Pages

05 November 2014

കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ



ഒരു വ്യാഴവട്ടത്തേക്കുള്ള ഓര്‍മ്മകള്‍ ബാക്കി വെച്ച് ഒരു കുറിഞ്ഞി പുക്കാലം കൂടി വിടവാങ്ങി. അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍ ആ കൂട്ടായ്മയും വഴിപിരിഞ്ഞു. കേരളത്തിന്‍െറ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് കുറിഞ്ഞിക്കൂട്ടായ്മ. കുറിഞ്ഞി പൂക്കാലത്ത് മാത്രമുള്ള കുറിഞ്ഞി യാത്രയുടെ  രജത ജൂബിലിയായിരുന്നു ഇത്തവണ. മൂന്നാര്‍ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാല്‍  കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലില്‍ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി സ്നേഹികളാണ.്
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയില്‍ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറില്‍ കൊഡൈക്കനാലില്‍ എത്തിയത്. അവരില്‍ ദമ്പതികളുണ്ടായിരുന്നു. വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി  പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ അന്നത്തെ യാത്രയിലുണ്ടായിരുന്നു. കഞ്ചാവൂര്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറില്‍ സമാപിച്ചത്. യാത്രക്കൊടുവില്‍ സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സിലും രൂപം കൊണ്ടു.
ഇത്തവണ മൂന്നാര്‍ മേഖലയില്‍ കുറിഞ്ഞി പൂക്കള്‍ നീലിമ പകര്‍ന്നപ്പോള്‍ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നതെന്നത് യാദൃശ്ചികം. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലും. ഒക്ടോബര്‍ രണ്ടിന് കൊടൈക്കനാല്‍ ബോട്ടു ക്ളബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറില്‍ സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ ജയില്‍ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങള്‍ ഒത്തു ചേര്‍ന്നത്. 2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരില്‍കാണുന്നവരായിരുന്നു പലരും. 25വര്‍ഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലര്‍ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്. ആദ്യ ദിനത്തില്‍ സെവന്മല മലയിലെ കുറിഞ്ഞികണ്ടു മടങ്ങിയെങ്കിലും  പിറ്റേന്ന് മാടുപ്പെട്ടിയിലെ കുറിഞ്ഞി മല കാണാനുള്ള ശ്രമം വനപാലകര്‍ തടഞ്ഞു. സന്ദര്‍ശകര്‍ കുറിഞ്ഞി പിഴൂതെടുക്കുന്നത് തടയണമെന്ന് സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സില്‍ വനം മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വനപലകരെ ഡ്യുട്ടിക്ക് നിയോഗിച്ചതിന്‍െറ പ്രതിഫലനമായിരുന്നു കുറിഞ്ഞി കാണുന്നതിനുള്ള അനുമതി നിഷേധിക്കലിന് പിന്നിലെന്ന് പിന്നിടാണ് അറിഞ്ഞത്.
ജി. രാജ്കുമാര്‍ എന്ന ബാങ്കുദ്യോഗസ്ഥനില്‍ കേന്ദ്രികരിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയില്‍ കൗണ്‍സലിന്‍െറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാല്‍ സ്റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂര്‍, വട്ടവട വില്ളേജുകളിലെ 3200 ഹെക്ടര്‍ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭൗഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. 2006ല്‍ തന്നെയാണ് തപാല്‍ വകുപ്പ് കുറിഞ്ഞ സ്റ്റാമ്പ് പുറത്തിറക്കിയതും.
