Pages

25 November 2014

മുല്ലപ്പെരിയാറില്‍ ഇനി വേണ്ടത്


മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടുമൊരു സര്‍വകക്ഷി യോഗം ചേരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കിയ സുപ്രിം കോടതിയുടെ 2006ലെ വിധി ശരിവെച്ചും കേരള നിയമസഭ പാസാക്കിയ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) നിയമം അഥവാ അണക്കെട്ട് സുരക്ഷാ നിയമം അസാധുവാക്കിയും 2014 മെയ് ഏഴിന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഏറ്റവും അവസാനമായി ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നൊഴികെയുള്ളതൊന്നും നടപ്പാക്കാന്‍ കഴിയാതിരിക്കെയാണ് വീണ്ടും യോഗം ചേരുന്നതെന്നത്്. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹരജി നല്‍കുകയെന്ന തീരുമാനം മാത്രമാണ് നടപ്പായത്. കേരള നിയമസഭ പാസാക്കിയ നിയമം സുപ്രിം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ രാഷ്ട്രപതിയെ ഇടപ്പെടുവിക്കണമെന്നും ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യുണലിനെ സമീപിക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇനിയെന്ത് എന്നത് സംബന്ധിച്ചായിരിക്കണം വ്യക്തമായ തീരുമാനം വേണ്ടത്. സുപ്രിം കോടതിയില്‍ ഹരജി നിലവിലുണ്ടെങ്കിലും അവര്‍ പരിശോധിക്കുന്നത് സാങ്കേതിക സമിതികളുടെ റിപ്പോര്‍ട്ടുകളായിരിക്കും. നിലവിലെ സാങ്കേതിക റിപ്പോര്‍ട്ടുകളൊക്കെ  മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുക്ഷിതമാണെന്നിരിക്കെ വിധി കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വേണ്ടത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച്  അന്തര്‍ദേശിയ ഏജന്‍സിയുടെ പഠനമാണ്.
മൂല്ലപ്പെരിയാറിന്‍െറ ഒന്നേകാല്‍ നുറ്റാണ്ട് പിന്നിടുന്ന ചരിത്രത്തില്‍ 1941ല്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളു. ഭൂ ഉടമയായ തിരുവിതാംകൂറിന്‍െറ അനുമതി കൂടാതെ വൈദ്യുതി ഉല്‍പാദിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കല്‍ക്കത്ത ഹൈ കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21ന് ചരിത്ര പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചത്. കരാര്‍ പ്രകാരം ജലസേചനത്തിന് നല്‍കിയ ജലം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ളെന്നതായിരുന്നു വിധി. അന്ന് തിരുവിതാംകൂറിന് വേണ്ടി കേസ് വാദിച്ചത് സി.പി.രാമസ്വാമി അയ്യരായിരുന്നു. ജലസേചനത്തിന് നല്‍കിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കണമെങ്കില്‍ പോലും പുതിയ കരാര്‍ വേണമെന്ന് വാദിച്ച സി.പി, പിന്നിട് ഈ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 1947 ജൂലൈ 21,22 തിയതികളില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുമായി നടത്തിയ ചര്‍ച്ചയിലാണ് മൂല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കേണ്ടതിന്‍െറ ആവശ്യകത അദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പിന്നിട് വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ ഈ അവസരമൊന്നും  പ്രയോജനപ്പെടുത്താനോ വൈദ്യുതി ഉല്‍പാദനത്തിന് അനുമതി നല്‍കുമ്പോള്‍ പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെടാനോ ശ്രമിച്ചില്ല.
പിന്നിടുണ്ടായ തര്‍ക്കങ്ങളിലൊക്കെ തമിഴ്നാട് മികച്ച ഗൃഹപാഠത്തോടെ കരുക്കള്‍ നീക്കി. റിപ്പോര്‍ട്ടുകള്‍ അനുകുലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. ഒരുപക്ഷെ, തമിഴ്നാടിന്‍െറ രാഷ്ട്രിയ സ്വാധീനം പുര്‍ണമായും അവര്‍ ഇതിനായി പ്രയോനപ്പെടുത്തിയിട്ടുണ്ട്. അതിന് കക്ഷി ബന്ധങ്ങള്‍ തടസമായില്ല. മുല്ലപ്പെരിയാര്‍ ഗുരുതരമായ ചോര്‍ച്ചയും ബലക്ഷയവും നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട കേന്ദ്ര ജല കമ്മീഷന്‍ തന്നെ ഉദാഹരണം. ജലനിരപ്പ് 136 അടിയാക്കി കുറച്ചതിനൊപ്പം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന 1979 നവംബര്‍ 25ലെ തിരുവനന്തപുരം തീരുമാനത്തിന് വിരുദ്ധമായി 1980 ഏപ്രില്‍ 29ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.