്തിപ്രാപിക്കുമ്പോഴാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുക. ജലനിരപ്പ് 130 അടി കവിഞ്ഞാല്‍ മുല്ലപ്പെരിയാറിലേക്കുള്ള നേതാക്കളുടെയും മന്ത്രിമാരുടെയും ഒഴുക്കും ശക്തിപ്പെടുമായിരുന്നു. എന്നാല്‍, ഇത്തവണ ജലനിരപ്പ് 140 അടി കവിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഇതറിഞ്ഞ മട്ടില്ല. മുല്ലപ്പെരിയാറും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തെളിയിച്ച് ഈ വിഷയത്തെ 1997 മുതല്‍ സജീവമാക്കിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഇത്തവണ മൗനം പാലിക്കുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നതനുസരിച്ച് ആശങ്കപ്പെടുന്നത്.
ഇത്തവണ ഒക്ടോബര്‍ പത്തിന് ഉച്ചക്ക് രണ്ടിനോടെ ജലനിരപ്പ് 136 അടിയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 117.8 അടിയായിരുന്നു ജലനിരപ്പെന്ന് അറിയുക. അന്ന് പക്ഷേ, മഴയുണ്ടായിരുന്നില്ല. ഇത്തവണ അങ്ങനെയല്ല. മഴയും തമിഴ്നാടിലെ ഭരണമാറ്റവും ജലനിരപ്പ് ഉയര്‍ത്തുന്നതിന് കാരണമായി. മുല്ലപ്പെരിയാര്‍ വെള്ളത്തിന്‍െറ നേരിട്ടുള്ള ഗുണഭോക്താവാണ് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. ഇതിനും പുറമെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന വാശിയും അവര്‍ക്കുണ്ട്. അതുകൊണ്ടും അവസാനിക്കുന്നില്ളെന്നാണ് പന്നീര്‍സെല്‍വത്തിന്‍െറ പ്രസ്താവന വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 22ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് വിവിധ കര്‍ഷക സംഘടനകള്‍ മധുരയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയവെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അതു നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടായിരിക്കാം ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിക്കുന്ന തേനിയിലെ വൈഗ ഡാമില്‍ പകുതി മാത്രമാണ് വെള്ളമുള്ളത്. ആറു ടി.എം.സി ശേഷിയുള്ള വൈഗയില്‍ നവംബര്‍ ഒന്നിന് 2.4 ടി.എം.സി വെള്ളമാണുണ്ടായിരുന്നത്. വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍നിന്നും കൂടുതല്‍ വെള്ളം അവര്‍ക്ക് കൊണ്ടുപോകാം. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയും പിന്നിട്ടു. ഇതിന് മുമ്പ് 1998 ഡിസംബര്‍ 12നാണ് ജലനിരപ്പ് 140 അടിയിലത്തെിയത്. 1989 ജൂലൈ 25ന് 142.6 അടിയും 1992 നവംബര്‍ 15ന് 141.8 അടിയും രേഖപ്പെടുത്തി.
2011 നവംബര്‍ അവസാനം ജലനിരപ്പ് 136 അടിയിലത്തെിയപ്പോഴാണ് കേരളത്തിനകത്തും അങ്ങ് ഡല്‍ഹിയിലും മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് എം.പിമാരും എം.എല്‍.എമാരും മത്സരിച്ച് സമരം നടത്തിയത്. ഇടുക്കിയിലെ ചപ്പാത്തില്‍ സി.പി.ഐ, കേരള കോണ്‍ഗ്രസ്-എം എം.എല്‍.എമാര്‍ ഒരേ പന്തലില്‍ നിരാഹാരം നടത്തിയപ്പോള്‍ വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളാണ് ഒരു പന്തലില്‍ നിരാഹാരം നടത്തിയത്. ഈ പ്രശ്നത്തിന്‍െറ പേരില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ കൊച്ചിവരെ മനുഷ്യച്ചങ്ങല തീര്‍ത്തതാകട്ടെ ഇടതുമുന്നണിയും. 2011 നവംബര്‍ 23ന് തിരുവനന്തപരുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.7 അടി മാത്രമായിരുന്നു. എന്നാല്‍, തൊട്ടു തലേവര്‍ഷം അതേ ദിവസം 124.2 അടി മാത്രമായിരുന്നു ജലനിരപ്പെന്നും ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാറിന് ഭീഷണിയാണെന്നും കേരളത്തിന് പറയാനുണ്ടായിരുന്നു. ഇതേ കാരണം പറഞ്ഞാണ് 2011 ഡിസംബര്‍ ഒമ്പതിന് നിയമസഭ പ്രത്യേകമായി സമ്മേളിച്ച് ജലനിരപ്പ് 120 അടിയാക്കണമെന്ന പ്രമേയം പാസാക്കിയത്. പക്ഷേ, തമിഴ്നാട് ഇതൊന്നും ഗൗരവമായി കണ്ടിരുന്നില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയതിനെ തുടര്‍ന്ന് യോഗം തന്നെ മാറ്റിവെച്ചതും ഇടുക്കി ജില്ല തമിഴ്നാടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ചില കോണ്‍ഗ്രസ് എം.പിമാര്‍ പ്രസ്താവന നടത്തിയതും ഇതിനെ പിന്തുണച്ച് മൂന്നാറില്‍ പ്രകടനം നടന്നതും മറക്കാനാവില്ല. തമിഴ്നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടതും മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള കുമളി ടൗണില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതുമൊക്കെ ജലനിരപ്പ് ഉയരുന്നത് സൃഷ്ടിച്ച പൊല്ലാപ്പായിരുന്നു.