ഇത്തവണത്തെ കുറിഞ്ഞിപൂക്കാലത്തിന് വിട നല്‍കാന്‍ സമയമായി. പൂക്കള്‍ കരിഞ്ഞ് തുടങ്ങി. അതോടെ കുറിഞ്ഞി മലകളുടെ നീല നിറം നഷ്ടമാകും. മൂന്നു മാസം കൂടി ചെടികള്‍ക്ക് ആയുസുണ്ടാകും. കരിഞ്ഞൊണുങ്ങുന്ന ചെടിയില്‍ നിന്നും വിത്തു പുറത്ത് വരുന്നതോടെ ആയുസവസാനിക്കും.
ലക്ഷക്കണക്കിന് സഞ്ചാരികളില്‍ ‘നീലവസന്തം’ സമ്മാനിച്ചാണ് ഇത്തവണത്തെ കുറിഞ്ഞിക്കാലം പിന്‍വാങ്ങുന്നത്. ഇപ്പോള്‍ കുറിഞ്ഞി പൂത്ത മൂന്നാര്‍ മലനിരകളില്‍ ഇനിയും നീലകടല്‍ വിരിയാന്‍ 2026വരെ കാത്തിരിക്കണമെങ്കിലും 2006ല്‍ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും 2018ല്‍കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കള്‍ക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാല്‍, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികള്‍ കുറിഞ്ഞി കാണാന്‍ എത്തുന്നു. പക്ഷെ, ഇനിയൊരു പൂക്കാലം ഉണ്ടാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വര്‍ധിച്ച തോതിലുടെ ഭൂമി കയ്യേറ്റമാണ് കുറിഞ്ഞിക്കും വംശ നാശം വരുത്തുന്നത്. ഇതിനും പുറമെ സഞ്ചാരികളായി എത്തുന്നവരും കുറിഞ്ഞി ചെടികളുമായി മലയിറങ്ങുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1300 മുതല്‍ 2400 വരെ മീറ്റര്‍ ഉയരത്തിലുള്ള പുല്‍മേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവര്‍ തന്നെ കൗതുകത്തിന്‍െറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവര്‍ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്തി നേടിയ  നീലഗിരിയില്‍ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയില്‍ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലില്‍ വാറ്റില്‍ പ്ളാന്‍െറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതല്‍ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാര്‍ മേഖലയിലാണ്.
ലോകത്താകമാനം 300ഇനം കുറിഞ്ഞിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 150 ഇനം ഇന്‍ഡ്യയിലാണ്. പശ്ചിമഘട്ടത്തിലുള്ളെ 59 ഇനങ്ങളില്‍ 44എണ്ണം വംശ നാശ ഭീഷണി നേരിടുന്നവയാണ്. ഒന്നു മുതല്‍ 16വരെ വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറിഞ്ഞി പൂക്കുന്നു. ഇതില്‍ 16വര്‍ഷത്തെ ഇടവേളയില്‍ പൂക്കുന്ന നീലകുറിഞ്ഞി അടുത്ത കാലത്തൊന്നും കണ്ടത്തെിയിട്ടില്ല. എന്നാല്‍,  1826 മുതല്‍ 1934 വരെയുള്ള 12വര്‍ഷത്തെ ഇടവേളകളിലെ നീലകുറിഞ്ഞി കാലം മുംബൈ നാച്ചുറല്‍ ഹിസ്റ്ററി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനടുത്തെ ഇരവികുളത്ത് എട്ടുതരം കുറിഞ്ഞി ചെടികള്‍ ഫീല്‍ഡ് പബ്ളിസിറ്റി ഓഫീസറായിരുന്ന പി.കെ.ഉത്തമന്‍ 1988ല്‍ കണ്ടത്തെിയിരുന്നു.പുക്കള്‍,ഇല,ചെടിയുടെ ഉയരം എന്നിവയിലൂടെയാണ് വിവിധയിനം കുറിഞ്ഞികളെ തിരിച്ചറിയുന്നത്. 30 മുതല്‍ 60വരെ സെന്‍റിമീറ്റര്‍ ഉയരത്തില്‍ വളരുന്നതാണ് കുറിഞ്ഞി ചെടികള്‍.
ഇനിയും കുറിഞ്ഞി പൂക്കുന്ന 2018നെ അന്താരഷ്ട്ര കുറിഞ്ഞി വര്‍ഷമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇത്തവണ കുറിഞ്ഞി യാത്ര ഉയര്‍ത്തിയത്. 2006ല്‍ പ്രഖ്യാപിച്ച കുറിഞ്ഞി സങ്കേതത്തിന്‍െറ അവസാന വിഞ്ജാപനം എത്രയും വേഗം പ്രഖ്യാപിക്കണം. അവശേഷിക്കുന്ന കുറിഞ്ഞികളെ സംരക്ഷിക്കുന്നതിലുടെ പുല്‍മേടുകളും നീരുറവുകളും സംരക്ഷിക്കപ്പെടുമെന്ന സന്ദേശവും കുറിഞ്ഞിയാത്രയിലുടെ നല്‍കുന്നു.

No comments:

Post a Comment