സി.തോമസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തികരിക്കുന്ന മുറക്ക് ജലനിരപ്പ്  145 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഡാം ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം. തമിഴ്നാടിന് പിടിവള്ളിയായതും ഈ തീരുമാനമാണ്. കാരണം, അന്നത്തെ തീരുമാനത്തെ ന്യായികരിക്കുന്ന തരത്തിലോ മുന്‍വിധിയോടെയോ ആയിരുന്നു കേന്ദ്ര ജല കമ്മീഷന്‍െറ പിന്നിടുള്ള തീരുമാനങ്ങളെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഇടപ്പെടലിനെ തുടര്‍ന്ന് 2000ല്‍ നിയമിച്ച കേന്ദ്ര ജല കമ്മീഷനംഗം ഡോ.മിത്തലിന്‍െറ നേതൃത്വത്തിലുള്ള  കമ്മിറ്റി അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും റിപ്പോര്‍ട്ട്നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് 2006ലെ സുപ്രിം കോടതി വിധിക്ക് അടിസ്ഥാനമായത്. കേരളം പാസാക്കിയ 2006ലെ ഡാം സുരക്ഷാ നിയമത്തെ ചോദ്യം ചെയ്ത് തമിഴ്നാട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ.എസ്. ആനന്ദിന്‍െറ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ സുപ്രിംകോടതി നിയമിച്ചപ്പോഴും കേന്ദ്ര ജല കമ്മീഷന്‍െറ സാന്നിദ്ധ്യം പ്രകടമായി. സാങ്കേതികാംഗങ്ങളായി കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധികളെ നിയമിക്കാനുള്ള നിര്‍ദേശത്തെ കേരളം എതിര്‍ത്തിരുന്നതാണ്. ജല കമ്മീഷന്‍ പ്രതിനിധികള്‍ പാടില്ളെന്ന് സുപ്രിം കോടതി നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു പരാമാര്‍ശം ജല കമ്മീഷന്‍െറ വിശ്വാസ്യതയെ ബാധിക്കുമെന്ന കമ്മീഷന്‍െറ അഭ്യര്‍ഥന മാനിച്ച് സുപ്രിം കോടതി പിന്‍വലിച്ചു. പക്ഷെ, സാങ്കേതികാംഗങ്ങളായി നിയമിക്കപ്പെട്ടത് ജല കമ്മീഷന്‍െറ മുന്‍ ചെയര്‍മാന്‍ ഡോ.സി.ഡി.തട്ടെയും അംഗം ഡോ.ബി.കെ.മത്തേയുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിന് നിര്‍ണായക സ്വാധനമുണ്ടായിരുന്ന സമയത്ത് തന്നെയാണ് ഈ നിയമനമെന്നറിയുക. തുടര്‍ന്നാണ് ഉന്നാധികാര സമിതിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര ജല കമ്മീഷനംഗം ഡോ.എ.കെ.ഗഞ്ജുവിന്‍െറ നിയമനം. അണക്കെട്ട് സുരക്ഷിമാണെന്നും ജലനിരപ്പ് 142അടിയാക്കിയും തുടര്‍ന്ന് ബേബി ഡാം ബലപ്പെടുത്തിയ ശേഷം 152അടിയും $ക്കാമെന്ന് 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയ മിത്തല്‍ കമ്മിറ്റിയിലെ അംഗമായിരുന്നു ഗഞ്ജൂ.ഇദ്ദേഹത്തിന്‍െറ നിയമനത്തിന് എതിരെ കേരളം രേഖാമൂലം പരാതി നല്‍കിയെങ്കിലും അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. അണക്കെട്ട് സുരക്ഷിതമാണെന്ന  വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് മുന്‍വിധിയോടെ ജല കമ്മീഷന്‍ പ്രതിനിധികള്‍ നല്‍കിയതെന്ന് വ്യക്തം. സ്വഭാവികമായും സാങ്കേതിക റിപ്പോര്‍ട്ടുകളെ കോടതി ആശ്രയിച്ചതോടെ കേരളത്തിന് തുടരെ തിരിച്ചടിയായി. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് അന്തര്‍ദേശിയ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കണം. അണക്കെട്ടുകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന നിരവധിയായ അദ്തര്‍ദേശിയ ഏജന്‍സികളുണ്ടെന്നിരിക്കെ, മുന്‍വിധി കൂടാതെ അണക്കെട്ടിന്‍െറ യഥാര്‍ഥ ചിത്രം പുറത്തു വരട്ടെ.
ഇതിനും പുറമെ ഐ.യു.സി.എന്‍ (ഇന്‍റന്‍നാഷണല്‍ യൂണിയന്‍ ഒോണ്‍ കണ്‍സേര്‍വേഷന്‍ ഓഫ് നേച്ചര്‍)തുടങ്ങിയ അന്തര്‍ദേശിയ ഏജന്‍സികളെയും ഇടപ്പെടുവിക്കാം. വംശനാശ ഭീഷണി നേരിടുന്ന കടുവകള്‍ക്ക് വേണ്ടിയുള്ളതാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പെരിയാര്‍ സങ്കേതം. ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തുന്നതോടെ ഒട്ടേറെയിനം പുല്‍ചെടികള്‍, ഓര്‍ക്കിഷകള്‍, സസ്യങ്ങള്‍ തുടങ്ങിയ മുങ്ങും. 

No comments:

Post a Comment