ഇതുതന്നെയായിരുന്നു 1979 നവംബറിലും സംഭവിച്ചത്. അന്നു പക്ഷേ, അനുവദനീയമായ പരമാവധി ജലനിരപ്പ് 145 അടിയായിരുന്നു. എങ്കിലും അണക്കെട്ടിലെ വിള്ളലും ചോര്‍ച്ചയും ജനങ്ങളില്‍ വലിയ തോതില്‍ ഭീതിപരത്തി. തുടര്‍ന്നാണ് അന്നത്തെ പീരുമേട് എം.എല്‍.എ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍ നിരാഹാര സമരം ആരംഭിച്ചത്. ഒപ്പം ജനകീയ സമരങ്ങള്‍ക്കും വേദിയൊരുങ്ങിയതോടെ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ചരണ്‍സിങ് പ്രശ്നത്തില്‍ ഇടപ്പെടുന്നതും കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി. തോമസിനോട് അടിയന്തരമായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നതും. 1979 നവംബര്‍ 25ന് തിരുവനന്തപരുത്ത് ചേര്‍ന്ന കേന്ദ്ര ജല കമീഷന്‍ യോഗമാണ് ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. 1961ലെ പെരുമഴക്കാലത്ത് ജലനിരപ്പ് 152.35 അടിയിലത്തെുകയും സ്പില്‍വേ കവിഞ്ഞൊഴുകുകയും ചെയ്തത് മുതലാണ് ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ജലനിരപ്പ് 142 അടിയാക്കി പുന$സ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഉയരുന്നതെന്ന പ്രത്യേകതയുണ്ട്. കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തികരിച്ചതിനാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാടിന് സ്ഥാപിക്കേണ്ടതുണ്ട്. . അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷനിലെ ഉദ്യോഗസ്ഥര്‍ക്കും അവര്‍ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുണ്ട്. പ്രശ്നത്തില്‍ കേരളം ഇത്രയും കാലം പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് തമിഴ്നാട്. പഴയതുപോലെ കേന്ദ്ര ഇടപ്പെടല്‍ ഉണ്ടാകില്ളെന്നും തമിഴ്നാടിനറിയാം. കേരളം ഇതിനപ്പുറം പോകില്ളെന്ന നിഗമനത്തിലാണ് തമിഴ്നാടിന്‍െറ ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതേസമയം, മുല്ലപ്പെരിയാര്‍ ബേബി ഡാം ഉയര്‍ത്തുന്ന ഭീഷണി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കേരളത്തിന് കഴിഞ്ഞിട്ടില്ല. ജലനിരപ്പ് 142 അടിയിലത്തെുന്നതോടെ ബേബി ഡാമില്‍ സമ്മര്‍ദം രൂപപ്പെടുമെന്നും അപകട ഭീഷണി ഉയര്‍ത്തുമെന്നും 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയത് കേന്ദ്ര സര്‍ക്കാറിന് കീഴിലെ സി.എസ്.എം.ആര്‍.എസ് എന്ന സ്ഥാപനമാണ്. ഇപ്പോള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. ചേര്‍ച്ച വര്‍ധിച്ചിരിക്കുന്നു. ഭൂമിയും കെട്ടും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിസമ്ക് സോണ്‍ നാലില്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ മേഖലയില്‍ 7.5വരെ തീവ്രതയുള്ള ഭൂചലനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുമ്പ് പ്രക്ഷോഭവുമായി രംഗത്തുവന്നവരൊന്നും ഇപ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് മനസ്സിലാകാത്തത്. അണക്കെട്ട് സുരക്ഷിതമാണെന്ന് സമ്മതിക്കുകയാണോ ഈ മൗനത്തിലൂടെ.
.

No comments:

Post a Comment